— അഡ്വ : ശങ്കു ടി ദാസ് —
സംസ്ഥാനത്ത് ഇസ്‌ലാമിക ഭീകരവാദം ശക്തി പ്രാപിക്കുന്നു എന്ന വസ്തുത അംഗീകരിച്ചാലത്, ഹിന്ദുത്വ വർഗ്ഗീയ അജണ്ടയെ സഹായിക്കലാവുമത്രേ. നിഷേധിച്ചാലോ? കണ്ണിൽ തറയ്ക്കുന്നത്രയും പ്രകടമായ തെളിവുകളെ പോലും അവഗണിച്ച്, ഇസ്‌ലാമിക ഭീകരത എന്നൊരു സംഭവമേ ഇന്നാട്ടിലില്ല എന്നങ്ങ് പ്രഖ്യാപിച്ചാൽ, അതാരുടെ അജണ്ടയെയാവും സഹായിക്കുക??
ഈ രാജ്യത്തെ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ പിറവിയുടേയും വളർച്ചയുടേയും ചരിത്രം പരിശോധിക്കുന്ന ഏതൊരാൾക്കും ബോധ്യപ്പെടുന്നൊരു സംഗതി, അതിനൊരു ഘട്ടത്തിലും ഒരു ‘കാരണ സ്വഭാവം’ ഉണ്ടായിരുന്നിട്ടില്ല എന്നതും, എല്ലായ്പോഴുമുണ്ടായിരുന്നത് ഒരു തരം ‘പ്രതികരണ സ്വഭാവം’ ആയിരുന്നു എന്നതുമാണ്. അതിന്റെ വികാസത്തിന്റെ പാതയിലെ ഓരോ നാഴികകല്ലുകളും, ഏതെങ്കിലുമൊരു വിപരീത രാഷ്ട്രീയ സംഭവത്തോടുള്ള പ്രതികരണങ്ങൾ തന്നെയായിരുന്നു.
ഇന്ത്യയിലെ ആദ്യ ഹിന്ദു രാഷ്ട്രീയ സംഘടന എന്നു വിളിക്കാവുന്നത് “പഞ്ചാബ് ഹിന്ദു സഭ”യെയാണ്. ഹിന്ദു സമുദായത്തിന്റെ താല്പര്യങ്ങളും അവകാശങ്ങളും സംരക്ഷിക്കുക എന്നയുദ്ദേശത്തിൽ 1909ൽ സ്ഥാപിതമായ ഈ സംഘടനയുടെ പിറവിയെ, രാജ്യത്തെ ആദ്യ മുസ്‌ലിം രാഷ്ട്രീയ സംഘടനയായ “ആൾ ഇന്ത്യ മുസ്ലിം ലീഗ്” 1906ൽ തന്നെ സ്ഥാപിതമായിരുന്നു എന്നതിനോട് ചേർത്ത് തന്നെയാണ് കാണേണ്ടത്. രാജ്യത്തെ സ്വാതന്ത്ര്യ സമര മുന്നേറ്റത്തിന് തുരങ്കം വെയ്ക്കുകയും, ജനങ്ങളെ വർഗ്ഗീയമായി ഭിന്നിപ്പിക്കുകയും ചെയ്യുക എന്നയുദ്ദേശത്തിൽ ബ്രിടീഷുകാർ നടപ്പാക്കിയ 1905ലെ ബംഗാൾ വിഭജനത്തെ, സങ്കുചിതമായ സാമുദായിക താല്പര്യങ്ങൾ മുൻനിർത്തി മുസ്ലിംങ്ങൾ അംഗീകരിക്കുകയും, പ്രത്യേക മുസ്ലിം ഭൂരിപക്ഷ മേഖലയായ കിഴക്കൻ ബംഗാളിന് വേണ്ടി ശക്തമായി വാദിക്കുകയും ചെയ്ത സംഭവം സ്വാതന്ത്ര്യ പ്രസ്ഥാനത്തിന് ഏൽപ്പിച്ച ആഘാതവും, രണ്ടു സമുദായങ്ങൾക്കിടയിൽ അതു വിതച്ച വൈരവും വിശ്വാസകുറവുമായിരുന്നു ഇത്തരമൊരു മത്സരബുദ്ധിയുടെ പശ്ചാത്തലം എന്നു കൂടി മനസിലാക്കേണ്ടതുമുണ്ട്.
