നാം ചോദ്യങ്ങൾ ചോദിക്കാൻ മറന്നുതുടങ്ങിയതെന്ന്?

സുധീഷ് ശശിധരൻ

എന്നാണ് നാം ചോദ്യങ്ങൾ ചോദിക്കാൻ മറന്നു തുടങ്ങിയത് ? അതിരുകളോ പരിധികളോ ഇല്ലാത്ത ജീവിതവും ചോദ്യോത്തരങ്ങളുടെ അനന്ത സാദ്ധ്യതകളും മുന്നോട്ടുവച്ച ജീവിത രീതിയാണ് ഹിന്ദു ധർമ്മം. ഉത്തരവുകൾ കൊണ്ടല്ല ഉത്തരങ്ങൾ കൊണ്ടാണ് ആശയങ്ങൾ മനസ്സുകളിൽ ഉറപ്പിക്കേണ്ടത് എന്ന് പലവുരു പറഞ്ഞു പഠിപ്പിച്ച ആ മഹത്തായ ആ ധർമ്മം ചോദ്യോത്തരങ്ങൾക്ക് സാദ്ധ്യതയില്ലാത്ത പ്രത്യയശാസ്ത്രങ്ങളുമായി തുറന്ന പോരിലേക്ക് വലിച്ചിഴക്കപ്പെട്ടിരിക്കയാണ്.

ഈ ലോകത്തിലെ സർവ്വ നൻമയും എന്നിലേക്ക് പ്രവഹിക്കട്ടെ എന്ന് പ്രാർത്ഥിച്ച , കയറി വന്നവർക്കൊക്കെ ഭക്ഷണവും താമസവും ആശയം പ്രചരിപ്പിക്കാനുള്ള സ്വാതന്ത്ര്യവും പതിച്ചു കൊടുത്ത ഒരു ജനത, അവരുടെ അവസ്ഥ എന്താണ് ? വന്നു കയറിയവർ തീർത്ത മതത്തിന്റെ വേലിക്കെട്ടുകൾക്കുള്ളിൽ അവരും കുടുങ്ങിയിരിക്കുന്നു.

മതം എന്ന ആശയം ഭാരതത്തിനു ആനാവശ്യമായിരുന്നു. ഒരേ വീട്ടിൽ നാസ്തികനും കാളീ ഉപാസകനും ചാത്തൻ സേവക്കാരനും കൃഷ്ണ ഭക്തനും ജീവിച്ചിരുന്ന ഒരു സംസ്കാരത്തിൽ “ഈശ്വര വിശ്വാസം” എല്ലാ കാലത്തും വ്യക്തിപരമായ സ്വാതന്ത്ര്യമായിരുന്നു. അവിടെ മതം എന്ന ഇടുങ്ങിയ ചട്ടക്കൂടുകൾ വിട്ട് അതി വിശാലമായ ധർമ്മ സങ്കൽപ്പത്തിൽ മുങ്ങിക്കുളിച്ച ഭാരതീയ ചിന്താധാരകൾക്കൊന്നും മറ്റുള്ളവന്റെ വിശ്വാസം അസഹിഷ്ണതയുടെ വിഷയമായിരുന്നില്ല. എന്നാൽ ഇന്ന് ഹിന്ദു മതം എന്നതൊരു സത്യമാണ് എന്ന് മാത്രമല്ല, അനിവാര്യതകൂടിയാണ്. സ്വന്തം ധർമ്മത്തിൽ വിശ്വസിക്കുക എന്നതിനു ചെറുത്തുനിൽപ്പിന്റെ രൂപഭാവങ്ങൾ കൂടി വന്നു തുടങ്ങുന്നു. സംഘടിതരൂപമില്ലാതെ അതിജീവനം അസാധ്യമായിരിക്കുന്നു.

അള്ളാഹുവിനെയോ ക്രിസ്തുവിനെയോ ആരാധിക്കുന്നവർ ഒരു ഹിന്ദുവിന് യാതൊരു അലോസരവും ഉണ്ടാക്കുന്നില്ല, അതെ സമയം സെമറ്റിക് മതങ്ങൾക്ക് പ്രത്യേകിച്ച് ഇസ്‌ലാം വിശ്വാസികൾക്ക് ഗണപതിയും അയ്യപ്പനും വിഷ്ണുവും അലോസരം തന്നെയാണ്. ഇവിടെയാണ്‌ ഹിന്ദു മതത്തിന്റെ നിലനിൽപ്പ് തന്നെ ചോദ്യം ചെയ്യപ്പെട്ടു തുടങ്ങുന്നത്.

