— അരുൺ ബാലകൃഷ്ണൻ –—
ഭാരത സൈന്യം ചരിത്രത്തിന്റെ പാഠങ്ങളിൽ നിന്ന് പഠിയ്ക്കണം. Indian Army should learn from historical lessons. ഇക്കഴിഞ്ഞ ജൂൺ ഇരുപത്തിയൊമ്പതാം തീയതി ചൈനീസ് വിദേശകാര്യമന്ത്രാലയത്തിന്റെ വക്താവ് കണ്ണുരുട്ടിക്കാട്ടിയ വാചകമാണ് മുകളിൽ പറഞ്ഞത്.
ലോകാ സമസ്താ സുഖിനോ ഭവന്തു എന്ന മന്ത്രം ലോകത്തിനു നൽകിയ മണ്ണിൽ ചവിട്ടി നിന്നു പറയട്ടെ ചൈനീസ് പട്ടാളക്കാരാ, നാഥുലയിലേക്കു വരൂ. അതിർത്തിയിലെ ആ വലിയ വാതിൽ തുറന്ന് പവിത്രമായ ഈ മണ്ണിലേക്കു വരൂ. തണുത്തുറഞ്ഞ, രക്തം മരവിച്ചു പോകുന്ന ഈ പ്രഭാതത്തിൽ നമുക്ക് പരസ്പരം ഓരോ കപ്പ് ചായ പങ്കു വെക്കാം. താങ്കൾക്ക് തിരികെ പോകാം. അല്ലാതെ ചരിത്രo നൽകുന്ന പാഠം ഓർമ്മിക്കൂ എന്ന് താങ്കളുടെ കമ്മിസാർമാർ പറയുന്നതിൽ ഉറച്ചുതന്നെയാണ് നിൽപ്പെങ്കിൽ ചരിത്ര പുസ്തകങ്ങളിൽ പോലും ചൈന അവശേഷിച്ചില്ലെന്ന് വരും.
ചരിത്രത്തിൽ നിന്ന് പാഠം പഠിക്കുന്നത് നന്നാവും അല്ലെങ്കിൽ ചരിത്രം ഓർക്കുന്നത് നന്നാവും എന്നൊക്കെ നമ്മുടെ സഹോദരദേശം ഇടയ്ക്കിടെ പറയാറുണ്ട്. 1962ലെ യുദ്ധത്തെ കുറിച്ചാണ് ചൈന പറഞ്ഞു വരുന്നതെങ്കിൽ 1962 നു ശേഷമുള്ള കാര്യങ്ങൾ ചൈനയും ഓർമ്മിക്കുന്നത് നന്നാവും. കാരണം ചരിത്രo എന്നു പറയുന്നത് ഓർമ്മകളുടെ സമരമാണ്. മറവികൾക്കു മേലെയുള്ള ഓർമ്മകളുടെ സമരം.
ആയിരത്തിത്തൊള്ളായിരത്തിയൻപത്തിയൊന്നിൽ ചൈന ടിബറ്റ് കൈവശപ്പെടുത്തിയപ്പോൾ ചൈനീസ് പട്ടാളം പടിഞ്ഞാറൻ ടിബറ്റിലെത്തി. സിങ്ക്യാംഗിൽ നിന്ന് കാരക്കാഫ് നദിയുടെ താഴ്വരകളിലൂടെ ചൈന കണ്ടുപിടിച്ച പുതിയ വഴി ടിബറ്റൻ പീഠഭൂമിയിലേക്ക് എളുപ്പമാർഗ്ഗമായിരുന്നു. അതിനാൽ ചൈനീസ് പട്ടാളം കടന്നു പോയ വഴികളിലൂടെ വാഹന ഗതാഗതത്തിനായി ഒരു പുതിയ പാത നിർമ്മിക്കപ്പെട്ടു. 1951 ലാണ് ഇതിന്റെ രഹസ്യമായ ജോലികൾ ആരംഭിച്ചത്. ഈ നിർമ്മാണ പ്രവർത്തനം ലോകം അറിയാൻ കാലം കുറെ കഴിഞ്ഞു പോയി.