1909ൽ തന്നെ ലീഗിന്റെ ആവശ്യം മാനിച്ച് മുസ്ലീങ്ങൾക്ക് പ്രത്യേക ഇലക്ട്രേറ്റ് അനുവദിച്ചു കൊണ്ടുള്ള മോർലി-മിന്റോ റിഫോംസ് വരുന്നു.
പ്രതികരണമായി പഞ്ചാബ് ഹിന്ദു സഭയുടെ മാതൃകയിൽ കൂടുതൽ പ്രാദേശിക ഹിന്ദു സഭകൾ സ്ഥാപിക്കാൻ 1910ൽ തീരുമാനമുണ്ടാവുന്നു.
1913ൽ അമ്പാലയിൽ വെച്ചു നടന്ന സമ്മേളനത്തിൽ ഒരു അഖിലേന്ത്യാ ഹിന്ദു സഭ സ്ഥാപിക്കാനുള്ള പ്രമേയം പാസ്സാവുന്നു.
1915ൽ ഹരിദ്വാറിലെ കുംഭമേളയുടെ പശ്ചാത്തലത്തിൽ അഖിലേന്ത്യാ ഹിന്ദു മഹാസഭ രൂപീകൃതമാവുന്നു.
ഒന്നേ-ഒന്ന് എന്ന മട്ടിൽ സാമുദായിക രാഷ്ട്രീയങ്ങളുടെ ശാക്തിക ബലാബലം സമനിലയിലെത്തുന്നു.
രാഷ്ട്രീയ സ്വയം സേവക സംഘത്തിന്റെ പിറവിക്ക് പിന്നിലും ഇതേ പ്രതികരണ ബുദ്ധി ദർശിക്കാവുന്നതാണ്. നൂറുകണക്കിന് നിരപരാധികളുടെ മരണത്തിനിടയാക്കിയ ജാലിയൻവാലാബാഗ് കൂട്ടക്കൊലക്കെതിരെ പ്രഖ്യാപിക്കപ്പെട്ട നിസ്സഹകരണ സമരം, സ്വരാജ് നേടിയെടുക്കുന്നതിന് തൊട്ടടുത്തെത്തിയെന്ന് പോലും തോന്നലുണ്ടാക്കിയിരുന്ന അവസരത്തിൽ, ചൗരി ചൗരയിലെ പോലീസ് സ്റ്റേഷൻ തീവെയ്പ്പിന്റെ പേരിൽ 1922ൽ ഏകപക്ഷീയമായി പിൻവലിക്കപെട്ട സംഭവം സ്വാതന്ത്ര്യ ഭടന്മാരിൽ സൃഷ്ടിച്ച നിരാശയും രോഷവും എപ്രകാരമാണ് ഇന്ത്യയിൽ രണ്ടു കോൺഗ്രസ് ഇതര രാഷ്ട്രീയ ധാരകളുടെ പിറവിക്ക് കാരണമായത് എന്നതിനെ പറ്റി മുൻപൊരിക്കൽ വിശദമായി തന്നെ എഴുതിയിരുന്നതാണ്. ഗാന്ധിയുടെ നേതൃത്വത്തിൽ വിശ്വാസം നഷ്ടപ്പെട്ട അവർ സ്വാതന്ത്ര്യ സമരത്തെ മുന്നോട്ടു നയിക്കുന്നതിനുള്ള ബദൽ മാർഗ്ഗങ്ങൾ ആരാഞ്ഞുവെന്നും, ഒരു കൂട്ടർ ഉത്തരത്തിനായി പുറത്തേക്ക് നോക്കിയപ്പോൾ മറു കൂട്ടർ ഉത്തരം അകമേ തന്നെ തേടിയെന്നും, അങ്ങനെയാണ് ഏതാണ്ടൊരേ കാലത്തിവിടെ കമ്മ്യൂണിസ്റ്റ് പാർട്ടിയും രാഷ്ട്രീയ സ്വയംസേവക സംഘവുമാകുന്ന രണ്ടു പുതിയ പ്രസ്ഥാനങ്ങൾ രൂപീകൃതമാവുന്നത് എന്നും സമർത്ഥിക്കാൻ ശ്രമിച്ച ആ കുറിപ്പിലെ വാദങ്ങളിൽ ഇപ്പോഴും ഉറച്ചുനിൽക്കുമ്പോഴും, കാരണ-പ്രതികരണ സിദ്ധാന്തത്തിന്റെ സങ്കേതങ്ങളിലൂടെയൊരു പുനർവായനക്ക് ശ്രമിക്കുമ്പോൾ സംഘത്തിന്റെ സ്ഥാപനത്തെ നിർണ്ണായകമായി സ്വാധീനിച്ചിരിക്കാൻ സാധ്യതയുള്ള ചില അനുബന്ധ കാരണങ്ങളെ കൂടി കണ്ടില്ലെന്ന് നടിക്കാൻ സാധിക്കുന്നില്ല.
