ഹിന്ദു സഖാക്കളേ, നിങ്ങള്‍ക്ക് നഷ്ടപ്പൊന്‍ അടിമത്തം മാത്രം..
കേരളത്തില്‍ നിലവിലുള്ള അനേകം സംഭവങ്ങളുടെ അനുഭവത്തില്‍ അശോകനുതോന്നിയ സത്യസന്ധമായ ഒരു സംശയപരിഹാരത്തിന് സിപിഎം നയിക്കുന്ന സര്‍ക്കാര്‍ എന്തുകൊണ്ടാണ് സഹായിക്കാന്‍ തയാറാകാത്തത്? ഷെഫീന്‍ എന്തിനെയാണ് ഭയപ്പെടുന്നത്? സര്‍ക്കാര്‍ എന്തിനാണ് തികച്ചും പക്ഷപാതപരമായി ഷെഫീന്റെ താല്പര്യത്തിന് നിന്നുകൊടുക്കുന്നത്? വേങ്ങര തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ലീഗിനേയും പോപ്പുലര്‍ ഫ്രണ്ടിനേയുംകാള്‍ മുസ്ലിം പക്ഷത്താണെന്ന് തങ്ങളെന്ന് തെളിയിക്കാനായിരിക്കാം സിപിഎം ഈ നിലപാട് സ്വീകരിച്ചതെന്ന് എം. രാജശേഖര പണിക്കര്‍
സിപിഎം നേതൃത്വം നല്കുന്ന എല്‍ഡിഎഫ് സര്‍ക്കാര്‍ അഖില കേസ് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) അന്വേഷിക്കേണ്ടതില്ലെന്ന് സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്കി. എന്‍ഐഎ അന്വേഷണത്തെ എതിര്‍ത്ത പോപ്പുലര്‍ ഫ്രണ്ട് പ്രവര്ത്തകന് ഷെഫീന്‍ ജഹാന്റെ വാദങ്ങളോട് ചേര്‍ന്നുനില്‍ക്കുന്ന സമീപനമാണിത്. പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കേണ്ടതില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പ്രസ്താവിക്കുകയുണ്ടായി.
മതത്തിന്റെ പേരില്‍ മലപ്പുറം ജില്ല നല്‍കിയത് കമ്യൂണിസ്റ്റുകാര്‍. ചത്ത കുതിരയെന്ന് ജവഹര്‍ലാല്‍ നെഹ്രു തന്നെ വിശേഷിപ്പിച്ച മുസ്ലിം ലീഗിന് ജീവന് നല്‍കിയത് കോണ്‍ഗ്രസ്. അവരെ താക്കോല്‍ സ്ഥാനങ്ങളില്‍ അവരോധിക്കാന്‍ രണ്ടുപേരും മത്സരിച്ചു. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് ലീഗിനു നല്‍കേണ്ട അഞ്ചാം മന്ത്രിസ്ഥാനത്തിന്റെ പേരില്‍ എന്തൊക്കെ പുലിവാലുകളായിരുന്നു?
മതമില്ലാത്ത ജീവന്, ജാതിയില്ലാ വിളംബരം ഇതൊക്കെയാണ് ”ഫാസിസ്റ്റു വര്‍ഗീയ ഫണ്ടമെന്റലിസ്റ്റുകളെ” നേരിടാനുള്ള കമ്യൂണിസ്റ്റു അടവു നയം. ലോകമുണ്ടായ കാലംമുതല്‍ പ്രണയമുണ്ട്. പക്ഷെ, പ്രണയക്കുരുക്കിലകപ്പെടുത്തി മതപരിവര്‍ത്തനം നടത്തുന്നത് വഞ്ചനയാണ്. മതപരിവര്‍ത്തനവും തെറ്റല്ല. നിര്‍ബന്ധിത മതപരിവര്‍ത്തനമാണ് പ്രശ്നം. ‘മതമില്ലാത്ത’ കമ്യൂണിസ്റ്റുകാര്‍ ഇതിനെയൊക്കെ പിന്തുണക്കുന്നതിലെ യുക്തിയാണ് മനസിലാകാത്തത്.
