ഇസ്ലാമിക് സ്റ്റേറ്റ് – അറേബ്യയിലെ സത്യവും മിഥ്യയും

— ഗായത്രി കെ എൻ —

 

             ഐസിസ് സ്വയം വിശേഷിപ്പിക്കുന്നത് “ഇസ്ലാമിക് കാലിഫേറ്റ് ” എന്നാണ്..
“ഇസ്ലാമിക് കാലിഫേറ്റ് എന്നാൽ അതിർത്തികളില്ലാത്ത ലോകം മുഴുവൻ വ്യാപിച്ചു കിടക്കുന്ന
 ഒരു ഇസ്ലാമിക സാമ്രാജ്യം. ഭരണഘടനയും ജനാധിപത്യവും മതെതരത്വവും ഇല്ലാത്ത, ശരിയാ നിയമം അനുസരിച്ചുള്ള ഭരണം നടപ്പാക്കി തീവ്രവാദികൾ ഭരിക്കുന്ന അബുബക്കർ അൽ ബാഗ്ദാദിയുടെ സാമ്രാജ്യം.  ഐ സിസ് വിഭാവനം ചെയ്യുന്ന അത്തരമൊരു സാമ്രാജ്യം സ്ഥാപിച്ചെടുക്കാൻ വേണ്ടിയുള്ള പോരാട്ടത്തിലാണ് ഓരോ ജിഹാദിയും…! 

സുന്നി മുസ്ലിം ജനത ഭൂരിപക്ഷം ആയുള്ള സിറിയയിലെ പ്രസിഡന്റ് ആണ് ഷിയാ മുസ്ലിം ആയ ബാഷർ അൽ അസദ്. അസദിന്റെ ഭരണത്തിൻ കീഴിൽ അടിച്ചമർത്തപ്പെട്ട സുന്നി വംശജരെ തങ്ങളിലേക്കു ആകർഷിച്ചാണ് ആദ്യം ഐസിസ് വളർന്നു വന്നത്. അസദിനെ സ്ഥാനഭ്രഷ്ടനാക്കാൻ ശ്രമിക്കുന്ന വിമത പോരാളികൾക്കായി ആയുധങ്ങൾ നൽകിക്കൊണ്ട്‌ അമേരിക്കയും സൗദിയും വിമതരെ ശക്തമായി പിന്തുണച്ചു.

സൗദിയുടെ പ്രഖ്യാപിത ശത്രുവായ ഇറാനുമായുള്ള അസദിന്റെ സൗഹൃദമാണ് സൗദിയെ ഇതിനു പ്രേരിപ്പിച്ചതെങ്കിൽ, സിറിയൻ വിമതരെ പിന്താങ്ങിയില്ലെങ്കിൽ സിറിയയിൽ അരാജകത്വം പടരും എന്ന അമേരിക്കൻ സ്ഥാനപതി റോബർട്ട് ഫോർഡിന്റെ നിർദേശവും സെനറ്റിന്റെ തീരുമാനവും അനുസരിച്ചാണ്, അമേരിക്ക സിറിയൻ വിമതർക്ക് ആയുധങ്ങളും പരിശീലനവും നൽകിയത്. ലോക പോലീസ് ചമയുന്ന അമേരിക്കക്കു റഷ്യയുമായും ഇറാനുമായും ഉള്ള അസദിന്റെ ബന്ധവും ആയുധ കൈമാറ്റത്തിന് പ്രേരിപ്പിച്ച ഒരു കാരണമായി എടുത്തു പറയാവുന്നതാണ്. വിമതർക്കിടയിൽ ആയുധങ്ങൾ ലഭിച്ചവരിൽ ഐസിസ് പോരാളികളും ഉണ്ടായിരുന്നു. അതുകൊണ്ടാണ് ഇന്നും ഐസിസ് തീവ്രവാദികളുടെ കയ്യിൽ അമേരിക്കൻ നിർമിത തോക്കുകൾ കാണാനാകുന്നതും , ഐസിസിന്റെ പിറവിയുടെ ഉത്തരവാദിത്വം അമേരിക്കയുടെ മേൽ വന്നു ചേരുന്നതും.

