ചിക്കാഗോ സമ്മേളനവും വിവേകാനന്ദ ദിഗ് വിജയവും

— കൃഷ്ണപ്രിയ —

റോമൻ കത്തോലിക്കാ സമിതി തങ്ങളുടെ മതം മാത്രമാണ് ശ്രേഷ്ടമെന്നു സ്ഥാപിച്ചെടുക്കാൻ അടിക്കടി വിളിച്ചു ചേർത്തിരുന്ന സമ്മേളനമാണ് ലോകമത സമ്മേളനമെന്ന ഓമനപ്പേരിൽ അറിയപ്പെട്ടിരുന്നത്. ക്രിസ്ത്യൻ മിഷിനറിമാർക്ക് മറ്റു മതങ്ങളുടെ മേൽ തങ്ങളുടെ ആധിപത്യം സ്ഥാപിച്ചെടുക്കാനുള്ള മതേതര രീതി കാലങ്ങളോളം വളരെ ഭംഗിയായ് തന്നെ അനുവർത്തിക്കപ്പെട്ടു പോന്നു . പാതിരി പണ്ഡിതർ ലോകത്തിലെ വിവിധ മതസ്ഥർക്ക് കത്തുകൾ അയക്കുകയും അവരെ മത സമ്മേളനത്തിൽ വിളിച്ചു വരുത്തി സ്വമത പ്രബോധനങ്ങൾ നിർബാധം നടത്തുകയും ചെയ്തു പോന്നിരുന്നു. ഇതറിഞ്ഞത് കൊണ്ടാവണം സ്വാമി വിവേകാനന്ദൻ സമ്മേളനത്തിൽ പങ്കെടുക്കാനാഗ്രഹം പ്രകടിപ്പിച്ചത്. ദേവിയുടെ ഇച്ഛ യുണ്ടെങ്കിൽ താൻ ലോക മത സമ്മേളനത്തിൽ പങ്കെടുക്കുമെന്നദ്ദേഹം പലപ്പോഴും സുഹൃത്തുക്കളോട് ആവർത്തിച്ചു പറയാറുണ്ടായിരുന്നു. അതുണ്ടോ എന്നറിയാൻ പല പരീക്ഷണങ്ങൾ പോലും അദ്ദേഹം ചെയ്തിരുന്നു. ഒടുവിൽ ദേവിയുടെ ഇച്ഛ പോലെ തന്നെ അദ്ദേഹം സമ്മേളനത്തിൽ പങ്കെടുക്കാനായി ഭാരതത്തിൽ നിന്നും യാത്ര പുറപെട്ടു. എങ്കിലും അമേരിക്കയിൽ എത്തിയ ശേഷവും സമ്മേളനത്തിൽ പങ്കെടുക്കുവാൻ അദേഹത്തിന് ഒരുപാട് തടസങ്ങൾ നേരിട്ടു. ഭാരതത്തിലെ സമ്മേളന പ്രതിനിധികൾ അദ്ദേഹത്തിന് യാതൊരു വിധ സഹായങ്ങളും ചെയ്തിരുന്നില്ല. സ്വാമിജിയുടെ സ്ഥാനത്ത് ഒരു സാധാരണക്കാരനായിരുന്നുവെങ്കിൽ പ്രതിസന്ധികളിൽ തളർന്നു പോയേനെ. എന്നാൽ സ്വാമിജി അവയെല്ലാം അതിജീവിക്കുക തന്നെ ചെയ്തു. ഒടുവിൽ ആ ദിവസമെത്തി . കത്തോലിക്ക സഭയും ഇംഗ്ലിഷ് പൌരന്മാരും ഭാരതത്തെക്കുറിച്ചു വെച്ചു പുലർത്തിയിരുന്ന തെറ്റി ധാരണകളുടെ അടിത്തറയിളകുവാൻ നാന്ദി കുറിച്ച ആ ദിവസം.. സെപ്റ്റംബെർ 11 ന്ന്…

