ഭാരതിയാർ എന്ന യഥാർത്ഥ പെരിയോർ

 

                        തമിഴ്‌നാട്ടിലെ ജാതീയതയ്‌ക്കെതിരായ പോരാട്ടങ്ങളെന്നു പറയുമ്പോഴേക്കും നിങ്ങളുടെ മനസ്സിലേക്ക് ഓടിയെത്തുന്ന മുഖം ആരുടേതാണ്? ഭാരതത്തെ വെട്ടി മുറിക്കാൻ പോലും അങ്ങേയറ്റത്തെ ഔൽസുക്യം കാണിച്ച , മുഖം കണ്ടാലൊരു സാത്വതിക സന്യാസിവര്യനെ ഓർമ്മിപ്പിക്കുന്ന ഈവി രാമസ്വാമിനായ്ക്കരുടെ മുഖമാണോ?
എങ്കിലത്‌ തിരുത്തിക്കോളൂ.
നായ്ക്കർ തന്റെ ‘സാമൂഹ്യ പരിഷ്ക്കരണങ്ങള്‍’ തുടങ്ങും മുൻപ്, തമിഴ്‌നാട്ടിലെ ജാതീയത, സ്ത്രീസമത്വം, ദേശീയത തുടങ്ങി നിരവധി വിഷയങ്ങളിൽ ഇടപെട്ടത് ഭാരതിയാരെന്ന പേരിൽ നാമറിയുന്ന സുബ്രഹ്മണ്യ ഭാരതിയായിരുന്നു.

സുബ്രഹ്മണ്യ ഭാരതി..
ദേശസ്നേഹം മൂലം ഭാരതിയെന്ന നാമം തന്റെ പേരിനൊപ്പം ചേർത്ത ദേശാഭിമാനി..!!
ഈ ഡിസംബർ 11 ന് അദ്ദേഹത്തിന്റെ 135 -) o ജന്മദിനമായിരുന്നു. തമിഴ്‌നാട്ടിലെ ഒരു പ്രസിദ്ധനായ കവിയെന്നതിലുപരിയായി പലരും ഇദ്ദേഹത്തെ അറിയുവാൻ താല്‍പര്യം കാണിച്ചിട്ടില്ല. സ്വാതന്ത്ര സമരത്തിൽ സജീവമായി പങ്കെടുത്തിട്ടും തമിഴ്‍നാടിനപ്പുറത്തേക്ക് ഇദ്ദേഹം പേരെടുത്തിട്ടുമില്ല. അതിനു പിന്നിൽ വ്യക്തമായ, വൃത്തികെട്ട രാഷ്ട്രീയമുണ്ട്. മനപ്പൂർവം ചെയ്ത അവഹേളനങ്ങളുടെ ചരിത്രമുണ്ട്. ഒരാളുടെ മേന്മ പറയാൻ മറ്റൊരാളെ വെച്ച് താരതമ്യം ആവശ്യമില്ല എന്ന് ഉപദേശിച്ചത് ഗുരുസ്ഥാനീയനാണ്. പക്ഷെ ഇവിടെ അർഹതയുള്ളവർ പിന്തള്ളി, അർഹതയില്ലാത്തവർ അധികാരം സ്ഥാപിച്ചിടത്ത് അത് ചെയ്തേ മതിയാകൂ.
സുബ്രഹ്മണ്യ ഭാരതിയെന്ന മഹദ് വ്യക്തിത്വത്തെ മനപ്പൂർവം തമസ്ക്കരിക്കുന്നതില്‍, ചവിട്ടിത്താഴ്ത്തുന്നതിൽ, ആ മഹദ് വ്യക്തിത്വത്തെക്കുറിച്ചു ഇല്ലാക്കഥകൾ മെനയുന്നതിൽ രാഷ്ട്രീയ ലക്ഷ്യങ്ങളും വിധ്വസംക പ്രവർത്തനവുമുണ്ടായെങ്കിൽ, അതിനു കാരണമായവരോട് ഈ വിധത്തിൽ തന്നെ മറുപടി വേണമെന്നാണ് മനസ്സ് പറയുന്നത്.

Subramaniya Bharathi and his wife Chellammaആരായിരുന്നു ഭാരതിയാർ :

ആരായിരുന്നില്ല എന്ന ചോദ്യമായിരിക്കും കൂടുതലെളുപ്പം. കവിത, കഥ , സാംസ്ക്കാരിക പ്രവർത്തനം , രാഷ്ട്രീയം, സ്വാതന്ത്ര്യസമരം, ജാതീയതയ്‌ക്കെതിരെയുള്ള പോരാട്ടങ്ങൾ, സ്ത്രീസമത്വം തുടങ്ങി അദ്ദേഹം കൈവെക്കാത്ത മേഖലകളില്ല. തമിഴ്‌നാട്ടിൽ നിലനിന്നു പോന്ന ജാതീയതയ്‌ക്കെതിരെ സമരം ചെയ്തു പോരാട്ടങ്ങൾക്ക് തുടക്കം കുറിച്ചത് സ്വാതന്ത്രസമര സേനാനിയും സ്ത്രീ സമത്വവാദിയുമായ ഭാരതിയാർ ആയിരുന്നു. അദ്ദേഹത്തിന്റെ വ്യക്തിപരമായ ജീവിതം ഇവിടെ വിഷമല്ലാത്തതിനാൽ സൂചിപ്പിക്കുന്നില്ല. ബ്രാഹ്മണ കുടുംബത്തിൽ പിറന്നിട്ടും അദ്ദേഹം ജാതീയമായ ഉച്ചനീചത്വങ്ങളോട് എതിർപ്പ് പ്രകടിപ്പിച്ചു. സ്വാതന്ത്ര സമരത്തിൽ പൂർണ്ണമായും വിപ്ലവാത്മക നിലപാടുകൾ സ്വീകരിച്ചത് മൂലം ബ്രിട്ടീഷുകാരുടെ കണ്ണിലെ കരടായിത്തീർന്നു.

