ആരാണ് ഈ തരുണ്‍ തേജ്പാല്‍ ??

tarun_tejpal

Tarun Tejpal – Image Credits : NitiCentral.com

ണ്ടു ദിവസമായി മാധ്യമ ലോകം ചൂടോടെ ചര്‍ച്ച ചെയ്യുന്ന ഒന്നാണ് തെഹല്ക്ക യിലെ ബലാല്‍സംഗ ശ്രമം. മാധ്യമങ്ങള്‍ തുടക്കത്തില്‍ മറച്ച് വെക്കാന്‍ ശ്രമിച്ച ഈ മഹാപരാധം പുറത്തു വന്നത്, ചില മാധ്യമ പ്രവര്‍ത്തകരുടെ സഹായത്തോടെ സോഷ്യല്‍ മീഡിയ ഇത് ഒരു ചര്‍ച്ചാ വിഷയം ആക്കിയപ്പോഴാണ്. മലയാളത്തില്‍ ആദ്യമായി ഈ വാര്‍ത്ത പുറത്ത് വിട്ടത്, വിചാരം ആണെന്നതില്‍ ഞങ്ങള്‍ അഭിമാനിക്കുന്നു. ആ വാര്‍ത്ത ഇവിടെ വായിക്കാം.

ആരാണീ ബലാല്‍സംഗ വീരന്‍ മാധ്യമ മുതലാളി തരുണ്‍ തേജ്പാല്‍? എന്തു കൊണ്ട് സംഭവം നടന്ന് ഒരാഴ്ചയോളം എല്ലാ മാധ്യമങ്ങളും ഇത് മറച്ചു വെച്ചു? എന്താണിയാള്‍ക്ക് ഇത്ര സ്വാധീനം? പ്രമുഖ സുപ്രീം കോടതി വക്കീലും, കേന്ദ്ര മന്ത്രിയും, ആയ പ്രമുഖ കോണ്‍ഗ്രസ് നേതവിന്റെ മരുമകന്‍ എന്നത് മാത്രമാണോ? അതോ അമ്മാവന്‍ മന്ത്രിയെ വരെ നിയന്ത്രിക്കാന്‍ കഴിവുള്ള മരുമകനൊ? (താഴെ ചേര്ത്ത Editors Note ശ്രദ്ധിക്കുക)

