— കൃഷ്ണകുമാർ —
കന്യാകുമാരി ജില്ലയിലാണ് എന്റെ അച്ഛന്റെയും അമ്മയുടെയും തറവാടുകള്‍. കുട്ടിക്കാലത്ത് പലപ്രാവശ്യം അച്ഛന്റെ നാടായ കൊല്ലങ്കോട് പോയിട്ടുണ്ട്. അവിടത്തെ വിഖ്യാതമായ ഭദ്രകാളി മുടിപ്പുരയും, തൂക്കം എന്നറിയപ്പെടുന്ന ഉത്സവവുമായിരുന്നു എന്നെ ഏറ്റവും ആകര്‍ഷിച്ചിരുന്ന ഘടകങ്ങളില്‍ ഒന്ന്. മലയാള തമിഴ് സംസ്ക്കാരങ്ങളുടെ മേളനം നിലനില്‍ക്കുന്ന, തിരക്കുകളില്ലാതെ ജീവിതങ്ങള്‍ ശാന്തമായി മുന്നേറിക്കൊണ്ടിരിക്കുന്ന ഗ്രാമങ്ങളാണ് കന്യാകുമാരി ജില്ലയില്‍ കാണാന്‍ കഴിയുക.
പറമ്പില്‍ ജോലിക്ക് വരുന്ന പനകയറ്റ തൊഴിലാളിയായ തങ്കയ്യനുമായി വിശേഷങ്ങള്‍ പങ്കു വച്ചിരുന്നതും, അദ്ദേഹത്തിന്റെ കഥനങ്ങളിലൂടെ ആ നാടിന്റെ പല ചരിത്രങ്ങള്‍ മുന്നില്‍ തെളിഞ്ഞു വന്നിരുന്നതും ഇപ്പോഴും ഓര്‍ക്കുന്നു. തങ്കയ്യന് നല്ലൊരു കലാരസികനും കൂടിയായിരുന്നു. കഥകളിയെ പറ്റി ഞാന്‍ ആദ്യമായി ഒരു ആസ്വാദക വിവരണം കേട്ടത് അദ്ദേഹത്തില്‍ നിന്നാണ്. പ്രായേണ നിരക്ഷരനും, തനി ഗ്രാമീണനും, നാടാര്‍ സമുദായംഗവുമായ തങ്കയ്യന് ‘വരേണ്യ’ കലയായ കഥകളിയുടെ സൌന്ദര്യവും, സാങ്കേതികതയും നന്നായി ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിരുന്നു. കഥകളി ശരിക്കും ആസ്വദിക്കണമെങ്കില്‍ പാട്ട് നന്നായി കേള്‍ക്കണമെന്നും, അതിനായി കോളാമ്പിക്കടുത്തു തന്നെ പോയിരിക്കണമെന്നും ഉപദേശിച്ചത് അദ്ദേഹമാണ്. കുചേലവൃത്തം കഥയില്‍ നിന്നാണെന്നു തോന്നുന്നു സ്വയം ആസ്വദിച്ച്, മുഖത്ത് വിരിഞ്ഞ ഭാവരസങ്ങളുടെ അകമ്പടിയോടെ ഏതാനും വരികളും തങ്കയ്യന് ഒരിക്കലെന്നെ പാടിക്കേള്‍പ്പിച്ചു. തിരുവനന്തപുരത്തെ പ്രശസ്തമായ മിഷനറി സ്കൂളിലായിരുന്നു അന്ന് ഞാന്‍ പഠിച്ചിരുന്നത്. അവിടത്തെ മലയാളം സാറിനു മാത്രം അറിയാവുന്നത് എന്ന് അതുവരെ ഞാന്‍ വിശ്വസിച്ചിരുന്ന ഇത്തരം പദ്യങ്ങളൊക്കെ അര്‍ദ്ധനഗ്നനായി പറമ്പില്‍ പണിയെടുത്തിരുന്ന തങ്കയ്യനില്‍ നിന്നും കേട്ടത് ഒട്ടൊന്നുമല്ല എന്നെ വിസ്മയിപ്പിച്ചത്.
വെങ്കഞ്ഞി മുടിപ്പുരയിലെ തൂക്കം ആ നാട്ടിലെ ഏറ്റവും വലിയ സാമൂഹ്യോത്സവമായിരുന്നു. ദൂരെ ദിക്കുകളില്‍ നിന്നു പോലും അതില്‍ പങ്കെടുക്കാന്‍ എല്ലാ ജാതി മതസ്ഥരും എത്തുന്നു. ഏതാണ്ട് കാളവണ്ടിയുടെ നുകത്തിന്റെ ആകൃതിയില്‍ വളരെ ഉയരത്തിലേക്ക് നില്ക്കുന്ന വില്ലില്‍ നാലു മനുഷ്യരെ തുണി ഉപയോഗിച്ച് അരയില്‍ കെട്ടി തൂക്കിയിടുന്നു. അവരുടെ കൈകളില്‍ നാല് കുഞ്ഞുങ്ങളും ഉണ്ടാകും. ആ നിലയില്‍ ചക്രം ഘടിപ്പിച്ച വില്ലു വണ്ടി ക്ഷേത്രത്തിന് ഒരു പ്രദക്ഷിണം വയ്ക്കുന്നു. പിന്നെ താഴത്തിറക്കി അടുത്ത നാലു പേരെയും കുഞ്ഞുങ്ങളോടൊപ്പം തൂക്കി പ്രദക്ഷിണം വയ്ക്കുന്നു. മുമ്പത്തെ ചരിത്രം അറിയില്ല. എങ്കിലും ഇപ്പോഴുള്ളത് തീര്‍ത്തും അഹിംസാത്മകമായ ആചാരങ്ങള്‍. ദിവസങ്ങളോളം വ്രതാനുഷ്ഠാനങ്ങളുമായി കഴിയുന്ന തൂക്കക്കാര്‍ അന്നേദിവസം വരെ നിത്യേന മുടിപ്പുരയില്‍ എത്തി ദേവിയെ ആരാധിക്കുന്നു. പാടത്തും പറമ്പിലും ഒക്കെ പണിയെടുക്കുന്ന എല്ലാജാതികളിലും വിഭാഗങ്ങളിലും പെട്ട അവര്‍ ജോലിയെല്ലാം കഴിഞ്ഞ് ഉത്സവ സന്ധ്യകളില്‍ വ്രതാനുഷ്ഠാനത്തിന്റെ ഭാഗമായി ചെമ്പട്ടുടുത്ത് കൂട്ടം കൂട്ടമായി ദേവീസന്നിധിയില്‍ എത്തി നമസ്ക്കരിക്കുന്നതും പ്രദക്ഷിണം ചെയ്യുന്നതും കാണേണ്ട കാഴ്ച്ച തന്നെയാണ്. കൊല്ലങ്കോടിന്റെ ഭരദേവതയായ ഭദ്രകാളിയെ ആരാധിക്കാന്‍ ഒരുമിച്ചു ചേരുന്ന അവര്‍ ദളിതരും ധീവരരും ഒക്കെ ഉള്‍പ്പെടെയുള്ള ഏറ്റവും സാധാരണക്കാരാണ്.