1951ൽ നിർമ്മാണം തുടങ്ങിയത് 1956 ലാണ് ഇന്ത്യ പോലും അറിഞ്ഞത്. ഇന്ത്യ-ചൈന ഭായ് ഭായ് മുദ്രാവാക്യം ഉയർന്നു കേട്ടിരുന്ന നാളുകൾ. വിദേശ നയങ്ങൾ ബ്രിട്ടനിലെ സർവ്വകലാശാലകളിൽ നിന്ന് അരച്ചുകലക്കി കുടിച്ച മഹാനായ നെഹ്രുവിയൻ തന്ത്രങ്ങളുടെ കാലഘട്ടം. ലഡാക്കിലെ ഈ നിർമ്മിതി ചരിത്രം മാറ്റി മറിച്ച നിർമ്മിതിയാണ്. ടിബറ്റിലെ ആത്മീയ മുന്നേറ്റവും ,ആത്മീയ ആചാര്യൻ ദലൈലാമയുടെ ടിബറ്റിൽ നിന്നുള്ള പാലായനവും മക്‌മഹോൻ രേഖയെ തുടർന്നുള്ള തർക്കവുമെല്ലാം സ്ഥിതി വഷളാക്കി. 1959 മുതൽ പലതവണ ചൈനയും ഭാരതസൈന്യവുമായി ഏറ്റുമുട്ടലുകൾ ഉണ്ടായി.
1962 ൽ ചൈനയുടെ കയ്യേറ്റം വളരെയേറെ ശക്തമായി. സൈന്യം യുദ്ധ സജ്ജമല്ലെന്ന് അറിയിച്ചിട്ടും തോൽവി മാത്രം മുന്നിൽ കണ്ട് പ്രതികൂല സാഹചര്യങ്ങളോട് പോരാടേണ്ടി വന്നു നമ്മുടെ സൈന്യത്തിന്. 1962 ൽ സൈന്യം നേരിട്ട ഏറ്റവും വലിയ പ്രശ്നം കാലാവസ്ഥയോടുള്ള പൊരുത്തപെടലുകളും ആയുധ ദൗർലഭ്യവും ആയിരുന്നു. ആ 1962 നെയാണ് ഓർമ്മിക്കാൻ ചൈന നമ്മളോട് പറയുന്നത്.
ആ യുദ്ധത്തെക്കുറിച്ച് സംസാരിക്കാൻ തുടങ്ങിയാൽ ഒരാളെ കുറിച്ച് പറയാതിരിക്കാനാവില്ല.
ജസ്വംന്ത് സിംഗ്. ബാബാ ജസ്വന്ത് സിങ്ങ് റാവത്. ഒരു ഇൻഫെൻട്രി ഡിവിഷനെ മുഴുവൻ നാല്പത്തെട്ട് മണിക്കൂർ ഒറ്റക്കു തടഞ്ഞു നിർത്തിയ ധീരനായ ഭാരതീയ സൈനികൻ. ഘർവാൾ റൈഫിൾസിലെ റൈഫിൾമാൻ ആയിരുന്നു അദ്ദേഹം. ആ പേര് ഒരു ഓർമ്മപെടുത്തലാണ്. ചൈനീസ് പട്ടാളം അദ്ദേഹത്തെ ചതിയിൽ കീഴ്പ്പെടുത്തി കഴുത്തറുത്ത് കൊല്ലുന്നതിനു മുൻപേ ഭാരതത്തിന്റെ അതിർത്തി ആക്രമിച്ചുകടന്ന മുന്നൂറു ചൈനീസ് സൈനികരെ അദ്ദേഹം കാലപുരിയ്ക്കയച്ചിരുന്നു.
