ആസ്സാമിലെ വിദേശ ജനത

— ജിതിൻ കെ ജേക്കബ് — 

Refugee, Migrant എന്നീ രണ്ട് ഇംഗ്ലീഷ് പദങ്ങൾക്കും വ്യത്യസ്തമായ അർത്ഥമാണുള്ളത്. Refugee എന്ന പദത്തിന്റെ അർത്ഥം അഭയാർത്ഥി എന്നും, Migrant എന്നതിന്റേത് കുടിയേറ്റക്കാരൻ എന്നുമാണ്.
 
ലളിതമായി പറഞ്ഞാൽ Refugee അല്ലെങ്കിൽ അഭയാർത്ഥികൾ എന്നത് ആരുടെയെങ്കിലും സമ്മർദ്ദം കൊണ്ടോ , ഭീഷണികൊണ്ടോ , ജീവഭയം കൊണ്ടോ പിറന്ന നാട് വിട്ടു ജീവിക്കുന്നവരെ വിളിക്കുന്നതാണ്. ഉദ്ദാഹരണം കാശ്മീരി പണ്ടിറ്റ്സ്.
 
സ്വയം തീരുമാനിച്ച്‌ സ്വന്തം ഇഷ്ടപ്രകാരം ആരുടേയും നിര്ബന്ധത്താലോ, ഭീഷണിയാലോ അല്ലാതെ മറ്റൊരു രാജ്യത്ത് അല്ലെങ്കിൽ പിറന്ന മണ്ണിൽ നിന്നും മാറിത്താമസിക്കുന്നവനെ വിളിക്കുന്നതാണ് Migrant അല്ലെങ്കിൽ കുടിയേറ്റക്കാരൻ എന്നത്. ഉദ്ദാഹരണം ആസ്സാമിലെ ബംഗ്ലാദേശികൾ അല്ലെങ്കിൽ അമേരിക്കയിലേക്ക് കുടിയേറിയ മലയാളികൾ.
 
National Register of Citizens (NRC) എന്ന വാക്ക് ഇപ്പോൾ എല്ലാ മാധ്യമങ്ങളിലും ദിനംപ്രതികാണാം. ആസാമിലെ ജനസംഖ്യയിലെ 40 ലക്ഷത്തോളം പേർക്ക് ഇന്ത്യൻ പൗരത്വം നഷ്ടപ്പെടുന്നു എന്നതാണ് ഇപ്പോഴത്തെ ചൂടുള്ള വാർത്ത. കേരളത്തിലെ മാധ്യമങ്ങളടക്കം ഇതിനെകുറിച്ച് വാതോരാതെ പ്രസംഗിക്കുന്നു, ചർച്ചകൾ നടത്തുന്നു. ഒരുപക്ഷെ ഷേവ് ഗാസക്ക് ശേഷം കേരളത്തിലെ ‘നിഷ്പക്ഷ മാധ്യമങ്ങൾ’ ഇത്രക്ക് ബഹളം ഉണ്ടാക്കുന്നത് ഇപ്പോഴായിരിക്കും.
 
പക്ഷെ ഇവരോട് എന്താണ് NRC എന്ന് ചോദിച്ചാൽ ഉത്തരം സ്വാഹയായിരിക്കും. സംഘപരിവാർ ആക്രമണം, മനുഷ്യാവകാശ ലംഘനം, ന്യൂനപക്ഷ പീഡനം എന്നൊക്കെ അടിച്ച് വിടും. അതല്ലാതെ NRC എന്താണെന്ന് പറയില്ല.
 
നമ്മുടെ രാജ്യത്തെ ആദ്യത്തെ സെൻസസ് നടന്നത് 1951 ൽ ആണ്. അതിനോടൊപ്പം അന്നത്തെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശപ്രകാരം ആസ്സാം സംസ്ഥാനത്തിനുവേണ്ടി നടത്തിയ വിവരശേഖരണമാണ് National Register of Citizens (NRC). ഇന്ത്യയിൽ NRC ഉള്ളത് ആസ്സാമിൽ മാത്രമാണ്.
 