മുതിര്‍ന്നതിനു ശേഷം പലപ്രാവശ്യം മലബാറിലെ പ്രമുഖ ക്ഷേത്രമായ പറശ്ശിനിക്കടവ് മടപ്പുരയില്‍ ദര്‍ശനം നടത്താന്‍ അവസരം കിട്ടിയിട്ടുണ്ട്. അവിടെയും എന്റെ ശ്രദ്ധ പിടിച്ചു പറ്റിയത് വരേണ്യം അല്ലാത്ത അവിടത്തെ ആരാധനാ സമ്പ്രദായങ്ങളും അതിലുള്ള നാട്ടുകാരുടെ ശ്രദ്ധാ ഭക്തി വിശ്വാസങ്ങളുമാണ്. വെളുപ്പിന് അഞ്ചു മണിമുതല്‍ രാത്രി പതിനൊന്നു മണിവരെ നീളുന്ന മുത്തപ്പന് വെള്ളാട്ടവും, തെയ്യക്കാഴ്ച്ചയും, ചെണ്ടമേളവും, അനുഗ്രഹവര്‍ഷവും ഒക്കെ ജനഹൃദയങ്ങളില്‍ എത്ര ശക്തമായിട്ടാണ് വേരൂന്നിയിരിക്കുന്നത് എന്ന് അവിടം സന്ദര്‍ശിക്കുന്ന ആര്‍ക്കും ബോദ്ധ്യപ്പെടും. സുപ്രസിദ്ധമായ കൊട്ടിയൂര്‍ പെരുമാളുടെ ഉത്സവം ആ നാട്ടിലെ സര്‍വ്വരുടേയും ഉത്സവമാണ്. അതില്‍ എല്ലാ സമുദായക്കാര്‍ക്കും നിര്‍വ്വഹിക്കാന്‍ അവരവരുടെതായ ചുമതലകള്‍ ഉണ്ട്. അട്ടപ്പാടിയിലെ മല്ലികാമുടിയെ കൈലാസത്തിനു തുല്യമായ ഭക്തിവിശ്വാസങ്ങളോടെയാണ് അവിടത്തെ വനവാസി സമൂഹം കാണുന്നത്. ശിവരാത്രി ദിവസം ആബാലവൃദ്ധം ജനങ്ങളും ആ കൊടുമുടിയുടെ ചുവട്ടില്‍ ഒന്നിച്ചു കൂടി മല്ലീശ്വരനെ ആരാധിക്കുന്നു. മലമുകളില്‍ ദീപം തെളിയിക്കുന്നു.
കേരളത്തിന്റെ ഏറ്റവും വടക്കും തെക്കും നിന്നുള്ള ഈ കാഴ്ച്ചകള്‍ വിവരിച്ചത് നമ്മുടെ നാട്ടിലെ അടിസ്ഥാന ജനവിഭാഗങ്ങളുടെ സാംസ്ക്കാരിക ജീവിതത്തിന്റെ ഒരു നേര്‍ചിത്രം തരാനാണ്. അങ്ങോളമിങ്ങോളം എണ്ണമറ്റ കാവുകളും, മുടിപ്പുരകളും, മടപ്പുരകളും, അമ്മന്‍ കോവിലുകളും, തെയ്യവും, തിറയും, വെളിച്ചപ്പാടന്മാരും ഒക്കെച്ചേര്‍ന്ന വര്‍ണ്ണശബളമായ നമ്മുടെ ദേശീയ ആരാധനാ സമ്പ്രദായങ്ങളിലെ പങ്കാളികളിലും അവകാശികളിലും പ്രായോജകരിലും വലിയൊരു വിഭാഗം പിന്നോക്കജാതിക്കാര്‍ അഥവാ അവര്‍ണ്ണര്‍ എന്നറിയപ്പെടുന്ന ദളിതരാണ്.
