കലൈഞ്ജർ കളമൊഴിയുമ്പോൾ…..!!!

— രഞ്ജിത് കാഞ്ഞിരത്തിൽ —

 

ദ്രാവിഡ സ്ഥാനിലെ കുലപതിയാവുക,തമിഴ്‌ മാനില യുടെ അധീശത്വം മന്വന്തരങ്ങളോളം തനിക്കും തന്റെ പരമ്പരയ്ക്കും മാത്രമാക്കുക എന്ന മിനിമം അജണ്ട യാണ് കലൈഞ്ഞര്‍ മുത്തുവേല്‍ കരുണാനിധിയെ നയിച്ചിരുന്നത് .കാറ്റടിച്ചാല്‍ ഇരമ്പിയാര്‍ക്കുന്ന തമിഴന്‍റെ ലോല വികാരങ്ങള്‍ മാത്രമായിരുന്നു ആ സ്വപ്ന സാഫല്യത്തിന് കൈമുതലായുള്ള ഏക ആയുധം. പക്ഷെ മകൻ മു ക സ്റ്റാലിന്റെ അവസ്ഥ അങ്ങിനെയല്ല.. അതെ..അധികാരമില്ലാത്തവന്‍ അധമനാണ് എന്നുള്ള തിരിച്ചറിവാണ് മു ക സ്റ്റാലിനെ ഇപ്പോള്‍ നയിക്കുന്നത്.

ഇതേയവസ്ഥയിൽ സാക്ഷാർ കരുണാനിധി ആയിരുന്നുവെങ്കിൽ കുറെ ആളുകളെ വിളിച്ചു കൂട്ടി തങ്കത്തമിഴില്‍ ഒരു പേച്ചു പെച്ചിയേനെ.

“”തായ് മാര്കളെ,തന്തൈ മാര്കളെ എന്‍ ഉയിരിനും ഉയിരാന ഉടൈപ്പി റ പ്പുകകളെ”” എന്നുള്ള ഒരൊറ്റ കീച്ചില്‍ തമിഴകം ആര്‍ത്തലച്ചു വീണു പോകുമായിരുന്നു.സ്റ്റാലിനെക്കൊണ്ട് ഇതിനോന്നും വയ്യ. മനമെത്തുന്നിടത്ത് മെയ്യ്‌ എത്തുന്നില്ല.ഇത് രണ്ടും എത്തുന്നിടത്ത് കണ്ണ് എത്തുന്നില്ല.ഇതൊന്നും പോരാഞ്ഞ് തമിഴകത്ത് വിവരമുള്ളവരുടെ എണ്ണം കൂടി ക്കൂടി വരുന്നു.

പോയസ് ഗാര്‍ഡനിലെ പെൺപുലി പണ്ട് പോലീസിനെ വിട്ടു പിടിച്ചകത്താക്കിയപ്പോള്‍ റെക്കോർഡ് ചെയ്ത ആനിമേഷന്‍ ഫിലിം ഇനി തമിഴകത്ത് ചിലവാകുകയുമില്ല.

ബ്രിട്ടീഷുകാര്‍ ഇന്ത്യ വിട്ടുപോയപ്പോള്‍ കരിദിനം ആചരിച്ച പരമ്പരയുടെ നേരവകാശി,താറടിക്കല്‍ പ്രസ്ഥാനം,സ്വയം മര്യാദ ഇയക്കം എന്നീ വിപ്ലവങ്ങളളില്‍ പങ്കെടുത്ത(?)അവശേഷിക്കുന്ന ഏകവിപ്ലവകാരി.കലൈഞ്ജറുടെ മസ്തകത്തില്‍ നെറ്റിപ്പട്ടങ്ങള്‍ ഏറെയാണ്.പലതിലും ദളപതിയായിരുന്ന “ഏഴൈത്തോഴന്‍ എം ജി ആര്‍” തി. മു. ക. പാര്‍ടി വിട്ടപ്പോള്‍ മകന്‍ എം കെ മുത്തുവിനെ രോമത്തൊപ്പിയും കൊടുത്തു വെള്ളിത്തിര വെട്ടിപ്പിടിക്കാന്‍ പറഞ്ഞയച്ചു.ദോഷം പറയരുതല്ലോ,എല്ലാ പടങ്ങളുംക്ലീന്‍ ആയി പൊട്ടി.നിരാശനായ മുത്തു വീട് വിട്ടു എന്നും അച്ഛന്‍ ചവിട്ടി പുറത്താക്കി എന്നും കേള്‍ക്കുന്നു.

