പാഗൻ എന്ന് സ്വയം അടയാളപ്പെടുത്തുന്നത് ചെറുത്തു നിൽപ്പിന്റെ ഓർമ്മ പുതുക്കലാണ്


— ശങ്കു ടി ദാസ് —

സ്വയം ‘പാഗൻ’ എന്നടയാളപെടുത്തുന്നത് ഡിഫീറ്റിസത്തിന്റെ അങ്ങേയറ്റമാണത്രേ!!
അത്ര ലജ്ജിപ്പിക്കുന്നുണ്ടോ നമ്മളെ ഇപ്പോഴും പാഗൻ എന്ന വിശേഷണം??

സോഷ്യോളജിയിൽ റീ-അപ്രോപ്രിയേഷൻ (Reappropriation) എന്നൊരു സംഗതിയുണ്ട്.
മലയാളത്തിലേക്ക് ഇതിനെ ‘കൈവശപ്പെടുത്തൽ’, ‘വീണ്ടെടുക്കൽ’, ‘തിരിച്ചു പിടിക്കൽ’ എന്നൊക്കെ തർജ്ജമ ചെയ്യാമെന്ന് തോന്നുന്നു.
ഒരു കാലത്ത് തങ്ങൾക്കെതിരെ നിന്ദാസൂചകമായി പ്രയോഗിച്ചിരുന്ന പദങ്ങളെ തന്നെ പിന്നീടാ സമൂഹം തങ്ങളുടെ അഭിമാനത്തെ പ്രഖ്യാപിക്കാനാനുള്ള ശബ്ദങ്ങളായി മടക്കി കൊണ്ടുവരുന്ന സാംസ്കാരിക പ്രക്രിയക്കാണ് റീ-അപ്രോപ്രിയേഷൻ അഥവാ റീക്ലമേഷൻ എന്നു പറയുന്നത്.
പാഗൻ ഒരു റീ-അപ്രോപ്രിയേഷനാണ്.

അബ്രഹാമികമല്ലാത്ത സംസ്കാരങ്ങളെ വിശേഷിപ്പിക്കാൻ ക്രിസ്ത്യൻ സഭ ഉപയോഗിച്ച പദമായിരുന്നു പാഗൻ.
അബ്രഹാം എന്ന പൊതു വംശ കാരണവനെ അംഗീകരിക്കാത്ത, ജൂത-ക്രിസ്തീയ-ഇസ്‌ലാമിക ധാരകളിൽ നിന്ന് വിഭിന്നമായ വിശ്വാസങ്ങളും സമ്പ്രദായങ്ങളും ആചാരണങ്ങളുമുള്ള, മുഴുവൻ മതങ്ങളും മനുഷ്യരും അവർക്ക് പാഗൻ ആയിരുന്നു.
എന്നാലീ വാക്കിന്റെ യഥാർത്ഥ ഉത്ഭവം പരിശോദിച്ചാൽ അത് ‘ഗ്രാമീണൻ’, ‘നാട്ടിൻപുറത്തുകാരൻ’ എന്നൊക്കെയുള്ള അർത്ഥങ്ങളെ ഉൾക്കൊണ്ടിരുന്ന “പാഗമസ്‌” എന്ന ലാറ്റിൻ പദത്തിൽ നിന്നാണ് പിറവിയെടുക്കുന്നത് എന്ന് ബോധ്യപ്പെടും. ‘മറ്റൊരു ദേശത്തിൽ നിന്ന് വന്നവൻ’ എന്നർത്ഥം വരുന്ന “ഏലിയെനി” എന്ന വാക്കിന്റെ വിപരീത പദമായാണ് “പാഗനി” ആദ്യകാലത്ത് ഉപയോഗിക്കപ്പെട്ടിരുന്നത് എന്ന വസ്തുത ഓവൻ ഡേവിസ് തന്റെ ‘Paganism; a very short introduction’ എന്ന ഗ്രന്ഥത്തിൽ സംശയത്തിന് പഴുതില്ലാത്ത വണ്ണം വ്യക്തമാക്കുന്നുണ്ട്. ‘തങ്ങളുടെ പ്രാദേശികമായ ആചാരങ്ങളെ സംരക്ഷിച്ചു പോരുന്ന തദ്ദേശീയർ’ എന്ന അർത്ഥമാണ് പിയറി ഷൂവിൻ അടക്കമുള്ള നരവംശ ശാസ്ത്രജ്ഞർ പാഗനി എന്നതിന് നൽകിയിരിക്കുന്നത് എന്നും ശ്രദ്ധിക്കണം.
എന്നാൽ അഞ്ചാം നൂറ്റാണ്ടോടു കൂടി ക്രിസ്തീയ ഭാഷാകാരന്മാർ ‘പ്രാകൃതനായ വിഗ്രഹാരാധകൻ’ എന്ന പരിമിതമായ അർത്ഥം നൽകി പാഗൻ എന്ന വാക്ക് വലിയ രീതിയിൽ പ്രചരിപ്പിച്ചു തുടങ്ങുന്നു.

