ഞങ്ങളുടെ കുഞ്ഞുങ്ങളെ പഠിക്കാന്‍ അനുവദിച്ചില്ലെങ്കില്‍ നിങ്ങളുടെ വയലുകളില്‍ ഞങ്ങള്‍ പണിക്കിറങ്ങില്ല. നെല്ലിന് പകരം അവിടെ പുല്ലും കളയും വളരും. ജാതിയുടെ പേരില്‍ അക്ഷരാഭ്യാസം നിഷേധിച്ചവര്‍ക്കെതിരെ അലയടിച്ച സമര കൊടുങ്കാറ്റിൽ ആടിയുലഞ്ഞ് നിലം പതിച്ചത് സാമൂഹിക വിവേചനത്തിന്റെ നെടുങ്കൻ കോട്ടകളായിരുന്നു.
മലയാള നവോത്ഥാനത്തിലേക്ക് ഹിന്ദുത്വ ദേശീയതയുടെ അശ്വമേധം നയിച്ചെത്തിയ ആ മഹാനാണ് സമൂഹം മഹാത്മാവാവെന്ന് സ്നേഹപൂർവ്വം വിളിച്ച മഹാത്മ അയങ്കാളി. അധ:സ്ഥിത ജന നവോത്ഥാന ചരിത്രത്തെ വില്ലുവണ്ടിയില്‍ തന്നെ പ്രതിഷ്ഠിച്ചു മഹാനായ അയ്യങ്കാളി.
2017 ആഗസ്ത് 28 മഹാത്മ അയ്യങ്കാളിയുടെ നൂറ്റി അൻപത്തിനാലാം ജയന്തിയാണ്. സാമൂഹിക സമത്വ പോരാട്ടങ്ങളുടെ നാൾവഴികൾ മറക്കരുത്. ഓർമ്മപ്പെടുത്തലാണവ.
സമകാലീന നവോത്ഥാന മുന്നേറ്റത്തിൽ ദേശീയതയെ മുറുകെ പിടിച്ച് ഉണർത്തിയവരുടെ കേദാരമായിരുന്നു അക്കാലത്ത് മലയാള നാട്. നാടിന്റെ ദുരവസ്ഥ നേരിൽ കണ്ട വിവേകാനന്ദ സ്വാമികൾ ഭ്രാന്താലയമെന്ന് വിശേഷിപ്പിച്ച ഈ നാടിനെ തീർത്ഥാലയമാക്കി മാറ്റുവാൻ നടത്തിയ പരിവർത്തന തുടക്കങ്ങൾക്ക് ജീവിതം സമർപ്പിച്ച ശ്രീ നാരായണ ഗുരുദേവൻ, ചട്ടമ്പിസ്വാമികൾ, മന്നത് പത്മനാഭൻ, കുമാരനാശാൻ മുതലായവരുടെ ഇടപെടലുകളാൽ ശ്രദ്ധേയമായ കാലഘട്ടമായിരുന്നു അത്. ഇവരോടൊപ്പം അയങ്കാളിയും ചേർന്നതോടെ മലയാളിയുടെ മാനവികത പുതിയ ചരിത്രം എഴുതി ചേർക്കപ്പെട്ടു.
നവോത്ഥാനത്തിന്റെ ചേരുവ ദേശീയതയും വിപ്ലവവും ആത്മീയതയുമാണെന്ന് കൃത്യമായ് മനസിലാക്കിയതാണ് അയങ്കാളിയുടെ മഹത്വം. സ്വദേശി ചിന്തയുടെ വക്താവായിരുന്നു അയ്യങ്കാളി. ഇതിനെ സാധൂകരിക്കുന്ന ഒട്ടേറെ ഉദാഹരണങ്ങൾ അദ്ദേഹത്തിന്റെ ജീവതത്തിൽ ഉണ്ട്. ജാതി ചിന്തയ്ക്കെതിരെ ആത്മീയ ശക്തി ഉപയോഗിച്ചു പൊരുതിയ ശ്രീനാരായണ ഗുരുവുമായും സദാനന്ദസ്വാമികളുമായും തൈക്കാട് അയ്യാവുസ്വാമികളുമായും അദ്ദേഹം നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരുന്നു. അക്കാലത്തെ നവോത്ഥാന പരിഷ്ക്കർത്താക്കളുടെ ആത്മീയ ബന്ധം മലയാള നവോത്ഥാനത്തിന്റെ ആധാരശിലയായിരുന്നു. പുതിയ അവകാശ സമരങ്ങളുടെ തുടക്കവുമായിരുന്നു.
ജാതിയും മതവും തൊലിയുടെ നിറവുമെല്ലാം കൊടികുത്തി വാണിരുന്ന ഒരു കാലത്ത് തിരുവനന്തപുരം ജില്ലയിലെ വെങ്ങാനൂര്‍ എന്ന ഉള്‍നാടന്‍ ഗ്രാമത്തിലായിരുന്നു അയ്യങ്കാളിയുടെ ജനനം. പുലയ സമുദായത്തില്‍ ജനിച്ച അയ്യങ്കാളി തന്റെ സമുദായത്തിലുള്ളവര്‍ നേരിട്ടിരുന്ന അവഗണനകളും പീഡനങ്ങളും കണ്ടാണ് വളര്‍ന്നത്. അന്നത്തെ കാലത്ത് പുലയ, പറയ സമൂഹത്തെ മനുഷ്യരായി പോലും പരിഗണിച്ചിരുന്നില്ല. സമൂഹത്തില്‍ നിന്നും എല്ലാതരത്തിലും ബഹിഷ്കൃതരായിരുന്നു ഈ സമൂഹം. കൃഷി ചെയ്യാന്‍ ജന്മിമാര്‍ക്ക് വേണ്ട ഒരു ഉപകരണം മാത്രമായി അവര്‍ ജീവിച്ചു. റോഡിലൂടെ നടക്കാനും വസ്ത്രം ധരിയ്ക്കാനും വിദ്യ നേടുന്നതിനു പോലും ഇവര്‍ക്ക് അവകാശമുണ്ടായിരുന്നില്ല. പാടത്തു പണിയെടുത്തുവരുമ്പോൾ മണ്ണിൽ കുഴി കുത്തി അതിൽ ഇലവച്ചായിരുന്നു ഇവർക്കു ഭക്ഷണം നൽകിയിരുന്നത്. പൊതു സ്ഥലങ്ങളിലെല്ലാം പ്രവേശനം നിഷേധിക്കപ്പെട്ടു. അധഃസ്ഥിതർ രോഗ ബാധിതരായാൽ ഡോക്ടർമാർ തൊട്ടു പരിശോധിക്കില്ല. ഗുളികകൾ എറിഞ്ഞുകൊടുക്കും. ഇപ്രകാരം ഭീകരമായ ബഹിഷ്ക്കരണങ്ങളാൽ ദുരിതപൂർവമായിരുന്നു അയ്യൻകാളി ഉൾപ്പെടുന്ന അധഃസ്ഥിതരുടെ ജീവിതം.
