ടിപ്പു വാഴ്ത്തപ്പെട്ടവനോ …??

14962728_1803316796623048_7932315771443658344_n

ഐസിസും താലിബാനും ഒക്കെ വിശുദ്ധരായി കെട്ടി എഴുന്നളിക്കപ്പെടുന്ന ഒരു ഭാവികാലം വന്നേക്കാം. ബാമിയാനിലെ ബുദ്ധപ്രതിമയുടെയോ ഇറാഖിലെയോ സിറിയയിലെയോ തകര്‍ന്നു വീണ പൌരാണിക സ്തൂപങ്ങളുടെയോ മുകളില്‍ കയറി നിന്ന് ഐസിസും താലിബാനും വിശുദ്ധരാണ് എന്ന് ഉത്ഘോഷിക്കപ്പെടാന്‍ പോകുന്ന ആ കാലവും വരും എന്നതിന് തെളിവാണ് ടിപ്പു തകര്‍ത്ത ക്ഷേത്രങ്ങളെയും വാളിന്‍റെ മേല്‍ മത പരിവര്‍ത്തനം ചെയ്യപ്പെട്ട ജനതയെയും നോക്കി പല്ലിളിച്ച് കാട്ടുന്ന രീതിയില്‍ ആഘോഷിക്കപ്പെടുന്ന  ടിപ്പു ജയന്തി. 
 
ദീപാവലി ദിവസം തന്നെ ടിപ്പുവിന്‍റെ ജന്മദിനം ആഘോഷിക്കാന്‍ കര്‍ണ്ണാടക കോണ്ഗ്രസ് സര്‍ക്കാര്‍ എടുത്ത തീരുമാനം വെറും ആകസ്മീകമാണ് എന്നോ കരുതിക്കൂട്ടി ഉള്ളതാണോ എന്നൊന്നും വിധി കല്‍പ്പിക്കുന്നില്ല. പക്ഷെ   ഇരുനൂറുവര്‍ഷങ്ങളായി ദീപാവലി ആഘോഷിക്കാത്ത ഒരു ജനത കര്‍ണ്ണാടകയില്‍ ജീവിക്കുന്നുണ്ട് .മന്ധ്യം അയ്യങ്കാര്‍ എന്നറിയപ്പെടുന്ന ആ സമൂഹത്തിനു ദീപാവലി ഒരു കറുത്ത ഓര്‍മ്മയാണ്. ഒരുപാടു ചരിത്രകാരന്മാര്‍ പറയാതെ ഒളിപ്പിച്ച ആ കറുത്ത ദീപാവലിയെ പറ്റിയുള്ള പരാമര്‍ശം   എംഎ ഖാന്‍ തന്‍റെ “ഇസ്ലാമിക് ജിഹാദ്”  എന്ന പുസ്തകത്തില്‍ നടത്തുന്നുണ്ട് . 
 
1790 ലെ ദീപാവലി ദിവസമാണ് ടിപ്പു ആ സമുദായത്തിലെ 700 സ്ത്രീ പുരുഷന്മാരെ തന്‍റെ വാളിനു ഇരയാക്കിയത്.  ആ ദിവസത്തിന്‍റെ  ഓര്‍മയില്‍ ദീപാവലി തന്നെ എന്നന്നേക്കും ഉപക്ഷിച്ച ഒരു ജനത കൂടി തിരഞ്ഞെടുത്ത സര്‍ക്കാരാണ് അതെ  ദിവസം ടിപ്പു ജയന്തി ആഘോഷിക്കാന്‍ ആഹ്വാനം ചെയ്യുന്നത്. എന്തൊരു ആകസ്മീകത ! 
 
 മത വെറിയുടെയും ക്രൂരതയുടെയും പേരില്‍ സമൂഹം ഭയത്തോടെ കാണുന്ന ഒരു അക്രമകാരിയുടെ ജന്മദിനം മതേതരം എന്നവകാശപ്പെടുന്ന സര്‍ക്കാര്‍ ആഘോഷിക്കുന്നതിനു പിന്നിലെ ഉദ്ദേശം  ഊഹിക്കാവുന്നതേ ഒള്ളു. പഴയകാല  ഇസ്ലാമിക ആക്രമണകാരികള്‍ തൊട്ട് ഔറംഗസീബും ഐസിസും താലിബാനും  ഒക്കെ പിന്തുടര്‍ന്ന ഭരണക്രമം ടിപ്പുവും തുടര്‍ന്നു എന്നതാണ് സത്യം. ഭരണ നിര്‍വ്വഹണം, നിയമങ്ങള്‍ ഇവയിലെ ഇസ്ലാമികവത്കരണം, നിര്‍ബന്ധിത മത പരിവര്‍ത്തനം, ക്ഷേത്രങ്ങളും പള്ളികളും തകര്‍ക്കല്‍ ഇതെല്ലാം നടപ്പിലാക്കിയ ഒരു മതഭ്രാന്തന്‍ രാജാവ് തന്നെയായിരുന്നു ടിപ്പുവും.
 