പരിഷ്കൃതവും ആധുനികവും യഥാർത്ഥവുമായ ഒരേയൊരു മതമായി സ്വയം വിശേഷിപ്പിച്ച ക്രിസ്തുമതം, തങ്ങൾ എന്തിനെയൊക്കെ പ്രതിനിധീകരിക്കുന്നു, അവയുടെ എല്ലാം വിപരീതം എന്ന നിലയിലാണ് പാഗൻ എന്ന പദത്തെ ഉപയോഗിച്ചിരുന്നത്.
ബഹുദൈവാരാധന, വിഗ്രഹാരാധന, പ്രകൃത്യാരാധന, സ്ത്രീയാരാധന എന്നിവയെല്ലാം പാഗന്റെ പൊതു സ്വഭാവങ്ങളായി അടയാളപ്പെടുത്തിയ അവർ ഒരു ആന്റി തീസിസിനെ മുൻനിർത്തി സ്വന്തം തീസിസ് കൂടുതൽ വ്യക്തമായി വിശദീകരിക്കുന്നതിന്റെ സാധ്യത പാഗന്റെ നീചവൽക്കരണത്തിൽ കണ്ടെത്തുകയായിരുന്നു.
ക്രിസ്തുമതം പാപ മോചനത്തിലേക്കുള്ള ഏക മാർഗ്ഗമാണെന്ന സഭയുടെ യുക്തിയാണ് പാഗനെ സ്വാഭാവികമായി തന്നെ പാപിയാക്കിയത്.
അങ്ങനെ തന്നെയാണ് അവനെ സത്യ മതം നൽകി പരിഷ്കരിച്ച് മോചനത്തിലേക്ക് നയിക്കേണ്ടത് ദൈവത്തിന്റെ തിരഞ്ഞെടുക്കപ്പെട്ട ജനതയായ തങ്ങളുടെ ബാധ്യതയാണെന്ന ന്യായവും സ്ഥാപിക്കപ്പെടുന്നത്.
‘White Man’s Burden’ അതിൽ നിന്ന് തുടങ്ങുന്നു.
ക്രിസ്തീയവൽക്കരണം അതിന്റെ തുടർച്ച മാത്രമായിരുന്നു.

പാഗൻ എന്ന വിശേഷണത്തെ മടക്കി കൊണ്ടുവരുന്നത് ഈ യുക്തിക്കെതിരായ സമരം തന്നെയാണ്.
വ്യത്യസ്തരായതിനാൽ അപഹസിക്കപ്പെട്ട ജനത,
ആ വ്യത്യസ്തത തങ്ങളുടെ അഭിമാനമാണെന്ന് പ്രഖ്യാപിക്കുകയാണവിടെ.
ചരിത്രത്തിൽ ഇത്തരം റീ-അപ്രോപ്രിയേഷനുകൾക്ക് നിരവധി ഉദാഹരണങ്ങൾ ഉണ്ട്.
തങ്ങളുടെ കൊളോണിയൽ യജമാന്മാരായിരുന്ന ബ്രിട്ടീഷുകാർ തങ്ങളെ പരിഹസിച്ചു വിളിച്ച “യാങ്കീ” എന്ന വാക്ക് എപ്രകാരമാണ് വിപ്ലവകാലത്തെ പാട്ടുകളിലും മുദ്രാവാക്യങ്ങളിലും അമേരിക്കൻ ജനത തങ്ങളുടെ അഭിമാന ശബ്ദമായി ഉപയോഗിച്ചത് എന്ന് നമ്മൾ കണ്ടിട്ടുണ്ട്.
അത് ഡീഫീറ്റിസമായിരുന്നോ??