അബ്രാഹ്മണർ പാകം ചെയ്ത ആഹാരം കഴിച്ച്, അവരുടെ കൂടെ താമസിച്ച്, അദ്ദേഹം സമൂഹത്തിൽ വരുത്തിയ സാമൂഹിക മാറ്റങ്ങൾ വളരെ വലുതായിരുന്നു. സിസ്റ്റർ നിവേദിതയെന്ന മഹതിയുമായുള്ള സമ്പർക്കം സ്ത്രീ സമത്വ വിഷയങ്ങളിൽ അദ്ദേഹത്തിന് വ്യക്തത നൽകി. ജാതിയതക്കെതിരെയുള്ള പോരാട്ടം പോലെ സ്ത്രീസമത്വ ആശയവും, തമിഴ് സമൂഹത്തിലവതരിപ്പിച്ചത് ഭാരതിയാർ തന്നെയായിരുന്നു. ചാട്ടുളി പോലുള്ള തന്റെ കവിതകളിലൂടെ നിരന്തരം അദ്ദേഹം സമൂഹവുമായി സംവദിച്ചു. ഹിന്ദുത്വത്തിലടിയുറച്ചു നിന്നു കൊണ്ട് അതിലെ അനാചാരങ്ങളെ എതിർത്തു. നായ്ക്ക്കരെ പോലെ വിധ്വംസാത്മകമായിരുന്നില്ല അദ്ദേഹത്തിന്റെ നവീകരണങ്ങൾ. തന്റെ സമൂഹത്തിലെ അനാചാരങ്ങളെ ഇല്ലാതാക്കാൻ സ്വന്തം നില നില്‍പ്പിനെ പോലും മറന്നു കൊണ്ട് അദ്ദേഹം പ്രവർത്തിച്ചിരുന്നു. ഫിയൂഡൽ വ്യവസ്ഥിതിയോടുള്ള തന്റെ പ്രതിഷേധം, തന്റെ അന്നം മുടക്കിയാണദ്ദേഹം നിർവഹിച്ചത്. ഇത്തരത്തിലുള്ള പ്രവർത്തികൾ മൂലം അദ്ദേഹം സ്വസമുദായത്തിൽ നിന്നും ഒറ്റപ്പെടുകയുണ്ടായി. വ്യക്തിപരമോ രാഷ്ട്രീയപരമോ ആയ ലാഭങ്ങളൊന്നും ഭാരതിയാർക്കുണ്ടായിരുന്നില്ല.

ഇങ്ങനെ രാഷ്ട്രത്തിന്റെ അഖണ്ഡതയ്ക്കു വേണ്ടി, ദേശീയതയിലധിഷ്ഠിതമായി തമിഴ് രാഷ്ട്രീയം സ്വാതന്ത്ര സമരത്തിൽ ഒരു പുതു ഊർജം സംഭരിച്ചു കൊണ്ടിരുന്ന സമയത്താണ് ഇവി രാമസ്വാമി നായ്ക്കരെന്ന, തന്തൈപെരിയോർ എന്ന വിശേഷണം കൊടുത്തു തമിഴകം അനാവശ്യമായ ബഹുമാനം നൽകി പ്രതിഷ്ഠിച്ച വ്യക്തി തമിഴ് രാഷ്ട്രീയത്തിലവതരിച്ചത്.

ആരാണ് രാമസ്വാമി നായ്ക്കർ?

തമിഴ്‌നാട്ടിൽ ജാതീയതയ്‌ക്കെതിരെ പോരാട്ടം തുടങ്ങിയ വ്യക്തി, തമിഴ്‌നാട്ടിൽ ആദ്യമായി സ്ത്രീ സമത്വത്തെ കുറിച്ചു സംസാരിച്ചയാൾ, അന്ധവിശ്വാസങ്ങൾക്കെതിരെ പടനയിച്ചയാൾ, യുക്തിവാദി തുടങ്ങിയനവധി വിശേഷങ്ങൾ നായ്ക്കരും അദ്ദേഹത്തിന്റെ ആരാധകരും കൽപ്പിച്ചു നൽകിയിട്ടുണ്ടെങ്കിലും വികാരപരവും, വ്യക്തിപരവുമായ ലക്ഷ്യങ്ങളെ മുൻനിർത്തി സാമൂഹ്യ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടയാളായിരുന്നു നായ്ക്കരെന്ന മറുവശം തള്ളിക്കളയാനാകാത്ത തെളിവുകളുമായി മുൻപിൽ നിൽക്കുന്നുണ്ട്.
ഇവി രാമസ്വാമി നായ്ക്കരുടെ സാമൂഹ്യ സംഭാവനകൾ മുഴുവനും വിധ്വംസകാത്മകവും രാഷ്ട്രത്തിന്റെ അഖണ്ഡതയ്ക്ക് വിഘാതവുമായിരുന്നു. നായ്ക്കരുടെ സംഭാവനയായി ആദ്യം എണ്ണാവുന്നത് ബ്രാഹ്മണ വിദ്വേഷാധിഷ്ഠിതമായ നിലപാടുകളാണ്. താൻ ബ്രാഹ്മണ്യത്തെയാണ് ബ്രാഹ്മണരെയല്ല എതിർക്കുന്നതെന്നും പറഞ്ഞു കൊണ്ടിരിക്കുമ്പോഴും, നിങ്ങളൊരു ബ്രാഹ്മണനെയും പാമ്പിനെയും ഒരുമിച്ചു കണ്ടുവെന്നിരിക്കട്ടെ, ആദ്യം ബ്രാഹ്മണനെ കൊല്ലുക തുടങ്ങിയ അത്യന്തം ആപൽക്കരമായ സംഭാഷണങ്ങളും അദ്ദേഹം നടത്തിയിരുന്നു.