1702- 03 കാലഘട്ടത്തിൽ സൗദിയിൽ ജനിച്ച അബ്ദ് അൽ വഹാബ് സ്ഥാപിച്ച വഹാബിസം ആണ് ഇസ്ലാമിക് സ്റ്റേറ്റിന്റെ പ്രത്യയശാസ്ത്രം. അതിരു കവിഞ്ഞ മതാചാര നിഷ്‌ഠാ ഭ്രാന്തിന്റെ പ്രത്യയശാസ്‌ത്രമാണ് വഹാബിസം. അൽ വഹാബിന്റെ കണ്ണിൽ സൗദിയിലെ യാഥാസ്ഥിതിക ഇസ്ലാമിക വിശ്വാസികൾ പോലും യഥാർത്ഥ ഇസ്ലാമിക വിശ്വാസികൾ ആയിരുന്നില്ല. വഹാബിസത്തിൽ നബിയുടെ പിറന്നാൾ ആഘോഷിക്കുന്നതും, കാബയിലേക്ക്, പ്രത്യേക പള്ളിയിലേക്ക് നടത്തപ്പടുന്ന തീര്ഥയാത്രകൾ, മതാചാരപ്രകാരമുള്ള ഉത്സവങ്ങൾ, എന്തിനു മരണശേഷം മീസാൻ കല്ലുകൾ ഉപയോഗിക്കുന്നത് പോലും നിഷിദ്ധമായിരുന്നു. ക്രിസ്ത്യാനികൾ ജീസസിനെ ആരാധിക്കുകയെന്ന പോലെയുള്ള ദൈവം അല്ലാത്ത ഒരാളെ ആരാധിക്കുക അല്ലേൽ വിഗ്രഹാരാധനയുടെ മറ്റൊരു പതിപ്പാണ് ഇത്തരം ആചാരങ്ങൾ എന്നവർ കരുതുന്നു. അങ്ങനെ ചെയുന്നവരെ വധിക്കാനും അയാളുടെ വസ്തുവകകൾ പിടിച്ചെടുക്കാനും മാത്രമുള്ള ശിക്ഷാവിധികൾ വഹാബിസത്തിൽ വിവരിക്കുന്നു.

ഇതാണ് തക് ഫീറിന്റെ ആധാരം. തക് ഫീർ വഹാബികളെയും അയാളുടെ പിൻഗാമികളെയും ആരെവേണമെങ്കിലും യഥാർത്ഥ ഇസ്ലാമിക വിശ്വാസിയും അവിശ്വാസിയും ആരെന്നു തീരുമാനിക്കാനായി അധികാരപ്പെടുത്തുന്നു. ഇസ്ലാമിക് സ്റ്റേറ്റ് കഴുത്തറുത്തും വെടിവെച്ചും കൊല്ലുന്ന ആളുകളിൽ ക്രിസ്ത്യൻസും , ഷിയാകളും, സൂഫികളും കുർദുകളും ജൂതന്മാരും ,യസീദികളും ബഹായ് കളും വഹാബിസം പിന്തുടരാത്ത സുന്നികളും ഉൾപ്പെടുന്നു. ഐസിസ് ഏറ്റവും കൂടുതൽ കൊല്ലുന്നതു മുസ്ലിംസിനെ ആണ്, എന്നതു കൊണ്ട് ഐസിസ് തീവ്രവാദികൾ ഇസ്ലാമിക വിശ്വാസികൾ അല്ല എന്ന വാദത്തിനു നിലനിൽപ്പ് ഇല്ലാത്തതും ഇതുകൊണ്ടാണ് !കഴിഞ്ഞ വർഷങ്ങളിൽ 31000 ത്തോളം പേര് 85 ഓളം രാജ്യങ്ങളിൽ നിന്നായി ഐസിസിൽ ചേർന്നു. ഇതിൽ എല്ലാവരും തന്നെ മുസ്ലിംസോ മതം മാറി മുസ്ലിംസ് ആയവരോ ആണ്.

വിവിധ രാജ്യങ്ങളിൽ നിന്നും ഐസിസിൽ എത്തിപെട്ടവരുടെ കണക്കുകൾ ഇങ്ങനെയാണ് :
ടുണീഷ്യ 6000
സൗദി അറേബ്യാ , 2500
റഷ്യ 2400
തുർക്കി 2100 ,
ജോർദാൻ 2000 ,
ഇംഗ്ലണ്ട് 750

