ഫ്രാൻസിൽ നിന്നും 36 റഫേൽ യുദ്ധ വിമാനങ്ങൾ വാങ്ങാനുള്ള കരാറിൽ പ്രതിരോധ മന്ത്രി മനോഹർ പരീക്കറും ഫ്രഞ്ച് പ്രതിരോധമന്ത്രി ജീൻ യെവ്സ് ഡ്രെയിനും ഒപ്പുവെച്ചത് മുതല്‍, ഈ കരാറിൽ ദുരൂഹതയുണ്ട്, അഴിമതിയുണ്ട് മുതലായ കോൺസ്പിരസി തിയറികൾ മോദി വിരുദ്ധര്‍ പാടി നടക്കുന്നതായി കണ്ടു. കാലങ്ങളായി കേന്ദ്രസർക്കാരിന്റെ അഴിമതി കഥകൾ കേട്ടു ശീലിച്ച ചിലർക്ക്, ഇപ്പോൾ നിരാശ മാത്രം കിട്ടുന്നതിന്റെ ഫലമായിട്ടുണ്ടായ ഈ ‘റാഫേൽ യുദ്ധവിമാനം വാങ്ങിയതിലെ ദുരൂഹത ‘ എന്ന നാടകത്തിനെക്കുറിച്ചു ചിലതു പറയാം.
രാഷ്ട്രീയ വിദ്വെഷമോ, അല്ലെങ്കിൽ യൂപിഎ ഗവണ്മെന്റ് ഡസാൾട് ഏവിയേഷൻ കമ്പനിയുമായി എത്തിച്ചേർന്ന ധാരണകൾ പ്രകാരം നിശ്ചയിച്ച വില, വാങ്ങുന്ന വിമാനങ്ങളുടെ എണ്ണം എന്നിവ പുതുക്കിയ കരാർ പ്രകാരം വ്യത്യസ്‌തമാണെന്ന ധാരണയില്ലാത്തതോ ആവാം ഇവര്‍ അങ്ങനെ പറയാൻ കാരണം. വാങ്ങുന്ന വിമാനങ്ങളുടെ എണ്ണം കൂടിയോ കുറഞ്ഞോ എന്നതിലും പ്രധാനമാണല്ലോ ഗുണനിലവാരവും വില്പനാനന്തര സേവനങ്ങളും.
ഇന്ത്യയുടെ സുഖോയ് യുദ്ധവിമാനത്തിന്റെ ‘എയർവർത്തിനസ് (സഞ്ചാര യോഗ്യത) ‘ വെറും 48 ശതമാനം മാത്രമാണ്. ശരിയായ അറ്റകുറ്റപ്പണികളും സ്പെയർ പാർട്ട്സ് വേണ്ട സമയത്തു ലഭിക്കാത്തതുമാണ് ഇതിനു കാരണം.126 സുഖോയ് വിമാനങ്ങൾ അതേപടി വാങ്ങി, എന്നിട്ടതിന്റെ 48 ശതമാനം മാത്രം ഉപയോഗിക്കുന്നതാണോ, അതോ 36 വിമാനങ്ങൾ വാങ്ങി അതിനു ഏത് സമയത്തും 80 ശതമാനം ഫ്ലൈയബിൾ ആവുന്ന രീതിയിൽ വില്പനാന്തര സേവനങ്ങളും കരാർ പ്രകാരം ഉറപ്പു വരുത്തുന്നതാണോ നല്ലത് ?
നമ്മള്‍ വാങ്ങുന്ന വിമാനങ്ങളുടെയും അനുബന്ധ സേവനങ്ങളുടെയും മെച്ചപ്പെടുത്തിയ ഗുണനിലവാരവും പ്രായോഗികതയും ചർച്ച ചെയ്യാതെ വിലയെക്കുറിച്ചു മാത്രം സൂചിപ്പിച്ചു കൊണ്ട് അഴിമതി ആരോപിക്കുന്നതിന് പിന്നിലെ യുക്തി എന്താണ്?
റാഫേൽ യുദ്ധവിമാനത്തിനു വേണ്ടി ഇന്ത്യയും ഫ്രാന്‍സും കൂടി ഉണ്ടാക്കിയ പുതിയ കരാറിനെ കുറിച്ചു വിശദമായിത്തന്നെ പറയാം.
1: ഇന്ത്യൻ എയർഫോഴ്‌സിന്റെ ആവശ്യങ്ങൾക്കും രീതികൾക്കും അനുസൃതമായ മാറ്റങ്ങൾ പുതിയ കരാർ പ്രകാരം റാഫേൽ വിമാനങ്ങളിൽ നിർമ്മാതാക്കളായ ഡസാൾട്ട് ഏവിയേഷൻ വരുത്തിയിട്ടിട്ടുണ്ട്. ഹെല്മറ്റിൽ ഘടിപ്പിച്ച ഡിസ്‌പ്ലെ യൂണിറ്റ് , റഡാർ വാണിങ് റിസീവർ , ഡോപ്ലർ ബീം റഡാർ, ഇൻഫ്രാറെഡ് സേർച്ച് ആൻഡ് ട്രാക്കിങ് ഇവയൊക്കെ അതിന് ഉദാഹരണങ്ങളാണ്.
