കണ്ണുനീരിന്റെ വിലയറിയാത്തവർ

14938273_1800973656857362_2174563536142937974_n

പിണറായി സർക്കാർ അധികാരമേറ്റെടുത്തതിനു ശേഷം പിണറായിയിൽ അരങ്ങേറിയ വ്യാപകമായ ആക്രമണങ്ങൾക്ക് ഇരയായവരെ പങ്കെടുപ്പിച്ചുകൊണ്ട് സിപിഎം അക്രമരാഷ്ട്രീയത്തിനെതിരെ തിരുവനന്തപുരത്ത് ബിജെപി ഒരു പ്രതിഷേധ പരിപാടി സംഘടിപ്പിച്ചിരുന്നു. കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ് പങ്കെടുത്ത ആ പരിപാടിയിൽ വെച്ച് പിണറായി വിജയന്റെ ബന്ധു കൂടിയായ വിനോദിന്റെ മകൾ ശിവദ വിതുമ്പിക്കരയുന്ന ചിത്രം കേരളാ കൗമുദി ഉൾപ്പെടെ അന്ന് പ്രസിദ്ധീകരിച്ചിരുന്നു.

14900562_1064132697033502_1224437901973278239_n

പിന്നീട് സിപിഎം അക്രമങ്ങളുടെ നേർക്കാഴ്ചായി ഈ ചിത്രം നവമാധ്യമങ്ങളിലുൾപ്പെടെ വ്യാപകമായി പ്രചരിക്കപ്പെട്ടു. കേരളത്തിലെ ബലിദാനികളുടെ സംക്ഷിപ്ത ചരിത്രം രേഖപ്പെടുത്തിക്കൊണ്ട് പുറത്തിറങ്ങിയ ‘ആഹുതി’ എന്ന പുസ്തകത്തിന്റെ മുഖചിത്രമായി അത് ഇടംപിടിക്കുകയും ചെയ്തു. ഈ പശ്ചാത്തലത്തിലാണ് ഈ ചിത്രത്തിന്റെ ഒറിജിനാലിറ്റിയിൽ സംശയം പ്രകടിപ്പിച്ചുകൊണ്ട് ദേശാഭിമാനി റസിഡന്റ് എഡിറ്ററായ പി.എം മനോജ് രംഗത്തെത്തിയത്.

‘ഇതാണ് സംഘികളുടെ ഒരു കുഴപ്പം. ഫോട്ടോഷോപ്പ് ചെയ്യുമ്പോൾ മര്യാദയ്ക്ക് ചെയ്യില്ല. കണ്ണുനീർ ഇളനീര് പോലെ ചെത്തിയെടുത്ത് കണ്ണിനടുത്ത് കൊണ്ട് വെക്കുമ്പോൾ അത് കാണുന്നവർക്ക് മനസ്സിലാകും എന്ന് ചിന്തിക്കാനുള്ള ബുദ്ധി അവർക്കില്ല’. ‘ഒറ്റനോട്ടത്തിൽ ഫോട്ടോഷോപ്പ് ആണെന്ന്14963246_1413611508666647_2285121096487348913_n തോന്നുന്നു. ഒറിജിനൽ ആണെങ്കിൽ ആ തോന്നൽ പിൻവലിക്കാം. ഖേദവും പറയാം. ഈ ചിത്രത്തിന്റെ ഒറിജിനൽ? ഒന്നിച്ചെടുത്ത മറ്റൊരു ചിത്രം? ഇത് ഏതു ബലിദാനിയുടെ ബന്ധുവാണ്? ഇങ്ങനെയുള്ള വിവരങ്ങൾ വെളിപ്പെടുത്തിയാൽ തീരുന്ന സംശയമേ ഉള്ളൂ.’ ഇതാണ് ദേശാഭിമാനി എഡിറ്ററുടെ വാക്കുകൾ.