ഈ കണക്കുകൾ സൂചിപ്പിക്കുന്നതും ഇവരൊന്നും ഇസ്രായേലിൽ നിന്നുമുള്ള ജൂതന്മാർ അല്ല എന്നുതന്നെയാണ്. ഇവരെയൊക്കെ ഇതിലേക്ക് ആകർഷിക്കാൻ ഐസിസ് ഉപയോഗിക്കുന്നത് ഇന്റർനെറ്റ് വഴിയും അല്ലാതെയുമുള്ള വഹാബിസം ആണ് എന്നാണ് പറയപെടുന്നതെങ്കിലും, ഇസ്ലാമിക് സ്റ്റേറ്റുമായി കടുത്ത പോരാട്ടത്തിൽ ഏർപ്പെട്ടിട്ടുള്ള കുർദുകളുടെ കയ്യിൽ അകപ്പെട്ട ഐസിസ് തീവ്രവാദികളെ ചോദ്യം ചെയ്‌തതിൽ നിന്നും വ്യക്തമാവുന്ന മറ്റു ചില വസ്തുതകൾ ഇങ്ങനെയാണ്. ഇംഗ്ളണ്ടിൽ നിന്നും മറ്റും വന്ന പല ഇസ്ലാമിക വിശ്വാസികൾക്കും അറബി പോലും വശമില്ല, വന്നശേഷം ഇവരെല്ലാവരും ഐസിസ് നൽകുന്ന ശരിയാ കോഴ്‌സ് ആണ് പഠിക്കുന്നത്, അവിശ്വാസികളെ കൊന്നാൽ സ്വർഗത്തിൽ പോകുമെന്നും 72 ഹൂറിമാരെ കിട്ടുമെന്നതും ഇവരുടെ പൊതുവായ വിശ്വാസമാണ്. അവിശ്വാസികളെ കൊല്ലുന്ന സമയങ്ങളിൽ ഇവർ മയക്കുമരുന്നുകൾ ഉപയോഗിക്കാറുണ്ട്, മൂർച്ച കുറഞ്ഞ കത്തി കൊണ്ട് കൊല്ലുന്ന നേരം ഇരയുടെ പിടച്ചിൽ ആസ്വദിച്ചാണ് ഓരോ കൊലയും നടത്തുന്നത്, കൊന്നു കൊന്നു എത്ര പേരെ കൊന്നുവെന്ന എണ്ണം പോലും നഷ്ടപെട്ടവരായിരുന്നു പിടിയിലായ തീവ്രവാദികൾ. മരിച്ചു കിടക്കുന്ന ഐസിസ് തീവ്രവാദികളുടെ ദേഹത്തു നിന്നും ഇവർ ഒഴിഞ്ഞുപോയ വീടുകളിൽ നിന്നും മയക്കുമരുന്നുകൾ കണ്ടെടുത്തതായി കുർദ് പോരാളികൾ സാക്ഷ്യപ്പെടുത്തുന്നു.

മറ്റുള്ള തീവ്രവാദ സംഘടനകളിൽ നിന്നും ഐസിസിനെ വ്യത്യസ്തവും ഭീകരവും ശക്തവും ആക്കുന്നത് ഇതൊന്നുമല്ല. പണമാണ്. അവർക്കു ലഭിക്കുന്ന സംഭാവനകൾ വെച്ച് ഒരിക്കലും ഇത്രേം മെച്ചപ്പെട്ട ആധുനിക ആയുധങ്ങൾ വാങ്ങാൻ അവർക്കു കഴിയില്ല. പണത്തിനായി അവർ ആദ്യം ചെയ്‌ത വഴി ഇറാഖിലെ സിറിയയിലെ ഫലഭൂയിഷ്ഠമായ എണ്ണ പാടം പിടിച്ചെടുക്കുക തന്നെയായിരുന്നു. ഇറാഖിലെയും സിറിയയുടെയും എണ്ണ കരിഞ്ചന്തകളിൽ എത്തിച്ചു വിൽക്കുക എന്നതാണ് ഐസിസിന്റെ പ്രധാന വരുമാന മാര്ഗ്ഗം. രണ്ടാമത്തെ മാർഗം സ്ത്രീകളെ തട്ടിക്കൊണ്ടുപോയി ലൈംഗിക അടിമകളായി വിൽക്കുക എന്നതും..