‘വിചിത്രരായവർ’ എന്ന അർത്ഥമുള്ള ‘ക്വീർ’ (Queer) എന്ന വാക്ക് കൊണ്ട് തങ്ങളെ പരിഹസിച്ച സമൂഹത്തോടുള്ള പ്രതിഷേധം പ്രകടിപ്പിക്കാൻ ലോകത്താകെയുള്ള എൽ.ജി.ബി.ടി സമൂഹം ഇന്ന് അതേ വാക്കിനെ തങ്ങളുടെ സ്വാഭിമാനത്തിന്റെ പ്രതീകമായി ഉപയോഗിക്കുന്നുണ്ട്.
തങ്ങൾ ക്വീർ തന്നെയാണെന്നും, തങ്ങൾക്കതിൽ അപമാനമില്ലെന്നും പ്രഖ്യാപിച്ചു കൊണ്ടുള്ള അവരുടെ ‘ക്വീർ പ്രൈഡ്’ പരേഡുകൾ തന്നെ ഇപ്പോൾ സംഘടിപ്പിക്കപ്പെടുന്നു.
തൊണ്ണൂറുകളുടെ തുടക്കത്തിലാദ്യം ന്യൂയോർക്കിൽ നടന്ന അത്തരമൊരു പരേഡിൽ വിതരണം ചെയ്യപ്പെട്ട ലഘു ലേഖയിൽ എഴുതിയിരുന്ന വാചകം, “ക്വീർ എന്ന് നാം സ്വയം അഭിസംബോധന ചെയ്യുന്നത് നമ്മളെ ഈ ലോകം കണ്ടിരുന്നതെങ്ങനെയെന്ന് നമ്മളൊരിക്കലും മറന്നു പോവാതിരിക്കാനാണ്” എന്നായിരുന്നുവത്രേ.
അത് ഡീഫീറ്റിസമായിരുന്നോ??

പരിസ്ഥിതി പ്രവർത്തകർ ഇന്ന് അഭിമാനത്തോടെ സ്വീകരിക്കുന്ന “ട്രീ ഹഗ്ഗർ” (Tree Hugger) എന്ന പ്രയോഗം ആദ്യ കാലത്ത് അവരെ പരിഹസിക്കാനായി വികസനവാദികൾ ഉപയോഗിച്ചിരുന്നതാണ്.
ബ്രിട്ടനിലെ ‘ഫസ്റ്റ് ലോർഡ് ഓഫ് ദി ട്രെഷറി’ (First Lord of the Treasury) ആയിരുന്ന സർ റോബർട്ട് വാൾപോളിനെ പരിഹസിക്കാൻ പാർലമെന്റിൽ പ്രതിപക്ഷം ഉപയോഗിച്ചിരുന്ന പദമാണ് പിൽക്കാലത്ത് ബ്രിട്ടനും പിന്നീട് നമ്മളുമൊക്കെ ഒരു മടിയില്ലാതെ ഏറ്റെടുത്ത “പ്രൈം മിനിസ്റ്റർ” എന്ന സ്ഥാനപ്പേര്.
കറുത്ത തൊലിയുള്ളവൻ എന്ന അർത്ഥത്തിൽ വിളിച്ചു തുടങ്ങി പിന്നീട് കടുത്ത വംശീയ അധിക്ഷേപമായി പരിണമിച്ച “നിഗ്ഗ” (Nigga) എന്ന അഭിസംബോധനയെ വർണ്ണാഭിമാനത്തിന്റെ അടയാളമായി ആഫ്രോ-അമേരിക്കൻ ജനത സ്വയം സ്വീകരിച്ചു തുടങ്ങിയ കാലത്താണ് നമ്മൾ ഇത്രയൊക്കെ സംസാരിച്ചത് എന്നോർക്കണം.
ഇവയെല്ലാം ഡിഫീറ്റിസമാണോ??

