രഞ്ജിത്ത് കാഞ്ഞിരത്തിൽ
രാഷ്ട്രം തിരസ്കരിച്ച കര്‍മയോഗിയുടെ, എനിക്ക് രക്തം തരൂ ഞാന്‍ നിങ്ങള്ക്ക് സ്വാതന്ത്ര്യം തരാം എന്ന് പറഞ്ഞ നമ്മുടെ നേതാജിയുടെ, ഒരു ജന്മദിനം കൂടി കടന്നു പോകുന്നു.
ബാല്യം യൗവ്വനം ….
ഒറീസയിലെ കട്ടക്കില്‍ 1897 ജനുവരി 23നായിരുന്നു സുഭാഷിന്‍റെ ജനനം. അച്ഛന്‍ അഭിഭാഷകനായ ജാനകീനാഥബോസും അമ്മ പ്രഭാവതിയും. ജാനകീനാഥബോസ് മഹാത്മാഗാന്ധിയുടെ അനുയായിയായിരുന്നു. ജാനകീനാഥബോസ് 1912-ല്‍ ബംഗാള്‍ നിയമസഭയിലേക്കു തെരഞ്ഞെടുക്കപ്പെടുകയുണ്ടായി. അദ്ദേഹത്തിന്റെ പതിമൂന്നു മക്കളില്‍ ഒന്‍പതാമനായിരുന്നു സുഭാഷ്. കട്ടക് ഇംഗ്ലീഷ് സ്കൂളിലായിരുന്നു സുഭാഷിന്റെ പ്രാഥമിക വിദ്യാഭ്യാസം. 1913-ല്‍ മെട്രിക്കുലേഷനും 1915-ല്‍ ഇന്റര്‍മീഡിയറ്റും 1920 ല്‍ ഐ. സി. എസും പാസായി. ബ്രിട്ടനിന്‍ നിന്നാണ് ബോസ് ഐസിഎസ് പാസായത്.
കൊണ്‍ഗ്രസ്സ് രാഷ്ട്രീയത്തില്‍
1921 ജൂലൈയില്‍ ഐസിഎസ് പഠനം പൂര്‍ത്തിയാക്കി ബോസ് ബോംബെയില്‍ മടങ്ങിയെത്തുമ്പോള്‍ സ്വാതന്ത്ര്യസമരം കൊടുമ്പിരിക്കൊണ്ടിരിക്കുകയായിരുന്നു. 1923 ല്‍ നേതാജി യൂത്ത്‌കോണ്‍ഗ്രസ് പ്രസിഡന്റ് ആയി. ഒപ്പം ദേശബന്ധു ചിത്തരഞ്ജന്‍ ദാസിന്‍റെ കീഴില്‍ കല്‍ക്കട്ട മുനിസിപ്പല്‍ കോര്‍പറേഷനില്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ ആയി അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു. ആ വർഷം തന്നെ ഒക്‌ടോബറിൽ തീവ്രവാദിയാണെന്ന സംശയത്തിന്റെ പുറത്ത് ബോസിനെ അറസ്റ്റ് ചെയ്തു. ആദ്യം അലിപൂർ ജയിലിലായിരുന്നു പാർപ്പിച്ചിരുന്നതെങ്കിലും പിന്നീട് അദ്ദേഹത്തെ ബർമ്മയിലേ മാന്‍ഡലെ ജയിലിലേക്ക് നാടുകടത്തി. സെപ്തംമ്പർ 25 ന് അദ്ദേഹം ജയിൽ മോചിതനായി, അതിനു ശേഷം നടന്ന തിരഞ്ഞെടുപ്പിൽ കൽക്കട്ട മേയറായി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു.
1938 ല്‍ അദ്ദേഹം കോണ്‍ഗ്രസ് പ്രസിഡന്റ് പദവിയിലെത്തി. 1939 ഗാന്ധി പക്ഷ സ്ഥാനാര്‍ഥിയായ പട്ടാഭി സീതാരാമയ്യ യെ തോല്‍പ്പിച്ച് ബോസ് വീണ്ടും കൊണ്ഗ്രെസ് പ്രസിഡന്റ് പദവിയില്‍ എത്തി. എന്നാല്‍ താമസിയാതെ പാര്‍ട്ടിയിലെ അന്തഃഛിദ്രങ്ങള്‍ അദ്ദേഹത്തെ പ്രതിസന്ധിയിലാക്കി. മഹാത്മഗാന്ധിയുമായിയുള്ള അഭിപ്രായ വ്യത്യാസം മൂലം ഒടുവില്‍ ബോസിന് രാജിവയ്‌ക്കേണ്ടി വന്നു.
