ജെ. നന്ദകുമാര്‍
ഇക്കഴിഞ്ഞ ദിവസങ്ങളിൽ പുറത്തിറങ്ങിയ രണ്ടു പുസ്തകങ്ങൾ നമ്മുടെ രാഷ്ട്രീയ മണ്ഡലത്തിൽ വലിയ ഭൂകമ്പമാണു സൃഷ്ടിച്ചിരിക്കുന്നത്. പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവും പ്രസിദ്ധ പത്രപ്രവർത്തകനുമായ സഞ്ജയ് ബാരു എഴുതിയ ‘പേരിനൊരു പ്രധാനമന്ത്രി’, കേന്ദ്ര കൽക്കരി വകുപ്പിൽ സെക്രട്ടറി ആയിരുന്ന പി. സി. പാരിഖിന്റെ ‘പോരാളിയോ ഗൂഢാലോചനക്കാരനോ’ എന്നിവയാണാ പുസ്തകങ്ങൾ. പരാമർശ്ശിച്ചിരിക്കുന്ന വിഷയങ്ങൾ ഒന്നും പുതുമയുള്ളവ അല്ല. ഭാരതത്തിലെ തിരിച്ചറിവുള്ള സർവ്വരും ഏറെക്കാലമായി ചർച്ച ചെയുന്ന കാര്യങ്ങളാണതിലുള്ളത്. പക്ഷെ അവയൊക്കെയും കേട്ടെഴുത്തുകളായിരുന്നെങ്കിൽ ഈ പുസ്തകങ്ങൾ യഥാർത്ഥ കണ്ടെഴുത്തുകൾ ആണെന്നതാണു പ്രത്യേകത. അതായത് ആരൊക്കെയോ പറഞ്ഞത് കേട്ടുള്ള ചർച്ചകൾ ആണു സർവ്വത്ര നടന്നു പോന്നിരുന്നതെങ്കിൽ ഇപ്പോഴിറങ്ങിയിട്ടുള്ള പുസ്തകങ്ങൾ, കൃത്യമായി പറഞ്ഞാൽ, ദൃക്സാക്ഷി വിവരണങ്ങളാണു. സഞ്ജയ് ബാരു പ്രധാനമന്ത്രിയുടെ നിഴലും മന:സാക്ഷി സൂക്ഷിപ്പ് കാരനുമായിരുന്നുവെങ്കിൽ, പി.സി. പരീഖ് പ്രധാനമന്ത്രി നേരിട്ട് കൈകാര്യം ചെയ്തിരുന്ന വകുപ്പിന്റെ കാര്യസ്ഥനുമായിരുന്നു. അവർക്കിരുവർക്കുമറിയാത്ത രഹസ്യങ്ങൾ പി.എം.ഒ.യിലും കൽക്കരി വകുപ്പിലും ഇല്ലായിരുന്നു. കുതിരവായിൽ നിന്ന് തന്നെയാണിപ്പോൾ സത്യം പുറത്ത് വരുന്നത് എന്നാണു പറഞ്ഞു വരുന്നതിന്റെ അർത്ഥം. എഴുതിയ ആളുകളുടെ പ്രാധാന്യം പോലെ തന്നെ ആണു പ്രസിദ്ധീകരിക്കപ്പെട്ട കാലവും. തെരഞ്ഞെടുപ്പ്കാലം ബോധവൽക്കരണത്തിന്റെ കാലം കൂടി ആണല്ലോ.
