ഭാരതത്തിന്റെ ഭരണഘടനയെ ഉയർത്തിപ്പിടിക്കുന്നതിൽ ആർ എസ് എസ്സിന്റെ ഭാഗധേയം

S8jcMl5W_400x400

മുൻ BBC ജേർണലിസ്റ്റും ദേശീയവാദിയും ആയ തുഫൈൽ അഹമ്മദിന്റെ അത്യുജ്ജ്വലമായ ലേഖനം – തർജ്ജമ ചെയ്തത് :വിചാരം എഡിറ്റോറിയൽ. 

13901383_1751146521840076_8534867904133124018_n

വാഷിംഗ്ടണിലെ മിഡിൽ ഈസ്റ്റ് മീഡിയ റിസർച്ച് ഇൻസ്റ്റിട്യൂട്ടിൽ ദക്ഷിണേഷ്യാ പഠന പ്രൊജക്റ്റ് ഡയരക്ടറായ ശ്രി തുഫൈൽ അഹമ്മദ്, ബി ബി സിയിലെ പ്രമുഖ പത്രപ്രവർത്തകൻ ആയിരുന്നു. സ്വരാജ്യ മാഗസിൻ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ അദ്ദേഹം ഇങ്ങനെ ചോദിക്കുന്നു :
“ആർ എസ് എസ്സിന് ഭാരതത്തിന്റെ ഭരണഘടനയെ അട്ടിമറിക്കുക എന്ന ലക്ഷ്യമുണ്ടോ? അതോ, അവരെക്കുറിച്ചുണ്ടാക്കിവെച്ചിട്ടുള്ള കേട്ടുകേൾവികളിൽ നിന്നും വ്യത്യസ്തമായ ഒന്നാണോ യാഥാർത്ഥ്യം ? “

വ്യത്യസ്തങ്ങളായ സാഹചരങ്ങളിൽ സ്ഥാപിക്കപ്പെടുന്ന സംഘടനകൾ കാലക്രമേണ മറ്റെന്തെങ്കിലുമൊക്കെയായി മാറുന്നു. ഇതിനു ഏറ്റവും നല്ല ഉദാഹരണമാണ് കോൺഗ്രസ്. ഒരു സാമൂഹിക പ്രസ്ഥാനമായി തുടങ്ങി സ്വാതന്ത്ര്യത്തിനു ശേഷം രാഷ്ട്രീയ പാർട്ടിയായി മാറിയ കോൺഗ്രസ്, കാലക്രമേണ സോണിയയുടെയും കുട്ടികളുടെയും വെറുമൊരു കുടുംബസ്ഥാപനം മാത്രമായി അധപ്പതിച്ചിരിക്കുന്നു. സാധാരണക്കാരായ ഭാരതീയർക്കു സ്വപ്രയത്നത്താലും മികവിന്റെ ബലത്തിലും കോൺഗ്രസ്സ് പാർട്ടിയുടെ ഉന്നത തലത്തിലെത്തി ചേരുവാൻ കഴിയും എന്ന് പ്രതീക്ഷിക്കാന്‍ കഴിയില്ല. ഒരു പ്രത്യേക ചരിത്രസന്ധിയിൽ ആരംഭിച്ച രാഷ്ട്രീയ സ്വയം സേവക സംഘമാവട്ടെ (RSS ) ഭാരതത്തിന്റെ ഭരണഘടനയുടെ മൂല്യങ്ങളുടെ വക്താക്കളായി ഉയർന്നു വന്നു.