ജമ്മു കാശ്മീരില്‍നിന്ന് ആട്ടിയോടിക്കപ്പെട്ട ആയിരക്കണക്കിന് പണ്ഡിറ്റുകളെക്കുറിച്ച് ഉല്കണ്ഠയില്ലാത്ത സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്യൂരിയും കൂട്ടരും ഇന്ത്യ റോഹിഗ്യന്‍ അഭയാര്‍ഥികളെ സ്വീകരിക്കണമെന്ന് ആവശ്യപ്പെടുന്നു. മറ്റൊരു ഭാരതവിഭജനത്തിനും കൂട്ടപലായനങ്ങള്‍ക്കും രക്തച്ചൊരിച്ചിലുകള്‍ക്കും ഉള്ള മരണവാറണ്ട് ഒപ്പിടാത്തതെന്താണെന്നാണ് യെച്യൂരിമാര് ഹിന്ദുക്കളോട് ചോദിക്കുന്നത്.
ഹിന്ദു സംസ്കാരമാണ് ആയിരത്താണ്ടുകളായി ഭാരതത്തെ ഭാരതമായി നിലനിര്‍ത്തുന്നത്. കമ്യൂണിസ്റ്റുകാരെ മൂലക്കിരുത്തുന്നതും അതാണ്. അതുകൊണ്ട് അത് തകര്‍ക്കാതെ ഒരു കമ്യൂണിസ്റ്റു മുന്നേറ്റം സാദ്ധ്യമല്ലെന്ന് എല്ലാ രാജ്യവിരുദ്ധശക്തികളെപ്പോലെ അവര്‍ക്കുമറിയാം.
”പോകല്ലേ മോളേ… പോകല്ലേ…” എന്ന് മകളുടെ കാലു പിടിച്ച് കരയുന്ന ഒരമ്മയുടെ ദൃശ്യങ്ങള്‍ കേരളത്തിലെ ജനങ്ങള്‍ തേങ്ങലോടെ കണ്ടതാണ്. കണ്ണൂര്‍ ചെറുതാഴം സ്വദേശി ശ്രുതിയെ അനീസിനൊപ്പം പോകാന്‍ കോടതി അനുവാദം നല്‍കിയതോടെയാണ് ആ അമ്മ തകര്‍ന്നുപോയത്.
ഓരോ ഒളിച്ചോട്ടവും പ്രണയമാണെന്ന് നമ്മെ ബോധ്യപ്പെടുത്താനുള്ള വൃഥാ ശ്രമമാണ് പോപ്പുലര്‍ ഫണ്ടും എസ്ഡിപിഐയും നടത്തുന്നത്. അവര്‍ക്ക് ഒരോ പ്രണയവും യുദ്ധമാണ്. തങ്ങളുടെ പക്ഷത്തേക്ക് ആളെക്കൂട്ടാനുള്ള യുദ്ധം. പ്രണയം അവര്‍ക്ക് ഒരുപകരണം മാത്രം. പരിശുദ്ധപ്രണയത്തിന് മതപരിവര്‍ത്തനം മുന്നുപാധിയാവുന്നത് വിചിത്രമായിരിക്കുന്നു. ‘മധുരപ്രേമ’ത്തിന്റെ ബലിമൃഗത്തെ അവര്‍ സത്യസരണിയിലെ മതപീഠത്തിലാണ് ബന്ധിക്കുന്നത്. അവര്‍ക്ക് സിറിയയിലും അഫ്ഗാനിസ്ഥാനിലുമുള്ള സൈനികസേവനവും ലൈംഗികവൈകൃതങ്ങളും കൂടി പ്രേമത്തിന്റെ ലിസ്റ്റില്‍ ചേര്‍ക്കണം!
കേരളം ഭീകരവാദത്തിന്റെ നേഴ്സറിയാണ്. ലൗ ജിഹാദെന്ന പ്രണയക്കുരുക്കിലൂടെ മതപരിവര്‍ത്തനം നടത്തി ഐഎസ് റിക്രൂട്ട്മെന്റ്നടത്തുന്ന നൂറുകണക്കിന് സംഭവങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യപ്പെടുന്നു. ബലിയാടാകുന്നവരുടെ അമ്മയും അച്ഛനും പറയുന്ന പൊള്ളുന്ന അനുഭവസത്യങ്ങളേക്കാള് ഇടതുവലതു മുന്നണികള്‍ പോപ്പുലര്‍ ഫണ്ട്-എസ്ഡിപിഐ തീവ്രവാദികളുടെ വാക്കുകള്‍ വിശ്വസിക്കുന്നത് രാഷ്ട്രീയലാഭത്തിനാണ്.
