ഇത്രമാത്രൊക്കെണ്ടായിരുന്നേൽ ഇപ്പതൊക്കെ എവടെപ്പോയി? ഭാരതത്തിന്റെ മഹിമയെക്കുറിച്ചു പറഞ്ഞു തുടങ്ങുമ്പോൾ പൊതുവെ കേൾക്കാറുള്ള ഒരു ചോദ്യാണിത്. ശാസ്ത്രാദി വിഷയങ്ങളിൽ ഇത്ര കണ്ടു സമർത്ഥയായിരുന്ന ഭാരതത്തിന്റെ വിദ്യാസമ്പത്ത് മുഴുവൻ എങ്ങോട്ടേക്ക് പോയി? പഠിക്കാതെ പോയ, അറിയാതെ പോയ ഭാരതത്തിന്റെ ചരിത്രത്തിൽ നിന്നും അതിനുള്ള ഉത്തരം ലഭിക്കും.
ഹിന്ദുസ്ഥാൻ ശതാബ്ദങ്ങളോളം അതിക്രൂരമായ അധിനിവേശങ്ങൾക്കു വിധേയമായ ഒരു സാമ്രാജ്യമായിരുന്നുവെന്ന വസ്തുത മനപ്പൂർവം മറന്നു കൊണ്ട്, ഒരുകാലത്തു പ്രൗഢിയും , സമ്പത്തും വിദ്യയും ഉണ്ടായിരുന്നെങ്കിൽ ഇപ്പൊ അതൊക്കെ എവിടെപ്പോയെന്നു ചോദിക്കുന്നവർക്ക് ഒറ്റവാക്കിലൊരുത്തരമേയുള്ളൂ. ശതാബ്ദങ്ങളോളം നീണ്ടു നിന്ന അധിനിവേശങ്ങൾ അവയെ നശിപ്പിച്ചു. കൂടാതെ രാഷ്ട്രീയവും മതപരവും സാമൂഹികവുമായ കാരണങ്ങൾ മൂലം സ്വാതന്ത്ര ലബ്ധിക്കു ശേഷവും ഇവയുടെ പുനരുജ്ജീവനത്തിനു ആരും ശ്രമിച്ചതുമില്ല. ഇന്നവ സ്വാഭാവികമായ കാലഗതിയുടെയും, നിയതിയുടെയും കുത്തൊഴുക്കിൽപ്പെട്ട് ഏറെക്കുറെ നിശ്ചേതനമാണ്. ഇനിയും ഉത്തരമായില്ലെങ്കിൽ, ചോദ്യ കർത്താക്കളുടെ സാമാന്യമായ ചിന്താശേഷി മരവിച്ചിട്ടില്ലെങ്കിൽ, തലച്ചോറ് പണയത്തിലല്ലെങ്കിൽ ഉത്തരം ഒട്ടും പ്രചാരമില്ലാത്ത ചരിത്രത്തിൽ തന്നെയുണ്ട്.
അന്വേഷിച്ചാൽ അധികമൊന്നും ബുദ്ധിമുട്ടില്ലാതെ സത്യം കണ്ടെത്താം.
ഭാരതത്തിൽ പ്രാചീന ഗുരുകുലങ്ങളുണ്ടായിരുന്നുവെന്നും ഇവിടങ്ങളിൽ ദൂരദേശങ്ങളിൽ നിന്നും വിദ്യാർത്ഥികൾ വിദ്യ തേടി വന്നിരുന്നുവെന്നും നാം പഠിച്ച പാഠപുസ്തകങ്ങളിൽ ഒരുപാടൊന്നും കാണില്ല. നളന്ദ, തക്ഷശില എന്നി രണ്ടു വിദ്യാപീഠങ്ങളുടെ പേരുകളല്ലാതെ ആ പാഠങ്ങളിൽ മറ്റൊന്നും ഓർമ്മയിലുമില്ല. ചരിത്രാതീതകാലത്തെ വിദ്യാഭ്യാസത്തെക്കുറിച്ചു കേവലം അനുമാനങ്ങൾ മാത്രമേയുള്ളൂ. തെളിവുകളൊന്നുമില്ല. എങ്കിലും സഹസ്രാബ്ദങ്ങൾക്കു മുൻപേ തന്നെ വിദ്യാഭ്യാസത്തിനുള്ള പ്രാധാന്യം പുരാണേതിഹാസങ്ങളിൽ തെളിഞ്ഞു കാണാം. ഗുരുവിനെ ഈശ്വര തുല്യനായി കരുതുന്നതിൽ നിന്നും ജ്ഞാനത്തിനു സ്ത്രൈണഭാവം നൽകി സരസ്വതി ദേവിയാക്കിയതിൽ നിന്നും വിദ്യാരംഭം ശ്രേഷ്ഠമായ ചടങ്ങായി ആചരിക്കുന്നതിലൂടെയും വിദ്യക്ക് ഭാരതീയർ നല്‍കിപ്പോന്നതു ഈശ്വരീയമായ സ്ഥാനമായിരുന്നുവെന്നു വ്യക്തമാണ്.
