പ്രളയക്കെടുതിയും ഇടുക്കി ഡാമും കുറെ ചോദ്യങ്ങളും

— വിശ്വരാജ് വിശ്വ  —

ആർത്തലച്ചു സർവ്വം സംഹരിക്കാനായി അലറി പാഞ്ഞു വരുന്ന വെള്ളം ചെറുതോണി ടൗണിലെ ആ കൊച്ചു പാലം ഒഴുക്കി കൊണ്ട് പോവുന്നതിനു മുന്നേ , തൊട്ടു മുന്നേ , ഒരു പിഞ്ചു കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ അതിനെ മാറോടു ചേർത്ത് പിടിച്ചു സ്വന്തം ജീവനെ പേടിക്കാതെ ആ പാലം മുറിച്ചു കടന്ന ദേശീയ ദുരന്ത നിവാരണ സേന അംഗം മലയാളികളുടെ ആർത്തനാദത്തിനു ഒരു ആശ്വാസമായിരുന്നു.. … പക്ഷെ ആ സാഹചര്യം എങ്ങനെ ഉണ്ടായി എന്ന് മറന്നു കൊണ്ടല്ല നമ്മൾ ആ ധീരനായ സൈനികനെ അഭിനന്ദിക്കേണ്ടത്..

25 വർഷമായി തുറക്കാത്ത ഏഷ്യയിലെ ഏറ്റവും വലിയ ആർച്ച് ഡാം കേവലം 24 മണിക്കൂർ നോട്ടിഫിക്കേഷനിൽ 6 മണിക്കൂർ ട്രയൽ റൺ എന്ന് അറിയിപ്പ് കൊടുത്തു തുറക്കുന്നു. പിന്നീട് നടന്നത് ഉദോഗസ്ഥ വൃന്ദത്തിന്റെ സർക്കാർ സംവിധാനങ്ങളുടെ സമാനതകൾ ഇല്ലാത്ത കെടുകാര്യസ്ഥത ആണ്. 40 വർഷങ്ങൾക്ക് ശേഷം 2410 അടി ജലം നിറഞ്ഞു കവിഞ്ഞു നിൽക്കുന്ന ഡാമിന്റെ 5 ഷട്ടറും, ട്രയൽ റണ്ണിന് വേണ്ടി ആദ്യ ഷട്ടർ തുറന്നു കേവലം 26 മണിക്കൂറിനുള്ളിൽ തുറന്നു വിട്ടു. കേരളത്തിലെ ഏറ്റവും നീളം കൂടിയ നദി പെരിയാറിന്റെ തീരങ്ങളെ കവർന്നു എടുത്തു ജനങ്ങളുടെ വീടും കൃഷിയും ആവാസ വ്യവസ്ഥയും എല്ലാം എടുത്തു കൊണ്ട് അറബി കടലിൽ എത്തി. ചെറുതോണി പാലത്തിനെ തകർത്തു കൊണ്ട് വെള്ളം ഒഴുകി പോകുന്നതിനെ വക വെക്കാതെ ഓടിയ ആ ധീര സൈനികനെ അതിനാൽ തന്നെ ബഹുമാനം അർഹിക്കുന്നു.. 40 വർഷങ്ങൾക്ക് ഇപ്പുറം 5 ഷട്ടറും തുറന്ന ചെറുതോണി – ഇടുക്കി അണക്കെട്ടിലെ വെള്ളം കുതിച്ചു വരുമ്പോഴും ഡാമിന്റെ താഴെ ചെറുതോണി ടൗണിൽ ജനവാസം ഉണ്ടെന്നല്ലേ അതിനർത്ഥം… ഇത്രയും ചുരുങ്ങിയ സാമയം കൊണ്ട് ജനങ്ങൾക്ക് വേണ്ടത്ര തയ്യാറെടുപ്പ് നടത്താനോ മുന്നറിയിപ്പ് കൊടുക്കാനോ സർക്കാരിന് സാധിച്ചില്ല.. അതിനുള്ളിൽ എല്ലാം