21 മലയാളികള്‍ ഐഎസില്‍ ചേര്‍ന്ന സാഹചര്യത്തിലാണ് വൈക്കം സ്വദേശി കെ.എം.അശോകന് ഷെഫീന്‍ ജഹാന്റെ ഉദ്ദേശശുദ്ധിയില്‍ സംശയം തോന്നിയത്. തിരുവനന്തപുരത്ത് ആറ്റുകാലില്‍നിന്ന് നിമിഷ മതംമാറി ഫാത്തിമയായപ്പോള്‍ അവളുടെ അമ്മ ബിന്ദു മകളെ വിട്ടുനല്‍കണമെന്ന് കോടതിയോടപേക്ഷിച്ചെങ്കിലും പ്രായപൂര്‍ത്തിയായ ഒരു വ്യക്തിയുടെ ഭരണഘടനാപരമായ അവകാശം ചൂണ്ടിക്കാട്ടി അവളെ സ്വതന്ത്രമായി പോകാനനുവദിച്ചു. അവള് ഐഎസില്‍ ചേര്‍ന്നു. ആ ഗതി തനിക്കുണ്ടാവരുതെന്ന് അശോകന് വിചാരിച്ചു.
ഇത് സുതാര്യമായ ഒരു പ്രേമമല്ലെന്നതാണ് ഹൈക്കോടതിയുടെ നിരീക്ഷണം. അതുകൊണ്ടാണ് മതപരിവര്‍ത്തനവും വിവാഹവും അസാധുവാക്കിയത്. ഇതൊരു ഒറ്റപ്പെട്ട സംഭവമാണോ അതോ ഇതിന്റെ പിറകില്‍ നിഗൂഢമായ ഒരു പദ്ധതിയുണ്ടോ എന്ന് അറിയുന്നതിനാണ് സുപ്രീം കോടതിയും എന്‍ഐഎ അന്വേഷണത്തിന് നിയോഗിച്ചത്. കേരളത്തില്‍ നിലവിലുള്ള അനേകം സംഭവങ്ങളുടെ അനുഭവത്തില്‍ അശോകനുതോന്നിയ സത്യസന്ധമായ ഒരു സംശയപരിഹാരത്തിന് സിപിഎം നയിക്കുന്ന സര്‍ക്കാര്‍ എന്തുകൊണ്ടാണ് സഹായിക്കാന്‍ തയാറാകാത്തത്? ഷെഫീന്‍ എന്തിനെയാണ് ഭയപ്പെടുന്നത്? സര്‍ക്കാര്‍ എന്തിനാണ് തികച്ചും പക്ഷപാതപരമായി ഷെഫീന്റെ താല്പര്യത്തിന് നിന്നുകൊടുക്കുന്നത്? വേങ്ങര തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ലീഗിനേയും പോപ്പുലര്‍ ഫ്രണ്ടിനേയുംകാള്‍ മുസ്ലിം പക്ഷത്താണെന്ന് തങ്ങളെന്ന് തെളിയിക്കാനായിരിക്കാം സിപിഎം ഈ നിലപാട് സ്വീകരിച്ചത്.
”എന്റെ മകള്‍ എന്റെ ജീവനാണ്, എന്റെ സ്വത്താണ്…മറ്റൊരു മതസ്ഥനെ വിവാഹം കഴിക്കുന്നതിനെ ഞാന്‍ സന്തോഷപൂര്‍വം സ്വാഗതം ചെയ്തേനെ. പക്ഷേ, പോപ്പുലര്‍ പ്രണ്ടിന് (പിഎഫ്ഐ) ഗൂഢലക്ഷ്യമുണ്ട്. സൈനബക്ക് എന്റെ മകളെ കസ്റ്റഡിയില്‍ വയ്ക്കാന്‍ ഒരവകാശവുമില്ല,” 19 കൊല്ലം സൈനികസേവനം ചെയ്ത അശോകന് പറയുന്നു. അവള് മതപഠനത്തിന് ചെന്നെത്തിയത് പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമുള്ള സത്യസരണിയിലാണെന്നത് ഉല്കണ്ഠയുളവാക്കുന്നതായി അദ്ദേഹം പറഞ്ഞു. ”അവള് മനുഷ്യ ബോംബ് ആകാതിരിക്കാനാണ് മതംമാറ്റത്തിനെതിരെ കോടതിയെ സമീപിച്ചത്. കോടതിയില്‍ വിശ്വാസമുണ്ട്. നീതി ലഭിക്കുമെന്നാണ് പ്രതീക്ഷ” അശോകന് പറയുന്നു.