ഭാരതത്തിൽ നിന്ന് ലോക മത സമ്മേളനത്തിൽ പങ്കെടുക്കുവാൻ ജൈന, ബുദ്ധ, ബ്രഹ്മസമാജ പ്രതിനിധികളുണ്ടായിരുന്നു. അവരെല്ലാവരും തന്നെ പ്രത്യേകം തയ്യാറെടുപ്പുകളോടെ , മുൻകൂട്ടി ചിട്ടപ്പെടുത്തിയ പ്രസംഗങ്ങളോട് കൂടിയായിരുന്നു സമ്മേളനത്തിൽ പങ്കെടുത്തിരുന്നത്. സ്വാമിജിയാകട്ടെ ഇത്തരത്തിലുള്ള യാതൊരു വിധ തയ്യാറെടുപ്പും നടത്തിയിരുന്നില്ല . ഭാരതത്തിന്റെ മുഴുവൻ പ്രതീക്ഷകളും തന്നിലാണെന്ന ബോധ്യം ഉള്ളത് കൊണ്ടാവണം പ്രസംഗിക്കനെഴുന്നെൽക്കും വരെ വികാരഭരിതനും ചഞ്ചല ചിത്തനുമായിരുന്നു അദ്ദേഹം. 2 തവണ തന്റെ ഊഴം അദ്ദേഹം നീട്ടി വെക്കുക കൂടി ചെയ്തു, ഒടുവിൽ സരസ്വതി ദേവിയെ ധ്യാനിച്ച് കൊണ്ട് അദ്ദേഹം പ്രസംഗമാരംഭിച്ചു. പ്രസിദ്ധമായ ആ ആദ്യവാക്കുകൾക്ക് ലഭിച്ച സ്വീകരണവും തുടര്ന്നുണ്ടായ കയ്യടിയും അദ്ദേഹത്തിന്റെ ആത്മവിശ്വാസമുണർത്തിയിട്ടുണ്ടാകണം. തുടർന്ന് സാക്ഷാൽ വിദ്യാ ദേവതയുടെ ആവേശമെന്നോണം നിരന്തരമായ വാഗ്ധോരണിക്ക് ആ സഭ സാക്ഷ്യം വഹിച്ചു.

പ്രസംഗത്തിനു മുൻപ് തന്നെ സ്വാമിജിയുടെ രൂപ സൗകുമാര്യം അവിടെയുള്ള പലരുടെയും ശ്രദ്ധയെ ആകർഷിച്ചിരുന്നു. പ്രസംഗ ശേഷം അദ്ദേഹത്തിന്റെ വാക്ക് വിലാസത്തിനും ആരാധകരുണ്ടായി . ആ പ്രസംഗത്തോടെ ചിക്കാഗോ സമ്മേളനത്തിന് ഒരു പുതു മാനം കൈ വന്നു. 17 ദിവസങ്ങൾ നീണ്ടു നിന്ന മത സമ്മേളനത്തിൽ 8 ഓളം പ്രസംഗങ്ങൾ അദ്ദേഹം ചെയ്തു. പ്രസംഗ പരിധി നിശ്ചയിച്ചിരുന്നുവെങ്കിലും മറ്റുള്ളവർക്കുള്ളതിലും കൂടുതൽ സമയം അദ്ദേഹത്തിന് നല്കിയിരുന്നു എന്ന് മാത്രമല്ല വിരസമായ മറ്റു പ്രസംഗങ്ങൾ മൂലം എഴുന്നേറ്റു പോകുന്ന സദസ്യരെ പിടിച്ചിരുത്താൻ അദ്ദേഹത്തിന്റെ പ്രസംഗം സമ്മേളനത്തിന്റെ ഒടുവിലേക്ക് നീട്ടി വെക്കുവാൻ സംഘാടകർ ശ്രദ്ധിച്ചിരുന്നു. അദ്ദേഹത്തിന്റെ കട്ടൌട്ടുകൾ സ്ഥാപിക്കപ്പെട്ടു . ദി ന്യൂയോര്ക്ക് ഹെറാൾഡ് ഇപ്രകാരമെഴുതി “മത സമ്മേളനത്തിലെ മഹാനായ വ്യക്തി അദ്ദേഹമാനെന്നുള്ളതിൽ സംശയമില്ല. അദ്ദേഹത്തിന്റെ പ്രസംഗം കേട്ട ശേഷം വിദ്യാ സമ്പന്നരായ ഈ ജനതയുടെ അടുത്തേക്ക് പാതിരിമാരെ അയക്കുന്നത് വിഡ്ഢിത്തമാണെന്ന് തോന്നിപ്പോകുന്നു.”

