— രാജേഷ് സി പിള്ള —-
സമീപകാലത്ത് വാർത്താ,സാമൂഹിക മാധ്യമങ്ങളിൽ ചർച്ച ചെയ്യപ്പെടുന്ന ഒരു വിഷയമാണല്ലോ ഹൈന്ദവരെ തെറ്റി ധരിപ്പിച്ചു കൊണ്ടുള്ള മതം മാറ്റം. ആധ്യാത്മിക, മത വിഷയങ്ങളിൽ ഉദാസീനരായിത്തീർന്ന, ധർമ പഠനത്തിന് പ്രാധാന്യം നൽകാത്ത ഒരു ജനതയെ തെറ്റി ധരിപ്പിക്കാൻ എളുപ്പമാണ് എന്ന വസ്തുതയെ മുതലെടുത്താണ് പ്രസ്തുത മതം മാറ്റ സംഘങ്ങൾ പ്രവർത്തിക്കുന്നത്. സ്വന്തം മത തത്വങ്ങളെക്കുറിച്ച് അജ്ഞരായ ഹൈന്ദവരെ വശംവദരാക്കുവാൻ യുക്തിയുടെ മുഖംമൂടിയണിഞ്ഞു കൊണ്ടാണ് ഇവർ മസ്തിക പ്രക്ഷാളനങ്ങൾക്ക് തുടക്കം കുറിക്കുക. തുടർന്ന് ഹൈന്ദവരുടെ ആരാധന സന്പ്രദായങ്ങളെ യുക്തിപരീക്ഷയ്ക്ക്ക് വിധേയമാക്കുന്ന തരത്തിൽ വിഗ്രഹാരാധന, പുരാണങ്ങള്‍ തുടങ്ങിയ വിഷയങ്ങളിൽ ചോദ്യങ്ങൾ ഉന്നയിക്കുകയും സ്രഷ്ടാവിനെ മാത്രമേ ആരാധിക്കാവൂ, സൃഷ്ടിയെ ആരാധിക്കരുത് തുടങ്ങിയ ശാസനകളിലൂടെ നരകഭയം വളർത്തുകയും ചെയ്യുന്നു. സ്വതേ അജ്ഞരായ ചില ജനങ്ങൾ ഇവർ പറയുന്നത് ശരിയല്ലേ എന്ന് ഭ്രമിച്ചു പരദ്വേഷപരങ്ങളായ മതാന്ധതയുടെ പടുകുഴിയിൽ വീഴുകയും ചെയ്യുന്നു. ഈയവസരത്തിൽ പ്രസ്തുത ഇതര മത സൃഷ്ടിവാദങ്ങളെയും യുക്തിപരീക്ഷയ്ക്ക് വിധേയമാക്കി, ഭാരതീയ ഈശ്വര ദർശനത്തിന്റെയും ആദ്ധ്യാത്മികചര്യകളുടെയും യുക്തിഭദ്രതയും പ്രായോഗികതയും വിശകലനം ചെയ്യുകയാണ്.