ഒരു കോളേജ് ഹോസ്റ്റലിൽ റൂം പങ്കിടുന്ന രണ്ടു പെൺകുട്ടികളെ സങ്കൽപ്പിക്കുക. ഒരാൾ മുസ്ലീമാണ് മറ്റൊരാൾ ഹിന്ദുവും. ഹിന്ദു പെൺകുട്ടിയെ സംബന്ധിച്ച് മുസ്‌ലിം പെൺകുട്ടിയുടെ നിസ്കാരം അവൾ കണ്ടു ശീലിച്ച നൂറുകണക്കിന് ആരാധനാ രീതികളിൽ ഒന്നുമാത്രമാണ്, അവളുടെ വിശ്വാസത്തിനു എതിരായി അവിടെ യാതൊന്നും ഇല്ല. എന്നാൽ ഹിന്ദു പെൺകുട്ടി വൈകുന്നേരം വിളക്ക് കൊളുത്തി രാമ രാമ ചൊല്ലുന്നത് തീർച്ചയായും ഇസ്‌ലാമിന്റെ സങ്കല്പങ്ങൾക്കെതിരാണ്. ഭാരതത്തിന്റെ ബഹുസ്വരത ശീലിച്ച പരമ്പരാഗത മുസ്ലീങ്ങളിൽ ബഹുഭൂരിപക്ഷവും ഈ അവസ്ഥ തരണം ചെയ്തവരാണ്, അവർക്കും അതിൽ അസ്വസ്ഥത ഉണ്ടാവില്ല.

എന്നാൽ അതല്ല പുതുതായി സൃഷ്ടിക്കപ്പെടുന്ന “നല്ല മുസ്ലീങ്ങളുടെ അവസ്ഥ”. പോപ്പുലർ ഫ്രണ്ടും ജമാഅത്ത ഇസ്ലാമിയും അക്ബറും സക്കീർ നയിക്കും മദനിയും സൃഷ്ടിച്ചെടുത്ത “നല്ല മുസ്ലീമിന്” അതൊരു പ്രശ്നമാണ്. ഈ പ്രശ്നത്തെ കേവലം ഹോസ്റ്റൽ മുറിയിൽ ഒതുക്കേണ്ടാ, സോഷ്യൽ മീഡിയ മുതൽ മൈദാനങ്ങൾ വരെ എവിടേയും കാര്യങ്ങളുടെ പോക്ക് ഈ രീതിയിൽ തന്നെയാണ്.

കൂട്ടുകാരിയെ നരകത്തിൽ നിന്നും രക്ഷിക്കുക എന്നത് സ്വാഭാവികമായും “നല്ല മുസ്‌ലിം” കുട്ടിയുടെ കടമ കൂടിയാണ്. ആലോചിക്കണം, ആതിരയും അഖിലയും ഒക്കെ ഏറ്റവും സങ്കടപ്പെട്ടിരുന്നത് കാഫിറുകളായ അവരുടെ അച്ഛനമ്മമാരുടെ അന്ത്യ വിധിയെ പറ്റിയാണ് ! ഇനി ആ മുറിയിൽ സംഭവിക്കുന്നത് ചിന്തിച്ചു നോക്കാം. “നല്ല മുസ്‌ലിം” കുട്ടിയുടെ മനസ്സിൽ കൂട്ടുകാരിക്ക് വരാൻ പോകുന്ന ഭീതിതമായ അന്ത്യ വിധി ഒരു വിഷയം തന്നെയാകും, അവളുടെ രക്ഷ കൂട്ടുകാരിയുടെ ബാധ്യത കൂടിയാണ്, അതിനു ഏക മാർഗം മത പരിവർത്തനം തന്നെയാണ്.