എന്തുകൊണ്ടാണ് ആസ്സാമിൽ NRC ഉള്ളത്? എന്തിനാണ് അത് രൂപീകരിച്ചത്?
 
സ്വാതന്ത്ര്യാനന്തരം കിഴക്കൻ പാകിസ്ഥാനിൽ നിന്ന് (ഇന്നത്തെ ബംഗ്ലാദേശ്) ചെറുതും വലുതുമായ കുടിയേറ്റങ്ങൾ ആസ്സാമിലേക്കുണ്ടായി. ആസ്സാമിനെ ഇന്ത്യയിൽ നിന്നും വേർപെടുത്തി കിഴക്കൻ പാകിസ്താനോട് ചേർക്കാനുള്ള പാകിസ്താന്റെ നീക്കമായിരുന്നു ഇതിനുപിന്നിൽ. ബംഗ്ലാദേശിൽനിന്നുള്ള മുസ്ലിങ്ങൾ വ്യാപകമായി ആസ്സാമിലേക്ക് കുടിയേറിയതോടെ ആസ്സാമിന്റെ തനത് പാരമ്പര്യവും സംസ്ക്കാരവും തദ്ദേശീയർക്കുണ്ടായിരുന്ന തൊഴിലവസരങ്ങളുമെല്ലാം കുറയാൻ തുടങ്ങി. അതോടൊപ്പം വ്യാപകമായ അക്രമങ്ങളും ഉണ്ടായി.
 
അതോടെ തദ്ദേശീയരായ ഇന്ത്യക്കാരെ വേർതിരിച്ചറിയുവാനും വിദേശികളായ കിഴക്കൻ പാക്കിസ്ഥാനികളെ (ബംഗ്ലാദേശികൾ) കണ്ടെത്തുവാനും National Register of Citizens (NRC) രൂപീകരിച്ചു. പക്ഷെ കിഴക്കൻപാക്കിസ്ഥാനിൽനിന്നുള്ള കുടിയേറ്റത്തിന് കുറവുണ്ടായില്ല എന്നുമാത്രമല്ല അനുദിനം വർധിക്കുകയും ചെയ്തു. തുറന്നു കിടക്കുന്ന അതിർത്തികൾ കുടിയേറ്റക്കാർക്ക് സഹായകമായി.അവസാനം സഹികെട്ട് വിദ്യാർത്ഥികൾ തെരുവിലിറങ്ങി. ആസ്സാമിലെങ്ങും അരാജകത്വം നടമാടി.
 
വൈകാതെ ഇന്ത്യയുടെ ഇടപെടലിലൂടെ കിഴക്കൻ പാകിസ്ഥാൻ ബംഗ്ലാദേശായി മാറി.അതിന്റെ ചരിത്രം വിശദീകരിക്കുന്നില്ല. പക്ഷെ അപ്പോഴും ബംഗ്ലാദേശില്നിന്നും ആസ്സാമിലേക്കും , പശ്ചിമ ബംഗാളിലേക്കുമുള്ള കുടിയേറ്റം തുടർന്നുകൊണ്ടേയിരുന്നു. ഒരേ വംശജരായ ബംഗ്ളദേശികളും പശ്ചിമ ബംഗാളിലെ ജനതയും തമ്മിൽ വലിയതോതിലുള്ള സംഘർഷങ്ങൾ ഉടലെടുത്തില്ല. പക്ഷെ ആസ്സാമിലെ കാര്യം അങ്ങനെ ആയിരുന്നില്ല. ആസ്സാമീസുകളും, ബംഗ്ലാദേശികളും സംസ്ക്കാരികമായോ, മതപരമായോ, വംശീയമായോ ഒന്നും ഒരേതരക്കാരായിരുന്നില്ല. ആസ്സാം പുകഞ്ഞുകൊണ്ടേയിരുന്നു.
 