ഭരണ രംഗത്തെ ഇസ്ലാമിക വത്കരണം നിയമങ്ങള്‍, കലണ്ടര്‍, നാണയം ഇവയില്‍ എല്ലാം കൊണ്ടുവന്ന മാറ്റങ്ങളിലൂടെ ടിപ്പു നടപ്പാക്കി. പിടിച്ചെടുക്കുന്ന സ്ഥലങ്ങള്‍ക്ക് തനിക്കു ഇഷ്ടപ്പെട്ട ഇസ്ലാമിക നാമങ്ങള്‍ ടിപ്പു കൊടുത്തു. ഉദാഹരണത്തിന്  “കോഴിക്കോട്”  “ഇസ്ലാമാബാദ്” ആയി. “മംഗലാപുരം” “ജലാലാബാദായി”, “മൈസൂര്‍” “നാസര്‍ബാദും”. ടിപ്പുവിന്‍റെ മരണത്തിനു ശേഷമാണ് ഈ പ്രദേശങ്ങള്‍ക്കൊക്കെ തങ്ങളുടെ പേരുകള്‍ തിരികെ കിട്ടിയത്. 
 
 
 
ടിപ്പുവിന്‍റെ ഭരണ നിര്‍വ്വഹണ സമ്പ്രദായവും പൂര്‍ണ്ണമായും “ഇസ്ലാമികമായിരുന്നു”. എംഎച് ഗോപാല്‍ എഴുതിയ ”ടിപ്പു സുല്‍ത്താന്‍സ് മൈസൂര്‍ : ആന്‍ എക്കണോമിക് സ്ട്ടഡി” ഇങ്ങനെ പറയുന്നു “വാണിജ്യേതര  നികുതിയില്‍ നിന്നും മുസ്ലീങ്ങള്‍ പൂര്‍ണ്ണമായും ഒഴിവാക്കപ്പെട്ടിരുന്നു. ക്രിസ്ത്യാനികളെ പിടികൂടി നാടുകടത്തി അവരുടെ സ്വത്ത് കണ്ടുകെട്ടി. അതെ സമയം ഇസ്ലാമിലേക്ക് പരിവര്‍ത്തനം ചെയ്താല്‍ നികുതി ഇളവ് അടക്കമുള്ള ആനുകൂല്യങ്ങള്‍ ലഭിച്ചിരുന്നു. ഉദാഹരണത്തിന് ഒരു കര്‍ഷകന്‍ ഇസ്ലാം മതം സ്വീകരിച്ചാല്‍ അയാളുടെ കൃഷിയില്‍ നിന്നുള്ള ആദായത്തിന്  അന്‍പതു ശതമാനം ഇളവ് ലഭിച്ചിരുന്നു. 
 
പിടിച്ചെടുക്കുന്ന ഭൂമി മുസ്ലീം ഓഫീസര്‍മാര്‍ക്ക് ഇനാം ആയി നല്‍കി” ഭരണത്തിലെ മറ്റൊരു പ്രധാന പരിഷ്കാരം നിലവിലുള്ള കലണ്ടര്‍ മാറ്റി പുതിയതു സ്ഥാപ്പിച്ചതായിരുന്നു. മുഹമ്മദ്‌ നബിയുടെ ജനന വര്‍ഷത്തില്‍ നിന്നായിരുന്നു ആ കലണ്ടര്‍ ആരംഭിച്ചത്. ഭരണഭാഷ എന്ന പദവി  കന്നഡയില്‍ നിന്നും എടുത്ത് മാറ്റി. എഴുത്തുകുത്തുകള്‍ എല്ലാം ഫാര്‍സി ഭാഷയിലേക്ക് മാറ്റി. സംഖ്യാ സമ്പ്രദായം വലത്ത് നിന്ന് ഇടത്തോട്ട് മാറ്റി. 
 
