സുജിത്
കാര്‍ഗില്‍ വിജയദിനം – ജൂലൈ 26
2000 ജനുവരി മാസം. തിരുവനന്തപുരത്ത് നിന്നും മുംബയിലെയ്ക്കുള്ള ട്രെയിന്‍ യാത്രയില്‍ ആയിരുന്നു ഞാന്‍. എന്റെ മുന്നിലെ ഇരിപ്പിടത്തില്‍ ഒരു ചെറുപ്പക്കാരനും ഭാര്യയും പത്ത് വയസ്സില്‍ താഴെയുള്ള രണ്ട് കുട്ടികളും. അയാള്‍ക്ക് നട്ടെല്ലിന് എന്തോ പ്രശ്നം ഉണ്ടെന്ന് തോന്നുന്നു. ശരീരത്തില്‍ എന്തൊക്കെയോ വച്ച് കെട്ടിയിട്ടുണ്ട്. ഞാന്‍ ഇരിക്കുന്ന ഭാഗത്ത് മൂന്ന് ചെറുപ്പക്കാര്‍. വശങ്ങളില്‍ ഉള്ള സീറ്റുകളിലും ഇവരുടെ രണ്ട് സുഹൃത്തുക്കള്‍. ലാപ്ടോപ്പും മൊബൈലും വേഷവിധാനങ്ങളും ഒക്കെ കൊണ്ട് ഒരു അടിച്ചു പൊളിക്കൂട്ടം. അവരില്‍ ചിലര്‍ ഏതോ കമ്പനിയിലെ ഉന്നത പദവിയില്‍ഉള്ളവര്‍ ആണ്. അവരുടെ കൂട്ടത്തില്‍ ഉള്ള ഒരാള്‍ക്ക് മുംബയില്‍ വച്ച് കല്യാണം. അതിന്റെ ആഘോഷം ആണ്.
അവരുടെ തമാശകളും പാട്ടും മറ്റ് ബഹളങ്ങളും ആയി ട്രെയിന്‍ നീങ്ങിക്കൊണ്ടിരുന്നു. മുന്നില്‍ ഇരിക്കുന്ന കുട്ടികള്‍ എന്നെപ്പോലെ ഇതെല്ലാം കണ്ട് ആസ്വദിച്ച് ഇരിക്കുന്നുണ്ടായിരുന്നു. സുഖമില്ലത്തയാളും ഭാര്യയും ഏതാണ്ട് നിശബ്ദരായിരുന്നു. കോട്ടയം സ്റ്റേഷന്‍ കഴിഞ്ഞപ്പോള്‍ ആരവം ഏതാണ്ട് ഒന്നടങ്ങി. അതില്‍ ഒരാള്‍ മുന്നില്‍ ഇരിക്കുന്ന
സുഖമില്ലത്ത ചേട്ടനോട് വിശേഷങ്ങള്‍ ചോദിച്ചു. ആള്‍ പറഞ്ഞു തുടങ്ങി.
“ഞാന്‍ അജയന്‍. കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കെടുത്ത് പരിക്കേറ്റതാണ്. ഒരു മലയുടെ മുകളില്‍ നിന്ന് കാലു തെന്നി വീണ് നട്ടെല്ലിന് കാര്യമായ അപകടം പറ്റി. കൂട്ടത്തില്‍ ഉള്ളവര്‍ മുന്നിലേയ്ക്ക് പോകേണ്ടതായി വന്നപ്പോള്‍, ആറു മണിക്കൂറോളം അവിടെ തനിയെ കിടക്കേണ്ടി വന്നു. അത് കൂടുതല്‍ പ്രശ്നമായി. ഇപ്പോള്‍ കൊച്ചിയിലെ ഒരു ആശുപത്രിയില്‍ ചികിത്സയ്ക് പോവുകയാണ്”
അവിടം ആകെ ശോകമൂകം ആയി. അതുവരെ ഞങ്ങളില്‍ ഉണ്ടായിരുന്ന “അഹം”ഭാവം നിലംപൊത്തി.
