സി. കെ. ജാനു, കേരളത്തിന് മാത്രമല്ല, ഒരുപക്ഷേ ഭാരതം മുഴുവനും സുപരിചതമായ പേര്. സി. കെ. ജാനുവിന്റെ പേര് വനവാസികളുടെ പര്യായമാണ് എന്നു സി. കെ. ജാനുവിനോടു അടുപ്പമുള്ളവര്‍ പറയുന്നു. ചെറിയ പ്രായത്തില്‍ , ഒരു സമരമുഖത്തേക്ക് ആവേശത്തോടെ വന്നു, അന്ന് മുതല്‍ ഇന്ന് വരെ വനവാസികളുടെ ആവശ്യങ്ങള്‍ക്കായി പോരാടുന്ന സി കെ ജാനു, ആ അമ്മയെ വനവാസികളുടെ പര്യായമായി ആരെങ്കിലും കണ്ടാല്‍ അതില്‍ അതിശയോക്തി ഇല്ല തന്നെ.
സി കെ ജാനു ഇക്കഴിഞ്ഞ കാലഘട്ടങ്ങളില്‍ ഇടതു പക്ഷത്തിന്റെ കൂടെയും വലതു പക്ഷത്തിന്റെ കൂടെയും മറ്റ് പ്രസ്ഥാനങ്ങളായ ജമാഅത്തെ ഇസ്ലാമിയുടെ വെല്‍ഫെയര്‍ പാര്‍ട്ടിയുടെ കൂടെയും ഒക്കെ ചേര്‍ന്നു പ്രവര്‍ത്തിച്ചിരുന്നു. തന്റെ ജനതക്ക് ഐശ്വര്യം ഉണ്ടാകുക എന്ന ഏകലക്ഷ്യത്തില്‍ അവര്‍ ഈ സംഘടനകളുടെ ഒക്കെ കൂടെ ചേര്‍ന്ന് പ്രവര്‍ത്തിച്ചു. എങ്കിലും ഇന്ന് തിരിഞു നോക്കുമ്പോള്‍ ജാനുവിന് മാത്രമല്ല ആ സമൂഹത്തിനു മൊത്തം നഷ്ടബോധമാണ് ഉള്ളത്. തങ്ങളുടെ മണ്ണും പെണ്ണും സംസ്കാരവും മറ്റുള്ളവര്‍ കവര്‍ന്നെടുക്കുന്നത് കണ്ടു നിസ്സഹായരായി നില്‍ക്കാനെ ഈ വിഭാഗത്തിനും ഈ തീപ്പൊരി നേതാവിനും സാധിച്ചിട്ടുള്ളൂ. തങ്ങളുടെ അവകാശങ്ങള്‍ പലപ്പോഴായി സഭകളുടെ നോമിനികള്‍ തട്ടിയെടുക്കുന്നത് അമര്‍ശത്തോടെ ഈ വിഭാഗം ഇന്ന് വരെ സഹിച്ചു കൊണ്ടിരുന്നു.
ഇതൊക്കെ ആയിരിക്കാം ജാനുവിനെ മാറിചിന്തിപ്പിച്ചത്, അല്ലെങ്കില്‍ കേരളത്തിലെ മാധ്യമങ്ങളും ബുദ്ധി ജീവികളും അവഗണിച്ച നില്‍പ്പ് സമരത്തിന്റെ നിഴല്‍ പോലെ ഉണ്ടായിരുന്ന സമര പോരാളി ശ്രീ കുമ്മനം രാജശേഖരന്‍ രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ തലപ്പത്ത് വന്നത് കൊണ്ടാവാം ജാനു ഇങ്ങനെ ഒരു തീരുമാനം- എന്‍ഡിഎ യുടെ ഭാഗമായി ഈ ഇലക്ഷന്‍ നേരിടാനുള്ള തീരുമാനം- എടുത്തത്. ശരിക്കും ധീരവും അതിലുപരി ശരിയുടെ ഭാഗത്ത് നില്‍ക്കുന്നതുമായ തീരുമാനം. മണ്ണിനും വെള്ളത്തിന്നും നീതിക്കും വേണ്ടി കുമ്മനം രാജശേഖരന്റെ നേതൃത്വത്തില്‍ പോരാടുന്ന എന്‍ഡിഎ യുടെ കീഴില്‍ അണിനിരക്കാന്‍ ജാനു തീരുമാനിച്ചത് ധീരവും ശരിയുമായ തീരുമാനമാണ് എന്നു എല്ലാവരും അംഗീകരിക്കും.