ഇന്ത്യൻ സ്വാതന്ത്ര്യ സമരവുമായി ഒരു നിലയ്ക്കും ബന്ധപ്പെട്ടിരുന്നതല്ലാത്തതും, തുർക്കിയിലെ ഭരണാധികാരിയുടെ ഖലീഫാ സ്ഥാനം പുനഃസ്ഥാപിച്ചു കിട്ടാൻ വേണ്ടി ആരംഭിച്ചതുമായ ഖിലാഫത് പ്രസ്ഥാനത്തെ, നിസ്സഹകരണ സമരത്തിന്റെയും സ്വാതന്ത്ര്യ മുന്നേറ്റത്തിന്റെയും നേതൃസ്ഥാനത്ത് അവരോധിച്ച ഗാന്ധിയുടെ നടപടിക്കെതിരെയുണ്ടായ ശക്തമായ പൊതുവികാരം അവയിൽ പ്രധാനമാണ്. 1919-22 കാലഘട്ടത്തിൽ അരങ്ങേറിയ ഖിലാഫത്, ക്രമേണ ബ്രിട്ടീഷ് വിരുദ്ധതയിൽ നിന്നു ഗതിമാറി ഹിന്ദു വിരുദ്ധതയിലേക്കു തിരിയുകയും, രാജ്യത്താകമാനം കലാപങ്ങളും കൂട്ടക്കൊലകളും സംഘടിപ്പിച്ച മതഭ്രാന്തായി പരിണമിക്കുകയും ചെയ്തു. ആയിരക്കണക്കിനാളുകളെ കൊന്നൊടുക്കുക്കയും മാനഭംഗപെടുത്തുകയും മതം മാറ്റുകയും ചെയ്ത, ചിലർ മാത്രം ജന്മിത്വ വിരുദ്ധ കർഷക വിപ്ലവം എന്നും, ബാക്കിയുള്ളവർ മാപ്പിള ലഹളയെന്നും വിളിക്കുന്ന 1921ലെ മലബാർ കലാപമടക്കം ഖിലാഫത്തിന്റെ സംഭാവനയായിരുന്നല്ലോ. 1923-24 കാലഘട്ടത്തിൽ രാജ്യത്താകമാനം അരങ്ങേറിയ സമാനമായ നിരവധി വർഗ്ഗീയ കലാപങ്ങൾ, ഖിലാഫത്തിനെതിരെയും ഖിലാഫത്തിന് കുടപിടിച്ചു കൊടുത്ത ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ്സിനെതിരെയുമുള്ള ഹൈന്ദവ പൊതുബോധ നിർമ്മിതിയെ വലിയ അളവിൽ സ്വാധീനിച്ചിട്ടുണ്ട്. കോൺഗ്രസ് പ്രസ്ഥാനം മുസ്ലിം വർഗീയ താല്പര്യങ്ങൾക്ക് മുന്നിൽ മുട്ടുമടക്കിയിരിക്കുന്നുവെന്നും, ഹൈന്ദവരുടെ അവകാശങ്ങളെ സംരക്ഷിക്കുന്നതിൽ അമ്പേ പരാജയപെട്ടിരിക്കുന്നുവെന്നുമുള്ള ആക്ഷേപങ്ങൾ വ്യാപകമായ സാഹചര്യത്തിലാണ്, 1925ൽ രാഷ്ട്രീയ സ്വയംസേവക സംഘം പിറവിയെടുക്കുന്നത് എന്ന വസ്തുത, ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ പ്രതികരണ സ്വഭാവത്തിലുള്ള മുന്നേറ്റങ്ങളുടെ പട്ടികയിൽ തന്നെ അതിനെയും ഉൾപ്പെടുത്തുന്നതിനെ ന്യായീകരിക്കുന്നുണ്ട്.