ഇന്ത്യന്‍ എക്സ്പ്രസ് , ഇന്ത്യാ ടുഡെ, ലേഖകന്‍ എന്ന നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന, ഒരു സാധാരണ പത്രപ്രവര്‍ത്തകന്‍ ആയിരുന്ന തരുണ്‍ തേജ്പാല്‍, പക്ഷെ  മാധ്യമങ്ങളില്‍ നിറയുന്നത് 1994 ഇല്‍ ആണ്. പ്രധാന മന്ത്രി നരസിംഹ റാവു, കോണ്‍ഗ്രസ് പ്രസിഡണ്ട് പദം വിട്ടു നല്‍കാതെ, രണ്ടു പദവികളും സ്വയം വഹിക്കുന്നതില്‍ പ്രതിഷേധിച്ച്, കോണ്‍ഗ്രസ്സിലെ പ്രധാന കുടുംബത്തിന്റെ ആശീര്‍വാദത്തോടെ എന്‍‌. ഡി. തിവാരിയും അര്‍ജുന്‍ സിങ്ങും വിത്ത് പാകിയ പ്രതിഷേധം വളര്‍ന്ന് തിവാരി കോണ്‍ഗ്രസ്സ്  രൂപം നല്കിയ സമയം ആയിരുന്നു അത്. തിവാരി കോണ്‍ഗ്രസ്സിന്റെ  മീഡിയ സെല്‍ ചുമതല വഹിച്ച തരുണ്‍ തെജ്പാല്‍, പിന്നീട് 1996 ഇല്‍ തിവാരി കോണ്‍ഗ്രസ്സ് പാര്ട്ടിക്കു വേണ്ടി രാപകല്‍ ഇല്ലാതെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കാളിയായി (അന്നത്തെ അതേ നേതാവ് എന്‍. ഡി. തിവാരി തന്നെയാണു പിന്നീട് ഒരെ സമയം ഒന്നിലധികം സ്തീകളെ ഗവര്ണറുടെ വസതിയില്‍ വെച്ചു പീഢിപ്പിച്ചതിന് പുറത്താക്കപ്പെട്ടതു എന്നതും രസകരമായ മറ്റുരു വസ്തുത). അതേ സമയത്താണ് അധികാരത്തിലേക്കടുക്കുന്ന ബി. ജെ. പി ക്കെതിരെ ശക്തമായ വിമര്‍ശനവുമായി ഔട്‌ലുക്ക് എന്ന മാസിക വിനോദ് മേഹ്‌ത്ത യുടെ നേതൃത്വത്തില്‍ ആരംഭിക്കുന്നത് (1995 ഒക്ടോബറില്‍). ഔട്‌ലുക്കിന്റെ മാനേജിംഗ് എഡിറ്റര്‍ ആയി തരുണ്‍ തേജ്പാലും നിയമിതനായി. 1996 ല്‍ ഔട്‌ലുക്കിന്റെ നേതൃത്വത്തിലുള്ള മാധ്യമ പ്രചാരണങ്ങളെ എല്ലാം അതിജീവിച്ച്, ബി. ജെ. പി പ്രധാന പാര്‍ട്ടി യായി. പതിമൂന്നു ദിവസ ഭരണത്തിനു ശേഷം വാജ്പേയി മന്ത്രിസഭ വീഴുകയും, പിന്നീട് കോണ്‍ഗ്രസ് പിന്തുണയോടെ രണ്ടു വര്‍ഷത്തെ UF ഭരണം വരികയും ചെയ്തു. 1998 ല്‍ വീണ്ടും ഇലക്ഷന്‍ വരികയും അതില്‍ കോണ്‍ഗ്രസ്സിന്റെ പ്രമുഖ പ്രചാരകയായി ശ്രീമതി. സോണിയാ ഗാന്ധി പൊതു രംഗത്തെതുകയും ചെയ്തെങ്കിലും വാജ്പേയിയുടെ നേതൃത്വത്തില്‍ NDA സര്‍ക്കാര്‍ രൂപികരിച്ചു. തുടര്‍ന്ന് പാര്ട്ടിയിലെ അധികാരം കൈമാറാന്‍ തയ്യാറാവാതിരുന്ന സീതാരാം കേസരിയെ കക്കൂസില്‍ പൂട്ടിയിട്ട്  ശ്രീമതി സോണിയാ ഗാന്ധി കോണ്‍ഗ്രസ് നേത്രുസ്ഥാനം പിടിച്ചെടുത്തതോടെ, എന്‍. ഡി. തിവാരി യും, അര്‍ജുന്‍ സിങ്ങും അവരുടെ പാര്‍ട്ടി പിരിച്ചു വിട്ട്  കോണ്‍ഗ്രസ്സ് പാര്ട്ടിയില്‍ ലയിച്ചു. അതോടൊപ്പം തരുണ്‍ തേജ്പാലും കൂടുതല്‍ ശക്തനായി.