രാഷ്ട്രീയ എതിരാളികളുടെ തലകൾ ഇളനീർക്കുല പോലെ വെട്ടിവീഴ്ത്തി അവരുടെ രക്തം ഇളനീർ തുള്ളി പോലെ മോന്തിക്കുടിക്കുന്ന കണ്ണൂരിലെ കമ്മ്യൂണിസ്റ്റ് കാട്ടാളന്മാർക്ക് കണ്ണുനീര് കാണുമ്പോൾ കരളലിയില്ലെന്നുറപ്പ്. അത് ഇളനീരാണോയെന്ന തെറ്റിദ്ധാരണയും അവർക്കുണ്ടാകും. ആ കണ്ണുനീരിന്റെ ആത്മാർത്ഥതയിൽ തെല്ലും വിശ്വാസമുണ്ടാവുകയുമില്ല. കാരണം എതിരാളികളുടെ കണ്ണിൽ നിന്നുമൊഴുകുന്ന കണ്ണുനീർ അവരെ സംബന്ധിച്ചെടുത്തോളം പനിനീരുപോലെയാണല്ലോ. അത് കൺകുളിർക്കെ കണ്ട് പുളകം കൊള്ളുന്നതാണ് കണ്ണൂരിലെ കമ്മ്യൂണിസ്റ്റുകാരുടെ ശൈലി.

മനുഷ്യത്വത്തിന് പകരം വർഗസംഘട്ടനത്തിലൂന്നിയ മാർക്സിയൻ രീതിശാസ്ത്രത്തെ പിൻപറ്റുന്നതുകൊണ്ടു തന്നെയാണ് സ്വന്തം ബന്ധുകൂടിയായ പിണറായിയിലെ പെൺകുഞ്ഞിന്റെ കണ്ണീരു കാണാൻ പിണറായിക്കാരനായ കേരളത്തിന്റെ മുഖ്യമന്ത്രിക്ക് പോലും കഴിയാതെ പോയത്. സ്വന്തം കുടുംബാംഗത്തിന്റെ കണ്ണീരു കാണുമ്പോൾ കരളലിയാത്തതും ആ കണ്ണുനീരിനെ തുടച്ചു നീക്കാൻ തുനിഞ്ഞിറങ്ങാത്തതുമെല്ലാം കല്ലുപോലുറച്ച ‘ഉത്തമനായ’ ഒരു കമ്മ്യൂണിസ്റ്റുകാരന്റെ ലക്ഷണം തന്നെയാണെന്ന് ഒരു പക്ഷെ സിപിഎം വിലയിരുത്തുന്നുമുണ്ടാവും. തന്റെ നിലനിൽപ്പിന് ഭീഷണിയാകുമെന്ന് ഭയന്ന് സഹോദരീ പുത്രനായ കൃഷ്ണനെ ഇല്ലാതാക്കാൻ പരിശ്രമിക്കുന്ന കംസന്റെ കഥ പുരാണപ്രസിദ്ധമാണല്ലോ. ആ കംസമനോഭാവമാണ് കമ്മ്യൂണിസ്റ്റുകാർക്ക്. 2002 മാർച്ചിൽ ധർമ്മടത്തിനടുത്തുള്ള മേലൂരിൽ പ്രമുഖനായ ഒരു സിപിഎം നേതാവിന്റെ മരുമക്കൾ പാർട്ടി വിട്ട് ബിജെപിയിൽ ചേർന്നതിന്റെ പേരിൽ ക്രൂരമായി കൊലചെയ്യപ്പെട്ടിട്ടുണ്ട്. കുടുംബ ബന്ധങ്ങളും, മനുഷ്യത്വവുമെല്ലാം കൊടിയുടെ നിറം നോക്കി മാത്രം തീരുമാനിക്കുന്ന കണ്ണൂരിലെ സിപിഎം ശൈലിയുടെ ഒന്നാന്തരം ദൃഷ്ടാന്തങ്ങളാണവ. പാതിരയാട് വെച്ച് കൊല്ലപ്പെട്ട സിപിഎം പ്രവർത്തകന്റെ മാതാവിനെ മാറോടുചേർത്തു പിടിച്ച മുഖ്യമന്ത്രി സ്വന്തം വീടിനടുത്ത് വെച്ച് കൊലചെയ്യപ്പെട്ട സ്വന്തം നാട്ടുകാരൻ കൂടിയായ ബിജെപി പ്രവർത്തകന്റെ മാതാവിന്റെ അലർച്ച കണ്ടില്ലെന്ന് നടിച്ചതും അവരുടെ മാതൃദു:ഖം മന:പൂർവമായി മറന്നു കളഞ്ഞതിന്റെയും കാരണവും മറ്റൊന്നല്ല. 14963155_10155526377852316_6225979239272777431_nസിപിഎമ്മുകാരന്റേതായാലും ബിജെപിക്കാരന്റേതായാലും മകനെ നഷ്ടപ്പെട്ട മാതാവിന് തുല്യ ദു:ഖമാണെന്ന് തിരിച്ചറിയാൻ സിപിഎമ്മിന് ഇനിയും കഴിഞ്ഞിട്ടില്ലെന്നതിന്റെ തെളിവു കൂടിയാണിത്.

