കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാന വര്‍ഷങ്ങളില്‍ ഒന്നില്‍ ഇറ്റലിയെ ഉലച്ചുകൊണ്ട് ഒരു ചണ്ഡമാരുതന്‍ ആഞ്ഞടിച്ചു. ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പയുടെ മൗനാനുവാദത്തോടെ എന്ന് തോന്നും വിധം, ആര്‍ച്ച്ബിഷപ്പ് ഇമാനുവല്‍ മിലിംഗോയുടെ ഒരു പ്രസ്താവനയായിരുന്നു അത്. കത്തോലിക്കാ സഭയിലെ പൗരോഹിത്യ വൃന്ദങ്ങളില്‍ പലരും സാത്താന്‍ ആരാധനയില്‍ ഏര്‍പ്പെടുന്നുണ്ട് എന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം.
“തീര്‍ച്ചയായും പല ബിഷപ്പുമാരും പുരോഹിതരും സാത്താന്‍പൂജ നടത്തുന്നുണ്ട്. ഞാനൊരു ആര്‍ച് ബിഷപ്പു മാത്രമാണ്. ഉയര്‍ന്ന പദവികള്‍ വഹിക്കുന്നവരെക്കുറിച്ച് പറയുവാന്‍ എനിക്കധികാരമില്ല” എന്നുള്ള മാര്‍പ്പാപ്പയുടെ പ്രസ്താവനയാണ് തന്റെ വാദങ്ങള്‍ സമര്‍ത്ഥിക്കാന്‍ പിന്‍ബലമായി അദ്ദേഹം ഉദ്ധരിച്ചത്. തുടര്‍ന്ന് വത്തിക്കാനുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന,കത്തോലിക്കാ പുരോഹിതനും വത്തിക്കാനിലെ പൊന്തിഫിക്കല്‍ ബിബ്ലിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ പ്രൊഫസറും ആയ ഫാ:ഡോ.മലാച്ചി മാര്‍ട്ടിന്‍ അതേറ്റു പിടിച്ചുകൊണ്ട് പറഞ്ഞത് ‘ആര്‍ച്ച്ബിഷപ്പ് മിലിംഗോയുടെ ന്യായവാദങ്ങള്‍ പൂര്‍ണ്ണമായും ശരിയാണ്. കഴിഞ്ഞ 35 വര്‍ഷമായി വത്തിക്കാനുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുന്ന എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണത് ‘ഇരുട്ടിന്റെ രാജകുമാരന്റെ'(സാത്താന്‍) പ്രതിപുരുഷന്മാര്‍ വിശുദ്ധപത്രോസിന്റെ അള്‍ത്താരയില്‍ ഉണ്ടായിരുന്നു, ഇപ്പോഴും ഉണ്ട്,”എന്നാണ്.
വന്യമൃഗത്തെ സംരക്ഷിക്കുന്ന ഭരണകൂടം എന്ന പോലെ കത്തോലിക്കാസഭ സാത്താനെ എല്ലാവരില്‍നിന്നും ഒളിപ്പിക്കുകയും കാത്തു രക്ഷിക്കുകയും ചെയ്യുന്നു. വിശേഷിച്ചും സഭയുടെ തന്നെ ഔദ്യോഗിക വേട്ടക്കാരില്‍നിന്ന് പ്രേതോച്ചാടകരില്‍നിന്നെന്ന് ഫാ.മാര്‍ട്ടിന്‍.
2005-ല്‍ ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പ അന്തരിച്ചു. 2006-ല്‍ മിലിംഗോയെയും മറ്റു നാല് ബിഷപ്പുമാരെയും വേറൊരു ആരോപണത്തിന്റെ മറവില്‍ വത്തിക്കാനില്‍നിന്നും പുറത്താക്കി. അടുത്ത വര്‍ഷം തന്നെ വത്തിക്കാന്‍ നയതന്ത്രാവകാശങ്ങള്‍ ഉള്ള അദ്ദേഹത്തിന്റെ പാസ്പോര്‍ട്ട് പിന്‍വലിച്ചു.