നടന്നു കഴിഞ്ഞു .. മുൻപെങ്ങും ഇല്ലാത്ത മഴ മൂലം കേരളം വെള്ളത്തിനടിയിൽ പെട്ട് ശ്വാസം മുട്ടുമ്പോൾ കേരളത്തിൽ 14 ജില്ലകളിൽ ആയി തുറന്നു വച്ചിരിക്കുന്നത് 25 ഡാമുകൾ ആണ്… കനത്ത മഴയിൽ മുങ്ങി താഴുന്ന കേരളം ഡാമിലെ വെള്ളം കൂടി വന്നതോടെ നിലയില്ലാ കയത്തിൽ ആയി…എല്ലാ ഡാമും ഒരേ സമയം തുറന്നു വിടാൻ ഈ ഡാമുകളിലെ വെള്ളം എല്ലാം കഴിഞ്ഞ 2 ദിവസം കൊണ്ട് വന്നു നിറഞ്ഞു കവിഞ്ഞതാണോ ? അല്ല.. അപ്പോൾ ആരാണ് ഈ ദുരന്തത്തിന് ഉത്തരവാദി. … ഓഖി ചുഴലിക്കാറ്റ് പോലെ ഒരു പ്രകൃതി ദുരന്തം ഉണ്ടായപ്പോൾ നമ്മൾ നേരിട്ട് കണ്ടതാണ് അത്. കേരള സർക്കാർ ഒരു ദുരന്തത്തെ നേരിടാൻ എത്രത്തോളം കുറഞ്ഞ തയ്യാറെടുപ്പ് ആണ് നടത്തിയത് എന്ന്. മുഖ്യമന്ത്രിക്ക് പ്രതിഷേധം കാരണം ദുരന്ത മേഖല സന്ദർശിക്കാൻ പോലും ആവാത്ത അവസ്ഥ ഉണ്ടായത് നമ്മൾ കണ്ടതാണ്.. പക്ഷെ നമ്മുടെ നാട് അത് കൊണ്ട് ഒന്നും പാഠം പഠിച്ചില്ല… കരഞ്ഞു പോയത് അപ്പോഴല്ല . ഡാമിന്റെ ഷട്ടർ മുഴുവനും തുറന്നു 7.5 ലക്ഷം ലിറ്റർ ഓരോ സെക്കൻഡിലും പുറത്തേക്ക് കുതിച്ചു ഒഴുകുന്നത് കണ്ടു പകച്ചു ജീവൻ രക്ഷിക്കാൻ പരക്കം പായുന്ന ജനങ്ങൾക്ക് മുന്നിൽ ഇടുക്കി ഡാമിന്റെ ഉടമസ്ഥർ ആയ KSEB യുടെ മന്ത്രി മണിയാശാൻ പറഞ്ഞു. എനിക്ക് വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ ഉള്ള വെള്ളം ഒഴുകി പോകുന്നത് കാണുമ്പോൾ സങ്കടം ഉണ്ട് എന്ന്.. ആ ഒഴുകി പോയ വെള്ളം നിമിത്തം എത്ര ജീവനുകൾ പൊലിഞ്ഞു എന്നത് ഒരു വിഷയമേ ആയില്ല എന്ന് സാരം.. നാട് ഒരു ദുരന്തത്തെ നേരിടുമ്പോൾ എത്ര നിരുത്തരപദപരമായ പ്രസ്താവന ആണ് മന്ത്രിയുടെ.. ഇത് ഇടുക്കി എന്ന ഒരു ഡാമിന്റെ മാത്രം കാര്യമാണ് എങ്കിൽ ഇത് പോലെ സെക്കൻഡിൽ ലക്ഷക്കണക്കിന് ലിറ്റർ വെള്ളം ഓരോരോ സെക്കണ്ടിലും മനുഷ്യ വാസ പ്രദേശത്തേക്ക് ഒഴുക്കി വിടുന്ന 25 ഡാമുകൾ ആണ് നമ്മുടെ നാട്ടിൽ കൊടും മഴയുടെ കൂടെ ഒരേ സമയം തുറന്നു വച്ചതു എന്നോർക്കണം..