പ്രസിഡന്റ് പദവി ഒഴിഞ്ഞ് സ്വതന്ത്രനായി പുറത്തു വന്ന അദ്ദേഹത്തിന് കോണ്‍ഗ്രസിന്റെ നിലപാടുകളിലൂടെ സ്വാതന്ത്ര്യം നേടുക വളരെ ദുഷ്കരമാണെന്ന് ബോധ്യപ്പെട്ടു. അങ്ങനെയാണ് സായുധ വിപ്ലവത്തിലൂടെ സ്വാതന്ത്ര്യം നേടുക എന്ന ആശയത്തിലേക്ക് ബോസ് എത്തുന്നതും ഓള്‍ ഇന്ത്യ ഫോര്‍വേര്‍ഡ് ബ്‌ളോക്ക് എന്ന സംഘടന രൂപവത്കരിക്കുന്നതും. അതോടെ അദ്ദേഹം പൂര്‍ണമായും കോണ്‍ഗ്രസില്‍ നിന്നു പുറത്തായി എന്നു തന്നെ പറയാം.
സായുധ സമരം
രണ്ടാം ലോക മഹായുദ്ധത്തില്‍ ബ്രിട്ടനെതിരേ യുദ്ധം ചെയ്യാന്‍ അദ്ദേഹം സോവിയറ്റ് യൂണിയന്റെയും ജര്‍മനിയുടെയും ജപ്പാന്റെയും സഹായം തേടി. യൂറോപ്പിലെ ജർമൻ അധിനിവേശരാജ്യങ്ങളിൽ ഉണ്ടായിരുന്ന ഭാരതീയരെയും ഉത്തരാഫ്രിക്കയിൽ തടവുകാരാക്കപ്പെട്ടിരുന്ന ഇന്ത്യൻ സൈനികരേയും സംഘടിപ്പിച്ച് ബോസ് ഇന്ത്യൻ ലീജിയൺ (Indian Legion) എന്നൊരു സേനാഘടകത്തെ രൂപവത്കരിച്ചു. ഏകദേശം 4500 സൈനികരുടെ അംഗബലം ഉണ്ടായിരുന്നു ഈ സേനയ്ക്ക്.
ജർമ്മൻ വിദേശവകുപ്പിൽ 1941 ജൂലൈ മാസത്തിൽ വിപുലമായ സൗകര്യങ്ങളോടെ ‘ പ്രത്യേക ഭാരത വകുപ്പ് ’ (Special Indian Department) രൂപവത്കരിക്കപ്പെട്ടു. 1941 അവസാനത്തോടെ ബർലിനിൽ ഒരു ‘ സ്വതന്ത്രഭാരതകേന്ദ്രം ‘ (Free India Centre) അദ്ദേഹം സ്ഥാപിച്ചു. സ്വാതന്ത്ര്യം നേടിയശേഷം ഇന്ത്യയിൽ നടപ്പിൽ വരുത്തേണ്ട സാമൂഹ്യ-സാമ്പത്തിക പരിവർത്തനങ്ങൾ സംബന്ധിച്ച് പദ്ധതികൾ ആസൂത്രണം ചെയ്യാനായി ഒരു ആസൂത്രണ കമ്മീഷനും സ്വതന്ത്രഭാരതകേന്ദ്രത്തിൽ രൂപവത്കരിച്ചു. കുതിച്ചു ചാടുന്ന ഒരു കടുവയുടെ ചിത്രം അങ്കിതമായ മൂവർണക്കൊടി ദേശീയപതാകയായി സ്വീകരിച്ചു. റാഷ് ബിഹാരി ബോസ് 1943 ജൂലൈ 4-നു സിംഗപ്പൂരിലെ പ്രസിദ്ധമായ കാഥേ ഹാളിൽ വച്ചു് ഇന്ത്യൻ ഇൻഡിപ്പെൻഡൻസ് ലീഗിന്റെ നേതൃത്വം സുഭാസ് ചന്ദ്ര ബോസിനു കൈമാറി. അടുത്തദിവസം ജൂലൈ 5-നു ആസാദ് ഹിന്ദ് ഫൌജ് അഥവാ ഇന്ത്യൻ നാഷനൽ ആർമി(ഐ.എൻ.എ-INA) രൂപവത്കരിച്ചു.