പൂര്‍വ്വികരേയും പ്രകൃതിയേയും ആരാധിക്കല്‍ ഭാരതത്തില്‍ എല്ലായിടത്തും കാണാവുന്ന സംസ്ക്കാര വിശേഷമാണ്. അതിമാനുഷത്വത്തിലേക്ക് വളര്‍ന്നിട്ടുള്ള പൂര്‍വ്വികരും, ഋഷിമാരും, വീരന്മാരുമൊക്കെ സമൂഹത്തിന്റെ രക്ഷയെ ചെയ്യുന്ന ദൈവങ്ങളായി സ്മരിക്കപ്പെടുകയും ആരാധിക്കപ്പെടുകയും ചെയ്യുന്നു. അവരുമായി ബന്ധമുള്ളതോ, അവരുടെ സാന്നിദ്ധ്യം സങ്കല്പ്പിക്കപ്പെടുന്നതോ ആയ സ്ഥാനങ്ങളെ പവിത്ര സങ്കേതങ്ങളായി നിലനിര്‍ത്തി പോരുന്നു. വൃക്ഷത്തറകള്‍, കാവുകള്‍, നാഗത്തറകള്‍, പുറ്റുകള്‍, സമാധികള്‍ തുടങ്ങി ഇത്തരം അനേകം ആരാധനാസ്ഥാനങ്ങള്‍ നമുക്ക് കാണാം. വനവിഭവങ്ങളും ശുദ്ധജലവും ശേഖരിച്ച് അഗസ്ത്യമഹര്‍ഷിയെ സേവിക്കാന്‍ മലകയറുന്ന തെക്കന്‍ കേരളത്തിലെ വനവാസി സമൂഹവും, കറുപ്പസ്വാമി, കടുത്തസ്വാമി തുടങ്ങിയ അനുചരന്മാരുമായി വാഴുന്ന അയ്യപ്പസ്വാമിയെ ശരണഘോഷങ്ങളോടെ ആരാധിക്കുന്ന കോട്ടയം മേഖലയിലെ വനവാസികളും, കരിന്തണ്ടനെന്ന വീരപുരുഷന്റെ സ്മരണ സൂക്ഷിക്കുന്ന വയനാടന്‍ നിവാസികളും, ഒതേനന്റെ ആരാധന നടത്തുന്ന മലബാറിലെ ഗ്രാമീണരും ഒക്കെ ആ സംസ്ക്കാര ധാരയിലെ കണ്ണികളാണ്. അനേക തലമുറകളായി കൈമാറപ്പെട്ടു വന്ന ഇത്തരം ചടങ്ങുകളും ആചാരങ്ങളുമെല്ലാം തദ്ദേശീയരെ അവരുടെ മണ്ണിനോടും സംസ്ക്കാര പാരമ്പര്യങ്ങളോടും അടര്‍ത്തി മാറ്റാനാവാത്ത വണ്ണം ഇണക്കിച്ചേര്‍ക്കുന്നു. ലോകത്തിലെ എല്ലാ പ്രാചീന സമൂഹങ്ങളും ഇത്തരം തുടര്‍ച്ചകളിലൂടെയാണ് സമ്പന്നമായ തങ്ങളുടെ സാംസ്ക്കാരിക പൈതൃകം ലോകത്തിന് കാഴ്ച്ച വച്ചിട്ടുള്ളത്.
കഴിഞ്ഞ രണ്ടായിരം വര്‍ഷങ്ങള്‍ക്കിടയ്ക്ക് ഉണ്ടായ സംഘടിത മതവല്‍ക്കരണം ഇത്തരം ജൈവീക സംസ്ക്കാരങ്ങളെ ഭാരതം ഒഴികെയുള്ള ലോകത്തെ ഏതാണ്ട് മറ്റെല്ലാ ദേശങ്ങളില്‍ നിന്നും തുടച്ചു നീക്കിയിരിക്കുന്നു. “എന്റെ മാര്‍ഗ്ഗം മാത്രം ശരി” എന്ന ഭ്രാന്തന് മതാവേശത്തില്‍ ലോകത്തെ സുവിശേഷ വല്ക്കരിക്കാന് പുറപ്പെട്ട സംഘടിത ക്രിസ്തുമതമാണ് ആദ്യം ഈ നശീകരണം തുടങ്ങിവച്ചത്. സാമ്രാജ്യങ്ങളുടെയും ഭരണകൂടങ്ങളുടെയും പിന്തുണയോടെ തുടര്‍ന്ന ആക്രമണങ്ങളും അതിനേക്കാള്‍ നീചമായ വഞ്ചനകളും ഈ കൈയ്യേറ്റത്തില്‍ യഥേഷ്ടം ഉപയോഗിക്കപ്പെട്ടു. സമൂഹങ്ങളെ ഒന്നാകെ അന്യവല്ക്കരിക്കലും, തെറ്റിദ്ധരിപ്പിച്ച് വികലമാക്കലും ഒക്കെ ഇപ്പോഴും തുടര്‍ന്നു കൊണ്ടിരിക്കുന്നു. ലോകമെങ്ങുമുള്ള സമൂഹങ്ങളെ അവരുടെ വിശ്വാസ-സാംസ്ക്കാരിക പാരമ്പര്യങ്ങളില്‍ നിന്ന് വെട്ടിമാറ്റി അവരുടെ മേല്‍ തങ്ങളുടെ പുതുവിശ്വാസം വച്ചു കെട്ടിയ ക്രിസ്ത്യാനികള്‍ എങ്ങനെയാണ് അതേ പ്രാചീന സാംസ്ക്കാരിക പാരമ്പര്യങ്ങളുടെ അവകാശികളും പിന്മുറക്കാരുമായ ദളിതുകളുടെയും വനവാസികളുടെയും അഭ്യുദയ കാംക്ഷികള്‍ ആവുക ? മൊത്തം സമൂഹത്തേയും ആട്ടിത്തെളിച്ച് അന്യപാളയത്തില് എത്തിക്കാന്‍ കഴിവുള്ള അക്കൂട്ടരിലെ ചില മിടുക്കരെ കണക്കില്ലാതെ ഒഴുക്കുന്ന പണം കൊടുത്ത് വശത്താക്കി എന്നല്ലാതെ മതംമാറിയ അവയിലെ പാവങ്ങള്‍ക്ക് എന്ത് നേട്ടമാണ് ഉണ്ടായിട്ടുള്ളത് ?
“ഞാനല്ലാതെ വേറെ ദേവന്മാര് നിനക്കുണ്ടാകരുത്. മുകളില്‍ ആകാശത്തിലോ താഴെ ഭൂമിയിലോ ഭൂമിക്കടിയിലോ ജലത്തിലോ ഉള്ള ഒന്നിന്റെയും പ്രതിമയോ സ്വരൂപമോ നീ നിര്‍മിക്കരുത്; അവയ്ക്കു മുന്പില് പ്രണമിക്കുകയോ അവയെ ആരാധിക്കുകയോ ചെയ്യരുത്. എന്തെന്നാല്‍, ഞാന്‍, നിന്റെ ദൈവമായ യാഹ്വെ, അസഹിഷ്ണുവായ ദൈവമാണ്”, “ഞാൻ നിങ്ങളോടു കല്‍പ്പിച്ച എല്ലാറ്റിലും സൂക്ഷ്മത പാലിക്കണം; അന്യ ദൈവങ്ങളുടെ നാമം കീർത്തിക്കരുത്; അതു നിന്റെ വായിൽനിന്നു കേൾക്കാന്‍ ഇടയാവരുത്” (പുറപ്പാട് 23 : 12) “അവരുടെ ദേവന്മാരെ നമസ്കരിക്കരുത്; അവയെ സേവിക്കരുത്; അവരുടെ ആചാരങ്ങള്‍ അനുകരിക്കരുത് ; അവരുടെ ആരാധനാ സ്തംഭങ്ങള്‍ നശിപ്പിച്ചു അവരുടെ വിഗ്രഹങ്ങളെ തകർത്തു കളയണം ” (പുറപ്പാട് 23 :24). ഇതൊക്കെ എഴുതി പിടിപ്പിച്ചിരിക്കുന്ന പുണ്യഗ്രന്ഥങ്ങളെ അതേപടി പിന്പറ്റുന്നവര് തകര്‍ത്തു നശിപ്പിച്ചിട്ടുള്ള, ഇല്ലാതാക്കി കളഞ്ഞിട്ടുള്ള സാംസ്ക്കാരിക പൈതൃകങ്ങള്‍ എണ്ണമറ്റവയാണ്.
