വിഗ്രഹ ഭഞ്ജകരുടെ വിഗ്രഹവൽക്കരണം

                               

                         ലപ്പോഴും ചരിത്രത്തിനു മനുഷ്യമനസ്സിന്റെ അതെ സ്വഭാവം തന്നെയാണ്. ആവർത്തിച്ചു പറയുന്ന നുണകളെ, ഉറപ്പിച്ചു പറയുന്ന നുണകളെ, ആഴത്തിൽ സ്വാധീനിക്കുന്ന നുണകളെ മുഴുവൻ സത്യമാക്കി മാറ്റുവാനുള്ള കഴിവുണ്ടതിന്. ചരിത്രമെന്നത് ചരിത്രകാരന്റെ മനസ്സിന്റെ നേർക്കാഴ്ചകളാണെന്നു പറയുവാനുള്ള കാരണവും അത് തന്നെയാണല്ലോ.

ഈ കാലഘട്ടത്തിൽ മനുഷ്യ മനസ്സിനെ ആഴത്തിൽ സ്വാധീനിക്കുവാനുള്ള എളുപ്പവഴിയാണ് ചലച്ചിത്രങ്ങൾ. വടക്കൻ വീരഗാഥയിൽ ശ്രീ എം.ടി വാസുദേവൻ നായർ ചെയ്തത് അതിമനോഹരമായ ഒരു ചരിത്ര വിധ്വംസനമായിരുന്നു. ചന്തുവെന്ന പേര് കേൾക്കുമ്പോഴേക്കും നമ്മുടെ മനസ്സ് ഉണ്ണിയാർച്ചയുടെ ചതിയുടെ കഥയും പറയുന്നുണ്ടെങ്കിൽ അത് എം.ടി. വാസുദേവൻ നായരുടെ മിടുക്കു തന്നെയായിരുന്നു. 1921 മറ്റൊരു ഉദാഹരണമാണ്. ചരിത്രത്തെ വളച്ചൊടിച്ചും ബലാൽസംഗം ചെയ്തും ടി. ദാമോദരൻ മാപ്പിള ലഹയെ സ്വാതന്ത്ര സമരത്തിന്റെ ഉജ്ജ്വല ഏടുകളുമായി കൂട്ടിയോജിപ്പിച്ചു. പലരുടെയും മനസ്സിൽ മാപ്പിള ലഹളയെന്ന വർഗീയ കലാപത്തിന് സ്വാതന്ത്ര സമരത്തിന്റെ മാനം നൽകുവാൻ ഇത് കൊണ്ട് സാധിച്ചു. ശ്രീ കമാലുദ്ദീന്റെ സെല്ലുലോയിഡും ഒരുദാഹരണമാണ്. സദാചാര പോലീസിങ്ങിന്റെ ഇരയായിരുന്ന റോസിയെ ജാതി വ്യവസ്ഥയുടെ ഇരയാക്കി മാറ്റുന്നതിൽ കമാലുദ്ദീൻ പൂർണ്ണമായും വിജയിച്ചു.