ജപ്പാന്റെ സഹായത്തോടെ 1944-ൽ ആസാദ് ഹിന്ദ് ദേശീയബാങ്കും രൂപവത്കരിക്കപ്പെട്ടു. താൽക്കാലിക ഗവണ്മെന്റിനുവേണ്ടി നേതാജി കറൻസി നോട്ടുകൾ അച്ചടിച്ചിറക്കുകയും ചെയ്തു.
1945 ഓഗസ്റ്റ് 18-ന് ബോസ് തായ്‌വാനിലെ തെയ്ഹോകു വിമാനത്താവളത്തിലുണ്ടായ അപകടത്തിൽ മരിച്ചു എന്നാണ് ഇന്ത്യൻ ഗവണ്മെന്റിന്റെ ഔദ്യോഗികഭാഷ്യം.നേതാജിയുടെ മരണത്തെ കുറിച്ച് അന്വേഷിക്കാന്‍ ഇത് വരെ മൂന്നു കമ്മീഷനുകള്‍ നിലവില്‍ വന്നിട്ടുണ്ട്. 1956-ല്‍ പ്രധാനമന്ത്രി നെഹ്‌റു ബോസിന്റെ മരണത്തെക്കുറിച്ചന്വേഷിക്കാന്‍ ഒരു കമ്മിറ്റിയെ ഏര്‍പ്പെടുത്തി. മേജര്‍ ജനറല്‍ ഷാനവാസ് ഖാന്‍, നേതാജിയുടെ സഹോദരനായ സുരേഷ് ചന്ദ്രബോസ്, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളിലെ ചീഫ് കമ്മീഷണര്‍ എസ്.എന്‍. മൈത്ര എന്നിവര്‍ അംഗങ്ങള്‍. നേതാജി വിമാനാപകടത്തില്‍ മരിച്ചുവെന്നു തന്നെ ഷാനവാസും മൈത്രയും അഭിപ്രായപ്പെട്ടു. എന്നാല്‍ സുരേഷ് ചന്ദ്രബോസ് യോജിച്ചില്ല.പിന്നീട് ഇന്ദിരാഗാന്ധി 1970-ല്‍ പഞ്ചാബ് ഹൈക്കോടതി ചീഫ് ജസ്റ്റീസ് ജി.ഡി. ഖോസ്ല ഏകാംഗമായി ഒരു കമ്മീഷനെ നിയമിച്ചു.ഇരു കമ്മീഷനുകളും നേതാജി മരിച്ചതായി വിധി എഴുതി.
1999 ല്‍ വാജപേയ് സര്‍ക്കാര്‍ ഭരണകാലത്ത് മുഖർജി കമ്മീഷൻ നിലവിൽ വന്നു. 1945-ൽ മേൽപ്പറഞ്ഞ വിമാനാപകടം ഉണ്ടായിട്ടില്ലെന്നും അതിനാൽ ബോസ് അന്നു മരണപ്പെട്ടിട്ടില്ലെന്നും കമ്മീഷൻ കണ്ടെത്തി. ഈ കണ്ടെത്തൽ വിവാദമായതോടെ റിപ്പോർട്ട് മൻമോഹൻ സിങ് ഗവണ്മെന്റ് തള്ളിക്കളഞ്ഞു. “നേതാജി മരിച്ചു, പക്ഷേ അത് വിമാന അപകടത്തിലല്ല’ എന്ന റിപ്പോര്‍ട്ടിലെ ഭാഗം കൊണ്ഗ്രെസ്സിനെ ആലോസരപെടുത്തുന്നു.ബോസിന്റേതെന്ന് ഗവണ്മെന്റ് അവകാശപ്പെടുന്ന റെങ്കോജി ക്ഷേത്രത്തിലെ ചിതാഭസ്മം അദ്ദേഹത്തിന്റേതല്ലെന്നും കമ്മീഷൻ കണ്ടെത്തിയിരുന്നു. ബോസ് റഷ്യയിലേക്ക് കടന്നിരിക്കാം എന്നും കമ്മീഷൻ സൂചിപ്പിച്ചിരുന്നു.
(1945-ല്‍ നേതാജി മരിച്ചാലും ഇല്ലെങ്കിലും അദ്ദേഹത്തിന്റെ ചിതാഭസ്മം സൂക്ഷിച്ചുവെച്ചിരിക്കുന്നു എന്നു പറയുന്ന ഒരു ക്ഷേത്രം ജപ്പാനിലെ ടോക്കിയോവില്‍ ഉണ്ട്. റിങ്കോജി ക്ഷേത്രം എന്നാണ് ഇതിന്റെ പേര്. തീരെ ചെറുതെങ്കിലും മനോഹരമായതും വെടിപ്പായി സൂക്ഷിക്കപ്പെട്ടിരിക്കുന്നതും ആണ് ഈ ക്ഷേത്രം. പക്ഷെ വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രമേ (നേതാജിയുടെ ചരമദിനമായി ആചരിക്കുന്ന ആഗസ്ത് 18-ന്) ഇത് തുറക്കുകയുള്ളൂ.)