രാഷ്ട്രീയപരമായി നിക്ഷ്പക്ഷത പുലർത്തുന്ന ഒരു വിദഗ്ദ്ധ കമ്മിറ്റി രൂപീകരിച്ചു അധസ്ഥിതരായ ഏതൊരു ഭാരതീയനും ജാതി മതഭേദങ്ങൾക്ക് അതീതമായി സംവരണ ആനുകൂല്യങ്ങളുടെ ഗുണം ലഭിക്കുന്നതിനുതകുംവണ്ണം സംവരണനയത്തെ കുറിച്ച് ഒരു പഠനം നടത്തണമെന്ന് കഴിഞ്ഞ സെപ്തംബറിൽ RSS സർസംഘചാലക് മോഹൻ ഭഗവത് അഭിപ്രായപ്പെടുകയുണ്ടായി. രാഷ്ട്രത്തിന്റെ മുഴുവന്‍ നന്മയെ പറ്റി ചിന്തിക്കുന്ന, സാമൂഹികസമത്വം ലക്‌ഷ്യം വെക്കുന്ന വ്യക്തികളെ ചേർത്ത് ഒരു കമ്മിറ്റി രൂപീകരിക്കുവാനും, ഏതൊക്കെ വിഭാഗങ്ങൾക്ക്, എത്ര കാലം സംവരണം ആവശ്യമുണ്ട് എന്ന് ആ കമ്മിറ്റി തീരുമാനിക്കുവാനും ഭഗവത് സർക്കാരിനോട് ആവശ്യപ്പെട്ടു. ഇപ്പോൾ, ഇന്ത്യയിൽ നിലവിലുള്ളതു ജാതി അടിസ്ഥാനത്തിലുള്ള ക്വോട്ട സംവിധാനമാണ്. ഇത് ജാതി മതാടിസ്ഥാനത്തിലുള്ള വിഘടന രാഷ്ട്രീയത്തെ പരിപോഷിപ്പിച്ച് കൊണ്ടേ ഇരിക്കുന്നു. ഇസ്ലാമിലുള്ള വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ മുസ്ലിം സമുദായക്കാരും ക്വോട്ട ആവശ്യപ്പെടാൻ തുടങ്ങിയിരിക്കുന്നു. ദരിദ്രരായ ഉയർന്ന ജാതിയിലുള്ള ഇന്ത്യക്കാർക്ക് സാമൂഹിക ക്ഷേമ അവസരങ്ങൾ നിഷേധിക്കപ്പെടുന്നതിലൂടെ ഭരണഘടനയിലെ അനുഛേദം 14 അനുവദിചിരിക്കുന്ന സമത്വത്തിനുള്ള അവകാശം ലംഘിക്കപ്പെടുന്നു.
ഇന്ത്യൻ രാഷ്ട്രീയത്തെ കാർന്നുതിന്നു കൊണ്ടിരിക്കുന്ന ക്ഷയകാരകമായ ഒരു പ്രശ്നത്തിനുള്ള പരിഹാരമുണ്ടാക്കാനാണ് ഭഗവത് ഭരണഘടനപരമായ ഈ ആശയം മുന്നോട്ടു വെച്ചത്. ഇത്, സാമൂഹിക അസമത്വങ്ങൾ അവസാനിപ്പിക്കുന്നതിനായുള്ള മാർഗം എന്ന നിലയിൽ ക്വോട്ടകൾ ഒരു നിശ്ചിത കാലത്തേക്ക് മാത്രം നടപ്പിലാക്കിയാൽ മതി എന്ന ഭരണഘടനാശിൽപികളുടെ സങ്കൽപ്പത്തിനോട് ചേർന്ന് നിൽക്കുന്നു. “നാം രാഷ്ട്രീയ മുതലെടുപ്പുകൾ നടത്തുന്നതിനു പകരം ഭരണഘടനാശിൽപ്പികൾ വിഭാവനം ചെയ്തതു പോലെ സംവരണ നയം നടപ്പാക്കിയിരുന്നെങ്കിൽ ഇന്നത്തെ വിഘടിത സാഹചര്യം ഉണ്ടാവില്ലായിരുന്നു” എന്നും ഭഗവത് പറഞ്ഞു. എങ്കിലും, പരിപൂർണ്ണമായും ഭരണഘടനാസംബന്ധിയായ അദ്ധേഹത്തിന്റെ ഈ അഭിപ്രായം രാഷ്ട്രീയ ചര്‍ച്ചകളില്‍ നിന്നും അപ്രത്യക്ഷമായി. ഭാരതീയ ജനതാ പാർട്ടിയും ( ബി ജെ പി — വോട്ടുകൾ നഷ്ടമാകുമോ എന്നാ ഭയത്താൽ ) ഇന്ത്യയുടെ കപട ബുദ്ധിജീവികളും (ഇടതു ലിബറൽ പ്രത്യയശാസ്ത്രം കാരണം ) പത്രലേഖനങ്ങൾ എഴുതുന്നതിനോ, സെമിനാറുകൾ സംഘടിപ്പിക്കുന്നതിനോ ടെലിവിഷൻ ചാനലുകളിൽ ചർച്ചകൾ നടത്തുന്നതിനോ തക്ക യോഗ്യത ഈ സംഭവത്തിനുള്ളതായി കണക്കാക്കിയില്ല.
തീർത്തും മതേതരമായി നോക്കുകയാണെങ്കിൽ, ജാതി മത ഭേദമെന്യേ പിന്നോക്കാവസ്ഥയിലുള്ള എല്ലാ വിഭാഗം ജനങ്ങൾക്കും സംവരണം കൊണ്ട് പ്രയോജനംലഭിക്കുവാൻ തക്കതായ രീതിയിൽ ക്വോട്ട പോളിസി പുനപ്പരിശോധിക്കണമെന്ന ഭഗവതിന്റെ നിർദേശത്തിനെതിരെ എതിർപ്പുകൾ ഉണ്ടാവേണ്ട കാര്യമില്ല. പക്ഷേ, ഇന്ത്യയിലെ ദേശീയ വ്യവഹാരത്തിൽ, സെക്യുലറിസം (ഭാരതത്തിൽ പാലിച്ചു വരുന്നത് പ്രകാരം ) ഇസ്ലാമിനെയും പാകിസ്ഥാനെയും പ്രീണിപ്പിക്കുക എന്ന അർത്ഥത്തിൽ ആയി മാറിയതിനാൽ വിമർശകർ ‘ സിക്കുലരിസം ‘ എന്ന് വിളിക്കുന്നത്‌ അർത്ഥവത്തായി തീർന്നിരിക്കുന്നു. ആഖ്യാനം നിയന്ത്രിക്കുന്ന സിക്കുലരിസ്റ്റ് കപടബുദ്ധിജീവികളാവട്ടെ ( മാധ്യമപ്രവർത്തകർ, അഭിനേതാക്കൾ, എഴുത്തുകാർ തുടങ്ങിയവർ ) ആർ എസ് എസ്സിൽ നിന്നും ഉദിച്ചതാണെന്നതിനാൽ മാത്രം മികച്ച ആശയങ്ങളെ അവഗണിച്ചു തള്ളുന്നു. തൽഫലമായി, കോണ്ഗ്രസ് ഇടതുപ്രത്യയശാസ്ത്രത്തിന്റെ കൈകളിലേക്ക് തള്ളപ്പെടുംതോറും, ആർ എസ് എസ്സിന്റെയും ബി ജെ പിയുടെയും നേതൃത്വത്തിൽ ഭരണഘടനാപരമായ ഒരു വലതുപക്ഷത്തിന്റെ ഉദയത്തിനു ഭാരതം സാക്ഷ്യം വഹിക്കുന്നു.