വനവാസികളുടെയോ ദളിതരുടെയോ എന്നുവേണ്ട തങ്ങളുടേതല്ലാത്ത ഒന്നിനേയും, അത് വൈദിക മതമാകട്ടെ, വേദാന്തമാകട്ടെ, സിക്കുമതമോ, ജൈനമതമോ, ബുദ്ധമതമോ, മുഹമ്മദ് മതമോ ആകട്ടെ അംഗീകരിക്കാന്‍ തങ്ങളുടെ വിശ്വാസപ്രമാണങ്ങള്‍ അക്ഷരംപ്രതി അനുസരിക്കുന്ന ക്രൈസ്തവര്‍ക്ക് കഴിയില്ല. ഈ സത്യം മറച്ചു വച്ചുകൊണ്ട് തങ്ങളുടെ മതത്തിലേക്ക് എളുപ്പത്തില്‍ ആളെക്കൂട്ടാന്‍ മാത്രമായി എടുത്തണിയുന്ന മുഖംമൂടിയാണ് ക്രിസ്ത്യാനികളുടെ ദളിത് സ്നേഹം.
മേല്‍പ്പറഞ്ഞതിന്റെ തനിയാവര്‍ത്തനമാണ് കുറേക്കൂടി ആക്രാമികവും രക്തരൂഷിതവുമായ ഒന്നായി ഇസ്ലാമിസ്റ്റുകളില്‍ നിന്ന് ലോകം നേരിടുന്നത്. തങ്ങളുടെ പ്രവാചകന് പറഞ്ഞതിനപ്പുറമുള്ള ഒന്നിനേയും അവരും അംഗീകരിക്കുന്നില്ല. എന്നാല്‍ അത് മറച്ചു വച്ച് അഭിനയിക്കാന്‍ ലോക യാഥാര്‍ത്ഥ്യങ്ങള്‍ ഇസ്ലാമിസ്റ്റുകളെ നിര്‍ബന്ധിതരാക്കുന്നു. അവരുടെ ഈ തനിനിറം അറിയുന്ന സമൂഹങ്ങള്‍ കരുതലോടെ പെരുമാറുന്നു. എന്നാല്‍ നയിക്കാന്‍ മത നേതൃത്വമില്ലാത്തവരായ അസംഘടിത സമൂഹങ്ങള്‍ ഇപ്പോഴും ഈ വലകളില്‍ വീണ് നശിച്ചുകൊണ്ടിരിക്കുന്നു. ഒരേ പ്രവാചകനിലും ഒരേ പുണ്യഗ്രന്ഥത്തിലും വിശ്വസിക്കുന്ന ഒരേ മതക്കാര്‍ തന്നെയാണ് പിന്തുടര്ച്ചയുടെ ചരിത്രത്തെക്കുറിച്ചുള്ള തര്‍ക്കങ്ങളുടെ പേരില്‍ ഷിയാ-സുന്നി എന്നിങ്ങനെ വിഭജിക്കപ്പെട്ട് ലോകമെങ്ങും പോരടിച്ചു കൊണ്ടിരിക്കുന്നത്. പൂര്‍വ്വികരുടെ സ്മരണയ്ക്ക് മുന്നില്‍ പ്രാര്‍ഥിക്കുന്ന ഷിയാകളുടെ രീതി അക്ഷന്തവ്യവും മര്ദ്ദിച്ചൊതുക്കേണ്ടതുമായ അപരാധമായി സുന്നികള്‍ കരുതുന്നു. ഷിയാകളുടെ ആരാധനാലയത്തില്‍ പ്രാര്‍ഥനാ സമയത്ത് ബോംബ് പൊട്ടിച്ചു പോലും കൂട്ടക്കൊല ചെയ്യാന്‍ തക്കവണ്ണം ഭ്രാന്തമായ മതാന്ധതയാണ് പലയിടത്തും സുന്നികള്‍ക്ക് ഈ വിശ്വാസം സമ്മാനിച്ചത്. സഹോദര വിശ്വാസികളോടു പോലുമുള്ള സമീപനം ഇങ്ങനെയാണെങ്കില്‍, പാടേ വെറുക്കപ്പെടേണ്ടതെന്ന് തങ്ങളുടെ മതം അനുശാസിക്കുന്ന മറ്റു ആരാധനാ രീതികളോടുള്ള അവരുടെ സമീപനം എന്തായിരിക്കും ?
അറേബ്യന്‍ ഗോത്രവര്‍ഗ്ഗമായ ഖുരൈഷികളുടെ പ്രാചീന ദേവാലയമായിരുന്നു മെക്കയിലെ കഅബ. അവിടെ ഏകദേശം മുന്നൂറ്റി അറുപതോളം മൂര്‍ത്തികള്‍ ആരാധിക്കപ്പെട്ടിരുന്നു. അവിടെയുള്ള വിഗ്രഹങ്ങളെയും മൂര്‍ത്തികളെയും ബലപ്രയോഗത്തിലൂടെ നീക്കം ചെയ്യുന്നതിന് നേതൃത്വം കൊടുത്തത് പ്രവാചകന് മുഹമ്മദ് തന്നെയാണ്. അള്ളാഹു അല്ലാതെ മറ്റാരും ആരാദ്ധ്യരല്ലെന്നും മറ്റെല്ലാം നീക്കം ചെയ്യപ്പെടേണ്ടതാണെന്നും ഉള്ള മതനിര്‍ദ്ദേശം അനുസരിക്കുന്നവരാണ് തീവ്ര മുസ്ലീങ്ങള്‍. ആയിരത്തഞ്ഞൂറ് വര്‍ഷങ്ങളായി തങ്ങള്‍ക്ക് ശക്തിയുള്ളിടങ്ങളില്‍ അവരത് അക്ഷരംപ്രതി പാലിച്ചു വരികയും ചെയ്യുന്നു.
