വൈക്കം ഗോപകുമാർ
ഫോൺ: 09349917337
പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെയും, ഉപചാപകവൃന്ദത്തിന്റയും അഹങ്കാരവും സ്വാർത്ഥതയും, അധികാരം നിലനിർത്തുവാന്‍ വേണ്ടി ക്രൂരതയുടെ ഏതറ്റം വരെയും പോകുവാന്‍ ഉള്ള തീരുമാനങ്ങളുമാണ് അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുവാൻ ഹേതുവായിത്തീർന്നത്.
ഇന്ദിരാഗാന്ധിയുടെ ധാർഷ്ട്യത്തിനും, നീതി നിഷേധത്തിനുമെതിരെ അതിന്റെ പാരമ്യത്തിലേക്കെത്തിയപ്പോള്‍ ഒരനിവാര്യതയെന്ന പോലെ പ്രതിഷേധിക്കുവാൻ അഞ്ചു പ്രമുഖ വ്യക്തികൾ ഒത്തുചേർന്നു.ജെ.പി. എന്ന ചുരുക്കപ്പേരില്‍ വിളിക്കപ്പെട്ടിരുന്ന ഗാന്ധിയന്‍ സോഷ്യലിസ്റ്റ് ‘ലോകനായക്” ജയപ്രകാശ് നാരായൺ, സോഷ്യലിസ്റ്റ് നേതാവ് അച്യുത് പട് വർദ്ധൻ, രാഷ്ട്രീയ സ്വയം സേവക സംഘത്തിന്റെ മുതിർന്ന പ്രചാരകന്‍ നാനാജി ദേശ്മുഖ്, ഇന്ത്യന്‍ എക്സ്പ്രസ്സ് ഉടമ രാമനാഥ് ഗോയങ്ക,ജ്ഞാനപീഠ ജേതാവ് രാഷ്ട്രകവി രാംധാരി സിംഗ് ദിനകര്‍ എന്നിവരായിരുന്നു അവർ. ഇന്ദിരാഗാന്ധിയുടെ ഭരണം ഏകാധിപത്യ സ്വഭാവത്തിലേക്ക് മാറിയെന്നും അവര്‍ നീതിന്യായ വ്യവസ്ഥയേയും ഉദ്യോഗസ്ഥ സംവിധാനത്തേയും ജനാധിപത്യത്തിന്റെ അടിസ്ഥാന ശിലകളെ തന്നെയും നശിപ്പിക്കാന്‍ തുടങ്ങിയിരിക്കുന്നു അതുകൊണ്ട് അതിനെതിരെയുള്ള പ്രക്ഷോഭണത്തിന്റെ നേതൃത്വം എറ്റെടുക്കുവാൻ അവര്‍ ജെ.പിയോട് അപേക്ഷിച്ചു.എന്നാല്‍ തന്റെ ആരോഗ്യസ്ഥിതി വളരെ മോശമായതിനാല്‍ അദ്ദേഹം അതിന്റെ നേതൃത്വം ഏറ്റെടുക്കാന്‍ വിസമ്മതിച്ചു.ഇത്തരം ഒരു പ്രക്ഷോഭം നയിക്കാന്‍ താന്‍ അധികകാലം ജീവിച്ചിരിക്കില്ല എന്നും അദ്ദേഹം പറഞ്ഞു.സുഹൃത്തുക്കള്‍ വളരെ ശ്രമിച്ചിട്ടും അദ്ദേഹത്തിന്റെ തീരുമാനം മാറ്റാന്‍ സാധിച്ചില്ല. അപ്പോള്‍ തത്കാലം എല്ലാവര്‍ക്കും കൂടി തിരുപ്പതി ക്ഷേത്ര ദര്‍ശനത്തിനു പോകാം എന്ന നിര്‍ദ്ദേശം ശ്രീ രാമനാഥ് ഗോയങ്കെ മുന്നോട്ട് വെച്ചു.
തിരുപ്പതി ദര്‍ശന സമയത്ത് ശ്രീ.രാംധാരി സിംഗ് ദിനകര്‍ എല്ലാവരും കേള്‍ക്കെ തനിക്ക് എത്രകൊല്ലം ആയുസ്സ് ബാക്കിയുണ്ടോ അതുകൂടി ജെ.പിക്ക് നല്‍കി അദ്ദേഹത്തെ മാതൃരാജ്യത്തെ സേവിക്കാന്‍ അനുവദിക്കണം എന്ന്‍ പ്രാര്‍ഥിച്ചു.അതിനു ശേഷം എല്ലാവരും മദ്രാസിലെ ഗോയങ്കയുടെ വസതിയിലേക്ക് മടങ്ങി.മണിക്കൂറുകള്‍ക്കകം ശ്രീ ദിനകര്‍ ഗോയങ്കയുടെ മടിയില്‍ കുഴഞ്ഞുവീണു മരിച്ചു.ഈ സംഭവം ജെ.പി.യെ ഒരു പുനര്‍വിചിന്തനത്തിനു പ്രേരിപ്പിച്ചു.തന്‍റെ എല്ലാ അവശതകളും മറന്ന് അദ്ദേഹം ആ മഹത്തായ പ്രക്ഷോഭത്തിന്റെ നേതൃത്വം ഏറ്റെടുത്തു.