ഹിന്ദിയിലാകട്ടെ ചലച്ചിത്രങ്ങളിലൂടെ ഉള്ള ചരിത്രാധിനിവേശം ‘ജോധാ അക്ബറി‘ലൂടെയും ‘ബാജിറാവു മസ്താനി‘യിലൂടെയും മറ്റും നിർബാധം നടന്നുകൊണ്ടിരിക്കുന്നു. വിവാഹം കഴിഞ്ഞതോടെ വായിൽ കൊള്ളാത്ത ഒരു പേർഷ്യൻ പേരിനുടമയായി മാറിയ ജോധാ ഭായ് നമുക്കിന്ന് അക്ബറിന്റെ വിശാല മനസ്സിനും മത നിരപേക്ഷതയ്ക്കും ദൃഷ്ടാന്തമാണ്. എന്നാൽ , അക്ബർ നാമയിലും മറ്റനേകം മുഗൾ രേഖകളിലും ഇവർ മറിയം-ഉസ്- സമാനിയാണ്. എന്ന് മാത്രമല്ല, ജോധ, അക്ബറിന്റെ അല്ല അദ്ദേഹത്തിന്റെ മകനായ ജഹാംഗീറിന്റെ ഭാര്യയായിരുന്നുവെന്ന ദഹിക്ക്യാത്ത വാർത്തയും തദ്ദേശീയരായ രജപുത്രന്മാർ പറയും. അക്ബറിന്റെ ഭാര്യ ഹീർ കുൻവാരിയായിരുന്നുവത്രെ. (പതിറ്റാണ്ടുകൾ മുന്പിറങ്ങിയ ‘മുഗൾ-എ-അസം’ ലും ഇതേ ആവിഷ്കാരം തന്നെയാണ് . പൊട്ടു തൊട്ടു, സാരിയുടുത്തിരിക്കുന്ന ജോധാ ഭായ്.) ജോധ എന്ന പേര് മാറ്റി പേർഷ്യൻ പേര് സ്വീകരിച്ചു ഇസ്‌ലാം ആയിത്തീർന്ന രാജകുമാരിയുടെ കൊട്ടാരത്തിലെ കൃഷ്ണ വിഗ്രത്തെ എടുത്തു കാണിച്ചു കൊണ്ട് അക്ബറിന്റെ മത നിരപേക്ഷതയെ സിനിമ മഹത്വവൽക്കരിക്കുന്നു. എന്നാൽ ഹിന്ദുവായി ജനിച്ചു ഇസ്‍ലാമായി മരിക്കേണ്ടി വന്ന ജോധാഭായിയുടെ ചരിത്രം എന്തുകൊണ്ടോ നമുക്ക് അജ്ഞാതമാണ്. അന്യസമുദായങ്ങളോട് ദ്രോഹങ്ങളൊന്നും ചെയ്തുകൂട്ടാത്ത ഒരു മുഗൾ രാജാവായിരുന്നുവെന്ന സ്നേഹം അക്ബറിനോട് എന്നുമുണ്ട്. എന്നാൽ ഇന്ന് കൊട്ടിഘോഷിക്കപ്പെടും പോലെ അക്ബർ അത്രകണ്ട് മഹാൻ ആയിരുന്നില്ല എന്നു മുഗൾ ചരിത്രം പഠിച്ചവർ പറയുന്നുമുണ്ട്. പുകപടലമെന്നോണം അന്തരീക്ഷത്തിലുണ്ടായിരുന്ന സംശയത്തിന്റെ അനുകൂല്യങ്ങളെല്ലാം ‘ജോധ അക്ബർ‘ സിനിമയുടെ സ്വാധീനം മൂലം പൊതു സമൂഹത്തിന്റെ ചിന്തയിൽ നിന്നും തേഞ്ഞു മാഞ്ഞു പോയി..

തുടർന്ന്, ബാജിറാവുവിനെ ഒരു സ്ത്രീ ലമ്പടനായും ലോല ഹൃദയനായും ചിത്രീകരിച്ചു കൊണ്ടാണ് സഞ്ജലിലീലബൻസാലിയുടെ ‘ബാജിറാവ് മസ്താനി‘ പൊട്ടി വീണത്. മാറാത്ത സാമ്രാജ്യത്തിനാധിപനായ ധീരനും വീരനുമായ ബാജിറാവു സിനിമയിൽ മസ്താനിയുടെ പിറകിൽ മത്തനായി നടക്കുന്ന ഒരു കാമുകൻ മാത്രമാണ്. ഇത് കൂടാതെ ബാജിറാവുവും മസ്താനിയും ഒരു ദിവസം മരിച്ചു വീണു എന്നാണു ബൻസാലി പറയുന്നത് . ബാജിറാവുവിന്റെ മരണം നടന്നു അധികം താമസിയാതെ മസ്താനിയും മരിക്കുന്നുണ്ടെങ്കിലും സിനിമയിൽ കാണും പോലെ ഒരേ മുഹൂർത്തത്തിലല്ല അവർ മരിക്കുന്നത് . മസ്താനിയുടെ മകൻ ഷംഷേറിനെ (കൃഷ്ണറാവു), കാശിബായിയുടെ മൂത്ത മകൻ നാനാ സാഹേബ് ബലമായി പിടിച്ചു കൊണ്ട് പോയെന്നും ചിത്രം പറയുന്നു. എന്നാൽ മസ്താനിയുടെ മരണശേഷം കാശിഭായ് അവനെ സ്വന്തം മകനായി ദത്തടുത്തുവെന്നു ചരിത്രവും.