ഇവയ്ക്കു പുറമേ ജാതിയുടെ അടയാളമായ കല്ലുമാലകൾ കഴുത്തിലണിഞ്ഞു നടക്കാനും അവർ നിർബന്ധിതരായി. അരയ്ക്കു മുകളിലും മുട്ടിനുതാഴെയും വസ്ത്രം ധരിക്കുവാനും അന്നത്തെ അയിത്താചാരങ്ങൾ പിന്നോക്ക ജനവിഭാഗങ്ങളെ അനുവദിച്ചില്ല. മൃഗങ്ങള്‍ക്കു സഞ്ചരിക്കാന്‍ കഴിയുന്ന വഴികളില്‍ പോലും ജാതീയ വിവേചനങ്ങള്‍ക്ക് വിധേയപ്പെട്ടിരുന്ന വിഭാഗങ്ങള്‍ക്ക് സഞ്ചാര സ്വാതന്ത്രമുണ്ടായിരുന്നില് ല. തൊട്ടുകൂടായ്മ, തീണ്ടികൂടായ്മ തുടങ്ങി അനാചാരങ്ങളുടെ ഭീതിത കാലമായിരുന്നു അത്. ഇതിനെതിരെയുള്ള പോരാട്ടമായിരുന്നു അയ്യങ്കാളിയുടെ പിന്നീടുള്ള ജീവിതം.
ചുറ്റും നടമാടിയ ഉച്ചനീചത്വങ്ങൾക്കെതിരെ അധഃസ്ഥിതരുടെ ഇടയിൽ നിന്നും ആദ്യമുയർന്ന സ്വരമായിരുന്നു അയ്യൻകാളിയുടേത്. സ്വസമുദായത്തിൽനിന്നുതന്നെ ഉയർന്ന എതിർപ്പുകൾ അവഗണിച്ച് ഇരുപതാം വയസിൽ കിരാത നിയമങ്ങൾക്കെതിരെ അദ്ദേഹം പോരിനിറങ്ങി. തുടക്കത്തിൽ അദ്ദേഹം ഏകനായിരുന്നു. പിന്നീട് ഏതാനും യുവാക്കളെ സംഘടിപ്പിച്ചു. ജന്മികളുടെ തടി മിടുക്കിനോടു മല്ലിടാൻ കായികാഭ്യാസിയെ കൊണ്ടുവന്ന് അടിതടകൾ പരിശീലിപ്പിച്ചു. തന്റെ കൂടെയുള്ളവരെ ഒരേറ്റുമുട്ടലിനു സജ്ജമാക്കുകയായിരുന്നു അയ്യൻകാളി.
അയ്യൻകാളിയുടെ നടപടികളെ സ്വഭാവികമായും ജന്മിമാർ ധിക്കാരമായിക്കണ്ടു. അദ്ദേഹത്തെയും കൂട്ടരെയും എങ്ങനെയും അടിച്ചൊതുക്കാനായിരുന്നു പിന്നീടവരുടെ ശ്രമം. 1898-99 കാലഘട്ടങ്ങളിൽ ബാലരാമപുരം, കഴക്കൂട്ടം, കണിയാപുരം തുടങ്ങി അയ്യൻകാളിയുടെ സ്വാധീന മേഖലകളിലെല്ലാം മാടമ്പികളുമായി ശക്തമായ ഏറ്റുമുട്ടലുകളുണ്ടായി. തെരുവുകളിൽ അധഃസ്ഥിതരുടെ ചോരയൊഴുകിയെങ്കിലും സ്വസമുദായത്തിലും ഇതര അധഃസ്ഥിത ജനവിഭാഗങ്ങൾക്കിടയിലും അയ്യൻകാളി ആരാധ്യ പുരുഷനായി.
നൂറ്റാണ്ടുകളായി അനുഭവിച്ചു കൊണ്ടിരിക്കുന്ന സാമൂഹിക തിന്മകളോട് പ്രതികരിക്കാന്‍ അദ്ദേഹം അനുയായികളോട് ആവശ്യപ്പെട്ടു. അധഃസ്ഥിത വിദ്യാര്‍ത്ഥികളെ സര്‍ക്കാര്‍ സ്ക്കൂളില്‍ പ്രവേശിപ്പിക്കണം എന്നാവശ്യപ്പെട്ടു കൊണ്ട് അയ്യങ്കാളി നടത്തിയ പ്രക്ഷോഭ ഫലമായാണ് സര്‍ക്കാര്‍ സ്ക്കൂളില്‍ എല്ലാവര്ക്കും വിദ്യാഭ്യാസം അനുവദിച്ചുകൊണ്ട് പിന്നീട് സര്‍ക്കാര്‍ വിളംബരമുണ്ടായത്.
1936 ലെ ക്ഷേത്രപ്രവേശ വിളംബരം, സാധുജന പരിപാലന സംഘം, കണ്ടല സമരം, പെരിനാട് സമരം, നെടുമങ്ങാട് സമരം, വിദ്യാഭ്യാസ പോരാട്ടങ്ങൾ, അയിത്തം അനാചാരം മദ്യപാനം എന്നിവക്കെതിരെ നടത്തിയ മുന്നേറ്റങ്ങൾ തുടങ്ങിയ നവോത്ഥാന പരമ്പരകൾക്കു പിന്നില്‍ അയ്യങ്കാളിയുടെ സ്വാധീനം വളരെ വലുതായിരുന്നു.
ഗാന്ധിജി അയ്യങ്കാളിയെ ‘പുലയ മഹാരാജാവ്’ എന്നാണ് വിശേഷിപ്പിച്ചത്. ക്ഷേത്രപ്രവേശന വിളംബരത്തെ തുടര്‍ന്ന് 1937 ജനുവരി 14 ന് മാഹാത്മാ ഗാന്ധി അയ്യങ്കാളിയെ കാണാൻ നേരിട്ട് വെങ്ങാനൂരിലെത്തി. ‘മിസ്റ്റര്‍ അയ്യങ്കാളി…. ഞാന്‍ നിങ്ങള്‍ക്കുവേണ്ടി എന്തു ചെയ്യണം?’ എന്ന ഗാന്ധിജിയുടെ ചോദ്യത്തിന്, അയ്യങ്കാളി പറഞ്ഞ മറുപടിയിതായിരുന്നു. “എന്റെ വര്‍ഗത്തില്‍ നിന്ന് പത്തു ബി.എക്കാരെ കണ്ടിട്ടു വേണം എനിക്ക് മരിക്കാന്‍.” ഇത്രയും ആത്മാര്‍ത്ഥതയുള്ള മനുഷ്യനുണ്ടോ എന്ന് ഗാന്ധിജി അതിശയിക്കുകയായിരുന്നു. പത്തല്ല നൂറു ബിഎ ക്കാര് ഉണ്ടാകുമെന്നായിരുന്നു ഗാന്ധിജിയുടെ മറുപടി. തന്റെ വിദ്യാഭ്യാസ ഫണ്ടില്‍ നിന്നും അതിനുള്ള പണം ഗാന്ധിജി അനുവദിക്കുകയും ചെയ്തു. തുടർന്ന് വെങ്ങാനൂരില്‍ നടത്തിയ പ്രസംഗത്തില്‍ പുലയരുടെ രാജാവെന്നാണ് അയ്യാന്‍കാളിയെ വിശേഷിപ്പിച്ചത്. ഗാന്ധിജിയുടെ സ്വാധീനത്താല്‍ അന്നു മുതല്‍ മരണം വരെ അയ്യങ്കാളി ഖദര്‍ ധരിച്ചിരുന്നതായും ചരിത്രത്തില്‍ രേഖപ്പെടുത്തുന്നു.
