ഭാരതത്തിന്റെ സ്വാതന്ത്ര്യ സമരത്തിൽ ആർഎസ്എസിന് യാതൊരു പങ്കാളിത്തവുമുണ്ടായിരുന്നില്ലെന്നും സ്വാതന്ത്ര്യ സമരത്തിന് തന്നെ സംഘം എതിരായിരുന്നു എന്നുമൊക്കെ സംഘത്തെ ശത്രു പക്ഷത്ത് നിർത്തുന്ന വ്യക്തികളും പ്രസ്ഥാനങ്ങളും ഏറെക്കാലമായി ആരോപിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നു. ഈ പശ്ചാത്തലത്തിൽ സംഘത്തിന്റെ സ്വാതന്ത്ര്യ സങ്കല്പത്തെയും ആ സംഗ്രാമത്തിലെ പ്രവർത്തനങ്ങളെയും സത്യസന്ധമായി അവതരിപ്പിക്കേണ്ടത് ചരിത്രപരമായ ഒരനിവാര്യതയാണ്. സ്വാതന്ത്ര്യ സമരത്തോടും ബ്രിട്ടീഷ് ഭരണകൂടത്തോടുമുള്ള സംഘത്തിന്റെ നിലപാട് പരിശോധിക്കുമ്പോൾ ആദ്യം സംഘസ്ഥാപകനായ ഡോക്ടർ കേശവ ബലിറാം ഹെഡ്ഗേവാറിന്റെ ജീവിതത്തിലേക്കും പ്രവർത്തനങ്ങളിലേക്കും കടന്നുചെല്ലേണ്ടതുണ്ട്.
1889 ൽ മഹാരാഷ്ട്രയിലെ നാഗ്പൂരിൽ ജനിച്ച അദ്ദേഹം ബാല്യകാലം മുതൽക്കേ ദേശഭക്തനായിരുന്നു. വിദ്യാർത്ഥിയായിരിക്കെ ഒരിക്കൽ അദ്ദേഹം ഭണ്ഡാരയിലെ ജകാതദാറിന്റെ വീട്ടിലേക്ക് സന്ദർശനത്തിന് പോയി. അവിടെയപ്പോൾ അസിസ്റ്റന്റ് കമ്മീഷണറായിരുന്ന ശ്രീ അനന്തലാൽ എന്ന ഉദ്യോഗസ്ഥനുമുണ്ടായിരുന്നു. സംഭാഷണത്തിനിടയിൽ കേശവനെ ചൂണ്ടിക്കൊണ്ട് ജകാതദാർ പറഞ്ഞു ” ഈ വിദ്യാർത്ഥി വളരെ മിടുക്കനാണ്. എന്നാൽ പഠിക്കുന്നതിന് പകരം സ്കൂളിൽ പ്രക്ഷോഭമുണ്ടാക്കുവാനാണിവന് ഹരം.” ഇത് കേട്ട കമ്മീഷണർ പറഞ്ഞു “വിദ്യാർഥികൾ പ്രക്ഷോഭണങ്ങളിലൊന്നും പങ്കു ചേരാൻ പാടില്ല.” ഉടനെ കേശവൻ പറഞ്ഞു “അങ്ങു പറഞ്ഞത് ശരിയാണ്. ഞാൻ പ്രക്ഷോഭണങ്ങളിലൊന്നും പങ്കുചേരുന്നില്ല. എന്നാൽ ദേശത്തിന്റെ കാര്യം ആരെങ്കിലും ചെയ്തേ പറ്റൂ. അതുകൊണ്ട് അങ്ങ് ജോലി ഉപേക്ഷിച്ച് രാഷ്ട്രകാര്യത്തിൽ തല്പരനായാൽ ഞാൻ ഇന്നു മുതൽ തന്നെ ഈവക കാര്യങ്ങളിൽ നിന്ന് അകന്നുനിൽക്കാമെന്ന് ഇതാ വാക്കുതരുന്നു.”
ഹൈസ്‌കൂൾ വിദ്യാഭ്യാസം കഴിഞ്ഞപ്പോൾ സാമ്പത്തിക സ്ഥിതി വളരെ മോശമായിരുന്നെങ്കിലും അദ്ദേഹം ഡോക്ടർ പരീക്ഷയ്ക്കു പഠിക്കുവാൻ കൊൽക്കത്തയിലേക്ക് പോയി. വിദ്യാർഥിയാണെങ്കിലും പ്രക്ഷോഭകാരിയായതുകൊണ്ട് പോലീസ് സദാ അദ്ദേഹത്തിന്റെ പിന്നാലെ കൂടിയിരുന്നു. കൊൽക്കത്തയിലും അവരുടെ കണ്ണുകൾ അദ്ദേഹത്തെ വിടാതെ പിന്തുടർന്നു. ഹെഡ്ഗേവാർ താമസിച്ചിരുന്ന ശാന്തി നികേതൻ ലോഡ്ജിൽ അദ്ദേഹത്തെ നിരീക്ഷിക്കാൻ ഗോപാൽ വാസുദേവ് കെത്കർ എന്ന ചാരനെ ബോംബെ സർക്കാർ നിയമിച്ചു. ഭരണകൂടത്തിന്റെ അക്കാലത്തെ നോട്ടപ്പുള്ളികളിലൊരാളായിരുന്നു ഡോക്ടർജി എന്നതിന്റെ ദൃഷ്ടാന്തമാണിത്. എന്നാൽ ഇത്തരം നിരീക്ഷണങ്ങളെയും വെല്ലുവിളികളെയുമെല്ലാം അവഗണിച്ച് അദ്ദേഹം 1911 ലെ ദില്ലി ദർബാർ പ്രക്ഷോഭത്തിൽ പങ്കെടുക്കുക തന്നെ ചെയ്തു.
കൊൽക്കത്തയിലെ നാഷണൽ മെഡിക്കൽ കോളേജിലായിരുന്നു അദ്ദേഹം പഠിച്ചുകൊണ്ടിരുന്നത്. അന്നവിടെ ഗവൺമെന്റ് കോളേജുകളുമുണ്ടായിരുന്നു. എന്നാൽ നേഷണൽ മെഡിക്കൽ കോളേജിൽ നിന്ന് ബിരുദം നേടിയവരോട് അനീതി ചെയ്യുന്ന ഒരു നിയമം ‘ബോഗസ് മെഡിക്കൽ ആക്ട്’ എന്ന പേരിൽ സർക്കാർ നടപ്പിലാക്കി. ആ നിയമം രാഷ്ട്രഭക്തരായ വിദ്യാർഥികൾക്ക് ദോഷം ചെയ്യുന്നതും അപമാനകരവും നീതിക്ക് നിരക്കാത്തതുമായിരുന്നു. ഡോക്ടർജി ആ നിയമത്തിന്റെ വെല്ലുവിളി സ്വീകരിച്ചു. സർക്കാരിന്റെ അനീതികളെയെല്ലാം നഖശിഖാന്തം എതിർത്തിരുന്ന അശുതോഷ് മുഖർജിയെയും മറ്റും സമീപിച്ച് ആ നിയമത്തെ നേരിടുവാനുള്ള തന്റെ പദ്ധതിയെക്കുറിച്ച് വിശദീകരിച്ചു. ഡോക്ടർജിയുടെ കയ്യും ബുദ്ധിയും മിന്നൽ വേഗത്തോടെ പ്രവർത്തിച്ചു തുടങ്ങി. അന്നത്തെ പ്രസിദ്ധമായ പത്രങ്ങളിൽ പ്രക്ഷോഭത്തിന്റെ വാർത്തകൾ തുടർച്ചയായി വന്നുകൊണ്ടിരുന്നു. അവസാനം പ്രക്ഷോഭണത്തിന്റെ ചൂട് സഹിക്കവയ്യാതെ സർക്കാരിന് ആ നിയമം പിൻവലിക്കേണ്ടി വന്നു. അതോടെ ശാന്തിനികേതൻ ലോഡ്ജ് പലരുടെയും നോട്ടസ്ഥാനമായി. 1910 മുതൽ 1916 വരെ അദ്ദേഹം അവിടെ താമസിച്ചു. ആ സമയത്ത് അവിടെ ശ്യാംസുന്ദർ ചക്രവർത്തി. വിപിൻചന്ദ്ര പാൽ മുതലായ വിഖ്യാതർ വന്നുപോവുക പതിവായിരുന്നു.
