ഉറി ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാക്കിസ്ഥാനുമായുള്ള സിന്ധു നദീജല കരാർ പുനഃപരിശോധിക്കാൻ ഇന്ത്യ ആലോചിക്കുന്നതായി വിദേശകാര്യ വക്താവ് വികാസ് സ്വരൂപ് അറിയിച്ചു എന്ന് കണ്ടപ്പോ പലര്‍ക്കും നെറ്റി ചുളിവു വന്നിട്ടുണ്ടാവും. കാരണം പാക്കിസ്ഥാന്റെ അതിക്രമത്തിനു അതെ രീതിയില്‍ മറുപടി കൊടുക്കാതെ ഒരു മാതിരി സ്ക്കൂള്‍ പിള്ളേരെ പോലെ എന്തെ കേന്ദ്ര സര്‍ക്കാര്‍ പെരുമാറുന്നെ എന്ന തോന്നല്‍ ഉണ്ടായാല്‍ അവരെ കുറ്റം പറയാന്‍ പറ്റില്ലല്ലോ. അവിടെയാണ് എന്താണ് ‘സിന്ധു നദീജല ഉടമ്പടി’ എന്നതിന്റെ പ്രസക്തി. അത് റദ്ദാക്കുന്നതിലൂടെ ഭാരതം ഉദ്ദേശിക്കുന്ന നയതന്ത്രം..
വളരെ കുറച്ചുമാത്രം വർഷപാതം ഉണ്ടാകുന്ന പ്രദേശമാണ് പാക്കിസ്ഥാൻ. അതിനാൽ അവിടെ വേനൽക്കാലം വളരെ ചൂടേറിയതും, മഞ്ഞുകാലം വളരെ തണുപ്പുള്ളതുമാണ്. അതു കൊണ്ട് തന്നെ പാക്കിസ്ഥാന്റെ ജല സ്രോതസുകള്‍ നദികളാണ്. പാക്കിസ്ഥാനിലെ ഏറ്റവും വലിയ നദിയാണ് ഇൻഡസ് നദി അഥവാ സിന്ധു നദി. ഝലം, ചെനാബ്, രവി, ബിയാസ്, സത്‌ലജ് എന്നി നദികളൊക്കെ സിന്ധു നദിയുടെ പോഷക നദികളാണ്. ഈ നദിയിലെ വെള്ളമാണ് പാക്കിസ്ഥാന്റെ ജലസ്രോതസുകളുടെ നട്ടെല്ല് എന്ന് വേണമെങ്കില്‍ പറയാം.
സിന്ധു നദിയുടെ പ്രധാന പ്രത്യേകത എന്ന് പറഞ്ഞാല്‍ ഈ നദിയുടെ ഉത്ഭവം ഹിമാലയത്തിന്റെ കൊടുമുടികൾക്ക് പിന്നിൽ, തിബത്തിലെ മാനസസരോവർ തടാകത്തിന് ഉദ്ദേശം 100 കി.മീ വടക്കായാണ് എന്നതാണ്. അവിടെ നിന്നും ഭാരതത്തിലെ കശ്മീര്‍ വഴിയാണ് ഇതിന്റെ പ്രധാന കൈവഴികൾ പാക്കിസ്ഥാനിലേക്ക് ഒഴുകുന്നത്.
ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ കാശ്മീരിന്റെ പേരില്‍ യുദ്ധമുണ്ടാവുമ്പോള്‍ ഒക്കെ പാക്കിസ്ഥാനെ അലട്ടുന്ന ഒരു പ്രധാന പ്രശ്നമാണ് സിന്ധുനദി. ഇന്ത്യ ആ ജലസ്രോതസിനെ തടയിട്ടാല്‍ അത് പാക്കിസ്ഥാന്റെ സാമുഹിക വ്യവസ്ഥയെ നന്നായി ബാധിക്കും എന്ന് അവിടത്തെ ഭരണാധികാരികള്‍ക്ക് മനസിലായതിന്റെ ഫലമായാണ് രണ്ടു രാജ്യങ്ങള്‍ക്കിടയില്‍ ജലത്തിന്റെ പേരില്‍ ഒരു കരാര്‍ നിലവില്‍ വരേണ്ടതിന്റെ ആവശ്യം വന്നത്. അങ്ങിനെ 1960 സെപ്തംബർ 19 -ന് കറാച്ചിയിൽ വച്ച് ലോകബാങ്കിന്റെ മധ്യസ്ഥതയിൽ ഇന്ത്യയുടെ അന്നത്തെ പ്രധാനമന്ത്രി നെഹ്രുവും പാക്കിസ്ഥാൻ പ്രസിഡണ്ട് അയൂബ് ഖാനും ചേര്‍ന്ന് ഒപ്പ് വെച്ച ഒരു നദിജല കരാര്‍ ആണ് ‘സിന്ധു നദീജല ഉടമ്പടി’ എന്നറിയപ്പെടുന്നത്. ഈ കരാർ പ്രകാരം കിഴക്കോട്ടൊഴുകുന്ന ബിയാസ്, രാവി, സത്ലജ് എന്നീ നദികളുടെ നിയന്ത്രണം ഇന്ത്യയ്ക്കും പടിഞ്ഞാറോട്ടൊഴുകുന്ന സിന്ധു, ചിനാബ്, ഝലം എന്നീ നദികളുടെ നിയന്ത്രണം പാക്കിസ്ഥാനും ലഭിച്ചു.
ഇനി ഈ കരാറിലെ വേറെ ഒരു കാര്യം കൂടി പറയാം..
സിന്ധു നദിയിലെ ജലത്തിന്റെ 20% മാത്രമേ സിന്ധു നദീജല കരാർ പ്രകാരം ഇന്ത്യക്ക് ലഭിക്കുന്നൊള്ളൂ. ബാക്കി വരുന്ന 80 ശതമാനം വെള്ളവും പാക്കിസ്ഥാന് ആണ് കിട്ടുന്നത്. ലോക ബാങ്ക് അന്നത്തെ കാരാറില്‍ ഒരു കാര്യം കൂടി എഴുതി ചേര്‍ത്തിട്ടുണ്ട്. അതായതു ലോക ബാങ്ക് ഈ കരാറിന് കീഴിൽ നദിക്കു അനുബന്ധമായി കനാലുകളും ഡാമുകളും നിർമ്മിക്കാനായി ‘ഇൻഡസ് ബേസിൻ വികസന ഫണ്ട്’ എന്നൊരു ഫണ്ട് ഉണ്ടാക്കിയിട്ടുണ്ട്. അതിൽ നെഹ്റുവിന്റെയും നെഹ്രുവിയൻ സ്റ്റാലിനിസ്റ്റുകളുടേയും ‘നിന്നെ പോലെ നിന്റെ രാഷ്ട്രത്തിന്റെ ശത്രുവിനെയും സ്നേഹിക്കുക’ എന്ന സിദ്ധാന്ത പ്രകാരം 174 മില്യൺ ഇന്ത്യയും മുടക്കിയിട്ടുണ്ട്. ആ കാശു കൊണ്ട് പാകിസ്ഥാനിൽ ഒട്ടനവധി ഡാമുകളും കനാലുകളും IBDF നിർമ്മിച്ചിട്ടുമുണ്ട്..
ഇങ്ങനെയൊക്കെയുള്ള ഈ കരാര്‍ ആണ് ഇപ്പൊ റദ്ദാക്കുന്നതിനെ കുറിച്ച് ഭാരതം ചിന്തിക്കുന്നെ എന്ന് വിദേശകാര്യ വകുപ്പ് പറഞ്ഞത്..
ഇനി ഇന്ത്യ സിന്ധു നദീജല ഉടമ്പടിയില്‍ നിന്നും പിന്മാറുന്നത് പാക്കിസ്ഥാന്റെ കശ്മീര്‍ അതിക്രമത്തിനുള്ള മറുപടിയാവുന്നത് എങ്ങിനെയെന്ന് നോക്കാം.അതിനു മുന്‍പ് പാക്കിസ്ഥാന്റെ ഭൂപ്രകൃതിയെ കുറിച്ച് മനസിലാക്കണം.