കുടിയേറ്റക്കാരായ വിദേശികളെ (ബംഗ്ലാദേശികളെ) പുറത്താക്കണമെന്നാവശ്യപ്പെട്ടുള്ള സമരം കൈവിട്ടുപോകുമെന്ന് കണ്ടപ്പോൾ 1983 ൽ അന്നത്തെ പ്രധാനമന്ത്രി ശ്രിമതി ഇന്ദിരാ ഗാന്ധി The Illegal Migrants (Determination by Tribunal ) (IMDT) Act പാസ്സാക്കി. അനധികൃതമായി കുടിയേറിയ വിദേശികളെ (ബംഗ്ലാദേശികളെ) കണ്ടെത്താനും , നാടുകടത്താനും ഉദ്ദേശിച്ചുള്ളതായിരുന്നു ഇന്ത്യൻ പാർലമെന്റ് പാസ്സാക്കിയ ആ നിയമം.
 
പക്ഷെ ആ നിയമം ഫലപ്രദമായി നടപ്പാക്കാഞ്ഞതിനാൽ വീണ്ടും പ്രശ്നങ്ങൾ പൊട്ടിപ്പുറപ്പെട്ടു. കിഴക്കൻ ഇന്ത്യ മുഴുവനായും ഇന്ത്യക്ക് നഷ്ട്ടമായേക്കുമെന്ന ഘട്ടം വന്നപ്പോൾ 1985 ൽ അന്നത്തെ പ്രധാനമന്ത്രി ശ്രീ രാജീവ് ഗാന്ധി പ്രക്ഷോപകരെ ചർച്ചക്ക് വിളിക്കുകയും അവരുമായി ഒരു കരാറിൽ ഒപ്പിടുകയും ചെയ്തു (Assam Accord). അതുപ്രകാരം 1951 ലെ NRC രജിസ്റ്റർ പുതുക്കും, 1966 വരെ കുടിയേറിയവരെ മാത്രം ഇന്ത്യൻ പൗരന്മാരായി അംഗീകരിക്കും എന്ന തീരുമാനത്തിലെത്തി (NRC രജിസ്റ്റർ അസ്സമിന് വേണ്ടി മാത്രമുള്ളതായാണ് എന്നകാര്യം മുകളിൽ സൂചിപ്പിച്ചിട്ടുണ്ട്). 1966 ന് ശേഷവും 1971 ന് ഇടക്കും വന്നവർക്ക് അടുത്ത പത്ത് വർഷത്തേക്ക് ഇന്ത്യൻ പൗരന്മാർക്ക് കിട്ടുന്ന യാതൊരു ആനുകൂല്യവും ലഭിക്കില്ല (വോട്ട് ഉൾപ്പെടെ).
 
1971 ന് ശേഷം കുടിയേറിയവരെ പുറത്താക്കാനും കരാറിൽ തീരുമാനിച്ചു.പക്ഷെ അപ്പോഴേക്കും കുടിയേറ്റക്കാർ വലിയ വോട്ട് ബാങ്കായി മാറിക്കഴിഞ്ഞിരുന്നു. അവരുടെ മതവും , ന്യൂനപക്ഷമെന്ന ആനുകൂല്യവുമൊക്കെ ഈ കരാർ നടപ്പാക്കുന്നതിൽനിന്നും കോൺഗ്രസ് സർക്കാരുകളെ പിന്തിരിപ്പിച്ചു.
 
2004 ലെ മനോമോഹൻ സിംഗ് സർക്കാരിന്റെ കണക്ക് പ്രകാരം ആസ്സാമിൽ 50 ലക്ഷം ബംഗ്ളദേശികൾ അനധികൃതമായി കഴിയുന്നുണ്ടായിരുന്നു. 1971 ലെ വോട്ടർ പട്ടിക പ്രകാരം ആസ്സാമിലെ ഇന്ത്യൻ പൗരന്മാരുടെ കണക്കെടുക്കാൻ 2005 ൽ തീരുമാനിച്ചതും മൻമോഹൻ സിംഗ് സർക്കാരായിരുന്നു. ഈ തീരുമാനം അന്ന് ആസ്സാം ഭരിച്ചിരുന്ന കോൺഗ്രസ് സർക്കാർ അംഗീകരിക്കുകയും, ആസാം നിയമസഭയിൽ പാസ്സാക്കുവുകയും ചെയ്തു. കോൺഗ്രസ് അധികാരം കയ്യാളിയിരുന്ന ആസാം നിയമ സഭ അന്നത്തെ കോൺഗ്രസ് സർക്കാരിനോട് ആവശ്യപ്പെട്ടത് 1951 ലെ NRC 1971 ലെ വോട്ടർപട്ടിക പ്രകാരം പുതുക്കാനാണ്. പക്ഷെ പിന്നെയൊന്നും സംഭവിച്ചില്ല
 