ബ്രാഹ്മണരെ ലോകത്തുള്ള സർവ കുഴപ്പങ്ങൾക്കും കാരണ ഭൂതരായിക്കണ്ട്  തികച്ചും വ്യക്തിപരമായ വൈരാഗ്യം മുൻനിർത്തി (അതിനെക്കുറിച്ചു പറയാം ) അവരെ പൊതു സമൂഹത്തിൽ നിന്നുമകറ്റാൻ നായ്ക്കർ നിരന്തരം ശ്രമിച്ചു കൊണ്ടിരുന്നപ്പോൾ, മറുഭാഗത്ത് സുബ്രഹ്മണ്യ ഭാരതിയെന്ന മനുഷ്യൻ, മുന്പാരും ചെയ്യാൻ ധൈര്യപ്പെടാതിരുന്ന ഒരു പ്രവർത്തി ചെയ്തു. താണജാതിയിൽ പെട്ട കനകലിംഗമെന്ന ഒരാളെ പൂണൂലണിയിച്ച് ബ്രാഹ്മണനാക്കുകയെന്ന വിപ്ലവാത്മകമായ പ്രവർത്തിയായിരുന്നു അത്. അന്നുള്ള സാമൂഹ്യ സാഹചര്യത്തിൽ അത്തരമൊരു പ്രവർത്തി സാധാരണക്കാരെ കൊണ്ട്  സാധിക്കുന്നതായിരുന്നില്ല. വ്യക്തിത്വങ്ങൾ തമ്മിലുള്ള വ്യത്യാസം നോക്കുക! ഒരാൾ ജാതീയതയ്ക്ക് കാരണക്കാരാണെന്ന പേരിൽ തന്റെ സഹജീവിയുടെ അസ്തിത്വം തന്നെ ഇല്ലാതാക്കുവാൻ വേണ്ട തീവ്രമായ വിധ്വംസകാത്മക നിലപാട് സ്വീകരിച്ചപ്പോൾ, അപരൻ അതെ കാരണം കൊണ്ട് നരകിച്ചവനെ, തന്റെ സഹജീവിയെ സമൂഹത്തിൽ ഉന്നത സ്ഥാനത്തേക്ക് ഉയർത്തുകയാണ് ചെയ്തത്.

ആര്യ ദ്രാവിഡവാദം :

ദക്ഷിണേന്ത്യയിൽ വിഭാഗീയതയുടെ വിത്തുകൾ പാകിയ ആര്യ ദ്രാവിഡ വാദം പാശ്ചാത്യ പാതിരിയായ റോബർട്ട് ക്ലാട്വൽന്റെ സൃഷ്ടിയായിരുന്നു. അയാൾ തികച്ചു വിഭജനാത്മകമായ രീതിയിലാണ് ആര്യ ദ്രാവിഡവാദമവതരിപ്പിച്ചത്. നായ്ക്കർക്ക് ഈ വിഭാഗീയത ഏറെ രുചിക്കുകയും, ഈ പാതിരിയുടെ വാദങ്ങളുടെ ചുവടു പിടിച്ചു, വംശീയമായി ആര്യ ദ്രാവിഡ വാദമവതരിപ്പിക്കുകയും ചെയ്തു. ആര്യമാരെന്നാൽ ക്രൂരന്മാരായ അധിനിവേശക്കാരാണെന്നും അവർ നല്ലവരും തദ്ദേശീയരുമായ ദ്രാവിഡരെ കീഴ്പ്പെടുത്തി അധീശത്വം സ്ഥാപിച്ചുവെന്നും അവരാണ് ബ്രാഹ്മണരെന്നും അയാൾ തമിഴരിൽ കുത്തിവെച്ചു. തുടർന്ന് ദ്രാവിഡ കഴകമെന്ന മുന്നണിയുണ്ടാക്കിയതോടെ ദക്ഷിണേന്ത്യക്ക് മറ്റൊരു സ്വത്വം നായ്ക്കർ രൂപപ്പെടുത്തി. തമിഴരിൽ രാഷ്ട്ര സങ്കൽപ്പത്തിലുപരിയായ തമിഴ് സ്വത്വബോധവും അതിനായുള്ള അനാവശ്യ വൈകാരികതയും കുത്തിനിറച്ചു. ഇതിനു പകരമായി തമിഴകം നൽകേണ്ടി വന്ന വില വളരെ വലുതായിരുന്നു. ശ്രീലങ്കയിലെ വംശഹത്യ മുതൽ തമിഴ് ബ്രാഹ്മണർക്കു അക്കാലങ്ങളിൽ നേരിടേണ്ടി വന്ന ക്രൂരവും മനുഷ്യത്വ രഹിതവുമായ പെരുമാറ്റങ്ങൾ വരെ അത് നീളും. കൂടാതെ ഒരമ്മയുടെ സന്താനങ്ങളായിരുന്ന സംസ്‌കൃതത്തെയും ചെന്തമിഴിനെയും തമ്മിലകറ്റി. തമിഴിലെയും സംസ്‌കൃതത്തിന്റെയും സാമ്യം അത് പഠിക്കുന്നവർക്ക് എളുപ്പത്തിൽ ബോധപ്പെടാവുന്നതേയുള്ളൂ എന്നിരിക്കെ  ബഹിഷ്ക്കരണമെന്ന പേരിൽ സംസ്‌കൃത ഭാഷയെ സാധാരണക്കാരിൽനിന്നും അകറ്റി നിർത്തി.

ബ്രാഹ്മണരെ ദുഷ്ടന്മാരായി മുദ്രകുത്തി ആര്യനെന്ന ജാതികളാക്കി മാറ്റേണ്ടത് മതം മാറ്റങ്ങൾക്കു കോപ്പു കൂട്ടുന്ന ക്രൈസ്തവ സഭയുടെ ആവശ്യമായിരുന്നു. അറിഞ്ഞോ അറിയാതെയോ രാമസ്വാമി നായ്ക്കർ അവരുടെ തുഴക്കാരനാകുകയാണുണ്ടായത്.

പലരും കരുതുന്നതു പോലെ നായ്ക്കരുടെ ബ്രാഹ്മണ വിരോധം സാമൂഹ്യ ഉദ്ധാരണത്തിനു വേണ്ടിയായിരുന്നില്ല. അധികമാരും ശ്രദ്ധിക്കാതെ പോയ, തികച്ചും വ്യക്തിപരമായ ഒരു തിയറി തന്നെ ഇതിനു പിന്നിലുണ്ടായിരുന്നു എന്ന് വേണം കരുതാൻ. ബ്രിട്ടീഷുകാരുടെ വരവിനു മുൻപേ, ദക്ഷിണേന്ത്യ അടക്കി ഭരിച്ചിരുന്നത് നായ്ക്കർ ജാതിയിൽ പെട്ടവരായിരുന്നു. ബ്രിട്ടിഷുകാർ തങ്ങളുടെ ആധിപത്യം സ്ഥാപിച്ചതോടെ അവർ നായ്ക്കരെ അഡ്മിനിസ്‌ട്രേറ്റീവ് മേഖലകളിൽ നിന്നും പുറത്താക്കുകയും തൽസ്ഥാനത്തു ബ്രാഹ്മണരെ അവരോധിക്കുകയും ചെയ്തു. തന്റെ സമുദായത്തിന്റെ അധഃപതനത്തിനു കാരണക്കാരായവരെന്ന വിദ്വേഷ്യം ഇങ്ങനെയാവാം നായ്ക്കരുടെ മനസ്സിൽ ചെറുപ്പം മുതൽ തന്നെ വേരുറച്ചത്. കൂടാതെ കാശിയിൽ വെച്ച് തനിക്കു ഭക്ഷണം നൽകിയില്ല, ചെറുപ്പത്തിൽ മോഷണം നടത്തിയപ്പോൾ ശിക്ഷിച്ചു തുടങ്ങിയ കാരണങ്ങളും ഇതിനു ആക്കം കൂട്ടിയിട്ടുണ്ടാകാം.

മാത്രമല്ല, തമിഴ് നാട്ടിൽ ജാതിബോധം മൂലം കീഴ് ജാതിക്കാരെ പീഡിപ്പിച്ചിരുന്നത് ബ്രാഹ്മണർ മാത്രമായിരുന്നില്ല. രാമസ്വാമിയുടെ ജാതിയായ നായ്ക്കരും ഈ പ്രവർത്തിയിൽ ഒട്ടും പിറകിലായിരുന്നില്ല. അവർക്കെതിരെ അധികമൊന്നും ശബ്‌ദിക്കാതിരുന്നതിൽ നിന്നും ആത്മാർത്ഥമായ സമൂഹ ഉദ്ധാരണമോ കീഴ് ജാതിക്കാരുടെ ഉന്നമനമോ ആയിരുന്നില്ല, മറിച്ച് വ്യക്തിപരമായ വിദ്വേഷ്യമായിരുന്നുവെന്നു മനസ്സിലാക്കാൻ പ്രയാസമില്ലല്ലോ. എന്നാൽ, ഭാരതിയാറാകട്ടെ, ബ്രാഹ്മണ്യത്തിന്റെ എല്ലാ സുഖസൗകര്യങ്ങളും എളുപ്പത്തിൽ ആസ്വദിക്ക്യാമായിരുന്നുവെങ്കിലും അദ്ദേഹം അവയെല്ലാം നിഷേധിക്കുകയും, എക്കാലവും ദാരിദ്ര്യത്തിൽ ജീവിച്ചുകൊണ്ട്, ജാതീയതയ്‌ക്കെതിരെ പോരാടിക്കൊണ്ടിരുന്നു.
ഇവരിൽ ആരാണ് ശ്രേഷ്ഠൻ?

ഈശ്വരാസ്തിത്വം :

ഈശ്വര നിഷേധിയെന്നും നിരീശ്വരവാദിയെന്നുമുള്ള തലക്കെട്ടുകൾ നിരവധിയുണ്ടെങ്കിലും നായ്ക്കർ ആത്മാർത്ഥമായി ഹൈന്ദവതയെ മാത്രമാണെതിർത്തത് എന്നതാണ് സത്യം. അന്യമതങ്ങളുടെ ഏക ദൈവ വിശ്വാസത്തിലധിഷ്ഠിതമായ ഈശ്വര വിശ്വാസത്തെ പ്രോത്സാഹിപ്പിക്കാൻ നായ്ക്കർ മുന്പിലുണ്ടായിരുന്നു. “I am not asking you not to worship God but to worship one God like the way Christians and Muslims do.”(Viduthalai, 04-06-1959) എന്നാണു ഈ നിരീശ്വരവിശ്വാസി ലോകത്തോട് വിളിച്ചു പറഞ്ഞത്. ഇതു കൂടാതെ തന്റെ മധ്യ വയസ്സിനോടടുപ്പിച്ചു ഹിന്ദുത്വ വിരുദ്ധവും അന്യ മതങ്ങളിലെ ഏക ദൈവ വിശ്വാസത്തിലധിഷ്ഠിതവുമായ നിരവധി വാചകങ്ങൾ അദ്ദേഹത്തിന്റേതായി കാണാവുന്നതാണ്. മറ്റുമതങ്ങളിൽ അനാചാരങ്ങൾ ഇല്ലാഞ്ഞിട്ടല്ല, ഒന്നുകിൽ, ഇന്നുള്ള പുരോഗമന പ്രസ്ഥാനക്കാരെപ്പോലെ മേല് നോവുമെന്ന ഭയം, അല്ലെങ്കിൽ രാഷ്ട്രീയമായ ലക്ഷ്യങ്ങൾ നേടിയെടുക്കാൻ ഹൈന്ദവതയെ പഴിച്ചാൽ എളുപ്പമെന്ന ബോധം. ഇവ രണ്ടും നായ്ക്കരിൽ സ്വാധീനം ചെലുത്തിയിരിക്കാം.