തുടർ ദിവസങ്ങളിൽ സ്വാമിജിയുടെ ആത്മ വിശ്വാസവും ധൈര്യവും എടുത്തു പറയേണ്ടതാണ് . ഹൈന്ദവതയുടെ പവിത്ര ഗ്രന്ഥങ്ങൾ വായിച്ചവർ കൈ പൊക്കുവാനാവശ്യപ്പെട്ടപ്പോൾ ഉയർന്നത് 4-5 കൈകൾ മാത്രമായിരുന്നു. തുടർന്ന് അദ്ദേഹം ചോദിച്ചു “എന്നിട്ടും നിങ്ങൾ ഞങ്ങളെ വിമർശിക്കാൻ ധൈര്യപ്പെടുന്നു ?! “

അവിടങ്ങളിൽ ക്രിസ്തീയ പാതിരിമാർ ഹൈന്ദവതയെക്കുറിച്ച് പല തെറ്റിദ്ധാരണകളും പരത്തിയിരുന്നു . വിശാല ഹൃദയരായ സാദാ ക്രിസ്ത്യാനികൾക്ക് സ്വാമിജിയുടെ വാക്കുകൾ കേട്ടതോടെ ഹൈന്ദവതയെക്കുറിച്ച് അവർ വെച്ച് പുലര്ത്തിയിരുന്ന ധാരണകൾ തെറ്റാണെന്ന് ബോധ്യമായി. സഹൃദയരായ അനേകം ക്രൈസ്തവ ശിഷ്യർ അദ്ദേഹത്തിനുണ്ടായി. പാതിരിമാർ ചെയ്തിരുന്ന പോലെ അവരോടോരിക്കലും മതം മാറാൻ അദ്ദേഹം ആവശ്യപ്പെട്ടിരുന്നില്ല. പഴയത് പോലെ പാതിരിമാരുമായി സാമാന്യർ സഹകരിക്കാതെയായ് . അദ്ദേഹം പാതിരിമാരുടെ നോട്ടപ്പുള്ളിയായി തീർന്നു. അവർ അദ്ദേഹത്തെ അപമാനിക്കുവാൻ തക്കം പാർത്തിരുന്നു. എന്നാൽ അതെക്കുറിച്ച് പറയുന്നതിന് മുൻപ് പാതിരിമാരെ കൂടാതെ ഭാരതത്തിലെ ഇതര മത പ്രമുഖന്മാരിൽ നിന്നും സ്വാമിജിക്ക് എതിർപ്പ് നേരിടേണ്ടി വന്നിരുന്നു എന്ന അങ്ങേയറ്റം ലജ്ജാകരമായ വസ്തുത പറയേണ്ടതുണ്ട് . അദ്ദേഹത്തിന് അന്യ നാട്ടിൽ നിന്നും ലഭിച്ച സ്വീകാര്യതയും സ്നേഹവും ഭാരതീയ പ്രതിനിധിമാരിൽ അടക്കാനാവാത്ത അസൂയയുളവാക്കിയിരുന്നു . ബ്രഹ്മസമാജ നേതാവും കേശബ് ചന്ദ്ര സെന്നിന്റെ ശിഷ്യനുമായിരുന്ന ശ്രീ. പ്രതാപ് മജൂംദാർ സമ്മേളന ഭാരവാഹികളെ വിവേകാനന്ദന്റെ ദോഷാരോപണങ്ങൾ കൊണ്ട് സ്വാധീനിക്കാൻ ശ്രമിച്ചുവെങ്കിലും അത് വിലപ്പോയില്ല. തിയോസഫികാൽ സൊസൈറ്റിയും സ്വാമിജിയെ തകർക്കുവാൻ ആരോപണങ്ങൾ അഴിച്ചു വിട്ടവരിൽ പെടും. എന്നാൽ ഇവയെല്ലാം നിഷ്ഫലമായി തീർന്നു. സ്വാമിജി ചെന്നയിടങ്ങളിലെല്ലാം അദ്ദേഹം ആദരിക്കപ്പെട്ടു. ഇതിൽ ശ്രദ്ധേയമായ കാര്യം മറ്റൊന്നാണ്. ഇക്കൂട്ടർ സ്വാമിജിയെക്കുറിച്ച് ദോഷാരോപണങ്ങൾ പ്രച്ചരിപ്പിച്ചുവെങ്കിലും സ്വാമിജി അവരെയെല്ലാം ‘ഭാരതത്തിൽ നിന്ന് വന്ന ഓമനക്കുട്ടന്മാർ’ എന്നാണ് വിശേഷിപ്പിചിരുന്നത് . മജൂംദാർ അദ്ദേഹത്തെ “ഭാരതത്തിലെ യാചക സംഘത്തിന്റെ തലവൻ” ആയി വിശേഷിപ്പിക്കുമ്പോൾ സ്വാമിജി അദ്ദേഹത്തെ “വാഗ്മി” യായാണ് സംബോധന ചെയ്യുന്നത്.

