പടിഞ്ഞാറൻ സാർവ്വദേശീയത ചോദ്യം ചെയ്യപ്പെടുന്നു

14522847_1421209854561219_4634844020907917460_n

— രാജീവ് മൽഹോത്ര — 
(മലയാളം തർജ്ജമ – ടീം വിചാരം)

Being Different, An Indian Challenge to Western Universalism എന്ന എന്റെ പുസ്തകത്തിന്റെ പ്രാധാന ഉദ്ദേശലക്ഷ്യങ്ങളിൽ ഒന്ന്, സാർവ്വദേശീയതയെ പറ്റിയുള്ള പടിഞ്ഞാറൻ രാജ്യങ്ങളുടെ അവകാശവാദങ്ങളെ ഖണ്ഢിക്കുകയാണ്. പടിഞ്ഞാറൻ മനോഭാവം അനുസരിച്ച്, ചരിത്രത്തിന്റെ പ്രയാണത്തെ നയിക്കുന്നതും, ലോകജനതയുടെ അത്യന്തിക, സ്വപ്നസമാന ലക്ഷ്യസ്ഥാനവും പടിഞ്ഞാറൻ രാജ്യങ്ങളാണ്. ലോകത്തിലെ ഏറ്റവും ഉത്തമമായ സാംസ്കാരിക മാതൃകയും അവരുടേതാണ്. പാശ്ചാത്യ-ഇതര സംസ്കാരങ്ങളിൽ ഈ മാതൃകയോടു യോജിക്കാത്ത ആചാരവിശ്വാസങ്ങൾ ഉണ്ടെങ്കിൽ, അവയ്ക്കു രൂപഭേദം വരുത്തുകയോ പൂർണമായും ഒഴിവാക്കുകയോ വേണം. എങ്കിലേ ആ സംസ്കാരങ്ങൾക്കു പാശ്ചാത്യ വാർപ്പുമാതൃകയിൽ ഒതുങ്ങി നിന്ന്, പടിഞ്ഞാറൻ രാജ്യങ്ങളുടെ അംഗീകാരം നേടാനാകൂ. ആചാരവിശ്വാസങ്ങളിൽ മാറ്റം വരുത്താൻ തയ്യാറാകാത്ത സംസ്കാരങ്ങളെ, ഏതെങ്കിലും വിധത്തിൽ പാർശ്വവൽക്കരിക്കുകയോ നശിപ്പിക്കുകയോ ചെയ്യും.

സാർവ്വദേശീയയെ ഒരിക്കലും ഒരു രാജ്യവുമായി – വെസ്റ്റേൺ, ചൈനീസ്, ഫ്രഞ്ച് – ബന്ധപ്പെടുത്താനാകില്ല എന്നതാണ് സത്യം. ബന്ധപ്പെടുത്തിയാൽ അത് സാർവ്വദേശീയം എന്നതിനേക്കാളുപരി, ഒരു പ്രത്യേക രാജ്യത്തിന്റെ ലോകവീക്ഷണവും അനുഭവവുമായേ കണക്കാക്കപ്പെടുകയുള്ളൂ. ‘പടിഞ്ഞാറൻ സാർവ്വദേശീയത’ എന്ന പദം തന്നെ ഒരു വിരുദ്ധോക്തിയാണ്; പരസ്പരവൈരുദ്ധ്യം അതിൽ വളരെ പ്രകടം. എന്നിട്ടും ഞാൻ ഈ പദം ഉപയോഗിച്ചത്, ഈ ആശയം മുന്നോട്ടു വയ്ക്കുന്നവരുടെ അഹങ്കാര മനോഭാവം വ്യക്തമാക്കാനാണ്. ഗ്ലോബിന്റെ വടക്കു-പടിഞ്ഞാറൻ അർദ്ധഗോളത്തിലുള്ള മേഖലയുടെ ചരിത്രം, ഭൂമിശാസ്ത്രം, കാലാവസ്ഥ, മിത്തുകൾ, മതം, മതസാഹിത്യം, രാജവംശങ്ങൾ, ഗോത്രവർഗ്ഗ സംഘർഷങ്ങൾ., എന്നിവ തമ്മിലുള്ള പ്രതിപ്രവർത്തനങ്ങളുടെ ഫലമായി രൂപംകൊണ്ട പ്രത്യേക നാഗരികതയാണ് പടിഞ്ഞാറൻ സംസ്കാരം. (ലോകജനസംഖ്യയുടെ 20 ശതമാനം മാത്രമേ ഇവിടെ വസിക്കുന്നുള്ളൂ. ഇതാകട്ടെ കുറഞ്ഞ് വരികയുമാണ്). ആ മേഖലയിലെ പരിതസ്ഥിതികൾക്കു മാത്രമേ ഇത് യോജിക്കൂള്ളൂവെന്ന് പടിഞ്ഞാറൻ സാർവ്വദേശീയതയുടെ വക്താക്കൾ മനസ്സിലാക്കുന്നില്ല. അവർ ഈ സംസ്കാരത്തിന്റെ ചരിത്രം, മതം, മിത്ത്, വിജ്ഞാനശാസ്ത്രങൾ എന്നിവ ലോകത്തിന്റെ മറ്റുഭാഗങ്ങളിലുള്ള സംസ്കാരങ്ങൾക്കു മാതൃകയായി മുന്നോട്ടുവയ്ക്കുകയാണ്! പടിഞ്ഞാറൻ സംസ്കാരത്തിനു സർവ്വസ്ഥല പ്രസക്തിയുണ്ടെന്ന തെറ്റിദ്ധാരണയാണ് ഇവിടെ വെളിപ്പെടുന്നത്.

ലോകത്തിലുള്ള ഓരോ സംസ്കാരങ്ങളുടേയും പ്രവൃത്തിപഥം, അവർ നേടിയ ജ്ഞാനം എന്നിവ അവരുടെ തന്നെ സവിശേഷമായ രാജ്യചരിത്രം, ഭൂമിശാസ്ത്രം, മതം, ആത്മീയ പാരമ്പര്യങ്ങൾ എന്നിവയിൽനിന്നു നേടിയതാണെന്ന വസ്തുത പടിഞ്ഞാറൻ രാജ്യങ്ങൾ അവഗണിക്കുന്നു. (പാശ്ചാത്യ ചരിത്രത്തേക്കാൾ പൗരാണികമാണ് ഒട്ടുമിക്ക പാശ്ചാത്യ-ഇതര സംസ്കാരങ്ങളും). ഓരോ സംസ്കാരങ്ങൾക്കും തനതായുള്ള പാരമ്പര്യ-ആചാരവിശ്വാസങ്ങൾ, മറ്റു സംസ്കാരങ്ങളുമായി എപ്പോഴും ഒത്തുമാറാവുന്നതല്ല. ജനിച്ചുവളർന്ന ഭൂമികയിൽ മാത്രമായിരിക്കും പലപ്പോഴും സംസ്കാരങ്ങളുടെ പ്രസക്തിയും പ്രായോഗികതയും. എന്നിട്ടും, ലോകചരിത്രത്തിന്റെ രൂപവും പ്രയാണവും പടിഞ്ഞാറൻ രാജ്യങ്ങൾ വിഭാവനം ചെയ്യുന്ന ലക്ഷ്യത്തിലേക്കായിരിക്കണം – പാപമോചനം അല്ലെങ്കിൽ മതേതരലക്ഷ്യമുള്ള മറ്റെന്തെങ്കിലും – എന്നതിൽ അവർക്കു സംശയമേയില്ല. സ്വാധീനവും ശക്തിയും പ്രയോഗിച്ച്, സ്വ സംസ്കാരമാതൃക മറ്റു സംസ്കാരങ്ങളുടെ മേൽ അവർ അടിച്ചേൽപ്പിക്കാറുമുണ്ട്.