ജസ്വന്ത് സിങ്ങ് റാവത് ഇന്ന് ആ അതിർത്തിയെ സംരക്ഷിയ്ക്കുന്ന ബാബയായിരിയ്ക്കുന്നു. അദ്ദേഹത്തിനായിപ്പണിത സ്മൃതിമന്ദിരത്തിൽ യൂണിഫോമും ബൂട്ടുകളും ആയുധങ്ങളും എന്തിന് വെള്ളവും സോപ്പും പേസ്റ്റും ദിനപ്പത്രവും പോലും എന്നും അദ്ദേഹത്തിനായി വൃത്തിയാക്കി ഒരുക്കി വയ്ക്കും. ഇന്ന് വരെ അദ്ദേഹത്തിനായി കൃത്യമായ ശമ്പളവും പ്രൊമോഷനും നൽകുന്നു. കാലാകാലങ്ങളായി ലീവുനൽകുന്നു. അദ്ദേഹം നമ്മോടൊപ്പമുണ്ടായിരുന്നെങ്കിൽ എങ്ങനേയോ അതുപോലെ ആ ഓർമ്മകൾ സംരക്ഷിയ്ക്കുന്നു. ഓരോ ഭാരതസൈനികനും ബാബാ ജസ്വന്ത് സിങ്ങ് റാവത് ഇന്ന് കാവലാളായിരിയ്ക്കുന്നു.
കാലം ഒരു പാട് മുന്നോട്ട് പോയി. ചരിത്രം മറന്നു പോകരുതെന്ന് ഭാരതത്തെ ഓർമിപ്പിക്കുന്നവർ കണ്ടില്ലെന്ന് നടിക്കുന്നത് ഇന്ന് ഏഷ്യയിലെ ഏറ്റവും വലിയ ശക്തിയായ് ഉയർന്നു കഴിഞ്ഞ ഭാരതത്തെയും കരുക്കൾ നീക്കി ചൈനയെ നാലുഭാഗത്തു നിന്നും വരിഞ്ഞുമുറുക്കി മുന്നേറുന്ന നരേന്ദ്ര ദാമോദർദാസ് മോദിയുടെ നയതന്ത്ര യാഗാശ്വത്തെയുമാണ്.
പ്രതിരോധമാണ് ഏറ്റവും മികച്ച അക്രമണമെന്ന് അംഗീകരിച്ചേ മതിയാവൂ. ഭാരതം നമ്മുടെ അതിർത്തികളിൽ പ്രതിരോധത്തിനായി കഴിഞ്ഞകാലങ്ങളിൽ ചെറുതല്ലാത്ത മുതൽമുടക്കാണ് നടത്തിയിട്ടുള്ളത്. ഇനിയും ഭായിഭായി എന്ന് കരുതിയിരിയ്ക്കാൻ നമ്മൾ മണ്ടന്മാരല്ല. ഐസൊലേഷൻ ആൻഡ് ഇൻവെസ്റ്റ്മെന്റ് എന്ന നെപ്പോളിയന്റെ
സമതല പ്രദേശങ്ങളിലെ യുദ്ധതന്ത്രങ്ങൾക്ക് ഇവിടെ പ്രസക്തിയില്ല. സിക്കിമിന്റെ അങ്ങേ അറ്റം വരെ പഴുതടച്ച പ്രതിരോധമാണ് നമുക്കിന്നുള്ളത്. ലുക്രിഫ്, ബങ്കർ (നോർത്ത് സിക്കിമിലെ ഒരു തന്ത്രപ്രധാനമായ പ്രദേശമാണ്) വരെ നീളുന്ന ഇന്ത്യൻ ആർട്ടിലെറിയുടെ സാന്നിദ്ധ്യം തകർക്കാൻ ആർക്കും സാദ്ധ്യമല്ല. ശത്രുക്കൾക്കു നേരെ തീതുപ്പാൻ സദാ സജ്ജമാണ് ഇന്ന് യുദ്ധത്തിലെ ദൈവം എന്നറിയപ്പെടുന്ന ഇന്ത്യൻ ആർട്ടിലെറി.