ടിപ്പു തന്‍റെ  രാജ്യത്ത് ഉപയോഗിച്ച നാണയത്തിന്റെ ഒരു വശത്ത് ഇങ്ങനെ രേഖപ്പെടുത്തിയിരുന്നു “മുഹമ്മദിലുള്ള വിശ്വാസം ഹൈദറിന്‍റെ 1119 ലെ വിജയത്താല്‍ പ്രഘോഷണം ചെയ്യപ്പെടുന്നു”. നാണയങ്ങള്‍ , അളവ് തൂക്കം ഇതിലെല്ലാം നിലവിലിരുന്ന ഇന്ത്യന്‍ സമ്പ്രദായങ്ങള്‍ മാറ്റി അവക്കെല്ലാം അറേബ്യന്‍ പേരുകള്‍ നല്‍കി.  ഇസ്ലാമിക നിയമങ്ങള്‍ നടപ്പില്‍ വരുത്തുന്നതിന്‍റെ ഭാഗമായി തന്‍റെ രാജ്യത്ത് മദ്യം നിരോധിച്ചു. 
 
1787 ഇല്‍ ടിപ്പു ബാംഗ്ലൂരിലെ തന്‍റെ പ്രതിനിധിക്ക് അയച്ച കത്തില്‍ അവിടുത്തെ മുഴുവന്‍ ഡിസ്റ്റിലിറികളും അടച്ച് പൂട്ടാനും വ്യാപാരികള്‍ മറ്റു തൊഴിലിലേക്ക് തിരിയാനും വേണ്ട നടപടികള്‍ എടുക്കാന്‍ ആവശ്യപ്പെട്ടു. അതെ സമയം തന്‍റെ ഫ്രഞ്ച് സുഹൃത്ത് ജനറല്‍ എം ലാലി ക്ക് തന്‍റെ ഭടന്മാര്‍ക്ക് മദ്യ വിതരണം നടത്താനുള്ള അവകാശവും ടിപ്പു നിലനിര്‍ത്തി. 
 
ഇസ്ലാമിക ഭരണവ്യവസ്ഥക്ക് പുറമേ താന്‍ ആക്രമിക്കുന്ന സ്ഥലങ്ങളില്‍ ക്രൂരവും പ്രാകൃതവും ആയ ആക്രമണം അഴിച്ച് വിടാന്‍ ടിപ്പു ശ്രമിച്ചു. താന്‍ ആക്രമിച്ച സ്ഥലങ്ങളിലെ ആളുകളെ ഇസ്ലാമിലേക്ക് പരിവര്‍ത്തനം ചെയ്യല്‍ തന്‍റെ കടമയാണ് എന്ന് ടിപ്പു കരുതി. ടിപ്പുവിന്‍റെ പടയോട്ടത്തിന്‍റെ ക്രൂരത മുഴുവന്‍ അനുഭവിക്കേണ്ടി വന്ന സ്ഥലങ്ങള്‍ കൂര്‍ഗും മലബാറും ആയിരുന്നു. കൂര്‍ഗില്‍ ആക്രമണം നടത്തിക്കൊണ്ടിരുന്ന തന്‍റെ സൈന്യാധിപന് ടിപ്പു എഴുതി “നിങ്ങള്‍ കൂര്‍ഗില്‍ ആക്രമണം നടത്തുക. അവിടെ ഉള്ളവരെ കൊല്ലുകയോ തടവില്‍ പിടിക്കുകയോ ചെയ്യുക. അങ്ങനെ പിടിക്കുന്നവരെയും കുട്ടികളെയും സ്ത്രീകളെയും ഇസ്ലാമിലേക്ക് പരിവര്‍ത്തനം ചെയ്യുക”. 
 