‘നിസ്തര്‍ക്കമായും ഈ പോപ്പിന്റെ അധികാരകാലത്ത് റോമന്‍ കത്തോലിക്കാ സഭയില്‍ സാത്താന്‍ ആരാധകരുടെ സ്ഥിരസാന്നിധ്യം കാണപ്പെട്ടു. ബിഷപ്പുമാരും പുരോഹിതന്മാരും പരസ്പരവും ആണ്‍കുട്ടികളുമായും പ്രകൃതിവിരുദ്ധ കേളികളില്‍ ഏര്‍പ്പെട്ടു. സ്വവര്‍ഗരതിക്കാരായ പല കന്യാസ്ത്രീകളും താമസാചാരങ്ങള്‍ അനുഷ്ഠിച്ചു. ദിവസേനയെന്നോണം, ഞായറാഴ്ചകളിലും വിശുദ്ധരുടെ ദിനങ്ങളില്‍പ്പോലും മതവിരുദ്ധവും നിന്ദാപരവുമായ അത്യാചാരങ്ങളും കര്‍മങ്ങളും വിശുദ്ധ അള്‍ത്താരകളില്‍ അരങ്ങേറി. ദൈവനിന്ദാപരങ്ങളായ പൂജാവിധികള്‍ ക്രിസ്തുവിന്റെ ബലിപീഠങ്ങളില്‍ അനുഷ്ഠിക്കുക മാത്രമല്ല കര്‍ദിനാള്‍മാരും ആര്‍ച്ചുബിഷപ്പുമാരും ബിഷപ്പുമാരുമൊക്കെ അതിന് മൗനാനുവാദം നല്‍കുകയോ അവ കണ്ടില്ലെന്ന് നടിക്കുകയോ ചെയ്തു”. വത്തിക്കാന്‍ നോവലായ ‘കാറ്റുപിടിച്ച വീടെ’ന്ന പുസ്തകത്തില്‍ പറയുന്നു.
മൂന്നില്‍ രണ്ട് ക്രിസ്തീയ യുവത്വവും തങ്ങളുടെ മത വിശ്വാസം തിരസ്ക്കരിക്കുന്നു കാലിഫോര്‍ണിയന്‍ ഇവാഞ്ചലിക്കല്‍ പ്രസ്ഥാനമായ ബാര്‍ണ്ണ ഗ്രൂപ്പിന്റെ ഒരു സര്‍വേ അനുസരിച്ച്. ഈയടുത്ത് ജര്‍മന്‍ ക്രൈസ്തവര്‍ക്കിടയില്‍ വ്യാപകമായ ജ്ഞാനസ്നാന തിരസ്ക്കാരം മറ്റിടങ്ങളിലേക്കും പടര്‍ന്നു കൊണ്ടിരിക്കുന്നു. അവരില്‍ പലരും എത്തിപ്പെടുന്നത് സാത്താനിക് ആരാധനയിലാണ്. കേരളത്തില്‍ ചില ക്രിസ്തീയ വിശ്വാസികളിലും കറുത്ത കുര്‍ബാന അഥവാ ‘ബ്ലാക്ക് മാസ്’നിര്‍ണായകമായ സ്വാധീനം ചെലുത്തിക്കൊണ്ടിരിക്കുന്നു. എട്ടോളം സാത്താന്‍ ആരാധനാലയങ്ങള്‍ കേരളത്തില്‍ ഉണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. അക്കൂട്ടര്‍ ലഹരിമരുന്നിനും പ്രകൃതിവിരുദ്ധ ലൈംഗികതയ്ക്കും സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും ചെകുത്താനെ ഉപയോഗപ്പെടുത്തുന്നു എന്ന് കത്തോലിക്കാസഭ തന്നെ ആരോപണം ഉന്നയിക്കുകയും ചെയ്യുന്നു.
