ധാർമ്മിക സ്വത്വത്തിന്മേൽ ഉള്ള മതേതരാധിനിവേശം

അഞ്ജലി ജോര്‍ജ്

 

ഫാദർ പോൾ തേലക്കാട്ടിന്റെയും  സമാനമനസ്കരുടെയും അറിവിലേക്കായി ::

ശ്രി വെള്ളാപ്പള്ളി നടേശന്റെ നേതൃത്വത്തിൽ ഹൈന്ദവ ഏകീകരണത്തിന്റെ കാഹളം മുഴക്കികൊണ്ട് സമത്വ മുന്നേറ്റ യാത്ര കേരളത്തിൽ പുതു തരംഗം വീശികൊണ്ട് മുന്നോട്ടു നീങ്ങുന്നത്‌ കണ്ടു കത്തോലിക്കാ സഭയുടെ വക്താവായ പോൾ തേലക്കാട്ടച്ചൻ മംഗളം പത്രത്തിൽ ഒരു ലേഖനം എഴുതിയത് വായിക്കാനിടയായി. അപ്പോൾ മനസ്സിൽ തെളിഞ്ഞത് ‘ഹിന്ദുഫോബിയ’ എന്ന പദത്തിന്റെ നിർവചനം നമ്മൾ വിശദമായി മനനം ചെയേണ്ട സമയം അതിക്രമിച്ചില്ലെ എന്ന ചോദ്യമാണ് .

ഹിന്ദുഫോബിയ അഥവാ ഇന്ഡോഫോബിയ എന്ന് അക്കാദമിക തലത്തിൽ പറയുന്ന ഹിന്ദു വിരുദ്ധ മനോഭാവത്തിന്റെ കാതൽ ഹിന്ദുക്കൾ ബഹുദൈവ വിശ്വാസികളായ പാഗൻ സംസ്കാരത്തിന്റെ ജീവിച്ചിരിക്കുന്ന ഏക അവശിഷ്ട സംസ്കാരം ആണെന്നതാണ്. ഇന്നീ ലോകത്ത് അവശേഷിക്കുന്നതിൽ തീർത്തും തദ്ദേശജന്യമായ പവിത്ര പാരമ്പര്യത്തെ പ്രതിനിധാനം ചെയ്യുന്ന ഏക ധർമ്മമാണ് ഹിന്ദു ധർമ്മം. ബൗദ്ധ പാരമ്പര്യത്തെ പോലെ പാശ്ചാത്യ സംവേദനത്തിനായി സ്ഫുടം ചെയ്യപ്പെടാത്തതിനാലും ’പുസ്തകം’ അനുസരിച്ചു മാത്രം നീങ്ങാത്തതിനാലും പാശ്ചാത്യർക്ക് എന്നും ഒരു പ്രഹേളികയാണ് ഹൈന്ദവ സമ്പ്രദായം. ദൗർഭാഗ്യവശാൽ ഹൈന്ദവ ദേവഗണം (pantheon ) ‘ശുദ്ധീകരിച്ചു ‘ അതിന്റെ ബഹുസ്വരതയും വ്യാപ്തിയും കുറച്ചെടുക്കുന്നതിനുള്ള നിരവധി ശ്രമങ്ങൾ ഇന്ന് നടക്കുന്നു. ഹിന്ദുക്കൾ അന്ധവിശ്വാസികളായ വിഗ്രഹാരാധകർ ആണെന്ന ആരോപണം ആണ് ഈ ആക്രമണങ്ങളിൽ പൊതുവെ കണ്ട് വരാറ്. പരമശക്തനായ ഏകദൈവത്തിൽ വിശ്വസിക്കുന്ന ഇസ്ലാം, ക്രിസ്ത്യൻ ജനവിഭാഗവും അവരുടെ അതെ വിചാരധാര പിന്തുടരുന്ന എന്നാൽ മതമല്ല എന്നവകാശപെടുന്ന ഇടതുപക്ഷ -മാർക്സിയൻ ചിന്തകരും ഈ ആരോപണങ്ങൾ ഒളിഞ്ഞും തെളിഞ്ഞും