ക്വോട്ട സംവിധാനത്തിന്റെ ഫലമായുള്ള വിഘടന രാഷ്ട്രീയത്തെ അതിജീവിക്കുവാൻ ഭാരതസർക്കാരിനു ദാരിദ്ര്യരേഖക്ക് താഴെ ഉള്ള ( BPL കാർഡു വഹിക്കുന്നവർ ) കുടുംബങ്ങളിലെ കുട്ടികൾക്ക് 18 വയസ്സ് വരെ പുസ്തകം, വസ്ത്രം, വിദ്യാഭ്യാസം എന്നിവ സൗജന്യമായി നല്കുന്ന ഒരു സമഗ്ര പദ്ധതി ആവിഷ്‌ക്കരിക്കാവുന്നതാണെന്ന് നവംബർ 17നു ഗോവയിൽ വെച്ച് നടന്ന ഐഡിയാസ് ഇന്ത്യ കോൺഫെറൻസിൽ വെച്ച് ഈ ലേഖകൻ നിർദ്ദേശിക്കുകയുണ്ടായി. സബ്സിഡികൾ തിരിച്ചുവിട്ടുകൊണ്ട് ഈ ലക്‌ഷ്യം നേടാവുന്നതാണ്. ഉദാഹരണത്തിന്, പാവപ്പെട്ട നമ്മുടെ കുട്ടികളുടെ മേൽ കടുത്ത ബാദ്ധ്യതയായി കൊണ്ടിരിക്കുന്ന എയർഇന്ത്യ അടച്ചു പൂട്ടി ലാഭിക്കുന്ന തുക വിനിയോഗിക്കാവുന്നതാണ്. ജാതിമത ഭേദമെന്യേ നമ്മുടെ എല്ലാ ബി പി എൽ കുടുംബങ്ങളിലും ഈ ആനുകൂല്യങ്ങൾ ലഭിക്കുന്നപക്ഷം ക്വോട്ട രാഷ്ട്രീയം ജനങ്ങളുടെ കണ്ണിൽ അനാവശ്യമാവുകയും തദ്വാരാ രാഷ്ട്രീയക്കാരും വിഘടനരാഷ്ട്രീയത്തിന്റെ ശീലങ്ങളിൽ നിന്നും മുക്തരാവുകയും ചെയ്യും. ക്വോട്ടസംവിധാനത്തിൽ നിന്നും ഉടലെടുത്ത വിഘടനരാഷ്ട്രീയത്തെ നമ്മുടെ രാഷ്ട്രത്തിൽ നിന്നും ഒഴിച്ചു നിർത്തുന്നതിനുതകുന്ന മറ്റനേകം ആശയങ്ങൾ കണ്ടെത്താവുന്നതാണ്.

