— കൃഷ്ണ പ്രിയ —
അങ്ങനെ വീണ്ടുമൊരു രാമായണ മാസം കൂടി സമാഗതമായിരിക്കുന്നു. ഇനിയങ്ങോട്ട് , ആദി കവിയുടെ ആദർശപുരുഷന്റെ അപദാനങ്ങളെ പാടിപ്പുകഴ്ത്തിക്കൊണ്ടൊരു മാസം ! പഞ്ഞമാസമായ കർക്കിടകകഷ്ടതകളെ മറക്കുവാനായാവണം അമ്മമാർ പണ്ടെയ്ക്ക് പണ്ടെ അദ്ധ്യാത്മ രാമായണത്തിന്റെ വിശാല വക്ഷസിൽ അഭയം തേടിയിരുന്നത് … കർക്കിടകക്കെടുതികളെ ഒരു പരിധി വരെയെങ്കിലും ചിന്മയനും നിരാമയനുമായ രാമ സ്മരണയിൽ അവർ മറച്ചിരിക്കാം ..
പ്രധാനമായും രണ്ടു രാമായണങ്ങൾക്കാണ് കേരളത്തിൽ പ്രചാരം സിദ്ധിച്ചത്. അദ്ധ്യാത്മ രാമായണവും വാൽമീകി രാമായണവും ..
ഒന്ന് ഭക്തി ശാസ്ത്രമാണെങ്കിൽ മറ്റേത് ധർമ്മ ശാസ്ത്രമാണ്.
കൂടുതലും മാനുഷിക വികാരങ്ങളോടെയാണ് വാൽമീകിയുടെ രാമാവതരണം ഒന്നു രണ്ടിടങ്ങളിൽ ഈശ്വരീയതയുടെ സ്ഫുരണങ്ങൾ കാണാം എന്നത് നിഷേധിക്കുന്നില്ലെങ്കിലും ആദ്ധ്യാത്മരാമായണത്തോളം ഈശ്വരീയത , വാൽമീകിയുടെ രാമനിൽ കാണാനാകില്ല .
ആദികവിയുടെ ആദർശപുരുഷനിൽ നിന്നും നാമമാത്രമായ ചില വ്യത്യാസങ്ങളോടെ ഭക്തിയെ കൂടുതൽ സ്പഷ്ടമാക്കിയാണ് വ്യാസഭഗവാൻ ആദ്ധ്യാത്മരാമായണം എഴുതിയത്. വ്യാസ രാമായണത്തിന്റെ പ്രാദേശിക വ്യാഖ്യാനമായ എഴുത്തച്ഛന്റെ അദ്ധ്യാത്മരാമായണമാണ് നമ്മൾ കേരളീയർക്ക് ഏറെ പരിചിതം.
ആദി കാവ്യമാണ് രാമായണം എന്നത് സുവിദിതമായ വസ്തുതയാണ് ..എന്നാൽ ആദികാവ്യത്തിലുപരിയായ് രാമായണം ഒരു ഇതിഹാസവും ധർമ്മശാസ്ത്രവുമാണ് .. ഇതാ ധർമ്മത്തിന്റെ നിർവചനമെന്ന് – ധർമ്മം ചര – യെന്ന് ചൂണ്ടിക്കാണിക്കാവുന്ന സംശുദ്ധമായ ജീവിത ദർശനമായതിനാലാണ് രാമായണം ധർമ്മശാസ്ത്രമാകുന്നത് .
കണ്ടവരെ മുഴുക്കെ കൊന്നു തള്ളിയ കാട്ടാള മനസ്ഥിതിയിൽ നിന്നും ഒരു പക്ഷിയുടെ വേദന പോലും അസഹ്യമായി തോന്നിയ ഒരു മന:പരിവർത്തനത്തിന്റെ ശീതള ഛായയിൽ രചിച്ച ഇതിഹാസമാണ് രാമായണം. വേദാന്തർഗതങ്ങളായ തത്വങ്ങളെ സുഗ്രാഹ്യമാക്കുവനാണ് ഇതിഹാസങ്ങൾ രചിക്കപ്പെട്ടതെന്ന് നമുക്കറിയാം . ആ ധർമ്മo കൂടി രാമായണം ഭംഗിയായി നിർവഹിക്കുന്നു .