സിറിയ ഇറാഖ് അതിർത്തികളിൽ നിന്നും ട്രക്കുകളിൽ തുർക്കി വഴിയാണ് കടത്തുന്നത്. തുർക്കി പ്രസിഡന്റ് എർദോഗാന് വളരെ വേണ്ടപ്പെട്ടവർ ആണ് ഈ കടത്തലിനു സഹായിക്കുന്നത് എന്ന് തുർക്കി മാധ്യമങ്ങൾ എഴുതിയിരുന്നു. അവിടെ നിന്നും എത്തുന്നത് മാൾട്ട എന്ന രാജ്യത്തേക്കാണ് .അവിടത്തെ തുറമുഖത്തുനിന്നും എണ്ണ എത്തിപ്പെടുന്നത് ഇസ്രയേലിലും മറ്റു യൂറോപ്യൻ രാജ്യങ്ങളിലും, സകല എണ്ണയും വാങ്ങി സംഭരിക്കുന്നത് അമേരിക്കയും ഇംഗ്ലണ്ടും ഒക്കെ തന്നെ. ഇത് തെളിയിക്കാൻ ഒരിക്കൽ ഒരു മാധ്യമ പ്രവർത്തക അമേരിക്കൻ പ്രധിനിധിയോട് ചോദിച്ചു , “നിങ്ങൾ എന്തുകൊണ്ടാണ് എണ്ണ കടത്തുന്ന ട്രക്കുകൾ ബോംബ് ചെയാത്തത് ?” അതിനു അമേരിക്കൻ സ്‌പോക്സ്‌ പേഴ്‌സൺ നൽകിയ മറുപടി ഇതായിരുന്നു “നിരപരാധികൾ ആയ ട്രക്ക് ഡ്രൈവർമാരെ കൊല്ലേണ്ട എന്നാണ് അമേരിക്കൻ തീരുമാനം എന്ന് ” യുദ്ധമുഖത്തു നേരും നെറിയും ധർമവും സൂക്ഷിക്കുന്ന രാജ്യം ആണ് അമേരിക്ക എന്ന് ലോകം മുഴുവനും അമേരിക്കക്കാര് പോലും വിശ്വസിക്കുന്നില്ല എന്നതാണ് അതിലെ വൈരുധ്യം.

അമേരിക്കയുടെ ഇരട്ടത്താപ്പുകളെ തുറന്നുകാട്ടികൊണ്ട് മുന്നോട്ട് വന്നത് വ്ലാഡിമിർ പുട്ടിന്റെ നേതൃത്വത്തിൽ റഷ്യ ആയിരുന്നു. എന്നാൽ വിമതർ എന്ന് വിളിച്ചുകൊണ്ട് സ്വന്തം ജനങ്ങളെ കൊല്ലുന്ന ബാഷർ അസദിനെ ആണ് റഷ്യ പിന്താങ്ങിയത്. പാൽമിറ എന്ന പുരാതന നഗരം തിരികെപ്പിടിക്കാൻ സഖ്യം നടതിയതാണ്, ഐസിസിന് എതിരെയുള്ള സഖ്യസേനയുടെ വിജയിച്ച പദ്ധതി. എന്നാൽ മൊസൂളിലും മറ്റും ജനങ്ങളുടെ ഇടയിൽ ജനങ്ങളെ കയറ്റിക്കൊണ്ടു മാത്രം സഞ്ചരിക്കുന്ന ഐസിസിനെ ബോംബിടാൻ അമേരിക്കക്കും റഷ്യക്കും കഴിയുന്നില്ല. കുറെയേറെ ഐസിസുകാർ അവിടെ നിന്നും അഫ്‌ഗാനിലേക്ക് പലായനം ചെയുകയും ചെയ്‌തു ! അവശേഷിച്ച സിറിയൻ പട്ടണങ്ങൾ ഇന്ന് പ്രേതപ്പറമ്പായി തീർന്നിരിക്കുന്നു. സിറിയയിൽ നിന്നും അന്യ രാജ്യത്തേക്കു രക്ഷപെട്ടവർ തങ്ങളുടെ മാതൃ രാജ്യത്തെ ഓർത്തു വിലപിക്കുമ്പോൾ ചിലർ ഇപ്പോഴും രക്ഷപെടാൻ ശ്രമിക്കാതെ തങ്ങളുടെ പ്രിയപ്പെട്ട ഗ്രാമങ്ങളിൽ മഴയായി പെയ്യുന്ന ബോംബുകൾക്കിടയിൽ മരണം കാത്ത് കിടക്കുന്നു. ആലെപ്പോ നഗരത്തിലെ മുഹമ്മദ് ജലീലിനെ പോലെ തൻറെ ജീവൻറെ ജീവനായ പൂച്ചകളെ ഒരുമിച്ച് ചേർത്ത് കിട്ടാവുന്ന ഭക്ഷണം കൊടുത്തു വളർത്തി അവയുടെ കൂടെ അലറുന്ന യുദ്ധവിമാനങ്ങൾക്കു കീഴെ ജീവിതം തള്ളിനീക്കുന്നവരും ഉണ്ട്.