1909-10 ആകുമ്പോഴേക്കും ബംഗാളിലെയും മധ്യപ്രാന്തത്തിലെയും വിപ്ലവകാരികൾ തമ്മിൽ സുദൃഢമായ ബന്ധം സ്ഥാപിക്കപ്പെട്ടു കഴിഞ്ഞിരുന്നു. നളിനീകിശോർ ഗുഹയുമായുള്ള ബന്ധം ഡോക്ടർജിയെ കൊൽക്കത്തയിലെ ‘അനുശീലൻ സമിതി’ എന്ന വിപ്ലവ പ്രസ്ഥാനത്തോടടുപ്പിച്ചു. അദ്ദേഹം താമസിയാതെ വിപ്ലവ സംഘത്തിന്റെ ഉള്ളറക്കാരനായി മാറി.1914 ൽ ഭാരത സർക്കാരിന്റെ ക്രിമിനൽ ഇന്റലിജൻസ് ഓഫീസ് ഇന്ത്യയിലെ രാഷ്ട്രീയ കുറ്റവാളികളുടെ വിവരങ്ങളടങ്ങിയ ഒരു പുസ്തകം പ്രസിദ്ധീകരിക്കുകയുണ്ടായി. വിപ്ലവ പ്രസ്ഥാനങ്ങളെക്കുറിച്ചും അതിന്റെ പ്രവർത്തനങ്ങളുമായി ബന്ധപ്പെടുന്നവരെക്കുറിച്ചുമെല്ലാമുള്ള വിവരങ്ങളായിരുന്നു അതിലുണ്ടായിരുന്നത്. പോലീസുകാർക്കും ഇന്റലിജൻസുകാർക്കുമിടയിൽ ബുക്ക് 1914 എന്ന പേരിലറിയപ്പെട്ട ആ പുസ്തകത്തിൽ മധ്യ പ്രാന്തത്തിൽനിന്ന് ഡോ. ഹെഡ്ഗേവാറിന്റെ പേരും മറ്റു വിശദാംശങ്ങളും രേഖപ്പെടുത്തിയിരുന്നു. അദ്ദേഹത്തിന്റെ ശാരീരിക ഘടനയും നീൽ സിറ്റി സ്കൂൾ മുതൽ അനുശീലൻ സമിതി വരെയുള്ള പ്രവർത്തനങ്ങളും അതിൽ വിവരിച്ചിരുന്നു.
ഒന്നാം ലോക മഹായുദ്ധം തുടങ്ങിയപ്പോൾ 1915 ൽ ബ്രിട്ടീഷ് സേനയുടെ മെഡിക്കൽ സർവ്വീസിലേക്ക് ഹെഡ്ഗേവാർ സമർപ്പിച്ച അപേക്ഷ ഒരു കാരണം കൂടാതെ തന്നെ തിരിച്ചയക്കപ്പെട്ടു. സാമ്രാജ്യത്വ ശക്തികളുടെ സേനയിൽ അക്കാലത്ത് ഡോക്ടർമാരുടെ വലിയ ആവശ്യം ഉണ്ടായിരുന്നിട്ടും ഡോക്ടർജിയുടെ അപേക്ഷ നിരുപാധികം പിന്തള്ളപ്പെട്ടു. സൈന്യത്തിൽ കടന്നുകൂടി 1857 ൽ നടന്നതുപോലെ ഒരു കലാപമുണ്ടാക്കാൻ ഡോക്ടർജി കൊൽക്കത്തയിലെ സുഹൃത്തുക്കളുമൊത്ത് പദ്ധതി തയ്യാറാക്കിയിരുന്നു. പിന്നീട് നാഗ്പൂരിലേക്ക് മടങ്ങിയെത്തിയ അദ്ദേഹം ഒന്നാം ലോക മഹായുദ്ധ സമയത്ത് ബ്രിട്ടനുണ്ടായ പ്രതിസന്ധി മുതലെടുത്തുകൊണ്ട് ഭാരതത്തിന് പൂർണ സ്വാതന്ത്ര്യം നേടിയെടുക്കാനുള്ള സംഘടിത പ്രവർത്തനം അനിവാര്യമാണെന്ന് ആഗ്രഹിച്ചു. പ്രദേശത്തെ ദേശീയവാദികളുമായി ചർച്ചചെയ്ത് സൈന്യത്തിലേക്കുള്ള റിക്രൂട്ട്‌മെന്റ് പ്രക്രിയയിൽ വിഘ്നങ്ങൾ സൃഷ്ടിച്ചു. അവിടെ സായുധ വിപ്ലവത്തിനുള്ള ശ്രമങ്ങൾ നടത്തുകയും ചെയ്തു.
വിപ്ലവ പ്രസ്ഥാനങ്ങളുടെ പരിമിതിയും പരാജയവും തിരിച്ചറിഞ്ഞ ഡോക്ടർജി സംഘടിതമായ ജനകീയ പ്രക്ഷോഭത്തിന്റെ മാർഗ്ഗം സ്വീകരിച്ചു കൊണ്ട് ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ അംഗമായി. കോൺഗ്രസിൽ സജീവമായതോടെ അദ്ദേഹത്തിന്റെ ഉത്തരവാദിത്വങ്ങളും വർധിച്ചു. 1920 ലെ കോൺഗ്രസ് സമ്മേളനം നടന്നത് നാഗ്പൂരിൽ വെച്ചായിരുന്നു. സമ്മേളനത്തിന്റെ സ്വാഗത സംഘത്തിൽ ഡോക്ടർജിയും അംഗമായിരുന്നു. സമ്മേളനത്തിന്റെ വിഷയസമിതിയിൽ അദ്ദേഹം ഒരു സമാന്തര പ്രമേയം കൊണ്ടു വന്നു. ഈ പ്രമേയത്തിൽ കോൺഗ്രസിന്റെ ലക്ഷ്യത്തെ പുനർനിർവചിച്ചുകൊണ്ട് എഴുതിയ വാക്കുകൾ അദ്ദേഹത്തിന്റെ സാമ്രാജ്യത്വ വിരുദ്ധത വ്യക്തമാക്കുന്നു. അതിങ്ങനെയാണ് “ഭാരത റിപ്പബ്ലിക്ക് സ്ഥാപിക്കുകയും സാമ്രാജ്യത്വത്തിന്റെ അനീതിയിൽ നിന്നും രാജ്യത്തെ രക്ഷിക്കുകയുമാണ് ലക്ഷ്യം”. ഡോക്ടർജിയുടെ ഈ പ്രമേയം സമ്മേളനത്തിൽ അംഗീകരിക്കപ്പെട്ടില്ലെങ്കിലും സാമ്രാജ്യത്വത്തിന്റെ പിടിയിലമർന്ന മറ്റു രാജ്യങ്ങളെ ഒരുമിപ്പിക്കാനും ഭാരത സ്വാതന്ത്ര്യ സമരത്തെ അവയുമായി ബന്ധിപ്പിക്കാനും ഇതുകൊണ്ട് കഴിഞ്ഞു. ഇതേക്കുറിച്ച് ‘മോഡേൺ റിവ്യൂ’ ഇങ്ങനെ എഴുതി –
But the proposed resolution which excited laughter among serious minded people, deserved a better fate than it met with the subject committee.”
ഈ സമ്മേളനത്തിനു ശേഷം അദ്ദേഹം പ്രദേശത്തെ പ്രധാന കോൺഗ്രസ് നേതാക്കളിൽ ഒരാളായി ഗണിക്കപ്പെട്ടു. നിസ്സഹകരണ പ്രക്ഷോഭത്തിന്റെ കാലത്ത് അദ്ദേഹം പല സ്ഥലങ്ങളിലായി ഡസൻകണക്കിന് യോഗങ്ങളിൽ പ്രസംഗിച്ചു.