വാല്മീകിയുടെ രാമൻ തപോമയനായിരുന്നു , ഏക പത്നീ വൃതനായിരുന്നു. രണ്ടു വാക്കില്ലാത്തവനായിരുന്നു. . തന്റെ ജീവിതം മുഴുവൻ ധർമ്മാധർമ്മ വിവേചനം നടത്തി, അത്യന്തം സങ്കീർണ്ണമായ , മുഖ്യവും ഗൗണവുമായ ധർമ്മത്തെ ഇഴതിരിച്ചെടുത്ത്, പ്രതികൂല സാഹചര്യങ്ങളിൽ പോലും മുഖ്യധർമ്മത്തിൽ നിന്നും വ്യതിചലിക്കാതിരുന്നവനുമായിരുന്നു ആദികവിയുടെ ആ ആദർശപുരുഷൻ .
ദേശീയോദ്ഗ്രഥനം , ക്ഷേമരാഷ്ട്ര സങ്കല്പം ,രാജനീതി മുതൽ ത്യാഗം , സഹവർത്തിത്തം , സേവനം , അച്ഛനമ്മമാരോടുള്ള , സഹോദരങ്ങളോടുള്ള , പത്നിയോടുള്ള , പതിയോടുള്ള, സുഹൃത്തിനോടുള്ള കടമകൾ അങ്ങനെയെന്തെല്ലാമാണ് രാമായണം സ്പഷ്ടമാക്കുന്നത് ! .രാമായണം രാമ രാജ്യമെന്ന ശ്രേഷ്ഠ ഭാവത്തെ പ്രോജ്ജ്വലിപ്പിച്ചു കൊണ്ട് ഭാരതത്തെയാകെ യോജിപ്പിച്ചു നിർത്തുന്നുണ്ടെന്നത് എതിർക്കാനാകാത്ത ഒരു വസ്തുതയാണ്. രാജ്യത്തെ മുക്കിലും മൂലയിലും ഒരു രാമായണബന്ധം സുവ്യക്തമായി കാണാം .
മാത്രമല്ല, ഒട്ടുമിക്ക സംസ്ഥാനങ്ങളിലേയും പ്രാദേശിക ഭാഷകൾ പുഷ്ടി പ്രാപിച്ചത് രാമചരിതം പാടിക്കൊണ്ടാണ് .. എഴുത്തച്ഛനും, കമ്പരും , രാഗ ചന്ദ്രനും , രംഗനാഥനും , തുളസീദാസും തുടങ്ങി എത്രയെത്ര ആചാര്യ ശ്രേഷ്ഠരാണ് രാമായണം പ്രാദേശികമാക്കി അങ്ങേയറ്റം ജനകീയമാക്കിയത് !
രാമരാജ്യം മുതൽ രാമസേതു വരെ രാജ്യത്താകെ ‘രാംലാല’ ഇങ്ങനെ നിറഞ്ഞു നിൽക്കുന്നത് കൊണ്ടായിരിക്കാം രാജ്യത്തെ ഛിദ്ര ശക്തികൾ ഇത്ര കണ്ട് രാമായണത്തെയും രാമനേയും എതിർത്തതും. ആര്യ ദ്രാവിഡ വംശീയത മുതൽ സ്ത്രീവിരുദ്ധത വരെ എന്തെല്ലാം ആരോപണങ്ങളായിരുന്നു അവർ രാമായണത്തിലടിച്ചേൽപ്പിച്ചത്! ശംബുകനെന്ന ശൂദ്രനെ അകാരണമായി വധിച്ചു എന്ന് പറയുന്നവർ , രാമനെ ബ്രാഹ്മണ സേവകനെന്ന് വിളിക്കുന്നവർ, രാവണന്റെ ബ്രാഹ്മണ ജന്മത്തെക്കുറിച്ച് ശബ്ദിക്കുക പോലുമില്ല. രാവണനെ ദ്രാവിഡനാക്കിയതും രാമനെ ആര്യനാക്കിയതും ഭാരതത്തെ വിഭജിക്കുവാൻ വേണ്ടി മാത്രമായിരുന്നു എന്ന് നാമറിഞ്ഞപ്പോഴേക്ക് ഏറെ വൈകിയിരുന്നു.