1974ല്‍ ബീഹാറില്‍ തുടങ്ങിയ പ്രക്ഷോഭത്തില്‍ ബീഹാറിലെ, യുവജനങ്ങളും വിദ്യാർത്ഥികളും പങ്കുചേർന്നു. അതിനുമുന്‍പ് തന്നെ സമാനമായ ഒരു പ്രക്ഷോഭം(നവനിര്‍മ്മാണ്‍ ആന്ദോളന്‍) ഗുജറാത്തിലെ യുവാക്കളും വിദ്യാര്‍ത്ഥികളുമടങ്ങുന്ന ജനത തുടങ്ങിവെച്ചിരുന്നു ഗത്യന്തരമില്ലാതെ ഇന്ദിരാഗാന്ധിക്ക് മുഖ്യമന്ത്രി ചിമന്‍ഭായി പട്ടേലിന്റെ രാജി ആവശ്യപ്പെടേണ്ടി വന്നു.ഇതോടെ രാജ്യമൊട്ടുക്ക് ജയപ്രകാശ് നാരായൺ ജനത്തെ ബോധവൽക്കരിക്കുവാൻ യാത്ര തുടങ്ങി.കര്‍ഷകരോടും വിദ്യാര്‍ത്ഥികളോടും തൊഴിലാളികളോടും ഈ സമ്പൂര്‍ണ്ണ വിപ്ലവ പ്രക്ഷോഭത്തില്‍ സമാധാന മാര്‍ഗ്ഗത്തില്‍ പങ്കുചേരാന്‍ ആഹ്വാനം ചെയ്തു.സമ്പൂര്‍ണ്ണ വിപ്ലവ പ്രക്ഷോഭത്തിന്റെ ശക്തിയും ജനപിന്തുണയും കൂടി കൂടി വന്നു.തങ്ങളുടെ അധികാരം നഷ്ടപ്പെടുമോ എന്ന് ഇന്ദിരാഗാന്ധിയും കൂട്ടരും ഭയന്നു വിറച്ചു.ഗുജറാത്തില്‍ 1975 ജൂണില്‍ നടന്ന തെരഞ്ഞെടുപ്പില്‍ സംഘടനാ കൊണ്ഗ്രസ്സും ഭാരതീയജനസംഘവും സംയുക്ത സോഷ്യലിസ്റ്റ് പാര്‍ട്ടിയും ചേര്‍ന്ന് രൂപീകരിച്ച ജനതാമോര്‍ച്ച അധികാരത്തില്‍ വന്നു.(പീന്നീട് അടിയന്തിരാവസ്ഥക്കാലത്ത് ഇന്ദിരാഗാന്ധി ഈ സര്‍ക്കാരിനെ പിരിച്ചുവിട്ടു രാഷ്ടപതി ഭരണം ഏര്‍പ്പെടുത്തി). ഈസമയത്തുതന്നെ തെരഞ്ഞെടുപ്പില്‍ അധികാരദുര്‍വിനിയോഗം നടത്തിയതിന് ഇന്ദിരാഗാന്ധിയുടെതെരഞ്ഞെടുപ്പ്അസാധുവാക്കിക്കൊണ്ടുള്ള അലഹബാദ് ഹൈക്കോടതി വിധിയുംവന്നു. ആറു വര്‍ഷത്തേക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്നും ഇന്ദിരയെ വിലക്കുകയും ചെയ്തു.
1975 ജൂണ്‍ 25നു ദല്‍ഹി രാംലീലാ മൈതാനിയില്‍ ഒരുലക്ഷത്തിലധികം ആളുകള്‍ പങ്കെടുത്ത ഒരു വന്‍ റാലിയെ ജയപ്രകാശ് നാരായണന്‍ അഭിസംബോധന ചെയ്തു.രാംധാരി സിംഗ് ദിനകറിന്റെ “സിംഹാസനങ്ങള്‍ ഒഴിയൂ ജനങ്ങള്‍ വരുന്നു” എന്ന പ്രസിദ്ധമായ കവിത അദ്ദേഹം ആലപിച്ചു.മണിക്കൂറുകള്‍ക്കകം ഭരണഘടനയുടെ 352-ആം വകുപ്പ് പ്രകാരം രാജ്യത്ത് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു.
