ബാലരാമ കൈമള്
പശ്ചിമഘട്ടസംരക്ഷണം, ഗാഡ്ഗിൽ റിപ്പോ ർട്ട് നടപ്പാക്കൽ , ആറന്മുള സമരം എന്നിവയുടെ പശ്ചാത്തലത്തിൽ കോട്ടയത്തെ എൻ. ഡി. എ. സ്ഥാനാർഥിത്വം സംബന്ധിച്ച ആശങ്കകൾ
ഭാരതം ഇനി അടുത്ത അഞ്ചു വർഷത്തേയ്ക്കോ അതിലധികമോ ഈ നാടിനെ ഭരിക്കാനുള്ള നായകനെ വളരെ പ്രതീക്ഷകളോടെ തെരഞ്ഞെടുത്തിരിക്കുകയാണ്. കഴിഞ്ഞ മുപ്പതു വർഷങ്ങളിൽ ഈ രാഷ്ട്രീയം കലുഷിതമായിരുന്നു. രാജ്യം സ്വതന്ത്രമായ കാലം മുതൽ വർഗീയതയും കപടമതേതരത്വവും മതപ്രീണനവും ഇന്നാട്ടിൽ വാണിരുന്നു എങ്കിൽ, 1984-നു ശേഷം ഭാരതം ജാതിരാഷ്ട്രീയത്തിന്റെ കൊള്ളരുതായ്മകളും അനുഭവിക്കുകയായിരുന്നു. തൽഫലമായി സംസ്ഥാനാന്തരമായി പരക്കപ്പെട് ടജാതി രാഷ്ട്രീയം, സ്വാർഥരായ നിരവധി നേതാക്കളുടെ വരവിനു വഴിയിരുക്കുകയും പ്രധാനപാർട്ടികൾക്ക് ഭരണത്തിനുള്ള ഭൂരിപക്ഷം ഇല്ലാതെവന്നപ്പോഴുള്ള അസ്ഥിരതകളിലേക്ക് രാജ്യത്തെ നയിക്കുകയും ചെയ്തു. ഈ ശാപം കഴിഞ്ഞ മുപ്പതു വർഷക്കാലം അനുഭവിക്കുകയായിരുന്ന ഭാരതം 2014-ലെ പൊതുതിരഞ്ഞെടുപ്പോടെ ഈ കാലയളവിൽ ആദ്യമായി സ്വന്തം നിലക്ക് ഒറ്റപ്പാർട്ടിഭൂരിപക്ഷമുള്ള ഒരു സർക്കാരിനായുള്ള ജനവിധിയുണ്ടായി. ഭാരതം അതാഗ്രഹിച്ചിരുന്ന അനുപേക്ഷണീയമായ ശാപമുക്തി കൈവരിച്ചു.
ഗുജറാത്ത് മുഖ്യമന്ത്രിയായി കഴിഞ്ഞദിവസംവരെ ഭരിച്ച നരേന്ദ്രമോഡിയുടെ മികവുറ്റ നേതൃത്വത്തിൻ കീഴിൽ ബി. ജെ. പി. എന്ന രാഷ്ട്രീയസംഘടനയുടെ നേതൃത്വത്തിൽ എൻ. ഡി. എ. എന്ന ബഹുകക്ഷിമുന്നണിയുടെ അത്യുജ്ജ്വലമായ വിജയപ്രകടനമായിട്ടായിരുന്നു രാഷ്ട്രീയസ്ഥിരതയുള്ള ഒരു സർക്കാർ വരാൻ പാകത്തിൽ ജനവിധിയുടെ ആവിഷ്കാരം മാറിയത്. ഇതിലേക്ക് വഴി വച്ച എൻ. ഡി. എ. അഥവാ നാഷണൽ ഡെമോക്രാറ്റിക് അലയൻസ് ബി. ജെ. പി.യും ശിവസേനയുമടങ്ങുന്ന 29 വിവിധ രാഷ്ട്രീയ പാർട്ടികൾ ചേർന്ന ഒരു ബഹുസ്വരസമന്വയമാണ്. ഈ പാർട്ടികളിൽ 12 എണ്ണത്തിനുമാത്രമേ ഈ ലോക് സഭയിലേക്ക് എം. പി. മാരെ വിജയിപ്പിക്കാൻ സാധിച്ചിട്ടുള്ളൂ. മറ്റു 17 കക്ഷികൾ ‘സംപൂജ്യ’ന്മാരാണെങ്കിലും അവയിൽ മിക്കതും എൻ. ഡി. എ. യുടെ മറ്റു പല സീറ്റുകളിലും വിജയം കൈവരിക്കാനുള്ള സംഭാവനകൾ നൽകിയിട്ടുണ്ടെന്നുള്ളതുറപ്പ്. ചിലതെങ്കിലുമൊഴികെ.