1921 ജനുവരി മുതൽ മെയ് വരെ മധ്യപ്രാന്തത്തിൽ നിന്ന് 7 പേർക്കെതിരെ സർക്കാർ രാജ്യദ്രോഹ കുറ്റത്തിന് കേസെടുത്തിരുന്നു. ഇതിൽ നാഗ്പൂരിൽ നിന്ന് ഡോക്ടർ ഹെഡ്ഗേവാറുമുണ്ടായിരുന്നു (ഫയൽ നമ്പർ 28/1921 രാജ്നീതിക് വിഭാഗം 1. നാഷണൽ മ്യൂസിയം). 1921 ലെ സത്യഗ്രഹത്തിൽ പങ്കെടുത്തതിന് അദ്ദേഹം ബന്ധനസ്ഥനായി. ബ്രിട്ടീഷ് സർക്കാർ അദ്ദേഹത്തിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി. കേസിന്റെ വിചാരണക്കിടയിൽ അദ്ദേഹം അധിനിവേശവാദത്തെ (കൊളോണിയലിസം) മനുഷ്യത്വ ഹീനവും മൂല്യരഹിതവും, ഭരണഘടനാ വിരുദ്ധവുമായ ക്രൂര ഭരണവ്യവസ്ഥയെന്ന് വിശേഷിപ്പിച്ച് പോലീസ് സംവിധാനത്തെയും ഭരണവ്യവസ്ഥയെയും നിശിതമായി വിമർശിച്ചു. പ്രകോപിതനായ ന്യായാധിപൻ ഈ വിമർശനത്തെ നേരത്തെ നടത്തിയ പ്രസംഗത്തെക്കാൾ ‘രാജ്യദ്രോഹ’ പരമായി പ്രഖ്യാപിച്ചു – ‘His defence is more seditious than his speech’. ഈ കേസിന്റെ വിചാരണയ്ക്ക് ഏഴു വർഷം മുൻപുതന്നെ വിപ്ലവ പ്രവർത്തനങ്ങൾ കാരണം അധിനിവേശ സർക്കാർ അദ്ദേഹത്തെ ‘അപകടകാരിയാവാൻ സാധ്യതയുള്ള രാഷ്ട്രീയ കുറ്റവാളി’കളുടെ പട്ടികയിൽ പെടുത്തിയിരുന്നു. ജനങ്ങളെ സർക്കാരിനെതിരെ തിരിച്ചു വിടുന്നതായും പോലീസ് സ്റ്റേഷനു ബോംബെറിഞ്ഞതുമായ കുറ്റങ്ങൾ അദ്ദേഹത്തിന് മേൽ ചുമത്തിയിരുന്നു. ഇതിനും മുമ്പ് വിദ്യാർഥിയായിരിക്കെ സ്കൂളിൽ ‘വന്ദേമാതരം’ പാടിയതിനും അതിനു മാപ്പ് പറയാതിരുന്നതിന്റെയും പേരിൽ സ്കൂളിൽ നിന്ന് പുറത്താക്കിയിരുന്നു. പിന്നീട് നിസ്സഹകരണ പ്രസ്ഥാനത്തിനു ശേഷം രാജ്യത്ത് നടന്ന രണ്ടാമത്തെ വലിയ പ്രക്ഷോഭമായ നിയമലംഘന സമരവുമായി ബന്ധപ്പെട്ട് അതിന് നേതൃത്വം നൽകിയ കുറ്റത്തിന് അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയും 9 മാസത്തെ കഠിന തടവിന് ശിക്ഷിക്കുകയും ചെയ്തു.
സ്വാതന്ത്ര്യസമരത്തിൽ ഡോക്ടർജിയുടെ പങ്കിനെ സൂചിപ്പിക്കുന്ന നിരവധി സംഭവങ്ങളുണ്ട്. എന്നാൽ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ രാജ്യത്തിന്റെ സ്വാതന്ത്ര്യം എന്ന ലക്ഷ്യത്തിൽ മാത്രം പരിമിതമായിരുന്നില്ല. പ്രാചീനമായ ഭാരതമെന്ന രാഷ്ട്രം എങ്ങനെ അസ്വതന്ത്രമായി എന്നും ഭാരതത്തെ എങ്ങിനെ സുശക്തവും സംഘടിതവുമായ രാഷ്ട്രമാക്കി മാറ്റാനാകുമെന്നും അദ്ദേഹം ചിന്തിച്ചു. ഒരു സ്വപ്നാടകനെ പോലെ ജീവിതം മുഴുവൻ ഈ ചോദ്യത്തിന് അദ്ദേഹം ഉത്തരം തേടി. രാഷ്ട്ര താത്പര്യത്തിനും പുനർനിർമ്മാണത്തിനും സംഘാടനത്തിനും വേണ്ടിയുള്ള ഏതു പ്രവൃത്തിയും ‘ഈശ്വരീയകാര്യ’ മാണെന്ന നിഗമനത്തിലാണ് അദ്ദേഹമെത്തിയത്. ഇതേ ലക്ഷ്യത്തെ മുന്നിൽ കണ്ടു കൊണ്ടാണ് അദ്ദേഹം രാഷ്ട്രീയ സ്വയംസേവക സംഘം സ്ഥാപിച്ചത്. ഭാരതത്തെപ്പോലെ പ്രാചീനവും കോടിക്കണക്കിന് ജനങ്ങളുള്ളതുമായ ഒരു രാഷ്ട്രത്തെ കേവലം പതിനായിരക്കണക്കിന് വരുന്ന ബ്രിട്ടീഷുകാർക്ക് വർഷങ്ങളോളം അടക്കിഭരിക്കാൻ കഴിഞ്ഞത് അവരുടെ ശക്തികൊണ്ടല്ല മറിച്ച് നമ്മുടെ തന്നെ അനൈക്യവും അസംഘടിതാവസ്ഥയും കാരണമാണെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. ബ്രിട്ടീഷുകാർ പോയതുകൊണ്ട് മാത്രം എല്ലാമായി എന്ന ഉപരിപ്ലവ ചിന്ത അദ്ദേഹത്തിനുണ്ടായിരുന്നില്ല. സ്വാതന്ത്ര്യം നേടിയടുക്കാനും നേടിയ സ്വാതന്ത്ര്യത്തെ എന്നന്നേക്കുമായി നിലനിർത്താനുമെല്ലാം കഴിയണമെങ്കിൽ സാധാരണക്കാരായ ജനങ്ങളെ ഭാരതത്തോട് ഭക്തിയുള്ളവരാക്കി മാറ്റണമെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. ഭാരതത്തിന്റെ ദേശീയ ജനത രാഷ്ട്രാഭിമുഖ്യമുള്ളവരും പൂർണ സമർപ്പിതരുമാകാതെ മറ്റെന്ത് ചെയ്താലും അത് കേവലം തൊലിപ്പുറത്തെ ചികിത്സ മാത്രമേയാകൂ എന്ന് ഭിഷഗ്വരനായ അദ്ദേഹം കണ്ടെത്തി. സംഘടന സ്ഥാപിച്ച് യുവാക്കളെ പരിശീലിപ്പിക്കാൻ അദ്ദേഹം തീരുമാനിച്ചു. അങ്ങനെയാണ് 1925 ൽ ഏതാനും യുവാക്കളേയും കൂട്ടി അദ്ദേഹം രാഷ്ട്രീയ സ്വയംസേവക സംഘത്തിന് തുടക്കം കുറിച്ചത്. “യുവാക്കൾ യാതൊരു കൈമുതലുമില്ലാതെ സമരത്തിൽ പങ്കെടുക്കുന്ന പക്ഷം അത് അവർക്കും സമരത്തിനും ഒരുപോലെ ദോഷം ചെയ്യുമെന്നും പരിശീലനത്തിനു മുൻപ് പടയാളികളെ പടക്കളത്തിലിറക്കുന്നത് ഗുണകരമല്ലെന്നും” അദ്ദേഹം മനസ്സിലാക്കി. അതുകൊണ്ട് തന്നെ സംഘത്തിലൂടെ യുവാക്കൾക്ക് ശാരീരികവും മാനസികവുമായ പ്രശിക്ഷണം നൽകാൻ അദ്ദേഹം തീരുമാനിച്ചു.
ഡോക്ടർ ഹെഡ്ഗേവാറിനെക്കുറിച്ച് ഗവേഷണാത്മകമായി പഠിച്ചിട്ടുള്ള പണ്ഡിതന്മാരിൽ പോലും സംഘസ്ഥാപനത്തിന്റെ ലക്ഷ്യത്തെക്കുറിച്ച് വ്യത്യസ്ത അഭിപ്രായങ്ങളുണ്ട്. “സ്വാതന്ത്ര്യ ലബ്ധി എന്ന ഉദ്ദേശ്യം നേടാൻ വേണ്ടി മാത്രമാണ് ഡോ.ഹെഡ്ഗേവാർ സംഘം സ്ഥാപിച്ചത് ” എന്നാണ് ശ്രീ ദേവേന്ദ്ര സ്വരൂപിനെ പോലുള്ളവരുടെ അഭിപ്രായം. ദത്തോപാന്ത് ഠേംഗിഡിയുടെ അഭിപ്രായത്തിൽ “ഹെഡ്ഗേവാർ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി സംഘത്തെ ഒരുക്കിയെടുത്തിരുന്നുവെങ്കിൽ കൂടി അദ്ദേഹത്തിന്റെ യഥാർത്ഥ ലക്ഷ്യം ഭാരതത്തെ ശക്തവും വൈഭവശാലിയുമായ രാഷ്ട്രമെന്ന നിലയിൽ വളർത്തുക എന്നതായിരുന്നു. ഈ കാര്യമാകട്ടെ സ്വാതന്ത്ര്യമില്ലാതെ സാധിക്കുകയുമില്ല”. 1924 മേയിൽ ‘സ്വാതന്ത്ര്യ’യിലെഴുതിയ ലേഖനം സ്വാതന്ത്ര്യ സമര പോരാട്ടത്തെക്കുറിച്ചുള്ള ഡോക്ടർജിയുടെ നിലപാട് വ്യക്തമാക്കുന്നതായിരുന്നു. “രാജ്യം വിദേശ അടിമത്വത്തിൽ നിന്ന് എങ്ങനെ മോചനം നേടും എന്ന ഗഹനമായ പ്രശ്നത്തെ ഭാരതം ഇപ്പോൾ അഭിമുഖീകരിച്ചുകൊണ്ടിരിക്കുകയാണ്. നമ്മുടെ ശത്രുവായ ബ്രിട്ടൻ കൂടുതൽ കരുത്തുള്ളവരും അനുഭവവുമുള്ളവരുമാണെന്ന് അറിയുമ്പോൾ പ്രശ്നത്തിന്റെ ഗൗരവം വർദ്ധിക്കുന്നു. രാഷ്ട്രീയ പ്രശ്നങ്ങൾ വിജയകരമായി കൈകാര്യം ചെയ്യുന്നതിൽ കിഴക്കൻ രാജ്യങ്ങൾ പരാജയപ്പെടുമെന്ന ധാരണ നിലവിലുണ്ട്. ഭാരത ചരിത്രത്തിൽ ചന്ദ്രഗുപ്തൻ മുതൽ ശിവാജി വരെയുള്ളവരുടെ ചരിത്രം പരിശോധിച്ചാൽ ഇന്നത്തെ നമ്മുടെ രാഷ്ട്രീയം ഭാരതത്തിൽ ബ്രിട്ടന്റെ അധീശത്വം പരാജയപ്പെടുത്താൻ കഴിവുള്ളതാണെന്ന് കാണാൻ കഴിയും”.