രാഷ്ട്രീയ എതിരാളികളെ വെട്ടിക്കൊല്ലാനും, പാർട്ടിയിൽ തന്നെയുള്ള എതിർ പക്ഷക്കാരെ ‘വെട്ടിനിരത്താനും’, പാർട്ടി വിട്ടവരെ ‘കുലംകുത്തി’കളെന്ന് മുദ്രകുത്തി ആക്ഷേപിക്കാനും, മുന്നണി വിട്ടുപോകുന്നവരെ ‘പരനാറി’യെന്ന് സംബോധന ചെയ്യാനും, ന്യായാധിപനെ ‘ശുംഭൻ’ എന്ന് വിശേഷിപ്പിക്കാനും, കൊലപാതകക്കേസിൽ പിടിക്കപ്പെടുമെന്ന് തോന്നുമ്പോൾ ജാമ്യം ലഭിക്കാനായി രോഗം അഭിനയിച്ച് ‘ജാമ്യരോഗ’നാകാനുമൊക്കെയുള്ള സിപിഎം നേതാക്കന്മാരുടെ പ്രാഗത്ഭ്യം മറ്റാർക്കുമുണ്ടാവില്ല. ഇത്തരം കപടതകൾ കണ്ടും കേട്ടും കണ്ടില്ലെന്ന് നടിച്ചും വളച്ചൊടിച്ച് മഹത്വവൽക്കരിച്ചും ശീലമുള്ളതുകൊണ്ടു തന്നെയാവാം ദേശാഭിമാനി എഡിറ്റർക്ക് നിഷ്കളങ്കമായ ഒരു പിഞ്ചുകുഞ്ഞിന്റെ കണ്ണുനീർ പോലും സത്യസന്ധമാണെന്ന് വിശ്വസിക്കാൻ കഴിയാതെ പോകുന്നത്.

ഒഞ്ചിയത്ത് പാർട്ടി വിട്ടുപോയ ‘കുലം കുത്തി’യുടെ തല ‘തെങ്ങിൻ പൂക്കുല പോലെ ചിതറിത്തെറിപ്പിക്കും’ എന്ന് പ്രഖ്യാപിച്ച് അത് നടപ്പിലാക്കി വാക്ക് പാലിച്ച പാരമ്പര്യമുള്ളവർക്ക് എങ്ങനെയാണ് കണ്ണുനീരിന്റെ വിലയറിയുക. മാത്രമല്ല എതിരാളിയുടെ തല തെങ്ങിൻ പൂക്കുലയൊടും, അവരുടെ കണ്ണുനീർ ഇളനീരിനോടും ഉപമിക്കാനും അത് മണ്ണിൽ വീഴ്ത്തി സംതൃപ്തിയടയാനും കമ്മ്യൂണിസ്റ്റുകാർക്ക് മാത്രമേ കഴിയൂ.

