-ബിനോയ് അശോകൻ ചാലക്കുടി
ഗുജറാത്ത് തിരഞ്ഞെടുപ്പ് ബിജെപിക്കും കോൺഗ്രസിനും രാജ്യത്തിനും നൽകുന്ന സൂചനകൾ.
“22വർഷത്തെ ഭരണവിരുദ്ധവികാരം മറികടന്ന് തുടർച്ചയായി ആറാമതും വിജയിച്ച്കൊണ്ട് ബിജെപി ചരിത്രം കുറിച്ചിരിക്കുന്നു.” ഇതാണ് 2017ലെ ഗുജറാത്ത് സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് ഒറ്റവരിയിൽ പറയാവുന്നത്. വിജയം വിജയവും, തോൽവി തോൽവിയുമാണ്, ബാക്കിയെല്ലാം വിശകലങ്ങളും സമാശ്വാസങ്ങളും മാത്രം.രണ്ടു പതിറ്റാണ്ടിലധികം കാലംകൊണ്ട് സംഭരിക്കപ്പെട്ട വലിയ അളവിലുള്ള ഭരണവിരുദ്ധവികാരത്തെ മറികടന്ന് കേവലഭൂരിപക്ഷം നേടി വിജയിക്കുക എന്ന അവിശ്വസീനയമായ നേട്ടം കൈവരിച്ചതിൽ ബിജെപിയെ അഭിനന്ദിക്കാതെ മറ്റ് വിശകലനങ്ങളിലേക്ക് കടക്കുന്നത് മര്യാദകേടായിരിക്കും. വെറും അഞ്ച് വർഷങ്ങൾകൊണ്ട് ജനങ്ങളെ വെറുപ്പിക്കുന്നതിന്റെ ഫലമായി ഓരോ തിരഞ്ഞെടുപ്പിലും ഭരണം നഷ്ടപ്പെടുന്ന കേരളത്തിലെ ഇടത് വലത് മുന്നണികളുടെ അവസ്ഥയുമായി താരതമ്യം ചെയ്താൽ കൃത്യമായി മനസിലാവും ബിജെപിയുടെ ഈ വിജയത്തിന്റെ വലിപ്പം.അപ്പോൾ ബിജെപി അർഹിക്കുന്ന അഭിനന്ദങ്ങൾ അവർക്ക് നൽകികൊണ്ട് ഈതിരഞ്ഞെടുപ്പ് ബിജെപിക്കും, കോൺഗ്രസിനും, സർവോപരി രാജ്യത്തിനും മുന്നോട്ട്നൽകുന്ന സൂചനകൾ വിലയിരുത്താൻ ശ്രമിക്കാം.
തിരഞ്ഞെടുപ്പ് ഫലങ്ങൾ സംഖ്യകൾ പ്രകാരം ഇങ്ങനെയാണ്:
ഗുജറാത്തിൽ ആകെയുള്ള 182 സീറ്റിൽ 99 സീറ്റ് നേടിയാണ് ബിജെപി തുടർച്ചയായ ആറാം വിജയം കരസ്ഥമാക്കിയത്. കഴിഞ്ഞ തവണത്തേക്കാൾ 16 സീറ്റുകൾ കുറഞ്ഞെങ്കിലും വോട്ട് വിഹിതം 1.2 ശതമാനത്തിന്റെ വർദ്ധനവോടെ 49.1ശതമാനത്തിൽ എത്തിക്കാൻ അവർക്ക് കഴിഞ്ഞു. കഴിഞ്ഞ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 16 സീറ്റുകളും 4ശതമാനം വോട്ടും കൂടുതൽ നേടാൻ കോൺഗ്രസിനായി. വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തിൽ ലീഡ് നിലയിൽ 92 സീറ്റ് വരെ എത്തിയെങ്കിലും അവസാനം അത് 77 സീറ്റും 43.9 ശതമാനം വോട്ടും വരെയെത്തിക്കാനേ കോൺഗ്രസിനായുള്ളൂ.ഹിമാചൽ പ്രദേശിൽ 68 സീറ്റുകളിൽ 44ഉം നേടി മൂന്നിലൊന്ന് ഭൂരിപക്ഷത്തോടെയാണ് കോൺഗ്രസിൽ നിന്ന് ബിജെപി ഭരണം പിടിച്ചെടുത്തത്. 48.8 ശതമാനം വോട്ടും കഴിഞ്ഞ തവണത്തേക്കാൾ 18 സീറ്റും കൂടുതൽ നേടിയാണ് ബിജെപി മിന്നുന്ന വിജയം കരസ്ഥമാക്കിയത്.