സ്രഷ്ടാവും സൃഷ്ടിയും
നമ്മുടെ അനുഭവത്തിൽ ഏതെങ്കിലും ഒരു കാര്യത്തിന് അഥവാ പ്രതിഭാസത്തിന് ഉപാദാനം, സഹകാരി, നിമിത്തം എന്നിങ്ങനെ മൂന്ന് കാരണങ്ങൾ വേണം. ആദിമ കാലം മുതലേ മനുഷ്യൻ ഈ ആശയത്തിന് ദൃഷ്ടാന്തമായി പറയുന്നതിൽ ഒന്ന് മൺകുടത്തിന്റെ സൃഷ്ടിയാണ്. ഒരു കുടം ഉണ്ടാകുന്നതിന് മണ്ണ് ഉപാദാനവും, കുശവൻ നിമിത്തവും, ചക്രം വടി മുതലായവ സാഹകാരിയുമാണ്. ഇത് പോലെ പ്രപഞ്ചമാകുന്ന കാര്യത്തിന് മൂന്ന് കാരണ ഘടകങ്ങൾ കൂടിയേ തീരൂ. ആ കാരണാന്വേഷണങ്ങളിൽ പ്രാചീനർ പല വാദഗതികളും അവലംബിച്ചിട്ടുണ്ട്. അവയിൽ ഒന്നാണ് ഉത്പത്തിവാദമെന്നറിയപ്പെടുന്ന സിദ്ധാന്തം. കാരണമില്ലാതെ കാര്യമുണ്ടാവില്ല എന്നും, കാരണം എപ്പോഴും കാര്യത്തിൽ നിന്ന് ഭിന്നമാണെന്നും ആണ് ഉത്പത്തിവാദത്തിന്റെ അടിസ്ഥാന തത്വം. മുൻപ് ഇല്ലാതിരുന്ന കാര്യം നൂതനമായി ഉണ്ടാകുന്നുവെന്ന് ഇവർ പറയുന്നു. മണ്ണ് ഒരിക്കലും തനിയെ കുടമാകുകയില, കുശവന്റെ പ്രവർത്തനം കൊണ്ട് മാത്രമേ മണ്ണ് കുടമാകുകയുള്ളൂ. അതുപോലെ അചിന്ത്യവും അദ്ഭുതജനകവും വ്യവസ്ഥാപിതവുമായ ഈ പ്രപഞ്ചത്തെ ഉത്പാദിപ്പിക്കാൻ ഒരു പ്രപഞ്ച കർത്താവിനേ കഴിയൂ എന്നവർ സിദ്ധാന്തിക്കുന്നു. ഇന്ന് പ്രചാരത്തിലുള്ള സെമിറ്റിക് ദൈവസങ്കല്പത്തിന്റെ അടിസ്ഥാനം ഈ ഉത്പത്തിവാദമാണ്.
ഇങ്ങനെ അധിഷ്ഠാതാവ് (നിമിത്തകാരണം) മാത്രമായ ദൈവമാണ് പ്രപഞ്ച സൃഷ്ടിക്ക് കാരണമെന്ന വാദം ശ്രുതി യുക്തികൾ കൊണ്ട് നിരാകരിക്കപ്പെട്ടതാണ്. യുക്തിയെന്തെന്ന് നോക്കാം. ഒന്നാമതായി, ഏറ്റവും താണതും മദ്ധ്യമനിലയിലുള്ളതും ഉയർന്നതുമായി പല തരത്തിലുള്ള ജീവജാലങ്ങളെ സൃഷ്ടിക്കുന്ന സൃഷ്ടികർത്താവ് പക്ഷപാതിയും ക്രൂരനും ആണെന്ന് വരും. മനുഷ്യരിൽ തന്നെ ചിലരെ സുഖികളും ചിലരെ ദുഃഖികളും ചിലരെ ധനവാന്മാരും ചിലരെ ദരിദ്രരും, രോഗപീഡിതരും, അംഗപരിമിതരും മറ്റുമായി സൃഷ്ടിച്ച ദൈവം പക്ഷപാതിയാവാതെ തരമില്ല. അതായത് മനുഷ്യർക്കെന്നപോലെ ഇഷ്ട്ടം, അനിഷ്ടം എന്നിത്യാദി വികാര ദോഷങ്ങൾ ദൈവത്തിന് ഉണ്ടെന്ന് കരുതേണ്ടി വരും. മാത്രമല്ല , “പ്രവർത്തനാലക്ഷണാ ദോഷാ” എന്ന ന്യായമനുസരിച്ച് പ്രവൃത്തികളുണ്ടെങ്കിൽ അവിടെ ദോഷങ്ങളുമുണ്ട് എന്ന് നിശ്ചയമാണ്. സ്വാർത്ഥമായോ പരാർത്ഥമായോ ദോഷദൃഷ്ടിയില്ലാതെ പ്രവർത്തിക്കുന്ന ആരുമില്ല. സ്വാർത്ഥ പ്രേരിതമാകയാലാണ് എല്ലാവരും പരാർത്ഥമായി പോലും പ്രവർത്തിക്കുന്നത്. സൃഷ്ടി പ്രക്രിയ എന്ന പ്രവർത്തിയാൽ തന്നെ ഈ സെമിറ്റിക് ദൈവത്തിന് സ്വാർത്ഥ ദോഷം ഏർപ്പെടുന്നു. സ്വാർത്ഥമുള്ളവനാണ് ദൈവം എന്നായാൽ അത് ഈശ്വര ലക്ഷണങ്ങൾക്ക് വിരുദ്ധമാണ്.