യുക്തിവാദിയും കമ്യൂണിസ്റ്റുകാരനുമായിട്ടും ഒരു കമ്യൂണിസ്റ്റുകാരനും തന്നെ സഹായിക്കാന്‍ വന്നില്ലെന്ന് അശോകന് പരസ്യമായി പറഞ്ഞു. അല്ലെങ്കില്‍ എന്നാണ് ഹിന്ദുവിന്റെ പ്രശ്നത്തില്‍ കമ്യൂണിസ്റ്റുകാര്‍ കൂടെനിന്നിട്ടുള്ളത്? ”ഞാനൊരു ആര്‍എസ്എസ് കാരനായിരുന്നെങ്കില്‍ എനിക്കീ ഗതി വരുമായിരുന്നോ?” എന്നാണ് അശോകന് ചോദിക്കുന്നത്. സ്വന്തം മക്കളെ രക്ഷിക്കാന്‍ പറ്റാത്ത കമ്യുണിസം എന്തിനെന്ന് ഹിന്ദു സഖാക്കള്‍ ചിന്തിക്കണം.
അന്താരാഷ്ട്രവ്യാപ്തിയുള്ള ഒരു ഉപജാപത്തിന്റെ നീരാളിപ്പിടുത്തത്തില്‍ നിസഹായനായ ഒരു പിതാവിന് ‘പേരന്‍സ് പാട്രിയ’യുടെ തണലില്‍ അഭയം നല്‍കണമെന്ന് ഹൈക്കോടതിക്കുപോലും തോന്നി. എന്നിട്ടും പാര്‍ട്ടി പ്രവര്‍ത്തകനായ ഇരയുടെ കൂടെ കമ്യൂണിസ്റ്റു പാര്‍ട്ടി നിന്നില്ല.
അതേ പാര്‍ട്ടിയാണ് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് അമ്പലത്തില്‍ പോയത് വലിയ പാതകമായി ചര്‍ച്ച ചെയ്തത്. കേന്ദ്രക്കമ്മിറ്റിയംഗം തോമസ് ഐസകിന് വത്തിക്കാനില്‍ പോയി പോപ്പിനെ കാണാം, എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റായിരുന്ന ചിന്താ ജെറോമിന് ഭരണങ്ങാനം പള്ളിയില്‍ പ്രാര്‍ത്ഥിക്കാന്‍ പോകാം, ഡിവൈഎഫ്ഐ സമ്മേളനത്തിനിടെ നിസ്കരിക്കാന്‍ മുസ്ലീം സഖാക്കള്‍ക്ക് പ്രത്യേക സൗകര്യം ഒരുക്കാം, സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറി സജി ചെറിയാന്റെ മകളുടെ വിവാഹം പരുമല പള്ളിയില്‍ വെച്ച് ക്രിസ്തീയ ആചാര പ്രകാരം നടത്താം, ടി.കെ.ഹംസ, കെ.ടി.ജലീല്‍ എന്നിവര്‍ക്ക് പരസ്യമായി മതാചാരം പിന്തുടരാം, ഹിന്ദു ദേവസ്വം മന്ത്രിക്ക് തൊഴാന്‍പോലും പാടില്ല! ഈ കമ്യൂണിസംകൊല്പ് ഹിന്ദുവിന് എന്തു നേട്ടമുണ്ടായി എന്ന് ഉറക്കെ ചിന്തിക്കേണ്ട കാലമായി.
ദേവസ്വം ഭണ്ഡാരത്തിലെ കാശ് നിഷിദ്ധമല്ലാത്ത കമ്യൂണിസ്റ്റുകാര്‍ ദേവസ്വം മന്ത്രി ക്ഷേത്രത്തില്‍ തൊഴുതതിന് വിശദീകരണം ചോദിക്കുന്ന പ്രസ്ഥാനത്തില്‍ ആത്മാഭിമാനമുള്ള ഏതെങ്കിലും ഹിന്ദു തുടരുമോ? തുടരണോ?