ഐക്യ രാഷ്ട്ര സഭയുടെ ദുരന്ത നിവാരണ സേനയുടെ ഉന്നത ഉദ്യോഗസ്ഥൻ ആയ ശ്രീ മുരളി തുമ്മാരുകുടി ഡാമിലെ വെള്ളം ക്രമാതീതമായി ഉയർന്നു വന്നാൽ ഉണ്ടായേക്കാവുന്ന അപകടത്തെ കുറിച്ച് ജൂൺ മാസവും ജൂലൈ മാസവും വിശദമായി എഴുതിയിരുന്നു.. ലോകത്തെ ഏറ്റവും എണ്ണം പറഞ്ഞ ദുരന്ത നിവാരണ സേനയിലെ ഉന്നത ചുമതലയിൽ ഇരിക്കുന്ന മനുഷ്യൻ,  ലോകം എമ്പാടും നടക്കുന്ന ദുരന്തങ്ങളെ നേരിട്ട് കണ്ടു അതിലെ അപകടവും ജനങ്ങളുടെ ദുരിതവും കണ്ടിട്ടുള്ള ഒരു മനുഷ്യൻ, വളരെ ശാസ്ത്രീയമായി ഇടുക്കിയിലെ ജലനിരപ്പ് ഉയർന്നു വരുന്നതിനെ കുറിച്ച് ആശങ്ക പ്രകടിപ്പിച്ചിരുന്നു. പക്ഷെ ആര് ചെവി കൊള്ളാൻ ?? ഈ പ്രളയവും ദുരന്തവും നമുക്ക് ഒഴിവാക്കാൻ ആവുമായിരുന്നില്ലേ ?? നമ്മൾ സമ്മതിക്കണ്ടേ ഇത് ഉത്തരവാദിത്വപ്പെട്ടവരുടെ പിടിപ്പുകേട് ഒന്ന് കൊണ്ട് മാത്രം ഉണ്ടായ ദുരന്തം ആണെന്ന് ??? ഒറ്റക്കെട്ടായി നമ്മൾ ദുരന്തത്തെ നേരിടണം, ശരി തന്നെ പക്ഷെ ദുരന്തം ഉണ്ടായതിന്റെ കാരണവും കാരണക്കാരും ആരാണെന്നു കൂടി സ്വയം ചിന്തിക്കാൻ നമ്മൾ തയ്യാറാവണം..  ജന ജീവിതം ദുസ്സഹമാക്കി അവരെ ദുരിതത്തിലേക്ക് തള്ളിയിട്ട ഈ സുരക്ഷാ വീഴ്ച ഇടുക്കി ഡാമിനെ സംബന്ധിച്ച് മാത്രമല്ല, കേരളത്തിലെ കൊടും പേമാരിക്ക് ഒപ്പം വേണ്ടത്ര സുരക്ഷാ മുൻകരുതലുകൾ ഇല്ലാതെ 25 ഡാമുകൾ ഒരേ സമയം വിവിധ ജില്ലകളിൽ തുറന്നു വച്ചതു ആണ് ഇരട്ടി ആഘാതം ഉണ്ടാക്കിയത്..ഇത് പോലുള്ള പേമാരി ഇല്ലാത്ത സമയങ്ങളിൽ പെയ്തു കൊണ്ടിരിക്കുന്ന കൊടും പേമാരിയുടെ തോത് കണക്കാക്കി നേരത്തെ പ്ലാൻ ചെയ്തു ഡാം തുറന്നു വിടാൻ ഉള്ള ബുദ്ധി ഡാം സുരക്ഷാ അതോറിറ്റിയും KSEB യും വൈദ്യുതി വകുപ്പും  ഡാം സുരക്ഷാ അതോറിറ്റിയും  കാണിച്ചില്ല… ഇതേ പിഴവ് എവിടെ ഒക്കെ ഉണ്ടായി എന്ന് ജുഡീഷ്യൽ അന്വേഷണം നടത്തി നടപടി എടുക്കണം..
ശ്രീ മുരളി തുമ്മാരുകുടിയുടെ പോസ്റ്റ് ലിങ്ക് ചുവടെ കൊടുക്കുന്നു..