ഏറ്റവും ഗുരുതരമായ ചരിത്രധ്വംസനം മറാത്താ സാമ്രാജ്യത്തിന്റെ ധീരയോദ്ധാവിനെ വെറും മസ്താനിയാനുരക്തൻ മാത്രമാക്കിക്കളഞ്ഞു എന്നതാണ്. കാഴ്ചക്കാരനിൽ ബാജിറാവ് എന്ന പേരുണർത്തുന്ന ഓർമ്മ ധീരനായ മാറാത്തയെ ആകില്ല മറിച്ചു അനുരാഗവിവശനായ ഒരു കാമുകനെ മാത്രമായിരിക്കും. ഇത് സിനിമയുടെ പൊതു സ്വഭാവവുമാണ്. മായക്കാഴ്ചകളും വർണ്ണപ്പൊലിമയും അനുരാഗവും ഇല്ലാതെ എന്ത് സിനിമ? അതുകൊണ്ടു തന്നെ ബൻസാലിയിലെ സംവിധായകൻ ‘റാണി പദ്മാവതി‘യിലേക്കു തിരിയുമ്പോൾ ചരിത്രത്തിന് കൂടുതൽ ജാഗരൂകമാകേണ്ടതുണ്ട്.

‘റാണി പദ്മാവതി’.. !!! ജ്വലിക്കുന്ന സൗന്ദര്യത്തിനുടമയായി ചരിത്രം വാഴ്‌ത്തുന്ന ചിറ്റോറിലെ ഈ റാണിയെക്കുറിച്ചാണ് സഞ്ജയ് ലീലാ ബൻസാലിയുടെ പുതിയ സിനിമ !!

വിവേകാനന്ദ സ്വാമിയുടെ മാനസപുത്രി സിസ്റ്റർ നിവേദിത , ചിറ്റോർ റാണി പദ്മിനിയെക്കുറിച്ചു പറഞ്ഞതെന്തെന്നു അറിയാമോ ? ചരിത്രം പഠിപ്പിക്കുമ്പോൾ സിസ്റ്റർ റാണി പദ്മിനിയെക്കുറിച്ചുള്ള കഥകൾ കുട്ടികൾക്ക് പറഞ്ഞു കൊടുക്കുമായിരുന്നു. ഈ സമയങ്ങളിലെല്ലാം ചിതയിലേക്ക് എടുത്തു ചാടുന്ന സമയത്തുള്ള റാണിയുടെ ചിന്തകളെ ആവാഹിക്കും വിധം സിസ്റ്ററിന്റെ മുഖം ദീപ്തമാകുക പതിവായിരുന്നു. പദ്മിനിയുടെ ജീവത്യാഗത്തിന്റെ ഉജ്ജ്വലമായ സ്മരണകളിൽ അലിഞ്ഞു ചേർന്നുകൊണ്ട് സിസ്റ്റർ പദ്മിനിറാണിയുമായി താദാത്മ്യം പ്രാപിക്കാറുണ്ടായിരുന്നു . എത്ര മഹത്തായ ത്യാഗമാണ് റാണി പദ്മിനിയുടേതെന്നു അവർ ഇടയ്ക്കിടെ പറയുമായിരുന്നു.