ആർ എസ് എസ്സുമായി ബന്ധമില്ലെങ്കിലും രാഷ്ട്രീയ പാർട്ടികളിൽ ഹൈന്ദവകുലത്തിൽപെട്ട ശിവസേന ഭഗവത് മുന്നോട്ടുവെച്ച ആശയം സ്വാഗതം ചെയ്തു. ജനങ്ങൾക്ക്‌ കോടതികളിൽ പ്രതിജ്ഞ എടുക്കുവാൻ മതഗ്രന്ഥങ്ങൾ ഉപയോഗിക്കുന്നതിനു പകരം ഭരണഘടന ഉപയോഗിക്കുകയാണെങ്കിൽ ഭാരതത്തിലെ രാഷ്ട്രതന്ത്രത്തെ മതാധിഷ്ഠിത രാഷ്ട്രീയത്തിൽ നിന്നും രക്ഷപ്പെടുത്താം എന്നും അവർ അഭിപ്രായപ്പെട്ടു. നവംബർ 30നു, ശിവസേനയുടെ മുഖപത്രമായ സാമ്ന ഇപ്രകാരം നിരീക്ഷിക്കുകയുണ്ടായി: “ ജനങ്ങൾ കോടതികളിൽ മതഗ്രന്ഥങ്ങൾക്ക് പകരം ഭരണഘടന തൊട്ടു പ്രതിജ്ഞ ചെയ്യട്ടെ “ “ എല്ലാ മതത്തിലും പെട്ട ജനങ്ങൾക്കും ഭരണഘടന പുണ്യഗ്രന്ഥമാകട്ടെ. എല്ലാ മതങ്ങളും നിയമത്തിനു മുന്നിൽ തുല്യമാകട്ടെ.” എന്നും അവർ കൂട്ടിചേർത്തു. ഇത്തരം ശുദ്ധമായ മതേതര ആശയങ്ങളെ ഇന്ത്യയിലെ പ്രബലരായ ഇടതു ലിബറൽ സിക്കുലരിസ്റ്റ് ബുദ്ധിജീവികൾ ഇപ്പോൾ തമസ്ക്കരിക്കകയാണ് ചെയ്യുന്നത്.