1928 ൽ നടന്ന സൈമൺ വിരുദ്ധ സമരം നിസ്സഹകരണ പ്രക്ഷോഭത്തിനു ശേഷം നടന്ന സാമ്രാജ്യത്വ വിരുദ്ധ സമരത്തിൽ നിർണായകമായ ഒന്നായിരുന്നു. ബനാറസിൽ വെച്ചു ചേർന്ന കോൺഗ്രസ്സിന്റെ പ്രത്യേക സമ്മേളനത്തിൽ സൈമൺ കമ്മീഷനെ ബഹിഷ്കരിക്കാനും അഖിലഭാരത തലത്തിൽ ഹർത്താൽ നടത്താനും തീരുമാനിച്ചിരുന്നു. മറാഠി മധ്യ സംസ്ഥാന കോൺഗ്രസ് കമ്മിറ്റിയുടെ ജന. സെക്രട്ടറി ജോഷിയും ഡോ. ഹെഡ്ഗേവാർ കാര്യസമിതി അംഗവുമായിരുന്നു. സൈമൺ വിരുദ്ധ സമരത്തിന്റെ പ്രചരണത്തിന്റെ ചുമതല ഹെഡ്ഗേവാറിനായിരുന്നു. ആ സമയത്ത് നാഗ്പൂരിലും പരിസരങ്ങളിലുമായി സംഘത്തിന് 18 ശാഖകളുണ്ടായിരുന്നു. സമരത്തിൽ സംഘം പങ്കു വഹിച്ചു. കോൺഗ്രസ്സിന്റെ നിർദേശമനുസരിച്ച് പ്രവർത്തിച്ചുകൊള്ളാൻ ഹെഡ്ഗേവാർ നിർദേശിച്ചിരുന്നു. പ്രക്ഷോഭ പരിപാടികളുടെ പ്രചരണത്തിന്റെ ചുമതല സ്വയംസേവകർക്കായിരുന്നു.
‘തുടക്കം മുതൽ സംഘത്തിന്റെ ലക്ഷ്യം പൂർണസ്വാതന്ത്ര്യമായിരുന്നു. അതു നേടിയെടുക്കാൻ വേണ്ടി താൻ തനമനധനപൂർവകം പ്രവർത്തിക്കുന്നതാണെന്നും അതൊരു വ്രതമായിക്കരുതി ആജന്മം പാലിക്കുന്നതാണെന്നും ഓരോ സംഘാംഗവും പ്രതിജ്ഞചെയ്യേണ്ടിയിരുന്നു. ഇ.ജെ ബവറിഡ്ജ് എന്ന ബ്രിട്ടീഷ് രഹസ്യവകുപ്പുദ്യോഗസ്ഥൻ ‘സംഘത്തിന്റെ ഉദ്ദേശ്യം’ (Purpose of Sangh) എന്ന പേരിൽ എഴുതി സമർപ്പിച്ച റിപ്പോർട്ടിൽ ഈ പ്രതിജ്ഞയെക്കുറിച്ച് എടുത്തു പറയുന്നു. [രഹസ്യവിഭാഗം ഇന്ത്യൻ സർക്കാരിന്റെ ഫയലിലെ ആഭ്യന്തരവകുപ്പ്:Home pol.(Int) see F.no 28 8 42 Document No : DIB U O NO.37/D.G/43]. ‘എല്ലാ ദേശീയ പ്രസ്ഥാനങ്ങളുമായി ബന്ധപ്പെടേണ്ടത് സ്വാതന്ത്രത്തിനുവേണ്ടി പ്രവർത്തിക്കുന്ന ഏതൊരു സംഘടനയുടേയും കടമയാണ്’ എന്നായിരുന്നു ഹെഡ്ഗേവാർ 1930ൽ ഉപ്പു സത്യാഗ്രഹ സമയത്ത് സ്വയംസേവകരോടുപദേശിച്ചത്’. തുടക്കം മുതൽ അദ്ദേഹത്തിന്റെ നിലപാട് അതുതന്നെ ആയിരുന്നു. സ്വാതന്ത്ര്യ സമരത്തിൽ ഒരു വേദി, ഒരു പതാക, ഒരു ബാനർ, ഒരു പൊതുപരിപാടി എന്ന ആശയക്കാരനായിരുന്നു ഡോക്ടർ ഹെഡ്ഗേവാർ. ബ്രിട്ടീഷ് വിരുദ്ധ പ്രവർത്തനങ്ങളുടെ ശക്തി വിഭജിച്ചു പോകാതെ ഏകീകരിക്കണമെന്ന തത്വത്തിലാണ് അദ്ദേഹം വിശ്വസിച്ചിരുന്നത്. അതുകൊണ്ട് തന്നെ അധിനിവേശ ഭരണത്തിനെതിരെ തനിച്ച് പോരാടി വിജയം വരിക്കാൻ കഴിയാത്ത കാലത്തോളം സ്വാതന്ത്ര്യ സമരത്തിൽ കോൺഗ്രസുമായി ചേർന്നു പ്രവർത്തിക്കാമെന്ന നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്.
1929 ൽ കോൺഗ്രസ് ‘പൂർണ സ്വാതന്ത്ര്യ’ പ്രമേയം പാസാക്കിയപ്പോൾ അദ്ദേഹത്തിനു സന്തോഷമായി. സംഘം രൂപീകരിച്ചതിനു ശേഷം ആദ്യമായി, 1930 ജനുവരി 21ന് നാഗ്പൂരിൽ നിന്ന് എല്ലാ ശാഖകൾക്കും നിർദേശമയച്ചു. “കോൺഗ്രസ് അതിന്റെ ലക്ഷ്യം പൂർണസ്വാതന്ത്ര്യമാണെന്നു പ്രഖ്യാപിച്ചിരിക്കുന്നു. കോൺഗ്രസ് പ്രവർത്തക സമിതി 21.1.1930 സ്വാതന്ത്ര്യ ദിനമായി കൊണ്ടാടാൻ ആഹ്വാനം ചെയ്തിരിക്കുന്നു. പൂർണ സ്വാതന്ത്ര്യമെന്ന നമ്മുടെ ലക്ഷ്യം ഒടുവിൽ കോൺഗ്രസും അംഗീകരിച്ചു കാണുന്നതിൽ സ്വാഭാവികമായും നമുക്ക് സന്തോഷമുണ്ട്…അതുകൊണ്ട് സംഘത്തിന്റെ എല്ലാ ശാഖകളും അന്നേദിവസം അതാതു സംഘസ്ഥാനത്തിൽ സ്വയംസേവകരുടെ സമ്പൂർണ യോഗം വിളിച്ചുകൂട്ടി എന്തുകൊണ്ട് സ്വാതന്ത്ര്യം നമ്മുടെ ലക്ഷ്യമാണെന്ന് വിശദീകരിക്കണം. പൂർണസ്വാതന്ത്ര്യം ലക്ഷ്യമാക്കിയതിന് കോൺഗ്രസിനെ അനുമോദിച്ചു കൊണ്ട് വേണം യോഗം അവസാനിക്കേണ്ടത്”.