2: METEOR,STORM SHADOW- ഈ രണ്ട് മിസൈലുകളും റാഫേൽ ഡീലിൽ ഉൾപ്പെടും. ആകാശത്തു നിന്ന് തൊടുക്കാവുന്ന,560 കിലോമീറ്റർ ദൂരപരിധിയുള്ള ക്രൂയിസ് മിസൈലുകളാണ് ഇവ രണ്ടും. ഇന്ത്യയുടെ വ്യോമാതിർത്തിയിൽ നിന്ന് കൊണ്ട് അയൽരാജ്യങ്ങളിലെ ലക്ഷ്യസ്ഥാനത്തു ഇവ അനായാസമായി എത്തിക്കാം.
3: ഈ കരാറിൽ ചില സാങ്കേതിക വിദ്യകളുടെ കൈമാറ്റവും ഉൾക്കൊള്ളിച്ചിട്ടുണ്ട്. THALES RBE2-AA റഡാർ , അതിന്റെ സോഫ്റ്റ്വെയർ സോഴ്സ് കോഡ് , അറ്റകുറ്റപ്പണികൾ ഇതൊക്കെ നൽകാമെന്ന് ഈ പുതിയ കരാറിന്റെ ഭാഗമായി അവർ അംഗീകരിച്ചിട്ടുണ്ട്. ഏഴു വർഷത്തേക്ക് മിതമായ നിരക്കിൽ സ്പെയർ പാർട്സും ലഭിക്കും.
4: ഫ്‌ളീറ്റിന്റെ 75% ഏത് സമയത്തും എയർവർത്തി അഥവാ ഫ്ലൈയബിൾ കണ്ടീഷനിൽ നിലനിർത്തിക്കൊള്ളം എന്ന ഗ്യാരന്റിയും പുതിയ കരാർ പ്രകാരം ഡസ്സാൾട്ട് അംഗീകരിച്ചിട്ടുണ്ട്.
(നമ്മുടെ സുഖോയ് ഫ്‌ളീറ്റിന്റെ എയർവർത്തിനസ് വെറും 48% ആണെന്ന് ഓർക്കണം.!! സ്‌പെയേഴ്‌സ് , മെയിന്റനൻസ് മുതലായ വില്പനാനന്തര സേവനങ്ങളുടെ അഭാവമാണ് കാരണം).
5: മൂന്നു പൈലറ്റുമാർ അടക്കം ഒൻപത് ഇന്ത്യൻ എയർഫോഴ്സ് ഉദ്യോഗസ്ഥർക്ക് പരിശീലനം ഡസ്സാൾട്ട് നൽകും. പരിശീലനം നൽകാനും പ്രസ്തുത കാലയളവിൽ ആയുധങ്ങൾ ശേഖരിക്കാനും വേണ്ട സൗകര്യങ്ങൾ ഫ്രാൻസിൽ തന്നെ ഒരുക്കും. അതായത് വിമാനങ്ങളുടെ നിർമ്മാണം പൂർത്തിയാവുന്നതിന് മുൻപ് പരിശീലനത്തിന് ഇന്ത്യയിൽ സൗകര്യങ്ങളില്ലെങ്കിൽ കൂടി പരിശീലനം തടസ്സപ്പെടില്ല.
6: നിർമ്മാണത്തിന് ആവശ്യമായ ഘടകങ്ങളുടെ 75% ഇന്ത്യയിൽ നിന്ന് ഇറക്കുമതി ചെയ്യണം എന്നൊരു നിബന്ധന കൂടി പുതിയ കരാറിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. അതായത് ഫൈനൽ അസംബ്ലി ഫ്രാൻസിൽ നടക്കുമെങ്കിലും പാർട്സ് സപ്പ്ളൈയുടെ 75% ഇന്ത്യയിലേ കമ്പനികൾക്ക് കിട്ടും. എന്നു വെച്ചാൽ 58000 കോടി മുഴുവൻ ഫ്രാൻസിലേക്ക് പോകില്ല. അതില്‍ ഒരു പങ്കു പറ്റുന്നതില്‍ ഇന്ത്യയിലെ ചെറുകിട-വൻകിട കമ്പനികളും പങ്കാളികളാകും.
7: വില കണക്കാക്കിയിരിക്കുന്നത് യൂറോയുടെ മൂല്യം കുറയാനോ കൂടാനോ ഉള്ള സാധ്യതകളെ പരിഗണിച്ചു കൊണ്ടാണ്. പരമാവധി ഒരു വർഷം 3.5 % vare കൂടും എന്ന് കണക്കാക്കിയാണ് വില നിശ്ചയിച്ചിരിക്കുന്നത്. 3.5% ത്തിൽ കൂടിയാൽ ഇന്ത്യ കൂടുതൽ പണം നൽകേണ്ടതില്ല, മറിച്ചു കുറയുകയാണെങ്കിൽ അത്രയും തുക കുറച്ചു നൽകിയാൽ മതിയാകും വിമാനങ്ങൾ നിർമ്മിച്ച് തീരാൻ അഞ്ചു വർഷം എടുക്കും എന്നിരിക്കെ ഇതൊരു പ്രധാനപ്പെട്ട ഘടകമാണ്. യൂപിഎ ഉണ്ടാക്കിയ ഡീൽ പ്രകാരം ഇത് 4% ആയിരുന്നു. 3.5 % ആയി നെഗോഷ്യേറ്റ് ചെയ്തത് വഴി ഏതാണ്ട് 5000 കോടി ലാഭം ഉണ്ടായിട്ടുണ്ട്.