ആധുനിക പാകിസ്താൻ സിന്ധ്, പഞ്ചാബ്, ബലൂചിസ്ഥാൻ, ഗിൽഗിത് ബാൾട്ടിസ്ഥാൻ, ഖൈബർ പഖ്‌ത്തൂൻവാല പ്രദേശം, ഫെഡറലി അഡ്മിനിസ്റ്റേർഡ് ട്രൈബൽ ഏരിയ, ഇസ്ലാമാബാദ് ക്യാപ്പിറ്റൽ ടെറിറ്റോറി എന്നീ പ്രവിശ്യകളായാണ് വിഭജിക്കപ്പെട്ടിരിക്കുന്നതു. പിന്നെ അവര്‍ കാശ്മീരിന്റെ ഒരു ഭാഗവും (പി.ഓ.കെ) കൈയ്യടക്കി വെച്ചിട്ടുമുണ്ട്. അവിടെയാണ് ഈ കാരാറിന്റെ പ്രാധാന്യവും.
സിന്ധു നദീജല ഉടമ്പടി പ്രകാരം ഇന്ത്യക്ക് അവകാശപ്പെട്ട നദികളില്‍ പി.ഓ.കെ കാശ്മീരില്‍ കൂടി ഒഴുകുന്ന നദികളിലെ വെള്ളം ഇന്ത്യക്ക് ലഭിക്കതെയായി. അത് കൊണ്ട് തന്നെ കാശ്മീരിന് അവകാശപ്പെട്ട ഈ ജലം ഉപയോഗിച്ച് ചെയ്യാവുമായിരുന്ന കൃഷിയും വൈദ്യുതോല്‍പാദനവും മറ്റും കാര്യക്ഷമമായി നടത്താൻ അവര്‍ക്ക് സാധ്യമല്ലാതെയായി. ഈ കരാര്‍ കൊണ്ട് കാശ്മീരിന് നഷ്ടം മാത്രമേ ഉള്ളൂ എന്ന് രണ്ടും കൊല്ലം മുന്നേ അന്നത്തെ ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയായിരുന്ന ഒമര്‍ അബ്ദുള്ള അഭിപ്രായപ്പെട്ടതും ഈ ചിന്തയിലായിരുന്നു.
ഇനിയാണ് ഇതിലെ മറ്റൊരു പ്രധാന കാര്യം വരുന്നത്..
കശ്മീരിലൂടെ ഒഴുകി പോവുന്ന നദികള്‍ പിന്നീട് ചെല്ലുന്നത് പാക്ക് പ്രവശ്യയിലെ പഞ്ചാബിലേക്കാണ്. അവിടെയാണ് ഈ നദികള്‍ക്ക് ഭാരതം നല്‍കുന്ന രാഷ്ട്രീയ പ്രാധാന്യം എന്താണെന്നു കാണേണ്ടത്…
പാക്കിസ്ഥാന്‍ എന്നത് ഒരു ജനാധിപത്യ രാജ്യം ആണെങ്കിലും അവരെ നിയന്ത്രിക്കുന്നത് പാക്ക് പട്ടാളം ആണെന്നത് ലോകം മുഴുവന്‍ അറിയുന്ന ഒരു നഗ്നസത്യമാണ്. പാക്കിസ്ഥാന്റെ ആര്‍മിയെ നിയന്ത്രിക്കുന്നത്, പട്ടാളത്തിന്റെ മര്‍മ്മപ്രധാനമായ സ്ഥാനങ്ങളില്‍ ഇരിക്കുന്നവരില്‍ ഭൂരിപക്ഷവും പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവശ്യയില്‍ ഉള്ളവരുമാണ്. അതായത് ബലൂചിസ്ഥാനും, സിന്ധും വടക്കു പടിഞ്ഞാറൻ അതിർത്തി പ്രദേശങ്ങളുമടങ്ങിയ പാക്കിസ്ഥാനെ നിയന്ത്രിക്കുന്നത് പഞ്ചാബികളാണ് എന്നതു. ഇത് തന്നെയാണ് പാക്കിസ്ഥാനിലെ പ്രധാന ആഭ്യന്തര പ്രശ്നവും..