ഉപയോഗിക്കാറുണ്ട്. ഹൈന്ദവ അനുശാസനങ്ങളെ പ്രാകൃതവും വികൃതവും, ഹൈന്ദവരെ ആത്മീയ അന്ധത ബാധിച്ചു ചെകുത്താനെ ആരാധിക്കുന്നവരുമായി ചിത്രീകരിക്കുന്നതു നമ്മൾ സ്ഥിരമായി കാണുന്നതുമാണല്ലോ. പല ക്രിസ്തിയൻ മിഷനറികളും ഹൈന്ദവ ദേവതകളെ ‘ഇവിള്‍ ‘ അഥവാ പൈശാചികം എന്നാ അവജ്ഞയോട് കൂടെ കാണുന്നു. അമേരിക്കൻ യാഥാസ്ഥിതിക ക്രിസ്ത്യാനികൾ മഹാവിഷ്ണുവിന്റെ അവതാരങ്ങളെ വൃത്തികെട്ട രൂപങ്ങളായും പരമശിവനെ നാണമില്ലാത്തവൻ എന്നും, കാളി ദേവിയെ ബലിക്കായ് അക്രോശിക്കുന്നവൾ എന്നെല്ലാം വിശേഷിപ്പിച്ചു കൊണ്ട് എഴുതിയിരിക്കുന്ന റിസർച്ച് സ്റ്റഡികൾ യൂനിവേര്സിറ്റികളില്‍ മുതൽ പുസ്തകശാലകളില്‍ വരെ കാണപ്പെടുന്നു.

ധാർമിക ദേവാരാധനയെ പാശ്ചാത്യവൽക്കരിച്ചു ഏകദൈവ വിശ്വാസത്തിന്റെ മാർഗത്തിലെക്കെത്തിക്കുവാൻ ഉള്ള കുത്സിത ശ്രമങ്ങൾക്ക് സഹായകമാകുന്നതോ, പാശ്ചാത്യരുടെ മുന്നിൽ നമുക്കുള്ള അപകർഷതാ ബോധവും? ‘ആധുനിക’ ഭാരതീയർക്കു പൊതുവേ വിഗ്രഹാരാധകരും ബഹുദൈവ വിശ്വാസികളും ആയിരിക്കുന്നവരോടുള്ള അവജ്ഞ ഈയിടെയായി വർദ്ധിച്ചു വരുന്നതായി കാണുന്നു. വിദേശ സിദ്ധാന്തങ്ങളുടെ കണ്ണിൽ അന്ധവിശ്വാസിയും പ്രാകൃതനും മറ്റുമായി മുദ്രകുത്തപെടുമോ എന്ന ഭയം ആവാം കാരണം. അതുകൊണ്ടാവാം നാം ഏകദൈവദായ ക്രമക്കാരാണെന്ന് ചിത്രീകരിക്കാനുള്ള വാഞ്ഛ നമ്മളിൽ പലരും കാണിക്കുന്നതു. ഈ പരിശ്രമങ്ങൾക്കിടയിൽ പല രീതിയിൽ സനാതന ധർമ്മത്തെക്കുറിച്ചും ഹൈന്ദവജീവിത രീതിയെകുറിച്ചും എന്തിനേറെ, ഭാരതീയ സംസ്ക്കാരത്തെ കുറിച്ചു പോലും പല തരത്തിലുള്ള തെറ്റിദ്ധാരണകൾക്കും നാം വശംവദരാകുന്നു. പല മതേതരരും ആക്ടിവിസ്റ്റുകളും ഒദ്യോഗികമായി ഹിന്ദുക്കളാവാം പക്ഷേ പലപ്പോഴും അവർ ധർമ്മ പരിപാലകരാണെന്ന് പറയാൻ സാധിക്കില്ല. നാഗസന്യാസികളെ പരിഹസിക്കുന്നവർ, കാളീ ദേവിയെ ആരാധിക്കുന്നത് പ്രാകൃതമായി