അന്നവരെന്തെല്ലാമാണല്ലേ പറഞ്ഞത്! സീത ദേവിയേ മറുചിന്തയില്ലാതെ ഉപേക്ഷിച്ച രാമനേക്കാൾ ദേവിയുടെ വിരൽത്തുമ്പ് സ്പർശിക്കുവാൻ പോലും ശ്രമിക്കാത്തവനെന്ന് രാവണനേ വാഴ്ത്തിയ രാവണോപാസകർ ! വിധി വൈപരീത്യത്താൽ, രാമസ്വാമിയെന്ന് പേരു ലഭിച്ചു പോയ ആ രാജ്യദ്രോഹിയുടെ പിൻമുറക്കാർ!
അവരുടെ രാവണോപാസന നിയന്ത്രണം വിട്ടൊടുവിൽ രാമായണം കത്തിച്ചു ചാമ്പലാക്കുന്നിടം വരെ എത്തിയപ്പോഴാണ് കേരളം ഉണർന്നത് .. രാമനെയറിയാത്തതിനാലാണ് രാവണോപാസകരുണ്ടാകുന്നതെന്ന് തിരിച്ചറിഞ്ഞ ആചാര്യ സമൂഹം രാമോപാസനയ്ക്കായി തിരഞ്ഞെടുത്തത് വിസ്മൃതിയിലേക്കാണ്ടു പോയ്ക്കൊണ്ടിരുന്ന , നിലവിളക്കിന്റെ വെട്ടത്തിൽ ചടങ്ങു പോലെ അമ്മമാർ ചടഞ്ഞിരുന്ന് വായിച്ച, പഞ്ഞമാസക്കാലമായ കർക്കിടകത്തെത്തന്നെയായിരുന്നു. അതോടെ കേരളം വീണ്ടുമുണർന്നു .. വീടുവീടാന്തരം ഭാഷാപിതാവിന്റെ ആദ്ധ്യാത്മരാമായണ ശീലുകൾ ഉച്ചത്തിൽ മുഴങ്ങി .. നമ്മൾ കേരളീയർക്ക് ആദികവിയുടെ ആദർശപുരുഷനെ അത്രകണ്ട് പരിചിതമല്ലാതായ് പോയതിന്റെ കാരണവും ഒരു പക്ഷെ ഇതായിരിക്കാം .
തുടർന്നും രാവണോപാസകർ, കമ്മ്യൂണിസ്റ്റ് സൈദ്ധാന്തികർ ശക്തമായ എതിർപ്പുമായി രംഗത്തെത്തിയിരുന്നു. എന്നാൽ അവയെല്ലാം തന്നെ പ്രതീക്ഷിച്ച ഫലം കാണാതെ വിഫലമായി. സ്വാമി വിവേകാനന്ദൻ ആവർത്തിച്ചു വ്യക്തമാക്കിയ ഒരാശയമുണ്ട് .. ഭാരതത്തിന്റെ ആത്മാവ് കുടികൊള്ളുന്നത് ആദ്ധ്യാത്മികതയിലാണെന്നതാണത് . നിഷേധിക്കാനാകാത്ത ആ ശാശ്വത സത്യത്തിന്റെ കീഴിൽ ഭാരതത്തിന്റെ ആത്മാവ് ലൗകീകാസക്തനായ രാവണനിലല്ല , ധർമ്മ വിഗ്രഹമായ രാമനിൽ പ്രതിഷ്ഠിതമാണെന്ന് ഈ രാമായണ മാസത്തിൽ വീണ്ടും തെളിയുകയാണ് ..