ജനാധിപത്യം:

ജനാധിപത്യ മൂല്യങ്ങളിൽ വിശ്വസിക്കാത്ത ഒരു വ്യക്തിയായിരുന്നു നായ്ക്കർ. രാഷ്ട്രീയത്തിൽ തന്റെയൊപ്പം നടക്കാത്തവരെയൊക്കെ ശത്രുവായി കരുതി, ദേശീയവാദത്തിലൂന്നി രാഷ്ട്രീയപ്രവർത്തനങ്ങളിൽ മുഴുകിയ ഗാന്ധിജിയെയും , അംബേദ്ക്കറിനെയും വിമർശിച്ചു കൊണ്ടേയിരുന്നു. അംബേദ്ക്കർക്ക് വർണ്ണ വ്യവസ്ഥയെപ്പറ്റി തന്റേതായ അഭിപ്രായങ്ങളുണ്ടായിരുന്നുവെങ്കിലും രാമസ്വാമിയെപോലെ വിഭാഗീയതയിൽ അധിഷ്ഠിതമായിരുന്നില്ല. . ആര്യാധിനിവേശ സിദ്ധാന്തത്തിന്റെ അപകടം മനസ്സിലാക്കി അംബേദ്ക്കറോ, അയ്യങ്കാളിയോ അതിനെ അനുകൂലിച്ചിരുന്നില്ല. അതു കൊണ്ടു തന്നെ ഇവരാരും നായ്ക്കർക്കു സ്വീകാര്യരായിരുന്നില്ല. നായ്ക്കർ ഏകീകൃതമായ ഇന്ത്യയിലോ ജനാധിപത്യമൂല്യങ്ങളിലോ വിശ്വസിച്ചിരുന്നില്ല.

തമിഴ്‌നാട്ടിലെ കീഴ്‍വെണ്മണിയെന്ന സ്ഥലത്ത് 44 ദളിതരെ ജന്മികൾ വെട്ടിക്കൊന്ന സംഭവത്തിൽ, കൊലപാതകികൾ ബ്രാഹ്മണ ജാതിയിൽ പെടാത്തവരായിരുന്നതിനാൽ അത്ര കണ്ടെതിർപ്പു പ്രകടിപ്പിക്കുവാനോ കൊലപാതകികളെ പഴിക്കുവാനോ നായ്ക്കർ കൂട്ടാക്കിയില്ല. അവിടെയും ജനാധിപത്യ സംവിധാനത്തെ എതിർത്ത് ഇന്ത്യ വിരുദ്ധത തിരുകി കയറ്റുവാനാണ് നായ്ക്കർ ശ്രമിച്ചത് “So long as democracy exists, the honest will have no other option except to fade away, giving the dishonest room to dance around. The people of India are barbarians. The dharma of India is the dharma of criminal tribes. As long as the ones who follow Manu dharma exist, the nation will never have discipline, integrity, honesty and justice. India has gone into the hands of scoundrels after the departure of the British.” എന്തിനേറെ , പ്രത്യേകമൊരു ദ്രാവിഡ നാടനുവദിച്ചില്ലെന്ന കാരണം പറഞ്ഞു , നായ്ക്കരും കൂട്ടരും ആഗസ്ത് പതിനഞ്ച് 1947 കരിദിനമായി ആചരിക്കുക വരെ ചെയ്തു. ഈ വിഭാഗീയവാദി ഇനിയും ആദരിക്കപ്പെടേണ്ടതുണ്ടോ?

ഭാരതിയാറാകട്ടെ വേദശാസ്ത്ര പണ്ഡിതനും ഭാരതത്തിന്റെ അഖണ്ഡതയിൽ വിശ്വാസമർപ്പിച്ചു കൊണ്ടു പ്രവർത്തിച്ച വ്യക്തിയുമായിരുന്നു. അദ്ദേഹത്തിന്റെ പേരും കവിതകളും തന്നെ ഇവയ്ക്ക്കുള്ള തെളിവ് നൽകുന്നുണ്ടല്ലോ.