ചില കക്ഷികൾ എൻ. ഡി. എ. യിൽ വന്നത് തീർത്തും അവസാനഘട്ടത്തിൽ ആയിരിക്കാം. ഉദാഹരണം തെലുഗുദേശം. പക്ഷേ, തെലുഗുദേശം പോലുള്ള പല പാർട്ടികളും സ്വയം തെളിയിച്ചവയാണ്. ചിലവ, മുൻപേതന്നെ ഈ മുന്നണിയിലെ ഘടകകക്ഷികൾ ആയിരുന്നവർ. ആ നിലയ്ക്ക് അങ്ങനെയുള്ള പലരെയും അന്യമായൊരു രീതിയിൽ കാണേണ്ട ആവശ്യമില്ല.
പക്ഷേ, ഈ തെരഞ്ഞെടുപ്പിൽ കേരളത്തിൽ അതിവൈചിത്ര്യമാർന്ന ചില സംഭവങ്ങൾ ആണ് ഉണ്ടായത്. ബി ജെ പി യുടെ പൊതുവായുള്ള വോട്ട് പവർ വിലയിരുത്തിയാൽ സാമാന്യം ശക്തിയുള്ളതെന്നു പറയാവുന്ന കോട്ടയം ജില്ലയിൽ ഇത്തവണ തെരഞ്ഞെടുപ്പുസമയത്ത് സ്ഥാനാർഥിയെ തീരുമാനിക്കാൻ കാത്തിരിക്കുന്ന പ്രവർത്തകരെ ഞെട്ടിച്ചുംകൊണ്ട് ഒരു പുതിയ അവതാരം വന്നുചാടി. പ്രവർത്തകർക്കോ നേതാക്കൾക്കോ തീർത്തും അറിയാത്ത ഒരു വ്യക്തി എൻ. ഡി. എ. യിൽ രംഗപ്രവേശം ചെയ്ത് കോട്ടയത്തെ സ്ഥാനാർഥിയായി സ്വയം പ്രഖ്യാപിച്ചവതരിച്ചു. പ്രതീക്ഷകളോടെ ഒരു പാർട്ടിയിൽ ആത്മാർഥമായി പ്രവർത്തിക്കുന്നവരെ വിഷമിപ്പിക്കുന്ന ഒരു സംഭവമായി അത് മാറി.
നാഷനലിസ്റ്റ് കേരള കോണ്ഗ്രസ് എന്ന സംഘടനയുമായിട്ടാണ് കോട്ടയത്തിന്റെ എൻ. ഡി. എ. സ്ഥാനാർഥി എന്നും പറഞ്ഞ് കഥയിലെ വില്ലനായ നോബിൾ മാത്യുവിന്റെ വരവ്. ഇത്തരം വ്യക്തികൾ, അധികാരത്തിൽ ഏറും എന്ന് പ്രതീക്ഷിക്കുന്ന ഒരു രാഷ്ട്രീയസംഘടനയിലോ മുന്നണിയിലോ അംഗമാകുന്ന സാഹചര്യം പ്രത്യേകം പരിശോധിക്കേണ്ടതാണ്. പ്രത്യേകിച്ചും, പശ്ചിമഘട്ടസംരക്ഷണം നടപ്പാക്കൽ, ഗാഡ്ഗിൽ സമിതി റിപ്പോർട്ട് നടപ്പാക്കാനുള്ള പ്രതിജ്ഞാബദ്ധത, ആറന്മുള വിമാനത്താവളം വേണ്ടെന്നുവയ്ക്കൽ എന്നീ നയങ്ങളിൽ എൻ. ഡി. എ. യിലെ പ്രധാനകക്ഷിയായ ബി. ജെ. പിക്ക്, തുറന്ന, പ്രഖ്യാപിതനയങ്ങൾ ഉള്ളപ്പോൾ.