തിരുവിതാംകൂറിൽ കർഷകത്തൊഴിലാളികളുടെ ആദ്യത്തെ പണിമുടക്കു സമരം നയിച്ചത് അയ്യങ്കാളിയായിരുന്നു. അയിത്ത ജാതിക്കാരുടെ സ്ക്കൂള് സ്ഥിരത, കൂലി കൂടുതല്‍ തുടങ്ങിയ ചില ആവശ്യങ്ങല്‍ കൂടി ഉന്നയിച്ചു കൊണ്ടായിരുന്നു കര്‍ഷക തൊഴിലാളി പണിമുടക്കിന് അയ്യന്‍കാളി ആഹ്വാനം ചെയ്തു. 1913 ജൂൺ മാസത്തില്‍ അയ്യങ്കാളിയുടെ ആഹ്വാനപ്രകാരം കര്‍ഷക തൊഴിലാളികള്‍ പണിമുടക്കി. ഈ പണിമുടക്ക് ഏറ്റവും ശക്തമായത് കണ്ടലയിലും പരിസരങ്ങളിലും ആയിരുന്നു. കര്‍ഷക തൊഴിലാളികള്‍ പാടത്ത് ഇറങ്ങാതായത്തോടെ ജന്മിമാരുടെ പാടങ്ങളില്‍ പുല്ലു കിളിര്‍ത്തു തുടങ്ങി.
ഈ പണിമുടക്ക് പൊളിക്കാന്‍ ജന്മിമാര് പലതും ചെയ്തു. അയ്യങ്കാളിയെ ജീവനോടെ പിടിച്ചു കൊടുത്താല്‍ 2000 രൂപയും 2 കഷ്ണമാക്കി കൊടുത്താല്‍ 1000 രൂപയും ഇനാം പ്രഖ്യപിച്ചു. സമരം ശക്തമായതോടെ എങ്ങനെയും സമരം തീരക്കണമെന്ന ചിന്ത ജന്മിമാര്‍ക്കും സര്‍ക്കാരിനും ഉണ്ടായി. ഇതിന്റെ ഫലമായി അന്നത്തെ ദിവാന് രാജഗോപാലാചാരി സമരം ഒത്തു തീര്‍പ്പാക്കാനായി ഒരു മധ്യസ്ഥനെ വച്ചു. ഫസ്റ്റു ക്ലാസ് മജിസ്ട്രേട്ട് ആയ കണ്ടല സി. കെ നാഗര്‍പിള്ള ആയിരുന്നു മധ്യസ്ഥന്‍. ഇദ്ദേഹം ഇരു കൂട്ടരുമായി സംസാരിച്ചു സമരക്കാരുടെ ആവശ്യങ്ങള്‍ ന്യായമാണെന്ന് തീര്‍പ്പാക്കി. ഇതിനോട് ജന്മിമാരും സഹകരിച്ചു. ജോലി സ്ഥിരത, കൂലി കൂടുതല്‍ തുടങ്ങിയ ആവശ്യങ്ങളും അംഗീകരിച്ചു. 1914 ല്‍ വീണ്ടും സ്ക്കൂള് പ്രവേശന ഉത്തരവ് ഇറക്കുകയും ചെയ്തു. അങ്ങനെ 1913 ജൂണില്‍ തുടങ്ങിയ ആദ്യത്തെ കര്‍ഷക തൊഴിലാളി സമരം 1914 മെയില്‍ അവസാനിച്ചു. ജന്മി നടുവഴിത്വ വ്യവസ്ഥ നിലനിന്നിരുന്ന കേരളത്തില്‍ ആദ്യമായി കര്‍ഷക തൊഴിലാളികള്‍ പഠന അവകാശത്തിനും കൂലി കൂടുതലിനും ജോലി സ്ഥിരതയ്ക്കും വേണ്ടി പണി മുടക്കിയ സമരം നടന്നത് കണ്ടല സമരത്തിന്റെ ഭാഗമായാണ്.
ജാതി നിയമങ്ങൾ തങ്ങളുടെ സമൂഹത്തിൽ കർശനമായി പാലിക്കുന്നുണ്ടെന്ന് തിരുവിതാംകൂർ രാജാക്കൻമാർ ഉറപ്പുവരുത്തിയിരുന്നു. 1850 വരെ തിരുവിതാംകൂർ സമൂഹം ജാതി വഴക്കങ്ങളുടെ അടിസ്ഥാനത്തിലാണ് ജീവിച്ചിരുന്നത്. ഒരു പ്രദേശത്ത് ജനിച്ച് അവിടെ തന്നെ ജീവിച്ച് പുറത്തേക്കൊന്നും സഞ്ചരിക്കാതെ അവിടെ തന്നെ മരിക്കുന്ന ഒരു നിശ്ചല സമൂഹമായിരുന്നു പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആരംഭം വരെ കേരളീയ സമൂഹം. ഇങ്ങനെയുള്ളൊരു സമൂഹത്തിലേക്ക് കടന്ന് വന്ന കോളോണിയൽ ശക്തികളാണ് പരമ്പരാഗത ഘടനയെ അടിസ്ഥാനപരമായി ഉലച്ചത്.
കേരളത്തിലെ നവോത്ഥാന പ്രവർത്തനങ്ങൾ കീഴാളരിൽ നിന്നാണാരംഭിച്ചത്. 1860ലാണ് കേരളത്തിലൊരു പൊതുമരാമത്ത് വകുപ്പ് തിരുവിതാംകൂറിലാരംഭിക്കുന്ന ത്. തിരുവിതാംകൂറിൽ തെക്ക്-വടക്കൊരു പാത നിർമ്മിക്കാമെന്ന് വിദേശിയായ എഞ്ചിനീയർ ശ്രീമൂലം തിരുന്നാളിനോട് പറഞ്ഞപ്പോൾ മുറജപ മഹോൽസവം വരുകയാണ് അതുകൊണ്ട് പണവും തൊഴിലാളികളെയും തരാൻ കഴിയില്ലായെന്നാണ് മറുപടി പറഞ്ഞത്. കാരണം രാജക്കൻമാർക്ക് റോഡാവശ്യമില്ലായിരുന്നു. പല്ലക്ക് ചുമക്കുന്നവൻ ഏതുവഴി പോകുന്നുവെന്നതും അവർക്കൊരു പ്രശ്ന്നമല്ലായിരുന്നു. നാട്ടുകാർക്കും റോഡുകളാവശ്യമാണെന്ന് തോന്നിയിരുന്നില്ല. കാരണം പഴയ ശീലങ്ങൾ മാറ്റാനിഷ്ടപ്പെടാത്ത ഒരു വ്യവസ്ഥിതിയായിരുന്നു അന്നവിടെ ഉണ്ടായിരുന്നത്.
പിന്നീട് പതിയെ പതിയെ റോഡുകൾ നിർമ്മിച്ചു. രാജവീഥികളും ഗ്രാമവീഥികളെന്നുമുള്ള രണ്ട് തരം റോഡുകൾ നിർമ്മിക്കപ്പെട്ടു. രാജവീഥികൾ പൊതുവഴികളും ഗ്രാമവീഥികൾ സ്വകാര്യ വഴികളുമായിരുന്നു. 1886ൽ എല്ലാ ജാതിമതസ്ഥർക്കും ഉപയോഗിക്കാനായി രാജവീഥി തുറന്നു കൊടുത്തെങ്കിലും സമൂഹം അനുവദിച്ചില്ല. പുലയ ജാതിയിൽ ജനിച്ച അയ്യങ്കാളിക്ക് ചെറുപ്പത്തിലേ തന്നെ അനുഭവിക്കേണ്ടി വന്ന ഒരു സാമൂഹിക അസമത്വമാണ് സഞ്ചാര സ്വാതന്ത്യ നിഷേധം. വിശേഷ വസ്ത്രങ്ങളിഞ്ഞ് വില്ലുവണ്ടിയിലായിരുന്നു അക്കാലത്തെ പ്രമാണിമാരുടെ സഞ്ചാരം. ഇവരുടെ യാത്രക്കിടയിൽ ചെന്നുപെടുന്ന കീഴാളർ വഴിമാറി നടക്കേണ്ടിയിരുന്നു. ഈ ഗർവിനെ അതേ നാണയത്തിൽ നേരിടാൻ അയ്യൻകാളി തീരുമാനിച്ചു.