ആറന്‍മുളയുടെ സമര നായകനും മുത്തങ്ങയിലെ സമര നായികയും ഒത്തു ചേര്‍ന്ന് , ഇവിടെ ഉള്ള അധസ്ഥിത വര്‍ഗ്ഗങ്ങളുടെ അവകാശങ്ങള്‍ നേടിയെടുക്കുമോ എന്നുള്ള ഭയമോ അതോ, ജാനുവിന്റെയും കുമ്മനത്തിന്റെയും തൊലിയുടെ നിറമോ എന്താണ് എന്നറിയില്ല, ജാനുവിന്റെ ഈ തീരുമാനത്തോട് “സാംസ്കാരിക കേരളം” പ്രതികരിച്ചതു വളരെ വികൃതമായ രീതിയിലാണ്.
ജാനു എന്‍ഡിഎ യില്‍ ചേരാതിരിക്കാന്‍ പരിശ്രമിച്ചവരില്‍ പള്ളിയും പട്ടക്കാരും മാത്രമല്ല എന്‍ജിഓ യുടെ മറവില്‍ തങ്ങളുടെ അജണ്ട നടപ്പിലാക്കുന്ന മേധാ പടേക്കര്‍മാരും സാറാ ജോസഫുമാരുംഉണ്ടായിരുന്നു. അതേസമയം, ജാനുവിന്റെ എന്‍ഡിഎ പ്രവേശനത്തെ ദേശാഭിമാനി സബ് എഡിറ്റര്‍ ഷിബു മുഹമദ് വിശേഷിപ്പിച്ചത് ജാനുവിനെ മനുഷ്യമലമായി ചിത്രീകരിച്ചു കൊണ്ടാണ്. ഈ വംശീയാധിക്ഷേപത്തിനെതിരെ പ്രബുദ്ധ കേരളം പ്രതികരിക്കുക പോലും ചെയ്തില്ല എന്നുള്ളത് സാധാരണക്കാരെ പോലും അതിശയിപ്പിച്ചു. വടക്കേ ഇന്ത്യയില്‍ ഒരു വ്യക്തി എന്തെങ്കിലും ജാതീയപരമായോ മതപരമായോ പരാമര്‍ശം നടത്തിയാല്‍ അന്തിചര്‍ച്ച നടത്തുന്ന കേരളത്തിന്റെ മനോ മണ്ഡലം ഈ വിഷയത്തില്‍ സംശയാസ്പദമായ മൌനം പാലിച്ചു. ജാനു മനുഷ്യ മലം ത്തന്നെയാണ് എന്നു ഇവര്‍ ആ മൌനത്തിലൂടെ സ്ഥാപിക്കാനാണ് ശ്രമിച്ചത്.
അവിടെ തീര്‍ന്നില്ല,
ജാനു എന്ന ആദിവാസി സ്ത്രീ, പുറമെ നിന്നു മാത്രമല്ല മറിച്ച് ഉള്ളില്‍ നിന്നും കൂടി കറുപ്പാണ് എന്നും, അത്തരം കറുത്ത സ്തീകളെ വോട്ട് ചെയ്തു വിജയിപ്പിക്കാതെ, വെളുത്ത സ്ത്രീ ആയ വീണയെ പോലുള്ളവരെ ജയിപ്പിക്കണം എന്നു കമ്മ്യൂണിസ്റ്റുകാര്‍ പ്രചരിപ്പിക്കുന്നു. സോഷ്യല്‍ മീഡിയയില്‍ അറിയപ്പെടുന്ന ഒരു കമ്മ്യൂണീസ്ട് കാരനാണ് പബ്ലിക്കായി അങ്ങനെ ആഹ്വാനം ചെയ്തത്. ഏതോ ഒരു അനോണിമസ് ട്വീറ്റിനെ പേരില്‍ സമൂഹത്തില്‍ സ്പര്‍ദ്ധ ഉണ്ടാക്കാന്‍ ശ്രമിച്ച ഇവിടത്തെ മാദ്ധ്യമ പ്രവര്‍ത്തകര്‍ക്ക് ജാനുവിനെ വംശീയാധിക്ഷേപം ചെയ്തത് ഒരിയ്ക്കലും തെറ്റായി തോന്നിയിട്ടില്ല. ജാനു അങ്ങിനെ വിളിക്കപ്പെടേണ്ടവളാണ് എന്നു പ്രബുദ്ധ കേരളം ആ മൌനത്തിലൂടെ വീണ്ടും സ്ഥാപിച്ചു .