2019ൽ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിലേക്കായി ഒരു ബിജെപിവിരുദ്ധ ‘നരേറ്റിവ്’ സൃഷ്ടിക്കാൻ എല്ലാ മാർഗ്ഗങ്ങളും പരീക്ഷിക്കുന്ന പ്രതിപക്ഷവും, ഭൂരിപക്ഷംവരുന്ന ബിജെപി വിരുദ്ധ-മാധ്യമങ്ങളും ഗുജറാത്ത് ഫലത്തെ ഇതിനോടകം വളരെയധികം തെറ്റായി വ്യാഖ്യാനിച്ച് കഴിഞ്ഞു എന്ന് കാണാവുന്നതാണ്. 150 സീറ്റ് ലക്ഷ്യംവച്ച ബിജെപിയെ 99 സീറ്റിൽ ഒതുക്കി എന്നത് വിജയത്തിന് തുല്യമായ പ്രകടനമായാണ് കോൺഗ്രസ് അടക്കം അവരെല്ലാം വിലയിരുത്തുന്നത്. “രാഹുൽ ഗാന്ധിയുടെ വിജയം!” എന്നാണ് അവർ പറയുന്നത്. പക്ഷെ 92 സീറ്റാണ് ഒറ്റക്ക് ഭരിക്കാനാവശ്യമായ കേവലഭൂരിപക്ഷം എന്നും, 22 വർഷത്തെ ഭരണവിരുദ്ധവികാരം നേരിടുന്ന ബിജെപി അതിനേക്കാൾ ഏഴ് സീറ്റുകൾ കൂടുതൽ നേടി ആ ലക്ഷ്യം മറികടന്നിരിക്കുന്നുവെന്നും അവർ സൗകര്യപൂർവം മറക്കാൻ ശ്രമിക്കുന്നു. ഇതിന്റെകൂടെ കയ്യിലുണ്ടായിരുന്ന ഹിമാചൽപ്രദേശ് കൂടി ബിജെപി മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ കോൺഗ്രസിൽ നിന്ന് പിടിച്ചെടുത്തു എന്നത് കൂടി അവർ ചർച്ചചെയ്യാതിരിക്കുമ്പോൾ അവർ പറയുന്ന ‘രാഹുൽ ഗാന്ധിയുടെ ആ വിജയം!’ പൂർണമാവുന്നു.
ഭരണവിരുദ്ധവികാരത്തിന്പുറമെ ജി.എസ്.ടിയും, നോട്ട്നിരോധനവും സൃഷ്ടിച്ചപ്രശ്നങ്ങളും, മോദി എന്ന അതികായൻ തലപ്പത്തില്ലാത്ത അവസ്ഥയും, മോദിക്ക് പകരം വന്ന ഒരു മുഖ്യമന്ത്രി ഇതിനോടകം പരാജയം ഏറ്റ് വാങ്ങി രാജിവെക്കേണ്ടി വന്നതും, മൂന്ന് ജാതിനേതാക്കളായ ചെറുപ്പക്കാർ ഉയർത്തിയ വെല്ലുവിളികളും. അങ്ങനെ തോൽക്കാൻ നിരവധി കാരണങ്ങൾ ഉണ്ടായിരുന്നു ബിജെപിക്ക് ഗുജറാത്തിൽ. എന്നിട്ടും അവരെ തോൽപ്പിക്കാനാവാതെ പോയി എന്നത് സത്യത്തിൽ കോൺഗ്രസിന്റെ പരാജയഭാരം കൂട്ടുകയാണ്. പാർട്ടിയുടെ അധികാരം ഔദ്യോഗികമായി ഏറ്റെടുത്തത്തിന് ശേഷം നടന്ന തിരഞ്ഞെടുപ്പ് എന്ന നിലയിൽ രാഹുൽഗാന്ധിയുടെ വ്യക്തിപരമായ വലിയ പരാജയമായിക്കൂടി വിലയിരുത്തപ്പെടേണ്ട സ്ഥാനത്ത് ഇതൊരു രാഹുൽഗാന്ധിവിജയം എന്നാണ് സ്തുതിഗീതികൾ! ഈ സ്തുതിഗീതങ്ങളിൽ രാഹുൽ ഗാന്ധി സ്വയം അഭിരമിച്ചിരിക്കുന്നു എന്ന് തെളിയിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ സ്വന്തം പ്രതികരണങ്ങളും. അതായിരിക്കും ഒരുപക്ഷെ കോൺഗ്രസ് നേരിടുന്ന യഥാർത്ഥ വെല്ലുവിളി.