ആരാധനാലയങ്ങള്‍ക്കും വിശുദ്ധ വസ്തുക്കള്‍ക്കും നേരെയുള്ള അതിക്രമവും അവഹേളനവും അടുത്തകാലത്ത് കേരളത്തില്‍ വര്‍ധിച്ചുവരികയാണ്. ഇരിങ്ങാലക്കുട മാപ്രാണം ഹോളിക്രോസ് ദേവാലയത്തിലെ തിരുശേഷിപ്പുകള്‍ മോഷ്ടിക്കപ്പെട്ടത് ഈ പരമ്പരയിലെ ഏറ്റവും ഒടുവിലത്തെ സംഭവം. കുറച്ചുനാള്‍ മുമ്പ് ആലപ്പുഴ സെന്റ് ഫ്രാന്‍സിസ് അസീസി ദേവാലയത്തില്‍നിന്നും തിരുവോസ്തി മോഷണം പോയിരുന്നു. ആലപ്പുഴ ജില്ലയില്‍തന്നെ പലസ്ഥലങ്ങളിലും കുരിശടികള്‍ക്ക് നേരെ ആക്രമണം ഉണ്ടായി.
‘കുപ്പായം’ ഊരിയ വൈദികര്‍ക്ക് വന്‍ ഡിമാന്റാണ് ബ്ലാക്ക് മാസ് വേദിയില്‍. ഇത്തരക്കാര്‍ കറുത്ത കുര്‍ബാനയര്‍പ്പിച്ചാല്‍ സാത്താന്‍ പെട്ടെന്ന് സംപ്രീതനാകുമെന്നാണ് വിശ്വാസം. പതിനായിരങ്ങള്‍ നല്‍കി ചില മുന്‍വൈദികരെ സാത്താന്‍ ആരാധകര്‍ പ്രയോജനപ്പെടുത്തുന്നതായി കത്തോലിക്കാസഭ തന്നെ കണ്ടെത്തിയിട്ടുണ്ട്. കന്യാസ്ത്രീകളെ ഇത്തരം കേന്ദ്രങ്ങളിലെത്തിക്കാന്‍ വ്യാപകശ്രമങ്ങള്‍ നടക്കുന്നു. സ്വവര്‍ഗ ലൈംഗികതയിലുള്ള ബലഹീനതയും സാഹചര്യങ്ങളുടെ സമ്മര്‍ദ്ദംകൊണ്ട് തിരുവസ്ത്രം ധരിക്കേണ്ടിവന്ന, അതേസമയം സാമൂഹികവും വ്യക്തിപരവുമായ ബലഹീനതകള്‍ അതിജീവിക്കാന്‍ കഴിയാത്തവരെയുമാണ് ഇവര്‍ ഉപയോഗപ്പെടുത്തുന്നത്..
2010-ല്‍ രഹസ്യാന്വേഷണ വിഭാഗം നടത്തിയ കണക്കെടുപ്പനുസരിച്ച് 50ലേറെ സാത്താനിക് ചര്‍ച്ചുകള്‍ കേരളത്തിലുള്ളതായി കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ 15 എണ്ണവും എറണാകുളം ജില്ലയിലാണ്. കോട്ടയം, തൃശ്ശൂര്‍, ആലപ്പുഴ, ഇടുക്കി, തിരുവനന്തപുരം ജില്ലകളില്‍ അഞ്ചിലേറെ കേന്ദ്രങ്ങളുണ്ട്. പലയിടങ്ങളിലും അരലക്ഷം രൂപവരെ വാങ്ങിയാണ് അംഗങ്ങളാക്കുന്നത്. ക്രൈസ്തവര്‍ തന്നെയാണ് അവയിലെ ഭൂരിഭാഗം അംഗങ്ങളും. അടുത്തിടെ കോടീശ്വരന്മാരായി മാറിയ രണ്ടു വമ്പന്‍ ബിസിനസ്സുകാര്‍ ചര്‍ച്ച് ഓഫ് സാത്താനില്‍ അംഗത്വമുള്ളവരാണത്രെ. കത്തോലിക്കാസഭയിലും ക്രിസ്തുവില്‍ തന്നെയും വിശ്വാസം നഷ്ടപ്പെട്ടവരും, ഇഷ്ടപ്പെട്ട തൊഴില്‍, ജീവിതപങ്കാളി, ശത്രു നിഗ്രഹം പദവികള്‍,പെട്ടന്ന് ധനികരാകാനുള്ള ആഗ്രഹം തുടങ്ങി പല കാര്യങ്ങളും നേടുന്നതിനായി സാത്താന്‍സേവ നടത്തുന്നവരും ഇവരിലുണ്ട്.