#അരുണാചൽ_പ്രദേശ്
അരുണാചൽ പ്രദേശിന്റെ കാര്യമെടുത്താൽ ചൈന നമ്മളോട് ഓർമ്മിക്കാൻ ആവശ്യപ്പെടുന്ന ആ പഴയ കാലഘട്ടത്തിൽ തവാംഗിനപ്പുറത്തു നിന്ന് ഒരു അക്രമണമുണ്ടായാൽ പ്രതിരോധിക്കാൻ ശേഷിയുണ്ടായിരുന്നില്ല നമുക്ക്. എന്നാൽ ഇന്നത്തെ സ്ഥിതി അതല്ല. മൻ ചുകിയ, ടുട്ടിംങ്, അലോംങ് തുടങ്ങിയ ഏത് ഒപ്പറേഷണൽ ഏരിയകളിലായാലും പ്രതിരോധം തീർക്കാൻ ഒരു ഇൻഫെൻട്രി ഡിവിഷൻ തന്നെ സജ്ജമാണ്. അസാധ്യമാണ് എന്ന് നാം കരുതിപോന്ന ഉയർന്ന പ്രദേശങ്ങളിൽ ശത്രുക്കളുടെ ഏതു നീക്കത്തെയും പരാജയപ്പെടുത്താൻ കരുത്തുണ്ട് നമ്മുടെ സൈന്യത്തിന്. ഇത് കടലാസ്സിലെ കരുത്തല്ല, കരയിലെ കരുത്താണ്. മെയ് മാസത്തിൽ പ്രധാനമന്ത്രി രാഷ്ട്രത്തിനു സമർപ്പിച്ച ബ്രഹ്മപുത്ര നദിക്കു കുറുകെയുള്ള ദോല സദിയ പാലം ഡിബ്രു ഗഢ് മുതൽ അരുണാചൽ വരെയുള്ള ഏറ്റവും നല്ല മാർഗ്ഗമാണ്. സൈനിക വാഹനങ്ങളെ അരുണാചൽ മേഖലയിൽ ഈ വഴി പെട്ടെന്ന് എത്തിചേരാൻ അത് സഹായിക്കും.
മുകളിൽ പറഞ്ഞതു പോലെ ചരിത്രം ഓർമ്മകളുടെ സമരമാണ്. മറവിക്കു മേലെയുള്ള ഓർമ്മകളുടെ സമരം. ഇനി ചരിത്രം ഓർമ്മിപ്പിച്ചേ മതിയാവൂ എന്നുണ്ടെങ്കിൽ നാഥു ലാ ചുരത്തിലേയും (Nathu La pass) ചോലാ ചുരത്തിലേയും (Chola pass) തിരിച്ചടിയുടെ കഥകൾ ചൈന മറന്നു പോയിട്ടുണ്ടാവില്ല.
യഥാർത്ഥത്തിൽ 1965 നു ശേഷം ഇന്ത്യൻ സൈന്യത്തിന്റെ മനോവീര്യം കുത്തനെ ഉയർന്നു കഴിഞ്ഞിരുന്നു. പാകിസ്ഥാനു മേൽ നേടിയ ആധികാരികമായ വിജയം 1962ലെ ചൈനയുടെ കടന്നുകയറ്റത്തിന്റെ ഓർമ്മകളെ മായ്ച്ചു കളഞ്ഞിരുന്നു. 1967 ൽ നാഥു ല ചുരത്തിന്റെ ഭാഗമായ യാക്ക് ലയിൽ വച്ച് ഒരു പ്രകോപനവും കൂടാതെ ചൈനീസ് ഭടൻമാർ ഭാരതീയ സൈനികർക്കു നേരെ വെടിയുതിർത്തു. പക്ഷെ 62 ലെ പാഠം ഉൾക്കൊണ്ട് വിന്യസിച്ചിരുന്ന ഇന്ത്യൻ പീരങ്കിപ്പട ചൈനീസ് ബങ്കറുകൾക്കു മേലെ തീമഴ പെയ്യിച്ചു. ചുവന്ന ഡ്രാഗൺമാർ ഇയാം പാറ്റകളായിപ്പോയി. ഒരുപാട് ചൈനീസ് ബങ്കറുകൾ തകർക്കപ്പെട്ടു. പിന്നീട് രണ്ടു രാജ്യങ്ങളും വെടിനിർത്തൽ അംഗീകരിച്ചു. ഭാരതത്തിനു 70 വീരപുത്രൻമാരെ നഷ്ടമായെങ്കിൽ ചൈനയ്ക്കു 300 സൈനികരെയാണ് നഷ്ടമായത്.