ഐസ്‌നെതിരായ യുദ്ധത്തിൽ അമേരിക്കയുടെ സഖ്യ രാജ്യങ്ങളാണ് സൗദി അറേബ്യ ,കുവൈറ്റ് , യുഎ ഇ , ബഹ്‌റൈൻ ,ഒമാൻ ,ജോർദാൻ , തുർക്കി തുടങ്ങിയവ. ഇതിൽ ഐ എസിൻറെ സൗദിയുമായുള്ള ബന്ധം പ്രത്യേകത ഉള്ളതാണ്. സൗദിക്ക് ഇറാൻ ആണ് ഏറ്റവും വലിയ ശത്രു ഐ എസ് അല്ല. അസദിനെതിരെ വിമതർക്ക് ആയുധപരിശീലനം കൊടുക്കുന്നതിൽ അമേരിക്കയെ പോലെ സൗദിയും പങ്കാളിയാണ്. വഹാബിസം പിന്തുടരുന്ന ഇസ്ലാമിക് സ്റ്റേറ്റുകാർക്ക് സൗദിയിലെ ഇസ്ലാമിക വിശ്വാസത്തോടും പൂർണമായി യോജിപ്പില്ല. മതപരമായുള്ള ഈ സംഘർഷവും ഐ എസിനെതിരെ പോരാടാൻ സൗദിയും അമേരികക്കൊപ്പം ചേർന്നതും ഐസിസിനെ ചൊടിപ്പിച്ചു. സൗദിയെ സംബന്ധിച്ചിടത്തോളം അസദ് എന്ന ഷിയാ നേതാവും ഷിയാക്കളുടെ യെമെനിലെ വിപ്ലവവും അതിനു ചുക്കാൻ പിടിക്കുന്ന ഇറാനും ആണ് ഭീഷണി. അമേരിക്കയുടെയും സൗദിയുടെയും ചിന്തയും പ്രവൃത്തിയും ഏകദേശം ഒരേപോലെയാണ്. അവർ ഒരേ തോണിയിലെ യാത്രക്കാരാണ് എന്നതുതന്നെയാണ് ഐസിസ് സൗദിയിൽ കാണുന്ന കുറ്റവും. ഐസിസിൽ ചേർന്ന മലയാളികളിൽ നിന്നും ലഭിച്ച സന്ദേശങ്ങളിൽ പറഞ്ഞ പ്രധാന കാര്യവും അമേരിക്കയെ സൗദിയെ ഇന്ത്യയെ വിശ്വസിക്കരുത് എന്നായിരുന്നല്ലോ. അതുകൊണ്ടൊക്കെയാണ് റമളാൻ മാസത്തിലും സൗദിയിൽ ഐസിസ് ആക്രമണം ഉണ്ടാവുന്നതും .ഒസാമയുടെ കാര്യത്തിൽ എന്നപോലെ ഇവിടെയും സൗദിയും അമേരിക്കയും പാല് കൊടുത്തു വളർത്തിയ ഐസിസ് അവരെ തിരിഞ്ഞു കൊത്തുന്നു എന്നതാണു യാഥാർഥ്യം.

യു എ ഇ ബഹ്‌റൈൻ ഒക്കെയും സ്വന്തം എയർ ക്രാഫ്റ്റുകൾ വിട്ടു നൽകികൊണ്ട് അമേരിക്കയൊപ്പം ഐസിസ് വേട്ടയിലുണ്ട്. ജോർദാൻ രാജാവ് അബ്ദുള്ള യും ഐസിസിനെതിരെ സന്ധിയില്ലാ യുദ്ധമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. പതിയെ ഐസിസ് സിറിയയിൽ നിന്നും ഇറാക്കിൽ നിന്നും പിൻവാങ്ങി തുടങ്ങിയിരിക്കുന്നു. ഇപ്പോൾ അഫ്ഗാൻ ആണ് താവളം. ഐസിസിന്റെ ഇപ്പോഴത്തെ മൗനവും ശാശ്വതമല്ല. അവർ പൂർവാധികം ശക്തിയോടെ തിരിച്ചുവരും. ഒരു പക്ഷെ പുതിയ യുദ്ധ രംഗം അഫ്‌ഗാൻ തന്നെയെങ്കിൽ ഏറ്റവും ഭീഷണി ഇന്ത്യക്കു തന്നെയായിരിക്കും. അവിടേക്കാണ് മലയാളി തീവ്രവാദികൾ ആടുമേക്കാൻ പോയത് , അവിടെനിന്നാണ് ടൈമ് സ് നൗ പുറത്തുവിട്ട വിഡിയോവിൽ റഷീദ് എന്ന ഐസിസ് റിക്രൂട്ടർ മലയാളികളോട് ഐസിസിൽ ചേരാൻ വിളിക്കുന്നത്.