സംഘപരിവാര്‍ പ്രസ്ഥാനങ്ങളിലൂടെ ഹിന്ദുക്കള്‍ സംഘടിച്ച് രാമായണ മാസാചരണവും, നാലമ്പല തീര്‍ത്ഥാടനവും, നവരാത്രി ആഘോഷങ്ങളും, മണ്ഡലകാല തീര്‍ത്ഥാടനവും, മകരവിളക്കും, പൂരവും ഉത്സവങ്ങളും, ഓണവും വിഷുവും, ശ്രീകൃഷ്ണ ജയന്തിയും രക്ഷാബന്ധനും ഭാഗവത സപ്താഹങ്ങളും ഗണേശോത്സവവമായി സാമൂഹ്യ-സാംസ്കാരിക നവോത്ഥാനത്തിന് ശ്രമിക്കുമ്പോള്‍ അത് തങ്ങളുടെ രാഷ്ട്രീയ വോട്ടുബാങ്കുകളില്‍ ചോര്‍ച്ചയുണ്ടാക്കുമോ എന്ന അങ്കലാപ്പിലാണ് കമ്യൂണിസ്റ്റുകാര്‍. പരിവാര്‍ പ്രസ്ഥാനങ്ങള്‍ക്കുനേരെയുള്ള അവരുടെ കലിപ്പ് ഇതുകൊണ്ടു മാത്രമാണ്. ഗുരുദേവനെ കുരിശില്‍ തറച്ചും ശ്രീകൃഷ്ണ ജയന്തി മതേതരവല്‍ക്കരിച്ച് അനുകരിച്ചും ദേവസ്വങ്ങള്‍ കയ്യടക്കിയും അതിന് തടയിടാനാണ് പാര്ട്ടിക്കാര് ശ്രമിക്കുന്നത്.
ശ്രീനാരായണഗുരുവും ചട്ടമ്പി സ്വാമിയും അയ്യങ്കാളിയും ഉണര്‍ത്തിയ സാമൂഹ്യനവോന്ഥാനത്തില് ഹിന്ദു സമൂഹത്തിലുണ്ടായ ഉച്ചനീചത്വങ്ങളും അനാചാരങ്ങളും വഴിമാറിക്കൊടുക്കുകയായിരുന്നു. ആ നവോത്ഥാനത്തെയും കമ്യൂണിസ്റ്റുകാര്‍ ഹൈജാക്ക് ചെയ്തു തങ്ങളുടേതാക്കുകയായിരുന്നല്ലോ?
പോപ്പുലര്‍ ഫ്രണ്ട് ജിഹാദികള്‍ ലൗ ജിഹാദിന്റെ ഇരകളാക്കിയത് കൂടുതലും കമ്മ്യുണിസ്റ്റ് കുടുംബത്തിലുള്ള നിമിഷ, അനുജ, അഖില, ശ്രുതി എന്നിവരെയാണ്. കമ്യൂണിസ്റ്റു പാരമ്പര്യത്തിലായതുകൊണ്ട് സ്വന്തം സംസ്കാരമോ, മൂല്യങ്ങളോ ഭാരതീയതയോ മനസിലാക്കാന്‍ ഈ ഇരകള്‍ക്ക് അവസരമുണ്ടായില്ല.
ഹിന്ദുക്കളില്‍ പ്രബലമായ ഈഴവവിഭാഗത്തിലാണ് ഇത്തരം സംഭവങ്ങള്‍ നടക്കുന്നത്. ശ്രീനാരായണ ഗുരുദേവന്റെ തത്വങ്ങള്‍ അനുയായികളെന്ന വ്യാജേന ചില പില്കാല കമ്യൂണിസ്റ്റുകാര്‍ വളച്ചൊടിച്ച് ഹൈന്ദവാഭിമാനം നഷ്ടപ്പെടുത്തിയ സമുദായാംഗങ്ങളിലേക്ക് ജിഹാദിചിന്തകള് കടത്തിവിടാന്‍ എളുപ്പമായിരിക്കുന്നു.
