— സജിത റാണി —
ഇന്ന് സോഷ്യൽ മീഡിയയിലൂടെ യുവാക്കൾ സാമൂഹികവും രാഷ്ട്രീയവുമായ പ്രശ്നങ്ങളിൽ ഇടപെടുന്നത് സർവ്വസാധാരണ മായിരിക്കുകയാണ്. ജിഷയുടെ നിഷ്ഠൂരമായ കൊല ജനങ്ങളിലെ ത്തിച്ചതും ജിഷയുടെ കൊലയ്ക്കെ തിരെ സമൂഹ മനസാക്ഷിയെ ഉണർത്തിയതും സോഷ്യൽ മീഡിയയാണ്. തീർച്ചയായും സോഷ്യൽ മീഡിയയുടെ ശക്തിയും സാമുഹിക പ്രതിബദ്ധതയുമാണ് ഇത് വ്യക്തമാക്കുന്നത് .
ഇങ്ങനെയൊക്കെ ആണെങ്കിലും പോസിറ്റീവായ ആശയങ്ങളേക്കാളും കൂടുതൽ സമൂഹത്തിൽ അകൽച്ച വർദ്ധിപ്പിക്കാനും സ്പർദ്ധയുണ്ടാ ക്കാനും വ്യക്തിഹത്യ നടത്താനുമുള്ള മാധ്യമമായും സോഷ്യൽ മീഡിയ ഉപയോഗിക്കപ്പെടുന്നുണ്ട് എന്ന് പറയാതെ വയ്യ .
ഇതിന് ഏറ്റവും പുതിയ ഉദാഹരണം അമൃതാനന്ദമയിയുടെ പേരിൽ ഉയർന്നു വന്ന വാർത്തയാണ്. അമൃത ഹോസ്പിറ്റലില്‍ നഴ്സിനെ ബലാല്‍സംഘം ചെയ്തുവെന്ന പേരില്‍ ഒരു വാർത്ത ഫേസ് ബുക്കിൽ ഉയരുകയും അതിനെ തുടർന്ന് ഈ വിഷയം ഫേസ്ബുക്കിൽ വലിയ ചർച്ചയാകുകയും മാധ്യമങ്ങൾ വാർത്ത മറച്ചുവെച്ചു എന്ന രീതിയിൽ ട്രോളൻമാർ അത് ഏറ്റെടുക്കുകയും ചെയ്തു.
‘പോരാളി ഷാജി’ എന്ന ഫേസ്ബുക്ക് പേജിലാണ് അമൃത ഹോസ്പിറ്റലില്‍ നഴ്‌സ് ബലാത്സംഗത്തിന് ഇരയായെന്നും ഇത് ആശുപത്രി അധികൃതര്‍ മറച്ചുവെച്ചു എന്നും ഉള്ള രീതിയിൽ ഒരു വാർത്ത ആദ്യം വന്നത്. ഗുരുതരാവസ്ഥയിലായ നഴ്‌സിനെ അമൃതയില്‍ തന്നെ അത്യാഹിത വിഭാഗത്തില്‍ രഹസ്യമായി ചികിത്സിക്കുകയാണെന്ന വാർത്തയും ഒരു വിഭാഗം ഓണ്‍ലൈന്‍ മാധ്യമങ്ങളും ഇടത് ബുദ്ധിജീവികളും വിപ്ലവകാരി കളും സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചു.’മുഖ്യധാരാ’ മാധ്യമങ്ങൾ അമ്മയുടെ കാശ് വാങ്ങി വാർത്തകൾ മറച്ചുവെച്ചെന്ന മട്ടിലായിരുന്നു ട്രോളുകൾ.