പടിഞ്ഞാറൻ രാജ്യങ്ങളുടെ സാർവ്വദേശീയത പ്രയോഗം നിഷ്കളങ്കമായിരുന്നില്ല. ലോകം എപ്രകാരം വംശകേന്ദ്രിതമായി സജ്ജീകരിക്കപ്പെടണമെന്ന് അവർക്കു വ്യക്തമായ രൂപരേഖ ഉണ്ടായിരുന്നു. ലോകസംസ്കാരത്തെ നയിക്കുന്ന ഡ്രൈവർ സീറ്റ് കരസ്ഥമാക്കിയ ശേഷം, പടിഞ്ഞാറൻ സ്വത്വവാദികൾ ഈ ദിശയിലേക്കു പ്രവർത്തനങ്ങൾ ആരംഭിച്ചു. മതപരവും അല്ലാത്തതുമായ നിരവധി കൊളോണിയൽ സംഘടനകളെ, പാശ്ചാത്യവൽക്കരണത്തിനായി അവർ മറ്റു രാജ്യങ്ങളിലേക്കു കയറ്റി അയച്ചു. പാശ്ചാത്യസംസ്കാരത്തിൽ നിന്നു വ്യത്യസ്തമായ ലോകവീക്ഷണങ്ങളെ അപ്പോൾ അവർ നേരിട്ടു. അവയുമായി പ്രതിപ്രവർത്തിക്കാൻ നിരവധി തന്ത്രങ്ങൾ സ്വീകരിക്കപ്പെട്ടു – പൊരുത്തപ്പെട്ടു പോകൽ മുതൽ മതപരിവർത്തനം, കോളനിവൽക്കരണം, പാർശ്വവൽക്കരണം, അവമതിച്ച് താഴ്ത്തിക്കെട്ടൽ, വംശഹത്യ, സ്വാംശീകരണം തുടങ്ങിയ രീതികൾ വരെ കൊളോണിയൽ സംഘടനകൾ അവലംബിച്ചു. ഈ പ്രക്രിയയിൽ ഉടനീളം, പടിഞ്ഞാറൻ സാംസ്കാരിക സ്വത്വം മാനുഷിക വ്യവഹാരങ്ങളിൽ അദ്വിതീയരായി ചിത്രീകരിക്കപ്പെട്ടു. പൗരസ്ത്യ സംസ്കാരങ്ങളുമായുള്ള ഏറ്റുമുട്ടൽ വഴി പാശ്ചാത്യസംസ്കാരം കൂടുതൽ കരുത്താർജ്ജിച്ചു. പാശ്ചാത്യ-ഇതര രാജ്യങ്ങളിൽ (Frontiers) അധീശത്വം സ്ഥാപിച്ച്, പടിഞ്ഞാറൻ സംസ്കാരവും ആചാരവിശ്വാസങ്ങളും പ്രചരിപ്പിക്കേണ്ട ദൈവദത്തമായ നിയോഗം (Manifest Destiny) നിറവേറ്റാൻ അവർ കൂടുതൽ ഉൽസുകരായി. ലോകത്തിലെ മറ്റു രാജ്യങ്ങൾ, പാശ്ചാത്യർക്കു അവരുടെ സംസ്കാരം വ്യാപിപ്പിക്കാനുള്ള രംഗഭൂമി മാത്രമായി മാറി. പടിഞ്ഞാറൻ സാംസ്കാരിക മാതൃകയോടു യോജിക്കുന്നതും, അതിനെ പരിപോഷിപ്പിക്കാൻ ഉതകുന്നതുമായ പൗരസ്ത്യ ആശയങ്ങളെ അവർ ഏറ്റെടുത്തു. പക്ഷേ ആശയങ്ങൾ പ്രദാനം ചെയ്ത സംസ്കാരങ്ങളുടെ കെട്ടുറപ്പും ഊർവ്വരതയും നഷ്ടമാവുകയാണുണ്ടായത്; അവ തരിശുഭൂമിക്കു സമാനമായി മാറി. ഐക്യം കൈമോശം വന്നതോടെ പൗരസ്ത്യ സംസ്കാരങ്ങളുടെ വിവിധ ഘടകങ്ങൾ വിഘടിച്ചു പോയി. അവയിൽ ചില ഘടകങ്ങളെ തിരഞ്ഞെടുത്ത്, നവീകരിച്ച ശേഷം, പടിഞ്ഞാറൻ പണ്ഢിതർ വംശീയ വിഭജനങ്ങളിൽ ഉപയോഗിച്ചു. ഇതുവഴി ഒരു സംസ്കാരത്തെ അവർ ഘട്ടംഘട്ടമായി ഇല്ലാതാക്കുകയായിരുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ, പാശ്ചാത്യർ നടത്തിയ സാംസ്കാരിക ഉന്മൂലനത്തിന്റെ പൊതുസ്വഭാവം ഇവ്വിധമായിരുന്നു.