സ്വാഭാവികമായും ഇസ്‌ലാം മതെത്തിൽ നിന്നും തിരിച്ചെത്തിയ ആതിര സൂചിപ്പിച്ചത് പോലെ ഹിന്ദുവിന്റെ ദൈവ സങ്കല്പം, ആരാധനാ ക്രമം തുടങ്ങിയവയെ ഒക്കെ ചോദ്യം ചെയ്തു തുടങ്ങുകയാണ് ആദ്യ പടി. അതെ സമയം ഹിന്ദു കുട്ടിയുടെ മനസ്സിൽ അത്തരം ചിന്തകൾ വരേണ്ട കാര്യമില്ല. സെമറ്റിക് മതങ്ങളുടെ സംഘടനാ രീതി തന്നെ ഓരോ മത വിശ്വാസിയെയും മതം പ്രചരിപ്പിക്കുന്നതിനു പ്രാപ്തരാക്കുക എന്ന രീതിയിലാണ്. അതെ സമയം ഹിന്ദുവിന് ഈശ്വര വിശ്വാസം തന്നെ ഒരു ചോയിസാണ്, മതപഠനം എന്നത് ജീവിതചര്യയുടെ ഒരു ഭാഗം പോലുമല്ല. ഈശ്വര വിശ്വാസത്തിന്റെ ഏറ്റവും പ്രാകൃതമായ ഭാവം “ആൽഫ മെയിൽ” സ്വഭാവം പുലർത്തുന്ന സർവ്വ ശക്തനായ ഒരു ദൈവമാണ്, എല്ലാ പ്രിമിറ്റിവ് മത രൂപങ്ങളും ആ ചിന്ത പുലർത്തുന്നവയാണ്. ഇന്ദ്രനോ സീയുസോ അള്ളാഹുവോ ഒക്കെ ഇത്തരം പ്രിമിറ്റിവ് മത സങ്കൽപ്പങ്ങളുടെ സൃഷ്ടിയാണ്. എന്നാൽ അദ്വൈതമോ ദ്വൈതമോ നാസ്തികത്വമോ ഒക്കെയും വളരെ കാലമെടുത്ത് പാകപ്പെട്ട സങ്കീർണ്ണമായ ചിന്താ പദ്ധതികളാണ്. സ്വാഭാവികമായും ലളിതമായ ദൈവ സങ്കല്പം വളരെ വേഗത്തിൽ അടിച്ചേൽപ്പിക്കാൻ സാധിക്കുന്നു.

ഹിന്ദുക്കളുടെ ഇടയിൽ കടന്നുകൂടിയ കമ്യൂണിസം സെമറ്റിക്ക് മതങ്ങളുടെ മുന്നിൽ ഒരു സാധാരണ ഹിന്ദുവിനെ കൂടുതൽ ദുർബലമാക്കി എന്നതുകൂടി ഇവിടെ പരിഗണിക്കണം. രാമായണമാസാചരണം, ഭാഗവത സപ്‌താഹങ്ങൾ, ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങൾ തുടങ്ങിയവയെ വരെ ദുർബലമാക്കാനാണ് കേരളത്തിൽ എല്ലാ കാലത്തും മാർക്സിസ്റ്റ്‌ പാർട്ടി ശ്രമിച്ചത്. പാർട്ടി അംഗങ്ങളിലും അനുഭാവികളും വലിയൊരു ശതമാനത്തിനും അതുകൊണ്ട് തന്നെ ഹിന്ദു മതവുമായി ബന്ധപ്പെട്ട കാര്യങ്ങളോട് വ്യക്തമായ അകൽച്ച വന്നിട്ടുണ്ട്. ബാക്കിയുള്ളവരിൽ ഭൂരിപക്ഷത്തിനും ഹിന്ദു മതത്തെ പറ്റി അറിയാനുള്ള ആകെ മാർഗം ബാലഗ്രന്ഥങ്ങളും ടീവി സീരിയലുകളും മാത്രമായി ചുരുങ്ങി. ബാലഗോകുലം, ഗീതാ പഠന ക്ളാസുകൾ മുതലായവ കമ്യൂണിസ്റ്റ് പാർട്ടിയുടെ രാഷ്ട്രീയ നിലപാടു മൂലം വർഗീയവത്കരിക്കപ്പെട്ട് പൂർണമായും അന്യവത്കരിക്കപ്പെടുകയും ചെയ്യുന്നു.