2015 ൽ സുപ്രീം കോടതിയാണ് NRC 1951പുതുക്കാൻ ഇന്ത്യയുടെ രജിസ്ട്രാർ ജനറലിനോട് ആവശ്യപ്പെടുന്നത്. അതും സുപ്രീം കോടതിയുടെ മേൽനോട്ടത്തിൽ. ബിജെപി ആസ്സാമിൽ അധികാരത്തിലെത്തിയത് 2016 ൽ മാത്രമാണ്. സുപ്രീം കോടതിയുടെ മേൽനോട്ടത്തിൽ ഇന്ത്യയുടെ റെജിസ്ട്രർ ജനറൽ നടത്തുന്ന കണക്കെടുപ്പിൽ ഇന്ത്യയിലെ പ്രതിപക്ഷ കക്ഷികൾ രാഷ്ട്രീയം കണ്ടെത്തുന്നത് വോട്ട് ബാങ്ക് നഷ്ടമാകുമോ എന്നഭയമാണ്.
 
1951 മുതൽ തുടരുന്ന കുടിയേറ്റം നിയന്ത്രിക്കാൻ ഇന്ത്യൻ പാര്ലമെന്റ് പോലും അധികാരം കൊടുത്തിട്ടും ഒന്നും ചെയ്യാതെ അതിന്മേൽ കുത്തിയിരുന്ന് ഉറക്കം നടത്തിച്ചത് കോൺഗ്രസ് പാർട്ടിയാണ്. വോട്ട് ബാങ്കായിരുന്നു അവരുടെ ലക്ഷ്യം.അതുകൊണ്ട് വിദേശികളായ കുടിയേറ്റക്കാരെ അവർ അകമഴിഞ്ഞ് സഹായിച്ചു. അവസാനം സുപ്രീം കോടതി ഇടപെട്ടപ്പോൾ കുടിയേറ്റക്കാരെ വേദനിപ്പിക്കരുതേ എന്ന് കരഞ്ഞു കൂവുന്നു.
 
70 വർഷമായി ഇന്ത്യയിൽ സസുഖം വാഴുന്ന ബംഗ്ലാദേശി കുടിയേറ്റക്കാരുടെ കണ്ണുനീർ കണ്ട് വിലപിക്കുന്ന ഇന്ത്യയിലെ മാധ്യമങ്ങളും, മനുഷ്യവകാശ കൊച്ചമ്മമാരും, സാംസ്ക്കാരിക നായകരും, രാഷ്ട്രീയക്കാരും ആസ്സാമിലേക്കു കണ്ണെത്തിനോക്കുന്നതിന് മുമ്പ് ഇന്ത്യയുടെ ഭരണസിരാകേന്ദ്രമായ ഡൽഹിയുടെ പ്രാന്ത പ്രദേശങ്ങളിലേക്ക് നോക്കുക അവിടെ ആയിരക്കണക്കിന് മനുഷ്യർ നരകയാതന അനുഭവിച്ചു കഴിയുന്നുണ്ട്. അവരെയാണ് ആദ്യം ഓർക്കേണ്ടത്.
 
പിറന്ന മണ്ണിൽ അഭയാർഥികളായി (Refugee) കഴിയുന്ന കാശ്മീരി പണ്ഡിറ്റുകളുടെ കണ്ണീര് കാണാൻ ഇവിടെയാരുമില്ല. ഗാസയിലെയും, ആസാമിലെ ബംഗ്ളദേശി കുടിയേറ്റക്കാരുടെയും കണ്ണീര് കണ്ട് അവർക്കൊപ്പം നിൽക്കുവാനും , അവർക്കുവേണ്ടി വാതോരാതെ കവലപ്രസംഗവും , പുളിച്ച സാഹിത്യം വിളമ്പാനും ഇവിടെ ആളുകളുണ്ട്.
 