ഇത്തവണത്തെ പൊതുതെരഞ്ഞെടുപ്പിന്റെ അപരനാമങ്ങൾ മോഡി തരംഗം, മോഡി സുനാമി എന്നൊക്കെയായിരുന്നു. ഒരു മോഡിക്കാറ്റിൽ എൻ. ഡി. എ. പൂർണ വിജയം കയ്യടക്കി. ഒറ്റ സീറ്റ് പോലും എൻ. ഡി. എ. ക്ക് കിട്ടാത്ത കേരളത്തിലും ബി. ജെ. പി. അതിശക്തമായ പ്രകടനം കാഴ്ചവച്ചു. പത്തൊൻപതു ലക്ഷത്തോളം വോട്ടുകളും പത്തിലധികം വോട്ടിംഗ് ശതമാനവും.
ഈ മേളത്തിൽ, ബി. ജെ. പി. യുടെ അഥവാ എൻ. ഡി. എ. യുടെ കേരളത്തിലെ വോട്ടിംഗ് ശതമാനവും വോട്ടുകളും, കുത്തനെ വർദ്ധിച്ചു. ഒരിടത്തൊഴികെ. കരിംകുതിര മേഞ്ഞിടം കോട്ടയമായിരുന്നു. 2009 ലെ ലോക്സഭാതെരഞ്ഞെടുപ്പിൽ കോട്ടയത്ത് ബി. ജെ. പി. സ്ഥാനാർഥി 37422 വോട്ടുകൾ പിടിച്ചു എങ്കിൽ, ഇത്തവണ അഡ്വ. നോബിൾ മാത്യു എൻ. ഡി. എ. സ്ഥാനാർഥിയായി ഓട്ടോറിക്ഷാ ചിഹ്നത്തിൽ നേടിയത് 44357 വോട്ടുകൾ ആണ്. അതായത്, മിക്ക ബി.ജെ. പി. -എൻ. ഡി. എ. സ്ഥാനാർഥികളും അൻപതിനായിരം തൊട്ട് ലക്ഷം വോട്ടുകൾ വരെ അധികം സമ്പാദിച്ചപ്പോൾ, കോട്ടയത്തെ മഹാൻ നേടിയത് വെറും 6935 അധികം വോട്ടുകൾ.