https://www.facebook.com/thummarukudy/posts/10215546773757792

ഏപ്രിൽ അവസാനത്തോടെ തുടങ്ങിയ കനത്ത മഴ മുൻപെങ്ങും ഇല്ലാത്ത വിധം ആണ് കേരളത്തിൽ പെയ്തിറങ്ങിയത്. ഇന്ത്യൻ മിട്ടീരിയോളജി വകുപ്പ് (Indian Metereology Dept ) (ചിത്രം കാണുക )പുറത്തു വിട്ട കണക്കു പ്രകാരം ജൂൺ ഒന്ന് മുതൽ ആഗസ്റ്റ് 9 വരെ കേരളം മൊത്തമായി നോക്കിയാൽ സാധാരണ ലഭിക്കുന്ന മഴയുടെ 20% കൂടുതൽ ആണ് ഇത്തവണ പെയ്തിറങ്ങിയത്. ഇടുക്കി ജില്ലയിൽ ആണ് അത് ഏറ്റവും കൂടുതൽ. സാധാരണ മഴയുടെ നേരെ 50% മഴയാണ് കൂടുതൽ ഇടുക്കിയിൽ പെയ്തത്.. അതായത് 2433.5 MM മഴയാണ് ഇടുക്കിയിൽ പെയ്തത്. യഥാക്രമം പാലക്കാട് ജില്ലയിൽ 44%, കോട്ടയം 36% എറണാകുളം 33% എന്ന തോതിൽ അധിക മഴ ലഭിച്ചു. മെയ് മാസത്തിലെ മഴയോട് കൂടി തന്നെ ഇടുക്കി ഡാമിലെ വെള്ളത്തിന്റെ തോത് കപ്പാസിറ്റിയുടെ 25% എത്തിയിരുന്നു. കഴിഞ്ഞ 10 വർഷത്തിലെ ശരാശരി എടുത്താൽ ഈ വര്ഷം ആണ് വേനൽ കാലം കഴിഞ്ഞപ്പോഴേക്കും ഡാം 25% നിറയുന്നത്… മെയ് മാസത്തിലെ വെള്ളത്തിന്റെ നില ഇത്ര അധികമായ സാഹചര്യത്തിൽ അപ്പോൾ മുതൽ ഇടുക്കി ജലസംഭരണിയുടെ ചുമതലക്കാർ അത് ശ്രദ്ധിച്ചു വേണ്ട നടപടികൾ കൈക്കൊണ്ടിട്ടുണ്ടോ എന്ന് പരിശോധിക്കണം.. കാരണം ജൂലൈ മാസത്തിൽ ഇടുക്കി അണക്കെട്ട് നിറഞ്ഞു കവിഞ്ഞു കഴിഞ്ഞു ഇനി തുലാവർഷം മഴ പെയ്യാൻ ബാക്കി കിടക്കുന്നു വരുന്ന 2 മാസം കൂടി, അത് എവിടെ കൊള്ളിക്കും …. തുടക്കത്തിൽ തന്നെ കനത്ത മഴ കൊണ്ട് ഡാമിന്റെ കപ്പാസിറ്റിയുടെ നാലിൽ ഒന്ന് നിറഞ്ഞു എങ്കിൽ കണക്കുകൾ വച്ച് റിസർവോയർ മാനേജ്‌മന്റ് പോളിസി (Reservoir Management Policy ) അനുസരിച്ചു വെള്ളത്തിന്റെ ലെവൽ ഒപ്ടിമൈസ് ചെയ്യാൻ ഉള്ള ഒപ്ടിമൈസേഷൻ പ്ലാൻ (Reservoir Water Optimization Plan ) അധികൃതർ തയ്യാറാക്കണം.. അതിനനുസരിച്ചു വാട്ടർ ഷെഡിങ് (Water Shed Management ) പ്ലാനും ഉണ്ടാവണം.. ഈ കണക്ക് അനുസരിച്ചു പെയ്യുന്ന മഴയുടെ തോത് കണക്കാക്കി ഡാമിലേക്ക് ഒഴുകി എത്താൻ സാധ്യത ഉള്ള വെള്ളത്തിന്റെ ഏകദേശ കണക്ക് നേരത്തെ തന്നെ കണ്ടെത്തി ഡാമിലെ വെള്ളം പതിയെ തുറന്നു വിടാൻ ആരംഭിക്കണം… അത് എത്രത്തോളം വേണം, എങ്ങനെ വേണം എപ്പോഴൊക്കെ വേണം, ഏത് രീതിയിൽ വേണം, എന്നെല്ലാം കണ്ടെത്താൻ ആണ് മുകളിൽ പറഞ്ഞ വിവിധ മാനേജ്മെന്റ് പോളിസികളും പ്ലാനുകളും ഉപയോഗിക്കുന്നത് . അത് നടത്തിയിരുന്നോ ?? എങ്കിൽ ഒരിക്കലും കൃത്യമായ സുരക്ഷാ മാനദണ്ഡങ്ങൾ ഇല്ലാതെ, മുന്നറിപ്പ് ഇല്ലാതെ , പ്ലാനിങ് ഇല്ലാതെ 40 വർഷമായി തുറക്കാത്ത 5 ഷട്ടറുകൾ ഒറ്റ അടിക്ക് തുറക്കേണ്ടി വരുമായിരുന്നോ ?? ഇല്ല … എവിടെയാണ് , ആർക്കാണ് പിഴവ് പറ്റിയത് എന്ന് സർക്കാർ മറുപടി പറയട്ടെ …