ഇതുപോലെ പറഞ്ഞു കേൾക്കുന്ന മറ്റൊരാരോപണം ബുദ്ധന്മാർക്കു മുൻപേ ഭാരതത്തിൽ വിദ്യാഭ്യാസമോ ശാസ്ത്രീയ പാഠ്യ പദ്ധതികളോ ഉണ്ടായിരുന്നില്ല എന്നതാണ്. ബുദ്ധമതത്തിന്റെ സുവർണ്ണ കാലഘട്ടം സഞ്ചാരികളും മറ്റും കൂടുതലായി രേഖപ്പെടുത്തിയിരുന്നു എന്നത് കൊണ്ടും ഇന്നും അവ രേഖാരൂപത്തിൽ ലഭ്യമാണ് എന്നത് കൊണ്ടും ഇവയ്ക്കു തെളിവുകളുണ്ട്. എന്നാൽ Absence of Evidence is not Evidence of Absence എന്നത് ഏറെ പ്രസിദ്ധമായ ഒരു വാചകമാണല്ലോ. പൗരാണികമായ പല സർവകലാശാലകളും ബൗദ്ധർ പുനരുജ്ജീവിപ്പിച്ചതാകാനേ വഴിയുള്ളൂ .ചരിത്രാതീതകാലത്ത് വിദ്യാഭാസം മഹര്‍ഷിമാരുടെ ആശ്രമങ്ങൾ കേന്ദ്രീകരിച്ചായിരുന്നുവെന്നും . ഇതിഹാസ പുരാണ പ്രസിദ്ധി നേടിയ നൈമിശാരണ്യം അവയിലൊന്നാണെന്നും, കൂടാതെ കണ്വാശ്രമം, അഗസ്ത്യാശ്രമം, വിശ്വാമിത്രമാശ്രമം തുടങ്ങി പ്രധാനപ്പെട്ട ഋഷീശ്വരന്മാരുടെ ആശ്രമങ്ങളിലെല്ലാം വിദ്യാഭ്യാസം നൽകിയിരുന്നുവെന്നും ഇതിഹാസ പുരാണങ്ങളിൽ നിന്നും വായിച്ചെടുക്കാൻ പ്രയാസമൊന്നുമില്ല.
തക്ഷശിലയുടെ പഴക്കം 6 ബിസി എന്നാണു പറയുന്നതെങ്കിലും അതിലും പഴക്കമുണ്ടായിരിക്കാനാണ് സാധ്യത. ചാണക്യനും ജീവകനും ചരകനുമെല്ലാം ഇവിടത്തെ വിദ്യാർത്ഥികളാണത്രെ. പൗരാണിക സർവകലാശാലകളിലെല്ലാം പ്രവേശന പരീക്ഷകൾ (എൻട്രൻസ് തന്നെ) നടത്തി പ്രഗത്ഭരായ പഠിതാക്കളെ തിരഞ്ഞെടുക്കുന്ന പതിവുണ്ടായിരുന്നു. തക്ഷശിലയെക്കൂടാതെ നളന്ദ, വിക്രമശില, മിഥില, ഉജ്ജയിനി, വാരണാസി, വല്ലഭി, കശ്മീർ പുഷ്പഗിരി, തെൽഹാര, അഭയഗിരി സോമപുര തുടങ്ങിയവയും, ഇത് കൂടാതെ ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ചും പാഠശാലകളുണ്ടായിരുന്നു. കാഞ്ചീപുരം, കൊടുങ്ങലൂർ തുടങ്ങിയവ അവയിൽ ചിലതാണ്. അറിവിൽപ്പെട്ട സർവ്വകലാശാലകൾ ഇത്രയുമാണ്.