1985 വരെ ഉത്തർപ്രദേശിലെ അയോധ്യക്കു സമീപം രാംഭവൻ എന്ന വീട്ടിൽ താമസിച്ചിരുന്ന ഭഗ്‌വാൻജി എന്ന സന്യാസി, ബോസ് ആയിരുന്നു എന്ന് ചിലർ വിശ്വസിച്ചിരുന്നു. സന്യാസിയുടെ മരണത്തെതുടർന്ന് അദ്ദേഹത്തിന്റെ സ്വത്തുക്കൾ ഗവണ്മെന്റ് ഏറ്റെടുത്തു. ഇവ അന്വേഷണവിധേയമാക്കിയ മുഖർജി കമ്മീഷൻ, ‘ശക്തമായ തെളിവുകളുടെ അഭാവത്തിൽ ഈ വിശ്വാസത്തെ തള്ളിക്കളഞ്ഞു.
മിഷന്‍ നേതാജി.
നേതാജിയുടെ മരണത്തെക്കുറിച്ച് അന്വേഷിക്കാന്‍ വേണ്ടി ദല്‍ഹി ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഒരു സംഘടനയാണ് മിഷന്‍ നേതാജി.വിവരാവകാശനിയമം ഫലപ്രദമായി ഉപയോഗിച്ച് ഇവര്‍ ഇന്നും യുദ്ധം ചെയ്യുന്നു.ഇതിന്റ പ്രധാന പ്രവര്‍ത്തകന്‍ അനുജ് ധര്‍ ആണ്.ഇദ്ദേഹം നേതാജിയുടെ കാണാതാകലിനെ കുറിച്ച് രേഖകളുടെ സഹായത്തോടെ രണ്ടു പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്.
- Back from Dead: Inside the Subhas Bose Mystery
- India’s Biggest Cover-up
ആദ്യപുസ്തകത്തില്‍ നേതാജി വിമാനാപകടത്തില്‍ മരിച്ചിട്ടില്ല എന്ന് ഗ്രന്ഥകാരന്‍ അസ്സന്നിഗ്ദ്ധമായി പറയുന്നു.
രണ്ടാം പുസ്തകത്തില്‍ ഈ രാഷ്ട്രം,അതിലെ ഓരോ സര്‍ക്കാരുകളും ,പ്രത്യേകിച്ച് കൊണ്‍ഗ്രെസ്സ് സര്‍ക്കാരുകള്‍ എടുത്ത നിലപാടുകള്‍ തുറന്നുകാണിക്കുന്നു.
നേതാജിയെ കുറിച്ചുള്ള വിവരങ്ങള്‍ നേടുന്നതിനു പ്രണാബ് മുഖര്‍ജി വേണ്ട വിധം പ്രവര്‍ത്തിച്ചില്ല എന്ന് ശ്രീമാന്‍ അനുജ് ധര്‍ കുറ്റപ്പെടുത്തുന്നു.INA യുടെ അമൂല്യങ്ങളായ നിധികള്‍ കവര്‍ച്ച ചെയ്ത നാല്‍വര്‍സംഘത്തിനെ ക്കുറിച്ചും അനുജ് ധര്‍ പ്രതിപാദിക്കുന്നു.സംശയത്തിന്റെ സൂചിമുന പലപ്പോഴും നെഹ്രുവിനു നേരെ തിരിയുന്നു. മിഷന്‍ നേതാജി വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ട ചില പ്രധാന രേഖകള്‍ സര്‍ക്കാകാര്‍ നല്‍കിയിട്ടില്ല.പ്രധാനമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട പല രഹസ്യ രേഖകളും നശിപ്പിക്കപ്പെട്ടു എന്ന് മറുപടി കിട്ടി.ആരാണ് നശിപ്പിക്കാന്‍ ഉത്തരവിട്ടത് എന്ന് അറിയില്ലത്രേ.