60000 കാശ്മീരി പണ്ഡിറ്റുകൾ ഇപ്പോഴും തെരുവിലുണ്ട് എന്നാണ് കണക്ക്. രണ്ടു ലക്ഷത്തോളം കാശ്മീരി പണ്ഡിറ്റ്റുകളാണ് തീവ്രവാദി ആക്രമണം മൂലം 1990 കളിൽ കാശ്മീർ താഴ്വരയിൽ നിന്ന് പലായനം ചെയ്തത്. അവർക്ക് അവരുടെ ജന്മനാട്ടിലേക്ക് തിരികെ പോകുവാൻ സാധിക്കുന്നില്ല. കാശ്മീർ അവരുടെ മണ്ണാണ്. ഇപ്പോഴുള്ള കാശ്മീരികളൊക്കെ അവിടെ വന്ന് വെട്ടിപിടിച്ചും കൊന്നൊടുക്കിയും അധികാരം പിടിച്ചെടുത്തവരുടെ പിന്തലമുറക്കാരാണ്.
 
1990 കളിൽ ഇന്ത്യക്കെതിരെ എന്നപേരിൽ കശ്മീരിലെ മതതീവ്രവാദികൾ കൊന്നൊടുക്കിയത് നൂറുകണക്കിന് ഹിന്ദുക്കളെയും, സിഖുകാരെയുമാണ്. എത്രയോ സ്ത്രീകൾ ബലാത്സംഗത്തിനിരയായി വധിക്കപ്പെട്ടു. നാക്കുകൾ പിഴുതുമാറ്റി, കണ്ണുകൾ ചൂഴ്ന്നെടുത്തു, കൈകൾ വെട്ടിമാറ്റി. ഒന്നെകിൽ ഇസ്ലാമിലേക്ക് മതം മാറുക അല്ലെങ്കിൽ കാശ്മീർ വിട്ടുപോകുക അല്ലെങ്കിൽ ഞങ്ങൾ കൊന്നൊടുക്കും, We want Pakisthan along with Hindu women but without Hindu men എന്നതൊക്കെയായിരുന്നു സഹിഷ്ണുതാ വാദികളായിരുന്ന തീവ്രവാദികളുടെ മുദ്രാവാക്യം.
 
ആക്കാലത്തോ അതിന് ശേഷമോ ആരും കാശ്മീരിൽ കൊല്ലപ്പെട്ട ഹിന്ദുക്കൾക്കും സിഖുകാർക്കും വേണ്ടി ശബ്ദിച്ചിട്ടില്ല. അവരുടെ നരകയാതന ആരും കണ്ടില്ല. തൊട്ടടുത്ത് സഹോദരങ്ങൾ കരയുമ്പോൾ അതുകാണാൻ ആളില്ല. മതേതരത്വം പറഞ്ഞു വിലപിക്കുന്നവർ കാശ്മീരിൽ 1990 ന് ശേഷം മതേതരത്വം എന്നൊന്നില്ല എന്നോർക്കുന്നില്ല.
 
കാശ്മീരിൽ അക്കാലത്ത് നടന്നത് വംശഹത്യയായിരുന്നു എന്നുതന്നെ പറയാം. മുസ്ലിങ്ങളല്ലാത്തവർ ഇവിടെ വേണ്ട എന്ന കിരാതമായ നിയമമായിരുന്നു കാശ്മീർ താഴ്വരയിലെങ്ങും.
 