ഇഷ്ടമില്ലാത്ത പുരുഷന്റെ കൂടെ ജീവിക്കേണ്ടി വരുമോയെന്ന ഭയം മൂലം ജീവൻ വെടിഞ്ഞ സ്ത്രീകൾ പലർക്കുമിന്നൊരു തമാശയാണ്. ‘ഇന്റർനാഷണൽ ചളു യൂണിയനിൽ’ (ICU) ക്ഷേത്ര ദർശനത്തിനു വേണ്ടി കാത്തിരിക്കാൻ തയ്യാറെന്നു പ്രഖ്യാപിച്ച ഒരു കൂട്ടം സ്ത്രീകളെ പരിഹസിക്കുവാൻ വേണ്ടി മരിക്കാൻ തയ്യാറെന്നെഴുതിയ ബോർഡുമായി എതിരേറ്റത് ഇതേ പദ്മാവതി റാണിയുടെ ചിത്രമായിരുന്നു. ഇഷ്ടമില്ലാത്ത പുരുഷനോടൊത്തു ജീവിക്കുന്നതിലും ഭേദം മരണമാണെന്ന് പ്രഖ്യാപിച്ച ധീരവനിതകളെ വെറും ട്രോൾ നമ്പറുകൾ ആയി മാറ്റുന്നത് ചരിത്രത്തോടും സ്വന്തം പൈതൃകത്തിനോടും ചെയ്യുന്ന അപരാധമാണ്. ഇനി, റാണി പദ്മിനിയെന്ന പേര് പലരുടെയും ഉറക്കം കെടുത്തുന്നുണ്ട് എന്നതും ഒരു സത്യമാണ്. ശ്രീ ആഷിക് അബുവിന്റെ ആ തല്ലിപ്പൊളി സിനിമയുടെ പേര് ‘റാണിപദ്മിനി’ എന്നായത് യാദൃശ്ചികമെന്നു വിശ്വസിക്കാൻ കുറച്ചു ബുദ്ധിമുട്ടുണ്ട്.

ഭാരതത്തിലേക്ക് അധിനിവേശം നടത്തിയ മിക്ക ഇസ്‌ലാം രാജാക്കന്മാർക്കുമുണ്ടായിരുന്ന കാമഭ്രാന്തിന്റെ അവശേഷിക്കുന്ന അടയാളമാണ് റാണിപദ്മിനി. പ്രാണനേക്കാളുമേറെ മാനത്തിനു വില കല്പിച്ചതു കൊണ്ടാവാം പലർക്കും ഇവരെ ഭയവുമാണ്. പദ്മിനിയെന്ന ഒരു സ്ത്രീ ജീവിച്ചിരുന്നിട്ടേ ഇല്ല എന്ന് തെളിയിച്ചെടുക്കാൻ ഒരു വിഭാഗം ചരിത്രകാരന്മാർ പെടാപ്പാടു തന്നെ നടത്തുന്നുണ്ട്. കാര്യങ്ങൾ ഇങ്ങനെയൊക്കെ ആണെന്നിരിക്കെ റാണിപദ്മിനിയുടെ ചരിത്രത്തിൽ വിള്ളലുകൾ വീഴ്ത്തേണ്ടത് പലരുടെയും ആവശ്യമാണ്.