അതായത് ചോദ്യങ്ങൾ ചോദിക്കലാണ് ആത്മജ്ഞാനത്തിന്റെ അടിസ്ഥാന പാഠം എന്ന് ചിന്തിച്ച ഒരു ജനതയുടെ പുതിയ തലമുറയെ ഒരു ചോദ്യം തിരിച്ച് ചോദിക്കാൻ പോലും പ്രാപ്തിയില്ലാത്ത വിധത്തിൽ കെട്ടിയിടാൻ കമ്യൂണിസത്തിനായി. ഈ കഴിഞ്ഞ കാലങ്ങളിൽ നടന്ന മതപരിവർത്തന വാർത്തകൾ ശ്രദ്ധിച്ചാൽ മിക്കതും നടന്നിരിക്കുന്നത് കമ്യൂണിസ്റ്റ് ഭാവനങ്ങളിലാണ് എന്ന് കാണാം.

തിരിച്ചൊരു ചോദ്യത്തിന് പോലും സാദ്ധ്യത ഒഴിവാക്കിയ നിയന്ത്രിത ഘടന പുലർത്തുന്ന മതമാണ് ഇസ്‌ലാം. സർവ്വ ശക്തനും സർവ്വതും തീരുമാനിക്കുന്നവനും തന്നെ വണങ്ങാത്തവന് ഭീകരമായ ശിക്ഷകൾ കരുതിവച്ചിരിക്കുന്നവനുമായ ഒരു ഈശ്വര സങ്കല്പം സ്വന്തം മതത്തെപ്പറ്റി യാതൊരു ധാരണയും ഇല്ലാത്ത ഒരാളിൽ കുത്തിവെക്കുക എളുപ്പമാണ്. ഏതൊരു മനുഷ്യന്റെയും ഉള്ളിൽ ഏറിയോ കുറഞ്ഞോ നിലനിൽക്കുന്ന സ്വന്തം അസ്തിത്വത്തെ ക്കുറിച്ചുള്ള ചോദ്യത്തെ “ആൽഫമെയിൽ ഈശ്വര സങ്കല്പം” തൃപ്‍തിപ്പെടുത്തുന്നു എന്നതുതന്നെ കാരണം. സ്വാഭാവികമായും ആ പ്രിമിറ്റിവ് ഈശ്വര സങ്കൽപ്പത്തിൽ നിന്നും കൂടുതൽ റാഷണലായ നിരീശ്വര വാദത്തിലേക്കോ അദ്വൈതം, മോക്ഷം മുതലായ സങ്കീർണ്ണമായ ദൈവ സങ്കൽപ്പത്തിലേക്കോ ഒക്കെ പോകാവുന്ന ചിന്തകൾ ഇസ്‌ലാമിന്റെ ചോദ്യങ്ങളോടുള്ള വിമുഖതയും ഉത്തരങ്ങളെക്കാൾ ഏറെ ഉത്തരവുകളെ പിന്തുടരുന്ന ഘടനയും മൂലം ചുരുക്കം ചില ഉത്തരങ്ങളിൽ തന്നെ തളച്ചിടപ്പെടുന്നു.

“ദൈവഭയം” എന്ന വാക്കുതന്നെ ഒരു സെമറ്റിക്ക് സൃഷ്ടിയാണ്. ഹിന്ദുമതം ഒരുകാലത്തും ദൈവത്തെ ഭയപ്പെടാൻ പഠിപ്പിക്കുന്നില്ല, അതിലെ ചില ശാഖകളിൽ ഉള്ള നരക സങ്കല്പം പോലും ധർമ്മാധർമ്മങ്ങളെ ആശ്രയിച്ചാണ്, അതിലൊരിടത്തും ഈശ്വര വിശ്വാസം നരകത്തിന് കാരണമാകുന്നില്ല. എന്നാൽ ഇസ്‌ലാമിൽ ഖുറാനുഎതിരായി അനുഷ്ഠിക്കുന്ന എന്തും നരകത്തിലെത്തിക്കുന്നു ! പർദ്ദ മുതൽ നിസ്കാരം വരെ സർവ്വതും പിന്തുടർന്നാലും ഒരാൾ പൂർണ്ണമായും “നല്ല മുസ്ലീമാകുന്നില്ല” ആടുമേക്കൽ മുതൽ ജിഹാദ് വരെ നീണ്ടു നിവർന്നു കിടക്കുകയാണ് !