8 : യൂപിഎ ഡീലിൽ ഉണ്ടായിരുന്നതിൽ വേറൊരു കാര്യമാണ് വലിയൊരു ഭാഗം വിമാനങ്ങൾ ഇന്ത്യയിൽ നിർമ്മിക്കുക എന്നത്. പിന്നീട് നടന്ന പഠനങ്ങളിൽ ഇത് മൂലം ഒരു വിമാനത്തിന് 150 കോടി അധികച്ചിലവ് വരുന്നതായി കണ്ടെത്തി. ഇന്ത്യയിലെ നിർമ്മാണച്ചിലവുകൾ ഫ്രാൻസിനെ അപേക്ഷിച്ചു ഏതാണ്ട് രണ്ടര ഇരട്ടി അധികമാണ് എന്നതാണ് കാരണം. അതിനാൽ ഫൈനൽ അസംബ്ലി ഫ്രാൻസിലും പാർട്സ് പ്രൊഡക്ഷൻ ഇന്ത്യയിലും എന്ന രീതിയിൽ കരാർ നവീകരിച്ചു. 36 വിമാനങ്ങൾ റെഡി റ്റു ഫ്‌ളൈ കണ്ടീഷനിൽ ആണ് പുതിയ കരാർ പ്രകാരം വാങ്ങാൻ ഉദ്ദേശിക്കുന്നത്.
അപ്പോൾ യൂപിഎ ഡീൽ വെറുമൊരു കരട് രേഖ ആയിരുന്നു എന്നാണ് നമുക്ക് കാണാൻ സാധിക്കുക. എയർ ക്രാഫ്റ്റിന്റെ മാത്രം വിലയാണ് യൂപിഎ ഡീലിൽ പറയുന്ന 712 കോടി രൂപ. മേൽപ്പറഞ്ഞ ഘടകങ്ങൾ ഉൾക്കൊള്ളിച്ചു ഒരു ലക്ഷം കോടി രൂപയുടെ ഡീൽ അരലക്ഷം കോടിയായി കുറച്ചു അതിന്റെ പ്രായോഗിക ഗുണഫലങ്ങൾ കൂട്ടുകയാണ് പുതിയ ഗവണ്മെന്റ് ചെയ്തിരിക്കുന്നത്.
എയർ ക്രാഫ്റ്റിന്റെ എണ്ണമല്ല, ഉള്ളതിന്റെ എയർവർത്തിനസ് ആണ് പ്രധാനം. വാങ്ങിയ 100 എയർക്രാഫ്റ്റിൽ അമ്പതെണ്ണം മാത്രം സഞ്ചാരക്ഷമം ആയിരിക്കുകയും, എയർവർത്തി ആയവയിൽ മേല്പറഞ്ഞ ഘടകങ്ങൾ ഇല്ലാതിരിക്കുകയും ചെയ്യുന്നതിലും നല്ലതല്ലേ 80 ശതമാനം റെഡി റ്റു ഫ്ലൈ ആയിരിക്കുന്ന ഒരു ഫൈറ്റർ ജെറ്റ് ഫ്‌ളീറ്റ്?
യൂപിഎ ഗവണ്മെന്റ് അമേരിക്കയുടെ F 16 നെയും യൂറോപ്യൻ യൂണിയന്റെ യൂറോഫൈറ്റർ ടൈഫൂണിനെയും തഴഞ്ഞിട്ടാണ് മൂന്നാം സ്ഥാനത്തുള്ള റാഫേലിനെ തിരഞ്ഞെടുത്തത്. രാഷ്ട്രീയ-നയതന്ത്ര ഘടകങ്ങൾ പരിഗണിക്കുമ്പോൾ അതൊരു മികച്ച തീരുമാനമായിരുന്നു. ആ കരാറിലെ പോരായ്മകൾ പരിഹരിക്കുകയാണ് പുതിയ ഗവണ്മെന്റ് ചെയ്തിരിക്കുന്നത്. ഗുണനിലവാരം കൂടുമ്പോൾ വിലയും കൂടും എന്നത് കോമൺസെൻസ് ഉള്ള ആർക്കും മനസ്സിലാക്കാവുന്ന കാര്യമാണ്. അതിൽ രാഷ്ട്രീയ വിരോധം കലർത്തി അഴിമതിയും കോൺസ്പിറസിയും ആരോപിച്ചു ആത്മരതി അടയുന്നവർ ദയവായി ദേശീയപത്രങ്ങളും വായിക്കണം എന്ന് അപേക്ഷിക്കുന്നു.
————നിത്യാ ശിവരാജന്‍————–
Poster Credits : Ratheesh Nandhanam.