മാനവികതയെക്കുറിച്ച് വാതോരാതെ സംസാരിക്കുന്ന ഇതേ ദേശാഭിമാനി എഡിറ്ററുടെ സഹോദരൻ തന്നെ വർഗോന്മൂലനത്തിന്റെ ഭാഗമായുള്ള ശാരീരിക ഉന്മൂലനം നടപ്പിലാക്കാൻ വേണ്ടി സിപിഎം നിയോഗിച്ച ക്രിമിനൽ സ്ക്വാഡിന്റെ ലീഡർമാരിലൊരാളാണെന്ന് ആർക്കാണറിഞ്ഞുകൂടാത്തത്. ഒരുപാട് കുടുംബങ്ങളെ എന്നന്നേക്കുമായി കണ്ണീരിലാഴ്ത്താൻ വേണ്ടി പാർട്ടിയിൽ നിന്ന് ക്വട്ടേഷൻ ഏറ്റെടുത്ത, ഒരു പാട് മുഖങ്ങളെ വെട്ടിപ്പിളർന്ന സ്വന്തം സഹോദരനാണ് പി.എം മനോജ് മനുഷ്യത്വത്തിന്റെ സ്റ്റഡിക്ലാസ് എടുത്തുകൊടുക്കേണ്ടത്. കണ്ണുനീരിന്റെ വില പറഞ്ഞു മനസ്സിലാക്കിക്കൊടുക്കേണ്ടത്. അതിനൊന്നും തയ്യാറാവാതെ പാർട്ടിയുടെയും സഹോദരന്റെയും നടപടികളെ എന്നും ന്യായീകരിക്കുക മാത്രം ചെയ്യുന്ന മനോജിൽ നിന്ന് എന്ത് ആത്മാർത്ഥതയാണ് പ്രതീക്ഷിക്കാനാവുക. ‘പി.ബാലന്റെയും, കെ.വി സുധീഷിന്റെയും രക്തം വീണ മണ്ണിൽ നിന്ന് ആയുധം പിടിച്ചിട്ടുണ്ടെങ്കിൽ ചോദിക്കേണ്ടത് ആർഎസ്എസിനോടാണ്’ എന്നാണ് സഹോദരൻ അറസ്റ്റ് ചെയ്യപ്പെട്ടപ്പോൾ മനോജ് അതിനെ ന്യായീകരിച്ചുകൊണ്ട് പറഞ്ഞത്. മാത്രമല്ല സ്വന്തം സഹോദരൻ14724441_1741964006063721_5030607109185151563_n നയിക്കുന്ന കൂത്തുപറമ്പ് പഴയനിരത്തെ ക്വട്ടേഷൻ സംഘത്തെക്കുറിച്ച് പരിപൂർണമായ മൗനം ദീക്ഷിച്ചുകൊണ്ട് പാനുണ്ട ചന്ദ്രന്റെയും, പിണറായി ചന്ദ്രന്റെയും, പാനുണ്ട സുരേന്ദ്രന്റെയുമെല്ലാം രക്തം വീണലിഞ്ഞ മണ്ണിൽ ആർഎസ്എസുകാരായിപ്പോയതിന്റെ പേരിൽ സ്വാതന്ത്ര്യത്തോടെ ജീവിക്കുവാൻ വേണ്ടി ഇപ്പോഴും പൊരുതുന്നവരെ കുറ്റവാളികളായി മുദ്രകുത്തുകയും അവരുടെ കുടുംബാംഗങ്ങളുടെ കണ്ണുനീരിൽ പോലും സംശയം പ്രകടിപ്പിക്കുകയുമാണ് മനോജ് ചെയ്യുന്നത്.

ഫോട്ടോഷോപ്പൊക്കെ സാധാരണക്കാർക്കിടയിൽ ഫെയിമസാകുന്നതിനും എത്രയോ മുൻപ് തന്നെ വ്യാജ ലെറ്റർപാഡുകൾ ചമച്ച് രാഷ്ട്രീയ എതിരാളികൾക്കെതിരെ കുപ്രചരണം നടത്താനും, മാധ്യമധർമ്മത്തിന് നിരക്കാത്ത തരത്തിൽ വിവരങ്ങൾ കൊടുത്ത് അവസാനം അതിൽ നിർവ്യാജമായ ഖേദം പ്രകടിപ്പിക്കാനും സിപിഎമ്മുകാരുടെയത്ര കഴിവ് എന്തായാലും ആർഎസ്എസുകാർക്കില്ലെന്നെങ്കിലും ഒന്ന് ആത്മപരിശോധന നടത്തിയാൽ ദേശാഭിമാനി എഡിറ്റർക്ക് ബോധ്യപ്പെടുന്നതാണ്.