പിന്നെയും മുന്നോട്ടു പോവുമ്പോൾ ഇത്തരം പ്രതികരണങ്ങളുടെ തുടർച്ചകൾ വേറെയും കാണാവുന്നതാണ്. 1946ൽ മുസ്ലിം ലീഗിന്റെ നേതൃത്വത്തിൽ, രാഷ്ട്രത്തെ രണ്ടായി വിഭജിക്കണം എന്ന തങ്ങളുടെ ആവശ്യം കോൺഗ്രസ്സിനെ കൊണ്ട് അംഗീകരിപ്പിക്കാനുള്ള സമ്മർദ്ധ തന്ത്രമായി, “ഡയറക്ട് ആക്ഷൻ ഡേ” പ്രഖ്യാപിക്കപ്പെടുന്നു. The Great Calcutta Killings എന്നു വിളിക്കപ്പെടുന്ന രക്തരൂക്ഷിതമായ കലാപത്തിനാണ് അതേ തുടർന്നുള്ള ദിവസങ്ങളിൽ ബംഗാൾ സാക്ഷിയായത്. 1946, ഓഗസ്റ് 16 മുതൽ 22 വരെയുള്ള ദിവസങ്ങളെ ദേശീയ ചരിത്രത്തിൽ അടയാളപ്പെടുത്തിയിരിക്കുന്നത് “നീണ്ട കഠാരകളുടെ വാരം”(the week of long knives) എന്ന പേരിലാണ് എന്നറിയുമ്പോൾ തന്നെ ഡയറക്ട് ആക്ഷൻ ഡേയുടെ
ഭാഗമായി നടന്ന സംഭവങ്ങളുടെ ഭീകരതയെ പറ്റി നമുക്ക് ബോധ്യം വരേണ്ടതാണ്. ലീഗിന്റെ സമ്മർദ്ധത്തിൽ കോൺഗ്രസ് വീണു പോവുന്നു. 1947ൽ വിഭജനവും പാകിസ്താന്റെ പിറവിയും യാഥാർഥ്യമാവുന്നു. തുടർന്നും രാജ്യത്തെ മുന്നോട്ടു നയിക്കേണ്ട ബാധ്യത കോൺഗ്രസ്സിനെ മാത്രം ഏൽപ്പിച്ച് കയ്യുംകെട്ടിയിരിക്കാൻ സാധിക്കയില്ലെന്നും, അങ്ങനെ ചെയ്താൽ ന്യൂനപക്ഷ ഭീകരതക്ക് മുന്നിൽ എല്ലായ്പോഴും നിസ്സഹായരായി നിൽക്കുന്ന കോൺഗ്രസ്സിന്റെ കീഴിൽ, രാജ്യം ഇനിയും പല കഷ്ണങ്ങളായി വെട്ടിമുറിക്കപ്പെടുന്നത് കാണേണ്ടി വരും എന്ന ബോധ്യം ഹിന്ദു സമാജത്തിൽ വ്യാപിക്കുന്നു. അതിന്റെ പ്രതികരണമായി 1951ൽ ഭാരതീയ ജനസംഘം രൂപീകൃതമാവുന്നു.
1990ൽ കശ്മീരി വിഘടനവാദം ശക്തി പ്രാപിക്കുന്നു. മൂന്ന് ലക്ഷത്തോളം ഹിന്ദു പണ്ഡിറ്റുകൾ താഴ്വരയിൽ നിന്നും ആട്ടിയോടിക്കപ്പെടുന്നു. തങ്ങൾക്ക് സ്വാധീനമുള്ള മേഖലയിൽ, നിയമവും ജനാധിപത്യവുമൊക്കെ കാറ്റിൽ പറത്തി, കയ്യൂക്ക് കൊണ്ട് കാര്യം നേടുന്ന മുസ്ലിം രാഷ്ട്രീയം രാജ്യത്ത് തലയുയർത്തുന്നു. പ്രതികരണമുണ്ടാവുന്നത് ഹിന്ദു സ്വാധീന മേഖലയായ ഉത്തർപ്രദേശിലെ