അതീവ സുന്ദരിയായ ചിറ്റോറിലെ റാണിയെക്കുറിച്ചു കേട്ടറിഞ്ഞ അലാവുദ്ദീൻ ഖിൽജി റാണിയെക്കാണണം എന്നാഗ്രഹം പ്രകടിപ്പിക്കുന്നതും, റാണിയുടെ പ്രതിബിംബം കണ്ടു കാമം മൂത്ത അലാവുദ്ധീൻ മര്യാദയുടെ പേരിൽ തന്നെ അനുഗമിച്ച പദ്മിനിയുടെ ഭർത്താവിനെ ചതിയിൽ അകപ്പെടുത്തുന്നതും റാണി തന്നെ ഭർത്താവിനെ രക്ഷിച്ചു ഖില്ജിയെ കബളിപ്പിക്കുന്നതും, അതോടെ കാമവും പകയും മൂത്ത അലാവുദ്ധീൻ ചിറ്റോർ ആക്രമിക്കുന്നതും രത്തൻ സിംഗിനെ വധിക്കുന്നതും റാണിപദ്മിനി അന്തപ്പുര സ്ത്രീകളോടൊത്ത് ജൗഹർ അനുഷ്ഠിക്കുന്നതും നമുക്കെല്ലാം അറിയാവുന്ന കഥകളാണ്. എന്നാലിത് മാലിക് മുഹമ്മദ് ജൈസിയുടെ ‘പദ്മാവത്’ എന്ന കാവ്യത്തിൽ നിന്നാണെന്നും ചരിത്രപരമായ വസ്തുതകൾ ഇതിലില്ല എന്നും പറയപ്പെടുന്നു. ഈ കാവ്യത്തിൽ ചരിത്രമില്ല എന്ന് തെളിഞ്ഞത് കൊണ്ട് പല ചരിത്രകാരന്മാരും പദ്മിനിയെന്ന ധീരയായ വനിതയുടെ അസ്തിത്വം വരെ ചോദ്യം ചെയ്യുന്ന നിലയിലേക്കെത്തിയിട്ടുണ്ട് കാര്യങ്ങൾ. എന്നാൽ കാവ്യങ്ങളിലുണ്ടാകുന്ന അതിഭാവുകത്വം അവയിലെ ചരിത്രത്തെ അമ്പേ നിഷേധിക്കുവാനുള്ള വഴിയല്ലല്ലോ. എന്നാൽ പദ്മിനിയെ ഭയക്കുന്ന ചരിത്രകാരന്മാർ ഈ കാവ്യത്തിലെ അതിഭാവുകത്വം മുൻനിർത്തി, അവരുടെ അസ്തിത്വത്തെ തന്നെ നിഷേധിക്കുവാനുള്ള വഴികളൊരുക്കുകയാണ്.