28-ാം വയസ്സിലാണ് ചരിത്രപസിദ്ധമായ വില്ലുവണ്ടി യാത്ര അദ്ദേഹം നടത്തിയത്. അധസ്ഥിത ജന വിഭാഗങ്ങള്‍ക്ക് സഞ്ചാര സ്വാതന്ത്ര്യം പോലുമില്ലാതിരുന്ന രാജപാതകളില്‍ക്കൂടീ പുതിയപ്രഭാതത്തിന്റെ മണിയടിശബ്ദവുമായി അദ്ദേഹത്തിന്റെ വില്ലുവണ്ടി സാമൂഹിക അസമത്വത്തിനെ വെല്ലുവിളിച്ചുകൊണ്ട് സഞ്ചരിച്ചു.
അധസ്ഥിത വിഭാഗം അനുഭവിക്കുന്ന ദുരിതങ്ങള്‍ക്ക് എതിരെ പ്രതികരിക്കാന്‍ തീരുമാനിച്ച അയ്യങ്കാളി 1893 ല്‍ സഞ്ചാര സ്വാതന്ത്ര്യത്തിനായി വെങ്ങാനൂരില്‍ നിന്നും മണക്കാട് വരെ വെള്ള കാളകളെ പൂട്ടിയ വില്ല് വണ്ടിയില്‍ സഞ്ചരിച്ചു. താന്‍ വിലക്കു വാങ്ങിയ വില്ലുവണ്ടിയില്‍ കൊഴുത്ത രണ്ടു വെള്ളക്കാളയെ ബന്ധിച്ചും അവയുടെ കഴുത്തിലും കൊമ്പിലും മണികള്‍ കെട്ടി ഉയര്‍ന്നതരം മല്മല് മുണ്ട് നീട്ടിയുടുത്ത് മേല്‍മുണ്ടും തലപ്പാവും ധരിച്ച് രാജകീയ പ്രൗഢിയോടെ ചാലിയത്തെരുവു വഴി ആറാലുംമൂട് ചന്തയിലേക്ക് അയ്യങ്കാളി നടത്തിയ ജൈത്രയാത്ര അധ:സ്ഥിത വര്‍ഗത്തിന്‍െറ വിമോചനത്തിനുളള സമരകാഹളം ആയിരുന്നു.
സവർണ്ണ ജാതിക്കാർ ഈ യാത്ര തടഞ്ഞു. അയ്യങ്കാളി തന്റെ കയ്യിലുണ്ടായിരുന്ന കത്തി വലിച്ചൂരി സവർണ്ണരെ വെല്ലുവിളിച്ചു. അയ്യങ്കാളിയെ എതിരിടാൻ ആർക്കും ധൈര്യമുണ്ടായിരുന്നില്ല. അദ്ദേഹം ആരേയും കൂസാതെ തന്റെ വണ്ടിയിൽ യാത്ര തുടർന്നു. ആവേശ ഭരിതരായ അനുയായികൾ അദ്ദേഹത്തിന് അകമ്പടി സേവിച്ചു. സ്വന്തം സമുദായത്തിലുള്ളവർ ആദരപൂർവം അദ്ദേഹത്തെ അയ്യൻകാളി യജമാനൻ എന്നുവിളിക്കുവാൻ തുടങ്ങി.
അയ്യൻകാളിയുടെ നടപടികളെ സ്വാഭിവകമായും ജന്മിമാർ ധിക്കാരമായിക്കണ്ടു. അദ്ദേഹത്തെയും കൂട്ടരെയും എങ്ങനെയും അടിച്ചൊതുക്കാനായിരുന്നു പിന്നീടവരുടെ ശ്രമം. 1898-99 കാലഘട്ടങ്ങളിൽ ബാലരാമപുരം, കഴക്കൂട്ടം, കണിയാപുരം തുടങ്ങി അയ്യൻകാളിയുടെ സ്വാധീനമേഖലകളിലെല്ലാം മാടമ്പികളുമായി ശക്തമായ ഏറ്റുമുട്ടലുകളുണ്ടായി. തെരുവുകളിൽ അധഃസ്ഥിതരുടെ ചോരയൊഴുകിയെങ്കിലും സ്വസമുദായത്തിലും ഇതര അധഃസ്ഥിത ജനവിഭാഗങ്ങൾക്കിടയിലും അയ്യൻകാളി ആരാധ്യ പുരുഷനായി.
നെടുമങ്ങാടും കഴക്കൂട്ടത്തും ബാലരാമപുരത്തുമൊക്കെ ചന്തകളില്‍ കയറാനുള്ള അവകാശം നിഷേധിക്കപ്പെട്ടിരുന്ന അയിത്ത ജന വിഭാഗങ്ങള്‍ അയ്യങ്കാളിയുടെ നേതൃത്വത്തില്‍ പ്രക്ഷോഭം ആരംഭിച്ചതും ഇതേ കാലത്ത് തന്നെ ആയിരുന്നു. അവിടെയും എതിര്‍ക്കാനെത്തിയത് സവർണ മോധവികൾക്കൊപ്പം മുസ്ലിം മാടമ്പികളായിരുന്നു. അവിടെയും അയ്യങ്കാളിയുടെ നിശ്ചയ ദാര്‍ഢ്യം തന്നെ വിജയിച്ചു. സഞ്ചാര സ്വാതന്ത്ര്യ നിഷേധത്തിനെതിരെ അയ്യങ്കാളി നടത്തിയ ആ ഒറ്റയാൾ പോരാട്ടങ്ങൾ ചരിത്രത്തിലെ ധീരോദാത്തമായ ചുവടുവെയ്പാണ്. ജനാധിപത്യ പ്രക്രിയയെ കീഴ്ത്തട്ടിലേക്ക് കൊണ്ട് വരുകയായിരുന്നു മഹാത്മ അയ്യങ്കാളി.
ജാതീയമായി വിവേചനമനുഭവിച്ചിരുന്നവര്ക ്ക് വിദ്യാഭ്യാസം ലഭ്യമാക്കുക എന്ന തിരിച്ചറിവിലാണ് അയ്യന് കാളി 1904 ല്‍ വെങ്ങാനൂരില്‍ ഒരു കുടിപള്ളിക്കൂടം ആരംഭിച്ചു. എന്നാല്‍ ഇവിടെ പഠിപ്പിക്കാന്‍ അദ്ധ്യാപകരെ കിട്ടിയില്ല. തുടര്‍ന്ന് അയ്യങ്കാളി മഹാകവി കുമാരനാശാനെ കണ്ടു സഹായം അഭ്യര്‍ത്ഥിച്ചു. കുമാരനാശാന് പരമേശ്വരന് പിള്ള എന്ന അദ്ധ്യാപകനെ അയച്ചു കൊടുത്തെങ്കിലും ജന്മിമാരുടെ ശക്തമായ എതിര്‍പ്പിനെത്തുടര്‍ന്ന് ഇദ്ദേഹം മടങ്ങി പോവുകയും അങ്ങനെ സ്കൂള്‍ പൂട്ടുകയും ചെയ്തു.
1905-ല്‍ തന്നെ വന്നു കണ്ട അയ്യങ്കാളിയോട് ശ്രീനാരായണഗുരു പറഞ്ഞു, ‘ പ്രവര്‍ത്തിക്കൂ, പ്രവര്‍ത്തിക്കുമ്പോള്‍ ഒരു സംഘടന വേണം. ഒരു സംഘടനയുണ്ടാക്കി ആളുകളെ കാര്യങ്ങളും ബോധ്യപ്പെടുത്തി അവരുടെ ആവശ്യം നേടിക്കൊടുക്കൂ. നിശ്ചയമായും അയ്യങ്കാളി വിജയിക്കും.’ ഇത് അയ്യങ്കാളിക്ക് നവോന്മേഷം പകര്‍ന്നു. പിന്നീട് സാധു ജന പരിപാലന സംഘം സ്ഥാപിച്ച് അയ്യങ്കാളി നവോത്ഥാന പ്രവർത്തനങ്ങൾ ശക്തമാക്കി.