അധികാരത്തില്‍ ശക്തമായി തുടര്‍ന്ന വാജ്പേയിയോട് ഔട്‌ലുക്ക് മാസിക വിമര്‍ശനം മയപ്പെടുത്തിയതോടെ, 2000 ത്തില്‍ ഔട്‌ലുക്കില്‍ നിന്നും രാജി വെച്ച് തരുണ്‍ തേജ്പാല്‍ തെഹല്ക്ക എന്ന വെബ്സൈറ്റ് ആരംഭിച്ചു. തരുണ്‍ തേജ്പാല്‍ – ഷോമ ചൗധരി കൂട്ടു കെട്ടിന്റെ തുടക്കവും അന്നു മുതലാണ്. ഒരു വര്‍ഷം ശബ്ദമൊന്നും കേള്‍പ്പിക്കാതിരുന്ന തെഹല്ക്കയും, തേജ്പാലും 2001 ല്‍ വളരെ പ്രമാദമായ ചില അന്വേഷണ റിപ്പോര്‍ട്ടുകളിലൂടെ പ്രശസ്തമായി. അക്കാലത്ത് അധോലോക ബന്ധങ്ങളില്‍ കാശുവാരിയ അസറുദ്ദീന്‍ , മനോജ് പ്രഭാകര്‍ എന്നിവര്‍ ഉള്‍പ്പെട്ട ക്രികറ്റ് ഒത്തുകളി, പ്രഭാകറിന്റെ സഹായത്തോടെ പുറത്ത് കൊണ്ടു വന്നത് തെഹല്ക ആയിരുന്നു. 1998 ലെ ലോകസഭാ ഇലക്ഷനില്‍ തിവാരി കോണ്‍ഗ്രസ്സിന്റെ ഗാസിയാബാദ് സീറ്റ് പ്രഭാകറിന് നേടി ക്കൊടുത്തതിന്റെ ഉപകാര സ്മരണയായി  ആണ് അദ്ദേഹം തെഹല്ക്കക്ക് ഈ ബ്രേക്ക് ത്രൂ നല്കിയത് എന്ന കാര്യം പരസ്യമായ രഹസ്യമാണ്.  പ്രതിരോധ സേനയിലെ കുടുംബ പശ്ചാത്തലം മുതലാക്കി ആയുധ ലോബ്ബികള്‍ക്കു വേണ്ടി വിവരങ്ങള്‍ ചോര്‍ത്തിയും , അധികാര കേന്ദ്രങ്ങളില്‍ പിടിമുറുക്കിയും കോടികള്‍ കൊയ്യുന്ന വ്യവാസായ സാമ്രാജ്യം കെട്ടിപൊക്കുക ആയിരുന്നു അതേ സമയം തേജ്പാല്‍. 2001 ല്‍ തന്നെ, കുപ്രസിദ്ധമായ ഓപ്പറേഷന്‍ വെസ്റ്റ് എന്‍ഡ്  എന്ന സ്ടിങ്ങ് ഓപ്പറേഷനിലൂടെ, ശുദ്ധനും സത്യസന്ധനും ആയ അന്നത്തെ പ്രതിരോധ മന്ത്രി ജോര്‍ജ് ഫെര്‍ണ്ണാണ്ടസ്സിനെതിരെയും, ബി. ജെ. പി. പ്രസിഡണ്ട് ബംഗാരു ലക്ഷ്മണനെതിരേയും ശക്തമായ അഴിമതി ആരോപണം തെഹല്ക്ക കൊണ്ടു വന്നു. യഥാര്‍ത്ഥത്തില്‍ നടക്കാതിരുന്ന ഒരു സാങ്കല്‍പ്പിക ഇടപാടില്‍ അഴിമതി ആരോപണം നേരിട്ട് രാജി വെക്കെണ്ടി വന്ന ഹതഭാഗ്യനായിരുന്നു ശ്രീ. ജോര്‍ജ് ഫെര്‍ണ്ണാണ്ടസ്. പിന്നീട് വന്ന UPA ഗവണ്മെന്റ് നിയോഗിച്ച അന്വേഷണ കമീഷനും അദ്ദേഹത്തെ കുറ്റവിമുക്തനാക്കി എന്നത് വസ്തുത. ഒരു ദേശീയ പാര്‍ട്ടിയുടേ ആദ്യ ദളിത് പ്രസിഡണ്ടായ ബംഗാരു ലക്ഷ്മണന്റെ ഭാവി പൂര്ണ്ണമായി നശിപ്പിച്ചതും ഇതേ ഓപ്പറേഷനിലൂടെ യാണു. അതേ സമയം തരുണ്‍ തെജ്പാല്‍- ഷോമ ചൌധരി കൂട്ടുകെട്ട് ദെല്‍ഹിയിലെ വേശ്യകളെ വാടകക്കെടുത്ത്, ഉന്നത സൈനിക മേധാവികള്‍ക്ക് കാഴ്ച വെച്ചാണ്  ഈ ഓപ്പറേഷന്‍ നടപ്പാക്കിയത് എന്ന് അന്നുതന്നെ ഇന്ത്യാ ടുഡെ റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി. മാധ്യമ ലോകത്തിന് അതുവരെ അപരിചിത മായിരുന്ന ഈ ‘നവീന പത്രപ്രവര്ത്തനം’ ദെല്‍ഹിയെ പിടിച്ചു കുലുക്കുകയും, തെഹല്ക്ക ക്കെതിരെ CBI അന്വേഷണം വരികയും, അടച്ചു പൂട്ടേണ്ടി വരികയും ചെയ്തു.