കാണുന്നവർ, ക്രിസ്ത്യൻ മുസ്ലീം അന്ധവിശ്വാസങ്ങളെ കണ്ടില്ലെന്നു നടിക്കുന്നു. മാടെസ്നാന വിമർശ്ശിക്കപ്പെടേണ്ടതാണെന്നു കരുതുന്നവർ ക്രിസ്ത്യൻ പള്ളികളിൽ എച്ചിലിലവാരൽ നേർച്ചയെ വിമർശ്ശനാത്മനാ കാണാൻ മടിക്കുന്നു. ഗുരുവായൂർ ക്ഷേത്രത്തിൽ പ്രവേശിക്കുന്ന സ്ത്രീകളുടെ വസ്ത്ര സ്വാതന്ത്ര്യത്തിനു വേണ്ടി മുറവിളി കൂട്ടിയവർ പർദ്ധ ധരിക്കുന്നത് മുസ്ലീം സ്ത്രീകളുടെ സ്വാതന്ത്ര്യമാണെന്ന അരുദ്ധതി സൂസന്ന റോയിയുടെ വാക്കുകൾ കേട്ടില്ലെന്നു നടിക്കുന്നു. ക്ഷേത്രങ്ങളിൽ ആനകളെ എഴുന്നള്ളിക്കുന്നതിലെ പിഴവുകൾക്കെതിരേ കേസു കൊടുക്കുന്ന ആന സംരക്ഷകര്‍, ആനകളെ മൃഗമെന്ന പരിഗണന പോലും നല്‍കാത്ത കുന്നംകുളം പൂരങ്ങളെയും പള്ളിപ്പെരുന്നാളുകളേയും മുസ്ലീം മതേതര പേകൂത്തുകളേയും വിമർശിക്കാൻ സൗകര്യപൂർവം മറക്കുന്നു. പശുവിനെ ആരാധിക്കുന്നവർ ഫാഷിസ്റ്റുകളാകുന്ന, ദീപാവലിക്ക് പടക്കം പൊട്ടിക്കുന്ന ഹിന്ദുക്കൾ പരിസര മലീനികരണം നടത്തുന്നവരാകുന്ന മതേതര ലോകം, ബക്രീദിനു കൊല ചെയ്യപ്പെടുന്ന ആടുമാടുകളേയോ ന്യൂ ഇയർ രാവിൽ പൊട്ടിത്തീരുന്ന പടക്കങ്ങളേയോ ഓർത്തു വേവലാതിപ്പെടാത്തതെന്തേ? സോഷ്യൽ മീഡിയയിലും മറ്റും കാണുന്ന പല പുരാണ പണ്ഡിതരും ഈ മതേതര മിഥ്യാധാരണകളുടെ പ്രഭാവത്തിൽ നിന്നും വിമുക്തരല്ല.

ഈ സന്ദർഭത്തിൽ ഇന്തോനേഷ്യ എന്ന മുസ്ലീം ഭൂരിപക്ഷ മതേതര രാഷ്ട്രത്തിലെ ഹിന്ദുക്കളുടെ അവസ്ഥ പ്രത്യേകം ഓർമ്മിക്കേണ്ടതാണ്. അവിടെ ഏകദൈവദായ ക്രമത്തിലുള്ള മതങ്ങൾക്കു മാത്രമേ ഔദ്യോഗിക അംഗീകാരം ലഭിക്കുകയുള്ളൂ എന്ന നിയമം വന്നതിനെ തുടർന്ന് 1930 കളിൽ പ്രോട്ടെസ്റ്റന്റ് മിഷനറിമാർ അവതരിപ്പിച്ച എല്ലാത്തിനും അധിപനായ ദൈവം — ‘സൊങ്ങ് ഹ്യാങ്ങ് വിധി വാസ ‘എന്ന ദേവതയെ തങ്ങളുടെ പരമ ദൈവമായി സ്വീകരിച്ച് ഏകദൈവ സമ്പ്രദായത്തിലേക്ക് ചുവടു മാറിയതോടെയാണ് ബാലിയിലെ 1960 ൽ സർക്കാർ ഔദ്യോഗികമായി ഹിന്ദുമതത്തെ അംഗീകരിച്ചത്. നൂറ്റാണ്ടുകളോളം ഹൈന്ദവർ ജീവിച്ചിരുന്ന മണ്ണിൽ മതേതരത്വം സംരക്ഷിക്കാൻ എന്നാ വ്യജേന ഏകദൈവ സിദ്ധാന്തം അടിച്ചേല്‍പ്പിക്കപ്പെട്ടു. എന്നാൽ, ഹിന്ദുമതം ഒരൊറ്റ വിശ്വാസ പ്രമാണത്തിൽ ഊന്നിയ ഒരു ചട്ടക്കൂടിൽ ഒതുക്കാവുന്ന തത്ത്വചിന്തയല്ല. കാരണം, സനാതന ധർമ്മത്തിന്റെ ആത്യന്തിക ലക്ഷ്യം തന്നെ വ്യത്യസ്തമായ ലഭ്യമായ പാതകൾ വഴി പരമജ്ഞാനം അഥവാ മോക്ഷം കൈവരിക്കുന്നതിന് വ്യക്തിയെ നയിക്കുക എന്നതാണ്. അതിനാൽ, ഹിന്ദു മതത്തിനുള്ളിൽ തന്നെ വിഭിന്ന ധാരയിലുള്ള വ്യത്യസ്തമായ തത്ത്വചിന്തകൾ കാണുന്നു. അവയിൽ ഏതുൾക്കൊള്ളണം ഏതിനെ തള്ളിക്കളയണം എന്നത് തീർത്തും വ്യക്ത്യധിഷ്ഠിതമായ വസ്തുതയാണ്. ഹൈന്ദവ ധർമ്മത്തിന്റെ ശക്തി നമ്മിൽ അന്തർലീനമായിരിക്കുന്ന ബഹുസ്വരതയാണ്. അനേകം ദേവതകളെ യഥേഷ്ടം ആരാധിക്കാനുള്ള അവകാശം ഒരോ വ്യക്തിക്കും ലഭിക്കുന്നത് ബഹുദേവതാക്രമത്തിലുള്ള ആരാധനാ മാർഗ്ഗം മൂലമാണ്. ഓരോ വ്യക്തിയും വ്യത്യസ്തനായിരിക്കുന്നതു പോലെ അവന്റെ വിശ്വാസ ആരാധനാക്രമങ്ങളും തന്റെ താല്പര്യത്തിനും ശാരീരിക മാനസിക ആത്മീയ ഗുണങ്ങൾക്കും അനുസൃതമായി വ്യത്യസ്തതയോടുകൂടെ കൊണ്ടു പോകാനും തദനുസരണമുള്ള ആത്മീയ പരിണാമo സിദ്ധിക്കുവാനും ഓരോ ഹിന്ദുവിനും സ്വാതന്ത്ര്യമുണ്ട്. എല്ലാവരേയും ഒരച്ചിൽ വാർത്തു കൊണ്ടു പോകേണ്ടതില്ല മറിച്ച് വ്യക്ത്യധിഷ്ഠിതമായി രൂപകൽപ്പന ചെയ്ത ആചാരാനുഷ്ഠാനങ്ങൾ കാലദേശപ്രകൃതിക്കനുസരിച്ചു പാലിച്ചുവരുന്ന ജീവിതചര്യയാണ് ഒരു ജനതക്കാവശ്യം എന്ന തിരിച്ചറിവിന്റെ മതമാണ്‌ നമ്മൾ ഹിന്ദു മതം അഥവാ സനാതനധർമ്മം എന്ന് വിളിക്കുന്ന ഭാരതസംസ്കൃതി.