ലോകരാജ്യങ്ങൾക്കിടയിൽ പ്രമുഖസ്ഥാനം ലഭിക്കാൻ കാരണമായി പടിഞ്ഞാറൻ രാജ്യങ്ങൾ നിരവധി വാദഗതികൾ മുന്നോട്ടു വയ്ക്കുന്നുണ്ട്. അവയെല്ലാം ഈ ലേഖനത്തിൽ ഉൾക്കൊള്ളിക്കാൻ കഴിയുന്നതല്ല. ‘Being Different’ എന്ന പുസ്തകത്തിൽ ഇക്കാര്യങ്ങൾ അക്കമിട്ട് വിശദീകരിക്കുന്നുണ്ട്. പടിഞ്ഞാറൻ സ്വത്വത്തിനും ഗരിമക്കും ആധാരമായ സംഭാവനകൾ നൽകിയതിൽ പ്രമുഖം ജൂത-കൃസ്ത്യൻ പാരമ്പര്യം (Hebraism), ഗ്രീക്ക് സംസ്കാരം (Hellenism), അവ പ്രതിഫലിപ്പിക്കുന്ന ദ്വന്ദാത്മക മൂല്യങ്ങൾ എന്നിവയാണ്. മാത്രമല്ല, യൂറോപ്പിലെ വിവിധ ഗോത്രവംശങ്ങൾ തമ്മിൽ നിലനിന്നിരുന്ന സ്പർദ്ധയും ഏറ്റുമുട്ടലും, സ്വത്വങ്ങളെ നിർവചിച്ച് ശക്തിപ്പെടുത്താൻ പ്രേരണയായിട്ടുണ്ട്. ഇപ്രകാരം നിർമിക്കപ്പെട്ട സ്വത്വങ്ങളിൽ പലതും സത്യസന്ധമല്ലാത്ത, ഊതിവീർപ്പിക്കപ്പെട്ടവ ആയിരുന്നു. താരതമ്യേന അടുത്തകാലത്ത്, ‘പടിഞ്ഞാറൻ’ എന്ന സംജ്ഞക്കു കീഴിൽ യൂറോപ്യൻ ഐക്യം രൂപീകൃതമാകുന്നതു വരെ (‘പടിഞ്ഞാറൻ’ അല്ലാത്തവർ എതിർഭാഗത്തു വരുന്ന സ്ഥിതിവിശേഷം ഇവിടെയുണ്ട്), നാഗരികതയ്ക്കും സാംസ്കാരിക മേൽക്കോയ്മക്കും വേണ്ടി പരസ്പരം മൽസരിച്ചവരായിരുന്നു യൂറോപ്യൻ രാജ്യങ്ങൾ. ഫ്രഞ്ച്, ഇറ്റാലിയൻ, ജർമ്മൻ., എന്നിങ്ങനെ ചേരിയായി തിരിഞ്ഞ്, അവർ ശത്രുതയും സ്പർദ്ധയും പുലർത്തി. പടിഞ്ഞാറൻ സ്വത്വത്തെ വളരെയധികം സ്വാധീനിച്ച ജർമ്മൻ തത്ത്വചിന്തകനയ ഹെഗലും ആദ്യകാലത്ത് ഇതിൽ ഭാഗഭാക്കായിരുന്നു. ദേശീയ സ്വത്വനിർമാണത്തിന്റെ ആദ്യഘട്ടത്തിൽ ഫ്രഞ്ച്, ഇറ്റാലിയൻ ദേശീയവാദികൾക്കു പിന്നിലായിപ്പോയ ജർമനിക്കു വേണ്ടി ഹെഗൽ ഒരു ജർമ്മൻ ദേശീയസ്വത്വം രൂപീകരിക്കാൻ ശ്രമിച്ചിരുന്നു. പിൽക്കാലത്തു യൂറോപ്യൻ ബൗദ്ധികചിന്തയിൽ ഹെഗൽ അഗ്രഗണ്യനായി മാറി. അദ്ദേഹം രൂപംകൊടുത്ത ഫിലോസഫിയിൽ ചരിത്രത്തിനു പരമപ്രാധാന്യം ഉണ്ടായിരുന്നു. ഭൂത-ഭാവി-വർത്തമാന കാലങ്ങളെല്ലാം ഉൾക്കൊള്ളിച്ചു കൊണ്ടുള്ള ഹെഗലിയൻ ഫിലോസഫിയിൽ എല്ലാ നാഗരികതളേയും ഒരൊറ്റ രേഖയിൽ ശ്രേണിയായി സജ്ജീകരിച്ചിരുന്നു. ഹെഗലിന്റെ അഭിപ്രായത്തിൽ പ്രപഞ്ചത്തിൽ ഒരു ശക്തിചൈതന്യം നിലനിൽക്കുന്നുണ്ട്. കാലത്തിനൊപ്പം മുന്നേറുന്ന ഈ ചൈതന്യത്തെ അദ്ദേഹം ‘വേൾഡ് സ്പിരിറ്റ്/World Spirit’ (Weltgeist) എന്നു വിളിച്ചു. വേൾഡ് സ്പിരിറ്റ് അവികസിത നിലയിൽനിന്നു വികസിതാവസ്ഥയിലേക്കു രാഷ്ട്രങ്ങളായി പരിണമിച്ചു കൊണ്ടിരിക്കുകയാണ്. വിവിധ ലോകരാജ്യങ്ങൾ, വളർച്ചയുടെ വിവിധ ദശകളിലാണ്. ഈ വളർച്ചാ മാതൃക സാർവ്വദേശീയമാണെന്നും, ഇതനുസരിച്ച് ലോകചരിത്രത്തിന്റെ മുന്നേറ്റം കിഴക്കൻ രാജ്യങ്ങളിൽനിന്നു പടിഞ്ഞാറൻ രാജ്യങ്ങളിലേക്കാണെന്നും ഹെഗൽ പ്രഖ്യാപിച്ചു. യൂറോപ്പ് ലോകചരിത്രത്തിന്റെ പരമോന്നത ഘട്ടത്തിനു തൊട്ടുമുമ്പുള്ള നിലയിലാണ്. ഹെഗലിന്റെ അഭിപ്രായത്തിൽ ഏഷ്യയിലാണ് (Near-East) ചരിത്രത്തിന്റെ ആരംഭം. എന്നാൽ ഇന്ത്യയ്ക്കു ‘ചരിത്രമേ ഇല്ല’. യൂറോപ്യർ മാത്രം യുക്തിവിചാരത്താൽ അനുഗ്രഹീതരായതിനാൽ, അവർ ലോകചരിത്രത്തിന്റെ നായകസ്ഥാനത്തു വരുന്നത് ദൈവേച്ഛയാണെന്നും ഹെഗൽ പറഞ്ഞു.