ജാതീയമായി വിവേചനമനുഭവിക്കുന്ന എല്ലവര്‍ക്കും വേണ്ടി പോരാടാൻ അധ:സ്ഥിത വര്‍ഗത്തിന് നിഷിദ്ധമായിരുന്ന വിദ്യാഭ്യാസത്തിന്‍െറ പാതകള്‍ തുറന്നു കൊടുക്കുക എന്ന ലക്ഷ്യത്തോടുകൂടി ‘സാധുജനപരിപാലന സംഘം’ എന്ന സംഘടന അയ്യങ്കാളിയുടെ നേതൃത്വത്തില്‍ 1907 ല്‍ സ്ഥാപിതമായി. വിദ്യാവിഹീനനായിരുന്ന അയ്യങ്കാളി വളരെ പണിപ്പെട്ടാണ് തന്‍െറ പേര് മലയാളത്തില്‍ എഴുതാന്‍ പഠിച്ചത്. ഈ ദുരവസ്ഥ തന്‍െറ സമൂഹത്തിനുണ്ടാകരുതെന്ന ചിന്തയില്‍ വെങ്ങാനൂരില്‍ ഒരു കുടിപ്പളളിക്കൂടം തുറന്നു. എന്നാല്‍, സവര്‍ണ വര്‍ഗത്തിന്‍െറ എതിര്‍പ്പുമൂലം അത് തുടരാന്‍ കഴിഞ്ഞില്ല.
പൊതു വിദ്യാലയങ്ങളില്‍ ഹരിജന വിദ്യാര്‍ഥികള്‍ക്ക് പ്രവേശം വേണമെന്ന് അദ്ദേഹം വാദിച്ചു. അയ്യങ്കാളിയുടെയും കൂട്ടരുടെയും നിരന്തരമായ അപേക്ഷ മാനിച്ചുകൊണ്ട് 1914 ല്‍ ഹരിജന ശിശുക്കള്‍ക്ക് വിദ്യാലയ പ്രവേശം അനുവദിച്ചുകൊണ്ട് തിരുവിതാംകൂര്‍ മഹാരാജാവ് ഉത്തരവിറക്കി. കടുത്ത എതിര്‍പ്പുകള്‍ അവഗണിച്ചുകൊണ്ട് അയ്യങ്കാളി ഒരു പുലയക്കുട്ടിയെ സ്കൂളില്‍ ചേര്‍ത്തു. എക്കാലത്തെയും വലിയ വാര്‍ത്തകളിലൊന്നായിരുന്നു അത്.
1907 ല്‍ ആണ് തിരുവിതാംകൂര്‍ ഭരിച്ചിരുന്ന ശ്രീമൂലം തിരുനാള്‍ ആദ്യമായി സ്ക്കൂള് പ്രവേശനം നല്‍കികൊണ്ട് ഉത്തരവിറക്കിയത്. എന്നാല്‍ സമ്പന്നന്മാരായ ജന്മിമാര് അത് നടപ്പിലാക്കിയില്ല. അക്ഷരം അഗ്നി ആണെന്ന തിരിച്ചറിവ് അവര്‍ക്കുണ്ടായിരുന്നു. മാത്രമല്ല തങ്ങളുടെ പാടങ്ങളില്‍ പണിയെടുക്കാനും സമ്പത്തുണ്ടാക്കുന്നതിനും ഒരു ജനവിഭാഗം വേണം. അതിനു അവരെ അയിത്താചാരവും അനാചാരവും വഴി അടിമകളാക്കി നില നിര്‍ത്തേണ്ടത് അവരുടെ തന്നെ ആവശ്യമായിരുന്നു.
അയ്യന്‍കാളി അധസ്ഥിത ജനവിഭാഗത്തിന്റെ സ്കൂള്‍ പ്രവേശനത്തിന് വേണ്ടിയുള്ള പോരാട്ടങ്ങള്‍ തുടങ്ങിയിരുന്നു. ഇതിന്റെ ഫലമായി തിരുവിതാംകൂര്‍ സര്‍ക്കാര്‍ 1910 ല്‍ വീണ്ടും സ്ക്കൂള് പ്രവേശന ഉത്തരവിറക്കി. ഈ ഉത്തരവ് നടപ്പിലാക്കാന്‍ വേണ്ടിയാണ് 1907 ല്‍ സ്ഥാപിച്ച ഊരൂട്ടംബലം സ്കൂളിലേക്ക് പൂജാരി അയ്യരുടെ മകളായ പഞ്ചമിയുമായി അയ്യങ്കാളി എത്തിയത്. എന്നാല്‍ കൊച്ചപ്പിപിള്ള എന്ന ജന്മിയുടെ നേതൃത്വത്തില്‍ അയ്യന്‍കാളിയെയും കൂട്ടരെയും വളഞ്ഞിട്ട് ആക്രമിച്ചു. പഞ്ചമി എന്ന ജാതീയ വിവേചനത്തിന്റെ ഇര കയറിയ ഊരൂട്ടംമ്പലം സ്ക്കൂള് തീയിട്ടു നശിപ്പിക്കുകയും ആ കുറ്റം അയ്യങ്കാളിയുടെ മേല്‍ കെട്ടി വയ്ക്കുകയും ചെയ്തു. ഊരൂട്ടംമ്പലം സ്ക്കൂളില്‍ പ്രവേശനവുമായി ബന്ധപെട്ടു നടന്ന ഈ കലാപം മാറനല്ലൂര്‍ ഗ്രാമത്തില്‍ ആകെ പടര്‍ന്നു.
ഏറ്റവും കൂടുതല്‍ കര്‍ഷക തൊഴിലാളികള്‍ പാര്‍ത്തിരുന്ന കണ്ടല, മുണ്ടെന്ചിറ, ഇറയംകോട്, ആനമല, കൊശവല്ലൂര്‍, കരിങ്ങല്‍, അരുവിക്കര തുടങ്ങിയ പ്രദേശങ്ങളില്‍ ലഹള പടര്‍ന്നു. 7 ദിവസം നീണ്ടു നിന്ന അക്രമങ്ങള്‍ ആയിരുന്നു ഈ പ്രദേശങ്ങളില്‍ പുലയ സമുദായാംഗങ്ങള്‍ക്കു നേരെയുണ്ടായത്. കുടിലുകള്‍ തീയിട്ടു നശിപ്പിക്കുകയും സ്ത്രീകളെ മാനഭംഗപെടുത്തുകയും ചെയ്തു. ജീവന് രക്ഷിക്കാനായി ആണുങ്ങള് കുറ്റിക്കാടുകളിലും പാറമടകളിലും ഒളിക്കേണ്ടി വന്നു. ഈ ലഹളയുടെ അലയൊലികള്‍ പെരുംപഴുതൂര്‍, മാരയമുട്ടം, പള്ളിച്ചല്‍, മുടവൂര്‍ പാറ, കണിയാപുരം തുടങ്ങിയ സ്ഥലങ്ങളിലും ഉണ്ടായി. ഊരൂട്ടംമ്പലം സ്കൂളില്‍ ഉണ്ടായ ലഹളക്ക് ശേഷം അയ്യങ്കാളി വെങ്ങാനൂര്‍ ചാവടി സ്കൂളിലും പുലയ സമുദായാംഗങ്ങളുമായി പ്രവേശനത്തിന് ചെന്നു. അവിടെയും സവര്‍ണ്ണ ജന്മിമാര് ആക്രമണം അഴിച്ചു വിട്ടു. അതോടെ അയ്യങ്കാളി സ്കൂള്‍ പ്രവേശനത്തിനായി പുതിയൊരു സമരത്തിന് രൂപം നല്കി.