നേതാജി റഷ്യയില്‍ ഉണ്ടായിരുന്നു എന്നുള്ള സൂചനയാണ് പുസ്തകം നല്കുന്നത്.നെഹ്‌റു വിചാരിച്ചിരുന്നു എങ്കില്‍ നേതാജിയെ ഇന്ത്യയിലെത്തിക്കാമായിരുന്നു എന്ന് റഷ്യന്‍ നേതാവ് ക്രൂഷ്ചേവ് പറഞ്ഞതായി പുസ്തകം പറയുന്നു.
നേതാജിയുമായി ബന്ധപ്പെട്ടു റഷ്യന്‍ ബന്ധം സൂചിപ്പിക്കാന്‍ സാധ്യതയുള്ള രഹസ്യരേഖകള്‍ ,അന്താരാഷ്ട്രബന്ധം വഷളാക്കുമെന്ന കാരണത്താല്‍ കൊടുത്തിട്ടുമില്ല.
ഡോ പുരഭി റോയിയുടെ നിഗമനങ്ങള്‍.
ബംഗാളില്‍ നിന്നുള്ള മുന്‍ രാജ്യ സഭാംഗം കല്യാണ്‍ റോയ് യുടെ വിധവയും ,ബംഗാളിലെ മുന്‍ നിയമ മന്ത്രി കിരണ്‍ ശങ്കര്‍ റോയ് യുടെ മകളുമാണ് ഡോ:പുരഭി റോയ്.കല്‍ക്കട്ട യിലെ ജാദവ് പൂര്‍ സര്‍വകലാശാലയിലെ അധ്യാപികയായ ഈ റഷ്യന്‍ ഭാഷാ നിപുണ സെന്റ് പീറ്റേഴ്സ് ബര്‍ഗ് സര്‍വകലാശാലയിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.കൂടാതെ കല്കട്ടയിലെ Asiatic Society, യും Institute of Oriental Studies, Academy of Sciences, Moscowയും തമ്മില്‍ ഒപ്പ് വെച്ച ഒരു ഉടമ്പടി പ്രകാരം( March 1995),മറ്റു മൂന്ന് പേരോടൊപ്പം 1947 നു മുന്‍പുള്ള ഇന്‍ഡോ –റഷ്യന്‍ ബന്ധങ്ങള്‍ പഠിക്കാനും രേഖകള്‍ പരിസോധിക്കനുമുള്ള അവസരം ഡോ പുരബി റോയ്ക്ക് ലഭിച്ചു (ഡോ ഹരി വാസുദേവന്‍ ,ശോഭന്‍ ലാല്‍ ദത്ത ഗുപ്ത എന്നിവരാണ് മറ്റുള്ളവര്‍ ,കൊമിന്റെനും ഇന്ത്യന്‍ കമുനിസ്റ്റ് പാര്‍ട്ടിയും എന്ന വിവാദ ഗ്രന്ഥം വഴി സ്റ്റാലിനെ കുറ്റപ്പെടുത്തിയ ആളാണ് ശോഭന്‍ ലാല്‍ ദത്ത ഗുപ്ത.അതെപ്പറ്റി പിന്നീട് വിശദീകരിക്കാം).
The Search for Netaji: New findings എന്ന പുസ്തകത്തില്‍ സ്ഫോടനാത്മകമായ ഒരുപാടു വിവരങ്ങള്‍ വിശദീകരിച്ചിരിക്കുന്നു.ലോകയുദ്ധത്തിനു ശേഷമുള്ള കാലയളവില്‍ നേതാജി റഷ്യയില്‍ ഉണ്ടായിരുന്നു എന്നതിന് ഉപോല്‍ബലകമായ ഒരുപാടു തെളിവുകള്‍ ഇവര്‍ക്ക് ലഭിച്ചു. പക്ഷെ പല ഇന്ത്യ സര്‍ക്കാരുകള്‍ക്കും അതൊന്നും പ്രാധാന്യമുള്ളവ ആയിരുന്നില്ല.എന്തായാലും നെഹ്രുവിനു നേതാജിയില്‍ താത്പര്യമില്ലായിരുന്നു എന്ന് ഡോ റോയ് സമര്‍ഥിക്കുന്നു. നെഹ്‌റു വിചാരിച്ചിരുന്നുവെങ്കില്‍ നേതാജിയെ ഇന്ത്യയിലെത്തിക്കാമായിരുന്നു എന്ന് റഷ്യന്‍ നേതാവ് ക്രൂഷ്ചേവ് ,തന്‍റെ ഇന്ത്യന്‍ ദ്വിഭാഷിയോടു പറഞ്ഞതായി പുസ്തകം പറയുന്നു.