ഏതൊരാൾക്കും മതം പ്രചരിപ്പിക്കാനും സ്വീകരിക്കാനും ഉള്ള അവകാശം ഇന്ത്യൻ ഭരണഘടന തരുന്നുണ്ട്. എന്നാൽ ഇവിടെ മത്സരം തുല്യരായ വിഭാഗങ്ങൾ തമ്മിലല്ല. ഏതൊരു വിശ്വാസത്തെയും സഹിഷ്ണതയോടെ നോക്കിക്കാണാൻ ശീലിച്ച മറ്റൊരാളെ എന്തിനു മതം മാറ്റണം എന്ന് ചിന്തിക്കുന്ന ഒരു വിഭാഗവും തന്റെതല്ലാത്ത ഏതൊരു വിശ്വാസത്തെയും അസഹിഷ്ണതയോടെ നോക്കിക്കാണാൻ ശീലിപ്പിക്കപ്പെട്ട, അവരെ സ്വന്തം വിശ്വാസത്തിലേക്കു കൊണ്ടുവരുന്നതാണ് തന്റെ ഏറ്റവും വലിയ കർത്തവ്യം എന്ന് ചിന്തിക്കുന്ന വേറൊരു വിഭാഗവും തമ്മിൽ ഈ വിഷയത്തിൽ ഒരിക്കലും തുല്യരാകുന്നില്ല. ഈ വീക്ഷണ കോണിൽ നിന്നും മതപരിവർത്തനത്തെ ഭീതിയോടെയല്ലാതെ നോക്കിക്കാണാൻ സാധിക്കില്ല. മുസ്‌ലിം ജനസംഖ്യ പകുതിയോടടുക്കുന്ന എല്ലാ രാജ്യങ്ങളിലും സാധാരണ വിശ്വാസികളിൽ നിന്നും നിയന്ത്രണം ഇസ്‌ലാമിക് സ്റ്റേറ്റോ താലിബാനോ പോലുള്ള ജിഹാദി ഗ്രൂപ്പുകൾ ഏറ്റെടുക്കയോ അല്ലെങ്കിൽ അവിടം സൗദി അറേബ്യ പോലുള്ള ഇസ്‌ലാമിക രാജ്യമായി പരിവർത്തനം ചെയ്യുകയോ ചെയ്യപ്പെട്ടിട്ടുണ്ട്.