അനന്തര തലമുറയ്ക്ക് കുറവുണ്ടാകരുത് എന്ന കണക്ക് കൂട്ടലിലാണ് പിന്നെ മൂന്നു പേരെ ധര്‍മദാരങ്ങളായി സ്വീകരിച്ചത്. യുക്തി വാദത്തില്‍ ഭ്രമം കൂടി, ഇളയ മകന് സ്റ്റാലിന്‍ എന്ന് പേരിട്ടു.ചേട്ടന്‍ അഴഗിരിയാവട്ടെ എന്തിനും പോന്നവന്‍.അളങ്കനല്ലൂരെ കാളക്കൂറ്റന്മാര്‍ക്ക് ഇതിലും സമാധാനമുണ്ട്. കലൈഞ്ജരുടെ സാഹിത്യ ഭാവം ഒരല്പം കളഞ്ഞു കിട്ടിയത് മകള്‍ കനിമോഴിക്കു മാത്രമാണ്.കവിത എന്ന രൂപത്തില്‍ ചിലതൊക്കെ എഴുതാറുണ്ട്.

“രണ്ടു കളത്രത്തെ കൊണ്ടു നടക്കുന്ന
തണ്ട് തപ്പിക്ക് ഗതിയില്ലോരിക്കലും”

എന്നെഴുതിയ നമ്പ്യാര്‍ മലയാളത്താന്‍ ആയതിനാല്‍ അത് വായിക്കുവാനുള്ള യോഗം കലൈന്ജ്ജര്‍ക്ക് ഉണ്ടായില്ല.

ഇപ്പോള്‍ കാര്യങ്ങള്‍ ആകെ കുഴഞ്ഞു.പത്നിമാരും അവരുടെ മക്കളും ഇരുവശത്തും നിന്ന് പാര്‍ട്ടിയെ ഇരു ധ്രുവങ്ങളിലേക്ക് നയിക്കുന്നു.മധുരൈ മാവെട്ടത്തില്‍ തി. മു. ക. അഴഗിരി പുരക്കു മേലേക്ക് ചാഞ്ഞു വളര്‍ന്നു കഴിഞ്ഞു.നയം വിനയം,അഭിനയം എന്നിവ അഴഗിരിക്ക് വശമില്ല.ഹിന്ദിയും ഇംഗ്ലീഷും കണ്ടിട്ടുപോലുമില്ല.

കേന്ദ്രം ഭരിക്കുന്ന സര്‍ക്കാരുകളെ കാലാകാലങ്ങളില്‍ ദ്രാവിഡ രാഷ്ട്രീയം,തമിഴ് ദേശീയ ഇയല്‍ക്കം എന്നൊക്കെ പറഞ്ഞു പേടിപ്പിച്ചു കുറെ പണം അടിച്ചു മാറ്റുക എന്നതാണ് കഴിഞ്ഞ കുറെക്കാലങ്ങളായി പാണ്ടി നാട്ടു മന്നനുടെ സെയ്തികള്‍.

ഇടക്കിടെ ലങ്കയില്‍ പോരാടുന്ന മാവീരര്‍കളെ കുറിച്ചോര്‍ത്ത് ചില്ലറ ഗിരി പ്രഭാഷണം നടത്തും. തമിഴ് വേദം ഉദാഹരിക്കും,ഭാരതീയാരെ സ്മരിക്കും.ഹിന്ദി വിരുദ്ധം പറയും.എല്ലാം കേട്ട് പാവം തമിഴ്‌ മക്കള്‍ കോള്‍മയിര്‍ കൊള്ളും. ലങ്ക കത്തിഎരിഞ്ഞപ്പോള്‍ കലൈഞ്ഞര്‍ കടപ്പുറത്ത് കാറ്റ് കൊള്ളാന്‍ വന്നിരുന്നു.എയര്‍ കൂളറും,ഫാനും മുന്തിയ കിടക്കയും ചുറ്റും തിക്കിത്തിരക്കിയ മാധ്യമപ്പടയുമായി മറീന ബീച്ചില്‍ ഒരു സണ്ണ്‍ബാത്ത്.രാവിലെ അമൃതേത്ത് കഴിഞ്ഞു തുടങ്ങിയ നിരാഹാരം ഉച്ചയൂണിനു മുന്‍പ് അവസാനിപ്പിച്ചു.തമിഴ്‌ മക്കള്‍ ഹര്‍ഷോന്മാദം കൊണ്ട് തുള്ളിച്ചാടി.കലൈന്ജ്ജരും,അറിഞ്ജ്ജരും പെരിയോരും ത്രിമൂര്‍ത്തികള്‍ എന്ന് വാഴ്ത്തിപ്പാടി.