ഒരു ഉദാഹരണം കൂടി പറയട്ടെ.. 5 വർഷം മുന്നേ ഒരു മുന്നറിയിപ്പ് പോലും ഇല്ലാതെ ഇടമലയാർ ഡാമിലെ ഷട്ടർ തുറന്നു വിട്ടു. രാത്രി കിടന്നു ഉറങ്ങാൻ പോയവർ വയലിലും പുഴയിലും എല്ലാം കയറി കിടക്കുന്ന വെള്ളക്കെട്ട് കണ്ടാണ് കണ്ണ് തുറന്നു എഴുന്നേറ്റ് വന്നത്.. ഒരു മുന്നറിയിപ്പും ഇല്ലാതെ ഡാം തുറന്നു വിട്ട അധികൃതർക്ക് എതിരെ പരാതിയും ആയി കൂവപ്പടി പഞ്ചായത്തിലെ യുവാക്കൾ കോടതിയെ സമീപിച്ചു. കോടതി ഉടനടി നടപടി കൈക്കൊണ്ട് , അനാസ്ഥ കാണിച്ച ഉദ്യോഗസ്ഥരെ ശിക്ഷിക്കുകയും നഷ്ടം സംഭവിച്ച മുഴുവൻ പേർക്കും നഷ്ടപരിഹാരം കൊടുക്കാൻ സർക്കാരിനോട് ഉത്തരവിടുകയും ചെയ്തു (വാർത്ത ചിത്രത്തിൽ ) . അപ്പോൾ ഡാമിന്റെ നിയന്ത്രണത്തിൽ അനാസ്ഥ സംഭവിക്കാറുണ്ട്. സംഭവിക്കാൻ സാധ്യതയും ഉണ്ട്.. അതായത് ഒഴിവാക്കാൻ ആവുന്ന ദുരന്തം.. ഈ പറഞ്ഞ നടപടികൾ ഇപ്പോൾ തുറന്ന് വച്ചിരിക്കുന്ന 25 ഡാമുകളിലും പൂർത്തിയാക്കിയിട്ടുണ്ടോ എന്നും പരിശോധിക്കപ്പെടണം.. ഇടുക്കി ഡാം മാത്രമല്ലല്ലോ കേരളത്തിലെ മഹാപ്രളയത്തിനു ആക്കം കൂട്ടിയത്.. പേമാരി പെയ്യുന്നതിനു ഇടയിൽ 14 ജില്ലകളിൽ ആയി തുറന്ന 25 ഡാമുകളിൽ നിന്നുള്ള വെള്ളവും മലയാളി ജനതയുടെ ആവാസ സംവിധാനത്തിലേക്ക് അല്ലെ ഒഴുകി എത്തി അവരുടെ ജീവിതം നടുക്കടലിൽ ആക്കിയത്.. ആയതിനാൽ ഇടുക്കി ഡാം മാത്രമല്ല പ്രതിസ്ഥാനത്തു ഉള്ളത് എന്നതും ശ്രദ്ധേയം ആണ്…