മോദിയുടെ നേതൃത്വത്തിൽ ബിജെപി 2014ലെ തിരഞ്ഞെടുപ്പ് ജയിക്കുമ്പോൾ അഞ്ച് സംസ്ഥാങ്ങൾ ആയിരുന്നു പാർട്ടി ഭരിച്ചിരുന്നതെങ്കിൽ ഇന്ന് ഹിമാചൽ ബിജെപി ഒറ്റക്ക് ഭരിക്കുന്ന 16 ആമത്തെ സംസ്ഥാനമാണ്. ഇങ്ങനെ ഇന്ത്യ കണ്ട ഏറ്റവും വലിയ തിരഞ്ഞെടുപ്പ് വിജയപരമ്പര നയിച്ച് മുന്നിൽ നിൽക്കുന്ന മോദിയുടെ ജനപ്രീതി കുറഞ്ഞു എന്നാണ് രാഹുൽ ഗാന്ധി തിരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം പ്രതികരിച്ചത്! തുടർച്ചായി പരാജയ പരമ്പരകളിലെ ഏറ്റവും പുതിയതായ ഹിമാചൽ-ഗുജറാത്ത് ഇരട്ട പ്രഹരത്തിന് ശേഷം അദ്ദേഹം വിലയിരുത്തുന്നത് ധാർമിക വിജയം കോൺഗ്രസിന്റേതെന്നാണ്! ഇങ്ങനെയാണ് കാര്യങ്ങളെ പുതിയ പ്രസിഡന്റ് വിലയിരുത്തുന്നതെങ്കിൽ കോൺഗ്രസിനെ രക്ഷിക്കാൻ ആർക്കുമാവുമെന്ന് തോന്നുന്നില്ല.
കോൺഗ്രസ് ഉയർത്തിയ മത്സരത്തെ മോദിയുടെ വ്യക്തിപ്രഭാവം അഥവാ മോദിതരംഗത്തിൽ മറികടക്കാൻ ബിജെപിക്കായെങ്കിലും ഒരുപാട് അപകടസൂചനകൾ അവർക്കും, രാജ്യത്തിന് പൊതുവിലും നൽകുന്നുണ്ട് ഈതിരഞ്ഞെടുപ്പ്ഫലം. പാർട്ടിയിൽ വിശ്വാസമർപ്പിച്ച ഹിമാചലിലേയും ഗുജറാത്തിലെയും ജനങ്ങൾക്കും, വിജയത്തിന് വേണ്ടി കഠിനാധ്വാനം ചെയ്ത പാർട്ടി പ്രവർത്തർക്കും നന്ദി പറഞ്ഞുകൊണ്ടുള്ള പ്രസംഗത്തിൽ മോദി എടുത്ത് പറഞ്ഞ ഒരു കാര്യമുണ്ടായിരുന്നു. ഒരുകാലത്ത് ഗുജറാത്തിൽ കോൺഗ്രസ് അഴിച്ച് വിട്ടിരുന്ന, താനടക്കമുള്ള ബിജെപിക്കാർ കഴിഞ്ഞ മുപ്പത് വർഷങ്ങൾ എടുത്ത് നടത്തിയ പരിശ്രമത്തിന്റെ ഫലമായി കുടത്തിലടച്ച ജാതി എന്ന ദുർഭൂതത്തെ വീണ്ടും തുറന്ന് വിടാനുള്ള ശ്രമമാണ് ഈ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് നടത്തിയതെന്ന ഗുരുതരമായ നിരീക്ഷണമാണ് അദ്ധേഹം പങ്കുവച്ചത്.