അറിയാത്തവ ഇനിയുമെത്ര കാണുമോ ആവോ?
ബൗദ്ധമതം ശക്തി പ്രാപിച്ച ശേഷം, ഏകദേശം ഒന്നാം നൂറ്റാണ്ടിന്റെ ആരംഭത്തോടെ , വിദേശങ്ങളിൽ നിന്നും പഠനത്തിന് വന്ന വിദ്യാർത്ഥികളുടെ കൂടെ പതിനായിരക്കണക്കിന് താളിയോലകളെയും ചൈനയിലേക്ക് കൊണ്ടുപോകുകയുണ്ടായി. അവയെല്ലാം മൊഴി മാറ്റപ്പെടുത്തി ചൈനക്കാർ പഠിക്കുകയും ചെയ്തു. ചൈനയിലേക്ക് പോയവരിൽ നിരവധി പ്രഗത്ഭരായ ആചാര്യന്മാരും ഉണ്ടായിരുന്നു. പിന്നീട് ഭാരതത്തിൽ നിന്നും പേർഷ്യയിലേക്കും ഗ്രീസിലേക്കും അറബ് രാജ്യങ്ങളിലേക്കും അറിവും ആളും സഞ്ചരിച്ചു. ഇതിൽ നിന്നും
ഭാരതീയർക്ക് വിദ്യാഭ്യാസത്തിനു ദേശ, ഗോത്രങ്ങൾ ഒരു തടസമായിരുന്നില്ലെന്നു കാണാം. പിന്നീട് അറിവിന് മാനദണ്ഡങ്ങളും, കടൽ കടക്കരുത് തുടങ്ങിയ ഉപാധികളും വന്നുവെങ്കിലും അതിലേക്ക് നയിച്ച കാരണങ്ങൾ ക്രൂരമായ അധിനിവേശങ്ങൾ മാത്രമായിരുന്നുവെന്ന് വ്യക്തമാണ്.
7 -8 നൂറ്റാണ്ടുകളിലായി അധിനിവേശങ്ങൾ ചെറിയ തോതിൽ ആരംഭിക്കുകയുണ്ടായി. പതിമൂന്നാം നൂറ്റാണ്ടോടെ നടത്തിയ പടയോട്ടത്തിൽ മുഹമ്മദ് ഭക്ത്യാർ ഖിൽജി നളന്ദയും, വിക്രമശിലയും തീയിട്ടു നശിപ്പിച്ചു. അതിക്രൂരമായി ആയിരക്കണക്കിന് ബ്രാഹ്മണരെയും ബൗദ്ധന്മാരെയും കശാപ്പു ചെയ്തു. ബൗദ്ധമതത്തിന്റെ അതിപ്രസരമായിരുന്നതിനാൽ ക്ഷാത്രം നശിച്ച വിദ്യാർത്ഥികൾ എതിർപ്പുകളില്ലാതെ കൂപ്പുകൈയോടെ മരണത്തെ സ്വീകരിച്ചു. പടയാളികൾ ചെയ്തുകൂട്ടിയ നരനായാട്ട് എത്രത്തോളം ബീഭത്സമായിരുന്നുവെന്നു വിശദീകരിക്കാനാകില്ല. ലഭിച്ച താളിയോലകൾ ഒന്നാകെ അവർ അഗ്നിക്കിരയാക്കി. അതോടെ അവിടങ്ങളിലെ വിദ്യാഭ്യാസം പാടെ നിലച്ചു. ഇതോടു കൂടി വിദ്യാഭ്യാസ മേഖലയിൽ ചില സാമൂഹ്യമാറ്റങ്ങൾക്കു തുടക്കം കുറിച്ചു.