അംബേദ്ക്കറെ പോലുള്ള ദളിത് നേതാക്കള്‍ ബുദ്ധമതത്തിലേക്ക് മാറിയെങ്കില്‍ ആ ബുദ്ധമതത്തെ ലോകത്തു നിന്നു തന്നെ തുടച്ചു നീക്കാന്‍ ജിഹാദികള്‍ വഹിച്ച പങ്കെന്താണെന്ന് ചരിത്രം പഠിച്ചിട്ടുള്ള ദളിത് ആക്ടീവിസ്റ്റുകള്ക്കെങ്കിലും അറിയാമായിരിക്കും. ആയിരക്കണക്കിന് ബുദ്ധവിഹാരങ്ങളെയും ക്ഷേത്രങ്ങളെയും ആരാധനാ കേന്ദ്രങ്ങളേയും തകര്ത്തില്ലാതാക്കിയതാണ് ഇസ്ലാമിസ്റ്റുകളുടെ അധിനിവേശ ചരിത്രം. ചിലപ്പോഴെങ്കിലും വലിയ രാഷ്ട്രീയ അധികാരം കൈയാളിയിരുന്ന ബുദ്ധരുടെ സ്ഥിതി ഇതാണെങ്കില്‍ ഈ മതവെറിക്കുമുന്നില് നാശം നേരിട്ട സാധാരണക്കാരായ ദളിത് – പിന്നാക്ക സമൂഹങ്ങളുടെ എഴുതപ്പെടാതെ പോയ ചരിത്രം ഇന്ന് ചിന്തിക്കാനെങ്കിലും ആവുമോ ? ആയിരത്തി അറുനൂറോളം വര്‍ഷം പഴക്കമുള്ള പുരാതന ഓര്‍ത്തഡോക്സ് ക്രിസ്ത്യന്‍ പള്ളിയും, രണ്ടായിരത്തോളം വര്‍ഷം പഴക്കമുള്ള അമൂല്യമായ ബാമിയാന്‍ ബുദ്ധവിഗ്രഹങ്ങളും കണ്മുന്നില് തകര്‍ത്തെറിയപ്പെടുമ്പോള്‍ ഈ ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ പോലും സര്‍വ്വസന്നാഹങ്ങളുമുള്ള ലോകസമൂഹം ഒന്നടങ്കം നിസ്സഹായരായി നോക്കി നിന്നെങ്കില്‍ കഴിഞ്ഞ ഒന്നര സഹസ്രാബ്ദങ്ങളില് ലോകമെങ്ങുമുള്ള അസംഘടിത സമൂഹങ്ങള്‍ ജിഹാദികളില്‍ നിന്ന് നേരിട്ട പീഡനങ്ങള്‍ എത്രയായിരിക്കും എന്ന് ഇന്നാര്‍ക്കും ഊഹിക്കാന്‍ പോലുമാകില്ല.
ദളിത് എഴുത്തുകാരെന്നും ബുദ്ധിജീവികളെന്നും അറിയപ്പെടുന്ന ചിലര്‍ ആവര്‍ത്തിക്കാറുള്ള ഭാഷാ പ്രയോഗങ്ങളില്‍ പെട്ടവയാണ് ബ്രാഹ്മണവല്‍ക്കരണം, സംസ്കൃതവല്ക്കരണം, ആര്യവല്‍ക്കരണം തുടങ്ങിയവ. സാമൂഹ്യ-രാഷ്ട്രീയ വ്യവസ്ഥിതികളില്‍ ഉണ്ടായിട്ടുള്ള മാറ്റങ്ങള്‍ക്കനുസരിച്ച് ജനസമൂഹങ്ങള്‍ തമ്മിലുണ്ടായ പരസ്പര ഇടപഴകലുകളും സാംസ്ക്കാരികമായ കൊടുക്കല്‍ വാങ്ങലുകളും ഒരു മഹാവിപത്തായിരുന്നു എന്ന മട്ടില്‍ ഇത്തരം വാക്കുകള്‍ പ്രയോഗിക്കുന്നത് വിചിത്രമായിരിക്കുന്നു. ഉച്ചനീചത്വങ്ങളുടെ പേരില്‍ ജനസാമാന്യത്തെ അകറ്റി നിറുത്തിയിരുന്ന വരേണ്യരെ വിമര്‍ശിക്കുന്നവര്‍ തന്നെയാണ് ഇതും പറയുന്നത് എന്നതാണ് തമാശ. വനവാസികളുടെ നാടന്‍പാട്ടുകളില്‍ സീതാദേവിയുടെ വിരഹമോ, പാണ്ഡവരുടെ വനവാസമോ ഒക്കെ വിഷയമായി വരുന്നതാണ് അവരുടെ ദൃഷ്ടിയില് ആര്യവല്ക്കരണത്തിന്റെ ദൃഷ്ടാന്തം! ഗ്രാമീണനായ തങ്കയ്യന് കഥകളി ആസ്വദിക്കുന്നതും, ഭദ്രകാളി മുടിപ്പുരയില്‍ കാളീസ്തോത്രം ജപിക്കുന്നതും ഈ ബ്രാഹ്മണവല്ക്കരണത്തിന്റെയും സംസ്കൃതവല്‍ക്കരണത്തിന്റെയും ഉദാഹരണമായി ചിത്രീകരിക്കപ്പെടുന്നു. എന്നാല്‍ ഇത് ഇസ്ലാമിക ലോകത്തോ, ക്രൈസ്തവ സാമ്രാജ്യങ്ങളിലോ നടന്നതുപോലെ അടിച്ചേല്‍പ്പിച്ചോ, ബലംപ്രയോഗിച്ചോ ഉണ്ടാക്കിയെടുത്ത കൃത്രിമ വിധേയത്വമല്ലെന്നും, മനുഷ്യരുടെ മറ്റെല്ലാ ജീവിതവ്യാപാരങ്ങളെയും പോലെ തങ്ങളുടെ അറിവില്‍ വരുന്നവയില്‍ നിന്ന് രുചിഭേദമനുസരിച്ച് ജനങ്ങള്‍ കാലക്രമത്തില്‍ സ്വയമേവ സ്വീകരിക്കുന്നതാണെന്നുമുള്ള വസ്തുത ഈ ബുദ്ധിജീവികള്‍ മറച്ചു പിടിക്കുന്നു. ജാതിവിവേചനം നിലനിന്ന ഒരു നാട്ടില്‍ തന്നെ ഇപ്രകാരം കൂടിക്കലരലുകള്‍ നടന്നത് അവര്‍ അടിസ്ഥാനപരമായി ഒരേ സാംസ്ക്കാരിക ധാരയില്‍ കോര്‍ത്തിണക്കപ്പെട്ട് ഒരൊറ്റ സമൂഹമായി ജീവിച്ചതുകൊണ്ടാണ്. അവര്‍ക്കിടയില്‍ സാംസ്ക്കാരിക വിനിമയത്തെ സമ്പൂര്‍ണ്ണമായി തടഞ്ഞു നിറുത്തിയിരുന്ന ബെര്‍ലിന്‍ മതിലുകള്‍ ഉണ്ടായിരുന്നില്ല. ഇത് അഭിമാനിക്കാവുന്ന കാര്യമല്ലേ ? ദളിത് ആക്ടീവിസ്റ്റുകളെയും, ബുദ്ധിജീവി തൊഴിലാളികളെയും ഉപയോഗിച്ച് ബ്രാഹ്മണവല്ക്കരണത്തിനെതിരെ ചന്ദ്രഹാസമിളക്കി സമൂഹത്തില്‍ കുത്തിത്തിരിപ്പ് ഉണ്ടാക്കുന്നവര്‍ തന്നെയാണ് ഇന്ന് മൂക്കറ്റം ബ്രാഹ്മണവല്‍ക്കരണത്തില്‍ ആറാടുന്നത് എന്നതാണ് ഏറ്റവും വലിയ തമാശ. കൊടിമരവും, നിലവിളക്കും, രുദ്രാക്ഷവും, ദീപാരാധനയും, അര്‍ച്ചനയും എന്നു വേണ്ട സഹസ്രനാമവും, യേശുഗായത്രിയും, ക്രിസ്തുയോഗയും, എന്തിന് ശ്രീയേശുവിജയം കഥകളിയും ക്രിസ്തുഭാഗവതവും വരെ എത്തി ഇപ്പോഴും മുന്നേറിക്കൊണ്ടിരിക്കുന്നു ഉളുപ്പില്ലാത്ത ഈ ബ്രാഹ്മണവല്‍ക്കരണം. അനധികൃത കുടിയേറ്റക്കാരന്റെ കുതന്ത്രം തന്നെയാണ് ഇവിടെയും തെളിഞ്ഞു കാണുന്നത്. ഒരു ധീവര സ്ത്രീയായ മാതാഅമൃതാനന്ദമയിക്ക് കിട്ടുന്ന പരിഗണനയിലും പ്രാധാന്യത്തിലും ഇന്ന് അസഹിഷ്ണുക്കളാകുന്നത് ബ്രാഹ്മണരല്ല. കമ്മ്യുണിസ്റ്റുകള്‍, ഇസ്ലാമിസ്റ്റുകള്‍, ഇവാഞ്ചെലിസ്റ്റുകള്‍ എന്നീ പ്രഖ്യാപിത ദളിത് പ്രേമികളാണ്. എന്താണ് ഇതില്‍ നിന്ന് വ്യക്തമാകുന്നത് ?
വരേണ്യം എന്നു മുദ്രകുത്തപ്പെടുന്ന വൈദിക ചിന്താപദ്ധതി, അനേകം രൂപത്തിലും ഭാവത്തിലും അനുഭവവേദ്യമാകുന്ന ഒരേ ഒരു പരമസത്യത്തെക്കുറിച്ചാണ് പറയുന്നത്. അവിടെ ദൈവങ്ങള്‍ തമ്മിലോ, ദേവന്മാരും മനുഷ്യരും തമ്മിലോ ശത്രുതയില്ല. ഒരൊറ്റ അന്തരാത്മാവ് മാത്രമുള്ള ഈ സമസ്തപ്രപഞ്ചവും ഒരൊറ്റ ആദ്ധ്യാത്മിക ആവാസ വ്യവസ്ഥയുടെ ഭാഗമായി പരസ്പരാശ്രിതത്വത്തോടെ കഴിയുന്നു. ഇതാണ് വൈദിക കാഴ്ചപ്പാട്. സാധാരണക്കാരായ ജനവിഭാഗങ്ങളുടെ ജീവിതത്തിലും ഇതേപോലെ അനേകം ദേവീദേവന്മാരും ആചാരരീതികളും ഒക്കെ കൂടിക്കലര്‍ന്നിരിക്കുന്നതായി നാം കാണുന്നു. അടിസ്ഥാന കാഴ്ച്ചപ്പാടില്‍ തന്നെയുള്ള ഈ സമാനത യാതൊരു തരത്തിലുള്ള അന്യവല്‍ക്കരണത്തിന്റെയും ഫലമായി പില്ക്കാലത്ത് ഉണ്ടായിട്ടുള്ളതല്ല, നമ്മുടെ മൌലികമായ ദര്‍ശനം തന്നെയാണ്. സമൂഹത്തിന്റെ അടിത്തട്ടു വരെ വ്യാപിച്ചിട്ടുള്ള ഈ കാഴ്ചപ്പാടാണ് ഇന്നും ഈ നാടിന്റെ വൈവിദ്ധ്യങ്ങളെ പോഷിപ്പിക്കുന്നതും കോര്‍ത്തിണക്കി നിറുത്തിയിരിക്കുന്നതും. ഇതിനു നേരെ വിരുദ്ധമാണ്, ഇന്ന് ദളിതരുടെ രക്ഷകരായി അടുത്തുകൂടുന്ന സെമിറ്റിക് കള്‍ട്ടുകളുടെ ഇത:പര്യന്തമുള്ള ചരിത്രം. മറ്റെല്ലാ വിശ്വാസങ്ങളെയും, ആചാരങ്ങളെയും അവജ്ഞയോടും, ജുഗുപ്സയോടും കൂടി മാത്രം നോക്കിക്കാണാന്‍ ശീലിച്ചവരാണ് അവര്‍. തങ്ങള്‍ക്ക് ശക്തിയുള്ളിടങ്ങളിലെല്ലാം മതാന്ധത കൊണ്ട് തദ്ദേശീയമായ ആചാരവിശേഷങ്ങളെയും സംസ്ക്കാരങ്ങളെയും മുച്ചൂടും നശിപ്പിച്ചതാണ് അവരുടെ ചരിത്രം.