ഇനിയും, ഇങ്ങനെയുള്ള ഒരു സ്രഷ്ടാവിൽ നിന്ന് ഭിന്നമായ ഒരു സൃഷ്ടിയുണ്ടെങ്കിൽ ആ സ്രഷ്ടാവിന് സർവ വ്യാപിത്വം ഇല്ല എന്ന് പറയേണ്ടി വരും, കാരണം ആ സൃഷ്ടിയിൽ സ്രഷ്ടാവ് ഇല്ലെന്ന് വാദിക്കുന്നതിനാൽ. മാത്രമല്ല സ്രഷ്ടാവിന് സൃഷ്ടിക്കണമെങ്കിൽ തന്നിൽ പെടാത്ത ഒന്നിനെ (ഉപാദാന സഹകാരി കാരണങ്ങൾ) ഉപയോഗിക്കുകയും വേണം. ഇനി വേറൊരു ചോദ്യമുള്ളത് എവിടെ നിലകൊണ്ടു കൊണ്ടാണ് സ്രഷ്ടാവ് സൃഷ്ടി ചെയ്തത്? സെമിറ്റിക് മതങ്ങൾ പ്രകാരം സ്വർഗത്തിൽ ആണ് അവരുടെ ദൈവം. ഈ സ്വർഗം എന്നത് സൃഷ്ടിയിൽ തന്നെ പെടുന്ന ആശയമോ ലോകമോ ആവാതെ തരമില്ല. അതായത് സെമിറ്റിക് സ്രഷ്ടാവിന് സ്ഥിതി ചെയ്യാൻ സൃഷ്ടിയിൽപെട്ട വസ്തു വേണ്ടി വരുന്നു അഥവാ സ്രഷ്ടാവിന് സൃഷ്ടിയിൽ ആശ്രയത്വം ഉണ്ടായി. സെമിറ്റിക് സങ്കല്പ പ്രകാരം സ്രഷ്ടാവ് വേറെ സൃഷ്ടി വേറെ എന്ന് വാദിക്കുന്നതിനാൽ അവരുടെ ദൈവം സൃഷ്ടിയായ സ്വർഗത്തിൽ ഉണ്ടാവാൻ പാടില്ല. ഇനി ഈ ദോഷത്തെ മറികടക്കാൻ ചിലർ പറഞ്ഞേക്കും ദൈവം സർവ വ്യാപിയാണെന്ന് (omnipresent ). അങ്ങനെ വാദിച്ചാൽ ആദ്യം പറഞ്ഞ സ്രഷ്ടാവ് വേറെ സൃഷ്ടി വേറെ എന്നതിന് വിരുദ്ധമാകും, സൃഷ്ടിയിലും സ്രഷ്ടാവ് ഉണ്ടെന്നു സമ്മതിക്കേണ്ടി വരും. സൃഷ്ടിയിലും ഇല്ലാത്ത സ്രഷ്ടാവ് സർവവ്യാപിയാകില്ല, പരിച്ഛേദനാണ് സ്രഷ്ടാവ് എന്ന നില വരും. പരിച്ഛേദം ഉള്ളത് പൂർണമല്ല. ഈ വിധ വൈരുധ്യങ്ങൾ നിറഞ്ഞ സെമിറ്റിക് സങ്കല്പത്തിലെ ദൈവം പൂർണനല്ല എന്ന് ദാർശനികമായ യുക്തി കൊണ്ട് തെളിയുന്നു.