പിന്നീട് ആശുപത്രിക്കെതിരായ വ്യാജ പ്രചാരണത്തിന് പോരാളി ഷാജി എന്ന ഫേസ്ബുക്ക് പേജിനെതിരെ ആശുപത്രി അധികൃതര്‍ നല്‍കിയ പരാതിയിൽ മേൽ സൈബര്‍ സെല്‍ അന്വേഷണം തുടങ്ങി.ഈ പ്രചാരണ ങ്ങളില്‍ കഴമ്പില്ലെന്നാണ് തന്റെ അന്വേഷണത്തിൽ തനിക്ക് മനസിലാക്കാനായതെന്ന് എഡിജിപി ആര്‍.ശ്രീലേഖ പീന്നീട് പറയുകയുണ്ടായി. ഇപ്പോൾ പോലീസ് അന്വേഷണത്തിൽ ആശുപത്രിക്കെ തിരായ പ്രചാരണം ആസൂത്രിതമായിരുന്നുവെന്നു വ്യക്തമായി കൊണ്ടിരിക്കുകയാണ് .
യാതൊരു അടിസ്ഥാനവുമില്ലെന്ന് വ്യക്തമായിട്ടും ആരോ പറയുന്നതു കേട്ടതിന്റെ നിജസ്ഥിതി മനസ്സിലാക്കാ തെ അമ്മയ്ക്കെതിരെ അഴിച്ചു വിട്ട പ്രചാരണം ലക്ഷ്യം വെച്ചതെന്താ യിരുന്നു?മാതാ അമൃതാനന്ദമയിയെ വ്യക്തിപരമായി ആക്ഷേപിച്ചും മഠത്തെ അധിക്ഷേപിച്ചും ഇവര്‍ ട്രോളുകളും പോസ്റ്റുകളുമിറക്കിയ തെന്തിനായിരുന്നു?…സമാനമായ രീതിയിൽ ഒരു ശ്രമം ഈ ആഴ്ചയിൽ തന്നെ നടന്നിരുന്നു എന്നത് തികച്ചും യാദൃശ്ചികമായിരുന്നൊ?
സുധീഷ് സുധാകരൻ എന്ന ഒരു പത്രപ്രവർത്തകന്റെ പോസ്റ്റിലാണ് അമൃതാനന്ദമയിയെ കരിവാരിതേക്കുവാനുള്ള ആദ്യശ്രമം ഉണ്ടായത്. അമൃതാനന്ദമയിയുടെ ആശ്രമത്തിൽ ബീഹാറുകാരനായ സത്നാം സിംഗിനെ ക്രൂരമായി അടിച്ചു കൊലപ്പെടുത്തിയ ഒരു കേസ് ഉണ്ടായിരുന്നു എന്ന് പറഞ്ഞായിരുന്നു പോസ്റ്റിന്റെ തുടക്കം. മഠത്തിലെ ഗുണ്ടാ സ്വാമിമാരുടെ ക്രൂരമായ മർദ്ദനമേറ്റ് സത്നാം സിംഗ് എന്ന ചെറുപ്പക്കാരൻ മരിച്ചു എന്ന തീർത്തും സത്യവിരുദ്ധമായ പ്രസ്താവനയെ പൊടിപ്പും തൊങ്ങലും ചേർത്ത് അവതരിപ്പിച്ചു കയ്യടി നേടാനുള്ള ശ്രമം ‘തെളിവ്’ ചോദിച്ചതിനെ തുടർന്ന് വിജയിക്കാതെ പോയി. പക്ഷെ ഈ പോസ്റ്റിലൂടെ സത്നാം സിംഗിന്റെ കൊലപാതകം അന്വേഷിച്ച അന്നത്തെ ഐ ജി ബി.സന്ധ്യയെ സംശയത്തിന്റെ മുൾമുനയിൽ നിർത്തുവാനും അവർ പക്ഷപാതപരമായി അന്യേഷണം നടത്തി അമ്മയെ രക്ഷിച്ചു എന്ന ആരോപണം ഉണ്ടാക്കുവാനും കഴിഞ്ഞു. കൂടാതെ സന്ധ്യ ഇപ്പോൾ അന്വേഷിക്കുന്ന ജിഷാ കൊലക്കേസ്
എങ്ങുമെത്താതെ പോകും എന്ന ധ്വനിയും പോസ്റ്റിലുണ്ടായിരുന്നു.