1999 മേയ് അഞ്ച്. അന്നത്തെ പ്രധാനമന്ത്രി അടല്‍ ബിഹാരിവാജ്പേയിയുടെ സുരക്ഷാ ഉപദേഷ്ടാവ് ഒരു അടിയന്തിര രഹസ്യ സന്ദേശവുമായി പ്രധാനമന്ത്രിയുടെ അടുക്കല്‍ എത്തി. കാശ്മീരിലെ കാര്‍ഗില്‍ മലനിരകളില്‍ അന്യദേശക്കാരെ പോലെ തോന്നിപ്പിക്കുന്നവര്‍ വ്യാപകമായി നുഴഞ്ഞുകയറി 130ഓളം ഇന്ത്യന്‍ കാവൽതുറകൾ പിടിച്ചെടുതിരിക്കുന്നു. പ്രസിഡന്റുമായി ചര്‍ച്ച ചെയ്തശേഷം, ശക്തമായ നിലപാടെടുക്കാന്‍ സേനകളോട് പ്രധാനമന്ത്രി ആജ്ഞാപിച്ചു.
കാശ്മീരിന്റെ പേരില്‍ ഒളിയുദ്ധം നടത്തുന്ന പാകിസ്ഥാന്റെ മൂന്നാം പരിശ്രമം ആയ “കാര്‍ഗില്‍ യുദ്ധം” അവിടെ നിന്ന് തുടങ്ങുന്നു…..
അതികഠിനമായ ശൈത്യം മൂലം ഇരു രാജ്യങ്ങളും കാശ്മീരിലെ തങ്ങളുടെ ഏറ്റവും മുന്നിലെ കാവൽതുറകൾ ശൈത്യകാലത്ത് ഉപേക്ഷിക്കുകയും പിന്നീട് വസന്തകാലത്തോടെ അവയിൽ തിരിച്ചെത്തുകയും പതിവായിരുന്നു. ശ്വാസകോശത്തിൽ നീർക്കെട്ടുണ്ടാവുന്നതും ഭക്ഷണസാധനങ്ങൾ എത്തിക്കാനുള്ള ബുദ്ധിമുട്ടും മറ്റും മൂലം അതിശൈത്യത്തിൽ അധിവാസം വളരെയധികം ദുഷ്കരമാകുന്നതാണ് ഇതിനു കാരണം.
എന്നാൽ 1999-ൽ പാകിസ്താൻ സൈന്യം നിശ്ചയിക്കപ്പെട്ട സമയത്തിനു വളരെ മുന്നേ തന്നെ ഈ താവളങ്ങളിൽ എത്തുകയും കാര്‍ഗിലിലെ 130-ഓളം ഇന്ത്യന്‍ കാവൽത്തുറകൾ നിയന്ത്രണത്തില്‍ ആക്കുകയും ചെയ്തു. സ്പെഷ്യൽ സെർവീസ് ഗ്രൂപ്പിന്റെ ട്രൂപ്പുകളും നോർത്തേൺ ലൈറ്റ് ഇൻഫൻറ്റ്റിയുടെ ബറ്റാലിയനുകളും കാശ്മീരി ഒളിപ്പോരാളികളുടേയും അഫ്ഗാൻ കൂലിപ്പടയാളികളുടേയും പിന്തുണയോടെയും അവർ അവരുടേതായ യുദ്ധസജ്ജീകരണങ്ങൾ ചെയ്ത് താവളമാക്കി മാറ്റുകയും ചെയ്തു.