സർവ ചരാചരങ്ങളിലും സൗന്ദര്യവും ദിവ്യത്വവും കാണുന്ന നാം വിവധ ഗുണങ്ങളോട് കൂടിയ ദേവതാ സങ്കല്‍പ്പങ്ങളെ ആരാധിക്കുന്നതിലൂടെ അവയുടെ എല്ലാം ഗുണങ്ങൾ നമ്മിലും സ്വാംശീകരിച്ചു മാനസിക സന്തുലനം കൈവരിക്കുവാൻ വ്യക്തികളെ പ്രാപ്തരാക്കുന്നു. സമൂഹത്തിന്റെ നാനാത്വം നിലനിർത്തി എല്ലാ തരക്കാരെയും ഉൾപ്പെടുത്തി ഏകതയോട് കൂടെ മുന്നോട്ടു പോകാൻ ഹൈന്ദവ ധർമ്മത്തിന്റെ ബഹുസ്വരതക്ക് കഴിയുന്നു. ഒരു പക്ഷേ, വേദങ്ങളിൽ ഈശ്വരനെ വിളിക്കാൻ ഉപയോഗിക്കുന്ന ഏറ്റവും മനോഹരമായ പദം ‘സഖാ’ (സുഹൃത്ത്) എന്നതാവും. പാപബോധവും ഭയവും സങ്കോചവും ചേർന്ന ഏകാധിപതിയായ സെമിടിക് ദൈവത്തിനേക്കാൾ എത്രയോ വ്യത്യസ്തമാണ് സ്നേഹവും ബന്ധുത്വവും നിറഞ്ഞ നമ്മുടെ സ്വന്തം ആഴമേറിയ പ്രകൃതിയുടെ വിവിധ വശങ്ങൾ പ്രതിഫലിപ്പിക്കുന്ന വിഭിന്ന ഭാവങ്ങൾ ഉൾക്കൊള്ളുന്ന ഹൈന്ദവ ദേവ ഗണങ്ങൾ! വൈദികപാരമ്പര്യത്തിൽ അഭൗമമായ ദിവ്യത്വം ഓരോ വ്യക്തിയും തന്റെ പ്രകൃതിക്കനുസൃതമായി ഭംഗിയായി അനുഭവിച്ചറിയുന്നു. ഹിന്ദു (ബുദ്ധ, ജൈന സമ്പ്രദായങ്ങൾ അടക്കം) മറ്റു ജീവജാലങ്ങളുടെ മേൽ മനുഷ്യന് അധാർമ്മികമായ മേൽകോയ്മ കൽപ്പിച്ചു നൽകുന്നില്ല. സെമിടിക് സിദ്ധാന്തങ്ങൾക്ക്‌ നേടാൻ കഴിയാത്തതും സനാതന ധർമ്മം അനുശാസിക്കുന്ന ഈ പഞ്ചഭൂതങ്ങളുടെ സമന്വയത്തിലൂന്നിയ പാരിസ്ഥിതിക അവബോധമാണ്. മൃഗങ്ങൾ മനുഷ്യന്റെ ഉപഭോഗതിനായ് പരമശക്തനായ പ്രപഞ്ച ശക്തികളുടെ അധിപനായ ഏക ദൈവം സൃഷ്ടിച്ച ആത്മാവില്ലാത്ത ജീവികളാണ് എന്ന സെമിടിക്‌ തത്വം കഴിഞ്ഞ രണ്ടു സഹസ്രാബ്ദങ്ങളായി പ്രകൃതിയുടെ മേൽ അഴിച്ചു വിടുന്ന ക്രൂരതകൾ തന്നെ ധാർമ്മിക സമ്പ്രദായങ്ങളും സെമിറ്റിക് സംഹിതകളും തമ്മിലുള്ള ഈ മൗലിക വ്യത്യാസത്തെ ശരി വെക്കുന്നു. നമ്മുടെ പൂർവിക പരമ്പരകളിലൂടെ കൈമാറി വന്ന ആചാരാനുഷ്ഠാനങ്ങൾ , ആരാധനാക്രമങ്ങൾ എന്നിവ നമ്മുടെ മഹാ സംസ്കൃതിയുടെ അന്ത:സത്ത നില നിർത്തുന്ന ഘടകങ്ങളാണ്. അവയിൽ ലജ്ജിതരായി നമ്മുടെ ദേവഗണങ്ങളെ ഇല്ലാതാക്കിയാൽ നമ്മുടെ അസ്തിത്വം ആവും മണ്ണടിഞ്ഞു പോവുക.