രാമായണത്തെ വർഗീയമെന്നും അടിയാള വിരുദ്ധമെന്നും മുദ്രകുത്തിയ അവർ ഇനി മുതൽ രാമായണ മാസാചരണവും നടത്തുകയാണത്രേ..
അതെ, എതിർപ്പുകൾക്കൊടുവിൽ പതിവു പോലെ അവരംഗീകരിച്ചിരിക്കുന്നു. ഭാരതത്തെ പിടിച്ചു കുലുക്കിയ ആ സന്യാസി ശ്രേഷ്ഠന്റെ വാക്കുകൾ സത്യമായി ഭവിച്ചിരിക്കുന്നു . വേരുകളെ പിഴുതെറിയാൻ ശ്രമിച്ചവർ ഇന്ന് ഭാരതത്തിന്റെ അതെ വേരുകളെ അറിയാൻ ശ്രമിക്കുന്നു. രാമരാജ്യത്തെ എതിർത്തവർ രാമരാജ്യത്തെ സർവാത്മനാ സ്വീകരിച്ചിരിക്കുന്നു .. കാലത്തിന്റെ കണക്കു പുസ്തകത്തിൽ കൂട്ടലും കിഴിക്കലും എത്ര കൃത്യമാണ് അല്ലേ!
അതാണ് രാമായണത്തിന്റെ , മഹത്വം! രാമനാമ മഹിമ കാട്ടാളന് കവിത്വമേകിയതോടെയാണ് സഹസ്രാബ്ദ്ധങ്ങൾ പഴക്കമുള്ള ഭാരതേതിഹാസം ജന്മമെടുത്തത് ! കമ്മ്യൂണിസത്തിന്റെ എതിർപ്പുകളിന്ന് ഗത്യന്തരമില്ലാതെ അംഗീകാരത്തിലേക്കെത്തിയിരിക്കുന്നു! അങ്ങനെയെങ്കിലും രത്നാകരന്മാർ രാമനാമമുച്ഛരിക്കട്ടെ! ആ രാമനാമ മഹിമ മൂലം കവിത്വ സിദ്ധി നേടട്ടേ! രാമനാമം ഓരോ രത്നാകരന്മാരേയും വാല്മീകിമാരാക്കിയുയർത്തട്ടേ!
ഈ ആനന്ദ വേളയിലും ഒരാശങ്ക കൂടിയുണ്ട് എന്ന് പറയാതെ വയ്യ . രാമായണം വേദ വിസ്താരമാണ്. വേദത്തിനാകട്ടെ, അല്പ ശ്രുതന്മാരെ ഭയവുമാണ്. അല്പ ശ്രുതന്മാർ രാമായണ വ്യാഖ്യാനങ്ങൾ നടത്തി സാമാന്യരെ ആശങ്കാകുലരാക്കിത്തീർക്കാതിരിക്കാൻ, ഓരോ വീടുകളിലും രാമനാമമുയരട്ടെ, രാമനെ ഓരോരുത്തരും സ്വയമറിയുമാറാകട്ടെ …
കേരളമൊരെ സ്വരത്തിൽ രാമനാമം പാടട്ടെ!
” ശ്രീരാമ ! രാമ! രാമ! ശ്രീരാമചന്ദ്രജയ
ശ്രീരാമ ! രാമ! രാമ! ശ്രീരാമ ഭദ്രജയാ
ശ്രീരാമ ! രാമ! രാമ! സീതാഭിരാമജയ!
ശ്രീരാമ ! രാമ! രാമ! ലോകാഭിരാമ ജയ!
ശ്രീരാമ ! രാമ! രാമ! രാവണാന്തക! രാമ!
ശ്രീരാമ! മമ ഹൃദി രമതാം രാമ! രാമ! “