അങ്ങേയറ്റത്തെ വെറുപ്പിൽ നിന്നുമുണ്ടായ ബ്രാഹ്മണവിരോധം മൂലം സുബ്രഹ്മണ്യ ഭാരതിയെപ്പോലും അദ്ദേഹമൊരിക്കലും അഭിമാനിക്കാത്ത ജാതിയുടെ പേരിൽ നായ്ക്കർ വെറുതെ വിട്ടില്ല. സുബ്രഹ്മണ്യ ഭാരതിയുടെ മഹത്വം അദ്ദേഹം ജീവിച്ചിരിക്കുമ്പോൾ തമിഴ്നാട്ടുകാർ തിരിച്ചറിഞ്ഞിരുന്നില്ല. മരണത്തോടെ (1921 ൽ അദ്ദേഹം മരിച്ചു. ) അദ്ദേഹത്തിന്റെ കലാസൃഷ്ടികൾ വമ്പിച്ചതോതിൽ തമിഴ് രാഷ്ട്രീയത്തിലിടം നേടി ജനതയെ സ്വാധീനിച്ചു. ഇത് നായ്ക്കരുടെ രാഷ്ട്രീയത്തിന് വിഘാതമായിരുന്നതിനാൽ നായ്ക്കർ ഭാരതിയാരെക്കുറിച്ചു അനാവശ്യ വിവാദങ്ങളുണ്ടാക്കിയാധിക്ഷേപിച്ചു.

“They say Bharati is an immortal poet…All of Tamil Nadu praises him. Why should this be so? Supposedly because he sang fulsome praises of Tamil and Tamil Nadu. What else could he sing? His own mother tongue, Sanskrit, has been dead for years. What other language did he know? He cannot sing in Sanskrit….” ഇതായിരുന്നു ആ മഹാത്മാവിനെക്കുറിച്ചു രാമസ്വാമിക്ക് പറയാനുണ്ടായിരുന്നത്. ഇന്നും തരം കിട്ടുമ്പോഴൊക്കെ ഈ ദ്രാവിഡ വാദികൾ ഒളിഞ്ഞും തെളിഞ്ഞും ഭാരതിയാരെ വേട്ടയാടുന്നുണ്ട്. ഭാരതീയർ തമിഴിനെ ദ്രാവിഡ ദേശമെന്നു വിളിച്ചില്ല, സംസ്‌കൃതത്തെ ആര്യ ഭാഷയായി അവതരിപ്പിച്ചു എന്നൊക്കെയാണ് ഭാരതിയാരെ കുറിച്ചുള്ള ആരാധകരുടെ കൊതിക്കെറുവുകൾ. എന്നാൽ, ഇതേ അനുയായികളുടെ ‘തന്തൈ പെരിയോർ’ക്ക് തമിഴ് ഭാഷയോടുള്ള സമീപനമെന്തായിരുന്നുവെന്നറിയുന്നത് രസകരമായിരിക്കും.

തമിഴുമായുള്ള വൈകാരിക ബന്ധം:

അദ്ദേഹം സെന്തമിഴിനെക്കുറിച്ചിങ്ങനെ മൊഴിഞ്ഞു..

“Tamil is the language of barbarians.”

“English is better than Tamil in all respects. One who knows English becomes a rationalist. One who learns Tamil gets bogged down by orthodoxy.”

“What will you lose by rejecting Tamil? What is it useful for?”

“Tamil is a nuisance and all Tamil poets are enemies of rationalism.”

“Tholkappiyan was sold-out to Aryans. He is a traitor who simply wrote Aryan dharma as Tamil grammar”

“Thiruvalluvan wrote Aryan nonsense that suited those times. He let go off rationalism and made some emotional rants.”

“Kamban is a traitor. He considered himself a Brahmin and portrayed Brahmin traditions as Tamil cultures.”

“The Bhakti movement and all the Tamil literature that came out of it have to be set on fire. It was a movement by Brahmins who wiped out the Jains by instigating the common people using Hinduism.”

“I suggest to get rid of all Tamil letters which belong to time of Barbarians and use the English alphabets to reform Tamil.”

“I urge everyone to converse at home in English. Shun Tamil and converse in English with your wife, children and even, the servants. Only English will reform you.”

‘തന്തൈ പെരിയോർ തന്റെ അരുമയാന തമിഴ് മക്കൾ’ക്ക് കൽപ്പിച്ചു നൽകിയ സ്ഥാനം മേല്പറഞ്ഞവയിലൊതുങ്ങും.

രാമസ്വാമി നായ്ക്കരുടെ സ്വദേശം കന്നഡയായിരുന്നു, തമിഴ്‌നാടായിരുന്നില്ല എന്നുകൂടി പറഞ്ഞാലേ ഈ ഇരട്ടത്താപ്പിന്റെ ആഴം മനസ്സിലാകൂ. തമിഴിനെക്കാളും തന്റെ മാതൃഭാഷയായ കന്നടയെക്കാളുമധികം നായ്ക്കർക്കു പ്രിയം ഇംഗ്ലീഷ് ഭാഷയോടായിരുന്നുവത്രെ. തമിഴെന്ന ശ്രേഷ്ഠ ഭാഷയുടെ മഹത്വമറിയാതിരിക്കാൻ മനപ്പൂർവം നാല് സംസ്ഥാനങ്ങളെ ചേർത്ത് ദ്രാവിഡനാടെന്നു വിളിക്കുകയായിരുന്നു വെന്നും ഒരു പക്ഷമുണ്ട്. ഈ നായ്ക്കരുടെ അനുയായികളാണ് തമിഴകത്തെ ദ്രാവിഡനാടെന്നു വിശേഷിപ്പിച്ചില്ലെന്ന തെറ്റിന് ഭാരതിയാരെ പഴിച്ചതെന്നു ഓർക്കണം. കൂടാതെ നായ്ക്കർ സൂചിപ്പിച്ചതു പോലെ തമിഴും സംസ്‌കൃതവും മാത്രമായിരുന്നില്ല ഭാരതിയാർക്ക് അറിയാവുന്ന ഭാഷകൾ. ബംഗാളിയും, തെലുങ്കുവും, ഇംഗ്ലീഷും, ഫ്രഞ്ചും അദ്ദേഹത്തിനറിയാമായിരുന്നു. ടാഗോറിന്റെ കവിതകൾ ബംഗാളിയിൽ നിന്നും തമിഴിലേക്ക് മൊഴിമാറ്റണമെങ്കിൽ ബംഗാളി ഭാഷയിൽ പാണ്ഡിത്യമില്ലാതെ സാധിക്കില്ലല്ലോ. ഭാരതിയാർക്കു തന്റെ ഭാഷയോടുണ്ടായിരുന്ന നിസ്സീമമായ സ്നേഹമൊന്നു കൊണ്ട് മാത്രമാണ് അദ്ദേഹം തമിഴിനെ കുറിച്ചു ഇത്രകണ്ട് വാചാലനായത്. തമിഴിനെ ‘കാട്ടുമിരണ്ടി’ ഭാഷയെന്ന് വിശേഷിപ്പിച്ച നായ്ക്കരെവിടെ?
തമിഴിനെ ജീവശ്വാസമായിക്കരുതി താലോലിച്ച ഭാരതിയാരെവിടെ?
ആരാണ് തമിഴർക്കാരാധ്യനാകേണ്ടത്?