മതപഠനമില്ലാത്ത ഹിന്ദുക്കള്‍ അന്യമതങ്ങളുടെ ദൈവങ്ങളെ പോലും ആരാധനയോടെ വണങ്ങി തികഞ്ഞ മതേതരവാദികളായി വളരുമ്പോള്‍ തന്റെ ദൈവം അല്ലാതെ മറ്റൊരു ദൈവം ഇല്ല എന്നും തന്റെ മതമല്ലാതെ മറ്റൊരു മതം ഇല്ല എന്നുമുള്ള സെമിറ്റിക് ചിന്തയില്‍ വളരുന്ന മുസ്ലീമിന്റെയും ക്രിസ്ത്യാനിയുടെയും മുന്പില് പതറിപ്പോകുകയാണ്. കുരങ്ങന് കള്ളുകുടിച്ചപോലെ കൂടെക്കൂട്ടിയ കമ്യൂണിസം അവനെ യുക്തിവാദിയും നിരീശ്വരവാദിയും ആക്കിയെന്നു മാത്രമല്ല, ഹിന്ദുവാകുന്നതില്‍ അപകര്‍ഷതാബോധം സൃഷ്ടിക്കുകയും ചെയ്തു.
വ്യാസന്, വാല്മീകി, ശ്രീശങ്കരന്, സ്വാമി വിവേകാനന്ദന്, ഗാന്ധിജി, അരവിന്ദന് നേതാജി, ടാഗോര്‍ തുടങ്ങിയ എണ്ണിയാലൊടുങ്ങാത്ത മഹാ പ്രതിഭകളെ സൃഷ്ടിച്ച ഒരു മതത്തിന്റെ കരുത്തിനേക്കുറിച്ച് പഠിക്കാത്തതുകൊണ്ടാണ് ഈ അപകര്‍ഷതാബോധം ഉണ്ടാകുന്നത്.
”ചെറുതാഴം ശ്രുതിയെ ഞങ്ങള്‍ കൊണ്ടുപോയിരിക്കും. അത് സിറിയയിലേക്കായാലും യമനിലേക്കായാലും. പറയുന്നത് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയാണ്” എന്ന് പോപ്പുലര്‍ ഫ്രണ്ടിന്റെ പേരില്‍ ചെറുതാഴത്ത് പല സ്ഥലങ്ങളിലും പോസ്റ്റര്‍ പ്രത്യക്ഷപ്പെടുകയുണ്ടായി. ഈ ധാര്‍ഷ്ഠ്യത്തിന്റെ പിന്‍ബലം അന്താരാഷ്ട്ര ജിഹാദി ബന്ധങ്ങളും സംസ്ഥാനത്ത് രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക, മാദ്ധ്യമ രംഗങ്ങളിലെല്ലാം അവര്‍ നേടിയ പിന്തുണയാണ്.
അതില്‍ തെല്ലും അതിശയപ്പെടേണ്ടതില്ല. രാഷ്ട്രീയ വോട്ടുബാങ്കുകളില്ലാത്ത ഹിന്ദുവിനെ വിദ്യാഭ്യാസ, ആരോഗ്യ, വ്യാവസായികമേഖലകളില്നിന്നു മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ആസൂത്രിതമായി പുറംതള്ളുകയായിരുന്നല്ലോ. ലീഗും കേരള കോണ്‍ഗ്രസും 100 ശതമാനം മുസ്ലിം ക്രിസ്ത്യന്‍ താല്പര്യങ്ങള് സംരക്ഷിക്കുന്നവരാണ്. കോണ്‍ഗ്രസ്-കമ്യൂണിസ്റ്റു പാര്‍ട്ടികളിലെ മുസ്ലിം-ക്രിസ്ത്യന്‍ ക്വോട്ടയും കൂടിയാകുമ്പോള്‍ ബാക്കിവരുന്ന ഉച്ചിഷ്ടംകൊണ്ട് തൃപ്തിപ്പെടേണ്ട ഗതികേടിലാണ് ഹിന്ദുക്കള്‍. മുഖ്യധാരാ രാഷ്ട്രീയക്കാരുടെ പിറകേ ഈ ഉച്ചിഷ്ടത്തിനായി അലയുന്ന ഭിക്ഷാംദേഹികള്‍ക്ക് സ്കൂളുകളും മെഡിക്കല്‍ കോളെജുകളും സ്വാശ്രയ കോളെജുകളും അധികാരകേന്ദ്രങ്ങളിലെ താക്കോല്‍സ്ഥാനങ്ങളും നഷ്ടപ്പെടുന്നതില്‍ എന്തെങ്കിലും അത്ഭുതമുണ്ടോ?