ഈശ്വര തത്വത്തെക്കുറിച്ച് ഭാരതീയ ദർശനം എന്തെന്ന് ഇനി പരിശോധിക്കാം. മനുഷ്യരുടെ വിചാരശീലത്തിന്റെ ആവിർഭാവം മുതൽക്ക് തന്നെ ജീവൻ, ഈശ്വരൻ, പ്രപഞ്ചം എന്ന മൂന്ന് സമസ്യകളെ കുറിച്ചുള്ള അന്വേഷണവും ആരംഭിച്ചു. തത് ഫലമായി വിവിധ ദാർശനിക ചിന്താധാരകളും നിലവിൽ വന്നു. ആദ്യമാദ്യമുണ്ടായ സിദ്ധാന്തങ്ങളെ യുക്തിചിന്തയ്ക്കും പരീക്ഷണങ്ങൾക്കും വിധേയമാക്കി കൂടുതൽ യുക്തിഭദ്രതയുള്ളതും, സാക്ഷാത്കരിക്കാനാവുന്നതുമായ ദർശനങ്ങൾ ഭാരതത്തിൽ ആവിർഭവിച്ചു. ഇവയിൽ മുഖ്യമായവയാണ് ഷഡ് ദർശനങ്ങൾ. ഈ ദർശനങ്ങളുടെ പാരമ്യമായ, ശ്രുതി യുക്തി അനുഭവ പ്രമാണങ്ങളിൽ സുസ്ഥിരമായ, വേദാന്ത ദർശനത്തെ ആധാരമാക്കി അനേക മാർഗങ്ങളിൽ കൂടി പരമസത്യമായ ഈശ്വരന്റെ സഗുണ ഭാവത്തെയും നിർഗുണ ഭാവത്തെയും സാക്ഷാത്കരിച്ച പൂർവ മഹർഷീശ്വരന്മാരുടെ ഇന്ദ്രിയാതീതങ്ങളായ അനുഭൂതികളുടെ സമുച്ചയമാണ് ഹിന്ദു ധർമം.
ഭാരതീയ ദർശനപ്രകാരമുള്ള പരമതത്വമായ ബ്രഹ്മം അഥവാ പരമാത്മാവ്, സർവ ദൃശ്യ പ്രപഞ്ചത്തിന്റെയും അഭിന്ന നിമിത്ത, ഉപാദാന കാരണമാണ്. ബ്രഹ്മത്തിന്റെ ജഗത് കാരണത്വത്തെ (തടസ്ഥ ലക്ഷണം) നിരവധി ഉപനിഷത് വാക്യങ്ങളാൽ പ്രകാശിപ്പിച്ചിരിക്കുന്നു.
“യാതോ വാ ഇമാനി ഭൂതാനി ജായന്തേ
യേന ജാതാനി ജീവന്തി യത് പ്രയന്ത്യഭിസംവിശന്തി
തത് വിജിജ്ഞാസസ്വ തത് ബ്രഹ്മേതി” (തൈത്തിരീയോപനിഷത്ത്-3.1)
‘ഏതൊന്നിൽ നിന്നാണോ ചാരാചാരത്മകമായ ഈ പ്രപഞ്ചമുണ്ടായത്, ഏതൊന്നു കൊണ്ടാണോ ഇവ നിലനിൽക്കുന്നത്, ഏതൊന്നിനോട് ചേർന്ന് ഏതൊന്നിൽ ലയിച്ചു അതിനോടൈക്യപ്പെടുന്നുവോ അതിനെ അറിയാൻ ആഗ്രഹിക്കൂ, അതാണ് ബ്രഹ്മം.’ എന്ന ഉപനിഷത് വാക്യം വെളിവാക്കുന്നത് പ്രപഞ്ചം പരമാത്മാവായ ബ്രഹ്മത്തിൽ നിന്നുണ്ടായി അതിൽ സ്ഥിതി ചെയ്ത് അതായിത്തീരുന്നുവെന്നാണ് . ഉത്പത്തിയും സ്ഥിതിയും ലയവും ഏതൊന്നിലാണോ ഉള്ളത് അത് ഉപാദാനകാരണമാണ്. തിര, നുര പത മുതലായവ ജലത്തിൽ നിന്നുണ്ടായി ജലത്തിൽ നിലനിന്നു ജലത്തിൽ തന്നെ ലയിക്കുന്നു എന്ന ദൃഷ്ട്ടാന്തത്തിൽ ജലം ഉപാദാന കാരണവും തിര, പത മുതലായവ കാര്യങ്ങളുമാണ്. കാരണത്തിൽ നിന്ന് വേറിട്ട് കാര്യത്തിന് നിലനില്പില്ലാത്തതിനാൽ കാര്യം, കാരണം തന്നെയാകുന്നു. തിരയും നുരയും, ജലം തന്നെയാണെന്നത് പോലെ പ്രപഞ്ചത്തിന്റെ ഉപാദാനകാരണമായ പരമാത്മാവ് അഥവാ ബ്രഹ്മവും ഉപാദേയകാര്യമായ പ്രപഞ്ചവും യുക്തിവിചാരത്തിൽ ഒന്നാണെന്ന് നിർണയിക്കാൻ കഴിയും. ഈ ഉപനിഷത് രഹസ്യമാണ് ശ്രീനാരായണ ഗുരുദേവൻ തന്റെ ദൈവ ദശകം എന്ന കൃതിയിൽ ഇപ്രകാരം അരുളിചെയ്തത്.
“നീയല്ലോ സൃഷ്ടിയും
സ്രഷ്ടാവായതും സൃഷ്ടിജാലവും
നീയല്ലോ ദൈവമേ,
സൃഷ്ടിക്കുള്ള സാമഗ്രിയായതും.”
പ്രപഞ്ചത്തിന്റെ അഭിന്ന നിമിത്ത, ഉപാദാന കാരണമായ ഈശ്വരനിൽ ആരോപിക്കപ്പെട്ട ഈ പ്രപഞ്ചം പരമാർത്ഥ ദൃഷ്ടിയിൽ ഈശ്വരൻ തന്നെയെന്ന് “ഈശാവാസ്യമിദം സർവം” എന്ന ഉപനിഷദ് വാക്യവും വെളിവാക്കുന്നു.
ഈശ്വരൻ ആത്മസ്വരൂപമായി എല്ലാ ചരാചരങ്ങളിലും അഭിന്നമായി നിലകൊള്ളുന്നു എന്നതാണ് സനാതന ധർമത്തിന്റെ അനിഷേദ്ധ്യമായ പ്രഖ്യാപനം. ഈ ജ്ഞാനലബ്ധിയിലൂടെയുള്ള ആത്യന്തിക ദുഃഖ നിവൃത്തിയെന്ന മോക്ഷപ്രാപ്തിയാണ് നമ്മുടെ ലക്ഷ്യം. വിഭിന്നങ്ങളായ ദൃശ്യ വസ്തുക്കളെയെല്ലാം അവയുടെ സത്താമാത്രരൂപത്തിൽ ഈശ്വരൻ തന്നെ എന്ന് ഒന്നായി വീക്ഷിക്കുന്ന സമ്യഗ് ദൃഷ്ടിയായ ഈശ്വര ജ്ഞാനത്തിലെത്തുന്പോഴാണ് നാം യഥാർത്ഥ മനുഷ്യരാകുക. ഈ വിശാലമായ ചിന്താസരണിയിൽകൂടി ദാർശനികമായും പ്രായോഗികമായും പുരോഗമിക്കാൻ കഴിഞ്ഞവരായ ഋഷീശ്വരന്മാർ ജനസാമാന്യത്തിനായിക്കൊണ്ട് നിബന്ധിച്ചവയാണ് വിവിധ ഉപാസനാ പദ്ധതികൾ.