അദ്ദേഹത്തിന്റെ പല പ്രസംഗങ്ങളും ക്രിസ്ത്യൻ പാതിരിമാരിൽ കടുത്ത എതിർപ്പുളവാക്കിയിരുന്നു. ക്രിസ്തുവിനെ അറിയാൻ ശ്രമിക്കാതെ മതം മാറ്റമെന്ന എകാശയത്തിൽ ഉറച്ചു നിന്നിരുന്ന അവരെ അദ്ദേഹം വിമർശിച്ചിരുന്നു. അവരുടെ മുഖത്ത് നോക്കി അദ്ദേഹം ഇങ്ങനെ പറഞ്ഞു

“എന്റെ നാട്ടിൽ വന്നു അവർ പറയുന്നു ‘ അല്ലെയോ വിഗ്രഹാരാധകരെ നിങ്ങൾ നരകത്തിൽ പതിക്കും ‘ . എന്നാൽ ഹിന്ദു ശാന്തനാണ് അവൻ മെല്ലെ ചിരിച്ചു കൊണ്ട് ‘വിഡ്ഢികൾ എന്തെങ്കിലും പറയട്ടെ’ എന്ന് പറഞ്ഞു പോകുന്നു. എന്നാൽ ശകാരിക്കാനും വിമർശിക്കാനും ആളുകളെ പരിശീലിപ്പിക്കുന്ന നിങ്ങളെ അങ്ങേയറ്റം ഉദ്ദേശ ശുദ്ധിയോടെ അല്പമെങ്കിലും വിമർശനം കൊണ്ട് തൊട്ടു പോയാൽ നിങ്ങൾ പിൻവാങ്ങിക്കൊണ്ട് പറയും ‘ ഞങ്ങളെ തൊട്ടു പോകരുത്. ഞങ്ങൾ അമേരിക്കക്കാരാണ്. ഞങ്ങൾ ലോകത്തുള്ള അക്രൈസ്തവരെയെല്ലാം വിമർശിക്കും ശകാരിക്കും ശപിക്കും. പക്ഷെ ഞങ്ങളെ തൊട്ടെക്കരുത്. ഞങ്ങൾ തൊട്ടാവാടികളാണ്’ “

“എനിക്കറിയാം നിങ്ങളുടെ പൂർവികർ എങ്ങനെ കൊല്ലപ്പെട്ടുവെന്ന്. അവർക്ക് മാർഗത്തിൽ കൂടുകയോ കൊല്ലപ്പെടുകയോ മാത്രമേ ഗതിയുണ്ടായിരുന്നുവുള്ളൂ .” ഞങ്ങൾ മാത്രം ശരി ” . “അതെന്തു കൊണ്ട് ?” “അതോ.. ഞങ്ങള്ക്ക് മറ്റുള്ളവരെ കൊന്നൊടുക്കാൻ കഴിയും “

ഇത്തരം വാക്ക് ശരങ്ങൾ അസഹിഷ്ണുക്കളായവരെ പ്രകൊപിപ്പിചതിലൽഭുതമില്ല . പാതിരിമാരുടെ കപടതകൾ അദ്ദേഹം തുറന്നു കാണിച്ചു. കെട്ടുകഥകൾ പ്രച്ചരിപിച്ചു ആളുകളുടെ അനുതാപമാർജ്ജിച്ചു പാവപ്പെട്ട ഹിന്ദുക്കളുടെ ആത്മാവിനെ രക്ഷിക്കാനെന്ന പേരിൽ പണം തട്ടി ധൂർത്തടിച്ച് ജീവിക്കുകയായിരുന്നു അവർ. ആ കെട്ടുകഥകളെല്ലാം അദ്ദേഹം തകർത്തെറിഞ്ഞു.