സമാനമായ രീതിയിൽ അമൃത ഹോസ്പിറ്റലില്‍ നഴ്സിനെ ബലാല്‍സംഘം ചെയ്തുവെന്ന വാർത്തയുടെ അന്വേഷണ ചുമതല എഡിജിപി ആര്‍.ശ്രീലേഖയെ ഏല്‍പ്പിച്ചതായി വാര്‍ത്ത പരത്തുകയും അവർ അമൃതാനന്ദമയിയുമായി വേദി പങ്കിടുന്ന ഒരു ഫോട്ടോ ഷെയറു ചെയ്ത് അമ്മ ഭക്തയായ ഇവരാണോ അന്വേഷിച്ച് തെളിയിക്കാൻ പോകുന്നത് എന്ന മട്ടിൽ സോഷ്യൽ മീഡിയയിൽ ട്രോളുകൾ ഇറക്കുകയുമുണ്ടായി.
പൗരബോധമുള്ള ജനങ്ങളാൽ സർക്കാരുദ്യോഗസ്ഥരുടെ പ്രവർത്തനങ്ങൾ പരിശോധിക്കപ്പെടുന്നതിൽ അസ്വാഭാവികതയില്ല. എങ്കിലും അമൃതാനന്ദമയിയുടെ സ്ഥാപനങ്ങളിലൊന്നില്‍ മകള്‍ പഠിക്കുന്നു എന്ന ഒറ്റക്കാരണം കൊണ്ട് സന്ധ്യയും, അമൃതാനന്ദമയിയുമായി വേദി പങ്കിട്ടു എന്ന കാരണം കൊണ്ട് ആര്‍.ശ്രീലേഖയും അമ്മ ഭക്തരും തദ്വാരാ സത്യം മൂടിവെക്കുന്നവരുമായ് മാറുമെന്ന മുന്‍വിധി തികച്ചും എതിർക്കപ്പെടേണ്ടത് തന്നെയാണ്. ഇതേ ന്യായം പറയുന്നവർ മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്റെ മകൾ അമൃതാനന്ദമയിയുടെ സ്ഥാപനങ്ങളിലൊന്നിൽ പഠിച്ചിരുന്നു എന്നുള്ളത് കൊണ്ട് പിണറായിയുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യാൻ തുനിയുമൊ..?
പോരാളി ഷാജി എന്ന പേജിലെ ഊരും പേരുമില്ലാത്ത ഒരുവൻ എഴുതിയ, താനാരാണെന്ന് പോലും വെളിപ്പെടുത്താത്ത ഒരു വ്യാജന്റെ പേജിൽ വന്ന ഒരു വാർത്ത, സോഷ്യൽ മീഡിയയിൽ സജീവമായി ഇടപ്പെടുകയും അനേകം ഫോളോവർസ് സൂക്ഷിക്കുകയും ചെയ്യുന്ന ചിലർ തങ്ങളുടെ പോസ്റ്റിലൂടെ പ്രചരിപ്പിക്കുക വഴി ആ വാർത്തക്ക് വിശ്വാസ്യതയും ആധികാരിതയും നൽകി. യാതൊരു അടിസ്ഥാനവുമില്ലെന്ന് വ്യക്തമായിട്ടും ആധികാരികമായിത്തന്നെ ഈ വാര്‍ത്ത പ്രചരിപ്പിച്ച ഇവർ അക്ഷന്തവ്യമായ തെറ്റാണ് ചെയ്തത്.