ജയപ്രകാശ് നാരായൺ, മൊറാർജി ദേശായി, ചരൺ സിംഗ്, രാജ് നാരായണൻ, ജെ.ബി. കൃപലാനി, അടൽ ബിഹാരി വാജ്പേയി, മധു ലിമയേ, ലാൽ കൃഷ്ണ അഡ്വാനി, ജോര്‍ജ് ഫെര്‍ണാണ്ടസ് തുടങ്ങിയ ദേശീയ നേതാക്കളെ മുഴുവൻ കല്തുറുങ്കിലടച്ചു.ഇന്ദിരയുടെ കത്ത് അംഗീകരിച്ച് അടിയന്തിരാവസ്ഥ പ്രഖ്യാപനത്തില്‍ രാഷ്ട്രപതി ഫക്രുദീൻ അലി അഹമ്മദ് ഒപ്പുവച്ചു. അടിയന്തിരാവസ്ഥ നിലവിൽ വന്നപ്പോൾ പൗരന് അനുവദിച്ചിട്ടുള്ള ഏഴ് മൗലിക അവകാശങ്ങളും റദ്ദ് ചെയ്യപ്പെട്ടു.
അടിയന്താരാവസ്ഥ പ്രഖ്യാപനത്തിൽ ആദ്യം ഒപ്പുവെയ്ക്കാൻ മടിച്ച രാഷ്ട്രപതിയെ ഇന്ദിരാഗാന്ധി ദൂതന്മാരെ വിട്ട് ഭീഷണിപ്പെടുത്തി ഭീഷണി ഇതായിരുന്നു.””സൈൻ ഓർ റിസൈൻ”.(Sign or resign)ഒപ്പുവെക്കുക അല്ലെങ്കില്‍ രാജിവെക്കുക). ഭയന്ന രാഷ്ട്രപതി ഫക്രുദീൻ അലി അഹമ്മദ് ബാത്ത്റൂമിൽ ടബിൽ കിടന്ന് കൊണ്ട് ഒപ്പിട്ടുകൊടുത്തതായി കളിയാക്കി ലോകപ്രശസ്ത കാർട്ടൂണിസ്റ്റ് അബു എബ്രഹാം ഇഡ്യൻ എക്സ്പ്രസ്സിൽ കാർട്ടൂൺ വരച്ചു. ലോകത്തെ പല ജനാധിപത്യ രാജ്യങ്ങളിലെ പത്രങ്ങളിലും ഈ കാർട്ടൂൺ വന്നു. ഇന്ദിരാഗാന്ധിയുടെ മതിപ്പ് കുറയുകയും ഇന്ത്യയ്ക്ക് അപമാനമായിത്തീരുകയും ചെയ്തു.
മിസ’ തടവുകാരായി ജയിലിൽ അടയ്ക്കപ്പെട്ടവർക്കുവേണ്ടി പലസംസ്ഥാനങ്ങളിലും ഹേബിയസ്സ് കോർപ്പസ് ഹർജി ഫയൽ ചെയ്യപ്പെട്ടു. പിന്നീട് ഈ കേസുകളെല്ലാം കൂടി സുപ്രീംകോടതിയിലേയ്ക്ക് മാറ്റപ്പെട്ടു. ജബൽപ്പൂർ ഹേബിയസ്സ് കോർപ്പസ്(A.D.M. Jabalpur vs. Shukla.) എന്നാണ് ഈ കേസുകളെക്കുറിച്ച് പറയുന്നത്. സുപ്രീംകോടതി ഫുൾ ബഞ്ചിൽ കേന്ദ്രസർക്കാർ അപ്പീൽപോയി. ചീഫ് ജസ്റ്റിസ് എ.എൻ.റേ, ജഡ്ജിമാരായ എച്ച്.ആർ. ഖന്ന, എം.എച്ച് ബേഗ്, വൈ.ബി. ചന്ദ്രചൂഡ്, പി.എൻ. ഭഗവതി എന്നിവരായിരുന്നു ജഡ്ജിമാർ. എച്ച്.ആർ. ഖന്ന ഒഴിച്ച് ബാക്കി നാലു പേരും അടിയന്തിരാവസ്ഥയ്ക്ക് അനുകൂലമായി വിധി എഴുതി. വിയോജനക്കുറിപ്പ് എഴുതിയപ്പോൾ ജസ്റ്റിസ് ഖന്ന അന്നത്തെ അറ്റോർണി ജനറൽ നിറേന്‍ ഡേയോട് ചോദിച്ച ചോദ്യം പിന്നീട് ലോകപ്രശസ്തമായിതീർന്നു. “ഒരു പോലീസ് ഉദ്യോഗസ്ഥൻ വ്യക്തി വിരോധത്തിന്റെ പേരിൽ സാധാരണക്കാരനായ ഒരു മനുഷ്യനെ വെടിവച്ചുകൊന്നാൽ കോടതിയ്ക്ക് ഇടപെടാമോ?”