ഹാർദിക് പട്ടേൽ, ജിഗ്നേഷ് മേവാനി, അൽപേഷ് താക്കൂർ എന്നിവരെ മുന്നിൽ നിർത്തി ജനങ്ങളെ പട്ടേൽ, ദളിത്, താക്കൂർ എന്നിങ്ങനെ വിഭജിച്ച്, വിവിധ വിഭാഗങ്ങൾക്കിടയിൽ സാമൂഹ്യ സ്പർദ്ധ വളർത്തി അതിൽ നിന്ന് മുതലെടുക്കാനുള്ള ശ്രമമാണ് ഗുജറാത്തിൽ കോൺഗ്രസ് നടത്തിയത്. വിഭജിച്ച് ഭരിക്കുക എന്ന ബ്രിട്ടീഷുകാരിൽ നിന്ന് കൈകൊണ്ട പദ്ധതി കോൺഗ്രസ് വീണ്ടും ആവർത്തിക്കുന്നതും, അതിൽ ചെറിയൊരളവിൽ അവർ വിജയം കണ്ടതുമായ സാഹചര്യമാണ് മോദി സൂചിപ്പിച്ചത്. ഇന്ന് ബിജെപിയുടെ ഇന്ത്യയിലെ ഏറ്റവും വലിയ ശക്തികേന്ദ്രമാണ് ഗുജറാത്ത് എന്നത്കൊണ്ട് തന്നെ എല്ലാവരും സൗകര്യപൂർവം വിസ്മരിക്കുന്ന ഒരു വസ്തുതയാണ് സ്വാതന്ത്ര്യലബ്ദിക്ക് ശേഷം തുടർച്ചായി 50 വർഷത്തോളം ഗുജറാത്ത് അടക്കി വാണത് കോൺഗ്രസ് ആയിരുന്നു എന്നത്. ഇന്ന് ബിജെപിക്കെങ്ങിനെയാണോ ഗുജറാത്ത്, ഒരിക്കൽ കോൺഗ്രസിനും അങ്ങനെത്തന്നെയായിരുന്നു ഗുജറാത്ത്. ഹർദിക്-അൽപേഷ്-ജിഗ്നേഷ് ത്രയങ്ങളിലൂടെ ഇന്ന് കോൺഗ്രസ് പ്രയോഗിക്കുന്ന വിഭജന തന്ത്രം അന്നും അവർ പ്രയോഗി ച്ചിരുന്നു. ക്ഷത്രിയ-ഹരിജൻ-ആദിവാസി-മുസ്ലിം എന്നിവയുടെ ചുരുക്കമായ KHAM എന്ന് കുപ്രസിദ്ധിയാർജ്ജിച്ച ഒരു ഫോർമുലയിലയായിരുന്നു അത്. ഇത്തരത്തിൽ കോൺഗ്രസ് കാലങ്ങൾ കൊണ്ട് ഉണ്ടാക്കിയ ജാതി വിഭജനത്തിന്റെ വിഷഫലങ്ങളെയാണ് കഴിഞ്ഞ മുപ്പത് കൊല്ലങ്ങളായുള്ള പരിശ്രമത്തിലൂടെ മാറ്റിയെടുക്കാൻ തങ്ങൾക്ക് കഴിഞ്ഞിരുന്നു എന്ന് മോദി സൂചിപ്പിച്ചത്.
പട്ടേൽ എന്ന മേൽജാതിക്ക് സംവരണമെന്ന ആശയം അവർക്ക് നിർണായക ശക്തിയുള്ള നഗരമേഖലയിൽ തീരെ സ്പർശിക്കാതെ പോയെങ്കിലും ഗ്രാമീണ മേഖലകളിലെ അവരുടെ പോക്കറ്റുകളിൽ കാര്യമായ ചലനമുണ്ടാക്കാൻ കഴിഞ്ഞു. ബിജെപിക്ക് നഷ്ടപ്പെട്ട 16 സീറ്റുകൾ ആ മേഖലകളിൽ നിന്നാണെന്നത് അതിലേക്കാണ് വിരൽ ചൂണ്ടുന്നത്. വിജയം നുണഞ്ഞു കഴിഞ്ഞ ഈ തന്ത്രം ഇനി ഇന്ത്യയിലെ മറ്റ് സ്ഥലങ്ങളിലും പരീക്ഷിക്കപ്പെടാം. അങ്ങനെയാണെങ്കിൽ മണ്ഡൽ കാലഘട്ടത്തിൽ കണ്ട സംവരണ വിഭാഗങ്ങളും-അല്ലാത്തവരും എന്ന രീതിയിൽ രാജ്യത്തെ ജനങ്ങൾ ചേരിതിരിഞ്ഞ് തമ്മിലടിക്കുന്ന അവസ്ഥയാണ് കോൺഗ്രസ് വീണ്ടും സൃഷ്ടിച്ചിരിക്കുന്നത്. ഇതാണ് ദേശീയവാദികളും, രാജ്യം മൊത്തത്തിലും ഭയത്തോടെ കാണുന്ന ഘടകം. ഇതിനെക്കുറിച്ചാണ് മോദി മുന്നറിയിപ്പ് നൽകിയത്. ജാതി ഇന്ത്യയുടെ ശാപമാണെന്നിരിക്കെ ജാതിക്കതീതമായി ജനങ്ങളെ (ഹിന്ദുക്കളെ എന്നും വായിക്കാം) സംഘടിപ്പിക്കുന്ന പോസിറ്റീവ് അജണ്ടയുമായി മുന്നോട്ട് പോകുന്ന ബിജെപിയെ തളക്കാനായി ‘കോൺഗ്രസിന്റെ ഗുജറാത്ത് മോഡലിൽ’ അവരെ (ഹിന്ദുക്കളെ എന്നും വായിക്കാം) ജാതികളായി തിരിച്ച് തമ്മിലടിപ്പിക്കണം എന്ന് മതേതര-പുരോഗമന-സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങൾ ആഹ്വാനം ചെയ്യുന്ന വിചിത്രമായ സാഹചര്യമാണ് ഗുജറാത്ത് തിരഞ്ഞെടുപ്പിന് ശേഷം രാജ്യത്താകമാനം കാണാനുള്ളത്.
അധികാരം നിലനിർത്താനായി കോൺഗ്രസ് എന്നും എവിടെയും പ്രയോഗിച്ച കുടിലതന്ത്രമാണ് ജാതിയുടെയും, ഭാഷയുടെയും, പ്രാദേശികതയുടെയും പേരിൽ ജനങ്ങളെ വിഭജിച്ച് നിർത്തുക എന്നത്.പഞ്ചാബിൽ സിഖ് തീവ്രവാദത്തെ ഊട്ടി വളർത്തിയതും, തമിഴ്നാട്ടിലെ ദ്രാവിഡ ദേശീയതയെ ആളിക്കത്തിച്ചതും, മഹാരാഷ്ട്രയിൽ മറാഠി വികാരം മുതലെടുക്കാൻ ബാൽതാക്കറെക്ക് പ്രേരണ നൽകിയതും അതിലെ ഏതാനും ഉദാഹരണങ്ങൾ മാത്രം. അതിലെ ഏറ്റവും പുതിയ അദ്ധ്യായമാണ് ഇപ്പോൾ ഗുജറാത്തിൽ കാണുന്നത്. അടുത്തതായി തിരഞ്ഞെടുപ്പ് നടക്കാൻ പോകുന്ന കർണാടകത്തിലും കോൺഗ്രസ് വിശ്വാസമർപ്പിക്കുന്ന ബ്രഹ്മാസ്ത്രം കന്നഡ വികാരമാണ്. എങ്കിലും ഈ അപകടം ബിജെപി ഇതിനോടകം തിരിച്ചറിഞ്ഞു എന്നത് കൂടിയാണ് മോദിയുടെ മുന്നറിയിപ്പ് സൂചിപ്പിക്കുന്നത്. ഒരിക്കൽ ഗുജറാത്തിൽ കോൺഗ്രസിന്റെ ജാതി വാദത്തെ നിഷ്പ്രഭമാക്കിയ, മണ്ഡലിനെ കമണ്ഡലുവിലടച്ച ബിജെപിക്ക് ഇനിയും അതിന് കഴിയുമെന്ന ആത്മവിശ്വാസം അവർക്കുണ്ട്.