2004 ല്‍, കോണ്‍ഗ്രസ് നേതൃത്വത്തില്‍ UPA മന്ത്രിസഭ അധികാരത്തില്‍ വന്നതോടെ തേജ്പാല്‍ ശക്തനായി തിരിച്ചെത്തി. തേജ്പാല്‍- ഷോമ കൂട്ടു കെട്ട് വീണ്ടും തെഹല്ക്ക പ്രസിദ്ധീകരണം ആരംഭിച്ചു. മുന്‍പ് NDA യുടെ നേതൃത്വത്തിലുള്ള കേന്ദ്ര ഗവണ്‍മെന്റിനെതിരെ ഘോര-ഘോരം എഴുതിയ തെഹല്ക്ക പിന്നീടു, 2004 നു ശേഷം, കേന്ദ്ര ഗവണ്മെന്റിനെതിരെ ഒരക്ഷരം പോലും എഴുതിയില്ല. ഇന്നു നാം അറിയുന്ന 2-ജി , കല്ക്കരി അഴിമതി എന്നിവയെല്ലാം നടന്നത് UPA-1 എന്ന ഇടതു പക്ഷ-കോണ്‍ഗ്രസ് കൂട്ടുകെട്ട് ഭരണം നടന്നപ്പോഴായിരുന്നു. ആ അഴിമതികളൊന്നും തേജ്പാലും, തെഹല്ക്കയും അറിഞ്ഞതേയില്ല. അവരുടെ ശ്രദ്ധ മുഴുവനും അപ്പോഴേക്കും ഗുജറാത്തിലും നരേന്ദ്ര മോദിയിലും ആയിരുന്നു. ഇന്നു നാം വായിക്കുന്ന, ഗുജറാത്ത് കലാപത്തെ ക്കുറിച്ചുള്ള അതി ഭീകര നുണകഥകള്‍ പലതും തെഹല്ക്കയുടെ ഭാവനാ സൃഷ്ടി ആയിരുന്നു. സുപ്രീം കോടതി നിയോഗിച്ച അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ടില്‍, ഗര്‍ഭിണിയെ ശൂലം കൊണ്ടു കുത്തി പോലുള്ള പച്ച നുണക്കഥകള്‍ സൃഷ്ടിച്ചതിന് തെഹല്കയെ പേരെടുത്ത് വിമര്‍ശിക്കുന്നുമുണ്ട്. ഒരു പക്ഷേ പലരുടേയും രാഷ്ട്രീയ ഭാവി നശിപ്പിച്ച തെഹല്ക്ക മുട്ടു കുത്തിയത് നരേന്ദ്ര മോദിക്കു മുന്നില്‍ മാത്രമായിരുക്കും.

പ്രമുഖ നോവലിസ്റ്റ് അരുന്ധതി റോയിയെ ലോകത്തിനു പരിചയപ്പെടുത്തിയതും, ഗോഡ് ഓഫ് സ്മാള്‍ തിംഗ്സ് എന്ന പുസ്തകം പ്രസിദ്ധീകരിച്ചതിനു പിന്നിലും ഇതെ തരുണ്‍ തേജ്പാല്‍ തന്നെ ആയിരുന്നു. സ്വയം ഒരു നോവലിസ്റ്റും കഥാകൃത്തും കൂടിയാണ് തരുണ്‍ തേജ്പാല്‍.