ഇന്ത്യൻ സൈന്യം ഈ നുഴഞ്ഞുകയറ്റം അറിഞ്ഞിരുന്നില്ല. നാട്ടുകാരനായ ഒരു ആട്ടിടയൻ നൽകിയ വിവരമനുസരിച്ച് റോന്തുചുറ്റാനിറങ്ങിയ ഒരു ഇന്ത്യൻ സംഘത്തിനു നേരേ ഒളിപ്പോർ ആക്രമണമുണ്ടായത് നുഴഞ്ഞുകയറ്റത്തെ കുറിച്ചുള്ള വിവരം വെളിവാക്കി. ആദ്യം പോയ പട്രോൾ സംഘത്തെ അവർ ഒന്നൊഴിയാതെ നശിച്ചിപ്പിച്ചു കളഞ്ഞിരുന്നു. രണ്ടാമത്തെ പട്രോൾ സംഘത്തിലെ ഓഫീസറുടെ മനോധൈര്യം മൂലമാണ് അവർക്ക് തിരിച്ചു വന്ന് കാര്യങ്ങൾ വ്യക്തമാക്കാനായത്.
ഇന്ത്യൻ ഭരണകൂടം 200,000 സേനാംഗങ്ങൾ ഉൾപ്പെട്ട “ഓപറേഷൻ വിജയ്” എന്ന പദ്ധതിയിലൂടെയാണ് പ്രതികരിച്ചത്. ഭൂപ്രകൃതിയുടെ പ്രത്യേകത നിമിത്തം ഡിവിഷനുകളോ കോറുകളോ ആയുള്ള ആക്രമണം സാധ്യമല്ലായിരുന്നു. മിക്ക ആക്രമണങ്ങളും റെജിമെന്റ് തലത്തിലോ ബറ്റാലിയൻ തലത്തിലോ ആയിരുന്നു കൈക്കൊണ്ടിരുന്നത്.
കാര്‍ഗില്‍ യുദ്ധം നാള്‍ വഴികളിലൂടെ….
മെയ് 3 – പാകിസ്താൻ നുഴഞ്ഞുകയറ്റം ആട്ടിടയന്മാർ അറിയിക്കുന്നു.
മെയ് 5 – ഇന്ത്യൻ കരസേന നിരീക്ഷണ സംഘത്തെ അയയ്ക്കുന്നു; അഞ്ച് ഇന്ത്യൻ സൈനികർ നുഴഞ്ഞുകയറ്റക്കാരുടെ പിടിയിലകപ്പെടുകയും കൊല്ലപ്പെടുകയും ചെയ്യുന്നു.
മെയ് 9 – പാകിസ്താൻ കരസേനയുടെ കനത്ത ഷെല്ലിങ്ങിൽ, കാർഗിലിലെ ആയുധശേഖരത്തിനു കേടുപാടുകളുണ്ടാകുന്നു
മെയ് 10 – ദ്രാസ്, കക്സർ, മുഷ്കോ മേഖലകളിലും നുഴഞ്ഞുകയറ്റം കണ്ടെത്തപ്പെടുന്നു.
മെയ് മദ്ധ്യം – ഇന്ത്യൻ കരസേന കൂടുതൽ സേനയെ കാശ്മീർ താഴ്‌വരയിൽ നിന്നും കാർഗിൽ മേഖലയിലേയ്ക്ക് മാറ്റുന്നു
മെയ് 26 – നുഴഞ്ഞുകയറ്റക്കാർക്കെതിരേ ഇന്ത്യൻ വായൂസേന ആക്രമണം തുടങ്ങുന്നു.
മെയ് 27 – ഇന്ത്യൻ വായുസേനയ്ക്ക് രണ്ട് പോർവിമാനങ്ങൾ നഷ്ടപ്പെടുന്നു. ഫ്ലൈറ്റ് ലെഫ്റ്റനന്റ് നചികേതയെ യുദ്ധതടവുകാരനായി പാകിസ്താൻ പിടിക്കുന്നു.
മെയ് 28 – ഇന്ത്യൻ വായുസേനയുടെ മിഗ് 17 വെടിവെച്ചിടപ്പെടുന്നു, നാല് സൈനികർ കൊല്ലപ്പെടുന്നു.