“യയാ യയാ ഭവേത് പുംസാം
വ്യുത്പത്തി: പ്രത്യാഗാത്മനി
സാ സൈവ പ്രക്രിയാ ജ്ഞേയാ
സാദ്ധ്വീ സാ ച വിവക്ഷിതാ”
‘മനുഷ്യർക്ക് ഏതേത് മാർഗങ്ങളിൽ കൂടെ ആത്മബോധമുണ്ടാകുമോ, അവയെല്ലാം സാന്പ്രദായികങ്ങളായ പ്രക്രിയകൾ തന്നെ, അവയെല്ലാം ശരിയുമാണ്.’ – എന്ന വിശാല വീക്ഷണമാണ് സനാതന ധർമത്തിനുള്ളത്. ഈ വിശാലവീക്ഷണത്തിന് മുൻപിൽ, ഞങ്ങളുടെ മാർഗം മാത്രം സത്യമാർഗം, ഇത് പിന്തുടരാത്തവരെ ദൈവം നരകത്തിലിട്ട് പൊരിക്കും, ഞങ്ങളുടെ മാർഗത്തിലേക്ക് ആളെ കൂട്ടിയാൽ സ്വർഗസുഖങ്ങൾ ലഭിക്കും തുടങ്ങിയ സങ്കുചിതമായ സെമിറ്റിക് സങ്കല്പങ്ങളുടെ നിസ്സാരത വിചാരശീലമുള്ളവർക്ക് ബോധ്യമാകുന്നതാണ്. സൃഷ്ടിയെന്ന വ്യവഹാരത്തെ അംഗീകരിക്കുന്നിടത്തോളം കാലം സ്രഷ്ടാവും സൃഷ്ടിയും തമ്മിൽ അഭേദമാണ് ഉള്ളത് എന്ന് വ്യക്തമാണ്. ഇങ്ങനെ സൃഷ്ടിയിലുള്ള വസ്തുക്കളേയോ ബിംബങ്ങളെയോ ഉപാസനയ്ക്കായി ഈശ്വരധ്യാനത്തിന് അവലംബിക്കുക വഴി സൃഷ്ടിയിൽ നിന്ന് അപരിച്ഛിന്നനായ സ്രഷ്ടാവിനെത്തന്നെയാണ് സനാതന ധർമികൾ ലക്ഷ്യമാക്കുന്നത്.
പുരാണങ്ങൾ, വിഗ്രഹാരാധന
ചര്യ, ക്രിയ, യോഗം, ജ്ഞാനം ഈ ഉപാധികളിലൂടെയാണ് ഹിന്ദു ധർമം മനുഷ്യരെ ആത്മാനുഭൂതിയിലെത്തിക്കുന്നത്. “ചര്യ” മതഗ്രന്ഥ പാരായണത്തോടു കൂടിയ വ്രതാനുഷ്ഠാനമാണ്. “ക്രിയ” ഈശ്വര പൂജാ വിധാനമാണ്. “യോഗം” ഹഠ, രാജ യോഗാദി മാർഗങ്ങളിലൂടെയുള്ള പ്രാണചിത്തങ്ങളുടെ സംയമമാണ്. “ജ്ഞാനം” എന്നത് പരമാത്മ തത്വമായ ബ്രഹ്മജ്ഞാന സന്പാദനമാണ്. ഓരോ മനുഷ്യരുടെയും മനോനിലയിലുള്ള അധികാരി ഭേദമനുസരിച്ച് പടിപടിയായി പരിശീലിക്കേണ്ട മാർഗങ്ങളാണിത്.