പദ്മിനിയും, രത്തൻ സിങ്ങും ഖില്ജിയും അയാളുടെ ക്രൂരമായ അധിനിവേശങ്ങളും
ഭാരത ചരിത്രത്തിന്റെ ഭാഗം തന്നെ. ആ ചരിത്രമിങ്ങനെ, ചിറ്റോർ കയ്യടക്കുവാനുദ്ദേശിച്ച ഖിൽജി, കോട്ടയുടെ ബലം കണ്ടതോടെ അതെളുപ്പമാകില്ലെന്നു മനസ്സിലാക്കുന്നു. തുടർന്ന് സൗഹൃദഭാവേനെ അടുത്തുകൂടി രത്തൻസിംഗ് നെ ചതിച്ചു തടവിലാക്കുന്നു. മോചനദ്രവ്യമായി ആവശ്യപ്പെട്ടത് മേവാറിലെ സ്ത്രീകളെയും ധനവുമായിരുന്നു. എന്നാൽ പല്ലക്കിൽ തന്നെത്തേടി വരുന്ന സുന്ദരിമാരെ കാത്തിരുന്ന ഖില്ജിക്ക് എതിരിടേണ്ടി വന്നത് സ്ത്രീവേഷം ധരിച്ച രജപുത്ര സൈന്യത്തെയായിരുന്നു. സ്ത്രീകളുടെ നേർക്ക് ആയുധം പ്രയോഗിക്കില്ല എന്ന രജപുത്രന്മാരുടെ ആദർശം അറിയുമായിരുന്ന ഖിൽജി അന്തപ്പുരത്തിലെ ദാസി സ്ത്രീകളെ മറയാക്കിയാണ് അന്ന് സ്വജീവൻ രക്ഷിക്കുന്നത്. ബാദൽ, ഗോര എന്നീ രജപുത്രന്മാരുടെ വാൾമുനയിൽ നിന്നും രക്ഷപ്പെട്ടോടിയ ഖിൽജി വീണ്ടും മേവാർ ആക്രമിക്കുകയും രജപുത്രന്മാരെ കൊന്നൊടുക്കുകയും ചിറ്റോർ പിടിച്ചടക്കുകയും ചെയ്തു. എന്നാൽ കോട്ടയ്ക്കുള്ളിൽ പ്രവേശിക്കും മുൻപ്, പദ്മിനിയും മറ്റന്തപ്പുര സ്ത്രീകളും ജൗഹർ അനുഷ്ഠിചിരുന്നു. ഇതോടെ വിറളിപിടിച്ച സുൽത്താൻ അന്ന് കണ്ണിനു മുൻപിൽ കണ്ടവരെയെല്ലാം കൊന്നൊടുക്കി പോലും. എഴുതി വെച്ച ചരിത്രത്തിലിതൊന്നും കാണുകയില്ല എന്നത് ഭാരതത്തിന്റെ ദൗർഭാഗ്യമാണ്‌. ശത്രുവിന്റെ പാളയത്തിൽപ്പോയി ഖില്ജിയെ വാൾമുനയിൽ നിർത്തിയ ധീരയോദ്ധാക്കളായ, ഗോരയുടെയും മരുമകനായ ബാദലിന്റെയും ചരിത്രത്തിനു ഏക അവലംബം ചിറ്റോറിലെ ഗോര ബാദൽ കൊട്ടാരവും ഏകലിംഗക്ഷേത്രത്തിലെ ചുമർ ചിത്രവുമാണ്.

അന്നത്തെ അധിനിവേശക്കാർ സ്ത്രീകളോടും കുട്ടികളോടും യാതൊരു വിധത്തിലുള്ള അലിവും കാണിച്ചിരുന്നില്ല. യസീദി സ്ത്രീകളോട് ISIS ഇന്ന് കാണിക്കുന്ന നിസ്സീമമായ അതേ ക്രൂരതകൾ തന്നെയാണ് നൂറ്റാണ്ടുകൾക്കപ്പുറത്ത് ഭാരതീയ സ്ത്രീത്വത്തിനു നേരിടേണ്ടി വന്നിരിക്കുക. വാർത്താ വിനിമയ സംവിധാനങ്ങൾക്ക് യാതൊരു തടസ്സവുമില്ലാതെ ഈ വർത്തമാന കാലത്ത്, ആ ക്രൂരതയുടെ നേർക്കാഴ്ചകൾ നമ്മുടെ കണ്മുന്നിൽ തന്നെയുണ്ട്. എന്നാൽ, നൂറ്റാണ്ടുകൾക്കപ്പുറം, പ്രാകൃതരായ ഒരു ജനതയുടെ, സ്ത്രീകളെ വെറും കാമപ്പാവകളായി മാത്രം കണ്ടിരുന്ന ആ ജനതയുടെ അധിനിവേശ ക്രൂരതകൾ ഒരുപക്ഷെ നമുക്കൂഹിക്കാവുന്നതിലുമപ്പുറത്തായിരിക്കണം.

ചരിത്രത്താളുകളിൽ, റാണിപദ്മിനിയെന്നു വായിക്കുമ്പോൾ പഠിതാവിന്റെ മനസ്സിൽ തെളിഞ്ഞു വരുന്ന ഒരു രൂപമുണ്ട്.കൂപ്പിയ കൈകളോടെ, കൂമ്പിയ മിഴികളോടെ ഭയലേശമില്ലാതെ , അഭിമാനം സ്‌ഫുരിക്കുന്ന മുഖത്തോടെ ആളിക്കത്തുന്ന ചിതയ്ക്ക് മുന്നിൽ നിൽക്കുന്ന ഒരു സ്ത്രീ രൂപമാണത്.