പുരുഷന്മാരുടേതു പോലെയായിരുന്നു മുൻപ് കേരളത്തിലെ സ്ത്രീകളുടെയും വസ്ത്ര ധാരണ രീതി. അരയ്ക്കു മുകളിൽ സ്ത്രീകൾ വസ്ത്രം ധരിക്കണമെന്നത് ക്രിസ്ത്യാനികളുടെയും മുസ്ലീങ്ങളുടെയും മാത്രം ആചാരമായിരുന്നു. പദവിയെ പ്രതിനിധീകരിക്കേണ്ടതായ സന്ദർഭങ്ങളിലും ആഡംബരം കാണിക്കുന്നതിനും വേണ്ടിയായിരുന്നു അക്കാലത്ത് മേൽമുണ്ടോ അരയ്ക്കു മുകളിൽ വസ്ത്രമോ ഉപയോഗിച്ചിരുന്നത്.
വസ്ത്രധാരണ സങ്കല്പ്പങ്ങളിൽ സ്ത്രീ പുരുഷ ഭേദമില്ലാതിരിക്കുകയും ജാതിപരമായ ഉച്ചനീചത്വം തലയുയർത്തി നിൽക്കുകയും ചെയ്തിരുന്ന അക്കാലത്ത് അധഃസ്ഥിതരെന്നു കരുതപ്പെട്ടിരുന്ന എല്ലാവരെയും മേൽവസ്ത്രം ഉപയോഗിക്കുന്നതിൽ നിന്നും കർശനമായി വിലക്കിയിരുന്നു. പതിന്നാലു വയസ്സിനുമേല്‍ പ്രായമുള്ള സ്ത്രീകള്‍ മാറു മറയ്ക്കരുതെന്നും അവരില്‍നിന്ന് തലക്കരവും മുലക്കരവും ഈടാക്കണമെന്നായിരുന്നു ശാസന. മരിച്ചാല്‍ സംസ്ക്കരിക്കാന്‍ സ്വന്തമായി മണ്ണു പോലുമില്ലായിരുന്നു. സവര്‍ണര്‍ക്കു മുന്പില് മാറിലെ വസ്ത്രമെടുത്തു മാറ്റി വിനയം കാണിക്കാന്‍ അവര്‍ ബാദ്ധ്യസ്ഥരായിരുന്നു. കത്തുന്ന കണ് മുനകളില്‍ നിന്നു രക്ഷനേടാന്‍ കൈകള്‍ കൊണ്ട് മാറിടം മറച്ചുനിന്ന കുറ്റത്തിന് പല സഹോദരിമാരുടെയും മുലയറുത്തെറിഞ്ഞ് വരേണ്യ വര്‍ഗം ജാതി ശാസനകള്‍ നില നിറുത്തി.
കർഷക തൊഴിലാളി സമരത്തിൽ നിന്നും ലഭിച്ച ഊർജ്ജവുമായി അയ്യൻകാളി ഈ അനീതിക്കെതിരെ പോരാടാനുറച്ചു. തന്റെ ജാതിയിലുള്ള സ്ത്രീകൾ മുലക്കച്ചയണിഞ്ഞു നടക്കാൻ അദ്ദേഹം ആഹ്വാനം ചെയ്തു. അടിമത്തത്തിന്റെ അടയാളമായി കഴുത്തിൽ കല്ലുമാലയും കാതിൽ ഇരുമ്പുവളയങ്ങളും ധരിക്കണമെന്നുമുള്ള ജാതിശാസനകളെ ധിക്കരിക്കാനദ്ദേഹം ആവശ്യപ്പെട്ടു. അയിത്താചരണത്തിന്റെ വക്താക്കൾ ഇതു ധിക്കാരമായി കരുതി. അയ്യൻകാളിയെ അനുസരിച്ച സാധുജനങ്ങളെ അവർ വേട്ടയാടി. അധഃസ്ഥിത സ്ത്രീകളുടെ മുലക്കച്ചകൾ മാടമ്പിമാർ വലിച്ചുകീറി. ചെറുത്തു നിന്നവരുടെ മുലകൾ അറുത്തുകളഞ്ഞു. പിതാവിന്റെയും സഹോദരങ്ങളുടെയും മുന്നിലിട്ട് ഭീകരമായി മർദ്ദിച്ചു. കൊല്ലം ജില്ലയിലെ പെരിനാട്ടായിരുന്നു ഇത്തരത്തിൽ ഏറ്റവും ക്രൂരമായ മർദ്ദനമുറകൾ അരങ്ങേറിയത്.
സവർണ്ണരുടെ കിരാതപ്രവർത്തനങ്ങൾ ഏറിയപ്പോൾ മർദ്ദിത ജനവിഭാഗങ്ങൾ ഉണർന്നു. അവർ പ്രത്യാക്രമണത്തിനു തയാറായി. തിരുവതാംകൂറിലെ വിവിധ പ്രദേശങ്ങൾ കലാപഭൂമികളായി. കലാപത്തെത്തുടര്‍ന്ന് നാടും വീടും വിട്ടവര്‍ കൊല്ലം പീരങ്കി മൈതാനത്ത് എത്തിച്ചേരാന്‍ അയ്യങ്കാളി ആഹ്വാനം ചെയ്തു. നോട്ടീസോ, മൈക്ക് അനൗണ്‍സ്മെന്റോ ഇല്ലാതെ കാതോട് കാതോരം കേട്ടറിഞ്ഞ് പതിനായിരക്കണക്കിന് ആളുകള്‍ കൂലംകുത്തി പതഞ്ഞൊഴുകുന്ന കാട്ടരുവിപോലെ മൈതാനത്ത് എത്തിച്ചേര്‍ന്നു. മൈതാനം മനുഷ്യ മഹാസമുദ്രമായി മാറി.
“നാനാജാതി മതസ്ഥരുടെ സംഗമവേദിയായ ഇവിടെവച്ച് ഈ മുഹൂര്‍ത്തത്തില്‍ കല്ലുമാല അറുത്തു കളയണമെന്നും അതിന് സവര്‍ണര്‍ സഹകരിക്കണമെന്നും” അയ്യങ്കാളി ആവശ്യപ്പെട്ടു. യോഗാദ്ധ്യക്ഷന്‍ ചങ്ങനാശ്ശേരി പരമേശ്വരന്‍പിള്ള എഴുന്നേറ്റ് “മിസ്റ്റര്‍ അയ്യങ്കാളി ആവശ്യപ്പെട്ടതുപോലെ ഈ സദസ്സില്‍വച്ച് നമ്മുടെ സഹോദരിമാര്‍ കല്ലുമാല അറുത്തു കളയുന്നതിന് ഈ യോഗത്തിലുള്ളവര്‍ക്കെല്ലാം പൂര്‍ണ സമ്മതമാണ്.” എന്നു പറയുകയുണ്ടായി. സദസ്സില്‍ നീണ്ട കരഘോഷമുണ്ടായി. ‘അടിമത്വത്തിന്റെ അടയാളം അറുത്തെറിയുവിന്‍’ 1915-ൽ നടന്ന ചരിത്ര പ്രസിദ്ധമായ ഈ മഹാസഭയിൽ വച്ച് അദ്ദേഹം ആഹ്വാനം ചെയ്തു.