ഇടുക്കി ഡാമിലെ ജലസംഭരണത്തിന്റെ പ്രധാന ഉദ്ദേശ്യം വൈദ്യുതി ഉൽപ്പാദനം ആണല്ലോ… 130 മെഗാവാട്ട് ശേഷി ഉള്ള 6 ടർബൈനുകൾ ആണ് ഇടുക്കി ഡാമിലെ ജലം ഉപയോഗിച്ച് കേരളത്തിന്റെ KSEB ക്ക് വേണ്ടി വൈദ്യുതി ഉൽപ്പാദിപ്പിക്കുന്നത്..മുൻപെങ്ങും കാണാത്ത വിധം ഈ വർഷം മെയ് മാസം വേനൽ കഴിഞ്ഞ ഉടനെ തന്നെ 25% കപ്പാസിറ്റിയിൽ ഇടുക്കി ഡാം നിറഞ്ഞു കഴിഞ്ഞിരുന്നു. സ്വാഭാവികമായും അപ്പോൾ ഇടുക്കി റിക്കോർഡ് വൈദ്യുതി ഉൽപ്പാദനം നടത്തണമല്ലോ അല്ലെ.. പക്ഷെ Central electricity authority – സെൻട്രൽ ഇലക്ട്രിസിറ്റി അതോറിറ്റിയുടെ നാഷണൽ പവർ പോർട്ടൽ (National Power Portal ) നൽകുന്ന വിവരങ്ങൾ അങ്ങനെ അല്ല.. റിക്കോർഡ് മഴ ലഭിച്ച ഈ കഴിഞ്ഞ ജൂൺ – ജൂലൈ 2018 മാസങ്ങളിൽ ഇടുക്കി ഉൽപ്പാദിപ്പിച്ചത് കേവലം 325 മില്യൺ യൂണിറ്റ് വൈദ്യുതി മാത്രം ആണ്.. അതായത് കഴിഞ്ഞ 10 വർഷത്തിനുള്ളിൽ നാല് തവണ മാത്രമേ ഈ നിരക്കിൽ ഉത്പാദനം കുറഞ്ഞിട്ടുള്ളൂ… അത് എങ്ങനെ സംഭവിച്ചു.. ?? ഇതിന്റെ 50% കൂടുതൽ യൂണിറ്റ് വൈദ്യുതി ഇത്രയും മഴ ലഭിക്കാത്ത വർഷങ്ങളിൽ ഇടുക്കി ഉൽപ്പാദിപ്പിച്ചിട്ടും ഉണ്ട്.. നാഷണൽ പവർ പോർട്ടൽ (National Power Portal ) തന്നെ അതിനു ഉത്തരവും തരുന്നുണ്ട്.. 130 മെഗാവാട്ട് ശേഷി വീതം ഉള്ള 6 ടർബൈനുകൾ ആണല്ലോ ഇടുക്കിയിൽ ഉള്ളത് അതിൽ 130 MW ശേഷി ഉള്ള ഒരു ടർബൈൻ ഓഗസ്റ്റ് 2017 മുതൽ കട്ടപുറത്താണ്… പക്ഷെ കഴിഞ്ഞ ജൂൺ മാസം മുതൽ 130 MW ശേഷി ഉള്ള മറ്റൊരു ടർബൈൻ കൂടി അറ്റകുറ്റ പണിക്കായി പണി നിർത്തി വച്ച്. സാധാരണ നിലക്ക്, മഴ പെയ്യുന്ന സമയങ്ങളിൽ അറ്റകുറ്റ പണികൾ നടത്താതെ മഴ കുറവുള്ള വേനൽക്കാലത്താണ് ടർബൈനിലെ പണികൾ നടത്താറുള്ളത്… പക്ഷെ ഇപ്പോൾ 6 ടർബൈനുകളിൽ 2 എണ്ണം പ്രവർത്തിക്കുന്നില്ല എന്നാണ് (South Asia Network on Dams , Rivers and People . (www.sandrp.com ) നാഷണൽ പവർ പോർട്ടലിനെ (www.npp.gov.in) ഉദ്ധരിച്ചു പറയുന്നത്.. അങ്ങനെ വരുമ്പോൾ വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ ഒഴുക്കി വിടേണ്ട വെള്ളത്തിൽ ഏകദേശം 40% ത്തിന്റെ കുറവ് വരും എന്ന് അനുമാനിക്കണം.. അപ്പോൾ ആ നിരക്കിൽ വെള്ളം ഡാമിൽ തന്നെ കെട്ടിക്കിടക്കുന്നുണ്ട്.. ഇത് ഡാമിലെ വെള്ളത്തിന്റെ ലെവലിന്റെ ആഘാതം വീണ്ടും വർധിച്ചു. പക്ഷെ ഇതെല്ലം അധികൃതർക്ക് നേരത്തെ അറിവുള്ളതാണല്ലോ, അല്ലാതെ ആഗസ്റ്റ് മാസം 8 തീയതി നേരം വെളുത്തപ്പോൾ ടിവിയിൽ എഴുതി കാണിച്ചപ്പോൾ കണ്ടതല്ലല്ലോ അവർ അത്.. മാസങ്ങൾക്ക് മുന്നേ തന്നെ അറിയുന്ന, കണ്മുന്നിൽ ഉള്ള വസ്തുതകൾ ആണ് ഇതൊക്കെ.. .. ഇത്തരം സന്ദർഭങ്ങൾ വരുമ്പോൾ പ്ലാൻ ചെയ്തു നടപ്പിലാക്കാൻ ആണല്ലോ ഡാമുകൾക്ക് എല്ലാം തന്നെ റിസെർവോയർ മാനേജ്‍മെന്റ് പോളിസി തന്നെ ഉള്ളത് ( എന്തെ അത് ഇല്ലേ ? ).
അപ്പോൾ പതിവിൽ കൂടുതൽ മഴ നേരത്തെ ലഭിച്ചു, നിർത്താതെ പെയ്യുന്ന പതിവിനു വിരുദ്ധമായ പേമാരി, ക്യാച്ച്മെന്റ് ഏരിയകളിൽ നിന്ന് ഒഴുകി എത്തുന്ന വെള്ളത്തിന്റെ കണക്ക്, ഇനിയും പെയ്യാൻ ഇരിക്കുന്ന 2 മാസത്തെ തുലാവർഷ മഴ.. ഇതെല്ലാം കണക്കിലെടുത്തു ഡാമിന്റെ ഷട്ടറുകൾ എപ്പോഴേ തുറന്നു വക്കണമായിരുന്നു എന്ന് സാധാരണ ജനങ്ങൾക്ക് വരെ മനസിലാവും. പക്ഷെ ബന്ധപ്പെട്ട അധികൃതർ എന്തിനു ആഗസ്റ്റ് 9 നു വെള്ളം 2400 അടി ക്രോസ്സ് ചെയ്യുന്നത് വരെ ഷട്ടർ തുറക്കാൻ കാത്തിരുന്നു എന്നതിന് ഉത്തരം വേണം…
(വൈദ്യുതി ഉൽപ്പാദനം ബ്രെക്ക്അപ്പ് ഡാറ്റ : https://npp.gov.in/…/dai…/dgr/31-07-2018/dgr7-2018-07-31.pdf )