സ്വന്തം നാട്ടിൽ കുടിയേറി അവിടം പിടിച്ചെടുത്ത വിദേശികൾക്ക് വേണ്ടി കണ്ണീരൊഴുക്കുന്നത് മനുഷ്യ സ്നേഹത്തിന്റെ പേരിലാണെങ്കിൽ മനസ്സിലാക്കാമായിരുന്നു. ഇന്ത്യാ മഹാരാജ്യത്ത് ഇപ്പോൾ തന്നെ ഏകദേശം 2.50 ലക്ഷം അഭയാര്ഥികളുണ്ട്. അവരെ ഇന്ത്യ സംരക്ഷിക്കുന്നുമുണ്ട്. അഭയാര്ഥികളിൽ വിവിധ മതക്കാരുടെ ദേശക്കാരുണ്ട്. ഈ അഭയാർത്ഥികളൊക്കെ അവരവരുടെ നാട്ടിൽ പീഡനം അനുഭവിക്കേണ്ടതുകൊണ്ട് പലായനം ചെയ്തവരാണ്. ആസാമിലെ ബംഗ്ലാദേശികൾ ആ വിഭാഗത്തിൽ പെടുന്നവരല്ല. അവരെ വോട്ട് ബാങ്കിന് വേണ്ടി 70 വര്ഷം വളർത്തിയത് കോൺഗ്രസ് പാർട്ടി തന്നെയാണ്.
 
ഒരവസരത്തിൽ ബംഗ്ലാദശികളോട് ഇന്ത്യ വിട്ടുപോകണമെന്ന് പറഞ്ഞ ഇന്ദിര ഗാന്ധിപോലും അതിനുവേണ്ട നടപടികൾ എടുത്തില്ല എന്നോർക്കണം. ഇപ്പോഴുള്ള രാഷ്ട്രീയ നാടകങ്ങൾ വോട്ട് ബാങ്ക് നിലനിർത്താനുള്ള തരംതാണ ഏർപ്പാട് മാത്രമാണ്. വിദേശികളായ ഈ 40 ലക്ഷം വരുന്ന കുടിയേറ്റക്കാരോട് എന്ത് സമീപനമാണ് എടുക്കേണ്ടത് എന്ന് ചോദിച്ചാൽ അത് ഭരണകർത്താക്കളാണ് തീരുമാനിക്കേണ്ടത്.
 
ആസാമിലെ 40 ലക്ഷം അനധികൃത കുടിയേറ്റക്കാരുടെ കണക്കുകളാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ളത്. പശ്ചിമ ബംഗാളിൽ കൂടി കണക്കെടുപ്പ് നടത്തിയാൽ ഇന്ത്യൻ ജനസംഖ്യ ഒരു രണ്ട് മൂന്ന് കോടി ഇനിയും കുറയും. പക്ഷെ വോട്ട് ബാങ്കായത് കൊണ്ട് അവരെ സംരക്ഷിച്ചല്ലേ മതിയാകൂ. ഇവരെ തിരിച്ചയക്കുന്നതൊന്നും പ്രായോഗികമല്ല. പക്ഷെ ഇവരുയർത്തുന്ന സാമൂഹിക സാംസ്ക്കാരിക സുരക്ഷാ വെല്ലുവിളികൾ അതിശക്തമായി നേരിട്ടെ മതിയാകൂ.
 
ഡൽഹിയിലെ തെരുവുകളിൽ കാശ്മീരി പണ്ഡിറ്റുകൾക്കു കഴിയാനുള്ള ഇടമേ ഉള്ളൂ, തദ്ദേശീയരായ ആസ്സാമികൾക്കു കൂടി കിടക്കാൻ തെരുവിൽ സ്ഥലമുണ്ടാകില്ല എന്നോർത്താൽ നന്ന്.
 
ആസാമിലെ അനധികൃത കുടിയേറ്റത്തിനു പിറകിലെ പാക്കിസ്ഥാന്‍ അജണ്ട കേന്ദ്രമന്ത്രി അരുണ്‍ ജയ്റ്റ്‌ലി ഈയിടേ തുറന്നുകാട്ടിയിരുന്നു. പാക്കിസ്ഥാന്‍ ഭരണാാധികാരിയായിരുന്ന സുല്‍ഫിക്കര്‍ അലി ഭൂട്ടോയുടേയും ബംഗ്‌ളാദേശി നേതാവായിരുന്ന മുജീബ് റഹ്മാന്റേയും പുസ്തകങ്ങളില്‍ നിന്നുള്ള ഖണ്ഡികകള്‍ ഉദ്ധരിച്ചാണ് ആസാമിലെ അനധികൃത കുടിയേറ്റത്തിനു പിന്നിലെ യഥാര്‍ത്ഥ വസ്തുതകളെപ്പറ്റി ജയ്റ്റ്‌ലി എഴുതിയത്.
 
