സന്ദീപ് ജി. വാര്യര്‍
ദേശീയ സമിതി അംഗം, വീവേഴ്സ് സെല്‍, ഭാരതീയ ജനതാ പാര്‍ട്ടി.
പ്രിയപ്പെട്ട സഹോദരന്‍ ജെയിന്‍ രാജ് ,
കണ്ണൂരിലെ കതിരൂരില്‍ ആര്‍.എസ്.എസ് ജില്ലാ ഭാരവാഹി ശ്രീ.മനോജ് കൊലചെയ്യപ്പെട്ടതില്‍ ആഹ്‌ളാദിച്ച് അങ്ങ് ഇട്ട ഫേസ് ബുക്ക് കമന്റ് സ്ക്രീന്‍ ഷോട്ട് ചെയ്ത് ലോകത്തെ അറിയിച്ചത് ഞാനാണ്. അങ്ങ് എന്റെ ഫ്രന്റ് ലിസ്റ്റില്‍ ഇല്ലാത്ത ആളാണ്. ശ്രീ.മനോജിന്റെ കൊലപാതകം അറിഞ്ഞ ഉടന്‍ ഞാന്‍ ചിന്തിച്ചത് കതിരൂര്‍ പ്രദേശത്തെ സി.പി.എം പ്രവര്‍ത്തകര്‍ ഇക്കാര്യത്തില്‍ എപ്രകാരമാവും പ്രതികരിക്കുന്നത് എന്നാണ്. താങ്കളുള്‍പ്പെടെയുള്ള കതിരൂരിലെ സി.പി.എം പ്രവര്‍ത്തകര്‍ ഈ പൈശാചിക കൃത്യത്തെ അപലപിച്ചിട്ടുണ്ടാകുമെന്നും വര്‍ഷങ്ങളായി സമാധാനപാതയിലുള്ള കണ്ണൂരിനെ വീണ്ടും കുരുതിക്കളമാക്കാനുള്ള ശ്രമങ്ങളെ തള്ളി പറഞ്ഞിട്ടുണ്ടാകുമെന്നും ഞാന്‍ ആശിച്ചു.
എന്നാല്‍ സി.പി.ഐ.എം കിഴക്കേ കതിരൂര്‍ എന്ന പേജില്‍ അങ്ങ് ചെയ്തിരുന്ന ആ പോസ്റ്റ് എന്നെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു. രാവിലെ നടന്ന സംഭവത്തില്‍ അങ്ങ് ആഹ്‌ളാദം മറച്ചു വച്ചില്ല. എത്രയോ കാലമായി കാത്തിരിക്കുന്നതാണെന്നും അങ്ങ് പറഞ്ഞിരിക്കുന്നു. സഖാക്കള്‍ക്ക് അഭിവാദ്യങ്ങളും. ഫീലിംഗ് എക്സൈറ്റഡ് എന്ന സന്ദേശവും. ഒരു മനുഷ്യനെ കൊന്നതില്‍ എക്സൈറ്റ്മെന്റ് ഫീല്‍ ചെയ്യുന്നത് എങ്ങനെയെന്ന് ഞാന്‍ ഏറെ ചിന്തിച്ചു. ഇറാഖിലെ ഐ.എസ്.ഐ.എസ് തീവ്രവാദികള്‍ കൊല ചെയ്ത യസീദികളുടെ തല കൊണ്ട് ഫുട്‌ബോള്‍ കളിക്കുന്ന കുട്ടികളെ എനിക്കോര്‍മ്മ വന്നു. വ്യത്യസ്ത രാഷ്ട്രീയ ആശയം പുലര്‍ത്തുന്നു എന്നതിന്റെ പേരില്‍ , മതവിശ്വാസം പുലര്‍ത്തുന്നു എന്നതിന്റെ പേരില്‍ എല്ലാം നടക്കുന്ന കൊലപാതകങ്ങള്‍ , അക്രമണങ്ങള്‍ പ്രകീര്‍ത്തിക്കപ്പെടുമ്പോള്‍ ഭാവി തലമുറക്ക് എന്തു സന്ദേശമാണ് നാം കൈമാറുന്നത് എന്ന് ഞാന്‍ ഭീതിയോടെ ചിന്തിക്കുന്നു.