ഒരു ക്രിമിനൽ കുറ്റം ഒരാളുടെ മേൽ ആരോപിക്കപ്പെടുമ്പോൾ അതിനെ ന്യായീകരിക്കാവുന്ന ഒരു തെളിവ് എങ്കിലും ഉണ്ടായിരിക്കേണം. ഇങ്ങനെ ഒന്ന് ഇല്ലാഞ്ഞിട്ടും, ഊഹാപോഹങ്ങളല്ലാതെ ‘മരിച്ചുപോയി’ എന്ന് പറയപ്പെടുന്ന കുട്ടിയെക്കുറിച്ച് വിശ്വസ നീയമായ ഒരു വരിപോലും എഴുതാൻ കഴിയാത്ത ഓൺലൈൻ വിപ്ലവകാരികളുടെ വിമർശനം സഹിക്കവയ്യാതെ മാധ്യമങ്ങളും സംഘടനകളും അമൃത ഹോസ്പിറ്റലിനെതിരെ പരാതി കൊടുക്കുന്നതിൽവരെ എത്തി കള്ളപ്രചാരണം.
ഹിന്ദു മതത്തിലെ ഒരു വിഭാഗം ആൾക്കാർ ആദരവോടെയും ആരാധനയോടെയും കാണുന്ന മാതാ അമൃതാ നന്ദമയി ദേവിയെ കടപ്പുറം സുധാമണിയെന്നും മുക്കുവത്തിയെന്നും വിളിച്ചും പോമോളെ കടപ്പുറം സുധാമണിയെന്നു ഹാഷ് ടാഗു ഉണ്ടാക്കിയും വ്യക്തിപരമായി ആക്ഷേപിച്ച് ജാതിവെറി പൂണ്ട വിഷജഡിലമായ ചില മനസ്സുകൾ ആനന്ദം കണ്ടെത്തി. അപക്വമായ മനസ്സിന്റെ ഇത്തരത്തിലുള്ള ഊഹാപോഹങ്ങളും നുണക്കഥകളും പൈങ്കിളി കഥകളെ വെല്ലുന്ന കാല്പനികതയും തങ്ങളുടെ വാർത്ത കൾക്ക് നിദാനമാക്കുന്നതിൽ നിന്ന് ഓൺലൈൻ മാധ്യമങ്ങൾ വിട്ടുനിൽക്കേണ്ടതുണ്ട് .
അതുപോലെ ഇത്തരം വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നതിൽ ‘മുഖ്യധാരാ’ മാധ്യമങ്ങൾ കുറച്ചു കൂടി ശ്രദ്ധ ചെലുത്തേണ്ടത്. കൂടാതെ ഏതൊരു വിഷയത്തെക്കുറിച്ചും പോസ്റ്റിടുന്ന വിപ്ലവകാരികളും ബുദ്ധിജീവികളും അവരുടെ പോസ്റ്റുകളിൽ പറയുന്ന കാര്യത്തിന്റെ ആധികാരികത പരിശോധിച്ച് ഉറപ്പ് വരുത്തേണ്ടതുമുണ്ട്. ഇല്ലെങ്കിൽ
അവരുടെ ഇത്തരം പോസ്റ്റുകൾക്ക് മഞ്ഞ പത്രത്തിന്റെ നിലവാരം പോലും ഇല്ലാതാകുന്ന കാലം വിദൂരമല്ല.
ജിഷ കേസിലെന്ന പോലെ സമൂഹ മനസാക്ഷിയുടെ കണ്ണാടിയായി വർത്തിക്കേണ്ട സോഷ്യൽ മീഡിയ ചില വ്യക്തികളുടെയും സ്ഥാപനങ്ങളുടേയും ചട്ടുകമായി മാറുന്ന രീതിയിൽ ഇത്തരം അപവാദ പ്രചാരണത്തിലും വ്യക്തിഹത്യയിലും ഏർപ്പെടുന്നത് സോഷ്യൽ മീഡിയയുടെ വിശ്വാസ്യത നശിപ്പിക്കുമെന്നതിൽ യാതൊരു സംശയവുമില്ല