ചില ഹിന്ദു സംഘടനകള്‍ പ്രത്യേകിച്ച്, പാകിസ്ഥാനി എഴുത്തുകാരുടെയും ക്രിക്കറ്റർമാരുമായി ബന്ധപ്പെട്ട, പുസ്തകപ്രകാശനചടങ്ങുകളെ ഭീഷണിപ്പെടുത്തുകയും ക്രിക്കറ്റ് പിച്ചുകൾ നശിപ്പിക്കുകയുമൊക്കെ ചെയ്തിട്ടുണ്ടെന്നത്‌ ശരിയാണെന്നിരിക്കിലും ഇവർ ഒരിക്കലും ഇന്ത്യൻ ഭരണഘടനയ്ക്ക് വിധേയമായി പ്രവർത്തിക്കില്ല എന്ന് വാദിക്കാൻ കഴിയില്ല. പലപ്പോഴും പാകിസ്താനികൾ ഇന്ത്യ സന്ദർശിക്കുന്നതിനോടുള്ള വിരോധമല്ല, മറിച്ചു ഇന്ത്യയിലെ ലിബറൽ സിക്കുലരിസ്റ്റ് ബുദ്ധിജീവികളോടുള്ള എതിർപ്പാണ് ഇത്തരം സംഭവവികാസങ്ങളിൽ കലാശിക്കാറ്. വ്യക്തമായ ആർ എസ് എസ് പശ്ചാത്തലമുണ്ടായിരുന്നിട്ടും അഖില ഭാരതീയ വിദ്യാർഥി പരിഷത്ത്, വിശ്വ ഹിന്ദു പരിഷത്ത് തുടങ്ങിയ ഹിന്ദു സംഘടനകൾ എതിർത്തിട്ടും ഗുജറാത്തിൽ മോഡി റോഡുകൾക്ക് വീതി കൂട്ടാനും മറ്റും അനേകം ക്ഷേത്രങ്ങൾ പൊളിച്ചു കളഞ്ഞു എന്നത് മറക്കരുത്. ജമാത്ത് — ഇ — ഇസ്ലാമി — ഹിന്ദിൽ നിന്നോ മറ്റോ ഉയർന്നു വരുന്ന ഒരു മുസ്ലീം രാഷ്ട്രീയനേതാവ് റോഡരുകിലുള്ള പള്ളികളും മസ്ജിദുകളും മറ്റൊരിടത്തേക്ക് മാറ്റാൻ ചിന്തിക്കുന്നതിനെ കുറിച്ച് ഭാവനയിൽ കാണാൻ പോലും വളരെ ബുദ്ധിമുട്ടാണ്.

ഇന്നത്തെ സാഹചര്യത്തിൽ, (നമ്മൾ ആരാണെന്ന് നമ്മെ പഠിപ്പിക്കുന്ന) ചരിത്രത്തിന്റെയും (നമ്മൾ എന്താവണമെന്ന് പഠിപ്പിക്കുന്ന)ഭരണഘടനയുടെയും ഭാഗത്താണെന്നതിനാൽ ബി ജെ പി നമ്മുടെ രാഷ്ട്രത്തന്റെ സംവിധാനത്തിൽ മെച്ചപ്പെട്ട സ്ഥാനം അലങ്കരിക്കുന്നു. കോൺഗ്രസ് കുടുംബവാഴ്ചയെ പ്രോത്സാഹിപ്പിക്കുമ്പോൾ ബി ജെ പി ഭരണഘടനയിലെ ആദർശങ്ങളെ പരിപോഷിപ്പിക്കുന്നു. കോൺഗ്രസ്സിൽ നിന്നല്ല, മറിച്ചു ആർ എസ് എസ്സിന്റെ ഗര്‍ഭ പാത്രത്തില്‍ നിന്നാണ് മുമ്പ് ചായക്കാരനും ഇപ്പോൾ നമ്മുടെ പ്രധാനമന്ത്രിയുമായ നരേന്ദ്രമോഡി പ്രതിനിധീകരിക്കുന്ന ഭരണഘടനാനുവർത്തികളായ ഒരു പുതിയ വ്ഭാഗം ഭാരതീയർ കഴിഞ്ഞ വർഷം ഉയർന്നു വന്നത് എന്നത് അതിനാല്‍ തന്നെ യാദൃശ്ചികമല്ല. ഒരു മുൻ ആർ എസ് എസ് സംഘാടകനായ മോഡി, 2014 ലെ പാർലമെന്റ് ഇലക്ഷൻ വിജയത്തിന് ശേഷം, മെയ്‌ 20 നു ഡൽഹിയിലേക്കു കടന്നു ചെന്ന്, മതപരമായ ഒരു ആരാധനാ കേന്ദ്രമാല്ലാത്ത, ഭരണഘടനയാൽ രൂപീകരിക്കപ്പെട്ട ഇന്ത്യൻ പാര്‍ലമെന്റിന്റെ പടിക്കെട്ടിൽ സാഷ്ടാംഗം കുമ്പിട്ടു നമസ്കരിച്ചു.