അങ്ങ് ഇട്ട പോസ്റ്റ് ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ അങ്ങു തന്നെ ഡിലീറ്റ് ചെയ്തതോടെ അങ്ങേക്ക് തെറ്റു മനസ്സിലായിക്കാണും എന്നാണു ഞാന്‍ കരുതിയത്. പക്ഷേ അച്ഛനെ വെട്ടിയവന്‍ തെരുവില്‍ കിടക്കുന്നതറിഞ്ഞപ്പോഴുള്ള സന്തോഷമാണ് താന്‍ പ്രകടിപ്പിച്ചതെന്ന് അങ്ങ് വീണ്ടും പോസ്റ്റ് ചെയ്തപ്പോള്‍ അതെന്നെ ഏറെ ദുഖിപ്പിക്കുന്നു. ഈ പോസ്റ്റ് അങ്ങയുടെ ആദ്യ പോസ്റ്റിലെ ശരി തെറ്റുകള്‍ ചൂണ്ടിക്കാണിക്കാനല്ല, രണ്ടാമത്തെ പോസ്റ്റിലെ വൈരുദ്ധ്യങ്ങള്‍ ചൂണ്ടിക്കാണിക്കാനാണ്.
“ഈ കൊലവിളിയും ഉപദേശങ്ങളുമായി വരുന്നവർ ഒന്നോർക്കണം ഞാനൊരു മകനാണ്. . എന്റെ കുട്ടിക്കാലം ചോരയില്‍ മുക്കിയവൻ എന്റെ അച്ഛനെ ശാരീരികമായി തളർത്തിയവൻ.. ഞങ്ങളുടെ സുരേന്ദ്രേട്ടനെ വെട്ടി നുറുക്കിയവൻ തെരുവില്‍ കിടപ്പുണ്ട് എന്നു കേട്ടാല്‍. . എന്നിലെ മകന്‍ സന്തോഷിക്കുക തന്നെ ചെയ്യും.” …..
ഇതെഴുതിയ അങ്ങു തന്നെ, തൊട്ടടുത്ത ഖണ്ഡികയില്‍ “നീയൊക്കെ കൂടി അങ്ങനെ അങ്ങ് എന്നെ പുളുത്തിയാൽ തന്നെ ജയരാജന്റെ മകനായല്ല കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ രക്തസാക്ഷിയായാണ് ഞാന്‍ അറിയപെടുക അതിലെനിക്ക് അഭിമാനമേയുളളൂ“ എന്നെഴുതിയിരിക്കുന്നു.
ആദ്യ ഖണ്ഡികയില്‍ കമ്മ്യൂണിസ്റ്റ് മൂല്യങ്ങള്‍ മറന്ന്, ജയരാജന്റെ മകന്‍ മാത്രമായ താങ്കള്‍ , അടുത്ത ഖണ്ഡികയില്‍ ജയരാജന്റെ മകനായല്ല കമ്മ്യൂണിസ്റ്റ് രക്തസാക്ഷി ആയാണ് അറിയപ്പെടാന്‍ ആഗ്രഹിക്കുന്നതെന്നു പറയുമ്പോള്‍ , ആത്മാര്‍ത്ഥതയില്ലാത്തത് ഇതില്‍ ഏതു ഖണ്ഡികയിലെ എഴുത്തിനാണെന്നു കൂടി വെളിപ്പെടുത്തണം.
തീര്‍ച്ഛയായും അങ്ങയുടെ അച്ഛനോട്, പി.ജയരാജനോട് എനിക്ക് ആദരവേ ഉള്ളൂ. കണ്ണൂരിലെ അക്രമ രാഷ്ട്രീയത്തില്‍ തന്റെ മകനു അപകടമൊന്നും സംഭവിക്കരുതെന്ന് ആ അച്ഛനു നിര്‍ബന്ധ ബുദ്ധിയുണ്ട്. അതുകൊണ്ടാണല്ലോ അങ്ങയുടെ അച്ഛനെ അറസ്റ്റ് ചെയ്തപ്പോള്‍ പൊതുമുതല്‍ നശിപ്പിച്ചും താണ്ഡവമാടിയും കണ്ണൂരിനെ കത്തിച്ച യുവസഖാക്കള്‍ ഇപ്പോഴും കേസില്‍ പെട്ട് നരകിക്കുമ്പോള്‍ അങ്ങയെ വിദേശത്തയച്ച് അയച്ച് സുരക്ഷ ഉറപ്പു വരുത്തിയത്.
അച്ഛനോടുള്ള സ്നേഹം പരസ്യമായി പ്രഖ്യാപിക്കുന്ന അങ്ങയോട് എനിക്കു ചോദിക്കാനുള്ളത്, കണ്ണൂരില്‍ കാലാകാലങ്ങളായി രാഷ്ട്രീയ അതിക്രമങ്ങള്‍ക്ക് ഇരയായ എല്ല പാര്‍ട്ടികളിലേയും ഇരകള്‍ , അവരുടെ മക്കള്‍ , തങ്ങളെ അക്രമിച്ചവനെന്നു ആരോപിക്കപ്പെടുന്നവര്‍ കൊല ചെയ്യപ്പെടുമ്പോള്‍, അക്രമിക്കപ്പെടുമ്പോള്‍ ആഹ്‌ളാദവും പൊട്ടിച്ചിരിയും പരസ്യമായി നടത്തിയാല്‍ , എത്ര ഭീകരമായിരിക്കും ആ കാഴ്ച എന്നു ചിന്തിച്ചിട്ടുണ്ടോ? കണ്ണൂരിലെ മറ്റൊരു മകനും അങ്ങയുടെ അച്ഛന്‍ മൂലം കണ്ണീരൊഴുക്കേണ്ടി വന്നിട്ടില്ലെന്ന് അങ്ങേക്കുറപ്പുണ്ടോ?