കോട്ടയം ലോക്സഭാ മണ്ഡലത്തിൽ ബി. ജെ. പി സ്വന്തം നിലയിൽ ഒരാളെ നിരത്തിയിരുന്നു എങ്കിൽ കിട്ടാമായിരുന്നത് ഏറ്റവും കുറഞ്ഞത് ഒരു ലക്ഷം വോട്ടുകൾ ആകുമായിരുന്നു. തൊട്ടടുത്ത മണ്ഡലമായ പത്തനംതിട്ടയിൽ ബി. ജെ. പി. യുടെ സ്ഥാനാർഥി, ഒരു ലക്ഷത്തി മുപ്പത്തെണ്ണായിരം വോട്ടുകൾ നേടി എന്നത് മറക്കരുത്. അതായത്, അതിഭീമമായ വോട്ടുവർദ്ധന ബി ജെ പി വോട്ടുകളിൽ മിക്കയിടത്തും ഉണ്ടായിട്ടും, കോട്ടയം ഇതിൽ പുറകോട്ടടിച്ചു. നോബിൾ മാത്യു എന്ന സ്ഥാനാർഥിക്ക് ബി. ജെ. പി. അനുഭാവികൾ മാത്രം പാർട്ടി വിധേയത്വം മൂലം വോട്ടു ചെയ്തു എന്നും, മോഡി തരംഗത്തിൽ ലഭിക്കേണ്ട പൊതു വോട്ടുകൾ അയാൾക്ക് ലഭിച്ചില്ല എന്നും, സ്വന്തമായി ഒരു രാഷ്ട്രീയ കക്ഷി ഉണ്ടാക്കി അവതരിച്ച ഇയാൾക്ക്, സ്വന്തം എന്ന് പറയാൻ യാതൊരു ജനസ്വാധീനവും ഇല്ല എന്നും, പൊതുവോട്ടുകളെ മോഡി തരംഗത്തിൽപ്പോലും ആകർഷിക്കാൻ പറ്റാത്തവിധത്തിൽ ജനങ്ങളാൽ പുറന്തള്ളപ്പെട്ടവനും അനഭിമതനും ആണ് ഈ വ്യക്തി എന്നും ഇവിടെ തെളിയുന്നു. ഈ വ്യക്തിയുടെ സ്ഥാനാർഥിത്വത്തെ ഇതിലും നന്നായി അവതരിപ്പിക്കാൻ പറ്റുമെന്ന് തോന്നുന്നില്ല.
ബി. ജെ. പി. ഭരണത്തിന്റെ ഒരു മുൻ അനുഭവം നോക്കിയാൽ, പ്രവർത്തകർ കഷ്ടപ്പെട്ട് പ്രവർത്തിച്ച് പാര്ട്ടിയെ അധികാരത്തിൽ എത്തിക്കും എങ്കിലും, ചില അനഭിമതർ അതിനിടയിൽ ഒളിച്ചുകടക്കുകയും പറ്റുന്ന എല്ലാ അധാർമികമായ മുതലെടുപ്പുകൾ നടത്തുകയും ചെയ്യും. നന്നായി ഭരിച്ചാലും ചീത്തപ്പേരും വെറുപ്പും പ്രവർത്തകർക്കിടയിൽ സൃഷ്ടിച്ച് അവരെ അകറ്റിക്കളയുന്നത് ഇത്തരം അനഭിമതരാണ്. അഴിമതികൾ, ധനാപഹരണം, ഫണ്ടുകളിൽ അനഭിമതവ്യക്തികൾക്കോ സംഘടനകൾക്കോ ആയി തിരിമറി കാണിക്കൽ എന്നിവ മിക്കതും ഇത്തരം അനഭിമതരുടെ സംഭാവനകൾ ആയിരിക്കും.
അധികാര സോപാനങ്ങൾ പലപ്പോഴും ഇക്കൂട്ടരുടെ കാവൽപ്പുരകൾ ആയി മാറും. ചോര നീരാക്കി സ്വന്തം കക്ഷിയെ അധികാരത്തിൽ എത്തിച്ച സാധാരണ പ്രവർത്തകന്, വേണ്ടപ്പെട്ടവരെ കാണണം എങ്കിൽ ഇത്തരം ‘ഇന്നലെ കുരുത്ത തകരകളെ’ പ്രീതിപ്പെടുത്തേണ്ടിവരും. രാഷ്ട്രീയ മുതലെടുപ്പിന്റെ ഏറ്റവും അനാശാസ്യപാഠങ്ങൾ പ്രയോഗത്തിൽ വരുത്തുന്നത് ഇക്കൂട്ടരായിരിക്കും.