1785 ഇല്‍ ടിപ്പു കൂര്‍ഗിനെ ആക്രമിച്ചു. അവര്‍ ബഹുഭര്‍ത്തൃത്വത്തിന് കുറ്റക്കാരാണ് എന്ന് ടിപ്പു ആരോപിച്ചു. അവര്‍ തങ്ങളുടെ ആചാരങ്ങള്‍ നിര്‍ത്തിയില്ല എങ്കില്‍ ഇസ്ലാമിലേക്ക് പരിവര്‍ത്തനം ചെയ്യും എന്ന് പ്രഖ്യാപിച്ചു.താമസിയാതെ ടിപ്പു അത് നടപ്പിലാക്കി .  1788 ഇല്‍ നവാബ് രണ്മസ്റ്റ് ഖാന് ടിപ്പു എഴുതി “നാല്‍പ്പതിനായിരം കുടകികളെ എന്‍റെ പട്ടാളം തടവിലാക്കി. അവരെ അവരുടെ പ്രദേശത്ത് നിന്ന് മാറ്റി ഇസ്ലാമിന്‍റെ ഔന്ന്യത്ത്യത്തിലേക്ക് ഞാന്‍ ഉയര്‍ത്തി” അതുകൊണ്ടും നിര്‍ത്താതെ ഏഴായിരം മുസ്ലീം കുടുംബങ്ങളെ കൂര്‍ഗിലേക്ക്  എത്തിച്ച് അവിടെ താമസം ഒരുക്കി. അന്ന് ടിപ്പു മതപരിവര്‍ത്തനം നടത്തിയ കുടകികളുടെ പിന്‍ഗാമികള്‍ തങ്ങളുടെ ചരിത്രം മറക്കാതെ തന്നെ അവിടെ ജീവിക്കുന്നുണ്ട്. തങ്ങളുടെ പേരോ ആചാരമോ വസ്ത്രധാരണ രീതിയോ ഒന്നും മാറ്റത്തെ തന്നെ. 
 
കൂര്‍ഗില്‍ നടത്തിയ അതെ പ്രഖ്യാപനം മലബാറിലും ടിപ്പു നടത്തി. മലബാറികള്‍ ബഹുഭര്‍തത്വം പിന്തുടരുന്നവര്‍ ആണ് എന്നും അവരെ ഇസ്ലാമിലേക്ക് പരിവര്‍ത്തനം ചെയ്ത് രക്ഷിക്കുകയാണ് തന്‍റെ ധര്‍മ്മം എന്നും ടിപ്പു പ്രഖ്യാപിച്ചു. കോഴിക്കോട്ടെ തന്‍റെ കമാണ്ടര്‍ ആയിരുന്ന അര്‍ഷത് ഖാന് ടിപ്പു എഴുതി “കലാപം നടത്തിയവര്‍ ഒക്കെ മരിച്ചു.പിന്നെന്തിനാണ്  നാം ബാക്കി വന്നവരെ തടവുകാരായി ജാവനോടെ വച്ചിരിക്കുന്നത് ? ആ കറുത്തതും വെളുത്തതും ആയ പട്ടികളെ(ഹിന്ദുക്കളും വെള്ളക്കാരും) ശ്രീരംഗ പട്ടണത്തിലേക്ക് അയയ്ക്കു”
 
ലെവിന്‍ ബോവ്രിംഗ് ടിപ്പുവിന്റെ മലബാര്‍ ആക്രമണം വിവരിക്കുന്നത് ഇങ്ങനെയാണ് “കൂര്‍ഗ് ആക്രമണത്തിനിടയില്‍ മലബാറിലേക്ക് തന്‍റെ സൈന്യത്തെ ടിപ്പു അയച്ചു. രണ്ടായിരത്തില്‍ അധികം നായര്‍ പടയാളികള്‍ അവിടെ ടിപ്പുവിന്‍റെ സൈന്യത്തെ നേരിട്ടു. എന്നാല്‍ താമസിയാതെ അവര്‍ക്ക് കീഴടങ്ങേണ്ടി വന്നു. ഇസ്ലാം മതം സ്വീകരിക്കുക, അല്ലെങ്കില്‍ ശ്രീരംഗപട്ടണത്തിലേക്ക് തടവുകാരായി പോകുക ഇതായിരുന്നു അവര്‍ക്ക് മുന്നിലെ സാദ്ധ്യതകള്‍. ശ്രീരംഗപട്ടണത്തിലേക്ക് അയക്കുന്നത് കൊല്ലാനാണ് . അതുകൊണ്ട് തന്നെ അവര്‍ ഇസ്ലാം സ്വീകരിക്കാന്‍ സമ്മതിച്ചു. ചേലാ കര്‍മ്മം നടത്തിയ ശേഷം അവര്‍ യഥാര്‍ത്ഥത്തില്‍ പരിവര്‍ത്തനം ചെയ്യപ്പെട്ടു എന്ന് ഉറപ്പാക്കാനായി അവരെ കൊണ്ട് പശു മാംസം കഴിപ്പിച്ചു.” 
 