നേതാജി ,സൈബീരിയയിലെ തടങ്കല്‍ പാളയത്തിലെവിടെയോ കഴിഞ്ഞതായി പുസ്തകം പലവുരു സൂചിപ്പിക്കുന്നു.നിയമ നടപടികള്‍ ഭയന്നാണോ എന്നറിയില്ല ,കൃത്യമായ കണ്ക്ലൂഷന്‍ പുസ്തകം നല്‍കുന്നില്ല.മാത്രമല്ല നിരവധി സൂചനകള്‍ നല്‍കിയ ശേഷം വായനക്കാരനോട് നിഗമനത്തിലെത്തുവാന്‍ ഡോ പുരബി റോയിയും പ്രസാധകനും ആവശ്യപ്പെടുന്നു.
(നേതാജി റഷ്യയിലെ തടങ്കല്‍ പാളയത്തില്‍ ഉണ്ടായിരുന്നു എന്നുള്ള അറിവാണ് ലാല്‍ ബഹാദൂര്‍ ശാസ്ത്രിയുടെ മരണത്തിലേക്ക് നയിച്ചത് എന്ന് സൂചിപ്പിക്കുന്ന അഞ്ജാതകര്തൃകങ്ങളായ ലേഖനങ്ങള്‍ ഇന്റര്‍നെറ്റില്‍ സുലഭമാണ്.ശാസ്ത്രിയുടെ മരണത്തിലെ അസ്വാഭാവികത ചൂണ്ടിക്കാണിച്ച അദ്ദേഹത്തിന്റെ ഡോക്ടറും ഡോക്ടറുടെ കുടുംബാംഗങ്ങളെല്ലാവരും അപകടത്തില്‍പ്പെട്ട് മരിച്ചത് യാദൃശ്ചികമാകാം.അല്ലെങ്കില്‍ പലരും പറയുന്നപോലെ ഇന്ത്യ സി ഐ എ –കെ ജി ബി എന്നീ ചാര സംഘടനകളുടെ താത്പര്യ സംഘട്ടനങ്ങള്‍ക്ക് രംഗവേദിയായത് കൊണ്ടാകാം. ശാസ്ത്രിയുടെ മരണസംബന്ധിയായ രേഖകളും,അന്വേഷണ റിപ്പോര്‍ട്ടും അന്താരാഷ്ട്ര ബന്ധങ്ങള്‍ക്ക് ഉലച്ചില്‍ തട്ടുമെന്ന കാരണത്താല്‍ പുറത്ത് വിട്ടിട്ടില്ല.).
ഇവിടെ ആലോചനാമൃതമായ ഒരുകാര്യം ഇതാണ്.സ്വാതന്ത്ര്യത്തിനു ശേഷം നേതാജി ഇന്ത്യയില്‍ മടങ്ങി വന്നിരുന്നുവെങ്കില്‍ ഏറ്റവുംകൂടുതല്‍ നഷ്ടമുണ്ടാവുക ആര്‍ക്കാണ്…?ആ ചോദ്യം രാഷ്ട്രീയ സാക്ഷരതയുള്ള വായനക്കാര്‍ക്ക് വിടുന്നു ..ഐ എന്‍ എ വിചാരണ നമ്മുടെ ഔദ്യോഗിക ചരിത്രത്തിലെ പുറമ്പോക്കിലാണ് എന്നുള്ളത് മറന്നു കൂടാ..
നേതാജിയെക്കുറിച്ചുള്ള പുസ്തകങ്ങള്‍:
പ്രധാനമായും മൂന്നു തരത്തിലാണ് നേതാജിയെ കുറിച്ചുള്ള പുസ്തകങ്ങള്‍ എഴുതപ്പെട്ടിരിക്കുന്നത്.
1.ഔദ്യോഗിക ഭാഷ്യങ്ങള്‍..
പ്രധാനമായും നേതാജിയുടെ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ മാത്രമാണ് ഇത്തരം പുസ്തകങ്ങളില്‍ കാണുന്നത്.ഐ എന്‍ എ യുടെ പ്രവര്‍ത്തനങ്ങള്‍ ഓടിച്ചുപോകുന്ന രീതിയിലാണ് ഇവ എഴുതപ്പെട്ടിരികുന്നത്.വിമാനാപകടത്തില്‍ നേതാജി കൊല്ലപ്പെട്ടു എന്ന് അടിവരയിടുന്നവയാണ് ഇത്തരം പുസ്തകങ്ങള്‍ എല്ലാം.നിര്‍ഭാഗ്യവശാല്‍ കൂടുതല്‍ പുസ്തകങ്ങളും ഈ ഗണത്തില്‍ പെടുന്നവയാണ്.