ബൻസാലിയുടെ റാണിപദ്മാവതിക്ക്‌ എത്രത്തോളം ഈ രൂപത്തിനോട് നീതി പുലർത്താനാകും എന്നറിയില്ല. അതെന്തു തന്നെയായാലും രൺവീറിനെ പോലൊരു നായകനെ ഖിൽജിയാക്കി അവതരിപ്പിക്കുന്ന ബൻസാലിയുടെ അല്ലെങ്കിൽ ബൻസാലിയ്ക്കും പിന്നിലുള്ള ആ (കു?)ബുദ്ധിയെ അംഗീകരിച്ചേ പറ്റൂ. ക്രൂരപ്രവർത്തികൾക്കു കേൾവി കേട്ട ഖിൽജി സാമ്രാജ്യാധിപനു രൺവീർ സിങ്ന്റെ ചോക്ലേറ്റ് ഇമേജ് സ്വല്പമെങ്കിലും മധുരം പകർന്നു നല്കുമായിരിക്കാം. സ്ത്രീകൾക്കിഷ്ടമില്ലാഞ്ഞിട്ടും അവളുടെ പിന്നാലെ നടക്കുന്നവന് ബോളിവുഡ് നൽകിയ ഓമനപ്പേര് ‘ ആന്റി ഹീറോ’ എന്നാണ്. ഈ ആന്റി ഹീറോ പരിവേഷത്തിന്റെ സുഖശീതളിമയിൽ പദ്മിനിയോടുള്ള ‘ പരിശുദ്ധപ്രേമ’ ത്തിൽ തരളിതനാകുന്ന ഖില്ജിയെ നമുക്ക് കാണേണ്ടി വരുമായിരിക്കാം.

രജപുത്രന്മാർക്ക്, അല്ല, ഹൈന്ദവ സമുദായതിനൊന്നടങ്കം പദ്മിനി ഒരു പ്രതീകമാണ് . ജീവനേക്കാളുപരി മാനത്തിനു വില കല്പിച്ചിരുന്ന ഭാരതീയ സ്ത്രീത്വത്തിന്റെ പ്രതീകം. ഈ പ്രതീകത്തിനു മങ്ങലേൽക്കുവാനും , നിലവിലുള്ള വ്യവസ്ഥാപിത രൂപങ്ങളെ തച്ചുടയ്ക്കാനും വേണ്ടിയാവണം ബൻസാലി ഈ ചലച്ചിത്രം നിർമ്മിക്കുന്നതെന്നുറപ്പ്. സിനിമയിലെ ‘ ആന്റി ഹീറോ’ ഖില്ജിയുടെ വന്യമായ സ്വപ്ന രംഗങ്ങളിൽ കൂടിയാണെങ്കിൽ പോലും പദ്മിനിയുമൊത്തുള്ള പ്രണയ രംഗങ്ങൾ ആ അമ്മയോടും അവരെ മാതൃസ്ഥാനത്തു കരുതുന്ന നിരവധി പേരോടും ചെയ്യാവുന്ന ക്രൂരതയുടെ പരമാവധിയാണ്.