നിറേന്‍ ഡേയുടെ മറുപടി ഇപ്രകാരമായിരുന്നു.”അങ്ങേയേയും എന്നെയും ഞെട്ടിപ്പിയ്ക്കുന്നതായിരിയ്ക്കും എന്റെ ഉത്തരം.യാതൊരു കാരണവശാലും കോടതിയ്ക്ക് ഇടപെടാൻ സാധ്യമല്ലെന്നു മാത്രമല്ല അടിയന്തിരാവസ്ഥയിൽ കോടതികളുടെ പ്രസക്തി തന്നെ ഇല്ലാതാകുന്നു”,
ഖന്നയുടെ വിയോജനനക്കുറിപ്പിനെക്കുറിച്ച് അമേരിയ്ക്കൻ പത്രമായ ‘ന്യൂയോർക്ക് ടൈസ്” ഇപ്രകാരം മുഖപ്രസംഗമെഴുതി.
“ഇന്ത്യ എപ്പോഴെങ്കിലും അതിന്റെ അഭിമാനകരമായ മുഖമുദ്രയായ സ്വാതന്ത്ര്യത്തിലേക്കും ജനാധിപത്യത്തിലേക്കും തിരിച്ചുവരികയാണെങ്കില്‍ ജനാധിപത്യബോധമുള്ള ഏതെങ്കിലും ഒരു പൗരൻ ജസ്റ്റിസ് ഖന്നയുടെ സ്മരണ നിലനിർത്തുവാൻ ഒരു സ്മാരകം പടുത്തുയർത്തും.”
ഈ വിയോയനക്കുറിപ്പിന്റെ പേരിൽ ഖന്ന അടിയന്തിരാവസ്ഥ കഴിയുന്നതുവരെ അനുഭവിച്ച പീഡനങ്ങൾ വിവരണാതീതമാണ്..
അടിയന്തിരാവസ്ഥയിലെ ആദ്യരക്തസാക്ഷികളിൽപ്പെടുന്നു കർണ്ണാടകത്തിലെ സോഷ്യലിസ്റ്റ് പാർട്ടി നേതാവായിരുന്ന സ്നേഹലതാറെഡ്ഡി. മിസപ്രകാരം തടവിലാക്കപ്പെട്ട ആ സ്ത്രീയെ പോലീസ്സ് മർദ്ദിച്ച് കൈയ്യും കാലും ഒടിച്ചു. തലയ്ക്കു ക്ഷതമേറ്റ അവർ ബോധരഹിതയായി. ആശുപത്രിയിൽ പോലും കൊണ്ടുപോകാതെ ജയിലിൽ അടയ്ക്കുകയാണുണ്ടായത്. അമ്മയുടെ വിവരം അറിഞ്ഞ് മകൾ ജയിൽ കവാടത്തിൽ എത്തി. എന്നാൽ ജയിലധികൃതർ അവരെ സ്നേഹലതയെ കാണിക്കുവാൻ അനുവദിച്ചില്ല രണ്ടു ദിവസം കഴിഞ്ഞ് ഏതോ വാർഡനിൽ നിന്നും ഈ വിവരം അറിഞ്ഞ സ്നേഹലതാ റെഡ്ഡി പുത്രിയെക്കാണാൻ സാധിയ്ക്കാത്ത ദു:ഖത്തിൽ തൽക്ഷണം മരിയ്ക്കുകയാണുണ്ടായത്.
ഒരു ലക്ഷത്തി എഴുപത്തിനാലായിരം പേർ ഇന്ത്യ ഒട്ടുക്കും, ഏഴായിരംപേർ കേരളത്തിലും അടിയന്തിരാവസ്ഥ തടവുകാരായികിടന്നിട്ടുണ്ട്, (എൽ.കെ.അഡ്വാനി, അടിയന്തിരാവസ്ഥ അവലോകനം) കണക്കിൽപ്പെടാത്ത തടവുകാർ വേറെയും.ഇതുപോലെ ഒരു സംഭവം ലോകചരിത്രത്തിൽ മറ്റൊരു ജനാധിപത്യ രാജ്യത്തും ഉണ്ടായിട്ടില്ല. മർദ്ദന ഭീകരതയിലും വീടുകളിൽ വന്നുള്ള ഭീഷണിയും (കോണ്‍ഗ്രസ്സ് + പോലീസ്) കേരളം ഒന്നാം സ്ഥാനത്തായിരുന്നു.