പാക്കിസ്ഥാന്‍ പ്രധാനമന്ത്രിയായിരുന്ന സുല്‍ഫിക്കര്‍ അലി ഭൂട്ടോ ഇങ്ങനെയാണ് എഴുതിയത് ”കാശ്മീരാണ് ഇന്ത്യയും പാക്കിസ്ഥാനുമായുള്ള ഏക പ്രശ്‌നം എന്ന് പറായുന്നത് തെറ്റാണ്. അത് സംശയരഹിതമായി അതിപ്രധാനമായ വിഷയമാണെങ്കിലും കാശ്മീര്‍ വിഷയത്തിനോളം പ്രധാനമായ ഒന്ന് ആസാമും ഇന്ത്യയിലെ മറ്റു ചില ജില്ലകളും കിഴക്കന്‍ പാക്കിസ്ഥാനിലേക്ക് ചേരുക എന്നതാണ്. പാക്കിസ്ഥാന് ആ പ്രദേശങ്ങളില്‍ നല്ല അവകാശം സ്ഥാപിക്കാനാകും” ബംഗ്‌ളാദേശ് കിഴക്കന്‍ പാക്കിസ്ഥാന്‍ ആയിരുന്ന സമയത്ത് സുല്‍ഫിക്കര്‍ അലി ഭൂട്ടോ എഴുതിയതാണിത്.
 
മറ്റൊരു അവകാശവാദം ബംഗ്‌ളാദേശി നേതാവായിരുന്ന മുജീബ് റഹ്മാന്റേതാണ്. മുജീബ് റഹ്മാന്‍ പിന്നീട് ഇന്ത്യയുമായി അടുക്കുകയും പാക്കിസ്ഥാനില്‍ നിന്ന് സ്വാതന്ത്ര്യം ലഭിക്കാന്‍ ഇന്ത്യയുടെ സഹായം തേടുകയുമൊക്കെ ചെയ്‌തെങ്കിലും ആദ്യകാലങ്ങളില്‍ അയാള്‍ ഇന്ത്യയെ വെട്ടിമുറിച്ച മുസ്ലീം ലീഗിന്റെ അവിഭക്ത ബംഗാളിലെ നേതാവായിരുന്നു. അന്ന് അയാള്‍ എഴുതിയതാണ് ‘ കിഴക്കന്‍ പാക്കിസ്ഥാന് വിസ്തൃതിപ്പെടാന്‍ ആവശ്യത്തിനു പ്രദേശങ്ങളുണ്ട്. ആസാമില്‍ വലിയ വനപ്രദേശങ്ങളും ധാതു നിക്ഷേപങ്ങളും കല്‍ക്കരി പെട്രോളിയം എന്നിവയുമുണ്ട്. കിഴക്കന്‍ പാക്കിസ്ഥാന്‍ തീര്‍ച്ചയായും അസാമിനെ കൂടെയെടുക്കണം. എന്നാലേ സാമ്പത്തികമായും പണം കൊണ്ടും ശക്തരാവൂ”
 
ഇന്ത്യ സ്വതന്ത്രയായന്ന് മുതല്‍ കാശ്മീരിലേക്ക് ഗോത്രവര്‍ഗ്ഗക്കാരെ ആയുധങ്ങള്‍ കൊടുത്തയച്ച് കൊടും ക്രൂരതയും വംശഹത്യയും കൊലപാതകങ്ങളും ചെയ്താണ് ഇന്നത്തെ പാക് അധിനിവേശ കാശ്മീര്‍ അവര്‍ സ്വന്തമാക്കിയത്. അതുപോലെ ആസാമിലേക്കും ബംഗ്‌ളാദേശില്‍ നിന്ന് വന്‍ കുടിയേറ്റം അന്നുമുതല്‍ തുടങ്ങിയതാണ്. കിഴക്കന്‍ പാക്കിസ്ഥാനില്‍ നിന്ന് വന്‍ തോതില്‍ കുടിയേറി ആസാമിന്റെ ഭാഗങ്ങളെ പതിയെ മുസ്ലീം ഭൂരിപക്ഷപ്രദേശമാക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നതിനെ അന്ന് ആസാമിലെ ജനത എതിര്‍ത്തിരുന്നു.
 