ഒരു ആർഎസ്എസ്സുകാരനായ മോഡി ഇന്ത്യൻ പാർലമെന്റിന്റെ പടിക്കെട്ടിൽ നമസ്കരിക്കുന്നത്തിലെ പ്രതീകാത്മകത്വം എല്ലാവര്‍ക്കും മനസിലാകണമെന്നില്ല. ഭാരതീയർ എന്നും ക്ഷേത്രങ്ങൾക്ക് മുന്നിൽ നമസ്കരിച്ചിട്ടുണ്ട്. പക്ഷേ യുക്തിയാൽ വ്യവസ്ഥാപിതമായ സ്ഥാപനങ്ങൾക്കുമുന്നിൽ അങ്ങനെ സംഭവിച്ചിട്ടില്ല. തന്റെ യൗവ്വനംമുഴുവൻ ആർ എസ്‌ എസ്സിൽ ചിലവഴിച്ച മോഡി ഇന്ത്യൻ ഭരണഘടനയുടെ വക്താവായി ഉയർന്നു വന്നത് സ്വാഭാവികം മാത്രം. തന്റെ ജീവചരിത്രകാരനായ ആൻഡി മരീനോയൂട് മോഡി പറഞ്ഞു : “അടിയന്തിരാവസ്ഥവിരുദ്ധ പ്രക്ഷോഭങ്ങൾക്കിടയിൽ ഞാൻ കണ്ടെത്തിയ ജനാധിപത്യമൂല്യങ്ങൾ എന്റെ ഡിഎൻഎ യുടെ ഭാഗമായി തീർന്നു.” “ എനിക്ക് അവബോധം വന്നു, ഞാൻ ഭരണഘടനയെ മനസ്സിലാക്കി. അവകാശങ്ങളെ കുറിച്ച് ഞാൻ ഗ്രഹിച്ചു, കാരണം, അതിനു മുമ്പ് ഞാൻ മറ്റൊരു ലോകത്തായിരുന്നു ജീവിച്ചിരുന്നത്. അടിയന്തരാവസ്ഥ എനിക്ക് ഒരു സർവകലാശാലയായി മാറി.”

മോഡിയെ വിഭാഗീയവാദിയായി ചിത്രീകരിക്കുന്ന ഇന്ത്യൻ ലേഖകർ മനുഷ്യ ജീവിതത്തിൽ ഭരണഘടനയുടെ പങ്കിനെ കുറിച്ച് കഴിഞ്ഞ വർഷം നേപ്പാൾ പാർലമെന്റിൽ അദ്ദേഹം ചെയ്ത പ്രസംഗം ഒന്ന് വായിക്കുന്നത് നന്നായിരിക്കും. അദ്ദേഹം നേപ്പളികളോട് ഹിന്ദുമതപ്രഭാഷണം നടത്തുകയായിരുന്നില്ല. നേപ്പാള്‍ പാർലമെന്റിനെ അഭിസംബോധന ചെയ്തു കൊണ്ട് മോഡി പ്രസ്താവിച്ചു: “ഭരണഘടന എന്നാൽ വെറുമൊരു പുസ്തകമല്ല. അത് ഇന്നിനെ ഇന്നലെകളോടും നാളെയോടും ബന്ധിപ്പിക്കുന്നു. “ പണ്ടുകാലത്ത് ഋഷിമാർ വേദങ്ങളും ഉപനിഷത്തുക്കളും രചിച്ചു, അദ്ദേഹം നിരീക്ഷിച്ചു: “ അതെ പരമ്പരയിൽ, ആധുനികജീവിതത്തിൽ, ഒരു രാഷ്ട്രത്തിന്റെ ഭരണഘടന നവയുഗഗ്രന്ഥമായ് ജനിക്കുന്നു. “ 2014ലെ തിരഞ്ഞെടുപ്പിന് മുമ്പായി ബി ജെ പി ദേശീയ നിർവാഹകസമിതിയോഗത്തിൽ വെച്ച് ഭരണഘടന ‘വിലപ്പെട്ട പൈതൃക’ മാണെന്നു പറഞ്ഞ മോഡി,” നമുക്ക് തലയുയർത്തി ലോകത്തിന്റെ കണ്ണുകളിൽ നോക്കാൻ കഴിയും, കാരണം നാം ഒരു ജനാധിപത്യരാഷ്ട്രമാണ്. റിപബ്ലിക്കിന്റെ പാരമ്പര്യംപിന്തുടരുന്നതിൽ നമുക്ക് അഭിമാനിക്കാം” എന്നും നിരീക്ഷിക്കുകയുണ്ടായി.