അണുബോംബിന്റെ ഉപയോഗം സംബന്ധിച്ച ആദ്യ സൂചന മെയ് 31-നു പാകിസ്താനി വിദേശകാര്യ സെക്രട്ടറി ഷംഷാദ് അഹ്മദ് നല്‍കിയപ്പോള്‍ ഇന്ത്യയും ആണവ പോർമുന ഘടിപ്പിച്ച അഞ്ച് ബാലിസ്റ്റിക് മിസൈലുകൾ തയ്യാറാക്കിയിരുന്നു.
ജൂൺ 1 – പാകിസ്താൻ ആക്രമണം ശക്തമാക്കുന്നു; ദേശീയപാത-1എ ബോംബിട്ടു തകർക്കപ്പെടുന്നു.
ജൂൺ 5 – ഇന്ത്യൻ കരസേന പാകിസ്താൻ സൈനികരിൽ നിന്നും പിടിച്ചെടുത്ത രേഖകൾ പാകിസ്താന്റെ പങ്കാളിത്തം വെളിപ്പെടുത്താൻ പുറത്തുവിടുന്നു.
ജൂൺ 6 – ഇന്ത്യൻ കരസേന കാർഗിലിലെ പ്രധാന പ്രത്യാക്രമണം തുടങ്ങുന്നു.
ജൂൺ 9 – ഇന്ത്യൻ കരസേന ബറ്റാലിക് സെക്ടറിലെ രണ്ട്, സുപ്രധാന സ്ഥാനങ്ങൾ തിരിച്ചുപിടിക്കുന്നു
ജൂൺ 11 – ചൈന സന്ദർശിക്കുകയായിരുന്ന പാകിസ്താനി കരസേന മേധാവി പർവേസ് മുഷാറഫ്, റാവൽപിണ്ടിയിലായിരുന്ന ചീഫ് ഓഫ് ജെനറൽ സ്റ്റാഫ് അസീസ് ഖാനുമായി നടത്തിയ സംഭാഷണം പാകിസ്താന്റെ പങ്കാളിത്തത്തിനു തെളിവായി ഇന്ത്യ പുറത്തുവിടുന്നു.
ജൂൺ 13 – ദ്രാസിലെ ടോടോലിങ് ഇന്ത്യ തിരിച്ചുപിടിക്കുന്നു.
ജൂൺ 15 – അമേരിക്കൻ പ്രസിഡന്റ് ബിൽ ക്ലിന്റൺ, കാർഗിലിൽ നിന്നും പുറത്തുപോവാൻ നവാസ് ഷെരീഫിനോട് ആവശ്യപ്പെടുന്നു.
ജൂലൈ 2 – ഇന്ത്യൻ കരസേന കാർഗിലിൽ ത്രിതല ആക്രമണം തുടങ്ങുന്നു.
ജൂലൈ 4 – 11 മണിക്കൂർ പോരാട്ടത്തിനു ശേഷം ഇന്ത്യൻ കരസേന ടൈഗർഹിൽ തിരിച്ചുപിടിക്കുന്നു.
ഇന്ത്യൻ പ്രത്യാക്രമണത്തിന്റെ ശക്തി കൂടിക്കൊണ്ടിരുന്നപ്പോൾ, പാകിസ്താൻ പ്രധാനമന്ത്രി നവാസ് ഷെരീഫ് അമേരിക്കൻ പ്രസിഡന്റ് ബിൽ ക്ലിന്റനെ കാണാൻ ചെല്ലുകയും പിന്തുണ തേടുകയും ചെയ്തു. എന്നാൽ ക്ലിന്റൻ രോഷപ്പെടുകയാണുണ്ടായത്.
ജൂലൈ 5 – ഇന്ത്യൻ കരസേന ദ്രാസിന്റെ നിയന്ത്രണം എടുക്കുന്നു. ക്ലിന്റണുമായി കണ്ട ഷെരീഫ് പാകിസ്താനി കരസേനയുടെ പിന്മാറ്റം അറിയിക്കുന്നു.