അടിയന്തിരാവസ്ഥയിൽ പ്രധിഷേധിച്ച് ദേശസ്നേഹികളായ സാഹിത്യകാരന്മാരും, കവികളും, കലാകാരന്മാരും, ശാസ്ത്രജ്ഞന്മാരും ഗവൺമെന്റ് ആനൂകൂല്യങ്ങളും, പുരസ്കാരങ്ങളും വലിച്ചെറിഞ്ഞൂ. എന്നാൽ ഭൂരിപക്ഷവും ഇന്ദിരാഗാന്ധിമുട്ടു മടക്കാൻ പറഞ്ഞപ്പോൾ സാഷ്ടാംഗം നമസ്ക്കരിച്ചവരാണ്. ബാഗ്ലൂർ ജയിലിൽ കിടന്ന അടൽ ബിഹാരി വാജ്പേയി തലപോയാലും ഏകാധിപതിയുടെ മുൻപിൽ തലകുനിയ്ക്കില്ല എന്ന കവിതയെഴുതി. ഇൻഡ്യ മുഴുവൻ അത് പ്രസിദ്ധീകരിയ്ക്കപ്പെട്ടു. പ്രസിദ്ധ സാഹിത്യകാരനും വയോവൃദ്ധനുമായ വി.എസ്.ഖണ്ഡേക്കർ ജ്ഞാനപീഠം അവാർഡ് തിരിച്ചുനൽകി ഇരുപത്തിയൊന്നു ദിവസം ഉപവാസമെടുത്ത് പ്രതിഷധിച്ചു. എന്നാൽ ‘തത്വമസി’ എഴുതിയ പ്രഫ.സുകുമാർ അഴീക്കോട് അടിയന്തിരാവസ്ഥയ്ക്ക് അനുകൂലമായി ലേഖനമെഴുതി, നാടുനീളെ പ്രസംഗിച്ചു നടന്നു. പ്രതിഷേധിച്ച വിദ്യാർത്ഥികളെ കോളേജിൽ നിന്നും പുറത്താക്കി.
വിപ്ലവകാരികളെന്നു വീമ്പിളക്കി നടന്ന ഇടതുപക്ഷ സഹയാത്രികരായ ബുദ്ധിജീവികൾ മൗനം പാലിച്ച് മാളത്തിൽ ഒളിച്ച് തടിരക്ഷപ്പെടുത്തി. ഒ.എൻ.വി., പി.ടി.ഭാസ്ക്കര പണിക്കർ, തോപ്പിൽഭാസി, പി.ഭാസ്ക്കരൻ, തിരുനെല്ലൂർ കരുണാകരൻ, പി.ഗോവിന്ദപിള്ള, കെ.ഗോവിന്ദപ്പിള്ള, എൻ.എ.കരീം,, കാമ്പിശ്ശേരി കരുണാകരൻ ഇവരായിരുന്നു അവരെല്ലാം. എന്നാൽ എതിർത്ത് നിന്നവരും ഉണ്ട്. അവർക്കെല്ലാം അധ്യാത്മിക പിൻബലം ഉള്ളവരായിരുന്നു. പി.പരമേശ്വരൻ സമരം ചെയ്ത് ജയിലിൽ പോയി. ഒ.വി.വിജയൻ കാർട്ടൂൺ വരച്ച് പ്രതിക്ഷേധിച്ചു. എം.ഗോവിന്ദൻ ‘എഴുത്തോ, നിന്റെ കഴുത്തോ’ എന്ന കവിതയെഴുതി. അയ്യപ്പപണിക്കർ “വെറുമൊരു” മോഷ്ടാവായോരെന്നെ കള്ളനെന്നു വിളിച്ചില്ലേ” എന്ന കവിത എം.ജി.രാധാകൃഷ്ണനെ കൊണ്ട് പാടിച്ച് ആകാശവാണിയിലൂടെ പ്രക്ഷേപണം നടത്തി. കാറൽ മാർക്സ് ജനങ്ങളുമായി ബന്ധമില്ലാതെ മുറിയിലിരുന്ന് ‘ദാസ് ക്യാപ്പിറ്റൽ’ രചിച്ചതുപോലെ, ഇ.എം.എസ് ‘ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രം’ തന്റെ ഇല്ലത്തിരുന്ന് ഗവേഷണം നടത്തുകയായിരുന്നു. പി.ഗോവിന്ദപ്പിള്ള കേരളത്തിലെ നാടൻ കലകളെക്കുറിച്ച് പഠനം നടത്തിയും അടിയന്തിരാവസ്ഥക്കാലം കഴിച്ചുകൂട്ടി.