പ്രാചീന ഭാരതത്തിൽ ഗ്രാമീണ റിപബ്ലിക്കുകൾ നിലനിന്നിരുന്നുവെങ്കിലും ഭരണഘടനയിലെ  വ്യക്തി സമത്വം, സ്വാതന്ത്ര്യം തുടങ്ങിയ ജനാധിപത്യ ആദർശങ്ങൾ ബ്രിട്ടീഷ് കൊളോണിയൽ ഭരണം വഴി ആണ് ആധുനിക ഇന്ത്യയിൽ വന്നെത്തിയത്. ഗ്രീക്ക് തത്വചിന്തയിൽ നിന്നും ഉരുവായ ഈ ജനാധിപത്യ ആശയങ്ങൾ യൂറോപിയൻ നവോഥാന പ്രസ്ഥാനത്തിൽ നിന്നും അമേരിക്കൻ, ഫ്രഞ്ച് വിപ്ലവങ്ങളായി പുഷ്പിതമായി. ഭാരതത്തിന്റെ ഭരണഘടനയിലെ “ “നമ്മൾ, ഭാരതത്തിലെ ജനങ്ങൾ“ എന്ന ആമുഖവചനങ്ങൾ “നാം, ഐക്യനാടുകളിലെ ജനങ്ങൾ” എന്ന് തുടങ്ങുന്ന അമേരിക്കൻ ഭരണഘടനയിൽ നിന്നും കടം കൊണ്ടതാണ്. ഇന്നത്തെ കാലത്ത്, യൂറോപ്പിയൻ നവോത്ഥാനത്തിന്റെ ഇന്ത്യയിലെ ഏറ്റവും മികച്ച പ്രതിനിധി മോഡിയാണ്. ആധുനിക കാലഘട്ടത്തിലെ പ്രധാന പ്രശ്നങ്ങളിൽ, പ്രത്യേകിച്ച് വ്യക്തിസ്വാതന്ത്ര്യത്തിനും ജീവിതാഭിവൃദ്ധിക്കുമുള്ള മുസ്ലിം വനിതകളുടെ അവകാശം പോലുള്ള വിഷയങ്ങളിൽ കോൺഗ്രസ് നേതൃത്വത്തിലുള്ള ഇടതുപക്ഷം നിശബ്ദരും ആദർശപരമായി വിഭ്രാന്തിയിലുമായിരിക്കുമ്പോൾ ആർ എസ് എസിന്റെയും ബി ജെ പിയുടെയും നേതൃത്വത്തിലുള്ള ഭരണഘടനാപരമായ വലതുപക്ഷമാണ് യൂറോപിയൻ നവോത്ഥാനമൂല്യങ്ങൾക്കനുസൃതമായി നിൽക്കുന്നത് എന്നതിൽ അദ്ഭുതപ്പെടാൻ ഒന്നുമില്ല. ജിഹാദിസം, ഇസ്ലാമിസം, ബുർഖ തുടങ്ങിയ പ്രശ്നങ്ങളിലും ഇടതു ലിബറൽ സിക്കുലരിസ്റ്റ് ലേഖകരും മാധ്യമപ്രവർത്തകരും പൂർണ്ണ നിശ്ശബ്ദതയിലാണെന്ന് മാത്രമല്ല, സമൂഹ മാധ്യമങ്ങളിലും മറ്റും തികഞ്ഞ ഭീരുത്വം പ്രദർശിപ്പിക്കുകയും ചെയ്യുന്നു.