ആർക്കും മതം പ്രചരിപ്പിക്കാനും സ്വന്തം വിശ്വാസം അനുസരിച്ച് ജീവിക്കാനും സ്വാതന്ത്ര്യമുള്ള ഇന്ത്യയിൽ അതെ അവസ്ഥ നിലനിർത്താനുള്ള ഏക മാർഗം ബഹുസ്വരതയിൽ വിശ്വസിക്കുന്ന മതവിഭാഗങ്ങൾ ഭൂരിപക്ഷമായി നിലനിൽക്കുക മാത്രമാണ്. എന്നാൽ ഇത് എത്ര കണ്ടു സാധ്യമാണ് ? മുകളിൽ വിവരിച്ച മതപരിവർത്തനം സംഘടിത രൂപത്തിലുള്ളതല്ല എന്ന് വേണമെങ്കിൽ വാദിക്കാം. എന്നാൽ സംഘടിത രൂപത്തിൽ കൂടി അത് നിലനിൽക്കുന്നു. ഇസ്‌ലാമിക് സ്റ്റേറ്റിന്റെ ഭാഗമായി സിറിയയിലേക്ക് പോയ നിമിഷയടക്കമുള്ള പെൺകുട്ടികളുടെ മതപരിവർത്തനത്തിന്റെ ഘടന നോക്കിയാൽ ഇത് വ്യക്തമാകും. ഒരു മുസ്‌ലിം യുവാവുമായി പ്രണയത്തിലാകുക, അയാളെ വിവാഹം കഴിക്കാനായി മതം മാറാൻ തീരുമാനിക്കുക, അതോടെ കാമുകൻ ഒഴിഞ്ഞുപോകുന്നു. ആതിരയുടെയും അഖിലയുടെയും ഒക്കെ കേസിൽ കൂടെ താമസിക്കുന്ന പെൺകുട്ടികളാണ് മതപഠനം നടത്തുന്നത്. രണ്ടു കേസിലും വീണ്ടും പാറ്റേൺ ഒന്ന് തന്നെയാകുന്നു. വീട് വിട്ടിറങ്ങുക, സത്യ സരണി എന്ന ഇസ്‌ലാമിക പഠനകേന്ദ്രത്തിൽ എത്തിക്കുക, ഒരു മുസ്ലീമിനെ കൊണ്ട് വിവാഹം കഴിപ്പിക്കുക, നിയമത്തിന്റെ പഴുതുകൾ പൂർണ്ണമായും അടച്ച് അവരെ ഇസ്‌ലാമായി മാറ്റുക. ആതിര പറഞ്ഞത് പ്രകാരം വീട്ടിൽ നിന്നിറങ്ങിയ ഉടൻ തന്നെ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ ചെയ്‌തത്‌ മൊബൈൽ ഫോൺ വാങ്ങി വക്കുകയും വീട്ടുകാരുമായി ബന്ധപ്പെടാനുള്ള പഴുതുകൾ അടക്കുകയുമാണ്. കോടതിയിൽ നിന്നും രക്ഷപെടാനുള്ള ഏറ്റവും നല്ല മാർഗമായി നിര്ദേശിക്കപ്പെട്ടതും വിവാഹമാണ്. നിമിഷയുടെ വിവാഹം എവിടെ എത്തിനിന്നു എന്നതും ഓർക്കണം.

ചോദ്യം ചോദിക്കാനും ഉത്തരം പറയാനും പഠിച്ച പഠിപ്പിച്ച ഹിന്ദു സമൂഹം ചുരുക്കത്തിൽ ചോദ്യങ്ങളും ഉത്തരങ്ങളും ഇല്ലാത്ത സമൂഹമായി മാറിയിരിക്കുന്നു. റാഷണലിസത്തിനും യുക്തി ചിന്തക്കും ഉന്നത സ്ഥാനം നൽകിയിരുന്ന സമൂഹം ശരി തെറ്റുകളെ വിവേചിച്ചറിയാൻ കഴിവില്ലാത്ത വിധത്തിൽ വീണുപോയിരിക്കുന്നു. അതിരുകളും പരിധികളും ഇല്ലാതിരുന്ന ഹിന്ദു ധർമ്മം മറ്റുള്ളവർ കെട്ടിയ വേലിക്കുള്ളിൽ കുടുങ്ങിപ്പോയിരിക്കുന്നു. ശാസ്ത്രത്തെയും യുക്തിചിന്തയെയും ബഹുസ്വരതയെയും നാം മുറുകെ പിടിക്കാനുള്ള സമയമാണിത്. കുട്ടികളെ ചോദ്യങ്ങൾ ചോദിക്കാൻ പഠിപ്പിക്കുക, ഉത്തരങ്ങൾ അവർ തേടട്ടെ. സാക്ഷാൽ പരമശിവന് പോലും പാർവ്വതി യുക്തിയുക്തം ചോദ്യം ചെയ്തതിനെ യുക്തിയുക്തമുള്ള ഉത്തരങ്ങൾ കൊണ്ട് നേരിടേണ്ടി വന്ന നാടാണിത്. ഇവിടെ ഉത്തരവുകൾക്കും ഇടുങ്ങിയ ചിന്തകൾക്കും സ്ഥാനമില്ലാതെ വരട്ടെ. സർവ്വ ലോകത്തുനിന്നും നല്ല അറിവുകൾ പ്രവഹിക്കട്ടെ, സർവർക്കും നല്ലതുണ്ടാകാട്ടെ, നമ്മൾ പാപികല്ല, അമരത്വത്തിന്റെ പുത്രരാണ്, സർവർക്കും ശാന്തിയുണ്ടാകട്ടെ.