അയ്യങ്കാളിയുടെ വാക്കുകള്‍ കേള്‍ക്കേണ്ട താമസം പിന്നില്‍ തിരുകിയിരുന്ന കൊയ്ത്തരിവാള് എടുത്ത് സഹോദരിമാര്‍ അവരുടെ കഴുത്തിലണിഞ്ഞിരുന്ന കല്ലുമാലകള്‍ അറുത്തെടുത്ത് സ്റ്റേജിലിട്ടു. നാലടി ഉയരത്തില്‍ കല്ലു മാലക്കൂമ്പാരം ദൃഷ്ടി ഗോചരമായി. സാധു ജനങ്ങളുടെ ഈ സ്വാതന്ത്ര്യ പ്രഖ്യാപനത്തെ ഉയർന്ന ജാതിക്കാർ മാനിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. കീഴാള ജനവിഭാഗങ്ങൾ നടത്തിയ വിപ്ലവകരമായ സാമൂഹിക മുന്നേറ്റമായിരുന്നു ഇത്. കല്ലുമാല സമരം എന്ന പേരിലാണ് ഈ സമരം അറിയപ്പെടുന്നത്.
ശ്രീമൂലം പ്രജാ സഭയില്‍ പുലയവിഭാഗത്തിന്റെ പ്രതിനിധിയായി സുഭാഷിണി പത്രാധിപര്‍ പി കെ ഗോവിന്ദപ്പിള്ളയെ സര്‍ക്കാര്‍ നോമിനേറ്റ് ചെയ്തതോടെ ഒരു ജനതയുടെ സങ്കടങ്ങളും ആവശ്യങ്ങളും പ്രജാസഭയില്‍ മുഴങ്ങിക്കേട്ടു തുടങ്ങി. പി കെ ഗോവിന്ദപ്പിള്ളയുടെ അഭ്യര്‍ത്ഥനയിലൂടെ പ്രജാ സഭയില്‍ പുലയരില്‍ നിന്നു തന്നെ ഒരു പ്രതിനിധിയെ നിയോഗിക്കാന്‍ ദിവാന് തീരുമാനിച്ചു. അങ്ങനെ 1911 ഡിസംബര്‍ 4 ന് അയ്യങ്കാളിയെ ശ്രീമൂലം പ്രജാസഭയിലേക്ക് പ്രതിനിധിയായി നോമിനേറ്റ് ചെയ്തു.
1912 ഫെബ്രുവരി 7 ന് അയ്യങ്കാളി കന്നി പ്രസംഗത്തില്‍ തന്നെ തന്റെ ആളുകള്‍ക്ക് സ്വന്തമായി മണ്ണില്ലാത്തതിനാല്‍ വീടുവെയ്ക്കാന്‍ മണ്ണു വേണമെന്ന ആവശ്യം അദ്ദേഹം ഉന്നയിച്ചു. ഇതിനേത്തുടര്‍ന്ന് വിളപ്പില്‍ പകുതിയില്‍ 500 ഏക്കര്‍ സ്ഥലം സാധുജനങ്ങള്‍ക്ക് പതിച്ചുനല്കാന് സര്‍ക്കാര്‍ ഉത്തരവിട്ടു. 1912 ഫെബ്രുവരി 26ന് വി.ജെ.ടി ഹാളില്‍ ചേര്‍ന്ന പ്രജാസഭയുടെ എട്ടാമത് യോഗത്തില്‍ അയ്യങ്കാളിയും പങ്കുകൊണ്ടു.
വെള്ളക്കുതിരകളെ പൂട്ടിയ വില്ലുവണ്ടിയില്‍ വന്നിറങ്ങിയ അദ്ദേഹം ഏവരുടെയും ശ്രദ്ധാകേന്ദ്രമായി. ആറടിക്കുമേല്‍ ഉയരവും കസവു തുന്നിയ തലപ്പാവും കറുത്ത കോട്ടും കുങ്കുമപ്പൊട്ടും മല്‍മല്‍മുണ്ടും മേല്‍വേഷ്ടിയും ചെരിപ്പും ധരിച്ച് അദ്ദേഹം പ്രജാമണ്ഡലത്തിലേക്ക് പ്രവേശിക്കുമ്പോള്‍ ഇദ്ദേഹമല്ലേ ദിവാനെന്ന് സന്ദര്‍ശകര്‍ അദ്ഭുതപ്പെട്ടതായി മഹാനായ മന്നത്തു പത്മനാഭന് തന്‍െറ ‘ഭൂതകാല സ്മരണകള്‍’ എന്ന പുസ്തകത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. 25 വര്‍ഷം തുടര്‍ച്ചയായി അദ്ദേഹം പ്രജാസഭാംഗമായിരുന്നു. അക്കാലമത്രയും ഹരിജനങ്ങളുടെ അവശതകള്‍ പരിഹരിച്ചുകിട്ടുവാന്‍ പരിശ്രമിച്ചുപോന്നു.
സാധുജനങ്ങള്‍ക്ക് നീതികിട്ടുന്നതിനായി വെങ്ങാനൂരില്‍ ഒരു കുടുംബകോടതി അദ്ദേഹം സ്ഥാപിച്ചു. അയ്യന്‍കാളി കോടതി എന്നാണ് അതറിയപ്പെട്ടിരുന്നത്. ജാതീയമായി വിവേചനമനുഭവിച്ച വിഭാഗങ്ങള്‍ക്ക് ഭൂമി പതിച്ചു കിട്ടുന്നതിനും സര്‍ക്കാര്‍ ജോലി ലഭിക്കുന്നതിനും ഉള്ള നിവേദനങ്ങള്‍ ആയിരുന്നു അദ്ദേഹത്തിന്റെ പ്രജാ സഭ പ്രസംഗങ്ങള്‍. അതിനു ഫലമുണ്ടാവുകയും ഏക്കറുകണക്കിന് ഭൂമി തിരുവിതാംകൂറില്‍ അവര്‍ക്ക് പതിച്ചു നല്‍കുകയും സര്‍ക്കാര്‍ വകുപ്പുകളില്‍ ജോലി ലഭിക്കുകയും ചെയ്തു. വിദ്യാഭ്യാസ അവകാശത്തിനു വേണ്ടി അയ്യന് കാളി നടത്തിയ ഊരൂട്ടമ്പലം പ്രക്ഷോഭം കേരള നവോത്ഥാന ചരിത്രത്തിലെ ജ്വലിക്കുന്ന അദ്ധ്യായമാണ്.
അനാചാരങ്ങളെ ചൂഷണം ചെയ്ത് ഇസ്ലാമിക – ക്രൈസ്തവ മതങ്ങൾ നടത്തുന്ന മത പരിവർത്തന ശ്രമങ്ങളെ അയ്യങ്കാളി നഖശിഖാന്തം എതിർത്തു. ആലപ്പുഴ ജില്ലയിലെ ചേര്‍ത്തലയിലും മുഹമ്മയിലും പാറായിത്തരകന്റെ നേതൃത്വത്തില്‍ നടന്ന മതപരിവര്‍ത്തന ശ്രമങ്ങളെ അയ്യങ്കാളി വിമർശിച്ചു. അയ്യങ്കാളിയുടെ സന്തത സഹചാരിയായ വിശാഖം തേവനുമായി പാറായിത്തരകന്‍ പരസ്യ സംവാദം നടത്തുകയും മതപരിവര്‍ത്തന വാദം വിശാഖം തേവനു മുന്നില്‍ പൊളിയുകയും ചെയ്തു. അതോടെ മതം മാറാനെത്തിയ അധസ്ഥിത ജനത അതില്‍ നിന്നും പിന്തിരിയുകയും ചെയ്തു.