ഇന്ത്യാമഹാരാജ്യത്ത് കൂടുതൽ പീഢനം നടന്നത് കേരളത്തിലായിരുന്നു. അതിനൊരു കാരണം സ്റ്റാലിന്റെ ശിഷ്യഗണങ്ങളിൽപ്പെട്ട ചേലാട്ട് അച്ചുതമേനോനായിരുന്നു മുഖ്യമന്ത്രി. ഇന്ദിരാഗാന്ധി ശിഷ്യൻ കെ.കരുണാകരൻ അഭ്യന്തര വകുപ്പും കൈകാര്യം ചെയ്തു.കോണ്ഗ്രസ്സിനെയും സിപിഐയേയും കൂടാതെ മുസ്ലീം ലീഗും ആര്‍.എസ്.പിയും കേരളാ കൊണ്ഗ്രസ്സുമെല്ലാം ആ കിരാത സര്‍ക്കാരില്‍ അംഗങ്ങളായിരുന്നു.പില്‍ക്കാലത്ത് അവരില്‍ പലരും അടിയന്തിരാവസ്ഥയെ തള്ളിപ്പറഞ്ഞെങ്കിലും അന്നത്തെ കൊടുംക്രൂരതകളുടെ ഉത്തരവാദിത്വത്തില്‍ നിന്നും അവര്‍ക്കാര്‍ക്കും ഒഴിഞ്ഞുമാറാന്‍ കഴിയില്ല.
നൂറ്റി അൻപത്തിനാല് ആര്‍.എസ്.എസ് പ്രവർത്തകർ മിസാതടവിലും, നാലായിരത്തിൽപ്പരം പേർ സത്യഗ്രഹമനുഷ്ഠിച്ചും തടവിൽ കിടന്നു. കൂടാതെ കോൺഗ്രസ്സുകാർക്ക് വിരോധമുള്ളവരും,, പോലീസിന് കൈക്കൂലി കൊടുക്കാത്തവരും തടവിൽ പോയി. ആയിരത്തോളം നക്സൽ പ്രവർത്തകരും സോഷ്യലിസ്റ്റ് പാർട്ടി, സർവ്വോദയം,സംഘടനാ കോണ്ഗ്രസ്,പരിവര്‍ത്തനവാദി കോണ്ഗ്രസ്,പ്രതിപക്ഷലീഗ്, ആനന്ദമാർഗികൾ തുടങ്ങിയവരുമായിരുന്നു മറ്റുള്ളവർ. കുറച്ച് മാർക്സിസ്റ്റ് നേതാക്കന്മാരും മിസാ തടവുകാരായി കിടന്നിട്ടുണ്ട്. അവർക്ക് അത് സുവർണ്ണകാലമായിരുന്നു. രാഷ്ട്രീയ ആനുകൂല്യത്തിന്റെ പേരിൽ എ.ക്ലാസ്സ് തടവുകാരായി. ജയിൽവാസം സുഖചികിത്സയ്ക്കും പരിപ്പ്, പപ്പടം കൂട്ടിയ ഓണസദ്യ ഉണ്ടും ചീട്ടുകളിച്ചും ആനന്ദത്തിൽ ആറാടി തടി പോഷിപ്പിച്ചു. അധ്വാനിക്കുന്ന ജനവിഭാഗത്തിന്റെ കണ്ണീരൊപ്പുന്ന മനോവ്യഥയിൽ കൊതുകുവലയിട്ട കട്ടിലിൽ രാത്രിപാലുംകുടിച്ച് ഫാനിന്റെ കാറ്റും കൊണ്ട് സുഖശയനത്തിൽ വിപ്ലവ ബോധത്തിന്റെ ദിവാസ്വപ്നം കണ്ട് ഓരോ രാത്രിയും മധുര മനോഞ്ജമാക്കി.