 
ഫാദര്‍: ബാര്‍തോലോമേവ് ടിപ്പുവിന്‍റെ ആക്രമണം ഇങ്ങനെയാണ് രേഖപ്പെടുത്തിയത്. “30,000 ബാര്‍ബേറിയന്‍സ് കണ്ണില്‍ കണ്ടവരെ ഒക്കെ കൊന്നു മുന്നേറി. കോഴിക്കോട്ടെ മിക്കവരെയും കൊന്നു. സ്ത്രീകളെ തൂക്കികൊന്ന് കുട്ടികളെ അവരുടെ കഴുത്തില്‍ കെട്ടിത്തൂക്കി. ക്രിസ്ത്യന്‍ , ഹിന്ദു പുരുഷന്മാരെ നഗ്നരാക്കി ആനയുടെ കാലില്‍ കെട്ടി ശവശരീരങ്ങള്‍ ചിതറി തെറിക്കുന്നതു വരെ  ആനകളെ അങ്ങോട്ടും ഇങ്ങോട്ടും നടത്തി. പള്ളികളും ക്ഷേത്രങ്ങളും തകര്‍ത്തു.ഹിന്ദു , ക്രിസ്ത്യന്‍ സ്ത്രീകളെ മുസ്ലീങ്ങള്‍ക്ക് വിവാഹം കഴിച്ച് കൊടുത്തു. വാരാപ്പുഴയില്‍  രക്ഷപെട്ടെത്തിയ ആളുകള്‍ എന്നോടു പറഞ്ഞ കഥകളാണ് ഇത്”
 
തന്‍റെ മലബാര്‍ ആക്രമണം പൂര്‍ത്തിയാക്കി. സായിദ് അബ്ദുല്‍ ദുലായിക്കു ടിപ്പു എഴുതിയ എഴുത്തില്‍ ഇങ്ങനെ രേഖപ്പെടുത്തി “പ്രവാചകനായ മുഹമ്മദിന്‍റെയും അള്ളാഹുവിന്‍റെയും അനുഗ്രഹത്താല്‍ കോഴിക്കോട്ടെ എല്ലാ ഹിന്ദുക്കളെയും ഞാന്‍ മുസ്ലീങ്ങളാക്കി. ഇനി കൊച്ചി അതിര്‍ത്തിയില്‍ മാത്രം ചിലര്‍ ബാക്കിയുണ്ട്. താമസിയാതെ അവരെ കൂടി ഞാന്‍ പരിവര്‍ത്തനം ചെയ്യുന്നുണ്ട്. ഇത് നമ്മുടെ ലക്ഷ്യം സാധിക്കാനുള്ള ജിഹാദ് ആയാണ് ഞാന്‍ കാണുന്നത്.”  ബുദ്രസ് ഖാന് എഴുതിയ മറ്റൊരു കത്തില്‍ ടിപ്പു പറയുന്നു “മലപ്പുറത്ത് ഞാന്‍ വിജയിച്ചിരിക്കുന്നു. ഇവിടുത്തെ നാല് ലക്ഷം ഹിന്ദുക്കള്‍ ഇസ്ലാമിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെട്ടു.” 
 
ക്ഷേത്രങ്ങള്‍ തകര്‍ക്കുക എന്നത് ടിപ്പുവിന് മറ്റൊരു ഹരമായിരുന്നു. മടിക്കെരിയിലെ പ്രശസ്തമായ ഓംകാരേശ്വര ക്ഷേത്രത്തിനെ രക്ഷിക്കാന്‍ വേണ്ടി അവിടുത്തെ ഭരണാധികാരി അതിന്‍റെ ഗോപുരം പൊളിച്ച് ഇസ്ലാമിക രീതിയില്‍ മിനാരങ്ങള്‍ പണിഞ്ഞു. ഇന്നും അത് ഒരു സ്മാരകം പോലെ അതേപോലെ നിലനില്‍ക്കുന്നു. ടിപ്പുവിന്‍റെ കേരളത്തിലെ പടയോട്ടക്കാലത്ത് ഗുരുവായൂര്‍ ക്ഷേത്ര പ്രതിഷ്ഠ അവിടെ നിന്നും മാറ്റിയ സംഭവം ഇതിനോടു ചേര്‍ത്ത് വായിക്കണം. ലാഹോര്‍ സ്റ്റാഫ് കോളേജ് ടിപ്പുവിനെ പറ്റി പ്രസിദ്ധീകരിച്ച പുസ്തകം ഇങ്ങനെ പറയുന്നു “ശ്രീരംഗ പട്ടണത്തിന് പുറത്തുള്ള മുഴുവന്‍ ഹിന്ദു ക്ഷേത്രങ്ങളും തകര്‍ക്കാന്‍ ടിപ്പു ഉത്തരവിട്ടു.ക്ഷേത്രങ്ങളുടെ കല്ലുകള്‍ കൊണ്ടുവന്ന് നസീര്‍ ബാദ് എന്നൊരു പുതിയ കോട്ട ടിപ്പു കെട്ടിയുയർത്തി.”
 