നാഥു ലാ ചുരത്തിലുണ്ടായ അന്നത്തെ നാണക്കേടിനു പകരംചോദിയ്ക്കാൻ ആവശ്യമില്ലാത്ത പ്രകോപനങ്ങളുണ്ടാക്കാൻ ചൈനീസ് സൈന്യം അന്ന് മുതൽ ശ്രമിച്ചുവന്നു. അതിർത്തിയിലെ ചോലാ ചുരത്തിലാണ് അടുത്ത സംഭവമുണ്ടായത്. 1967 ഓക്ടോബർ 1. ചൈനീസ് പട്ടാള കമാൻഡറും രാഷ്ട്രീയ കമ്മിസാറും കൂടി 15450മത്തെ ഇൻഡ്യൻ സെൻട്രി പോസ്റ്റ് അവരുടെ അതിർത്തിയിലാണെന്ന് അവകാശപ്പെട്ടു. അതിനുമുമ്പ് ഒരു സൈനികനെ അവിടെ വച്ച് ചൈനീസ് പട്ടാളക്കാർ കയ്യേറ്റം ചെയ്തിരുന്നു. ഇൻഡ്യൻ സൈന്യം ജാഗരൂകരായിരിയ്ക്കുകയായിരുന്നു. പക്ഷേ അന്ന് ഫോർവേഡ് പ്ലാറ്റൂണിന്റെ കമാൻഡർ ആയിരുന്ന നായിബ് സുബേദാർ ഗ്യാൻ ബഹദൂർ ലിംബുവിനെ ചൈനീസ് സൈന്യം ബയണറ്റ് കൊണ്ട് ആക്രമിച്ചു. അദ്ദേഹത്തെ അവർ കുത്തി കയ്യിൽ മുറിവേൽപ്പിച്ചു.
ലോകത്തിലെ ഏറ്റവും മികച്ച പോരാളികളായി കണക്കാക്കുന്ന ഗൂർഘാ സൈനികരെയാണ് തങ്ങൾ അക്രമിച്ചതെന്ന് മനസ്സിലാക്കാൻ അവർക്ക് അധിക സമയം വേണ്ടി വന്നില്ല. “ജയ് മഹാകാളി, ആയ്‌യോ ഗൂർഖാലി” വിളികൾ മുഴങ്ങി. കുത്തിയ ചൈനാക്കാരന്റെ ഇരുകൈകളും ഗൂർഘാ സൈനികർ ഖുക്രി കൊണ്ട് അരിഞ്ഞുവീഴ്ത്തി. പത്തു ദിവസം നീണ്ടു നിന്ന പോരാട്ടത്തിൽ നമുക്കും ധീരരായ കുറച്ചു സൈനികരെ നഷ്ടമായി. പക്ഷെ ചോ ലാ ചുരത്തിന്റെ അതിർത്തി മേഖലയിൽ നിന്ന് മൂന്ന് കിലോമീറ്റർ ദൂരത്തേക്ക് ചൈനീസ് പട്ടാളത്തെ ആട്ടിയോടിക്കാൻ നമുക്കു കഴിഞ്ഞു. റൈഫിൾമാൻ ദേവി പ്രസാദ് ലിംബുവിനെയും ഹവിൽദാർ തിൻ ജോംഗ്ലാ ലാമയെയും രാഷ്ട്രം വീർചക്ര നൽകിയാണ് ആദരിച്ചത്. ഒറ്റയ്ക്ക് ഒരു ഹെവി മെഷീൻഗൺ തകർത്താണ് ഹവിൽദാർ തിൻ ജോങ്ങ് ലാമ അന്ന് മുന്നേറിയത്. നാനൂറു ചൈനീസ് ഭടന്മാരാണ് അന്ന് ഭാരതത്തിലെ ഗൂർഖാ വീര്യത്തിനു മുന്നിൽ യമപുരി പൂകിയത്.