ഇവയൊന്നും ഡിഫീറ്റിസമല്ലെങ്കിൽ പാഗൻ എന്ന റീ-അപ്രോപ്രിയേഷനും ഡിഫീറ്റിസമാവില്ല.
സാംസ്കാരികമായി വിഭിന്നരാണ് എന്നതിനാൽ നിരന്തരമായി ആക്രമിക്കപ്പെട്ടവർ, അക്രമിയുടെ സംഭോധനകളെ തന്നെ തങ്ങളുടെ തനിമയുടെ അടയാളങ്ങളും, വ്യത്യസ്തതയുടെ വിളംബരവും, സമരത്തിന്റെ പ്രതീകവുമാക്കി മാറ്റിയെടുക്കുന്നതല്ല ഡിഫീറ്റിസം.
ഡിഫീറ്റിസം എന്നത് പൊരുതാതെ തന്നെ പരാജയം സമ്മതിക്കുന്ന ഭീരുത്വമാണ്.
എന്നാൽ പാഗന്റെ ചരിത്രം സാംസ്കാരിക അധിനിവേശത്തിനെതിരായ ധീരമായ ചെറുത്തുനിൽപ്പിന്റേതാണ്.
ആ വാക്കിലുള്ളത് നാമെന്ന ജനത എന്തിനിത്രമേൽ ആക്രമിക്കപ്പെട്ടു എന്ന യാഥാർഥ്യമാണ്.
നമ്മളെങ്ങനെ നമ്മളായെന്ന ബോധ്യമാണ്.
നമ്മളെന്തിന് നമ്മളായി തന്നെ നിൽക്കണം എന്ന ഓർമ്മപ്പെടുത്തൽ കൂടിയാണ്.
ആ ഓർമ്മ നഷ്ടപ്പെടുമ്പോഴാണ് നമ്മൾ ശരിക്കും പരാജയപ്പെടുക.

പാഗനെന്നാൽ പാപിയല്ലെന്നും,
പാഗനെ പാപിയാക്കിയ സഭാ യുക്തിയുടെ എതിരില്ലാത്ത സ്വീകരണമാണ് നമ്മളെ കൊണ്ട് പോലും ഇപ്പോൾ അങ്ങനെ ചിന്തിപ്പിക്കുന്നതെന്നും,
യഥാർത്ഥത്തിൽ ലജ്ജ തോന്നേണ്ടത് അബ്രഹാമികമല്ലാത്ത വിചാര പദ്ധതികളെ മുഴുവൻ അപരിഷ്‌കൃതവും പിന്തിരിപ്പനും പ്രകൃതവുമാക്കി മാറ്റുന്ന ക്രിസ്തീയ ബോധനിർമ്മിതിയുടെ ഇരകളായി നമ്മൾ തന്നെ മാറുന്നതിലാണ് എന്നും തിരിച്ചറിയാതിരിക്കുന്നതാണ് ഡിഫീറ്റിസം.
പരിഷ്കരണത്തെ പറ്റിയുള്ള പാശ്ചാത്യ സങ്കൽപ്പങ്ങളെ അതു പോലെ വിഴുങ്ങുകയും,
പുരോഗമനമെന്നാൽ വൈദേശിക മൂല്യങ്ങളെ അനുകരിക്കലാണെന്ന് വിശ്വസിക്കുകയും,
‘അവരെന്ത് കരുതും?’ എന്നത് നമ്മുടേതായ മുഴുവൻ തനിമകളെയും മാറ്റി മറിക്കാനുള്ള ന്യായമാണെന്ന് ധരിക്കുകയും ചെയ്യുന്നതാണ് ഡിഫീറ്റിസം.
അവരെ പോലെയല്ല എന്നത് നമ്മളെ പ്രാകൃതർ ആക്കുമെങ്കിൽ ആ പ്രകൃതത നമ്മളുടെ അഭിമാനമാണെന്ന് പറയാനുള്ള ആർജ്ജവമില്ലാതിരിക്കുന്നതാണ് ഡിഫീറ്റിസം.
പാഗൻ അഭിമാനമല്ല,
പാഗൻ പേടിയാണ് ഡിഫീറ്റിസം.