പടിഞ്ഞാറൻ സ്വത്വനിർമിതിയിൽ വംശീയഘടകങ്ങൾ വഹിച്ച നിർണായകപങ്ക്, പിൽക്കാലത്ത് കോളനിവൽക്കരണം, മതപരിവർത്തനം എന്നിവയെ ന്യായീകരിക്കാനായി ഉപയോഗിക്കപ്പെട്ടു. ലോകചരിത്രത്തിലും സാംസ്കാരിക രംഗത്തും, ഇന്ത്യ നൽകിയ സംഭാവനകൾ അവഗണിക്കാൻ പടിഞ്ഞാറൻ പണ്ഢിതരെ പ്രേരിപ്പിച്ച പ്രധാനഘടകം, ഇന്ത്യക്കു ‘ചരിത്രമില്ലെന്ന’ ഹെഗലിയൻ വീക്ഷണമാണ്. ഇക്കാലത്തും ഈ രീതി നിലവിലുണ്ട്. ഹെഗൽ സങ്കുചിതമായ സാർവ്വദേശീയത വാദത്തിലേക്കു പടിഞ്ഞാറൻ സംസ്കാരത്തെ നയിച്ച്, ഇന്ത്യയുടെ പോരായ്മകളെ കുറിച്ചുള്ള ചർച്ചകൾ മുഖ്യധാരയിലേക്കു കൊണ്ടുവന്നു. ഹെഗൽ ആവിഷകരിച്ച ശ്രേണീബന്ധമായ ലോകചരിത്രം, പടിഞ്ഞാറൻ ബൗദ്ധികലോകത്തെ അൽഭുതകരമായ തോതിൽ സ്വാധീനിക്കുകയുണ്ടായി. (മാർക്സിസ്റ്റ്, ഹ്യുമനിസ്റ്റ് പക്ഷത്തുനിന്നുള്ള ലോകചരിത്രവും, വിവിധ തത്ത്വജ്ഞാന ധാരകളും ഹെഗലിയൻ സ്വാധീനത്താൽ രചിക്കപ്പെട്ടതാണ്). ‘സാർവ്വദേശീയ ആശയങ്ങളുടെ’ മറവിൽ, ലിബറലായ പടിഞ്ഞാറൻ പ്രാമാണികതയെ പരിപോഷിപ്പിക്കുകയാണ് ഹെഗലിയൻ ചരിത്രസിദ്ധാന്തം സത്യത്തിൽ ചെയ്തത്. യൂറോപ്യൻ നവോത്ഥാന കാലത്തുണ്ടായ, ഹെഗൽ ഉൾപ്പെടെയുള്ളവരുടെ സാങ്കല്പിക സിദ്ധാന്തങ്ങൾ, അക്കാദമിക് രംഗം, ഫിലോസഫി, സാമൂഹികസിദ്ധാന്തങ്ങൾ, ശാസ്ത്രീയ രീതികൾ., എന്നീ മേഖലകളിൽ സ്ഥിരപ്രതിഷ്ഠ നേടി. പിൽക്കാലത്ത്, ഇവയുടെ സ്വാധീനം ഇൻഡോളജി രംഗത്തേക്കു കൂടി പടർന്നു. സൗത്ത് ഏഷ്യൻ പഠനങ്ങളെ ഇത്തരം സിദ്ധാന്തങ്ങൾ ഇന്നു പ്രതികൂലമായി ബാധിക്കുന്നുണ്ട്.

സ്വന്തം സാംസ്കാരിക സ്വത്വത്തെ, സാർവ്വദേശീയ തലത്തിലേക്കു സ്വയമേവ ഉയർത്തി പ്രതിഷ്ഠിക്കാനുള്ള, പടിഞ്ഞാറൻ രാജ്യങ്ങളുടെ ശ്രമത്തെ Being Different, An Indian Challenge to Western Universalism എന്ന പുസ്തകത്തിൽ ഞാൻ ചോദ്യം ചെയ്യുന്നു. അതിൽ പടിഞ്ഞാറൻ, ഇന്ത്യൻ നാഗരികതകൾ തമ്മിലുള്ള പ്രധാനവ്യത്യാസങ്ങളും വിശദീകരിച്ചിട്ടുണ്ട്. ഈ വ്യത്യാസങ്ങളെ ഉന്മൂലനം ചെയ്യാതെ, അംഗീകരിച്ച് മുന്നേറിയാൽ ഇന്നു നിലനിൽക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കാനുള്ള പുതിയ നയത്തിനു രൂപം കൊടുക്കാൻ നമുക്കു കഴിയും.

Source: http://rajivmalhotra.com/…/challenging-western-universalism/
Join Rajiv Malhotra for his FB LIVE Broadcasts
Follow Rajiv on facebook.com/RajivMalhotra.Official