ഹിന്ദുവിരുദ്ധമായതെന്തിനെയും കമ്യൂണിസ്റ്റുകള്‍ പിന്തുണക്കും. ഗൗരി ലങ്കേഷ് വെടിയേറ്റു മരിച്ച നിര്‍ഭാഗ്യകരമായ സംഭവമെടുക്കുക. കോണ്‍ഗ്രസ്-കമ്യൂണിസ്റ്റ്-ബുദ്ധിജീവി-മാദ്ധ്യമപ്രഭൃതികള് കൊലനടന്ന് മണിക്കൂറുകള്‍ക്കകം സംഘപരിവാറിനെ പ്രതിയാക്കാന്‍ മത്സരിക്കുകയായിരുന്നു. കര്‍ണാടകയില്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രി സിദ്ധരാമയ്യയാണ് ഭരിക്കുന്നത്. ഇന്ത്യാവിരുദ്ധ, ഹിന്ദുവിരുദ്ധ, സൈനികവിരുദ്ധയായ കോടതി മാനനഷ്ടത്തിന് ആറുമാസം ജയില്‍ശിക്ഷയും 10,000 രൂപ പിഴയും വിധിച്ച അവര്‍ക്ക് 21 ആചാരവെടികളോടെ ശവസംസ്കാരം നടത്തിയ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഇന്നും പ്രതികളെ അറസ്റ്റു ചെയ്തിട്ടില്ല. ബംഗളൂരുകാരായ ലഫ്റ്റ്നന്റ് കേണല്‍ നിരജ്ഞന് കുമാറിനോ മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണനോ ലഭിക്കാത്ത ആദരവും അംഗീകാരവും അവര്‍ക്ക് ലഭിച്ചത് അവര്‍ ഹൈന്ദവപ്രസ്ഥാനങ്ങള്ക്കെതിരായിരുന്നു എന്നതുകൊണ്ടാണ്.
കര്‍ണാടകയില്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളില്‍ മാത്രം കൊല്ലപ്പെട്ടത് 12 ആര്‍എസ്എസ് പ്രവര്‍ത്തകരാണ്. ഇസ്ലാമിക മത തീവ്രവാദികളാല്‍ കൊല്ലപ്പെട്ട ഈ പ്രവര്‍ത്തകര്‍ക്കില്ലാത്ത എന്ത് പ്രത്യേകാവകാശമാണ് ഗൗരി ലങ്കേശിനുള്ളത്? യഥാര്‍ത്ഥ മനുഷ്യാവകാശങ്ങളാണ് വിഷയമെങ്കില്‍ കൊല്ലപ്പെട്ട പന്‍സാരെ, കല്‍ബുര്‍ഗി, ധബോല്‍ക്കര്‍, ഗൗരി ലങ്കേശ് എന്നിവര്‍ക്കൊപ്പം ഈ 12 സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്കുവേണ്ടിയും കമ്യൂണിസ്റ്റുകാര്‍ വാദിക്കാത്തതെന്താണ്?
പകല്‍ സഖാക്കളും രാത്രി മൗദൂദികളുമായി കമ്യൂണിസ്റ്റ് പാര്‍ട്ടിയിലൂടെയാണ് ഇന്ന് അവരുടെ വര്‍ഗീയ അജണ്ട നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. ആര്‍എസ്എസിനെ ഹിന്ദു തീവ്രവാദികളെന്നു മുദ്രകുത്തുമ്പോഴും പാര്‍ട്ടിയുടെ മറയില്‍ വര്‍ഗീയ തീവ്രവാദ ലേബലുകള്‍ ഒഴിവാക്കാം. പാര്‍ട്ടിയിലേക്ക് ചേക്കേറുന്ന മുസ്ലിം തീവ്രവാദികള്‍ക്ക് പാര്‍ട്ടി ഇടത്താവളം മാത്രമാണ്. സ്വയം കരുത്താര്ജിച്ചുകഴിഞ്ഞാല് ആദ്യത്തെ ഇര ഈ പാര്‍ട്ടി തന്നെയായിരിക്കും. പാര്‍ട്ടി ഇതറിയുമ്പോഴേക്കും വളരെ വൈകിയിരിക്കും.