1863 ആഗസ്റ്റുമാസം 28 നു മലയാളമാസം 1039 ചിങ്ങം 14 അവിട്ടം നക്ഷത്രത്തില്‍ വെങ്ങനൂരില്‍ അയ്യന്റെയും മാലയുടെയും മകനായിട്ടാണ് കാളി എന്ന നവോത്ഥാന സൂര്യൻ ജനിച്ചത്. കളിയാണ് പിതാവിന്റെ പേരുകൂടി ചേര്‍ത്ത് അയ്യന് കാളി ആയത്. അയ്യങ്കാളിയുടെ പിതാവ് അയ്യന് പനങ്ങോട്ടു ഊറ്റിരത്തു പരമേശ്വരന് പിള്ള എന്ന ജന്മിയുടെ കുടിയാനായിരുന്നു. ഈ ജന്മി അക്കാലത്തുണ്ടായിരുന്ന മറ്റു ജന്മിമാരില് നിന്നും വ്യത്യസ്തനായിരുന്നു.തന്റെ ഏക്കറുകണക്കിന് വരുന്ന കൃഷി ഭൂമി അധ്വാനിച്ചു സംരക്ഷിച്ചിരുന്ന അയ്യന്റെ പ്രവര്‍ത്തനങ്ങളില്‍ സംതൃപ്തനായിരുന്ന പരമേശ്വരന് പിള്ള അതിന്റെ സന്തോഷ സൂചകമായി 5 ഏക്കര്‍ ഭൂമി ദാനമായി നല്കി. അങ്ങനെ സ്വന്തമായി 5 ഏക്കര്‍ ഭൂമിയുടെ ഉടമസ്ഥനായ ആദ്യത്തെ കുടിയാന് അയ്യനായി.
1941 ജൂണ്‍ 18ന് അന്തരിക്കുന്നതുവരെയും അയ്യങ്കാളി കര്‍മനിരതനായിരുന്നു. കോട്ടുകാല്‍ മഞ്ചാംകുഴി തറവാട്ടിലെ കെ. ചെല്ലമ്മയായിരുന്നു അയ്യങ്കന്‍കാളിയുടെ ഭാര്യ. കെ. പൊന്നു, കെ. ചെല്ലപ്പന്, കെ. കൊച്ചുകുഞ്ഞ്, കെ. തങ്കമ്മ, കെ. ശിവതാണു എന്നിവര്‍ മക്കളാണ്. ഇവരാരും ഇപ്പോള്‍ ജീവിച്ചിരിപ്പില്ല. മഹാനായ ആ സാമൂഹിക പരിഷ്കര്‍ത്താവിന്‍െറ സ്മരണ നിലനിര്‍ത്തി സർക്കാർ 2002 ഏപ്രിൽ 12 ന് തപാൽ സ്റ്റാമ്പ് പ്രസിദ്ധീകരിച്ചു. തിരുവനന്തപുരത്തുള്ള അദ്ദേഹത്തിന്റെ ജന്മസ്ഥലമായ വെങ്ങാനൂരിൽ ശവകുടീരവും പ്രതിമയും ചരിത്രസ്മാരകമായി സംരക്ഷിച്ചിട്ടുണ്ട്. സ്കൂളും നിലവിലുണ്ട്. അടിമത്വത്തിന്റെ ചരിത്ര സ്മാരകമായി ഇന്നും തിരുവനന്തപുരത്തുള്ള VJT ഹാളിന് അയങ്കാളിയുടെ പേര് നൽകണമെന്ന ആവശ്യം ഇന്നും പ്രാവർത്തികമായിട്ടില്ല.
വീണ്ടും നവോത്ഥാനത്തിന്റെ ആവശ്യകതയിലേക്ക് സമൂഹം നീങ്ങികൊണ്ടിരിക്കുന്ന കാലഘട്ടമാണിത്. യഥാര്‍ത്ഥ സ്വാതന്ത്ര്യം ഇന്നും നമ്മില്‍ നിന്നും ഏറെ അകലെയാണ്. സ്വാതന്ത്ര്യാനന്തര രാഷ്ട്രീയ അന്തരീക്ഷം ജാതിയുടെ, മതത്തിന്റെ പേരിൽ ഇന്നും സമൂഹത്തെ വിഘടിപ്പിക്കുവാൻ ശ്രമിക്കുന്നു. ദേശീയത എന്നത് വർഗ്ഗീയവും സ്വാതന്ത്ര്യം എന്നത് രാജ്യ വിരുദ്ധ പ്രവർത്തനത്തിനുള്ള ഉപാധിയും ആയി മാറ്റപ്പെടുത്തുവാനുള്ള ശ്രമങ്ങളും ഇന്ന് ശക്തമായി കൊണ്ടിരിക്കുന്നു. സാമൂഹിക നന്മക്കായ് പ്രവർത്തിച്ച സാമൂഹിക പരിഷ്കർത്താക്കൾ രാജ്യ വിരുദ്ധ സംഘടനകളുടെ കൊടിയടയാളമായി മാറ്റപ്പെട്ടുന്ന ഇന്നത്തെ കാലഘട്ടത്തിൽ ദളിതരെ സാമൂഹിക അടിമത്വത്തിൽ നിന്ന് രാഷ്ട്രീയ അടിമത്വത്തിലേക്കാണ് ഇന്ന് രാഷ്ടീയ നേതൃത്വങ്ങൾ നയിക്കുന്നത് എന്നത് നഗ്ന സത്യമാണ്. കേരളത്തിന്റെ നവോത്ഥാന കാലഘട്ടത്തെ പോലും കമ്മ്യൂണിസ്റ്റ് ബുദ്ധിജീവികൾ ഹൈജാക്ക് ചെയ്ത് ജനത്തെ കബളിപ്പിച്ചു കൊണ്ടിരിക്കുന്നു. ഇ.എം.എസിന്റെ കേരള ചരിത്രത്തിൽ നിന്ന് അയ്യങ്കാളി മാറ്റപ്പെട്ടെങ്കിലും ഇന്ന് മലയാളത്തിന്റെ നവോത്ഥാന ചരിത്രത്തിലെ വിപ്ലവ ഭദ്രകാളിയാണ് അയ്യങ്കാളി എന്ന് ജനം വിലയിരുത്തി കഴിഞ്ഞു.
ആ ഓർമ്മകൾ വീണ്ടുമുയരുവാൻ ഈ ജയന്തി നമ്മെ ഓർമ്മപ്പെടുത്തുന്നു. ഇന്നത്തെ സമൂഹത്തിന് സ്വപ്നം കാണാന്‍ പോലും സാധിക്കാത്ത തലങ്ങളിലൂടെയാണ് മഹാത്മാ അയ്യങ്കാളി കടന്നുവന്നത്. അയ്യങ്കാളിയുടെ മറ്റൊരു ജന്മദിനം കൂടി കടന്നുപോകുമ്പോള്‍ ദളിത് വിഭാഗത്തിന് വേണ്ടി, പൊതു സമൂഹത്തിന് വേണ്ടി പേരാടാന്‍ ഒരു നേതാവെങ്കിലും ജന്മമെടുക്കട്ടെ. സര്‍വകലാശാലകളില്‍ ഇനി ഒരു രോഹിത് വെമുലകളല്ലാ വേണ്ടത് അയ്യങ്കാളിയും ശ്രീനാരായണ ഗുരുദേവനും ചട്ടമ്പിസ്വാമികളും പുനർ ജനിക്കട്ടെ. സമൂഹം സുഖമായ് ഉറങ്ങാൻ അവരുടെ പ്രവർത്തനങ്ങൾ കാവലാകണം..