ഇന്നത്തെ ആസാം മുഖ്യമന്ത്രിയായ സര്‍ബാനന്ദ സൊനോവാള്‍ പതിനെട്ട് കൊല്ലം മുന്‍പ് സുപ്രീം കോടതിയില്‍ കൊടുത്ത ഹര്‍ജിയില്‍ വന്ന വിധി ഈ വിഷയത്തിലെ ഏറ്റവും മികച്ച അഭിപ്രായമായി അരുണ്‍ ജറ്റ്‌ലി എടുത്ത് പറായുന്നു. അന്നത്തെ സുപ്രീം കോടതി വിധിയില്‍ ഇങ്ങനെ എഴുതിയിരുന്നു. ”ബംഗ്‌ളാാദേശില്‍ നിന്നുള്ള നിയമവിരുദ്ധമായ വന്‍ തോതിലെ കുടിയേറ്റം രാജ്യത്തിനു പൊതുവേയും ആസാമിലെ ജനങ്ങള്‍ക്ക് പ്രത്യേകിച്ചും ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ ഊന്നിപ്പറയേണ്ടതുണ്ട്. മതേതരത്വത്തിന്റെ കപടാ വ്യാഖ്യാനങ്ങളോ തെറ്റായ തോന്നലുകളോ ഒന്നും അവിടെ അനുവദിയ്ക്കാനാവില്ല.
 
ബംഗ്‌ളാദേശില്‍ നിന്നുള്ള വന്‍ തോതിലുള്ള കുടിയേറ്റം എന്ന ദുര്‍ഭൂതം ആസാമില്‍ അവിടത്തെ തനത് ജനങ്ങളെ വെറും ന്യൂനപക്ഷമാക്കി മാറ്റുന്ന രീതിയിലാണ് വളര്‍ന്ന് വരുന്നത്. അസാമിലെ ജനതയുടെ സാംസ്‌കാരികമായ അതിജീവനം അപകടത്തിലായേക്കാം. അവരുടെ രാഷ്ട്രീയമായ നിയന്ത്രണം ദുര്‍ബലമാവുകയും അവരുടെ തൊഴിലവസരങ്ങള്‍ ഇല്ലാതാവുകയും ചെയ്യുന്നു.
 
ആസാമിന്റെ തന്ത്രപ്രധാനമായ ജില്ലകള്‍ നഷ്ടപ്പെട്ട് പോയേക്കാവുന്ന നിലയില്‍ ഈ ജനസംഘ്യാപരമായ ആക്രമണം വഴിതെളിച്ചേക്കാം. ഈ അനധികൃത കുടിയേറ്റക്കാര്‍ പല ജില്ലകളേയും മുസ്ലീം ഭൂരിപക്ഷ പ്രദേശമാക്കിയിരിയ്ക്കുകയാണ്.അത് ബംഗ്‌ളാദേശില്‍ ചേരണം എന്ന് പറഞ്ഞേക്കാം. അന്താരാഷ്ട്ര ഇസ്ലാമിക മതമൗലികവാദം വളര്‍ന്ന് വരുന്ന ഈ അവസരത്തില്‍ അവര്‍ ഇത്തരം വാദങ്ങള്‍ക്ക് ശക്തിപകരും. ഒരു കാര്യം ആലോചിയ്ക്കണം. ബംഗ്‌ളാദേശ് മതേതരത്വം ഒഴിവാക്കി ഇസ്ലാമിക സ്റ്റേറ്റ് ആയിട്ട് ഒരുപാട് കാലമായി.” ഈ വിധിയില്‍ പരമോന്നത നീതിപീഠം പറഞ്ഞിരിയ്ക്കുന്നതിനപ്പുറം വ്യക്തമായി കാര്യങ്ങള്‍ ആര്‍ക്കും പറയാനാവില്ല എന്നാണ് ജയ്റ്റ്‌ലി എഴുതുന്നത്.