സംഘടനാപരമായ അസൂയയോ ദുരഭിമാനമോ വെച്ചുപുലർത്തി ദേശകാര്യത്തിനുവേണ്ടി പ്രവർത്തിക്കുന്ന ഇതരവിഭാഗങ്ങളോട് സംഘം ഒരിക്കലും സഹകരിക്കാതിരുന്നിട്ടില്ല. അവരുടെ വീഴ്ചയിൽ നിഗൂഢമായി സന്തോഷിച്ചതുമില്ല. സ്വയംസേവകരും സംഘവും ഒരുപോലെ നിസ്വർഥമായി പെരുമാറിപ്പോന്നു. 1936 ൽ ഡൽഹിക്കടുത്തുള്ള ഫൈസ്പൂരിൽ വെച്ച് നടന്ന കോൺഗ്രസ് വാർഷിക സമ്മേളനത്തിന്റെ അദ്ധ്യക്ഷൻ നെഹ്റുവായിരുന്നു. പ്രതീക്ഷാനിർഭരമായ പ്രാരംഭമുഹൂർത്തത്തിൽ പണ്ഡിറ്റ്ജി പതാക ഉയർത്തവേ അതു ഇടക്കുവെച്ച് കയറിൽ ചുറ്റിപ്പിണഞ്ഞു കീഴ്മേൽ പോകാതായി. അശുഭഛായ പ്രേക്ഷകരുടെ വദനങ്ങളിൽ പടർന്നു. പെട്ടെന്നൊരു ചെറുപ്പക്കാരൻ മുന്നോട്ടുവന്ന് കൊടിമരത്തിൽ കയറി കൊടി ശരിയാക്കി. അയാൾ ഒരു സ്വയംസേവകനായിരുന്നു. പ്രസ്തുത വിവരമറിഞ്ഞ ഡോക്ടർജി അയാളെ തുറന്നനുമോദിച്ചു. അയാൾക്കൊരു വെള്ളിക്കപ്പ് സമ്മാനിച്ചു.
വാർധയിൽ 1929 ഏപ്രിൽ 27,28 ദിനങ്ങളിൽ സ്വയംസേവകരുടെ ഒരു പരിശീലന ശിബിരം നടക്കുകയുണ്ടായി. സ്വരാജ്യത്തിനായി സർവ്വസ്വവും ത്യജിക്കാൻ തയ്യാറാകുവാനും, സംഘത്തിന്റെ അന്തിമ ലക്ഷ്യം സ്വരാജ്യമാണെന്ന് പരസ്യമായി പ്രഖ്യാപിക്കാനും അന്ന് ശിബിരത്തിൽ പ്രഭാഷണം ചെയ്തവരെല്ലാം സ്വയംസേവകരോട് ആഹ്വാനം ചെയ്തു. ഡോ. ഹെഡ്ഗേവാർ പറഞ്ഞു “ബ്രിട്ടീഷ് സർക്കാർ ഭാരതത്തിന് സ്വാതന്ത്ര്യം നൽകുമെന്ന് പലതവണ പറഞ്ഞു. എന്നാൽ ഇത് കളവായിരുന്നുവെന്ന് തെളിഞ്ഞിരിക്കുന്നു. ഭാരതം സ്വന്തം ബലത്തിൽ സ്വാതന്ത്ര്യം കൈവരിക്കേണ്ട സമയമായിരിക്കുന്നു. ബ്രിട്ടന്റെ പ്രഭുത്വം അംഗീകരിക്കാനാവില്ലെന്ന് അയർലണ്ട് പ്രഖ്യാപിച്ചു കഴിഞ്ഞു. ബ്രിട്ടീഷ് ഭരണാധികാരികൾക്ക് അയർലണ്ടുകാരുടെ മനസ്സ് ജയിക്കാൻ കഴിഞ്ഞില്ല. ഭാരതത്തിലെ ജനങ്ങളുടെ മനസ്സും അവർക്ക് കീഴടക്കാൻ കഴിഞ്ഞിട്ടില്ല. ബലം പ്രയോഗിച്ച് അവർ ഭാരതത്തെ അവരുടെ കോളനിയാക്കി വെച്ചിരിക്കുകയാണ്. ഓരോ ഭാരതീയനും അവൻ ഏത് മതത്തിൽ പെട്ട ആളായാലും, ഇനി ഹിന്ദുവായിരുന്നാലും നമ്മുടെ സ്വരാജ്യം ഹിന്ദു സ്വരാജ്യമാണ്. സ്വാതന്ത്ര്യ സമരത്തിൽ പങ്ക് ചേരാത്തവർ വിമർശിക്കപ്പെടേണ്ടവരാണ്. എല്ലാം ഭാരതീയരും ഹിന്ദുക്കളാണ്. സ്വരാജ്യം നേടുക എന്നത് അവരുടെ കർത്തവ്യമാകുന്നു”.
ഉപ്പുസത്യാഗ്രഹത്തിൽ സംഘത്തിന്റെ ഉന്നതാധികാരിയായ അപ്പാജി ജോഷിയും പ്രമുഖ സംഘാടകനായിരുന്ന ദാദാജി പരമാർത്ഥും ഡോക്ടർജിയോടൊപ്പം തന്നെ ജയിൽവാസം വരിച്ചു. പ്രായപൂർത്തിയാകാത്ത കിശോരന്മാർ ഡോക്ടർജിയുടെ നിർദേശമനുസരിച്ച് മർദ്ദനമേറ്റ സത്യാഗ്രഹികൾക്കുവേണ്ടി ശുശ്രൂഷാ ശിബിരങ്ങൾ സംഘടിപ്പിച്ചു. ഉഗ്രമായ സമരമുഖത്തിനു തൊട്ടുപിന്നിലെ രണ്ടാം നിരയെന്നപോലെ ആ കുട്ടികളെക്കൊണ്ട് ഈ പ്രവൃത്തി ചെയ്യിച്ച ഡോക്ടർജി അവരെ ദേശകാര്യത്തിനായി രംഗത്തിറങ്ങാനും ത്യാഗമനുഷ്ഠിക്കാനും പരിശീലിപ്പിക്കുകയായിരുന്നു.”
(ആർഎസ്എസും ഉണരുന്ന ഹിന്ദുത്വവും- ആർ.ഹരി)
ഗാന്ധിജിയുടെ നേതൃത്വത്തിൽ ആരംഭിച്ച നിയമലംഘന സമരത്തിൽ സ്വയംസേവകർ ആകൃഷ്ടരായി. ഹെഡ്ഗേവാർ സ്വയംസേവകരോടൊപ്പം സത്യഗ്രഹത്തിൽ പങ്കെടുത്തു. രാജ്യത്ത് മാറിവരുന്ന രാഷ്ട്രീയ ചുറ്റുപാടിൽ സംഘത്തിന്റെ പങ്ക് എന്തായിരിക്കണമെന്ന് ചർച്ച ചെയ്യാനായി 1929 നവംബറിൽ നാഗ്പൂരിൽ സംഘചാലകന്മാരുടെ ബൈഠക് കൂടുകയുണ്ടായി. കോൺഗ്രസ് പ്രഖ്യാപിച്ച സത്യഗ്രഹത്തിന് യാതൊരു നിബന്ധനകളുമില്ലാതെ സംഘം പൂർണ്ണ പിന്തുണ നൽകുമെന്ന് മൂന്നു ദിവസം നീണ്ടു നിന്ന ബൈഠക് കൂട്ടായി തീരുമാനിച്ചു. പിന്നീട് നടന്ന പുസദ് സത്യാഗ്രഹത്തിൽ ഹെഡ്ഗേവാറിനോടൊപ്പം നാരായൺ റാവു ദേശ്പാണ്ഡെ, ത്രയംബക റാവു ദേശ്പാണ്ഡെ, അപ്പാജി ജോഷി, തുടങ്ങിയ പ്രമുഖരും ഉണ്ടായിരുന്നു. വനനിയമം ലംഘിച്ചു ഹെഡ്ഗേവാർ അറസ്റ്റ് ചെയ്യപ്പെട്ടു. അദ്ദേഹത്തെ 9 മാസത്തെ കഠിനതടവിന് ശിക്ഷിച്ചു. നാഗ്പൂരിലെ സംഘചാലക് ആയിരുന്ന അപ്പാസാഹേബ് ഹദൽദേ വനസമരം നയിച്ച് ജയിലിലായി. സിർപ്പൂരിലെ സംഘചാലകൻ ബാഭു റാവു വൈദ്യയും അറസ്റ്റ് വരിച്ചു. സംഘത്തിന്റെ അഖിലഭാരതീയ അധികാരി (സംഘടനയിൽ ‘സേനാപതി’) ആയിരുന്ന മാർത്താണ്ട് ജോഗ് വാർ കൗൺസിലിലെ വളണ്ടിയർമാരുടെ ക്യാപ്റ്റനായി നിയമിക്കപ്പെട്ടു. കൗൺസിലിന്റെ രഹസ്യ പത്രമായ ‘വാർ ബുള്ളറ്റി’ന്റെ ഉത്തരവാദിത്വവും