പ്രത്യയശാസത്രത്താൽ അന്ധരായ ഇടതുപക്ഷ ബുദ്ധിജീവികൾക്ക് വ്യക്തിസ്വാതന്ത്ര്യവും മനുഷ്യാവകാശവുമൊന്നും ഇപ്പോൾ ഒരു വിഷയമേ അല്ല. മുത്തലാഖ് പോലുള്ള ഇസ്ലാമിക നിയമത്തിലെ പ്രാകൃതസമ്പ്രദായങ്ങളെനിർത്താലാക്കുന്നതിനെക്കുറിച്ച് ട്വീറ്റ് ചെയ്‌താൽ, മുസ്ലിം സ്ത്രീകളുടെ അവകാശങ്ങൾക്ക് വേണ്ടി വാദിക്കുവാൻ ആർ എസ് എസ്, ബി ജെ പി അനുകൂലികളാണ് അണിനിരക്കുക എന്നാ നിലയിലാണ് ഇപ്പോൾ ഇന്ത്യൻ മനസ്സ്. ഭരണഘടനയിൽ എല്ലാ മതവിഭാഗങ്ങൾക്കും തുല്ല്യഅവകാശങ്ങൾ നല്കുന്നതിനായുള്ള ഏകീകൃത സിവിൽ കോഡിനെ അനുകൂലിച്ചു വാദിക്കുന്നവരുടെ മുൻനിരയിലും ബി ജെ പിയും ആർ എസ് എസ്സും തന്നെ. ഭാരതീയ സമൂഹത്തിൽ ഭരണഘടനയുടെ അടിസ്ഥാനതത്വങ്ങൾ ആഴത്തിൽ വേരോടും തോറും, ഭൂതകാലത്തിൽ പല കാര്യങ്ങളിലും തെറ്റുകൾ പറ്റിയിട്ടുണ്ടെങ്കിലും, തങ്ങളുടെ വിഭാഗീയതകളൊക്കെ കുടഞ്ഞു മാറ്റി കാഴ്ച്ചപാടുകളിൽ ഭരണഘടനാമൂല്യങ്ങളും ചട്ടങ്ങളും ഉൾക്കൊണ്ട്‌ മുന്നോട്ടു നീങ്ങുന്നത്‌ ഹൈന്ദവ സമൂഹമാണ് എന്ന് കാണുന്നു.

ബീഫ് കഴിക്കുന്നത്‌ സംബന്ധിച്ചുള്ള പ്രശ്നത്തിൽ പോലും, ബിജെപിയോ ആർ എസ്‌ എസ്സോ അല്ല വിവധ സംസ്ഥാനങ്ങളിൽ ഗോവധം നിരോധിച്ചു കൊണ്ടുള്ള നിയമങ്ങൾ ഉണ്ടാക്കിയത്. ഭരണഘടന ഗോസംരക്ഷണത്തിനായ് ഇങ്ങനെയുള്ള നിയമനിർമ്മാണം ആഗ്രഹിക്കുന്നു എന്നതിനാലാണ് കോൺഗ്രസ് ഗോവധനിരോധന നിയമങ്ങൾ പാസ്സാക്കിയത്. ബി ജെ പി ഭരിക്കുന്ന ഗോവയിൽ ഏതൊരാൾക്കും പരസ്യമായി നിയമപ്രകാരം ബീഫ് കഴിക്കാവുന്നതാണ്. ഒരു സംസ്ഥാനത്തിലെ നിയമം അനുവദിക്കുന്നില്ലെങ്കിൽ പശുവിനെ അറക്കുവാൻ കഴിയില്ല. സംസ്ഥാനങ്ങൾക്കനുസരിച്ചു നിയമങ്ങൾക്കു മാറ്റം വരിക എന്നാ ഭരണഘടനാ നയം ഭാരതത്തിന്റെ വൈവിധ്യം നിറഞ്ഞ സംസ്കാരത്തിനു തീർത്തും അനുയോജ്യമായ രീതിയാണ്. അപ്പോൾ, ലിബറൽ ബുദ്ധിജീവികളാൽ ആർ എസ് എസ് പുച്ഛിക്കപ്പെടുവാൻ കാരണമായ ആർ എസ് എസ്സിന്റെ സാംസ്കാരിക അജണ്ട എന്താണ്? ഈ ചോദ്യത്തിനു ഇന്ത്യാ ഐഡിയാസ് കോൺഫെറെന്‍സിൽ വെച്ച് ആർ എസ് എസ് നേതാവ് ദത്താത്രേയ ഹോസബലെ വിശദമായ ഉത്തരം നല്കുകയുണ്ടായി. ആർ എസ് എസ്സിന് പ്രത്യേകിച്ച് സാംസ്കാരിക അജണ്ട ഇല്ലെന്നും നൂറ്റാണ്ടുകളായി നിലനിൽക്കുന്ന ഭാരതീയ സംസ്കാരം തന്നെയാണ് ആർ എസ് എസ്സിന്റെ അജണ്ട എന്നും അദ്ദേഹം പറഞ്ഞു.