ഗുജറാത്ത് തിരഞ്ഞെടുപ്പ് ഫലത്തിന്റെ പ്രധാന സൂചനകളിലൊന്ന് ബിജെപിയുടെ അല്ലെങ്കിൽ മോദിയുടെ ജിഎസ്ടി, നോട്ട്നിരോധനം എന്നീ രണ്ട് ‘ഹൈ-പ്രൊഫൈൽ – ഹൈ റിസ്കി’ സാമ്പത്തിക പരിഷ്ക്കാരങ്ങൾ അതിന്റെ ഏറ്റവും പ്രധാനപ്പെട്ടതും അവസാനത്തെതുമായ അഗ്നി പരീക്ഷ കടന്നു എന്നതാണ്. കയ്യിൽ പണമില്ലാത്ത രാജ്യത്തെ പാവപ്പെട്ടവൻ ഇവ രണ്ടിനോടും എങ്ങിനെ പ്രതികരിച്ചു എന്ന് ദരിദ്ര നാരായണന്മാരുടെ നാടായ യു.പിയിൽ കണ്ടുവെങ്കിൽ, നഷ്ടപ്പെടാൻ കയ്യിൽ പണമുള്ള കാശുകാരനും ബിസിനസ്സ്കാരനും എങ്ങിനെ പ്രതികരിക്കുന്നു എന്നതിന്റെ ഉത്തരം ഇപ്പോൾ ഗുജറാത്തും തന്നു കഴിഞ്ഞു. രാഹുൽ ഗാന്ധി പ്രചാരണത്തിനിടക്ക് ഗബ്ബർ സിങ് ടാക്സ് എന്ന് പരിഹസിച്ച ജിഎസ്ടിയുടെ ബുദ്ധിമുട്ടുകൾ ഏറ്റവും കൂടുതൽ അനുഭവിച്ചു എന്ന് പറയപ്പെടുന്ന വ്യാപാര കേന്ദ്രങ്ങളിൽ ചിലയിടങ്ങളിൽ മുഴുവൻ സീറ്റും നേടിയാണ് ബിജെപി വിജയിച്ചത്. അതായത് ജിഎസ്ടി, നോട്ട്നിരോധനം എന്നിവകൊണ്ട് ഉണ്ടെന്ന് പ്രതിപക്ഷം സ്വയം വിശ്വസിക്കുന്ന ജനരോഷം സത്യത്തിൽ ഇല്ലെന്ന് അസന്നിഗ്ദ്ധമായി തെളിഞ്ഞു. അതും പ്രതീക്ഷിച്ചാണ് 2019 നേരിടാൻ പ്രതിപക്ഷം ഒരുങ്ങുന്നതെങ്കിൽ അതായിരിക്കും അവരുടെ ഏറ്റവും വലിയ അബദ്ധം.
കഴിഞ്ഞ ഏതാനും വർഷങ്ങളായി ഇന്ത്യൻ തിരഞ്ഞെടുപ്പ് രംഗത്ത് കണ്ടുവരുന്ന കൗതുകകരമായ ഒരു മാറ്റത്തിന് അടിവരയിടുന്നത് കൂടിയായിരുന്നു ഗുജറാത്ത് തിരഞ്ഞെടുപ്പ്. മതേതര ലേബൽ പാർട്ടികൾ ന്യൂനപക്ഷ വോട്ടിന് വേണ്ടി കടിപിടി കൂടുന്ന കാഴ്ച്ച പതുക്കെ ഇല്ലാതായി വരുന്നു എന്നതാണത്. ന്യൂനപക്ഷ വോട്ടിന് വേണ്ടി ശ്രമിക്കുന്നില്ല എന്ന് മാത്രമല്ല ഹിന്ദു വോട്ടിനെ ആകർഷിക്കാനുള്ള തത്രപ്പാടിലേക്ക് കോൺഗ്രസ് അടക്കമുള്ള മതേതരപാർട്ടികൾ മാറുന്ന ഒരു കാഴ്ച. ഉത്തർപ്രദേശ് ബിജെപിക്ക് ഹാട്രിക് വിജയം (ലോക്സഭ, നിയമസഭ, പഞ്ചായത്ത്) നൽകിയതിന് ശേഷമാണ് ഈ ട്രെൻഡ് വ്യക്തമാവാൻ തുടങ്ങിയത്. ജനനം എന്ന തനിക്ക് നിയന്ത്രണമില്ലാത്ത കാരണം കൊണ്ട് ഹിന്ദുവായിപ്പോയി എന്ന് ഉറക്കെ പരിതപിക്കാൻ തയ്യാറായ നെഹ്രുവിൽ നിന്ന് ഞാൻ ഒരു പൂണൂൽ ധാരിയായ, അടിയുറച്ച ശിവഭക്തനായ, അഭിമാനിയായ ഹിന്ദുവാണ് എന്ന് അദ്ദേഹത്തിന്റെ കൊച്ചുമകൻ രാഹുൽ ഗാന്ധി പറയുന്നിടത്തെത്തിയ ആ കൗതുകകരമായ മാറ്റം. രാഹുൽ ഗാന്ധിയുടെ മാരത്തോൺ ക്ഷേത്ര ദർശനം കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രചരണത്തിലെ മുഖ്യ ഹൈലൈറ്റ് ആയിരുന്നത് യാദൃശ്ചികല്ല. നാളെ അയോദ്ധ്യ ക്ഷേത്രനിർമ്മാണം കോൺഗ്രസിന്റെ പ്രകടനപത്രികയിൽ കണ്ടാലും അത്ഭുതപ്പെടേണ്ടതില്ല എന്ന സൂചന കൂടിയാണ് ഗുജാറാത്ത് നൽകുന്നത്. അനേകം അനുകൂലഘടകങ്ങൾ ഉണ്ടായിട്ടും ജയിക്കാനായില്ല എന്നതിലാണ് കോൺഗ്രസിന് ആത്മ വിമർശനം നടത്താനുള്ളതെങ്കിൽ ബിജെപിക്കുമുണ്ട് ഭാവിയിൽ സൂക്ഷിക്കേണ്ടിയിരിക്കുന്ന ഒരുപാട് ഘടകങ്ങൾ.