ഭാരതത്തിൽ നിലവിലുണ്ടായിരുന്ന അനാചാരങ്ങളെ അങ്ങേയറ്റം പൊലിപ്പിച്ചു,അനുതാപാദ്ര വീക്ഷണം പിടിച്ചു വാങ്ങി പണം പറ്റിയിരുന്ന പാതിരിമാരിൽ അശാനിപാതമായിരുന്നു സ്വാമിജിയുടെ പ്രസംഗങ്ങൾ . അദ്ദേഹത്തിന്റെ പ്രസംഗം കേട്ടവരിൽ തുടർന്ന് ആരും പാതിരിമാരെ വിശ്വസിക്കാൻ കൂടാക്കാതിരുന്നതും പാതിരിമാരുടെ വിദ്വെഷ്യത്തെ ആളിക്കത്തിക്കാനിടയാക്കി. മാര്ച്ച് 15 ആം തീയതിയിലെ ഡെട്രോയിട്റ്റ് ജർണലിന്റെ വായനക്കാരന്റെ കത്തിലെ പ്രസക്ത ഭാഗങ്ങൾ ഇങ്ങനെയാണ് ” ഹിന്ദു അമ്മമാർ കുഞ്ഞുങ്ങളെ ഗംഗയിലെ ചീങ്കണ്ണികൾക്ക് എറിഞ്ഞു കൊടുക്കുമെന്ന് ബാല്യം മുതല്ക്ക് നമ്മെ പഠിപ്പിച്ചിട്ടുണ്ട്. എന്നാൽ ആ പുഴയുടെ തീരത്ത് നിന്നൊരു സന്ന്യാസി പറയുന്നു അങ്ങനെയൊരു സംഭവമേ ഇല്ലായെന്ന്. ഇംഗ്ലീഷ് സർക്കാരാണ് സതി നിരോധിച്ചതെന്നാണ് മി. താക്കവെൽ പറയുന്നത് . ക്രിസ്തവ ഇംഗ്ലണ്ട് തങ്ങളുടെ അധീനത്തിലുള്ള ദേശങ്ങളിൽ ഏതെങ്കിലും നന്മ ഉണ്ടാക്കുകയോ തിന്മ നീക്കുകയോ ചെയ്താൽ അതിനുള്ള കേമത്തം തങ്ങൾക്കാണെന്നു നടിക്കാൻ എത്ര സന്നദ്ധമാണെന്ന് നമുക്കറിയാം. ഇംഗ്ലണ്ട് ക്രൂരമായ ആ എർപാട് നിർത്തൽ ചെയ്തുവെങ്കിൽ അതിൽ നിന്നും അവർക്ക് പണമുണ്ടാക്കാൻ കഴിയാത്തത് കൊണ്ടാവണം. “

സ്വാമിജിയെ അപകീർത്തിപ്പെടുത്താൻ വിവിധ മാർഗങ്ങൾ അവലംബിച്ച കൂട്ടത്തിൽ ശരീരം വിട്ടു ജീവിക്കുന്ന സ്ത്രീകളെ സമീപിക്കുക എന്ന ഹീന മാർഗം സ്വീകരിക്കുവാനും പാതിരിമാർ മടിച്ചില്ല. ശ്രമത്തിൽ വിജയം വരിക്കുന്നവർക്ക് അവർ സമ്മാനങ്ങൾ വാഗ്ദ്ദാനം ചെയ്തിരുന്നു. എന്നാൽ അയച്ച സ്ത്രീകളെല്ലാം തന്നെ അദ്ദേഹത്തിന്റെ സരളതയും പരിശുദ്ധിയും ബോധ്യപ്പെട്ടു സ്വയം പിൻവാങ്ങി.ഇത് പോലെ മതത്തിന്റെ പേരിൽ പാതിരിമാർ കാട്ടിക്കൂട്ടിയ വിക്രിയകൾ അവിശ്വസനീയമാണ്. എന്നാൽ ഈ വിക്ഷേപങ്ങൾക്കിടയിലും സ്വാമിജി സമചിത്തനായി തന്നെ നില കൊണ്ടിരുന്നു .