ജൂലൈ 7 – ബതാലിക്കിലെ ജുബാർ കുന്നുകൾ ഇന്ത്യ തിരിച്ചുപിടിക്കുന്നു.
ഇന്ത്യൻ നാവികസേന പാകിസ്താൻ തുറമുഖങ്ങളെ ഉപരോധിക്കാനും അങ്ങനെ പാകിസ്താന്റെ സംഭരണ വിതരണ ശൃംഖല തകർക്കാനും സജ്ജമായി. സമ്പൂർണ്ണയുദ്ധം പൊട്ടി പുറപ്പെട്ടാൽ പാകിസ്താനു ആറു ദിവസം പിടിച്ചു നിൽക്കാനുള്ള ഇന്ധനമേ ഉണ്ടായിരുന്നുള്ളെന്നു ഷെരീഫ് പിന്നീടു വെളിപ്പെടുത്തിയിട്ടുണ്ട്.
ജൂലൈ 11 – പാകിസ്താൻ പിന്മാറി തുടങ്ങുന്നു; ഇന്ത്യ ബതാലിക്കിലെ പ്രധാന കുന്നുകൾ കൈവശപ്പെടുത്തുന്നു.
ജൂലൈ 14 – ഇന്ത്യൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയി ഓപ്പറേഷൻ വിജയ് വിജയകരമെന്ന് പ്രഖ്യാപിക്കുന്നു. പാകിസ്താനുമായി ചർച്ചയ്ക്ക് നിബന്ധനകൾ വെയ്ക്കപ്പെടുന്നു
ജൂലൈ 26 – കാർഗിൽ പോരാട്ടം ഔദ്യോഗികമായി അവസാനിക്കുന്നു. ഇന്ത്യൻ കരസേന പാകിസ്താനി നുഴഞ്ഞുകയറ്റക്കാർക്ക് മേൽ സമ്പൂർണ്ണ വിജയം പ്രഖ്യാപിക്കുന്നു.
യുദ്ധം നിര്‍ണ്ണായകമായ അവസ്ഥയില്‍ അമേരിക്കന്‍ പ്രസിടന്റ്റ് ബില്‍ ക്ലിന്റന്‍ ഭാരതപ്രധാനമന്ത്രിയെ ചര്‍ച്ചക്കായി ക്ഷണിച്ചു. താന്‍ വളരെ തിരക്കില്‍ ആയതിനാല്‍ വരാന്‍ സാധ്യമല്ല എന്ന് അറിയിച്ചിരുന്നു.
യുദ്ധത്തിനു ശേഷം ഇന്ത്യൻ ഭരണകൂടം പാകിസ്താനുമായുള്ള എല്ലാ ബന്ധങ്ങളും വിച്ഛേദിച്ചു. ഇന്ത്യ പ്രതിരോധ ബജറ്റ് കുത്തനെ ഉയർത്തി. പ്രതിരോധ ഉപകരണങ്ങളും, വിദൂരനിയന്ത്രിത വ്യോമ വാഹനങ്ങളും, ലേസർ നിയന്ത്രിത ബോംബുകളും, ഉപഗ്രഹ ചിത്രങ്ങളും നൽകുന്നവർ എന്ന നിലയിൽ ഇസ്രായേലും ഇന്ത്യയും തമ്മിലുള്ള ബന്ധവും ശക്തിപ്പെട്ടു.
യുദ്ധാനന്തരം ഇന്ത്യൻ ഓഹരി വിപണി 1,500 പോയിന്റുകൾ ആണ് കയറിയത്. അടുത്ത ദേശീയ ബജറ്റിൽ ഇന്ത്യ സൈനികാവശ്യങ്ങൾക്കായി തുകയിൽ വൻ ഉയർച്ച വരുത്തി. യുദ്ധത്തിന്റെ ഒടുക്കം മുതൽ ഫെബ്രുവരി 2000 വരെ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ കുതിച്ചുയരുകയായിരുന്നു. അതേസമയം അന്താരാഷ്ട്ര സമൂഹത്തിൽ ഒറ്റപ്പെട്ട പാകിസ്താൻ സമ്പദ് വ്യവസ്ഥ പാടേ തകർന്നു.