ഇന്നത്തെ ലോക വ്യവസ്ഥിതി ഏകദൈവദായ ക്രമത്തിന് വലിയ പ്രാധാന്യം നൽകുന്നു എങ്കിലും മതം അഥവാ ധർമ്മം എന്നതിന് ഇക്കാലത്ത് അബ്രഹാമിക്ക് കാഴ്ചപ്പാടുകൾക്കനുസൃതമായി നൽകി വരുന്ന നിർവചനങ്ങൾക്കതീതമായി സനാതന ധർമ്മത്തിന്റെ വിശ്വമാനവിക ദർശനങ്ങളെ കാണേണ്ടതുണ്ട്. സർവ്വചരാചരങ്ങളുടെയും സുഖം കാംക്ഷിക്കുന്ന, കാലദേശ ഭേദമേന്യേ ഓരോ വ്യക്തിയുടെയും ആത്മീയ ഉന്നമനം ലക്ഷ്യം വയ്ക്കുന്ന, വിശ്വാസത്തിലുപരി ജ്ഞാനത്തെ പരമസത്യത്തിലേക്കുള്ള മാർഗ്ഗമായി കാണുന്ന ഹൈന്ദവ ധർമ്മം സെമിടിക് ബുദ്ധിയാലുള്ള കീറി മുറിക്കലുകൾക്ക് അപ്രാപ്യമാണ് എന്ന വസ്തുത ഒരോ ഹിന്ദുവും തിരിച്ചറിയേണ്ടിയിരിക്കുന്നു. നമ്മൾ അബ്രഹാമിക് രീതിയിലുള്ള സത്യദൈവത്തിൽ വിശ്വസിക്കേണ്ട കാര്യമില്ല. അത് ഹൈന്ദവ ആചാരാനുഷ്ഠാനങ്ങളെ നാശോന്മുഖം ആക്കാനേ ഉതകൂ. ഇന്നീ ലോകത്തിൽ ഏറ്റവും പഴക്കമുള്ളതും പൂർവിക ഓജസ്സ് അവിരാമം തുടർന്ന് കൊണ്ടുപോകുന്നതുമായ ഏക പാഗൻ സംസ്കൃതി ആയ ഹൈന്ദവരെ അതുല്യരും പ്രബലരും ഉല്‍പ്പതിഷ്ണുക്കളും ആക്കിയ ഗുണഗണങ്ങളെ നശിപ്പിക്കുന്നത് നാം നമ്മോടു തന്നെ കാണിക്കുന്ന അനീതിയാണ്. ഉൽപ്പതിഷ്ണുത്വം സഹജ ഗുണമായ ഹൈന്ദവ ജനതയുടെ ക്ഷമ പരീക്ഷിക്കുന്ന തരത്തിലുള്ള പ്രവർത്തികൾ അംഗീകൃത വ്യവഹാരമായി ഭവിക്കുന്നതു നമ്മുടെ ജനാധിപത്യത്തിനും നാനാത്വതിനും ഭീഷണിയാണ്. നമ്മുടെ സംസ്കാരം ആണ് നമ്മുടെ സ്വത്വം. ഹിന്ദുവെന്ന ആത്മാഭിമാനം ഇല്ലാതാകുന്നതോടെ വിദേശ സിദ്ധാന്തങ്ങളുടെ കളിപ്പാവകളാവാനും വലിയ ബുദ്ധിമുട്ടില്ല. പാശ്ചാത്യ സാമൂഹിക രാഷ്ട്രീയ ചട്ടക്കൂടിൽ മാത്രം നിർവചിക്കാൻ കഴിയുന്ന യാഥാസ്ഥിതിക ക്രിസ്തിയൻ സമൂഹവും പുരോഗമന മതേതര ഇടതുപക്ഷവും എന്ന ബൈനറി നിർവചനത്തിന്റെ ചട്ടക്കൂടിൽ തളയ്ക്കപെട്ടു രൂപവ്യതിയാനം വരുത്തി ഹൈന്ദവസംസ്കാരത്തെ മലിനമാക്കി എടുക്കാനുള്ള ശ്രമങ്ങളെ അതിജീവിക്കുവാൻ ഹിന്ദുക്കൾ പൂർവിക ഗുരുപരമ്പരകൾ വഴി കൈമാറി വന്ന അനുഭവത്തിന്റേയും പ്രയോഗത്തിന്റെയും പിന്‍ബലമുള്ള സംസ്കൃതിയിൽ നിന്നും പരിഹാരം കണ്ടെത്തുവാൻ ശ്രമിക്കണം. ഈ പരിഹാരങ്ങളെ മാനദണ്ഡമാക്കി തനതു സാമൂഹിക രാഷ്ട്രീയ വീക്ഷണം നിർമ്മിച്ചെടുക്കേണ്ടത് ഭാരതം വിശ്വ ഗുരു ആയി വിളങ്ങുന്നതിനു അത്യാവശ്യമാണ്. സെമിടിക്‌ നിർമ്മിതികളായ ഇടതു വലതു മേല്‍വിലാസക്കുറി പതിപ്പിച്ചു വെടക്കാക്കി തനിക്കാക്കപ്പെടേണ്ട കാര്യം ഹൈന്ദവ പാരമ്പര്യതിനില്ല. നാം വ്യത്യസ്തരാണ്. അതുല്യതയാണ് നമ്മുടെ ശക്തിയും.