ഭാരതത്തിന്റെ ചോരമണക്കുന്ന അധിനിവേശ ചരിത്രത്തിന്റെ ഏടുകളിൽ പ്രഥമഗണനീയനാണ് അലാവുദ്ദീൻ ഖിൽജി. സോമനാഥ ക്ഷേത്രം തച്ചുടച്ചവൻ, ഒറ്റിക്കൊടുക്കുന്നുവെന്ന സംശയത്തിന്റെ പേരിൽ മതം മാറിയിട്ടും പതിനായിരക്കണക്കിന് പുതു മുസ്ലിങ്ങളെ വെട്ടിക്കൊന്നവൻ, അവരുടെ ഭാര്യമാരെയും കുഞ്ഞുങ്ങളെയും അടിമകളാക്കിയവൻ, സ്നേഹം പ്രകടിപ്പിച്ചു കൊണ്ട് അനന്തരവന്റെ കണ്ണുകളിൽ ചുംബിച്ച അമ്മാവനെ ( ജലാലുദ്ദീൻ) നിർദയം വധിച്ചു, ആ തല തന്റെ കുന്തത്തിന്റെ മേൽ കുത്തി നിർത്തി നഗര പ്രദക്ഷിണം നടത്തിയവൻ എന്ന് തുടങ്ങി നിരവധി വിശേഷണങ്ങളുണ്ട് അലാവുദീന്റെ മേൽ. അതെ , അലാവുദ്ധീൻ എന്ന ക്രൂരനായ ഭരണാധികാരിക്ക് ചോരയുടെ മണമാണ്. അവയിൽ തന്നാലാവുന്ന വിധം ഡെറ്റോളോഴിച്ചു വൃത്തിയാക്കുവാൻ തന്നെയാണ് ബൻസാലിയുടെ പുതിയ നീക്കം.

ചോദ്യമിതാണ്.. ഒരുകൂട്ടക്കൊലയെ, അങ്ങേയറ്റത്തെ മതപരമായ അസഹിഷ്ണുതയെ, ഒരു ജനതയുടെ മുഴുവൻ സ്വപ്നങ്ങളുടെയും ജീവിതത്തിന്റെയും അവസാനത്തെ, ആവിഷ്കാരസ്വാതന്ത്രത്തിന്റെ ഏതു വകുപ്പിലേക്കാണ് ശ്രീ ബൻസാലി എഴുതി തള്ളുവാൻ പോകുന്നത്? യഥാർത്ഥ ചരിത്രമല്ല പറയുന്നത് എന്ന് വാദിച്ചാൽ പോലും, പദ്മാവതി എന്ന സ്ത്രീയുടെ അസ്തിത്വം തന്നെ നവലിബറലുകൾ ചർച്ച ചെയ്തുവെന്നാലും നിങ്ങൾ വിറ്റു കാശാക്കാൻ പോകുന്നത് ഒരു സമൂഹത്തിന്റെ തീവ്രമായ വേദനയെയാണ്, അങ്ങേയറ്റം പരിശുദ്ധമായ ഒരു സ്ത്രീരൂപത്തെയാണ്. സമൂഹത്തിന്റെ വികാരങ്ങളായ ബിംബങ്ങളെ ഏതെങ്കിലും വിധത്തിൽ വൈകൃതവൽക്കരിച്ചതിനു ശേഷം അവയെ ആവിഷ്കാര സ്വാതന്ത്രത്തിന്റെ ആലയിൽ കൊണ്ട് കെട്ടുന്നത് തോന്നിവാസമാണ്.

മത നിരപേക്ഷമായ ചലച്ചിത്ര ലോകത്ത് ലോർഡ് ഡൽഹസ്സിയോട് പ്രേമം തോന്നുന്ന ഝാൻസി റാണിയും, തന്നെ അപമാനിച്ച ബ്രിട്ടീഷ് തഹസിൽദാരോട് പ്രണയം തോന്നുന്ന അവന്തി ഭായും വന്യമായ ഭാവനകളാകില്ല എന്ന് തോന്നുന്നു. ബലാൽസംഗം ചെയ്തവനോട് പ്രണയം തോന്നുന്ന സ്ത്രീയെക്കുറിച്ചു കവിതയെഴുതി അവളെ അപമാനത്തിന്റെ അഗാധ ഗർത്തത്തിലേക്ക് തള്ളിയിട്ട ലോകമല്ലേ. ഇനിയുമെന്തെല്ലാം കാണേണ്ടി വരുമെന്നത് കണ്ടു തന്നെ അറിയണം.

————————————–കൃഷ്ണ പ്രിയ ———————————-

Photo Credits : Ratheesh Nandhanam