അദ്ദേഹത്തിനായിരുന്നു. പിന്നീട് സെപ്റ്റംബർ 4 ന് അദ്ദേഹം സംഘ സ്വയംസേവകരോടൊപ്പം സത്യഗ്രഹം ചെയ്ത് അറസ്റ്റ് വരിച്ചു. എല്ലാവർക്കും 4 മാസത്തെ കഠിന തടവ് വിധിച്ചു. അദ്ദേഹത്തോടൊപ്പവും ആയിരക്കണക്കിനാളുകൾ സത്യഗ്രഹത്തിനെത്തിയിരുന്നു. രാംബാവു വക്കറേ, വിറ്റൽ റാവു ഗാഡ്കെ, സീതാറാം പന്ത് മേഹ്കർ തുടങ്ങിയ അനേകം സംഘ നേതാക്കന്മാർ സത്യഗ്രഹത്തിന് നേതൃത്വം കൊടുത്തു. മേഹ്കർ യവത്മാലിൽ സംഘത്തിന്റെ ശിബിരത്തിലെ വ്യവസ്ഥാ പ്രമുഖായിരുന്നു. അദ്ദേഹം സംഘ സ്വയംസേവകർക്കൊപ്പമാണ് അറസ്റ്റ് വരിച്ചത് (‘കേസരി’ 1930 ഡിസംബർ 9). തലേഗ്രാമത്തിലെ ഡോ. അംബാദാസ് നാരായൺ, വിഷ്ണു ഗോവിന്ദ് ഘോട്കർ, വിട്ടൽ ഭാമജി ലോഹൻ തുടങ്ങിയ സ്വയംസേവകർക്ക് 4 മാസത്തെ കഠിന തടവ് ശിക്ഷ ലഭിച്ചു (‘കേസരി’ 1930ആഗസ്ത് 2, : 1930 ജൂലായ് 22). ഡോക്ടർ ഹെഡ്ഗേവാർ ഉൾപ്പെടെ 125 സ്വയംസേവകർ അകോല ജയിലിൽ അടക്കപ്പെട്ടിരുന്നു. അക്കാലത്ത് സ്വയംസേവകർക്ക് പരിശീലനം നൽകിക്കൊണ്ട് സംഘം അതിന്റെ പരിശീലന ശിബിരങ്ങളിൽ പ്രഥമ ശുശ്രൂഷക്കായി ശുശ്രൂഷ പഥക് ഉണ്ടാക്കിയിരുന്നു. ഇതിൽ 100 സ്വയംസേവകരുണ്ടായിരുന്നു. ഈ സംഘം മധ്യ സംസ്ഥാനത്തിൽ സമരകാലത്ത് പ്രമുഖ പങ്ക് നിറവേറ്റുകയുണ്ടായി. പ്രകടനങ്ങൾക്കും സമ്മേളനങ്ങൾക്കുമായി സത്യഗ്രഹികളോടൊപ്പം സ്വയംസേവകരുടെ ഈ സംഘം പോകാറുണ്ടായിരുന്നു. പോലീസിന്റെ പീഡനമേറ്റു വീഴുന്ന സത്യഗ്രഹികൾക്ക് ഇവർ പ്രാഥമിക ചികിത്സ നൽകിയിരുന്നു.
1931 മാർച്ച് 23 ന് ഭഗത്സിംഗ്, രാജ്ഗുരു, സുഖദേവ് എന്നിവരെ തൂക്കിലേറ്റിയപ്പോൾ ഡോ. ഹെഡ്ഗേവാർ ക്ഷുഭിതനായി കാണപ്പെട്ടു. സംഘശാഖകളിൽ മാർച്ച് 24 ന് പ്രത്യേക പരിപാടികൾ സംഘടിപ്പിക്കുകയും ഈ വിപ്ലവകാരികൾക്ക് ശ്രദ്ധാഞ്ജലികൾ അർപ്പിക്കുകയും ചെയ്തു. 1929 മുതൽ തന്നെ പോലീസും ഭരണകൂടവും സംഘത്തിനുമേൽ സംശയാസ്പദമായ ദൃഷ്ടി പതിപ്പിച്ചു തുടങ്ങിയിരുന്നു. “വർദ്ധയിൽ ഒരു കാര്യമാണ് ശ്രദ്ധിക്കാനുള്ളത്. അവിടെ രാഷ്ട്രീയ സ്വയംസേവക സംഘം പ്രവർത്തനം തുടങ്ങിയിരിക്കുന്നു. ഹിന്ദുക്കളെ സംഘടിപ്പിക്കുകയാണ് ലക്ഷ്യമെന്ന് പറയുന്നുണ്ടെങ്കിലും അതിന്റെ അന്തിമ ലക്ഷ്യം സ്വരാജ്യ പ്രാപ്തി തന്നെയാണ് ” എന്നാണ് സർക്കാരിന്റെ 1929 മെയ് മാസത്തെ രഹസ്യാന്വേഷണ റിപ്പോർട്ടിൽ പറയുന്നത്. 1932 ഡിസംബറിൽ സർക്കാർ ഒരു സർക്കുലറിലൂടെ സർക്കാർ ഉദ്യോഗസ്ഥന്മാർ സംഘപ്രവർത്തനവുമായി ബന്ധപ്പെടുന്നത് തടഞ്ഞു. സംഘപ്രവർത്തനത്തെ അടിച്ചമർത്താൻ സർക്കാർ നിരന്തരം ശ്രമിച്ചുകൊണ്ടിരുന്നു. ബ്രിട്ടീഷ് ഭരണകൂടത്തിന്റെ അടിച്ചമർത്തലുകളും ആ അടിച്ചമർത്തലുകളെ സംഘം എങ്ങനെ നേരിട്ടു, അതിനിടയിലും എങ്ങനെ വളർച്ച പ്രാപിച്ചു എന്നും വിസ്തരഭയത്താൽ ഇവിടെ വിവരിക്കാൻ മുതിരുന്നില്ല.(രാകേശ് സിൻഹയുടെ പുസ്തകത്തിൽ അതേക്കുറിച്ച് വിശദമായി പ്രതിപാദിക്കുന്നുണ്ട്)
“1942 ൽ സംഘം കൂടുതൽ വ്യാപിച്ചതോടെ സ്വാതന്ത്ര്യത്തിനായുള്ള ഒരുക്കങ്ങൾ കൂടുതൽ കരുത്താർജിച്ചു. അപ്പോഴേക്കും ഹെഡ്ഗേവാർ നിര്യാതനായി രണ്ടുകൊല്ലം കഴിഞ്ഞിരുന്നു. എന്നാലും അദ്ദേഹത്തിന്റെ പാരമ്പര്യം അഭംഗുരം തുടർന്നു. ഒരു കാലത്ത് രാജ്ഗുരുവിന് സംഘാധികാരിയായ ഭയ്യാജിദാണിയുടെ ഉമ്രേഡ് ഗ്രാമത്തിലെ കളപ്പുരയിൽ അഭയമേർപ്പെടുത്തിയിരുന്നു. 42 ലെ ക്വിറ്റിന്ത്യാ സമരകാലത്ത് ദൽഹിയിലെ സംഘചാലക് ഹംസരാജഗുപ്ത അതേ പാരമ്പര്യം പുലർത്തി ജയപ്രകാശിനും അരുണാ അസഫ് അലിക്കും അഭയം നൽകി. ഊന്ധിലെ സംഘചാലക് ആയിരുന്ന എസ്ഡി സാത്വലേക്കർ നാനാപാട്ടീലിന് അഭയംകൊടുത്തു. ശ്രീ പാട്ടീലിന്റെ കൂട്ടുകാരനായ കിസാൻ വീരിന് അഭയം നൽകി. പൂനാ സംഘചാലകായിരുന്ന ഭാവുസാഹേബ് ദേശ്മുഖിന്റെ വീട്ടിലായിരുന്നു സുപ്രസിദ്ധ സോഷ്യലിസ്റ്റ് ഗാന്ധിയനായിരുന്ന സാനെഗുരുജി ഒളിവിൽ താമസിച്ചിരുന്നത്. ഇതുപോലെ അച്ചുതപട്വർദ്ധൻ പോലുള്ള നിരവധി പേർ സാധാരണ സ്വയംസേവകരുടെ വീടുകളിലാണ് താമസിച്ചത്.1942 ലെ സമരത്തിന്റെ പ്രധാനമായും രാഷ്ട്രീയപ്രാധാന്യമായും ധാരാളം എഴുതപ്പെട്ടിട്ടുണ്ടെങ്കിലും ഒളിപ്രവർത്തനം ആസൂത്രണം ചെയ്തതിനെപ്പറ്റി വേണ്ടത്ര ചർച്ച ചെയ്യപ്പെട്ടിരുന്നെങ്കിൽ സംഘസ്വയംസേവകരും നേതാക്കന്മാരും അതിൽ വഹിച്ച പങ്ക് കൂടുതൽ മനസ്സിലാക്കാൻ കഴിയുമായിരുന്നു.