ഇവിടെ, ഇത്തരം സാഹചര്യങ്ങളെ വിലയിരുത്തുമ്പോഴാണ് കോട്ടയത്തെ എൻ. ഡി. എ. സ്ഥാനാർഥിയായി ചോദ്യചിഹ്നമാകുന്നത്. തെരഞ്ഞെടുപ്പ് ഫലം വരുംവരെ ഈ വ്യക്തി ഒരു എൻ. ഡി. എ. ഘടക കക്ഷിക്കാരാൻ ആണെന്ന് ജനങ്ങൾ അറിയുന്നുണ്ടായിരുന്നില്ല. ബി ജെ. പി. പിന്തുണയുള്ള സ്വതന്ത്രസ്ഥാനാർഥി എന്നതായിരുന്നു ലേബൽ. പക്ഷേ, എം. പി. മാർ ഘടകകക്ഷികൾ എന്നിവർ മോഡിയെ അനുമോദിക്കുന്ന വേളയിലാണ് നാഷനലിസ്റ്റ് കേരള കോണ്ഗ്രസ്സിന്റെ ഉദയം ജനങ്ങൾ അറിയുന്നത്. ഇടിച്ചു കയറി ഷൈൻ ചെയ്യലും, അനുവാദം കൂടാതെ ഡൽഹിയിലെ ബി. ജെ. പി. ഓഫീസിലുള്ള കടന്നു കയറ്റങ്ങളും ധാർഷ്ട്യം നിറഞ്ഞ സിൽബന്തികൂട്ടത്തിനൊപ്പമുള്ള പെരുമാറ്റവും ജനങ്ങളിൽ നിറക്കുന്നത് സംശയങ്ങളാണ്.
1. ആരാണ് നോബിൾ മാത്യു വിനെ എൻ ഡി എ യിൽ എടുക്കേണ്ട നടപടിയുടെ ആവശ്യക്കാരൻ?
2. എന്താണ് നോബിൾ മാത്യുവിന്റെ ഉദ്ദേശം?
3. മറ്റെല്ലായിടത്തും ബി ജെ പിക്കും എൻ ഡി എ ക്കും വോട്ടുകൾ വളരെ വർദ്ധിച്ചപ്പോൾ, കോട്ടയത്തെ വോട്ടു വർദ്ധന തടയേണ്ടത് ആരുടെ ആവശ്യമായിരുന്നു?
4. നോബിൾ മാത്യുവിന്റെ സ്ഥാനാർഥിത്വം തന്നെ ആർക്കാണ് നേട്ടം ഉണ്ടാക്കുന്നത്?
5. അയാൾ എൻ. ഡി. എ. യിൽ തുടരുന്നതിൽ ആർക്കാണ് ഗുണം?
സുവ്യക്തമായ ഉത്തരങ്ങൾ അർഹിക്കുന്ന രാഷ്ട്രീയചോദ്യങ്ങളാണിവ.
ഈ ചോദ്യങ്ങൾക്ക് നമുക്ക് പെട്ടെന്ന് ഉത്തരം ലഭിക്കില്ലായിരിക്കാം. പക്ഷേ, ഒന്നുണ്ട്, നോബിൾ മാത്യുവിന്റെ സ്ഥാനാർഥിത്വം വോട്ടുകൾ വർദ്ധിപ്പിച്ചത്, ജോസ്. കെ. മാണിക്കായിരിക്കും. കേരള കോണ്ഗ്രസ്സിന്റെ ഒരു മുൻ (ഇപ്പോഴും?) പ്രവർത്തകന് മാണിക്കുഞ്ഞിനായി ചെയ്തുകൊടുക്കാൻ പറ്റുന്ന ഒരു നല്ല സംഭാവന!