കോണ്‍ഗ്രസ്സിനും, കോണ്‍ഗ്രസ്സിലെ ഒന്നാം കുടുംബത്തിനും വേണ്ടി വിടുപണി ചെയ്തതിന് എന്തു പ്രത്യുപകാരമാണു തേജ്പാല്‍ നേടിയത് ? ഹിമാചല്‍ പ്രദേശിലെ മനോഹരമായ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ അന്തിയുറങ്ങാന്‍ മണിമാളികള്‍ പണിതു കൂട്ടിയതും, കോടിക്കണക്കിനു രൂപയുടെ റിയല്‍ എസ്ടേറ്റ് സാമ്രാജ്യം പടുത്തുയര്ത്തിയതും മാത്രമാണൊ? ലൌട്ടന്‍സ് ദെല്‍ഹിയിലെ അധികാര ഇടനാഴികളിലെ തേജ്പാലിന്റെ സ്വാധീനം അതിശക്തമാണ് എന്നാണു കേള്‍വി. ഒരു കാലത്ത്  ‘ഗലീ ഗലീ മേന്‍ ശോര്‍ ഹൈ, രാജീവ് ഗാന്ധി ചോര്‍ ഹൈ’ എന്ന പ്രശസ്ത മുദ്രാവാക്യത്തിന്റെ ഉപജ്ഞാതാവായ, തേജ്പാലിന്റെ അമ്മാവന്‍, പിന്നീട് പ്രമുഖ കോണ്‍ഗ്രസ് നേതാവും, കാബിനറ്റ് മന്ത്രിയും ആയി തിരിച്ചു വന്നതിനു പിന്നിലും മരുമകന്റെ പിടിപാടാണ് എന്നാണ് ദെല്ഹിയിലെ സ്വകാര്യം (താഴെ ചേര്ത്ത Editors Note ശ്രദ്ധിക്കുക). അസ്ഥാനത്തു പൊട്ടിയ ഈ ബലാല്‍സംഗ ബോംബില്ലായിരുന്നു എങ്കില്‍ അടുത്ത മാസം പ്രസാര്‍ ഭാരതിയുടെ തലപ്പത്ത് കോണ്‍ഗ്രസ്സ് നോമിനി ആയി മാഡത്തിന്റെ ഈ വല്‍സല സുഹൃത്തു കയറി ഇരിക്കുമായിരുന്നു. ഇത്രയും വിവാദം ആയിട്ടും ഇതു വരെ ഒരു കോണ്‍ഗ്രസ് മന്ത്രിയും, എന്തിനും ഏതിനും പുലമ്പുന്ന മനീഷ് തിവാരി പോലും ഇനിയും വായ തുറക്കാത്തതിന്റെ രഹസ്യവും മറ്റുന്നല്ല.
കഴിഞ്ഞ ആഴ്ച ഗോവയിലെ മദ്യവും മയക്കു മരുന്നും , രാത്രി മാറിമാറി തണുപ്പകറ്റാന്‍ പെണ്‍ ബ്ലാങ്കറ്റ്കളും യഥേഷ്ടം ഒഴുകുന്ന സമുദ്ര തീരത്ത് വെച്ചു തെഹല്‍ക നടത്തിയ ചിന്താ ശിബിരത്തില്‍ സംസാരിക്കാന്‍ താലിബാന്‍ നേതാവ് മുതല്‍ കേന്ദ്ര മന്ത്രി ചിദംബരം വരെ ക്യൂ നിന്നു. വാഗ്ധോരണികളില്‍ മോഡിയും ഗുജറാത്തും , മനുഷ്യാവകാശവും , സ്ത്രീ സുരക്ഷയും എല്ലാം താലിബാന്‍ നേതാവിന്റെ നാവില്‍ നിന്നു കേള്‍ക്കുവാന്‍ നാം ഭാരതീയര്‍ക്ക് യോഗം ഉണ്ടായി. അപ്പോള്‍ ഇരുളിന്റെ മറവില്‍ തരുണ്‍ തെജ്പാല്‍ എന്ന നാരാധാമന്റെ വിരലുകള്‍ മകളുടെ പ്രായമുള്ള , മകളുടെ സുഹൃത്തായ , സ്വന്തം കൂട്ടുകാരന്റെ മകളായ ഒരു പാവം പെണ്‍കുട്ടിയുടെ മടിക്കുത്ത് പരതുകയായിരുന്നു. അപ്പോഴും പിന്നണിയില്‍ ഷോമ ചൌധരി ഗുജറാത്തില്‍ ബലാല്‍സംഗം ചെയ്യപ്പെട്ട സ്ത്രീകളെ കുറിച്ചു കവിതകള്‍ ചൊല്ലുകയായിരുന്നു. അത് കേട്ടു ചിദംബരവും , അരുന്ധതി റോയിയും പുളകം കൊള്ളുകയായിരുന്നു.

References for this post
1. http://www.rediff.com/news/2001/mar/16def23.htm
2. http://indiatoday.intoday.in (exact page linked in the story)
3. http://en.wikipedia.org/wiki/Tarun_Tejpal

EDITOR’S NOTE: 24-11-2013 തരുണ്‍ തേജ്പാലിന്റെ അമ്മാവനാണ് ഇതില്‍ പരാമര്‍ശിക്ക പ്പെട്ടിട്ടുള്ള കേന്ദ്രമന്ത്രി എന്നത് ലേഖകന്റെ കേട്ടറിവു മാത്രമാണ്. ഇന്ന് ഒരു പ്രമുഖ കേന്ദ്രമന്ത്രി തേജ്പാല്‍ തന്റെ മരുമകന്‍ ആണെന്നു പലരും പറയുന്നതായി അറിഞ്ഞു, പക്ഷെ അത് തെറ്റാണ്, എന്ന പ്രസ്താവന ഇറക്കിയിട്ടുണ്ട്. മന്ത്രിയുടെ പേര് ഇവിടെ പരാമര്‍ശിച്ചിട്ടില്ലാത്തതിനാല്‍ ഇന്നത്തെ പ്രസ്താവനയിലേക്കുള്ള ലിങ്ക് ഇവിടെ കോടുക്കുന്നതും ശരിയല്ല. കൂടുതല്‍ അന്വേഷണത്തില്‍ മന്ത്രിയുടെ പ്രസ്താവന ശരിയാണെന്ന് തെളിയുന്ന പക്ഷം, ആ ഭാഗം ഈ ലേഖനത്തില്‍ നിന്നും നീക്കം ചെയ്യുന്നതായിരിക്കും.