സ്ത്രീ സമത്വവാദി :

തമിഴ്‌നാട്ടിൽ സ്ത്രസമത്വ വാദത്തിനു തുടക്കം കുറിച്ചത് ഭാരതിയാരായിരുന്നു എങ്കിലും നായ്ക്കരും ഒരു സ്ത്രീസമത്വ വാദിയായിരുന്നു. തമിഴ്‌നാട്ടിൽ സ്ത്രീകൾക്കെതിരെ നിലവിലുണ്ടായിരുന്ന അനാചാരങ്ങൾക്കെതിരെ പോരാടാനിദ്ദേഹം മുന്പിലുണ്ടായിരുന്നു. ദേവദാസി സമ്പ്രദായമവസാനിപ്പിച്ചും, സ്ത്രീധനത്തിനും ശൈശവ വിവാഹങ്ങൾക്കെതിരെ പോരാടിയും ഇദ്ദേഹം സ്ത്രീ സമത്വമേഖലയിൽ സ്വന്തമായിരിടമുണ്ടാക്കിയിട്ടുണ്ട് . പക്ഷെ രാമസ്വാമിയെന്ന വ്യക്തിയുമായി തട്ടിച്ചു നോക്കുമ്പോൾ അവയെല്ലാം തന്നെ ഉദ്ദേശശുദ്ധിയില്ലാത്ത ഒരു അനാർക്കിസ്റ്റിന്റെ ജല്പനങ്ങളായേ കാണാനാകൂ.

“Why should women spend their lives alone as widows? Instead, they should say no to marriages. That way, they wont have to bear the burden of motherhood or become a widow ever.”

“If you are not happy in marriage, tear the thali off and leave.”

“Why should you lose your identity when you marry? Say no to changing your name.”

“Parents should christen their daughters with traditional names of men. Only then there can be equality for women.” തികച്ചും അരാജകത്വ നിലപാടുകളുടെ കൂടെ പെൺകുട്ടികൾക്ക് ആൺകുട്ടികളുടെ പേരിടണം എന്ന് പറയത്തക്കത്രയും ശുഷ്കമായിരുന്നു നായ്ക്കരുടെ സാമൂഹ്യ സ്ത്രീസമത്വ ബോധം.

ക്ഷേത്രോത്സവത്തിൽ പങ്കെടുത്തുവെന്ന കാരണത്താൽ സ്വന്തം ഭാര്യയെ “ദാസി” എന്ന് പൊതുമധ്യത്തിൽ സംബോധന ചെയ്യുക, 70 വയസ്സിൽ 26 വയസ്സുകാരിയെ വിവാഹം കഴിക്കുക , പ്രസംഗത്തിന് വിപരീതമായി ആ സ്ത്രീയുടെ പേരിനൊപ്പം തന്റെ കൂടി പേർ ചേർത്ത് ഈവിആർ മണിയമ്മയെന്നു മാറ്റുക തുടങ്ങിയവയാണ് വ്യക്തി ജീവിതത്തിലദ്ദേഹത്തിന്റെ സ്ത്രീ സ്വാതന്ത്ര പാഠങ്ങൾ. ദളിത് സ്ത്രീകൾ ബ്ലൗസ് ധരിച്ചു തുടങ്ങിയതോടെയാണ് തുണിക്കു വില കൂടിയതെന്ന അത്യന്തം സ്ത്രീ വിരുദ്ധമായൊരു പ്രസ്താവനയും ഈ സ്ത്രീ സമത്വവാദിക്കു സ്വന്തമായുണ്ട്. മാതൃത്വമെന്നാൽ സ്ത്രീകൾക്ക് ഒരു ബാധ്യതയാണെന്നും അതിൽ നിന്നുമവർ പുറത്തു വരണമെന്നുമൊക്കെയുള്ള പുരോഗമനചിന്തകൾ ഒരുപക്ഷെ ആദ്യമുരുവിട്ടത് നായ്ക്കരായിരിക്കും. ( വ്യക്തി ജീവിതത്തെക്കുറിച്ചെറേ പറയുവാൻ താല്പര്യപ്പെടുന്നില്ല. ആവശ്യമുള്ളവർക്ക് അദ്ദേഹത്തിന്റെ ജീവചരിത്രം തന്നെ മതിയായ തെളിവുകൾ നൽകുന്നുണ്ട്.)