ദേശീയമാധ്യമങ്ങൾ റിപ്പോട്ട് ചെയ്യുന്ന കണക്കുകൾ ശരിയാണെങ്കിൽ അതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് ഗ്രാമീണ-കാർഷിക മേഖലകളിൽ ബിജെപി നേരിട്ട തിരിച്ചടിയാണ്. അവരുടെ റിപോർട്ടുകൾ പ്രകാരം കാർഷിക മേഖലക്ക് പ്രാമുഖ്യമുള്ള 31 സീറ്റുകളിൽ വെറും 8 എണ്ണം ജയിക്കാനേ ബിജെപിക്കായുള്ളൂ. കാർഷിക പ്രക്ഷോഭങ്ങൾക്ക് വേദിയായിരുന്ന സൗരാഷ്ട്ര്യയിൽ 18 സീറ്റുകൾ കോൺഗ്രസ് നേടിയെന്നാണ് കണക്കുകൾ. ആ കുറവ് മറികടക്കാനുള്ള വോട്ട് നഗരമേഖലകളിൽ നിന്നും നഗരങ്ങളോടെ ചേർന്ന ഗ്രാമങ്ങളിൽ നിന്നും ലഭിച്ചതാണ് ഇപ്രാവശ്യത്തെ വിജയത്തിന് കാരണം. ഗുജറാത്തിനേക്കാൾ ഗ്രാമീണ-കാർഷിക വിഭാഗങ്ങൾ കൂടുതലുള്ള അയൽസംസ്ഥാനങ്ങളായ രാജസ്ഥാനും മധ്യപ്രദേശും തിരഞ്ഞെടുപ്പിനെ നേരിടാൻ പോവുകയാണ് അടുത്തതായി. അതിന് മുൻപായി ഗ്രാമീണ-കാർഷിക മേഖലയിൽ ഉണ്ടായിട്ടുള്ള അസംതൃപ്തിക്ക് കാരണം കണ്ടെത്തി പരിഹാരം കാണാൻ കഴിഞ്ഞില്ലെങ്കിൽ 2019ലെ പ്രതീക്ഷകളെ വരെ ബാധിക്കാവുന്ന അപകടമായി അത് വളരാം.