ദളിത് സ്നേഹത്തില്‍ ഇവാഞ്ചെലിസ്റ്റുകളും ഇസ്ലാമിസ്റ്റുകളും തമ്മില്‍ ഇപ്പോള്‍ മത്സരമാണ്. സ്വന്തം പൈതൃകത്തിലും സ്വത്വത്തിലും അഭിമാനിക്കുകയും അവയെ വിലവയ്ക്കുകയും ചെയ്യുന്ന എല്ലാ ദേശീയ സമൂഹങ്ങളും തങ്ങളുടെ രക്ഷകരായി ചമഞ്ഞെത്തുന്നവരോട് ചോദിക്കേണ്ട ചില ചോദ്യങ്ങള്‍ ഉണ്ട്. അവയ്ക്ക് അവര്‍ തരുന്ന ഉത്തരങ്ങളും, ഉത്തരം പറയുന്നവരുടെ ഇതുവരെയുള്ള ചരിത്രവും ഒത്തു പോകുന്നതാണോ എന്നും പരിശോധിക്കപ്പെടണം. അല്ലാത്ത പക്ഷം ആളുകളെ വലവീശി പിടിക്കാന്‍ നടക്കുന്ന സംഘടിത മതങ്ങളുടെ വളര്‍ച്ചക്കുള്ള വളമായി വീണഴുകി തീരാനായിരിക്കും അസംഘടിത സമൂഹങ്ങളുടെ വിധി. സെമിറ്റിക്ക് മതങ്ങള്‍ ഇന്ന് ദളിതരോട് കാണിക്കുന്ന സ്നേഹം പൂതനയുടെ മാതൃവാത്സല്യം മാത്രമാണ്.
1) ഞങ്ങള്‍ തനതു വിശ്വാസ പാരമ്പര്യങ്ങളില്‍ അഭിമാനിക്കുന്നവരാണ്. അവയിലൂടെ തന്നെ ദൈവാനുഭവം നേടാമെന്ന് ഞങ്ങളുടെ പൂര്‍വ്വികര്‍ ഞങ്ങളെ പഠിപ്പിച്ചിട്ടുണ്ട്. ഈ വിശ്വാസ-സാംസ്കാരിക-പാരമ്പര്യങ്ങളെ നിങ്ങള്‍ അംഗീകരിക്കുന്നുണ്ടോ ? പേഗന്‍ അന്നും കാഫിര്‍ എന്നും നിങ്ങളുടെ മത സാഹിത്യങ്ങളില്‍ അധിക്ഷേപിക്കുന്ന ഈ സമ്പ്രദായങ്ങളെ നിങ്ങള്‍ ബഹുമാനിക്കാന്‍ തയ്യാറുണ്ടോ ?
2) ഞങ്ങള്‍ പൂര്‍വ്വികരിലും പുനര്‍ജന്മത്തിലും അവതാരങ്ങളിലും പ്രകൃതിശക്തികളിലും വിശ്വസിക്കുന്നവരാണ്. അവയെയെല്ലാം നിഷേധിക്കുന്ന നിങ്ങള്‍ എങ്ങനെ നമ്മുടെ സ്വാഭാവിക മിത്രങ്ങളാകും ?
3) ഞങ്ങളുടെ സംസ്ക്കാരത്തിലും ആരാധനാപദ്ധതികളിലും സംഗീതം, നൃത്തം, കലാരൂപങ്ങള്‍, പ്രകൃതിവിഭവങ്ങള്‍, അഗ്നി, വായു, ജലം, വൃക്ഷങ്ങള്‍, പക്ഷികള്‍, സര്‍പ്പങ്ങള്‍ തുടങ്ങി പ്രകൃതിയിലെ എല്ലാറ്റിനും സ്ഥാനമുണ്ട്. ഇവയെയെല്ലാം നിഷേധിക്കുന്നവരല്ലേ സെമിറ്റിക് മതങ്ങള്‍ ? ആ നിലയ്ക്ക് നിങ്ങളുമായി എന്താണ് ദളിത്-വനവാസി സ്വത്വങ്ങള്ക്കുള്ള ബന്ധം ?
4) സത്യദര്‍ശികളായ മഹാത്മാക്കള്‍ എക്കാലവും വന്നുകൊണ്ടിരിക്കുന്നു എന്നതാണ് ഞങ്ങളുടെ വിശ്വാസം. ഗുരുക്കന്മാരുടെ ഈ വരവിന് ഒരിക്കലും ഭംഗം വന്നിട്ടില്ല. ശ്രീനാരായണഗുരുവും, ചട്ടമ്പിസ്വാമികളും, അയ്യാവൈകുണ്ഠരും ഒക്കെ ഈ പരമ്പരയില്‍ പെട്ടവരാണ്. അയ്യാവഴി എന്ന മാര്‍ഗ്ഗം കാണിച്ചു തന്ന ആധുനിക പ്രവാചകനാണ് അയ്യാവൈകുണ്ഠസ്വാമികള്‍. “ക്രിസ്തുവിനെ അല്ലെങ്കില്‍ മുഹമ്മദിനെ അല്ലാതെ ആരെയും അംഗീകരിക്കില്ല, പിന്നീട് വന്ന ആരും ജ്ഞാനത്തിന് അര്‍ഹരല്ല” എന്നു വിശ്വസിക്കുന്ന സംഘടിത മതങ്ങള്‍ ഇത്തരം മഹാത്മാക്കളുടെ ദിവ്യത്വത്തെ നിഷേധിക്കുകയല്ലേ ചെയ്യുന്നത് ? പിന്നെ നിങ്ങള്‍ എങ്ങനെ ദളിതരുടെ മിത്രങ്ങളാകും ?