2.നേതാജിയുടെ മരണത്തെക്കുറിച്ച് അന്വേഷിക്കുന്നവ.
അനുജ് ധര്‍ (Back from Dead: Inside the Subhas Bose Mystery, India’s Biggest Cover-up), ഡോ പുരബി റോയ് (The Search for Netaji: New findings) തുടങ്ങിയവരുടെ പുസ്തകങ്ങള്‍ ഈ ഗണത്തില്‍ പെടുന്നു.നേതാജിയുടെ ബന്ധു കൂടിയായ സുഗത ബോസ് എഴുതിയ പ്രശസ്ഥ പുസ്തകം His Majesty’s Opponent ആണ് ഇന്ന് ഏറ്റവും കൂടുതല്‍ വായിക്കപ്പെടുന്നത്.പക്ഷെ സുഗതയുടെ നിലപാടുകള്‍ മിക്കവാറും തന്നെ സര്‍ക്കാര്‍ നിലപാടുകള്‍ക്ക് അനുസൃതമാണ്.
3.നേതാജിയും നാസി ജെര്‍മനിയുമായുള്ള ബന്ധം വിശദമാക്കുന്നവ.
ഇത്തരം കാര്യങ്ങളെപ്പറ്റി വസ്തുതാപരമായ അറിവുള്ളവര്‍ ചുരുക്കമാണ്.ടോജോക്കും ,ഹിറ്റ്ലര്‍ക്കും ഇന്ത്യ കീഴടക്കണം എന്നായിരുന്നു ആഗ്രഹം എന്ന് തെളിയിക്കുന്ന പല രേഖകളും പില്‍ക്കാലത്ത് വിജയികളുടെ ചരിത്രകാരന്മാര്‍ പുറത്ത്‌വിട്ടിട്ടുണ്ട്.എന്തായാലും ഈ ഗണത്തില്‍ പെടുന്ന രണ്ടു പുസ്തകങ്ങള്‍ ഇപ്പോള്‍ വിപണിയില്‍ ലഭ്യമാണ്.
യുദ്ധകാല ജെര്‍മനിയിലെ വിദേശബന്ധത്തെക്കുറിച്ച് പഠിക്കുന്ന Romain Hayes എഴുതിയ Bose in Nazi Germany,കൂടാതെ 1944-45 കാലയളവില്‍ Indian Legion ന്‍റെ ദ്വിഭാഷിയായി പ്രവര്‍ത്തിച്ചയാളും,ഇന്‍ഡോളജി പണ്ഡിതനുമായ Rudolf Hartog എഴുതിയ THE SIGN OF THE TIGER:Subhash Chandra Bose and his Indian Legion in Germany, 1941-45 എന്നിവയാണ് ഇത്.
രണ്ടാംലോകമഹായുദ്ധകാലത്ത് നേതാജിയെ പിന്തുടരാന്‍ നിയോഗിക്കപ്പെട്ടു പിന്നീട് നിരന്തരമായ പഠനത്തിലൂടെ നേതാജിയുടെ ആരാധകനായിമാറിയ ബ്രിട്ടീഷ് പട്ടാള ഉദ്യോഗസ്ഥനാണ് കേണല്‍ Hugh Toye’s.അദ്ദേഹം എഴുതിയ ദി സ്പ്രിങ്ങിംഗ് ടൈഗര്‍ (Subhash Chandra Bose: The Springing Tiger) ഇക്കൂട്ടത്തില്‍ എടുത്തുപറയേണ്ട ഒന്നാണ്.ഇദ്ദേഹത്തിന്‍റെ സഹായങ്ങളെ ഡോ പുരബി റോയ് പരാമര്‍ശിച്ചിട്ടുണ്ട്.
നേതാജി സുഭാഷ് ചന്ദ്ര ബോസിന്‍റെ ജീവിതത്തിലെ ഈ മൂന്ന് ഘടകങ്ങളും ഉള്‍പെടുത്തി എഴുതപ്പെട്ട പുസ്തകങ്ങള്‍ ഒന്നും തന്നെ കണ്ടെത്താനായില്ല.നേതാജി ഒരു Self Proclaimed Hero ആണെന്ന് വാദിക്കുന്ന ചില കൊളോണിയല്‍ കുഴലൂത്തുകാരന്‍മാരുമുണ്ട്.