1893 ഇലെ സമ്മേളനത്തിന്റെ അലയൊലികൾ 1900 ഇലും അടങ്ങിയിരുന്നില്ല എന്നതിന്റെ സൂചനയാണ് 1900 ആഗസ്റ്റ് മാസം നടന്ന മതങ്ങളുടെ ചരിത്രത്തെകുറിച്ചുള്ള സമ്മേളനം സൂചിപ്പിക്കുന്നത്. ഭാരവാഹികൾ ഇതൊരു മഹാ മത സമ്മേളനം ആയി നടത്താൻ ഉദ്ദേശിച്ചിരുന്നുവെന്നും റോമൻ കത്തോലികക്കാരുടെ എതിർപ്പ് മൂലം അത് വേണ്ട എന്ന് വെച്ചു എന്നുമൊരു കിംവദന്തി അക്കാലത്ത് പരന്നിരുന്നു. വിവേകാനന്ദൻ പങ്കെടുത്ത ആ മത സമ്മേളനത്തിൽ ഒരു മതത്തിന്റെയും വിശ്വാസങ്ങളോ സിദ്ധാന്തങ്ങളോ ചർച്ചക്കെടുത്തിരുന്നില്ല. പ്രസിദ്ധ മതങ്ങളുടെ ചരിത്രപരമായ പരിണാമങ്ങളും അനുബന്ധ സംഗതികളും മാത്രമേ അവിടെ പരാമർശിക്കപ്പെട്ടുള്ളൂ .. മത പ്രതിനിധികളല്ല , മതത്തിന്റെ വികാസത്തെ ക്കുറിച്ച് പഠനം നടത്തിയവരെ അവിടെ സംബന്ധിചിരുന്നുള്ളൂ. മതങ്ങളുടെ മഹാത്മ്യം വിളമ്പാനുള്ള ഒരു വേദിയായി പാരിസ് സമ്മേളനം മാറാതിരുന്നത് സ്വാമി വിവേകാനന്ദന്റെ സാന്നിധ്യം കൊണ്ടാണെന്ന അനുമാനം തെറ്റാകാൻ സാധ്യതയില്ല.

ലോകമത സമ്മേളനം നടന്നു 122 ആമത്തെ വർഷമായ ഇന്ന് സ്വാമി വിവേകാനന്ദന്റെ സ്മരണക്കു മുൻപിൽ ഒരായിരം പ്രണാമങ്ങളോടെ..

വാൽക്കഷ്ണം : ഇന്നും സ്വാമിജി നേടിയ ഈ അത്ഭുതാവഹമായ വിജയത്തെ പൂർണമായി ദഹിച്ചു കിട്ടുവാൻ ശേഷിയില്ലാതെ യുക്തിവാദികളും കമ്മ്യുണിസ്റ്റ് അനുഭാവമുള്ള ബുദ്ധിജീവികളും അദ്ദേഹം യാതൊരു പ്രഭാവവും അവിടെ സൃഷ്ടിച്ചില്ല എന്ന് ശഠിക്കുന്നു. പല യുക്തിവാദികളും അദ്ദേഹം പേടിച്ചു കൊണ്ടാണ് സമ്മേളനത്തിൽ പങ്കെടുത്തത് എന്ന കാര്യം അഭിമാനത്തോടെ വിളിച്ചു പറയുന്നത് കേള്ക്കാം. സ്വാമി വിവേകാനന്ദൻ സ്വയം അദ്ദേഹത്തിനുണ്ടായ ഈ ആശയക്കുഴപ്പം തുറന്നു പറഞ്ഞില്ലായിരുന്നുവെങ്കിൽ ഇവരൊക്കെ എങ്ങനെ ഇതിനെക്കുറിച്ച് അറിയുമായിരുന്നു? പിന്നെ അവർ പറയുന്നത് brothers ആൻഡ് sisters ഓഫ് അമേരിക്ക യാതൊരു ചലനവും ശ്രോതാക്കളിൽ സൃഷ്ടിച്ചിരുന്നില്ല എന്നാണ് . ഇതേക്കുറിച്ച് പറഞ്ഞതും സ്വാമിജി തന്നെ ആണ് . ചിലരാകട്ടെ സ്വാമിജി അങ്ങനെ ഒരു സംഭവമേ പറഞ്ഞിട്ടില്ല എന്ന് പറഞ്ഞു ആശ്വാസം കൊള്ളുന്നു. അങ്ങനെ പറഞ്ഞെങ്കിലല്ലേ കൈയ്യടിയുടെ കാര്യം വരുന്നുള്ളൂ എന്നൊരു രീതിയാണ് അവര്ക്ക്..