1942ൽ രാംടെക്കിലെ സംഘസ്വയംസേവകനായിരുന്ന ആർ കെ ദേശ്പാണ്ഡെയും കൂട്ടരും അക്രമരാഹിത്യത്തിന്റെ വരമ്പുകൾ വെട്ടിപ്പൊളിച്ചു. ആ സംഭവത്തിൽ 5 ഇംഗ്ലീഷുകാർ മരിച്ചു. കേസിൽ ദേശ്പാണ്ഡെയെ തൂക്കിലേറ്റാൻ വിധിച്ചു. പിന്നീടുണ്ടായ രാഷ്ട്രീയമാറ്റമാണ് അദ്ദേഹത്തെ രക്ഷിച്ചത് പിന്നീട് അദ്ദേഹം ഗിരി വർഗക്കാർക്കായി ജീവിതമുഴിഞ്ഞു വെച്ചു. ഈ സംഭവം ‘അഷ്ടിചിപൂർ കേസ്’ എന്ന പേരിൽ പ്രസിദ്ധമായിരുന്നു. എന്നാൽ സമരത്തിന്റെ അക്രമരഹിത സ്വഭാവം എടുത്തുകാട്ടാനുള്ള വ്യഗ്രതയിലാവാം ഈ സംഭവത്തിന് മങ്ങലേറ്റത്.
ഇവിടെ, ഇന്ത്യയിൽ ആരെല്ലാമാണ് ദേശീയസമരങ്ങൾക്കും പ്രസ്ഥാനങ്ങൾക്കും അനുകൂലം ആരെല്ലാമാണ് പ്രതികൂലം ആർക്കൊക്കെയാണ് ദേശീയതയിൽ വിശ്വാസമുള്ളത്, ആർക്കൊക്കെയാണില്ലാത്തത് എന്നീവക കാര്യങ്ങൾ എങ്ങിനേയും അടക്കി ഭരിക്കാൻ ആഗ്രഹിച്ചിരുന്ന ഇംഗ്ലീഷുകാർക്ക് മറ്റാരെക്കാൾ കൂടുതലറിയാമായിരുന്നു. അവരുടെ റിപ്പോർട്ടുകളും അഭിപ്രായങ്ങളുടങ്ങുന്ന രേഖകളുടെ സമുച്ചയം ദൽഹിയിലെ ആർക്കൈവ്സിൽ വെച്ചിട്ടുണ്ട്. ഏത് സത്യാന്വേഷിക്കും അവ പരിശോധിക്കാം. സംഘത്തെക്കുറിച്ചും അവിടെ രേഖകളുണ്ട്.
അക്കൊല്ലം പൂനയില് നടന്ന സംഘശിക്ഷാ വർഗിലെ പ്രസംഗങ്ങൾ എങ്ങനെയായിരുന്നുവെന്ന് (Poll-int-sect file no 28.08.1942 poll page 20) ൽ പറയുന്നു 27.04.1942ന് അദ്ദേഹം (ഗോൾവൽക്കർ) സർക്കാരിനെ സ്വാർഥത്തിനായി സഹായിക്കുന്നവരെ ആവോളം ആധിക്ഷേപിച്ചു. 28.04.1942 ന് അദ്ദേഹം പ്രഖ്യാപിച്ചതിങ്ങനെയാണ്: മുഴുവൻ ലോകമെതിർത്താലും നമ്മുടെ സംഘം അതിന്റെ കർത്തവ്യം നിറവേറ്റാൻ നിശ്ചയിച്ചിരിക്കയാണ്. അതിനുവേണ്ടി വളണ്ടിയർമാർ (ഫയലിലെ വാക്ക്) ദേശത്തിനായി ജീവൻ തന്നെ ത്യജിക്കാൻ സന്നദ്ധമാകണം 03.05.1942.ന് അദ്ദേഹം പറഞ്ഞു : വിദേശീയരോട് പിച്ച ചോദിച്ച് ‘സ്വരാജ്’ നേടാനാവില്ല. അതു ശക്തിയിൽ കൂടിയേ കഴിയൂ. നാം നമ്മുടെ ശക്തി ദുർവ്യയം ചെയ്യരുത്. അത് സംഭരിച്ചൊരുക്കി നിർത്തുക. തക്ക സമയത്ത് പ്രയോഗിക്കണം
05.05.1942ന് അദ്ദേഹം വീണ്ടും പറഞ്ഞു: യുദ്ധം നടക്കുന്നതിൽ എനിക്ക് സന്തോഷമുണ്ട് ദേശത്തിന്റെ വിമോചനം അടുത്തടുത്തുവരുന്നു. യുദ്ധദേവതയെ കുസുമങ്ങൾ കൊണ്ടല്ല ജീവിതക്കുരുതി കൊണ്ടാണ് ആരാധിക്കേണ്ടത്.
അതേ റിപ്പോർട്ടിൽ രഹസ്യമായി ചോർത്തിയെടുത്ത ഒരു സ്വയംസേവകന്റെ കത്തും ആഭ്യന്തരവകുപ്പിലെ ഇ.ജെ ബെവറിയുടെ കുറിപ്പും വെച്ചിട്ടുണ്ട്. അതിൽ പറയുന്നു : ഗ്വാളിയാറിലെ ഒരു ആർഎസ്എസ് മെമ്പർ തന്റെ കൂട്ടുകാരന് സംഘത്തിന്റെ നയത്തെക്കുറിച്ചെഴുതി. അയാൾക്കത് ലക്നോവിലെ സംഘപ്രചാരകിൽ നിന്ന് കിട്ടിയതാണ്. അയാൾ പറയുന്നു: ഡോക്ടർജി മരിക്കുന്നതിനു മുൻപ് ചില കാര്യങ്ങൾ നിർദേശിച്ചിരുന്നു. നഗരങ്ങളില് മൂന്നും ഗ്രാമങ്ങളിൽ ഒന്നും ശതമാനം ജനങ്ങളെ സംഘത്തിൽ ചേർക്കണം. അവർക്ക് നന്നായി പരിശീലനം നൽകണം. ഏതു കാര്യം ചെയ്യുമ്പോഴും നന്നായി ആലോചിക്കണം. വലിയൊരു പ്രക്ഷോഭത്തിനായി ഒരുങ്ങിയിരിക്കണം. അങ്ങിനെ നാം സംഘടിച്ചു കഴിഞ്ഞാൽ പിന്നെ സ്വാതന്ത്ര്യം നേടിയെടുക്കാനുള്ള പുറപ്പാടായി”. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ “ഈ വിപത്തിനെതിരെ (ആർഎസ്എസിനെതിരെ) നടപടികളെടുക്കേണ്ടത് ആവശ്യമാണെന്നു തോന്നുന്നു” എന്ന് ഇംജി ഡാരി എല്ലാ സംസ്ഥാന റസിഡണ്ടുമാർക്കും 05.06.1943 ന് കത്തെഴുതി. സ്വാതന്ത്ര്യസമരത്തെ പിന്നിൽ നിന്ന് കുത്തിയതിന് പാരിതോഷികമായി കമ്യൂണിസ്റ്റ് പാർട്ടിയുടെ നിരോധനം നീക്കിയ കാലഘട്ടത്തിലായിരുന്നു സംഘത്തിനെതിരെ ഗൂഢാലോചന നടന്നതെന്ന് പ്രത്യകം ഓർക്കണം”.(ആർഎസ്എസും ഉണരുന്ന ഹിന്ദുത്വവും- ആർ.ഹരി)
മാത്രമല്ല ഡോ.മുഞ്ജെയുടെ നേതൃത്വത്തിലുള്ള ഹിന്ദുമഹാസഭയടക്കം കോളനി ഭരണാധികാരികളെ സന്ദർശിച്ച് ചർച്ച നടത്തിയപ്പോൾ ബ്രിട്ടനിലെ അധിനിവേശ സർക്കാരിന്റെയോ ഭരണാധികാരികളുടെയോ അരികിൽ പ്രതിനിധി സംഘത്തെ അയക്കാതിരിക്കുകയും അവരുമായി ഒരിക്കലും ചർച്ചയ്ക്ക് തയ്യാറാവാതിരിക്കുകയും ചെയ്ത ഏക സംഘടന രാഷ്ട്രീയ സ്വയംസേവക സംഘമായിരുന്നു.
മഹാരാഷ്ട്രയിൽ പ്രചാരകായിരുന്ന നരവണെ പതിനേഴ് സ്വയംസേവകരോടുകൂടി ദാദ്രാഹവേലി പ്രദേശങ്ങൾ വിമോചിപ്പിക്കുക തന്നെ ചെയ്തു. ദീർഘകാലം ദില്ലി പഞ്ചാബ് രാജസ്ഥാൻ പ്രവിശ്യകളുടെ പ്രചാരകനായിരുന്ന ശ്രീവസന്തറാവു ഓക്ക് സമരനായകനായി പോയി.