പാരിഖ് തന്റെ പുസ്തകത്തിൽ ഉന്നയിക്കുന്ന വിഷയം അങ്ങേയറ്റം ഗൗരവമുള്ളതാണു. കൽക്കരി കുംഭകോണത്തിന്റെ ഉൽപ്പത്തി പുരാണം മറ്റാരേക്കാളും നന്നായി പ്രധാനമന്ത്രിക്കറിയാമായിരുന്നു എന്ന് മാത്രമല്ല തന്റെ വിശ്വപ്രസിദ്ധമായ മൗനത്തിലൂടെ അതിനു സമ്മതവും നൽകിയിരുന്നു എന്നാണു. ഇത് ഒരു ചെവിയിലൂടെ കേട്ട് മറുചെവിയിലൂടെ തള്ളിക്കളയാവുന്ന ഒരാരോപണമല്ല. ഈ വസ്തുത ഒട്ടെല്ലാ മാധ്യമങ്ങളും ഏറിയും കുറഞ്ഞും ചർച്ച ചെയ്തിട്ടുണ്ട്. പക്ഷെ മുഖ്യ വിഷയത്തിലേക്ക് അവരാരും കടക്കാൻ ധൈര്യം കാണിക്കുന്നില്ല എന്നത് ഇക്കൂട്ടരുടെ ബൗദ്ധിക സത്യസന്ധതയെ കുറിച്ച് ചോദ്യചിഹ്നമുയർത്തുന്നു. കോടാനുകോടി രൂപ ഒരുപിടി കൊള്ളക്കാർക്ക് ഇഷ്ടദാനമായി കൊടുത്തതിനെതിരെ മൗനം ഭജിക്കാൻ സർദാർജിയെ പ്രേരിപ്പിച്ചതാരാണ്? ഈ നൂറ്റാണ്ടിലെ എറ്റവും ഭീകരമായ കുംഭകോണത്തിന്റെ ഗുണഭോക്താക്കളാരൊക്കെയാണ്? പച്ചയ്ക്ക് പറഞ്ഞാൽ കമ്മീഷൻ പിടുങ്ങിയതാര്. വിഷയത്തിന്റെ ഈ വശത്തേക്ക് എന്തോ കാരണത്താലാരും കടന്ന് കാണുന്നില്ല. ഇവിടെയാണു സഞ്ജയ് ബാരുവിന്റെ പുസ്തകം വീണ്ടും വായിക്കേണ്ടി വരുന്നത്.
മന്മോഹൻ സിംഗ് പ്രധാനമന്ത്രി ആയത് എങ്ങനെ ആണെന്നത് ഒട്ടും ഒരു രഹസ്യ കാര്യമല്ല. ഒരിന്ത്യൻ പൗരനു ഇറ്റലിയൻ പ്രധാനമന്ത്രിയാകാൻ പറ്റുന്ന വിധത്തിൽ ഇറ്റലിയുടെ ഭരണഘടന ഭേദഗതി ചെയ്യാതെ ഇറ്റലിക്കാരിക്ക് ഭാരത പ്രധാനമന്ത്രിയാകാൻ ആവില്ലെന്ന വസ്തുത, ഇരു രാഷ്ട്രങ്ങളുടെയും ഭരണഘടന ഉദ്ധരിച്ച് സോണിയയെ മനസ്സിലാക്കിച്ച് കൊടുക്കാൻ ദേശഭക്തനായ ഒരുന്നത സ്ഥാനീയൻ തയാറായത് കൊണ്ട് ആയമ്മ സ്വയം ഒരു ത്യാഗിനിയിടെ വേഷം കെട്ടി. തൽസ്ഥാനത്ത് പറഞ്ഞാൽ കേൽക്കുന്ന ഒരാളെ ഇരുത്തി. ഇതാണു സത്യം. അതു തന്നെയാണു വ്യത്യസ്തമായ ഭാഷാപ്രയോഗങ്ങളിലൂടെ മന്മോഹൻ സിങ്ങിന്റെ ഉപദേഷ്ടാവു വർണ്ണിച്ചിരിക്കുന്നതും.
ഈ സംഭവ വർണ്ണനകൾക്ക് പാഠഭേദങ്ങൾ ഉണ്ടായേക്കാം. അത് സ്വാഭാവികമാണുതാനും. ഇരിയ്ക്കട്ടെ, മുഖ്യ വിഷയം അതല്ല. ബാരു ഉയർത്തുന്ന ബിന്ദുക്കൾ മുഖ്യമായും രണ്ടാണു. ഒന്നാമത്തേത് നയപരമായ കാര്യങ്ങൾ എല്ലാം നിശ്ചയിച്ചിരുന്നത് സോണിയാ മാഡമായിരുന്നു എന്നതാണു. രണ്ടാമത്തേത് പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് മർമ്മപ്രധാനമായ പല ഫയലുകളും ജനപഥ് പത്താം നമ്പറിലേക്ക് പോകാറുണ്ടായിരുന്നു എന്നതുമാണ്. ആദ്യത്തെ വിഷയത്തെ കുറിച്ച്, അതായത് നയപരമായ കാര്യങ്ങളിലുള്ള കൈകടത്തലിനെ കുറിച്ച് ചിന്തിച്ചാൽ അത് അനുചിതമാണെന്നല്ലാതെ ഒരു കൊടിയ അപാരധമാണെന്നൊന്നും പറയാൻ വയ്യ. പ്രത്യേകിച്ചും ഭാരതത്തിലെ രാഷ്ട്രീയാന്തരീക്ഷത്തിൽ. താൻ അദ്ധ്യക്ഷ ആയിരിക്കുന്ന പാർട്ടിയുടെ ഭരണ കാര്യങ്ങളിൽ തീർച്ചയായും നയപരമായ നിർദ്ദേശങ്ങൾ കൊടുക്കാൻ സോണിയക്ക് അവകാശമുണ്ട്. കാരണം കോൺഗ്രസ്സ് പൊതുജനസമക്ഷം അവതരിപ്പിച്ച നയസമീപനങ്ങളും പദ്ധതികളും അടങ്ങുന്ന പ്രകടനപത്രികയ്ക്കനുസരിച്ചാണോ കാര്യങ്ങൾ നീങ്ങുന്നത് എന്ന് അവർക്ക് ന്യായമായും നോക്കാം, തെറ്റുണ്ടെങ്കിൽ തിരുത്താം.