ആ ഡിഫീറ്റിസത്തിന്റെ അങ്ങേയറ്റമാണ് ശബരിമലയിലെ ആചാരങ്ങൾ സ്ത്രീ വിരുദ്ധമാണെന്ന് ആരൊക്കെയോ പറഞ്ഞപ്പോൾ തന്നെ എന്നാലതങ്ങ് പരിഷ്കരിച്ചേക്കാം എന്ന് നമുക്ക് തോന്നുന്നത്.
എവിടെയാണ് അതിൽ സ്ത്രീ വിരുദ്ധത എന്ന് തിരിച്ചു ചോദിക്കാൻ പോലും സാധിക്കാതായിരിക്കുന്ന വണ്ണം ‘അവരെ ബോധ്യപെടുത്തുക’ എന്നതിലേക്ക് മാത്രം നമ്മുടെ ചിന്ത സങ്കോചിച്ചു കഴിഞ്ഞിരിക്കുന്നു.
ശത്രു സൈന്യം കോട്ട പിടിച്ചെടുക്കുന്നത് തടയാൻ അവർക്ക് മുൻപേ സ്വന്തം കോട്ട തകർക്കുന്ന സൈനികരാണിപ്പോൾ നമ്മൾ.
ബൂർഷ്വയെ തോൽപ്പിക്കാൻ ബൂർഷ്വയുടെ അച്ഛനാവണം എന്ന് വിശ്വസിച്ച് ഒടുവിൽ പ്രസ്ഥാനത്തിന് ബൂർഷ്വയെക്കാൾ വലിയ വെല്ലുവിളിയായി മാറിയ കൈതേരി സഹദേവൻ നമ്മുടെ സംഘടനയും.
പ്രതിഷ്ഠയുടെ സ്വഭാവം, ബ്രഹ്മചര്യ സങ്കല്പം, ചിന്മുദ്ര ധരിച്ച് പട്ടാബന്ധിതനായി അർദ്ധാസനത്തിലിരിക്കുന്ന യോഗീശ്വരന്റെ ഭാവം, മനോബുദ്ധികാരകനായ ചന്ദ്രന്റെ മൂന്നു പക്ഷങ്ങളിൽ കഠിന വ്രതമെടുത്ത് ഗുരുവിങ്കലെത്തി ജ്ഞാനത്തെ തെളിയിക്കാനുള്ള മണ്ഡല പദ്ധതി, മാളികപ്പുറത്തമ്മയുടെ നീണ്ട കാത്തിരിപ്പ് എന്നൊക്കെ പറഞ്ഞു തുടങ്ങുമ്പോൾ തന്നെ അവിടെ സായിപ്പിന്റെ നെറ്റി ചുളിയുന്നതോർത്ത് ഇവിടെ നമ്മുടെ നെറ്റി ആദ്യം ചുളിയും.
അവർക്ക് ദഹിക്കാത്ത യുക്തികളൊന്നും നമുക്കും ആവശ്യമില്ലെന്ന് തീരുമാനമായിട്ടുണ്ട്.
ബ്രിട്ടീഷുകാരൻ പോവുമ്പോൾ മെക്കാളേ പ്രഭു വിതച്ച വിത്തുകളൊന്നും പിഴുതു കൂടെ കൊണ്ടു പോയിരുന്നില്ലല്ലോ.
അവ കാലം കൊണ്ട് വളർന്ന് നമ്മുടെയുള്ളിൽ വൻ വൃക്ഷങ്ങളായി കഴിഞ്ഞിരിക്കുന്നു.