ഗോവയിൽ വെച്ച് അദ്ദേഹത്തിന് തുടയിൽ വെടിയേറ്റു. ഭാഗ്യം കൊണ്ട് ജീവൻ തിരിച്ചുകിട്ടി. കേരളത്തിൽ നിന്നും സർവ്വശ്രീ എ ശങ്കരമേനോൻ, ടി സുകുമാരൻ, ഇ.പി ഗോപാലൻ എന്നിവരടക്കം ആറ് സ്വയംസേവകർ പോയിരുന്നു അവർക്കെല്ലാം സ്വാതന്ത്ര്യസമര പെൻഷൻ കിട്ടുന്നുണ്ട്. അവരിൽ രണ്ടുപേർ സംഘപ്രചാരകന്മാരായിരുന്നു.
നാളിതുവരെ നടന്ന സ്വാതന്ത്ര്യ സമരങ്ങളിൽ മാത്രമല്ല, നേടിയ സ്വാതന്ത്ര്യത്തെ സംരക്ഷിക്കാനും സംഘം രംഗത്തുവന്നു. നിത്യജാഗരൂകതയാണ് സ്വാതന്ത്ര്യത്തിന്റെ വിലയെന്ന ആപ്തവാക്യം അന്വർത്ഥമാക്കിക്കൊണ്ട് ദൽഹിയിലെ ‘ആർഎസ്എസ് കുട്ടികൾ’ പാക്കിസ്ഥാന്റെ ഗൂഢാലോചന വിഫലമാക്കി. അതേക്കുറിച്ച് അഗാധപണ്ഡിതനും അജാതശത്രുവുമായ ഭാരതരത്ന ഡോ.ഭഗവൻ ദാസ് പറഞ്ഞത് ഇങ്ങനെയാണ് “1947 സെപ്റ്റംബർ 18 ന് എല്ലാം ഭരണസഭാംഗങ്ങളേയും, ഹിന്ദു ഉദ്യോഗസ്ഥന്മാരെയും ആയിരക്കണക്കിന് ഹിന്ദുപൗരന്മാരെയും കൊന്നൊടുക്കി, ചെങ്കോട്ടയിൽ പാക്കിസ്ഥാൻ പതാകപറപ്പിച്ച് ഹിന്ദിനെ മുഴുവൻ കവർന്നെടുക്കാൻ ആസൂത്രണം ചെയ്യപ്പെട്ട മുസ്ലീം ലീഗിന്റെ അട്ടിമറിപദ്ധതി തക്കസമയത്ത് സർദാർ പട്ടേലിനെയും ജവഹർലാൽ നെഹ്റുവിനേയും അറിയിക്കുവാൻ ആർഎസ്എസ് യുവാക്കന്മാർക്ക് കഴിഞ്ഞിരുന്നുവെന്ന വിവരം എനിക്ക് വിശ്വസനീയമായി ലഭിച്ചിട്ടുണ്ട്…നെഹ്റുജിക്കും പട്ടേൽജിക്കും പ്രസ്തുത വിവരം യഥാകാലം ഉദാത്തചിത്തരും ത്യാഗശീലരുമായ ഈ കുട്ടികൾ നൽകിയില്ലായിരുന്നു എങ്കിൽ ഇന്ന് ഇന്ത്യാഗവൺമെന്റ് ഉണ്ടാകുമായിരുന്നില്ല. മുഴുവൻ ദേശത്തിന്റെയും പേര് പാക്കിസ്ഥാനായേനെ, കോടിക്കണക്കിന് ഹിന്ദുക്കൾ വധിക്കപ്പെട്ടേനെ, ശേഷിച്ചവർ ഇസ്ലാമിലേക്ക് മതം മാറ്റപ്പെട്ടേനേ, അല്ലെങ്കിൽ കൊടിയ അടിമത്തത്തിൽ എറിയപ്പെട്ടേനെ” (16.10.1948) (ആർഎസ്എസും ഉണരുന്ന ഹിന്ദുത്വവും- ആർ.ഹരി)
പിന്നീട് പൗരാവകാശങ്ങളെല്ലാം കാറ്റിൽ പറത്തി ഭാരത സ്വാതന്ത്ര്യത്തെ ഇരുമ്പറകളിലടച്ച 1975 ലെ അടിയന്തരാവസ്ഥക്കാലത്ത് ജനാധിപത്യവും ആവിഷ്കാര സ്വാതന്ത്ര്യവുമെല്ലാം പുനരാനയിക്കാൻ സംഘം ഭാരതവ്യാപകമായ പോരാട്ടത്തിനിറങ്ങി. “ജനാധിപത്യം പുന:സ്ഥാപിക്കാൻ പരിശ്രമിക്കുന്ന ലോകത്തിലെ ഒരേയൊരു ഇടതുപക്ഷേതര വിപ്ലവ സംഘടനയാണ് ആർഎസ്എസ്” എന്ന് ലണ്ടനിലെ എക്കണോമിസ്റ്റ് വാരികയെഴുതി.
1975 മുതൽ 1977 വരെ നീണ്ടുനിന്ന ആ രണ്ടാം സ്വാതന്ത്ര്യ സമരത്തിനിടെ ഇന്ദിരാഗാന്ധിയുടെ സ്വന്തം രഹസ്യസംഘടനയായ ‘റോ’ ഗവൺമെന്റിന് നൽകിയ റിപ്പോർട്ട് സംഘത്തിന്റെ ദേശഭക്തിയെ ചോദ്യം ചെയ്തവർക്കുള്ള ഉറച്ച മറുപടിയായിരുന്നു “ആർഎസ്എസ് അട്ടിമറിക്കുള്ള പരിശീലനം കൊടുക്കുന്നില്ല. അതിന് ആ പരിപാടിയില്ല. അവർ ദൃഢമായ ദേശഭക്തിയുള്ളവരാണ്. അവരുടെ ദേശഭക്തി വൈകാരികമാണെന്നേയുള്ളൂ. അതിന്റെ അധിഷ്ഠാനം ഹൈന്ദവ വികാരങ്ങളാണ്. അവർക്ക് മറ്റൊരു നാടിനോട് കൂറില്ല”. എങ്കിലും സംഘത്തെ എതിർക്കുന്നവർ
ഇപ്പോഴും സങ്കുചിതമായ രാഷ്ട്രീയ നേട്ടങ്ങൾക്കുവേണ്ടി സ്വാതന്ത്ര്യസമരകാലത്ത് സംഘം ബ്രിട്ടീഷുകാരുടെ പിണിയാളുകളായിരുന്നുവെന്നും ഗാന്ധിഘാതകരാണെന്നുമൊക്കെ പ്രചരിപ്പിച്ചുകൊണ്ടേയിരിക്കുന്നു. എന്നാൽ ഒരു കാലത്ത് സംഘത്തെ നിരോധിച്ച ജവഹർ ലാൽ നെഹ്റു സംഘത്തിന്റെ ദേശഭക്തി ബോധ്യപ്പെട്ടതിനാലാണ് 1963 ലെ റിപ്പബ്ലിക് ദിന പരേഡിൽ സ്വയംസേവകരെ പങ്കെടുപ്പിച്ചതെന്ന സത്യമെങ്കിലും അവർ ഓർക്കുന്നത് നല്ലതാണ്. നാളിതുവരെയായി കുപ്രചരണങ്ങൾ കൊണ്ടും കാരാഗൃഹങ്ങൾ കൊണ്ടും
ഇല്ലാതാക്കാൻ ശ്രമിച്ചിട്ടും അതിനെയെല്ലാം അതിജീവിച്ച ചരിത്രമാണ് സംഘത്തിന്റേതെന്ന് കാണാം. അതുകൊണ്ടു തന്നെ സത്യവും നീതിയും ഉയർത്തിപ്പിടിക്കുന്നവർക്കെല്ലാം സംഘ സ്വയംസേവകരുടെ ദേശഭക്തിയെ അംഗീകരിക്കേണ്ടി വരുമെന്ന് തീർച്ച. പുജനീയ ഗുരുജിയുടെ വാക്കുകൾ കടമെടുത്തുകൊണ്ടു പറഞ്ഞാൽ “ഭാരതീയതയോട് ഹൃദയത്തിൽ മമതയുള്ളവർക്കെല്ലാം ഇന്നല്ലെങ്കിൽ നാളെ സംഘത്തെ സംബന്ധിച്ച അവരുടെ എതിർമനോഭാവം നിശ്ചയമായും ഉപേക്ഷിക്കേണ്ടതായി വരും”…
അവലംബം:
1.ഡോ.കേശവ ബലിറാം ഹെഡ്ഗേവാർ- രാകേശ് സിൻഹ
2.ആർഎസ്എസും ഉണരുന്ന ഹിന്ദുത്വവും(‘സംഘവും സ്വാതന്ത്ര്യ സമരവും’ എന്ന അധ്യായം)- ആർ.ഹരി
3.ഡോക്ടർ ഹെഡ്ഗേവാർ സംഭവങ്ങളിലൂടെ- സമാഹരണം ആർ.ഹരി