ബി. ജെ. പി. യുടെ പ്രഖ്യാപിതനയമാണ് പശ്ചിമഘട്ടസംരക്ഷണം. അവിടത്തെ കയ്യേറ്റക്കാരെ സംരക്ഷിക്കുന്ന കേ. കോ. സംസ്കാരത്തിന് ബി. ജെ. പി. എതിരാണ്. അതിനാൽ കസ്തൂരി രംഗൻ റിപ്പോർട്ട് പോലുമല്ല, ഗാഡ്ഗിൽ റിപ്പോർട്ട് ആണ് ബി. ജെ. പി. നടപ്പാക്കും എന്ന് പറയുന്നത്. കസ്തൂരിരംഗൻ റിപ്പോർട്ടിനെതിരെ സമരമുഖങ്ങളിൽ വീറോടെ നിന്നവാൻ, നീലപ്പെയിന്റുവെള്ളത്തിൽവീണു എന്നുംവച്ച് നയങ്ങൾ മാറ്റുമോ? അതോ ബി. ജെ. പി. ഇനി ഇയാൾക്കായി നയങ്ങൾ പൊളിച്ചെഴുതേണ്ടി വരുമോ?
കച്ചവട-ദുർരാഷ്ട്രീയകൂട്ടുകെട്ടിന്റെ ഇരയായ ആറന്മുളഗ്രാമത്തിന്റെ സ്ഥിതി എന്താകും? ആന്റോ ആന്റണി പ്രഖ്യാപിത വിമാനത്താവളാനുകൂലിയാണ്. അക്കൂട്ടത്തിൽ അനഭിമത രാഷ്ട്രീയക്കാർ എൻ. ഡി. എ. യിൽ നിന്നുംകൊണ്ട് രഹസ്യബാന്ധവങ്ങൾ ഉണ്ടാക്കിയാൽ എങ്ങനെയിരിക്കും. ചോരയും നീരും കൊടുത്ത് നെൽവയലും പുഴയും പുഞ്ചയും സംസ്കാരവും ഒരു നാടിനെയും രക്ഷിച്ചു വിജയിപ്പിക്കേണ്ട ഒരു സമരത്തിന്റെ ഗതിയെന്താകും? കുമ്മനവും , സുഗതകുമാരിയും വി എസ്സും പന്ന്യനും അനേകം പരിസ്ഥിതി പ്രവർത്തകരും ആത്മഹത്യ ചെയ്യണോ?
മറ്റൊന്ന്, അനഭിമത സംഘടനകളിലേക്ക് ദുരുപയോഗം ചെയ്യാനായി സർക്കാർ ഫണ്ടുകൾ മറിക്കപ്പെടും എന്നുള്ളതാണ്. രാജ്യത്തെ പാവപ്പെട്ടവന്റെ നികുതിപ്പണം. അതവന്റെ തന്നെ നന്മയും നിലനിൽപ്പിനെയും ഇല്ലാതാക്കാൻ കച്ചകെട്ടിയിറങ്ങുന്ന ദുഷ്ടലാക്കുള്ളവർക്കായി ദുരുപയോഗം ചെയ്യാൻ ഇട്ടുകൊടുക്കരുത്.
ഇതും പറയാം. മൻമോഹന്റെയും സോണിയയുടെയും പിന്നിൽ കളിക്കുന്ന രാഷ്ട്രീയത്തെ ഇത്രയുംനാൾ സഹിച്ച ജനത അതൊന്നവസാനിപ്പിക്കാൻ നൽകിയ ആത്മാർഥമായ ജനവിധിയാണിത്. ജനത ദൂരെയെറിഞ്ഞ ആ ദുരവസ്ഥയെ അനഭിമതരാഷ്ട്രീയക്കാരിലൂടെ തിരികെയെത്തിച്ച് വീണ്ടും ജനദ്രോഹം കാണിക്കരുത്. ആ ജനവിധിയെ അട്ടിമറിക്കരുത്.
ജനങൾക്ക് മുന്നിൽ ശുദ്ധരായിരിക്കുവാൻ, ജനവിധിയെ മാനിക്കാൻ, പ്രകൃതിയെയും ഗ്രാമനന്മകളെയും സംരക്ഷിക്കാൻ നോബിൾ മാത്യുവിനെയും അയാൾ പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയത്തെയും എൻ. ഡി. എ. യിൽ നിന്നും പുറത്താക്കുകതന്നെവേണം