2009 ഇല്‍ ലങ്കന്‍ സൈന്യം വംശഹത്യ നടത്തുമ്പോള്‍, കുട്ടികളെ കൊന്നൊടുക്കുമ്പോള്‍,ഉയിരിനും ഉയിരാന കൂടെപ്പിറപ്പുകളെ ബലാല്‍ പ്രാപിക്കുമ്പോള്‍ അണ്ണാ അറിവാലയത്തില്‍ നിന്നും ഒരു ചെറിയ ശബ്ദം പോലും മുഴങ്ങിയില്ല.അന്ന് കലൈഞ്ജര്‍ “സമച്ചീര്‍ കല്‍വി” യുടെ നിര്‍മാണത്തില്‍ ആയിരുന്നു(തമിഴകത്തെ സ്കൂളുകളില്‍ നടപ്പാക്കാന്‍ വേണ്ടി തയ്യാറാക്കിയ ഏകീകൃത പഠനപദ്ധതി ആണ് “സമച്ചീര്‍ കല്‍വി,വ്യാപകമായ എതിര്‍പ്പിനെ തുടര്‍ന്ന്, പിന്നാലെ വന്ന സെല്‍വി ജയലളിത അതങ്ങു പിന്‍ വലിച്ചു).

അവസാനം സിംഹള വീര്യം പുലി മടയില്‍ കയറി ആ വലിയ പുലിയെ വെടി വെച്ച് കൊല്ലുന്നതില്‍ വരെയെത്തി. സീ മാന്‍ ,നെടുമാരന്‍,വൈക്കോ തുടങ്ങിയ ഏതാനും പേര്‍ ചില്ലറ ബഹളം വെച്ചത് ഒഴിച്ചാല്‍ ശിരസ്സ് തകര്‍ന്നു കിടക്കുന്ന പ്രഭാകരന്‍റെ ചിത്രം തമിഴ്‌ നാട്ടില്‍ ഒരു ചലനവും ഉണ്ടാക്കിയില്ല. ഇപ്പോള്‍ മൂന്നാണ്ടുകള്‍ക്ക് ശേഷം പല ചിത്രങ്ങളും പുറത്ത് വരികയും അമേരിക്ക (അതെ, അഫ്ഗാനിലും, വിയറ്റ്നാമിലും ഇറാക്കിലും ഒക്കെ സമാധാനം പാടിയ അതേ അമേരിക്ക തന്നെ) ഐക്യ രാഷ്ട്ര സഭയില്‍ പ്രമേയം കൊണ്ടു വരികയും ചെയ്തപ്പോള്‍ മാത്രമാണ് പുലി പ്രേമം വീണ്ടും പുറത്ത് ചാടിയത്‌.അതില്‍ തന്നെ പതിവിലും വിറയാര്‍ന്നതായിരുന്നു കലൈഞ്ജറുടെ മൊഴികള്‍.

അടുത്ത ഒരു വര്ഷം മുതലായി ഇറക്കി,അതിനടുത്ത അഞ്ചു വര്‍ഷം ഭരണത്തില്‍ കയറാം.അങ്ങനെ തമിഴ് മര്യാദയെ വാനോളം ഉയര്‍ത്താം.മോഡിയെങ്കില്‍ മോഡി,മദാമ്മയെങ്കില്‍ മദാമ്മ.കസേരയില്‍ ആരിരുന്നാല്‍ എന്ത്..?കസേര നമ്മുടെ കൈവെള്ളയില്‍ ഇരുന്നാല്‍ മതി എന്ന് മു ക സ്റ്റാലിന് നന്നായി അറിയാം.ഒരൊറ്റ കണ്ടീഷൻ മാത്രം ബംഗളുരുവിൽ വാഴുന്ന തങ്കച്ചി തങ്കത്തമിഴ് ചെൽവി പറയുന്നത് കേട്ട് ഭരിച്ചോണം..
——————
ദശകങ്ങളോളം തമിഴ് മക്കളുടെ കണ്ണിലുണ്ണിയായി വാണ കലൈഞ്ജർ മു കരുണാനിധിക്ക് ആദരാഞ്ജലികൾ….