എന്നാൽ, നായ്ക്കർ തന്റെ ശുഷ്കവും യുക്തി രഹിതവുമായ സ്ത്രീസമത്വ പാഠങ്ങളുരുവിടും മുൻപേ, അതെ വിഷയത്തിൽ പ്രസംഗവും പ്രവർത്തിയുമൊന്നാക്കി തന്റെ കവിതകളെ മുൻനിർത്തി ഭാരതീയർ ബഹുദൂരം മുൻപോട്ടു സഞ്ചരിച്ചിരുന്നു. ഭാരതിയാരുടെ സ്ത്രീസമത്വ വാദങ്ങൾക്ക് പുതിയൊരു മാനം കൈവന്നത് സിസ്റ്റർ നിവേദിതയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷമാണ്. മുൻപേ തന്നെ ചെറു തീപ്പൊരികൾ ഉണ്ടായിരുന്നുവെങ്കിലും സിസ്റ്ററുമായുള്ള ആശയ സമ്പർക്കങ്ങൾക്കു ശേഷമാണ് അവയ്ക്ക് വ്യക്തമായ മാനം കൈവന്നത്. സിസ്റ്ററെ സാക്ഷാൽ ഭാരതാംബയായാണ് ഭാരതീയർ കണ്ടത്. കുടുംബത്തിലും സമാജത്തിലുമധിഷ്ഠിതമായി വേണം ഭാരതീയ സ്ത്രീത്വം നിലനിൽക്കേണ്ടതെന്നു സിസ്റ്ററെപ്പോലെ അദ്ദേഹവും ആഗ്രഹിച്ചു.

Sister Nivedita

വെറും 39 കൊല്ലത്തെ ജീവിത കാലയളവിൽ ഭാരതിയാരെന്ന പ്രതിഭ കൈവെക്കാത്ത മേഖലകളില്ല. ആ ഹ്രസ്വമായ ജീവിത കാലാവധി മൂലമാകണം ദ്രാവിഡനാടിനപ്പുറം ആരും ഇദ്ദേഹത്തെ അറിയാതെ പോയത്. നിലപാടുകളിൽ പുലർത്തിയ കർക്കശതയും, പ്രശസ്‌തിയെക്കുറിച്ചു മോഹമില്ലാതിരുന്നതും, മാതൃഭാഷയിലല്ലാതെ കാവ്യരചന നടത്താതിരുന്നതും, ഇതിനൊരു കാരണമായിരുന്നിരിക്കാം. ഇവയ്‌ക്കെല്ലാമുപരിയായി ദേശീയതയിലധിഷ്ഠിതമായ രാഷ്ട്രബോധം തളിർക്കരുതെന്ന ചിന്താഗതിക്കാർ മനഃപൂർവം ആ പ്രതിഭയെക്കുറിച്ച് പുറം ലോകത്തെ അറിയിക്കാതിരുന്നതുമാകാം. തമിഴ് രാഷ്ട്രീയം അക്കാലത്ത് അങ്ങനെയായിരുന്നുവല്ലോ. അത് ഈവി രാമസ്വാമി നായ്ക്കരുടെ വിഭാഗീയ രാഷ്ട്രീയത്തിന്റെ പതിപ്പായിരുന്നു.

മഹാത്മാ അയ്യൻ‌കാളി, ശ്രീ നാരായണഗുരു, അംബേദ്ക്കർ മുതലായവർക്കൊപ്പമാണ് രാമസ്വാമി നായ്ക്കരുടെ സ്ഥാനം. ക്രിസ്ത്യൻ മിഷനറിമാരുടെ പ്രത്യേക താല്പര്യങ്ങളും ഇതിനു പിറകിലുണ്ട്. ഇതിന് തക്കതായി എന്താണ് നായ്ക്കരുടെ യോഗ്യത?
എല്ലില്ലാത്ത നാക്കു കൊണ്ട് തോന്നും പോലെ പലതും പറഞ്ഞ പാരമ്പര്യമോ?
ജാതീയതയെന്നാൽ ബ്രാഹ്മണ സമുദായത്തെ ആക്ഷേപിക്കുകയെന്ന ഉദ്ദേശം മുൻനിർത്തി പ്രവർത്തിച്ചതോ..?
ഹൈന്ദവ മതത്തെ വികൃതമാക്കി അവതരിപ്പിച്ചതോ..?
രാവണനെ ദ്രാവിഡനാക്കിയും രാമനെ ആര്യനാക്കിയും രാമായണത്തെ ആര്യ ദ്രാവിഡ വിഭാഗീയത മുൻനിർത്തിയ വംശീയ കാവ്യമാക്കിയതോ?
മാനവീയത, വെറുപ്പിലും വിഭാഗീയതയിലും പൊതിഞ്ഞു നൽകുന്നവരെ സൂക്ഷിക്കണം. അവരെത്ര കണ്ടു ശ്രേഷ്ടരായിരുന്നെങ്കിലും അവർ വിതച്ച വിഭാഗീയതയുടെ വിഷം ഒരുനാൾ പുറത്തു വരിക തന്നെ ചെയ്യും. ഇന്ന് സ്ഥിതിഗതികൾക്കേറെ മാറ്റമുണ്ടാകുന്നുണ്ടെന്ന വസ്തുത വിസ്മരിക്കുന്നില്ല. വിഭാഗീയമല്ലാത്ത ദേശീയതയിലധിഷ്ഠിതമായി കണ്ണും കാതും കൂർപ്പിച്ചു കൈകോർക്കുന്ന ഒരു യുവജനത തമിഴ്‌നാട്ടിലെ മണ്ണിൽ നിന്നുമുയിർ കൊള്ളുന്നുണ്ട്. അവർ കപട വിഗ്രഹങ്ങളെ പിഴുതെറിഞ്ഞു തൽസ്ഥാനത്ത് മറവിയിലാണ്ടുപോയ പ്രതിഭകളെ പ്രതിഷ്ഠിക്കുക തന്നെ ചെയ്യും.

====================കൃഷ്ണപ്രിയ=======================