ഡാവിഞ്ചി കോഡ്, ഏഞ്ചെല്‍സ് ആന്‍ഡ് ഡെമന്‍സ് തുടങ്ങിയ നിരവധി ചിത്രങ്ങളില്‍ കറുത്ത കുര്‍ബാനയുടെ ചലച്ചിത്ര ആവിഷ്ക്കാരം കാണാം. വിശുദ്ധ കുര്‍ബാന എന്ന ക്രൈസ്തവ ആരാധനയുടെ ആചാരാനുകരണം,?പാരഡിയാണ് കറുത്ത കുര്‍ബാന. ‘ആവേ,സാത്താനാസ്!’ എന്ന പ്രയോഗത്തോടെയാണ് എല്ലാ കറുത്ത കുര്‍ബാനകളും ആരംഭിക്കുകയും അവസാനിക്കുകയും ചെയ്യുക. വിശുദ്ധ കുര്‍ബാനയില്‍ അപ്പവും വീഞ്ഞും (ക്രിസ്തുവിന്റെ ശരീരവും രക്തവും) ബലിവസ്തുക്കള്‍ ആവുമ്പോള്‍, കറുത്ത കുര്‍ബാനയില്‍ രക്തവും മാംസവും ബലി വസ്തുക്കളാവുന്നു. അതിലൂടെ ദൈവത്തെയും ദൈവ പുത്രനെയും അവഹേളിക്കുക അങ്ങനെ സാത്താനെ പ്രീതിപ്പെടുത്തുക എന്നതാണ് കറുത്ത കുര്‍ബാനകൊണ്ട് ഉദ്ദേശിക്കുന്നത്. തിരുവോസ്തി എന്ന ക്രിസ്തു ശരീരത്തെ തലയോട്ടിയിലെ മൂത്രത്തില്‍ഇട്ട് അതിനെ അവഹേളിക്കുന്നു. ബലിപീഠത്തില്‍ കിടക്കുന്ന പരിപൂര്‍ണ്ണ നഗ്നയായ സ്ത്രീയുടെ ഗുഹ്യഭാഗത്തിലാവും അധികവും ഈ തലയോട്ടി വെച്ചിരിക്കുക. കുര്‍ബാനയ്ക്ക് ശേഷം ഹൈപ്രിസ്റ്റ് (മുഖ്യ പുരോഹിതന്‍) അവളുമായുള്ള ലൈംഗിക വേഴ്ചനടത്തുന്നതോടെയാണ് കറുത്ത കുര്‍ബാന പൂര്‍ത്തിയാവുക.