അയോധ്യയിലാണ്. 1980കൾ മുതൽ ജനാധിപത്യപരമായ മാർഗ്ഗങ്ങളിലൂടെ മുന്നേറിയിരുന്ന രാമ ജന്മഭൂമി പ്രക്ഷോഭത്തിന്റെ രൂപഭാവങ്ങൾ പൊടുന്നനെ മാറി മറിയുന്നു. 1992ൽ ബാബറി മസ്ജിദ് തകർക്കപ്പെടുന്നു. അസംഘ്യം ഉദാഹരണങ്ങൾ ഇനിയും പറയാൻ സാധിക്കും. കേരളത്തിൽ അഞ്ചാം മന്ത്രി വിവാദമുണ്ടായതാണ് ഓ.രാജഗോപാൽ ഇപ്പോൾ നിയമസഭയിലിരിക്കാനുള്ള കാരണം എന്നതടക്കം, യുക്തിപൂർവ്വം പരിശോധിച്ചാൽ ശരിയെന്ന് ബോധ്യപ്പെടുന്ന എത്രയെത്ര ഉദാഹരണങ്ങൾ വേണമെങ്കിലും. അത്തരത്തിൽ പ്രതികരണ സ്വഭാവത്തിലാണ് ഇന്നാട്ടിലെ ഹിന്ദുത്വ രാഷ്ട്രീയം വളർച്ച പ്രാപിക്കുന്നത് എന്നത് കൊണ്ടു തന്നെ, അതിനെ പ്രതിരോധിക്കാനുള്ള ഒരേയൊരു വഴി, ആ കാരണത്തെയും പ്രതിരോധിക്കുക എന്നത് മാത്രമാണ്. കാരണത്തെ താലോലിച്ചു കൊണ്ടു പ്രതികരണത്തെ തടയാൻ ആർക്കും സാധിക്കുകയില്ല. ഹിന്ദുത്വ രാഷ്ട്രീയ അജണ്ട ശക്തിപ്പെടുന്നത് തടയാൻ ഇസ്‌ലാമിക ഭീകരതയോട് മൃദുസമീപനം സ്വീകരിക്കുമ്പോൾ, നിങ്ങൾ യഥാർത്ഥത്തിൽ ആ അജണ്ടക്ക് കൂടുതൽ സ്വീകാര്യത നേടി കൊടുക്കുക മാത്രമാണ്.
“രണ്ടു വർഗ്ഗീയതകളും എതിർക്കപ്പെടേണ്ടതാണെങ്കിലും, കൂട്ടത്തിൽ ഹിന്ദു വർഗ്ഗീയതയാണ് കൂടുതൽ ഭീകരം.. ന്യൂനപക്ഷ ഭീകരതക്ക് പരമാവധി മനുഷ്യബോംബ് ആയി സ്വയം പൊട്ടിത്തെറിക്കാനേ സാധിക്കൂ.. ഭൂരിപക്ഷ വർഗ്ഗീയതക്ക് ഫാസിസമായി പരിണമിച്ച് ഭരണസംവിധാനത്തെ തന്നെ കൈപ്പിടിയിലാക്കാൻ സാധിക്കും” എന്നൊക്കെയുള്ള വരട്ടുതത്ത്വവാദം കൊണ്ട് പ്രീണന രാഷ്ട്രീയത്തിന് സൈദ്ധാന്തിക മറ സൃഷ്ടിക്കാനുള്ള പരിശ്രമം, അതിന്റെ പ്രയോക്താക്കളെ പരിഹാസ്യരാക്കുകയേ ഉള്ളൂ. ന്യൂനപക്ഷ ഭീകരതക്ക് മനുഷ്യബോംബായി സ്വയം പൊട്ടിത്തെറിക്കാൻ മാത്രമല്ല, വിഘടനവാദമായി പരിണമിച്ച് രാജ്യത്തെ രണ്ടായി വെട്ടിമുറിക്കാൻ പോലും സാധിക്കും എന്നത് ചരിത്രബോധമുള്ള ഏതൊരാൾക്കും അറിയുന്ന സംഗതിയാണ്.
ഇസ്‌ലാമിക ഭീകരവാദത്തിനെതിരായ സമരങ്ങളുടെ നേതൃസ്ഥാനം ഇവിടുത്തെ ലിബറലുകളും മതേതരവാദികളും ഇടതുപക്ഷവും തന്നെ ഏറ്റെടുത്താലാണ്, ഹിന്ദുത്വ വാദികൾക്ക് തങ്ങളുടെ പൊളിറ്റിക്കൽ സ്പേസ് നഷ്ടമാവുകയും, അതിന്റെ ഫലമായി ഹിന്ദുത്വ രാഷ്ട്രീയം ദുർബലമാവുകയും ചെയ്യുക. മറിച്ച് ഹിന്ദുത്വ രാഷ്ട്രീയത്തെ പ്രതിരോധിക്കാനെന്നോണം ഇക്കൂട്ടരെല്ലാം ചേർന്ന് ഇസ്‌ലാമോഫോബിയ തടയേണ്ടതിനെ പറ്റി മാത്രം വല്ലാതെ വാചാലരാവുകയും, ഇസ്ലാമിക് ജിഹാദിനെ പറ്റി മൗനം പാലിക്കുകയും ചെയ്യുമ്പോളത് ഫലത്തിൽ ഈ രണ്ടു മത രാഷ്ട്രീയങ്ങളെയും ശക്തിപെടുത്തുകയാണ് ചെയ്യുന്നത്.