ചാനൽ ചർച്ചകളിൽ വന്നിരുന്ന് യാതൊരടിസ്ഥാനവുമില്ലാത്ത പച്ചക്കള്ളങ്ങൾ വെള്ളക്കടലാസിൽ എഴുതിക്കൊണ്ടു വന്ന് ജനങ്ങളുടെ മുന്നിൽ നിരത്തുകയും അതിന്റെ ഉറവിടത്തെക്കുറിച്ച് ചോദിച്ചപ്പോൾ കൈമലർത്തുകയും ചെയ്ത് പാർട്ടിയോടുള്ള കൂറ് പലവട്ടം തെളിയിച്ചയാളാണ് ഈ ‘മാതൃകാ’ മാധ്യമപ്രവർത്തകൻ. അദ്ദേഹത്തിൽ നിന്ന് ഇതിൽക്കൂടുതൽ ബൗദ്ധിക സത്യസന്ധതയും രാഷ്ട്രീയ മര്യാദയുമൊന്നും പ്രതീക്ഷിക്കുക വയ്യ.

മാത്രമല്ല ‘മാഷാ അള്ളാ’ എന്ന വ്യാജസ്റ്റിക്കറൊട്ടിച്ച് കൊലപാതം നടത്തി കേസന്വേഷണം വഴിതിരിച്ചുവിടാൻ ശ്രമിച്ചതും, തങ്ങൾ ഗൂഢാലോചന നടത്തി കൊലപ്പെടുത്തിയയാളുടെ രക്തംകലർന്ന തൂവാല എതിർ പ്രസ്ഥാനത്തിലെ നേതാവിന്റെ വീടിനടുത്ത് കൊണ്ടുചെന്നിട്ട് കലാപത്തിന് കോപ്പുകൂട്ടി അവസാനം അതേ കേസിൽ തന്നെ അറസ്റ്റ് ചെയ്യപ്പെട്ട് നാട്കടത്തപ്പെട്ടതുമായ പാരമ്പര്യമാണ് കണ്ണൂരിലെ സിപിഎം നേതാക്കളുടേതെന്ന് കേരളത്തിലെ പൊതുസമൂഹത്തിന് നന്നായറിയാം.

ഒരു വശത്ത് ‘നൂറു പൂക്കൾ വിരിയട്ടെ. ആയിരം ചിന്താസരണികൾ ഏറ്റുമുട്ടട്ടെ’ എന്നൊക്കെ പ്രഖ്യാപിക്കുകയും മറുവശത്ത് വിരിഞ്ഞ് പ്രശോഭിക്കാൻ തുടങ്ങിയ അതേ പൂക്കൾ തന്നെ നൂറിന് പകരം ആയിരമായി ചവിട്ടിയരച്ച് ഇല്ലാതാക്കുകയും ചെയ്തുവെന്നതാണ് കമ്മ്യൂണിസത്തിന്റെ ലോകചരിത്രത്തിലുടനീളം കാണാനാവുന്നത്. അതുകൊണ്ടു തന്നെ ഇരകളുടെ കണ്ണുനീർ തുള്ളികളിൽ സംശയം പ്രകടിപ്പിക്കുന്നതിന് മുൻപ് രാഷ്ട്രീയ എതിരാളികളുടെ കണ്ണുനീർ വീഴ്ത്താനുള്ള പരിശ്രമങ്ങളിൽ നിന്ന് ഇനിയെങ്കിലും പിന്തിരിയുകയാണ് കമ്മ്യൂണിസ്റ്റു പാർട്ടി ചെയ്യേണ്ടത്.
14650598_10210144000011866_5934072162411576121_n