ഇനി ചൈനീസ് ആക്രമണത്തിൽ പരാജയപ്പെട്ട സമയത്തെ ഭാരതത്തിലെ രാഷ്ട്രീയ സാഹചര്യം കൂടി നാം പരിശോധിക്കണം. ചൈനീസ് അക്രമണത്തെ പരസ്യമായി പിന്തുണച്ച ഒരു പ്രതിപക്ഷം ഇവിടെ ഉണ്ടായിരുന്നു. ചൈനക്കു വേണ്ടി ബക്കറ്റ് പിരിവ് നടത്തിയ രാജ്യദ്രോഹികളായ കമ്മ്യൂണിസ്റ്റുകൾ. കൊൽക്കൊത്തയിൽ ചൈനക്കു വേണ്ടി ചാരപ്പണി നടത്താൻ വയർലസ് കേന്ദ്രം തുറന്നവർ. ദേശീയ രാഷ്ട്രീയത്തിന്റെ.മുഖ്യധാരയിൽ നിന്ന് കമ്മ്യൂണിസ്റ്റ് രാജ്യദ്രോഹികൾ മാഞ്ഞു പോയിട്ട് കാലമേറെയായി. 1967 ലെ തിരിച്ചടിക്കു ശേഷം നമ്മുടെ സൈനിക പോസ്റ്റുകൾക്കു നേരെ ചൈന അത്ര പെട്ടെന്ന് വെടിയുതിർക്കാറില്ല. സിക്കിമിലെ പ്രശ്നബാധിത മേഖലയിൽ നാം സൈനിക ശക്തി വർദ്ധിച്ചപ്പോൾ അവർ തനിയെ പിന്നോട്ട് പോയി. ഇന്ത്യ ചീന ഭായി ഭായി വിളികൾക്കിടയിലൂടെ ചൈനക്കാർ നടത്തിയ അക്രമണത്തെ ഭാരതം അത്ര പെട്ടെന്ന് മറന്നു പോയിട്ടൊന്നുമില്ല. ഒരിയ്ക്കലും മറക്കുകയുമില്ല. ബാബാ ജസ്വന്ത് സിംഗിന്റെയും റൈഫിൾമാൻ ലിംബുവിന്റെയും ഹവിൽദാർ തിൻ ജോംഗ് ലാമയുടെയും പിൻമുറക്കാർ ഇവിടെയുണ്ട്.
പീപ്പിൾ ലിബറേഷൻ ആർമിയുടെ താല്കാലിക സൈനികരല്ല. പെറ്റമ്മയും പിറന്ന നാടും സ്വർഗ്ഗത്തേക്കാൾ ഉപരിയാണെന്ന് നെഞ്ചിലൊരായിരം തവണ ആവർത്തിച്ച് പറഞ്ഞ് അവസാന ശ്വാസം വരെ ഭാരത മാതാവിന്റെ മാനം കാക്കാൻ പ്രതിജ്ഞയെടുത്ത വീര സൈനികർ. ധീരയോദ്ധാക്കളാണ് ഭാരതത്തിനുള്ളത്. അതുകൊണ്ട് പീപ്പിൾസ് ലിബറേഷൻ ആർമിയിലെ സൈനികാ, നാഥു ല അതിർത്തിയിൽ ആ പഴയ വലിയ കവാടം തുറക്കുമ്പോൾ വരിക. പവിത്രമായ ഈ മണ്ണിലേക്കു വരിക. തണുത്തുറഞ്ഞ് രക്തം മരവിച്ചു പോകുന്ന ഈ പ്രഭാതത്തിൽ നമുക്ക് പരസ്പരം ഓരോ കപ്പ് ചായ പങ്കു വെക്കാം. താങ്കൾക്ക് തിരികെ പോകാം. അല്ലാതെ ചരിത്രം നൽകുന്ന പാഠം ഓർമ്മിക്കൂ എന്നു താങ്കളുടെ കമ്മിസാറന്മാർ പറയുന്നതിൽ ഉറച്ചുതന്നെയാണ് നിൽപ്പെങ്കിൽ ചരിത്ര പുസ്തകങ്ങളിൽ പോലും ചൈന അവശേഷിച്ചില്ലെന്ന് വരും. അതിനു ഭാരത സൈന്യം മാത്രം ധാരാളം.