ശബരിമല ആചാരങ്ങളിൽ ഒരു സ്ത്രീ വിരുദ്ധതയുമില്ലെന്ന് നമുക്കെല്ലാം നന്നായറിയാം.
എന്നിട്ടുമത് തിരുത്തണമെന്ന് വാദിക്കുന്നവരുടെ പക്ഷം ചേരേണ്ടി വരുന്നയാ പുരോഗമന ദൗർബല്യമുണ്ടല്ലോ,
അത് ചില സംഘടനകളോടുള്ള ധൈഷണിക വിധേയത്വം കൊണ്ടായാലും, ചില വ്യക്തികളോടോ വ്യവസ്ഥകളോടോ ഉള്ള പ്രീതിയോ വിദ്വേഷമോ കൊണ്ടായാലും, ചില ആശയങ്ങളോടുള്ള ദാസ്യ മനോഭാവം കൊണ്ടായാലും ശരി,
ആ ദൗർബല്യം തന്നെയാണ് ഡിഫീറ്റിസം.
സതിയും നരബലിയും പോലെ നമ്മൾ അപരിഷ്‌കൃതരെന്ന് സ്ഥാപിക്കാൻ വേണ്ടി ബ്രിട്ടീഷുകാരൻ ഉപയോഗിച്ച അതേ സാമൂഹിക ദുരാചാരങ്ങളെ തന്നെ ഇന്ന് നമ്മൾ നമ്മുടെ ആചാരങ്ങൾക്കെതിരെയുള്ള ആയുധമാക്കി പ്രയോഗിക്കുന്ന ആ ഗതികേടുണ്ടല്ലോ,
ആ ഗതികേട് തന്നെയാണ് ഡിഫീറ്റിസം.
പാഗനെ മതം മാറ്റി പരിഷ്‌കാരിയാക്കാൻ സഭ ഉപയോഗിച്ച “അവൻ അജ്ഞാനിയാണെന്നും, അതിനാൽ അവന്റെ ദാരുണമായ അവസ്ഥ അവന് ബോധ്യമാവുന്നില്ലെന്നും, ആയത് കൊണ്ട് അവന്റെ സമ്മതമില്ലാതെ തന്നെ അവനെ ആ അവസ്ഥയിൽ നിന്ന് വിമോചിപ്പിക്കേണ്ടത് തങ്ങളുടെ ധാർമിക ബാധ്യതയാണെന്നും” ഉള്ള White Man’s Burdenന്റെ അതേ യുക്തി ആചാരങ്ങൾ സംരക്ഷിക്കണമെന്ന് വാദിക്കുന്ന വിശ്വാസികളായ സ്ത്രീകൾക്കെതിരെ നമ്മുടെ തന്നെ പരിഷ്കരണവാദികൾ ഉപയോഗിക്കുന്ന ആ അവസ്ഥയുണ്ടല്ലോ,
പുരുഷാധിപത്യത്തിന്റെ ഇരകളായതിനാൽ സ്വന്തം അവകാശങ്ങളെ പറ്റി ബോധ്യമില്ലാത്ത വിഡ്ഢി പെണ്ണുങ്ങളെ സർവ്വം തികഞ്ഞവരായ ഞങ്ങൾ സ്വാതന്ത്ര്യം നൽകി മോചിപ്പിക്കും എന്ന വാദമായി അത് പുനരവതരിക്കുന്ന അവസ്ഥ,
ആ അവസ്ഥ തന്നെയാണ് ഡിഫീറ്റിസം.
അനുകരിച്ചനുകരിച്ച് ഒടുവിൽ അവരായി മാറുകയാണ് നമ്മൾ.
അവനവനല്ലാതായി തീരുന്നതാണ് ഏറ്റവും വലിയ പരാജയം.

അവിടെയാണ് പാഗൻ എന്ന മേൽവിലാസത്തെ വീണ്ടെടുക്കുക പ്രസക്തമാവുന്നത്.
എന്തെന്നാൽ പാഗൻ കൂടെ കൊണ്ടു വരുന്നത് ചെറുത്തു നിൽപ്പിന്റെ ഓർമകളെ കൂടിയാണ്.