പക്ഷെ നമ്മുടെ വിചിത്രമായ അധികാര രാഷ്ട്രീയ സംവിധാനത്തിന്റെ പശ്ചാത്തലത്തിൽ ഒറ്റനോട്ടത്തിൽ ആർക്കും തെറ്റ് പറയാനാവാത്ത ഈ വിഷയത്തെ കുറിച്ചാണു മാധ്യമങ്ങൾ ചർച്ച നടത്തുന്നത്. അതായത് ജനാധിപത്യ സദാചാരത്തിനു നിരക്കാത്ത അനുചിതത്വത്തെ കുറിച്ചാണു സംവാദങ്ങൾ മുഴുവൻ. ഒരു നീതിന്യായ കോടതിയിൽ നിലനിൽപ്പില്ലാത്ത ഒരു വാദമുഖമാണത്. മറുപക്ഷത്തിനു എളുപ്പത്തിൽ മറുപടി പറയാൻ, പ്രത്യേകിച്ചും സദാചാരത്തിനു സ്വന്തമായ വ്യാഖ്യാനങ്ങളുള്ള ഒരു കുടുംബം നയിക്കുന്ന പാർട്ടിക്ക്, നിഷ്പ്രയാസം സാധിക്കും.
ഇവിടെയാണു ബാരുവിന്റെ രണ്ടാമത്തേ ആരോപണം പ്രസക്തമാവുന്നത്. നിർഭാഗ്യവശാൽ മാധ്യമ ചർച്ചകളിൽ അത് വേണ്ടത്ര വിഷയീഭവിച്ചിട്ടില്ല. ബോധപൂർവ്വമോ അബോധപൂർവ്വമോ ആയി ബൗദ്ധിക സമൂഹം അവഗണിച്ച ആ വിഷയം, നിർണായകമായ ഫയലുകളുടെ മേൽ കോൺഗ്രസ് പ്രസിഡന്റ് കണ്ട ശേഷമേ ‘പേരിനൊരു പ്രധാനമന്ത്രി’ ക്ക് നടപടികൾ എടുക്കുവാൻ കഴിഞ്ഞിരുന്നുള്ളു എന്നതാണു. എത്ര ഗുരുതരമാണീ വസ്തുത. ഭാരതം പോലെ വിശാലവും, സങ്കീർണ്ണമായ സാഹചര്യങ്ങളിലൂടെ കടന്നു പൊയ്ക്കൊണ്ടിരിക്കുന്നതുമായ ഒരു രാഷ്ട്രത്തിന്റെ മർമ്മ പ്രധാനമായ രഹസ്യ രേഖകൾ പ്രധാന മന്ത്രിയുടെ ഓഫീസിനു പുറത്ത് നിത്യേനെ എന്നോണം പോകാറുണ്ടായിരുന്നു എന്നത് അങ്ങേയറ്റത്തെ അപരാധമാണു. അധികാര സ്ഥാനം കൈയാളുന്നതിനു മുൻപ് പ്രധാന മന്ത്രിയും മന്ത്രിമാരും എടുക്കുന്ന ഒരു രണ്ടാം പ്രതിഞ്ജയുണ്ട്. അതിന്റെ ഗൗരവത്തെ കുറിച്ച് സോണിയ മാഡം എത്ര ബോധവതിയാണെന്നറിയില്ല. എന്നാലതിനു ഭരണഘടനാപരമായി വളരെ ഏറെ പ്രാധാന്യമുണ്ട്. ‘തന്റെ അധികാര പരിധിയിൽ വരുന്ന ഭരണ സംബന്ധിയായ രഹസ്യങ്ങൾ പ്രത്യക്ഷമായോ പരോക്ഷമായോ പുറത്തൊരാളെ അറിയിക്കില്ല’ എന്നർത്ഥം വരുന്ന ഗുപ്ത പ്രതിജ്ഞ. പരമപവിത്രമായ ആ പ്രതിജ്ഞയുടെ നഗ്നമായ ലംഘനമാണു പ്രധാനമന്ത്രിയും സൂപ്പർ പ്രധാനമന്ത്രിയും കൂടി ചെയ്തത്.