എന്തായാലും ജയ് ഹിന്ദ് എന്ന മുദ്രാവാക്യം നമുക്ക് സമ്മാനിച്ച ആ ധീര ദേശാഭിമാനി അനശ്വരനാണ്.
ഇന്നല്ലെങ്കില്‍ നാളെ അദ്ധേഹത്തെ ചൂഴ്ന്നു നില്‍ക്കുന്ന രഹസ്യം പുറത്ത് വരിക തന്നെ ചെയ്യും.അന്ന് ഇന്ന് നാം കീ ജയ് വിളിക്കുന്ന മുഖങ്ങളിലോന്നും കരി പുരളരുതേയെന്നു മാത്രം നമുക്ക് ആശിക്കാം.കാരണം വിഗ്രഹങ്ങള്‍ ഉടയുന്നത് ,ചുരുങ്ങിയപക്ഷം ആ വിഗ്രഹങ്ങളെ മനസ്സില്‍ വെച്ചാരാധിച്ചിരുന്നവര്‍ക്കെങ്കിലും വേദനാജനകമാണ്.ചെമ്പനിനീര്‍പൂവില്‍ കറുത്ത നിറം കലരരുതേയെന്നു നമുക്ക് പ്രാര്‍ഥിക്കാം. നെഹ്രുവിന്റെ തേരോട്ടത്തിന് തടസ്സമായി നിന്നവരോക്കെയും, കൊണ്ഗ്രെസിന്റെ പ്രവര്‍ത്തനരീതി മാറ്റണം എന്ന് ആഗ്രഹിച്ചവരോക്കെയും അകാല ചരമമടഞ്ഞത് വിധിയുടെ വൈപരീത്യമോ അതോ? ഒരുപക്ഷെ ഇന്ത്യയുടെആദ്യ പ്രധാനമന്ത്രി ആവുമായിരുന്ന നേതാജി ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ടു. വിപ്ലവ വീര്യത്തിലൂടെ ഭാരതത്തിന്റെ സ്പന്ധനമായ ഭഗത് സിംഗിനെ രക്ഷിക്ക്നുന്നതിനു വേണ്ടി തടസ്സം നിന്നത് കൊണ്ട് ഒരു പക്ഷെ നെഹ്രുവിനു ഏറ്റവും വലിയ വെല്ലുവിളി ആവുമായിരുന്ന ഭഗത് സിംഗും തൂക്കിലേറ്റപ്പെട്ടു. നെഹ്രുവിനെതിരെ ശബ്ധമുയര്‍ത്തിയ ശ്യാം പ്രസാദ് മുഖര്‍ജി ദുരൂഹ സാഹചര്യത്തില്‍ ജയിലില്‍ വച്ച് മരണപ്പെട്ടു. നെഹ്രുവിനെതിരെ ശബ്ധമുയര്‍ത്തിയ ഡോ അംബേദ്‌ക്കര്‍ ബ്രിട്ടീഷുകാരുടെ കുഴലൂത്തുകാരനായി ചിത്രീകരിക്കപ്പെട്ടു കൊണ്ഗ്രെസ്സില്‍ പാര്ശ്വവല്‍ക്കരിക്കപ്പെട്ടു. കൊണ്ഗ്രെസ്സ് പിരിച്ചു വിട്ടു ലോക്സേവക് സംഘം രൂപീകരിക്കണമെന്ന് നിര്‍ദ്ധെഷിച്ചതിന്റെ അടുത്ത ദിവസം ഗാന്ധിജി വധിക്കപ്പെട്ടു. കൊണ്ഗ്രെസ്സിന്റെ പതനത്തിലൂടെ കൊളോണിയല്‍ രാജ്യത്തിന് മേല്‍ തങ്ങളുടെ അധീശത്വം നശിച്ചുപോകുമോ എന്ന് ഭയപ്പെട്ടിരുന്ന കൊളോണിയല്‍ ശക്തി ഗാന്ധിജിയുടെ വധം ആഗ്രഹിച്ചു എന്ന് തോന്നുന്നു.
കാലം, നിങ്ങളെനിക്ക് രക്തം തരൂ ഞാന്‍ നിങ്ങള്ക്ക് സ്വാതന്ത്ര്യം തരാം എന്ന് പറഞ്ഞ ധീര വിപ്ലവ കാരിയുടെ മരണത്തിന്റെ മറകള്‍ നീക്കി അതിലേക്കു വെളിച്ചം വീശുമെന്ന് നമുക്ക് പ്രത്യാശിക്കാം.