ഏകാധിപതികൾ എന്നും ഭീരുക്കളായിരിക്കും. മരണഭയമുള്ളവരായിരിക്കുമെന്ന ചരിത്ര സത്യം ഇന്ദിരയും തെളിയിച്ചു. ഭയാനക നരഹത്യ നടത്തിയിട്ടുള്ള ചെങ്കിസ്ഖാനും, സ്റ്റാലിനും, മുസോളിനിക്കും ഹിറ്റലർക്ക് സമാനമായിരുന്നു അക്കാലത്ത് ഇന്ദിരയുടെയും ജീവിതം. സ്വന്തം അംഗരക്ഷകരെപ്പോലും വിശ്വസിച്ചിരുന്നില്ല. അടിയന്തിരാവസ്ഥയിൽ ഇന്ദിരയ്ക്ക് ഉറങ്ങുവാൻ ഒരേ രൂപത്തിലുള്ള 13 കട്ടിലുകളും ബഡും, കൊതുകുവലയും ഉണ്ടായിരുന്നു. ഇതിൽ ഒരെണ്ണത്തിൽ രഹസ്യമായിട്ടാണ് ഉറങ്ങിക്കൊണ്ടിരുന്നത്. അംഗരക്ഷകരുടെ വെടിയേറ്റുള്ള മരണം അടിയന്തിരാവസ്ഥയിലെ ഈ ഉറക്കത്തിന് സാധൂകരണമായി.
അടിയന്തിരാവസ്ഥ കഴിഞ്ഞ് ഇന്ദിര ശ്രീനഗറിൽ വിശ്രമത്തിനായി പോയി പത്രപ്രവർത്തകർ അന്വേഷിച്ച് കണ്ടെത്തി. പത്രക്കാരുടെ ചോദ്യത്തിന് ആദ്യം മറുപടി പറയാതെ ഒഴിഞ്ഞു മാറിയെങ്കിലും കുത്തി കുത്തിയുള്ള ചോദ്യങ്ങൾക്ക് അവസാനം മറുപടി പറയേണ്ടിവന്നപ്പോഴും അവരുടെ വാക്കുകളിൽ പശ്ചാത്താപത്തിന്റെ ഒരംശം പോലുമുണ്ടിയിരുന്നില്ല എന്ന് ഒരു പ്രസിദ്ധ പത്രപ്രവർത്തകൻ രേഖപ്പെടുത്തിയിരുന്നു. ഔദ്ധത്യത്തോടെ, കൂസലില്ലാതെ, പശ്ചാത്താപം കൂടാതെയാണ് പെരുമാറിയതും പ്രതികരിച്ചതും. വീണ്ടും അധികാരം കിട്ടിയാൽ അടിയന്തിരാവസ്ഥ പ്രഖ്യാപിയ്ക്കുമെന്ന മനോഭാവമായിരുന്നു അവര്‍ക്ക്. ഏകാധിപതി എന്നും ഏകാതിപതി തന്നെയായിരിയ്ക്കും. അടിയന്തിരാവസ്ഥയ്ക്കെതിരെ പോരാടിയ നരേന്ദ്രമോദിയെയാണ് ഇന്ദിരാശിഷ്യന്മാർ ഫാസിസ്റ്റ് എന്നു വിളിച്ചത്. ജനം ഈ സത്യം മനസ്സിലാക്കി എന്നുള്ളതാണ് 2014 ലെ തെരഞ്ഞെടുപ്പുഫലം കാണിയ്ക്കുന്നത്.
അടിയന്തിരാവസ്ഥയ്ക്ക് അനുകൂലമായി കേരളത്തില്‍ നിന്ന്‍ 20 എം.പി.മാരും നൂറ്റിപതിനൊന്ന് എം.എൽ.എ മാരും ഉണ്ടായി. കേരളം അടിയന്തിരാവസ്ഥയ്ക്ക് അനുകൂലമായി വിധി എഴുതി. നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ദേശീയതരംഗം ഉണ്ടായപ്പോഴും കേരളം പുറം തിരിഞ്ഞുനിന്നു. നാളത്തെ ചരിത്രകാരന്മാർ ഗവേഷണം നടത്തുമ്പോൾ അവർക്ക് ഒരു നഗ്നസത്യം പിടികിട്ടും. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം തുടങ്ങിയ കാലം മുതൽ ഈ അന്ത്യയാത്രയിൽപ്പോലും സത്യത്തെ കാണാനും നേരിടാനും അവർ തയ്യാറായിട്ടില്ല.വഞ്ചനയുടെ പാത കൈവിടുവാൻ അവരുടെ രക്തം സമ്മതിയ്ക്കുകയുമില്ല. ഈ വസ്തുത മനസ്സിലാക്കിയ കേരള ജനത പ്രതികാരം ചെയ്യുകയായിരുന്നു എന്ന് കാണുവാൻ സാധിയ്ക്കും.