 

ന്യായീകരണങ്ങൾ പോരാതെ വരും.::

“ആ ഒഴുകി പോകുന്ന വെള്ളം എല്ലാം ഞങ്ങൾ കരണ്ടു ഉണ്ടാക്കാൻ വച്ചതാണ്. കാണുമ്പോൾ സങ്കടം ഉണ്ടെന്നു ” പറയുന്നത് ഒരു വകുപ്പ് മന്ത്രി ആണ്. എത്ര അർത്ഥശൂന്യമായ വാക്കുകൾ ആണ് അത്.. വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ ഉള്ള വെള്ളം സംഭരിച്ചു വച്ചില്ല എങ്കിൽ നാളെ വൈദ്യുതി ഇല്ലാതെ വരുമ്പോൾ കുറ്റം പറയരുത് അത്രേ . ഈ ന്യായം ആണ് ഇന്നലെ മുതൽ പല ഇടത് അനുകൂലികളും പറയുന്നത്. മുകളിൽ ഉദ്ധരിച്ച കണക്കുകൾ പ്രകാരം ഡാമിൽ നിർത്താൻ സാധിക്കുന്ന വെള്ളത്തിന്റെ ഒപ്ടിമൽ ലെവൽ ഒക്കെ ഉണ്ട്. അത് സുരക്ഷാ മാനദണ്ഡം കണക്കിൽ എടുത്തു തുറന്നു വിടണം എങ്കിൽ തുറന്നു വിടുക തന്നെ ചെയ്യണം.. . വരാൻ പോകുന്ന തുലാവർഷത്തെ മഴയും ഈ ഡാമിൽ തന്നെയാണ് എത്തുന്നത്. ഇനി വെള്ളം കുറഞ്ഞു പോയി എന്ന് തന്നെ ഇരിക്കട്ടെ. കറണ്ട് കിട്ടാത്ത സാഹചര്യത്തേക്കാൾ വലുതാണല്ലോ ജനങ്ങളുടെ ജീവനും സ്വത്തും എല്ലാം.. അവിചാരിതമായി ഉണ്ടായ ഈ ഡാം തുറക്കൽ എത്ര ജനങ്ങളുടെ ജീവൻ എടുത്തു, എത്ര മിണ്ടാപ്രാണികൾ ചത്തൊടുങ്ങി, എത്ര ജനങ്ങൾ സ്വന്തം വീട് വിട്ടു ഓടിപ്പോകേണ്ടി വന്നു.. ?? കേരളത്തിലെ വൈദ്യുതി മന്ത്രി മനസ്സിലാക്കേണ്ട ഒരു പ്രധാനകാര്യം ഉണ്ട്. ഇന്ത്യ ഇന്ന് ഒരു വൈദ്യുതി മിച്ച രാജ്യം ആണ്.. കേരളം ചോദിച്ചു ചെന്നാൽ നരേന്ദ്ര മോഡി സർക്കാർ കുറഞ്ഞ നിരക്കിൽ സംസ്‌ഥാനത്തിന്‌ വൈദ്യുതി ലഭ്യമാക്കും.. അതിനേക്കാൾ വലുതാണോ ജനങ്ങളുടെ ജീവൻ വച്ചുള്ള കളി എന്ന് തോന്നുന്നില്ല…