കാരുണ്യവാന്മാരായ നമ്മുടെ ഋഷിമാര്‍ ഈ ഉപനിഷത്ത്തത്ത്വങ്ങളെ സാധാരണ ജനങ്ങള്‍ക്ക് ലളിതമായി മനസ്സിലാക്കുവാന്‍ കഥാരൂപേണ രചിച്ചവയാണ് പുരാണങ്ങള്‍. “ചര്യ” എന്ന് മുൻപ് സൂചിപ്പിച്ച ഉപാധിയിൽ പെടുന്നവയാണ് പുരാണാദി ഗ്രന്ഥങ്ങളുടെ പാരായണം, ഇതാണ് സത്യസാക്ഷാത്കാരത്തിലേക്കുള്ള ക്രമികമായ ആദ്യത്തെ പടി. പുരാണങ്ങളില്‍ കാണുന്ന ബ്രഹ്മാവ്, വിഷ്ണു, പരമശിവന്, ദേവി, ഗണപതി, സുബ്രഹ്മണ്യന് എന്നിങ്ങനെയുള്ള നാമങ്ങള്‍ ഒരേ ഈശ്വരനെത്തന്നെയാണ് കുറിക്കുന്നത് എന്ന് അവയുടെ സൂക്ഷ്മപഠനത്തില്‍ നിന്നും മനസ്സിലാക്കാം. “ഏകം സത് വിപ്രാ ബഹുധാ വദന്തി: ( സത്യം ഒന്ന് മാത്രമേ ഉള്ളു വിദ്വാന്മാര് അത് പലതായി പറയുന്നു) എന്ന ഋഗ്വേദമന്ത്രം തന്നെ ഹൈന്ദവധര്‍മ്മം എകമായ ഈശ്വരനെയാണ് അംഗീകരിക്കുന്നത് എന്ന് തെളിയിക്കുന്നു. “സൃഷ്ടിസ്ഥിത്യന്തകരണീം ബ്രഹ്മാവിഷ്ണു ശിവാഭിധാം സ സംജ്ഞാംയാതി ഭഗവാനേക ജനാര്‍ദ്ദന” എന്ന വിഷ്ണുപുരാണവാക്യം ഇതാണ് പറയുന്നത്. പുരാണങ്ങള്‍ ശ്രദ്ധാഭക്തിയോടെ വായിക്കാത്തതുകൊണ്ടാണ് തെറ്റിധാരണ ഉണ്ടാകുന്നത്. കൂടാതെ ചിത്രകഥകളും ഗൂഗിളും നല്കുന്ന അറിവുകള്‍ വച്ചാണല്ലോ ഇക്കാലത്ത് ആളുകള്‍ മതവിമര്‍ശനത്തിനു ഇറങ്ങുന്നത്. പുരാണങ്ങളില്‍ പറയുന്ന കഥകളെ അര്‍ത്ഥവാദകഥകളായി സ്വീകരിച്ച് അവയുടെ ആന്തരികമായ അര്‍ത്ഥം ഗ്രഹിക്കേണ്ടതുണ്ട്. പുരാണങ്ങള്‍ കഥകളിലൂടെ നമ്മുടെ മനസ്സിനെ ഈശ്വരാഭിമുഖമാക്കിത്തീര്ക്കുന്നു. നിരാകാരനായ ഈശ്വരനെ സാകാരനാക്കി കല്പിച്ച് അദ്ദേഹത്തിന്റെ മഹിമ നമുക്ക് വെളിപ്പെടുത്തിത്തരികയാണ് പുരാണങ്ങള്‍ ചെയ്യുന്നത്. പരമാത്മതത്ത്വം ഗ്രഹിക്കാന്‍ കഴിയാത്ത മന്ദമതികളെ ഉദ്ദേശിച്ചാണ് ഈശ്വരനില്‍ രൂപം തുടങ്ങിയ ഗുണങ്ങള്‍ കല്പിച്ചിരിക്കുന്നത്. വിഷയലിപ്തമായ മനുഷ്യമനസ്സിന് സാകാരമായ ഈശ്വരസങ്കല്‍പ്പത്തെ വേഗം സ്വീകരിക്കാനാകും. ക്രമേണ ബുദ്ധിക്കു പാകത വരികയും ശരിയായ തത്ത്വം ഗ്രഹിക്കുകയും ചെയ്യും.