ഭാരതത്തിന്റെ ദുസ്ഥിതിയെ മാറ്റി മറക്കും എന്ന് ദൃഡമായ പ്രതീക്ഷയോടെ തന്നെ അമേരിക്കയിലേക്ക് അയച്ചവരുടെ പ്രതീക്ഷകൾ തനിക്ക് ശരിയായ് നിറവേറ്റാൻ സാധിക്കുമോ എന്നൊരു ധാരണ സമ്മേളന സമയത്ത് സ്വാമിജിയെ അലട്ടിയിടുണ്ടായിരികാം. അത് കൊണ്ടായിരിക്കാം അദ്ദേഹം തന്റെ ഊഴം മാറ്റി വെച്ചത്. എന്നാൽ അവരുടെ പ്രതീക്ഷകൾക്കപ്പുറത്തായിരുന്നു സ്വാമിജിയുടെ പ്രഭാവം . അതിനു തെളിവ് അമേരിക്കൻ സമൂഹം തന്നെയാണ്. “പൌരസ്ത്യന്മാരുടെ ദൈവം ന്യൂയോർക്കിൽ ” എന്നാണ്പ്രമഖ ദിനപത്രം അദ്ദേഹത്തെ വിശേഷിപ്പിച്ചിരുന്നത്. അദ്ദേഹത്തിന്റെ പേരില് റോഡും വഴികളുമുണ്ടായെങ്കിൽ അതദ്ദേഹം അവരിലുണ്ടാക്കിയ ശക്തമായ സ്വാധീനം കൊണ്ട് തന്നെയാണ്.. എന്തുകൊണ്ട് മത സമ്മേളനത്തിൽ പങ്കെടുത്ത മറ്റാരുടെയും പേരില് റോഡുകൾ ഉണ്ടായില്ല എന്ന ചോദ്യം ബാലിശമാണെങ്കിലും ബാലിശവും ദുർബലവുമായ വാദങ്ങൾക്ക് ഇത്തരം ചോദ്യങ്ങൾ തന്നെയാണ് മറുപടി. ഭാരതത്തിലേക്ക് മടങ്ങിയെത്തിയ സ്വാമിജിക്ക് ഭാരതീയർ അതി ഗംഭീരമായ സ്വീകരണം നൽകിയെങ്കിൽ അതിനര്ത്ഥം ഭാരതീയരോടുള്ള വിദേശികളുടെ സമീപനത്തിൽ അദ്ദേഹം ശ്രദ്ധാർഹമായ മാറ്റങ്ങളുണ്ടാക്കിയെന്നു തന്നെയാണ്.

സ്വാമി വിവേകാനന്ദൻ ഒരു ജ്വാലയാണ്..തന്റെ വാക്കുകളിലൂടെ ശ്രോതാക്കളുടെ സിരകളിലേക്ക് ഊർജ്ജം പ്രസരിപ്പിക്കുന്ന ജ്വാല.. ഇന്നുമാ വാക്കുകൾ ഊർജ്ജ ദായകങ്ങളാണ്.. അദ്ദേഹത്തിന്റെ വാക്കുകളിലൂടെ ആ ഊർജ്ജം നേരിട്ടനുഭവിച്ചറിയാൻ സാധിച്ചവർ സുകൃതം ചെയ്തവരാണ്.