ചരിത്രത്തില്‍ ഒരിക്കലും ഭാരതം ഒരു രാജ്യത്തിനോടും യുദ്ധം തുടങ്ങി വച്ചിട്ടില്ല. ലക്ഷോപലക്ഷം പുണ്യാത്മാക്കളുടെ ജന്മഭൂമിയും കര്‍മ്മഭൂമിയും ആയ ഭാരതം കുതന്ത്രങ്ങളിലൂടെ ആധിപത്യം സ്ഥാപിക്കാൻ ശ്രമിച്ച പാകിസ്താന് നിയന്ത്രണ രേഖ ഭേദിക്കാതെ നടത്തിയ ധര്‍മ്മയുദ്ധത്തിലൂടെ നല്‍കിയ മൂന്നാമത്തെ തിരിച്ചടി ആയിരുന്നു കാർഗിലില്‍.
ജാതി-മത-വര്‍ഗ്ഗ-വര്‍ണ്ണ വ്യെത്യാസമെന്യേ ലോകമെമ്പാടും ഉള്ള ഭാരതജനത നമ്മുടെ സൈന്യത്തിനും അടല്‍ബിഹാരി വാജ്പേയിയുടെ ന്യൂനപക്ഷ സര്‍ക്കാരിനും നല്‍കിയ പിന്തുണ ചരിത്രത്തിന്റെ താളുകളില്‍ തങ്കലിപികളില്‍ അങ്ങനെ തുന്നിച്ചേര്‍ക്കപ്പെട്ടു….
ആ ധീര സൈനികനുമായി ട്രെയിനില്‍ ഉണ്ടായിരുന്ന നിമിഷങ്ങള്‍ ഞങ്ങളില്‍ അറിയപ്പെടാത്ത ആയിരക്കണക്കിന് ധീരദേശാഭിമാനികളുടെ ത്യാഗത്തിന്റെയും ബലിദാനതിന്റെയും ഓര്‍മ്മകള്‍ നെഞ്ചേറ്റി കൂടെ മനസ്സില്‍ ഒരു വിങ്ങലും….
പട്ടാളക്കാരന്‍ യുദ്ധം ചെയ്യുന്നത് മുന്നിലുള്ളവരോടുള്ള വെറുപ്പുകൊണ്ടല്ല, പിന്നിലുള്ളവരോടുള്ള സ്നേഹം കൊണ്ടാണ്….
ഒരേ സമയം രാജ്യസ്നേഹികള്‍ക്ക് പടച്ചട്ടയായും ശത്രുവിനു മൂര്‍ച്ചയേറിയ വാളായും നിലകൊള്ളുന്ന നമ്മുടെ വീരസൈനികര്‍ക്ക് ‘വിചാര’ത്തിന്റെ അഭിവാദ്യങ്ങള്‍….
കാര്‍ഗിലില്‍ വീരമൃത്യു വരിച്ച പ്രിയ സോദരര്‍ക്ക് പ്രണാമങ്ങള്‍.. നിങ്ങള്‍ ജീവനും ചോരയും നല്കിയത് ഞങ്ങള്‍ക്ക് വേണ്ടിയായിരുന്നു. അതൊരിക്കലും അണയാത്ത തീനാളമായ് ഞങ്ങള്‍ നെഞ്ചില്‍ കൊണ്ടുനടക്കും, തലമുറകളിലേക്ക് കൈമാറും. നിങ്ങളുടെ ത്യാഗം പാഴാവില്ല, ഭാരതാംബയെ ജീവന്‍ നല്‍കിയും ഞങ്ങള്‍ സംരക്ഷിക്കും…… വന്ദേമാതരം…