 ക്ഷേത്രങ്ങളുടെ ഉള്ളിലെ പണം ലക്ഷ്യമാക്കിയാണ് ടിപ്പു അവ ആക്രമിച്ചത് എന്നൊരു വാദം പലരും ഉയര്‍ത്തി കാണാറുണ്ട്. എന്നാല്‍ ആര്‍ഡി പാല്‍സൊകര്‍ എഴുതുന്നു “ടിപ്പു നശിപ്പിച്ച ഒരു ക്ഷേത്രത്തിലെ പ്രതിഷ്ഠ തിരിച്ച് നല്‍കുന്നതിന് വേണ്ടി  ചിറക്കല്‍ രാജ 4,00,000 രൂപ  ടിപ്പുവിന് വാഗ്ദാനം ചെയ്തു. എന്നാല്‍ ടിപ്പു പറഞ്ഞത് , ഭൂമിയിലും സ്വര്‍ഗത്തിലും ഉള്ള സര്‍വ്വ നിധികളും എനിക്ക് വാഗ്ദാനം ചെയ്താലും ഞാന്‍ അത് നല്‍കില്ല എന്നാണു” ടിപ്പുവിന്‍റെ പടയോട്ടത്തെ പറ്റി  മലബാര്‍ മാനുവല്‍ പറയുന്നത് ഇങ്ങനെയാണ് “ഹിന്ദു ക്ഷേത്രങ്ങളുടെ നാശം കണക്കില്ലാത്തതായിരുന്നു. ക്ഷേത്രം തീവച്ച് നശിപ്പിച്ച് വിഗ്രഹങ്ങള്‍ തകര്‍ക്കുക , പശുവിനെ കൊന്നു തല വിഗ്രഹത്തിന്‍റെ മുകളില്‍ ഇടുക ഇതൊക്കെ ടിപ്പുവിന്‍റെ വിനോദങ്ങളായിരുന്നു” 
 
ടിപ്പു എന്ന മതഭ്രാന്തന്‍റെ കഥയില്‍ സ്വാതന്ത്ര്യ സമരത്തിന്‍റെ കഥ കൂട്ടിക്കലര്‍ത്തി എത്ര കണ്ടു വിവരിക്കാന്‍ നോക്കിയാലും കുടകിലും മലബാറിലും മംഗലാപുരത്തും  മറ്റനേകം സ്ഥലങ്ങളിലും സത്യം  വാമൊഴിയായും വരമൊഴിയായും ചരിത്ര അവശിഷ്ടങ്ങളായും നിലനില്‍ക്കുന്നുണ്ട്. അവിടെ ആ മതഭ്രാന്തിന്‍റെ അവശിഷ്ടങ്ങളില്‍ കയറി നിന്ന് ടിപ്പു സുല്‍ത്താന്‍റെ വീരകഥകള്‍ പാടാനും ടിപ്പുവിന്‍റെ ജയന്തി ആഘോഷിക്കാനും കര്‍ണ്ണാടക സര്‍ക്കാര്‍ തുനിയുകയാണ്. 
 
അതിനെതിരെ ശബ്ധമുയര്‍ത്തുന്ന മന്ധ്യം അയ്യങ്കാര്‍ സമൂഹത്തെയോ കുടക് നിവാസികളെയോ ഇസ്ലാം വിരുദ്ധര്‍ എന്ന് ചാപ്പ കുത്തി തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ മുന്നേറാന്‍ ഒരു പക്ഷെ കൊണ്ഗ്രസ്സിനു സാധിച്ചേക്കാം. പക്ഷെ ടിപ്പു  ഒഴുക്കിയ ചോരയുടെയും കണ്ണീരിന്‍റെയും പാടുകള്‍ മാഞ്ഞുപോകാന്‍ മാത്രം കാലം ഒന്നും കഴിഞ്ഞുപോയിട്ടില്ല. ദീപാവലി ദിനത്തില്‍ മതേതരകുപ്പായം അണിയിച്ച് ടിപ്പു സുല്‍ത്താന്‍റെ ജന്മദിനം ആഘോഷിക്കുന്ന സര്‍ക്കാര്‍ അത് മറക്കാതിരുന്നാല്‍ നന്ന്..