പിന്നെ ഉയർന്ന മറ്റൊരു ന്യായീകരണം ആണ് ഡാമിലെ വെള്ളം തുറന്നു വിടുമ്പോൾ വെള്ളം വരുന്ന നാച്ചുറൽ കോഴ്സിന്റെ പരിധിയിൽ വലിയ തോതിൽ കയ്യേറ്റം നടത്തി ജനങ്ങൾ വീട് കെട്ടി പാർക്കുന്നു, കൃഷി ചെയ്യുന്നു, വ്യവസായ ശാലകൾ ഉണ്ടാക്കിയിരിക്കുന്നു. അപ്പോൾ വെള്ളം വരുമ്പോൾ ഈ കയ്യേറ്റങ്ങൾ ഒക്കെ ഒലിച്ചു പോവുന്നത് സ്വാഭാവികം ആണ്.. പോയത് അനധികൃത കയ്യേറ്റങ്ങൾ അല്ലെ.. അങ്ങ് പോകട്ടെ എന്ന്… ( അനധികൃത കയ്യേറ്റങ്ങൾ ഭരിക്കുന്ന സർക്കാരിന്റെ മന്ത്രിയും MLA യും നടത്തിയത് പോലെ മറ്റാരും നടത്തിയിട്ടുണ്ടോ എന്ന് സംശയമാണ്).. അപ്പോൾ കയ്യേറ്റം ഒഴിപ്പിക്കുന്നത് ഡാം തുറന്നു വിട്ടു ജനങ്ങളുടെ ജീവന് വില പറഞ്ഞു കൊണ്ടാണോ ? അല്ല..ഇടുക്കി ജില്ലയിലെ മേല്പറഞ്ഞ അനധികൃത കയ്യേറ്റങ്ങൾ ഒഴിപ്പിക്കാൻ ആയി ചെന്ന ഡെപ്യൂട്ടി കളക്ടർ ശ്രീറാം വെങ്കട്ടരാമനെ അവിടെ നിന്ന് ഓടിച്ചു പറപ്പിച്ചു വിട്ടത് ആരാണ്.. ഈ സർക്കാരല്ലേ ശ്രീറാം വെങ്കട്ടരാമനെ രാത്രിക്ക് രാത്രി ഇടുക്കിയിൽ നിന്ന് കയ്യേറ്റം ഒഴിപ്പിച്ചതിനു ട്രാൻസ്ഫർ അടിച്ചത്.. അതിനു നേതൃത്വം കൊടുത്ത 2 ഇടത് MLA മാരും അവിടെ തന്നെ ഉണ്ടല്ലോ… അപ്പോൾ കയ്യേറ്റങ്ങൾ വെള്ളം വരുമ്പോൾ ഒലിച്ചു പോകും എന്ന് പറയുന്ന ന്യായീകരണം ഇവിടെ വിലപ്പോവില്ല.. കയ്യേറ്റങ്ങൾക്ക് വളം വച്ച് കൊടുക്കുന്നവർ കയ്യേറ്റങ്ങളെ ആവശ്യം വരുമ്പോൾ എടുത്തു വിമർശനം ഉന്നയിക്കുന്നത് ഇരട്ടത്താപ്പ് ആണ്..

പ്രകൃതിക്കായി പരിഹാരം ഉണ്ടാവണം. നീതി നടപ്പാവണം ::

ഒഴിവാക്കാൻ സാധിക്കുമായിരുന്നു ഒരു ദുരന്തം ആരുടെയൊക്കെ പിടിപ്പു കേടു മൂലം ആണോ ഉണ്ടായത് അതിനെ കുറിച്ച് അന്വേഷണം നടത്തി ശിക്ഷ കൊടുക്കണം… അങ്ങനെ കൊടുക്കാൻ സാധിക്കും എന്ന് പറയാൻ വേണ്ടി ആണ് ഇടമലയാർ ഡാമിന്റെ കാര്യത്തിൽ കോടതി വിധിയുടെ വാർത്ത ഇവിടെ കൊടുത്തത്.. സർക്കാർ മറുപടി പറയാൻ തയ്യാറല്ല എങ്കിൽ കൂവപ്പടി പഞ്ചായത്തിലെ ആ ചെറുപ്പക്കാരെ പോലെ അനേകം ചെറുപ്പക്കാർ അതിനു വേണ്ടി നീതിന്യായ കോടതിയെ സമീപിക്കണം.. ഒഴുകി വന്ന വെള്ളത്തിൽ പൊലിഞ്ഞ ജീവിതങ്ങളോട് അത്ര എങ്കിലും പ്രായശ്ചിത്തം നമ്മൾ ചെയ്യണം…

പ്രകൃതി മൂലം ഉണ്ടായ ദുരന്തത്തെ പരാതികൾ ഇല്ലാതെ ഒറ്റക്കെട്ടായി നേരിടുന്ന മലയാളി സമൂഹത്തോട് അങ്ങേയറ്റം ആദരവും ബഹുമാനവും ഉണ്ട്. അതിനു താങ്ങായി സാന്ത്വനം ആയി, സഹായവുമായി നിൽക്കുന്ന ദേശീയ ദുരന്ത നിവാരണ സേന, ഇന്ത്യൻ സൈന്യം, കേരള പോലീസ്, ഫയർ ഫോഴ്‌സ്, ആരോഗ്യ രക്ഷാപ്രവർത്തകർ, വിവിധ സംഘടനകൾ, സേവാഭാരതി, പ്രവർത്തകർ, സമുദായ സംഘടനകൾ എന്നിവരുടെ നിർലോഭമായ സഹായവും പിന്തുണയും ദുരന്ത ബാധിതർക്ക് ലഭിക്കുന്നത് ഏറ്റവും പ്രശംസനീയമായ കാര്യമാണ്… കൂട്ടായ പ്രയത്നം കൊണ്ടേ ഈ ദുരിത കടൽ കടക്കാൻ നമുക്ക് സാധിക്കൂ…