ഇസ്ലാമിക് സ്റ്റേറ്റിന് തടയിടുന്നതിലും അവരിൽ കുറെയധികം ഇല്ലായ്‌മ ചെയ്യുന്നതിലും ഐസിസ് പിടിച്ചെടുത്ത ഗ്രാമങ്ങളെ മോചിപ്പിക്കുന്നതിലും പ്രധാന പങ്കു വഹിച്ച കുർദിഷ് പോരാളികളെ കുറിച്ച് പറയാതെ ഈ ലേഖനം പൂർണമാവില്ല. കുർദിഷ് സേനയിലെ അംഗങ്ങളിൽ ഭൂരിഭാഗവും സ്വയം വീടും സാധാരണ ജീവിതവും ഉപേക്ഷിച്ചു ലോകം വെറുക്കുന്ന തീവ്രവാദത്തെ എതിരിടാൻ ഇറങ്ങി തിരിച്ചവരാണ്. ഇതിൽ വലിയൊരു ശതമാനം സ്ത്രീകളാണ്. അതീവ വൈഭവത്തോടെ ഐസിസിനോട് നേരിട്ട് യുദ്ധം ചെയ്യുന്ന ഈ വനിതകളെ ഇസ്‌ലാമിക തീവ്രവാദികൾക്കു ഭയമാണ്. ഇവരുണ്ടെങ്കിൽ തീവ്രവാദികൾ പെട്ടെന്ന് പിൻവാങ്ങുകയും ചെയ്യും. എന്തെന്നാൽ സ്ത്രീകളെ രണ്ടാം തരക്കാരായി കാണുന്ന ഐസിസ് അവരുടെ കൈകൊണ്ട് മരണപ്പെട്ടാൽ സ്വർഗം ലഭിക്കുകയില്ലെന്നു ഉറച്ചു വിശ്വസിക്കുന്നു. കൃത്യമായ പരിശീലനം ലഭിച്ച കുർദിഷ് വനിതകൾ പുരുഷന്മാർക്കൊപ്പം നിൽക്കുന്ന ഒരുപക്ഷേ ഒരുപാട് പുരുഷന്മാരെക്കാളും നന്നായി പോരാടാൻ അറിയുന്നവരാണെന്നു അവരുടെ കമാൻഡർ സാക്ഷ്യപ്പെടുത്തുന്നു. അവരുടെ ധീരതക്കു ലോകം അവരോട് കടപ്പെട്ടവരാണ്. യഥാർത്ഥ ഫെമിനിസ്റ്റുകൾ അവരാണെന്നു ഒരുപക്ഷെ പറയേണ്ടി വരും.

സുന്നി ഇസ്ലാമിക വിശ്വാസികൾ ആണ് കുർദുകൾ എങ്കിൽ ഐസിസിനെ നേരിടുന്ന മറ്റൊരു വിഭാഗമാണ് ഇറാഖിലെ ഷിയാകൾ ! അബു ആസ്രേൽ എന്ന ഷിയാ വിശ്വാസിയാണ് അവരിൽ പ്രധാനിയായ കമാൻഡർ. ഐസിസ് പോരാളികൾക്കെതിരെ പല പോരാട്ടങ്ങളിലും വിജയിച്ച അബു ആസ്രേലിനു ഇറാഖിൽ നായക പരിവേഷമാണ്. അവർ അയാളെ സ്നേഹത്തോടെ എയ്ഞ്ചൽ ഓഫ് ഡെത്തു എന്നു വിളിച്ചു. അതെ ഇസ്ലാമിക് തീവ്രവാദികൾക്ക് അവരാഗ്രഹിച്ച സ്സ്വർഗ്ഗം സമ്മാനിക്കുന്ന “മരണത്തിൻറെ മാലാഖ “.