അവിടെയും തീര്‍ന്നില്ല, ദാ, ജാനു എന്‍ഡിഎ യുടെ കൂടെ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതിന് വധഭീഷണിയും.. ടിപി ചന്ദ്രശേഖരനെ പോലെ ഉള്ള വിധിയാണ് ജാനുവിനും കാത്തു കിടക്കുന്നതു എന്നു കേരളത്തിലെ സാധാരണക്കാര്‍ ഭയക്കുന്നു. എന്തിനിവര്‍ ജാനുവിനെ കൊല്ലണം? ജാനു രണ്ടാഴ്ക മുന്പ് വരെ ചെയ്യാത്ത എന്തു തെറ്റാണ് ജാനു ഇപ്പോ ചെയ്തത്? എന്തിന് ഇവര്‍ ഈ സാധാരണ സ്ത്രീയെ, ആദിവാസികള്‍ക്ക് വേണ്ടി സ്വന്തം ലൌകിക ജീവിതം പോലും വേണ്ടെന്ന് വച്ച ഈ പാവം സ്ത്രീയെ ഇവര്‍ വധിക്കാന്‍ ഒരുമ്പെട്ട് ഇറങ്ങിയിരിക്കുന്നത്? കുറച്ചു ദിവസങ്ങള്‍ക്ക് മുന്പ് താന്‍ ദത്തെടുത്ത ജാനകി എന്ന പെണ്‍കോടിയുടെ കൂടെ ജീവിക്കാന്‍ കേരളം ജാനുവിനെ അനുവദിക്കില്ലെന്നാണോ നാം കരുതേണ്ടത്?
ശരിക്കും ജാനുവും ജാനുവിന്റെ സമൂഹവും ഇന്ന് ഭയപ്പാടിലാണ് ജീവിക്കുന്നതു. ഇത്രയും കാലം തങ്ങളെ ചട്ടുകമായി ഉപയോഗിച്ചാവര്‍ക്കെതിരെ രാഷ്ട്രീയമായി പ്രവര്‍ത്തിച്ചാല്‍ തങ്ങളുടെ നില നില്‍പ്പ് പോലും അവതാളത്തില്‍ ആവും എന്നവര്‍ കരുതി കാണില്ല. ഈ ഭയം മൂലം ജാനുവിന്റെ കൂടെ ഉള്ള പലരും പിന്മാറി എന്നു കേള്‍ക്കുന്നു. ഈ ഭയം ജനിപ്പിച്ചു ജാനുവിനെ പോലെ ഇനി ആരും ആ സമൂഹത്തില്‍ നിന്നും ഉയര്‍ന്നു വരരുതു എന്നു പ്രബുദ്ധ കേരളത്തിന് നിര്‍ബന്ധമുണ്ട്. അങ്ങിനെ ഉയര്‍ന്നു വന്നാല്‍, തങ്ങളുടെ ഇരട്ടത്താപ്പുകള്‍ വിളിച്ച് പറയാന്‍ ഇവിടെ ആളുകള്‍ കൂടുമെന്ന് അവര്‍ മനസ്സിലാക്കിയിരിക്കുന്നു. ആദിവാസികള്‍ ദേശീയതയോട് തോളോട് തോള്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ചാല്‍, ആദിവാസികളില്‍ ദേശീയ ബോധം വളര്‍ന്നാല്‍ തങ്ങളുടെ അജണ്ടകള്‍ നടപ്പിലാകില്ലെന്ന് ഇവര്‍ മനസ്സിലാക്കിയിരിക്കുന്നു.. അതിലുപരി, ആദിവാസികള്‍ നല്ല ജീവിതം നയിച്ചാല്‍ തങ്ങളുടെ രാഷ്ട്രീയത്തിന് ഇവിടെ പ്രസക്തി ഇല്ലാതാവും എന്നവര്‍ മനസ്സിലാക്കിയിരിക്കുന്നു..
അതുകൊണ്ടാണ് കറുത്ത ജാനു…. കൊല്ലപ്പെടേണ്ടവളും, മനുഷ്യ മലമാക്കപ്പെടേണ്ടവളും അധിക്ഷേപിക്കപ്പെടേണ്ടവളും ആവുന്നത്… അതിന് സാംസ്കാരിക കേരളം മൌനത്തിലൂടെ അംഗീകാരം നല്‍കുന്നത് !