പത്താം നമ്പർ ഭവനത്തിലേക്ക് പോയ ഫയലുകൾ ഏതൊക്കെയാണു. അതിൽ സുരക്ഷാസംബന്ധമായ രേഖകളെന്തൊക്കെ ഉണ്ടായിരുന്നു. പ്രഖ്യാപിത ആണവരാഷ്ട്രമായ ഭാരതത്തിന്റെ സൈനികസജ്ജീകരണങ്ങളെ കുറിച്ചുള്ള എത്രയെല്ലാം പദ്ധതിവിവരങ്ങളായിരിക്കും അവിടേക്ക് കൊണ്ടു പോയിരിക്കുക. അങ്ങോട്ട് പോയതൊക്കെയും തിരിച്ച് വന്നിട്ടുണ്ടോ? വന്നെങ്കിൽ തന്നെ അവയൊക്കെ പൂർവ്വരൂപത്തിൽ തന്നെ ആണു തിരിച്ചു വന്നത് എന്നതിനാർക്കാണുറപ്പ്? പ്രധാനമന്ത്രി മാത്രം കാണേണ്ട അത്തരം രേഖകൾ കോൺഗ്രസ്സ് പ്രസിഡന്റിനു പുറമെ ആരൊക്കെ കണ്ടിട്ടുണ്ടാവും? ക്വത്തറോച്ചിമാരെ ചെല്ലും ചെലവും കൊടുത്ത് പോറ്റി വളർത്തിയ പാരമ്പര്യമുള്ള ഒരു വീടാണതെന്ന് ആർക്കാണു മറക്കാൻ കഴിയുക. വിദേശ രാജ്യങ്ങൾ അത്ഭുതത്തോടെയും ഒട്ടസൂയയോടെയും നിരീക്ഷിച്ച് കൊണ്ടേയിരിക്കുന്ന, വിശേഷിച്ച് അമേരിക്കയും ചൈനയും ‘പ്രത്യേക’ താൽപ്പര്യത്തോടെ കണ്ണും കാതും കൂർപ്പിച്ച് പിന്തുടർന്നുകൊണ്ടേയിരിക്കുന്ന ഒരു രാഷ്ട്രമാണു നമ്മുടേത്. അതിനെ സംബന്ധിക്കുന്ന രഹസ്യ രേഖകളാണു പുലർച്ചയ്ക്ക് ന്യൂസ് പേപ്പർ മേടിച്ച് കൊണ്ടുവരുന്ന ലാഘവത്വത്തോടെ കൈകാര്യം ചെയ്യപ്പെട്ടിരിക്കുന്നത്. സത്യത്തിൽ ചർച്ച ചെയ്യേണ്ടിയിരുന്നത് ഈ ഗുരുതരമായ കൃത്യവിലോപമാണു, ഭരണഘടനാ ലംഘനമാണു.
ഈ വിഷയം ഇവിടെ അവസാനിക്കുന്നതല്ല. മെയ് 16നു ശേഷം നിലവിൽ വരാൻ പോകുന്ന കേന്ദ്ര സർക്കാർ അങ്ങേയറ്റം ഗൗരവത്തോടെ ഈ വിഷയം ഏറ്റെടുക്കേണ്ടതായി വരും. സഞ്ജയ് ബാരുവിന്റെ വെളിപ്പെടുത്തലിനെ അതുൾക്കൊള്ളുന്ന വിഷയത്തിന്റെ ഗാംഭീര്യം കണക്കിലെടുത്ത് വിചാരണ ചെയ്യപ്പെടേണ്ടതാണു. ഉന്നത നീതിന്യാപീഠത്തിനു സ്വമേധയ കേസെടുക്കാവുന്ന തരത്തിൽ ഗുരുതരമാണു ഈ പ്രശ്നം.