അധിനിവേശക്കാർക്കാകട്ടെ ഇസ്ലാമിക പാഠങ്ങളല്ലാതെ ശാസ്ത്ര വിഷയങ്ങൾ പഠിക്കുന്നതിലും പഠിപ്പിക്കുന്നതിലും പൊതുവെ വിമുഖരായിരുന്നു. പള്ളികളോട് ചേർന്ന് നിരവധി മദ്രസകളും മക്തബകളുമുയർന്നു. ശാസ്ത്ര വിഷയങ്ങളില്ലെങ്കിലും ചിലയിടങ്ങളിൽ സാഹിത്യവും മാനുഷികമൂല്യപാഠങ്ങളും പഠിപ്പിച്ചിരുന്നു, എന്നാൽ ഭാഷാ മാധ്യമം പേർഷ്യൻ ആയിരുന്നതിനാൽ മിക്ക ഹൈന്ദവർക്കുമിത് കിട്ടാക്കനിയായി തീർന്നു. പ്രതികൂല സാഹചര്യങ്ങൾക്കിടയിലും സംസ്കൃത പഠനം പലയിടങ്ങളിലും ചെറിയ തോതിലെങ്കിലും നടന്നിരുന്നു. അക്ബറിന്റെ കാലത്ത് വിദ്യാഭ്യാസ വിഷയങ്ങളിൽ അദ്ദേഹം കൈയ്യയച്ചു സഹായിച്ചിരുന്നുവെന്നു നാം നന്ദിയോടെ ഓർക്കേണ്ടതുണ്ട്. അക്ബറിന്റെ അത്രയില്ലെങ്കിലും ഷാഹ്ജഹാനും എതിർപ്പുകളധികമുണ്ടായിരുന്നില്ല. എന്നാൽ തുടർന്ന് വന്ന ഔരംഗസേബ് ഇവയെല്ലാം വീണ്ടും തച്ചു തകർത്തു. ചെറുതായ് മുളച്ചു വന്ന തൈ വേരോടെ പിഴുതെറിയുകയും വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം പാടെ ഇല്ലാതാക്കുകയും ചെയ്തു. ഈ ദുഷ്ടന് പകരം ദാരാഷിക്കോവ് അധികാരത്തിൽ വന്നിരുന്നെങ്കിൽ ഒരുപക്ഷേ ഭാരതത്തിന്റെ മുഖമേ വ്യത്യസ്തമാകുമായിരുന്നു.
ഇസ്ലാമികാധിനിവേശം നിമിത്തം ഭാരതത്തിൽ സർവകലാശാലാ ശാസ്ത്ര പഠനങ്ങൾ ഏറെക്കുറെ നിലച്ചപ്പോൾ അതെ സമയം ഭാരതത്തിൽ നിന്നും യൂറോപ്പിലെത്തിയ അറിവുകളാടിസ്ഥാനമാക്കി, അല്ലെങ്കിൽ ആ അറിവുകൾ തന്നെ രൂപം മാറ്റി യൂറോപ്പ് ശാസ്ത്ര വിഷയങ്ങളിൽ ഏറെ മുൻപന്തിയിലെത്തിയിരുന്നു. ഭാരതത്തിൽ നിന്ന് പോയ അറിവുകൾ മറ്റൊരു രൂപത്തിലവതരിച്ചതാണ് ഇന്ന് കാണുന്ന ശാസ്ത്രീയ വിദ്യാഭ്യാസം മുഴുവനും. ഫിബനോസിയും, ന്യൂട്ടനും, തുടങ്ങി നിരവധിപേർ ഭാരതത്തിന്റെ അറിവുകളെ സ്വന്തമാക്കി തങ്ങളുടേതെന്ന നിലയ്ക്ക് അവതരിപ്പിച്ചു. ഇതോടുകൂടി ശാസ്ത്ര മേഖലകളിൽ യൂറോപ്യൻ അപ്രമാദിത്യം ആരംഭിച്ചു. അറിവിൽ മേൽകൈ നേടിയതിനെ തുടർന്ന് ലോകത്താകമാനം യൂറോപ്പാധിനിവേശങ്ങൾക്ക് തുടക്കം കുറിച്ചു. അവർ ഭാരതത്തിലുമെത്തി ചേർന്നു.