5) അവശസമുദായങ്ങളെ ഉദ്ധരിക്കാന്‍ ഭരണഘടന നല്കുന്ന സംരക്ഷണമാണ് സംവരണം. എന്നാല്‍ സംഘടിത വോട്ടു ബാങ്കിന്റെ ശക്തി ഉപയോഗിച്ച് സംവരണ തത്വങ്ങള്‍ പാലിക്കേണ്ട ബാദ്ധ്യതയില്‍ നിന്ന് സമര്‍ത്ഥമായി രക്ഷപ്പെട്ടവരാണ് ന്യൂനപക്ഷ സ്ഥാപനങ്ങള്‍. സ്വന്തമായുള്ള സ്ഥാപനങ്ങള്‍ക്കൊക്കെ ന്യൂനപക്ഷ പദവി നേടിയെടുത്ത് ദളിതര്‍ക്കു കൊടുക്കേണ്ട ന്യായമായ പങ്കു പോലും നിഷേധിക്കുന്നവര്‍ ദളിത് സ്നേഹം നടിക്കുന്നത് ഒന്നാന്തരം കാപട്യമല്ലേ ? ഇന്ത്യയില്‍ പ്രത്യേകമായി സംരക്ഷിക്കപ്പെടേണ്ട വിധം യാതൊരു പ്രശ്നങ്ങളും നേരിടാത്ത മതന്യൂനപക്ഷങ്ങള്‍ യഥാര്‍ത്ഥത്തില്‍ സംരക്ഷണം അര്‍ഹിക്കുന്ന ദളിതരോടും അവശരോടുമുള്ള ചുമതലയുടെ കാര്യത്തില്‍ തന്ത്രപൂര്‍വ്വം ഒഴിവാകുന്നത് ഒന്നാന്തരം ഇരട്ടത്താപ്പല്ലേ ?
6) അമ്പതു ശതമാനത്തോളം സംവരണം നിലനില്‍ക്കുന്ന പൊതുമേഖലയിലെ അലിഗര്‍ കേന്ദ്രസര്‍വ്വകലാശാലയെ പോലും നിയമവിരുദ്ധമായി ന്യൂനപക്ഷ സ്ഥാപനമാക്കാന്‍ ശ്രമിക്കുന്നവര്‍ പറയുന്ന ദളിത് സ്നേഹം തികഞ്ഞ വഞ്ചനയല്ലേ ? ന്യൂനപക്ഷ സ്ഥാപനങ്ങളില്‍ മറ്റെല്ലായിടത്തും ഉള്ള വിധം സംവരണ തത്വങ്ങള്‍ പാലിച്ചുകൊണ്ടാണ് നിങ്ങളുടെ ദളിത് സ്നേഹത്തിന്റെ ആദ്യത്തെ തെളിവ് കാണേണ്ടത്. നിങ്ങള്‍ അതിന് തയ്യാറുണ്ടോ ?
7) മേല്‍ പറഞ്ഞ വഞ്ചന കൂടാതെ, ഇന്ന് ദളിതുകള്‍ക്കും ഗോത്രവര്‍ഗ്ഗക്കാര്‍ക്കും നല്‍കിയിട്ടുള്ള സംവരണത്തില്‍, മതന്യൂനപക്ഷങ്ങളെക്കൂടി ഉള്‍പ്പെടുത്താനായി വോട്ടു ബാങ്കിന്റെ ശക്തി ഉപയോഗിച്ച് സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്. അങ്ങനെ വന്നാല്‍ ജനസംഖ്യാടിസ്ഥാനത്തില്‍ വലിയൊരു ബ്ളോക്കായി വരുന്ന മതന്യൂനപക്ഷങ്ങള്‍ സംവരണത്തിന്റെ സിംഹഭാഗവും തട്ടിയെടുക്കും എന്നു വ്യക്തമാണ്. ദളിതുകളെ തങ്ങളുടെ മതാധിനിവേശത്തിനുള്ള വെറും ചാവേറുകളായി മാത്രമേ സംഘടിത മതങ്ങള്‍ കാണുന്നുള്ളൂ എന്നല്ലേ ഇതിനര്‍ത്ഥം ?
അടിക്കുറിപ്പ് : ന്യൂനപക്ഷാവകാശം എന്ന മുഖം മൂടിയണിഞ്ഞ് സംഘടിതമതങ്ങള്‍ നടത്തുന്ന ദളിത് വഞ്ചനയുടെ ആഴം അറിയണമെങ്കില്‍, താഴെപറയുന്ന ഒരു കണക്ക് മാത്രം നോക്കിയാല്‍ മതി. കേരളത്തില്‍ സര്‍ക്കാര്‍ ശമ്പളം നല്കുന്ന ഒരുലക്ഷത്തിരണ്ടായിരം എയിഡഡ് സ്കൂള്‍ അദ്ധ്യാപകരില്‍ പട്ടികജാതി വിഭാഗക്കാര്‍ കേവലം മുന്നൂറ്റി മുപ്പത് പേര് മാത്രമാണ്. (0.32%). പട്ടിക വര്‍ഗ്ഗക്കാര്‍ വെറും അന്പത്തിയഞ്ചു പേരാണ്. യു ജി സി ശമ്പളം പറ്റുന്ന ഒന്‍പതിനായിരത്തോളം വരുന്ന എയിഡഡ് കോളേജ് അദ്ധ്യാപകരില്‍ പട്ടികജാതി പട്ടികവര്‍ഗ്ഗക്കാര്‍ കേവലം പതിനഞ്ചു പേര് മാത്രമാണ് (0.16%). ജനസംഖ്യയില്‍ 18 ശതമാനത്തോളമുള്ള ഒരു സമൂഹത്തിന്റെ സ്ഥിതി വിവരക്കണക്കാണിത് !
– കെ കെ ആര്