ഈ കാരണം കൊണ്ട് തന്നെയാണ് അവരുടെ പ്രവിശ്യകളില്‍ ഒന്നായ ബലൂചിസ്ഥാന്‍ തങ്ങള്‍ക്കു സ്വാതന്ത്ര്യം വേണമെന്ന് പറഞ്ഞതും, അവര്‍ ഭാരതത്തിനു പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചതും. അപ്പൊ പാക്കിസ്ഥാനെ നിയന്ത്രിക്കുന്ന, ഇന്ത്യയെ ദ്രോഹിക്കുന്ന പാക്ക് പഞ്ചാബികൾക്ക് മാത്രം ഗുണം കിട്ടുന്ന സിന്ധു നദീജല ഉടമ്പടി റദ്ദാക്കി ജമ്മു കാശ്മീരിലെ ജനങ്ങള്‍ക്ക് ആ ജലം ഉപയോഗിക്കാന്‍ വേണ്ട പദ്ധതികൾ പ്രായോഗികമാക്കുന്നതിലൂടെ വിജയിക്കുന്നത് ഇന്ത്യയാണ്. കാശ്മീരി ജനതയാണ്..
അതായത് പാക്ക് പഞ്ചാബിന് ഇൻഡസ് നദികളിലെ വെള്ളം ലഭിച്ചില്ലേല്‍ അല്ലേല്‍ ഭാരതം അത് അവര്‍ക്ക് കൊടുത്തില്ലേല്‍, അത് കൊണ്ട് ആ നാടിനു ഉണ്ടാവുന്ന ദോഷം ചിന്തിക്കാന്‍ പോലും പറ്റാത്ത വിധം വളരെ വലുതായിരിക്കും. അത് ഒരു പാട് സാധാരണ ഇന്ത്യക്കാരുടെയും ഇന്ത്യന്‍ സൈനികരുടെയും ജീവന്‍ ബലി അര്‍പ്പിച്ചു കിട്ടുന്ന യുദ്ധ വിജയത്തേക്കാള്‍ മികച്ച വിജയമാവും. ഇത് പാക്കിസ്ഥാനുമറിയം..
അത് തന്നെയാണ് ഇപ്പോഴത്തെ കേന്ദ്ര സര്‍ക്കാര്‍ നദിജല കരാര്‍ റദ്ദാക്കും എന്ന് പറഞ്ഞ നീക്കത്തിലൂടെ ലക്ഷ്യമിടുന്നതും…
അപ്പൊ കശ്മീരികളെ ദാരിദ്ര്യത്തിലും കെടുതികളിലും നരകിക്കാൻ വിട്ടിട്ടു, അവരെ ഭീകരവാദത്തിലേക്കു വലിച്ചിട്ടു നശിപ്പിച്ചു ഇല്ലാതാക്കുന്ന, ഇന്ത്യയുമായി ഉണ്ടാക്കിയ മറ്റുള്ള കരാറുകള്‍ ഒന്നും പാലിക്കാത്ത പാക്കിസ്ഥാനി പഞ്ചാബികൾക്കു ഒരു കരാറിന്റെ പേരില്‍ നമ്മള്‍ വെള്ളം കൊടുക്കണോ എന്നതാണ് ഇവിടത്തെ ചോദ്യം.
കാശ്മീരിനെ, കശ്മീരികളെ ഭാരതത്തെ സ്നേഹിക്കുന്നവര്‍ ചിന്തിക്കേണ്ട ഒരു വിഷയമാണിത്.
ഇനി ഇതിനും ഇന്ത്യയിലെ അഭിനവ മതേതരരില്‍ നിന്നും വല്ല എതിര്‍പ്പും വരുമോ എന്ന് നോക്കാം..
എന്തായാലും കശ്മീരികളെ സ്നേഹിക്കുന്നവരെന്നു പറയപ്പെടുന്ന ഏതേലും നീല കുറുക്കന്മാര്‍ കൂവാതിരിക്കില്ല…
പാകിസ്താനാണോ കാശ്മീരാണോ മാനവികതാവാദികളുടെ യഥാർത്ഥ ഹൃദയഭൂമി എന്ന് കണ്ടറിയാം…
—————————-രഞ്ജിത്ത് മേച്ചേരി വിശ്വനാഥ്-—————————–
Poster Credits : Ratheesh Nandhanam