തുടക്കത്തിൽ തദ്ദേശീയരുടെ വിദ്യാഭ്യാസ കാര്യങ്ങളിൽ ഏറെ ശ്രദ്ധിക്കാതിരുന്ന വെള്ളക്കാർ പൂർണ്ണമായും ഭാരതത്തെ കൈപ്പിടിയിലൊതുക്കുകയെന്ന ലക്ഷ്യത്തെ മാത്രം മുൻനിർത്തിയാണ് ഇവിടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങിയത്. അന്നും സർവ്വകാലാശാലകളില്ലെങ്കിലും ഗ്രാമങ്ങൾ കേന്ദ്രീകരിച്ചു വിദ്യാഭ്യാസ സ്ഥാപനങ്ങൾ നടന്നു പോന്നിരുന്നു. ബ്രിട്ടിഷുകാർ അതുമില്ലാതാക്കി .
ഭാരതീയരുടെ വിദ്യാഭ്യാസ രീതികൾ പാശ്ചാത്യ രീതികളിൽ നിന്നും തുലോം വ്യത്യസ്തമായിരുന്നു. അവയെല്ലാം അടിച്ചുടച്ചു അവർ അബ്രഹാമിക് പ്രതിപുരുഷന്മാരെ വാർത്തെടുക്കുവാനാരംഭിച്ചു. തദ്ദേശീയ ഭാഷകൾ നിർത്തലാക്കി ഇംഗ്ലീഷ് ഭാഷാപഠനമാരംഭിച്ചു. ഭാരതീയരെ അവരുടെ വേരുകളിൽ നിന്നടർത്തി മാറ്റുവാൻ ഇംഗ്ലീഷ് പഠനമാണാവശ്യം എന്നവർക്ക് ബോധ്യപ്പെട്ടിരുന്നു. രാജാറാം മോഹൻ റോയെപ്പോലെയുള്ള ഇംഗ്ലീഷ് പ്രേമികളുടെ സഹായവും അവർക്കു ലഭിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മറവിൽ മത പാഠശാലകളും തുടങ്ങിയതോടെ മതപരമായ നേട്ടങ്ങളുമുണ്ടെന്നു വ്യക്തമായതോടെ ക്രിസ്തീയ പാഠശാലകൾ ഭാരതത്തിലങ്ങോളമിങ്ങോളം ഉയർന്ന പൊങ്ങി. ഇന്നും പലരും വിദ്യാഭ്യാസത്തിനു ക്രിസ്തീയ പാഠശാലകൾ സ്വീകരിക്കുന്നതിന് പിന്നിലെ കാരണവും കാലങ്ങളായുള്ള ഈ കണ്ടിഷനിംഗ് തന്നെയാണ്.
ഇവിടെ പറഞ്ഞു വന്നതിന്റെ രത്നച്ചുരുക്കം ഇതാണ്. ഭാരതം ചരിത്രമെഴുതി തുടങ്ങിയ കാലം മുതൽ അറിവുകൾ പങ്കു വെച്ചതോടെ അവ ലോകത്തിന്റെ പല ഭാഗങ്ങളിലുമെത്തിപ്പെട്ടു. കുറെയേറെ അറിവുകൾ ജ്ഞാനത്തിന്റെ മഹത്വമറിയാത്ത കുറെ ക്രൂരന്മാരായ അധിനിവേശക്കാരുടെ പിടിയിലകപ്പെട്ടു നശിച്ചുപോയി. എന്നിട്ടും അവശേഷിച്ചവയാകട്ടെ പുരോഗമനമെന്നു മുദ്രകുത്തപ്പെട്ട അബ്രഹാമിക് ചിന്താഗതിയുടെ കുത്തൊഴുക്കിൽ ഒലിച്ചും പോയി. ഒരു പക്ഷെ ഇനിയും കാണും. ചിലത് തറവാടുകളുടെ മച്ചിന്മേൽ, പൂജിക്കുകയല്ലാതെ ഒരിക്കലും തുറക്കരുതെന്ന ശാസനയ്ക് വിധേയമായി, ചിലതാകട്ടെ ക്ഷേത്ര മാളികകളിൽ ചിതല് തിന്നും പൊടി പിടിച്ചും ആർക്കും വേണ്ടാതെയങ്ങനെ..
————————–കൃഷ്ണ പ്രിയ————————–
Poster Credits : Ratheesh Nandhanam