“ക്രിയ” എന്ന് മുൻപ് സൂചിപ്പിച്ച ഉപാധിയിൽ പെടുന്നവയാണ് സഗുണാരാധനകൾ, ഇതാണ് സത്യസാക്ഷാത്കാരത്തിലേക്കുള്ള ക്രമികമായ രണ്ടാമത്തെ പടി. യോഗ വേദാന്താദി മാർഗങ്ങളിൽ സഞ്ചരിക്കുവാൻ കഴിവില്ലാത്ത ബഹിർമുഖരായ മനുഷ്യർക്ക് ആദ്ധ്യാത്മിക സാധനകൾക്കുള്ള അവലംബമായാണ് വിഗ്രഹാരാധന നിഷ്കർച്ചിട്ടുള്ളത്. നിർഗുണനും നിരാകാരനും പരിപൂർണനുമായ ഈശ്വരനെ അഥവാ സാമാന്യസത്തയെ രാമ, കൃഷ്ണാദി അവതാര രൂപേണ വിശേഷേണ ഗ്രഹിച്ച് ആരാധിക്കുന്നതാണ് വിഗ്രഹാരാധന.
“ചിന്മയസ്യാ ഽ ദ്വിതീയസ്യ
നിഷ്കളസ്യാ ഽ ശരീരീണഃ
ഉപാസകാനാം കാര്യാർത്ഥം
ബ്രഹ്മണോ രൂപകല്പനാ”
‘പരിപൂർണ്ണനും, സജാതീയ വിജാതീയ സ്വഗത ഭേദ രഹിതനും, അശരീരിയും ജ്ഞാനസ്വരൂപനുമായ ഈശ്വരനെ വിവിധ രൂപത്തിൽ കല്പിച്ചിരിക്കുന്നത് ഉപാസകർക്ക് വേണ്ടിയാണ്.’ എന്ന പ്രമാണം ഇത് വെളിവാക്കുന്നു. വിഗ്രഹാരാധന കൊണ്ട് ചിത്ത ശുദ്ധിയും ഏകാഗ്രതയും സിദ്ധിച്ചാൽ ഉയർന്ന യോഗ വേദാന്താദി മാർഗങ്ങളിൽ ചരിക്കാനുള്ള പ്രാപ്തി കൈവരുന്നു.
മതം മാറ്റ സംഘങ്ങൾ സ്വമത പ്രചാരണത്തിനായി, ഹൈന്ദവരുടെ പുരാണങ്ങൾ, വിഗ്രഹാരാധന തുടങ്ങിയവയെക്കുറിച്ചുന്നയിക്കുന്ന ആക്ഷേപങ്ങൾ ഹൈന്ദവധര്‍മ്മത്തെക്കുറിച്ചും തത്ത്വങ്ങളെക്കുറിച്ചും ഗ്രന്ഥങ്ങളെക്കുറിച്ചും അടിസ്ഥാനപരമായ അറിവു പോലും ഇല്ലാതെയുള്ള ചോദ്യങ്ങള്‍ ആണെന്ന് മനസിലാക്കുകയും, ധർമതത്വങ്ങൾ പഠിക്കാൻ ശ്രമിക്കുകയും, ഈ ചോദ്യങ്ങൾ ചോദിക്കുന്നവരുടെ ദൈവ സങ്കല്പത്തെ യുക്തിപരീക്ഷയ്ക്ക് പാത്രമാക്കുകയും ചെയ്യുക വഴി മാത്രമേ ഈ നീക്കങ്ങൾക്ക് തടയിടാൻ കഴിയൂ. പരമതദ്വേഷമെന്ന വിഷത്തിനെ സർവാശ്ലേഷിയായ സനാതനധർമ പഠനമെന്ന ഔഷധം കൊണ്ട് നിർവീര്യമാക്കുവാൻ ഏവർക്കും കഴിയട്ടെ. അതിനായി, സച്ചിദാനന്ദസ്വരൂപനും പ്രപഞ്ചനിയന്താവുമായ പരമേശ്വരന് അനുഗ്രഹിക്കട്ടെ.