ഒ.കെ.വാസു മാഷെയും അശോകനെയും ഒക്കെ സി.പി.എമ്മിലേക്കെടുക്കുമ്പോള്‍ , തനിക്കു നേരെ നടന്ന അക്രമണങ്ങള്‍ക്കു മാപ്പു നല്‍കിയ മഹാനായി അങ്ങയുടെ അച്ഛനെ മഹത്വവല്‍ക്കരിച്ചിരുന്നു. സത്യത്തില്‍ ആ നിലപാടിനോട് എനിക്കും ആദരവ് തോന്നിയിരുന്നു. ഒ.കെ.വാസു മാഷെയും അശോകനെയും ഒക്കെ സി.പി.എമ്മിലേക്കെടുത്തപ്പോള്‍ കാണിച്ച വിശാലമനസ്കത, മനുഷ്യത്വം എന്നിവയൊക്കെ അങ്ങയുടെ അച്ഛന്റെ കാപട്യം മാത്രമായിരുന്നോ? ഉള്ളില്‍ പകയുടെ കനലുകള്‍ കൊണ്ടു നടക്കുന്ന ഒരാളാണോ അങ്ങയുടെ അച്ഛന്‍ ?
കൊലപാതകങ്ങളെ , അക്രമണങ്ങളെ ഒക്കെ ആദര്‍ശവല്‍ക്കരിച്ചാല്‍ സംഭവിക്കാവുന്ന അപകടമാണ് അങ്ങയുടെ സ്വഭാവരൂപീകരണത്തിലും സംഭവിച്ചതെന്നു ഞാന്‍ വിശ്വസിക്കുന്നു. ഒരു പ്രത്യേക ആശയത്തിനു, മതത്തിനു അനുകൂലമായി ചിന്തിക്കുന്നവരൊക്കെ ‘കൊല്ലപ്പെടാന്‍ അര്‍ഹരാണ്’ എന്ന് ചെറുപ്പത്തില്‍ തന്നെ കുട്ടികളെ പറഞ്ഞു പഠിപ്പിക്കുന്ന അച്ഛന്മാര്‍ ഈ സമൂഹത്തോട് വലിയ ദ്രോഹമാണ് ചെയ്യുന്നത് . അതാരു ചെയ്താലും തെറ്റാണ് എന്നു ഞാന്‍ വിശ്വസിക്കുന്നു.
മരണം ഒരു രൂപത്തിലല്ലെങ്കില്‍ മറ്റൊരു രൂപത്തില്‍ ജനിച്ചവര്‍ക്കെല്ലാം സംഭവിക്കുന്നതാണ്. ഞാനും അങ്ങും അങ്ങയുടെ അച്ഛനും ഒരിക്കല്‍ മരിച്ചേ തീരൂ. അങ്ങയുടെ അച്ഛന്‍ മരിക്കുമ്പോള്‍ ആഹ്‌ളാദം പ്രകടിപ്പിക്കുന്ന മക്കളുടെ എണ്ണം ഒരു പക്ഷേ വളരെ കൂടുതലായിരിക്കുമെന്ന് അങ്ങയെ ഓര്‍മ്മിപ്പിക്കട്ടെ.
അങ്ങ് അടുത്ത മാസം വിവാഹിതനാവുകയാണല്ലോ. അങ്ങയുടെ ഭാവി തലമുറയെ എങ്കിലും ക്ഷമിക്കാന്‍ പഠിപ്പിക്കുക, നല്ല കമ്മ്യൂണിസ്റ്റായി വളര്‍ത്തുക. അങ്ങയുടെ അച്ഛന്‍ പരാജയപ്പെട്ട സ്ഥാനത്ത് അങ്ങ് വിജയിക്കട്ടെ എന്നാശംസിക്കുന്നു.
വിവാഹമംഗളാശംസകള്‍ നേരുന്നു.
സന്ദീപ്.ജി.വാര്യര്‍
പാലക്കാട്
ഭാരതീയ ജനതാ പാര്‍ട്ടി വീവേഴ്സ് സെല്‍ ദേശീയ സമിതി അംഗം ആണ് ലേഖകന്‍. ലേഖകന്റെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഈ കത്ത് അദ്ദേഹത്തിന്റെ അനുവാദത്തോടു കൂടി ഇവിടെ പുന:പ്രസിദ്ധീകരിച്ചിരിക്കുന്നു..