ശിശുബലി, സ്വവര്‍ഗ, ഉഭയവര്‍ഗ ഭോഗം, ലഹരിവസ്തുക്കളുടെ ഉപയോഗം എന്നിങ്ങനെ സാമൂഹ്യ വിരുദ്ധമായ കാര്യങ്ങള്‍നടത്തുന്നവരാണ് സാത്താന്‍ ആരാധകര്‍ എന്ന് വിവിധ ക്രിസ്തീയ സഭകള്‍ കാലങ്ങളായി ആരോ പിച്ചുകൊണ്ടിരിക്കുന്നുവെങ്കിലും ലോകത്തെവിടെയും അത് തെളിയിക്കാന്‍അവര്‍ക്ക് കഴിഞ്ഞിട്ടില്ല. സ്വവര്‍ഗ ബാലരതിയെ സംബന്ധിച്ചിടത്തോളം ആ സഭകള്‍ നേരിട്ടത്രയും വിമര്‍ശനങ്ങളും കേസുകളും ലോകത്ത് മറ്റൊരു പ്രസ്ഥാനവും നേരിട്ടിട്ടില്ലെന്നതും വിരോധാഭാസമാവാം. ക്രിസ്തുവിന്റെ അടയാളമായ കുരിശിനെ നിന്ദിക്കുന്നതിനായി പാദത്തില്‍ കുരിശ് പച്ചകുത്തുക, വിശുദ്ധ വസ്തുക്കളെയും കുരിശിനെയും തുപ്പുക, ചവിട്ടുക എന്നിവയും കറുത്ത കുര്‍ബാനയുടെ ഭാഗമാണ്. എന്നാല്‍ ഒരു മൂര്‍ത്തിയെന്ന നിലയില്‍ ദൈവമായി തന്നെ സാത്താനെ വണങ്ങുന്നവരാണ് സാത്താനിസ്റ്റുകള്‍. യഥാര്‍ത്ഥത്തില്‍ ക്രിസ്തുപൂര്‍വ, ഈജിപ്ഷ്യ, സുമേരിയ, ഫിനീഷ്യ, ഹേയ്ത്തി തുടങ്ങിയ ദേശീയതകളുടെ ആരാധനാമൂര്‍ത്തികളില്‍ ഒന്നാണ് അത് എന്നുകൂടി പറയാം .നിര്‍മോദ’, സെറ്റ്, ബാല്‍, ഡെവിള്‍, ലൂസിഫര്‍, മാലോക്ക് എന്നിങ്ങനെ അനേകം വകഭേദങ്ങള്‍ സാത്താനുണ്ട്. ഇവയിലധികവും പഴയ നിയമത്തില്‍ പരാമര്‍ശിക്കപ്പെടുന്നുണ്ടെന്നും ഓര്‍ക്കുക. ലൂസിഫര്‍ റോമന്‍ വിശ്വാസത്തില്‍ ‘പ്രഭാത നക്ഷത്രം’ അഥവാ നാം പറയുന്ന വെള്ളിനക്ഷത്രം ആണ്. പില്‍ക്കാലത്ത് ക്രിസ്തുമതം ഇതരദേശീയതകളെയും തനതുവിശ്വാസങ്ങളെയും തകര്‍ക്കുകയും ക്രൈസ്തവേതരമായതെല്ലാം സാത്താന്‍ എന്ന കേവല സംജ്ഞയിലേക്ക് ഒതുക്കുകയുമായിരുന്നു. ജനതതികളെ അജ്ഞതയിലേക്കും അന്ധവിശ്വാസത്തിലേക്കും തള്ളിവിട്ട മധ്യകാല ഇരുണ്ട യുഗത്തില്‍ മതവിചാരണ നടപ്പിലാവുകയും സാത്താന്‍ ആരാധകര്‍ എന്ന് പേരിട്ടുകൊണ്ട് നിരവധി ആരാധനാലയങ്ങളും മറ്റും അവര്‍ തകര്‍ക്കുകയുമുണ്ടായി.
തനതുമതങ്ങളിലെ സ്ത്രീപുരോഹിതരെ ‘വിച്ചസ്’ ദുര്‍മന്ത്രവാദിനികള്‍ എന്നുപറഞ്ഞ് ജീവനോടെ ദഹിപ്പിച്ചാണ് പുരുഷ കേന്ദ്രീകൃത പള്ളിമതം തങ്ങളുടെ അധീശത്വം ഉറപ്പിക്കുന്നതിന്റെ ഭാഗമായി ഇതര വിശ്വാസികളെ ഉന്മൂലനം ചെയ്തത്.