അടിയന്തിരാവസ്ഥക്കാലത്ത് ഇന്ദിരാഗാന്ധിയുടെ നിര്‍ദ്ദേശപ്രകാരം ‘റോ’യുടെ ഉദ്യോഗസ്ഥര്‍ ആർ.എസ്സ്.എസ്സ് സർ കാര്യവാഹ് മാധവ് റാവുജി മൂളെയുമായി പൂനയിൽ വച്ച് രഹസ്യകൂടിക്കാഴ്ച നടത്തി. അവർ പറഞ്ഞത് ആർ.എസ്സ്.എസ്സ് തെരഞ്ഞെടുപ്പിൽ പ്രവർത്തിക്കാതിരിക്കുകയാണെങ്കിൽ നിരോധനം പിൻവലിയ്ക്കാൻ ഇന്ദിര തയ്യാറാണു എന്നാണ്. ഉടൻ തന്നെ മാധവ് റാവുജിയുടെ മറുപടി വന്നു. “ആർ.എസ്സ്.എസ്സ് തെരഞ്ഞെടുപ്പിൽ പ്രവർത്തിക്കും, ജയിലിൽ കിടക്കുന്ന പ്രവർത്തകർ മരണം വരെ കല്ത്തുറുങ്കില്‍ കിടക്കുവാൻ മന:ശക്തി ഉള്ളവരുമാണ്. അതുകൊണ്ട് തെരഞ്ഞെടുപ്പ് കഴിഞ്ഞ് കാണാം”. പക്ഷെ കാണേണ്ടിവന്നില്ല.1977 മാര്‍ച്ച് 23നു അടിയന്തിരാവസ്ഥ പിന്‍വലിക്കപ്പെട്ടു. തെരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടിയ ജനതാ പാർട്ടി അധികാരത്തിലും വന്നു ജനാധിപത്യം വീണ്ടും പുഷ്പിച്ചു.
ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ചരിത്രത്തിലെ ഒരു കറുത്ത അധ്യായമായ അടിയന്തിരാവസ്ഥയെ ചെറുത്ത് തോല്‍പ്പിച്ചത് അറിയപ്പെടുന്നവരും അറിയപ്പെടാത്തവരുമായ ഒരുപാട് ദേശാഭിമാനികളുടെ ത്യാഗോജ്ജലമായ പോരാട്ടവീര്യം ഒന്നുകൊണ്ട് മാത്രമാണ്.അന്ന് ഇന്ത്യയുടെ ജനാധിപത്യം സംരക്ഷിക്കാന്‍ സര്‍വ്വസ്വവും ത്യജിച്ച് മുന്നിട്ടിറങ്ങിയവരില്‍ പലരും ഇന്ന് ഇന്ത്യയുടെ ഭരണചക്രം തിരിക്കുന്നു എന്നത് കാലത്തിന്റെ കാവ്യനീതിയാകാം.
കുറിപ്പ്:വിവരാവകാശ നിയമപ്രകാരം കേരളത്തിലെ ജയിലുകളിൽ നിന്നും ശേഖരിച്ച 5000 ത്തിൽ പരം തടവുകാരുടെ പേരും മേൽവിലാസവും ലേഖകന്റെ കൈയ്യിൽ ഉണ്ട്. സന്മനസ്സുള്ളവർ സഹായിച്ചാൽ പുസ്തകമായി പ്രസിദ്ധീകരിയ്ക്കുന്നതാണ്. കോട്ടയം, ആലുവ, മൂവാറ്റുപുഴ, എറണാകുളം സബ്ജയിലുകളിലെ രേഖകൾ പൂർണ്ണമായും, കിട്ടിയിട്ടില്ല. ഈ ജയിലുകളിൽ കിടന്നവർ വിവരം അയച്ചുതരണമെന്ന് അപേക്ഷിക്കുന്നു.
വിചാരം എഡിറ്റര്‍ :ലേഖകന്‍ നാഷണല്‍ എമര്‍ജന്‍സി വിക്ടിംസ് ഫോറം സംസ്ഥാന പ്രസിഡന്റാണ്. അടിയന്തിരാവസ്ഥക്കാലത്ത് ആര്‍.എസ്.എസ് പ്രചാരകനായിരുന്ന അദ്ദേഹത്തെ കെ.കരുണാകരന്റെ പോലീസ് വേട്ടയാടുകയും അദ്ദേഹത്തിനു ജയിലില്‍ കൊടിയ പീഡനങ്ങള്‍ക്ക് വിധേയനാകേണ്ടി വരുകയും ചെയ്തിട്ടുണ്ട്.അദ്ദേഹത്തിനു അടിയന്തിരാവസ്ഥക്കാലത്ത് അനുഭവിക്കേണ്ടി വന്ന പീഡനങ്ങളെക്കുറിച്ച് മലയാളം വാരികയില്‍ വന്ന ലേഖനം ഈ ലിങ്കില്‍ വായിക്കാം.link