അർജുൻ മോത്വാഡിയാ, ശക്തിസിന് ഖോഹിൽ, സിദ്ധാർഥ് പട്ടേൽ, ഇന്ദ്രാണിൽ രാജ്ഗുരു എന്നിങ്ങനെയുള്ള കോൺഗ്രസിന്റെ വമ്പന്മാരെല്ലാം പരാജയപ്പെട്ടത് സൂചിപ്പിക്കുന്നത് കോൺഗ്രസിന് അനുകൂലമായ ഒരു തരംഗം ഉണ്ടായിരുന്നില്ലെന്നതാണ്. അങ്ങനെ കോൺഗ്രസിന് അനുകൂലമായ ഒരു തരംഗമുണ്ടായിരുന്നെകിൽ അവരുടെ പ്രധാനപ്പെട്ട നേതാക്കൾ വിജയിക്കണമായിരുന്നു. ബിജെപിക്കെതിരായുള്ള വികാരം കോൺഗ്രസിൻറെ പെട്ടിയിൽ വീണില്ല എന്നതിന്റെ തെളിവാണ് അഞ്ച് ലക്ഷത്തിലധികം വോട്ട് നോട്ടക്ക് ലഭിച്ചു എന്ന് കാണിക്കുന്നത്. പത്തിലധികം സീറ്റുകൾ ആണ് നോട്ടക്ക് ലഭിച്ച വോട്ടിനേക്കാൾ കുറവ് വ്യത്യാസത്തിൽ ബിജെപിക്ക് പരാജയപ്പെടേണ്ടി വന്നിട്ടുള്ളത്. മറിച്ച് ബിജെപിക്ക് അനുകൂലമായ ഒരു തരംഗമുണ്ടായിരുന്നു എന്നതിനെ തെളിവാണ് അൻപതിനായിരത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിന് മുഖ്യമന്ത്രി വിജയ് രൂപാണി വിജയിച്ചതും, ഉപ മുഖ്യമന്ത്രി നിതിൻ പട്ടേലും,ജിത്തുഭായ് വഖാനി, സൗരഭ് പട്ടേൽ തുടങ്ങിയ പ്രമുഖർക്കെല്ലാവർക്കും വിജയിക്കാൻ സാധിച്ചതും. അങ്ങനെയൊരു തരംഗമാണ് കടുത്ത ഒരു മത്സരത്തിൽ ബിജെപിക്ക് മേൽകൈ നേടിക്കൊടുത്തത് . അത് മോദി തരംഗമായിരുന്നുവെന്ന് ഇന്ന് എല്ലാവരും വിലയിരുത്തുന്ന ഒരു സംഗതിയാണ്. ഇത് തന്നെയാണ് ബിജെപിക്ക് അടുത്ത തവണ ഗുജറാത്തിൽ കാര്യങ്ങൾ ബുദ്ധിമുട്ടിലാക്കാൻ പോകുന്നത്.
‘ഗുജറാത്തിന്റെ മകൻ മോദി’ എന്ന ഘടകം സമ്മാനിക്കുന്ന വൈകാരിക മുൻതൂക്കവും, പഞ്ചാബിൽ കണ്ടതുപോലെയുള്ള ഒരു തലയെടുപ്പുള്ള പ്രാദേശിക നേതാവില്ലാത്ത കോൺഗ്രസിന്റെ അവസ്ഥയും. ഇത് രണ്ടുമില്ലായിരുന്നെങ്കിൽ ഒരുപക്ഷെ മറ്റൊരു പഞ്ചാബ് ആവർത്തിക്കുമായിരുന്നു ഗുജറാത്തിൽ എന്ന് നിരീക്ഷിക്കുന്നവർ ഒരുപാടുണ്ട്. 2019 തിരഞ്ഞെടുപ്പും മോദി തരംഗത്തിൽ ജയിക്കുമെന്നുറപ്പുണ്ടെങ്കിലും 2022 നടക്കാൻ പോകുന്ന സംസ്ഥാന തിരഞ്ഞെടുപ്പ് ജയിക്കണമെങ്കിൽ മോദിയുടെ നിഴലിൽ നിന്ന് പുറത്ത് വന്ന കരുത്തുള്ള പുതിയ നേതൃത്വം അത്യാവശ്യമാണ്. 2019ലെ പൊതു തിരഞ്ഞെടുപ്പിന് മുൻപുള്ള സെമി ഫൈനൽ എന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന ഈ തിരഞ്ഞെടുപ്പിൽ നിന്ന് ബിജെപിക്ക് ലഭിച്ച ഏറ്റവും വലിയ അനുഗ്രഹം ഫൈനലിന് ഒരുങ്ങാൻ തുടങ്ങുന്ന കൃത്യസമയത്ത് തന്നെ പാർട്ടിയുടെ ദുർബല മേഖലകൾ തിരിച്ചറിയാൻ ഒരു അവസരം കിട്ടി എന്നതാണ്.
കോൺഗ്രസ് നേരിടുന്ന ഏറ്റവും വലിയ അപകടം തെറ്റുകൾ തിരുത്താനുള്ള യാതൊരു സൂചനകളും അവർ കാണിക്കുന്നില്ല എന്ന് മാത്രമല്ല ഒരു വമ്പൻ ഇരട്ടത്തോൽവിയെ വിജയമായി കണ്ട് വിഡ്ഢികളുടെ സ്വർഗത്തിൽ അഭിരമിക്കുക കൂടി ചെയ്യുന്നു എന്നതാണ്.
-ബിനോയ് അശോകൻ ചാലക്കുടി –