വാസ്തവത്തില്‍ അതിനെതിരായ നിശബ്ദ കലാപത്തിന്റെ ഭാഗമായിരുന്നു സാത്താനിസം. സ്വാഭാവികമായും അനേകം തനതുമതങ്ങളിലെ ആരാധനാമൂര്‍ത്തികള്‍ക്ക് ഐകരൂപ്യം സംഭവിച്ചു, ക്രിസ്തു- ക്രൈസ്തവ വിരുദ്ധമായ ഒരൊറ്റ ദൈവം ആയി ഇതര ദേവതകള്‍ക്ക് രൂപാന്തരം വരികയും അത് സാത്താന്‍ ആവുകയും ചെയ്തു എന്ന് ചുരുക്കി പറയാം. സാത്താനിസം തന്നെ പല ഭേദരൂപങ്ങളില്‍കാണപ്പെടുന്നു. ലെവിയന്‍, തീസ്റ്റിക്, ലൂസിഫറനിസം എന്നിവയാണ് പ്രധാനപ്പെട്ടവ.
മിസോറാമില്‍ കഴിഞ്ഞ വര്‍ഷം ഏപ്രില്‍ അവസാനവും മെയാദ്യ വാരത്തിലും ആയി പ്രെസ്ബൈറ്ററിയന്‍, പെന്തികൊസ്ത്, കത്തോലിക്കാ പള്ളികള്‍ നിരന്തരാക്രമണത്തിനു വിധേയമായി. (ടൈംസ് ഓഫ് ഇന്ത്യ, ഗോഹട്ടി മെയ് 9, 2012) അവിടങ്ങളില്‍ പഴിചാരാന്‍ ഹൈന്ദവസംഘടനകളുടെ സാന്നിധ്യം ഇല്ലാത്തതുകൊണ്ട് മാത്രം കഴിയാതിരുന്നതല്ല, മറിച്ച് അത് ചെയ്തത് വ്യക്തമായും ആ സഭാവിശ്വാസികളും കൂടി ആയിരുന്നതുകൊണ്ടാണ്.
ആ പള്ളികളില്‍ അക്രമികള്‍ വൃത്തത്തിനകത്ത് പഞ്ചമുഖ നക്ഷത്രാങ്കിതമായ സാത്താനിക ചിഹ്നങ്ങള്‍ വരക്കുകയും അതില്‍ ബൈബിളുകളും ഇതര ക്രിസ്തീയ വിശുദ്ധ സാഹിത്യങ്ങളും ഹോമിക്കുകയും ചെയ്തിരുന്നു. വിവിധ ക്രിസ്തീയ ആരാധനാലയങ്ങളില്‍നിന്നും മോഷ്ടിക്കപ്പെട്ടവയായിരുന്നു അവ. ചെറിയ കാസകളില്‍ മനുഷ്യരക്തത്തിന്റെ അവശിഷ്ടങ്ങള്‍ ഉണ്ടായിരുന്നു. പിന്നീടുള്ള അന്വേഷണങ്ങളില്‍ അത് ക്രിസ്തീയ സമുദായത്തിലെ തന്നെയുള്ള യുവസാത്താന്‍ ആരാധകരുടെ കൈക്രിയ ആണെന്ന് തെളിഞ്ഞു. കേരളത്തിലും, മംഗലാപുരം, ബാംഗ്ലൂര്‍ അടക്കം കര്‍ണാടകത്തിലെ ചില ഭാഗങ്ങളിലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ട, പള്ളികള്‍ക്കെതിരെയുള്ള ആക്രമണങ്ങളെ ഈ ദൃഷ്ടിയില്‍ ആരും സമീപിച്ചിട്ടില്ല. കേള്‍ക്കും മുന്‍പേ അത് ഹൈന്ദവ തീവ്രവാദികള്‍ ചെയ്തതാണെന്ന് വരുത്തിത്തീര്‍ക്കാനാണ് എല്ലാവരും ശ്രമിച്ചതും.
( Originally published in Janmabhumi Daily. Republishing with the authors permission. Link to the original article http://www.janmabhumidaily.com/news124270 )