“ഭയങ്കരാമുടി” – പുസ്തക വിശകലനം

cover

ഭയം ജനിപ്പിക്കുന്ന ഒരു പര്‍വതമുണ്ട്…..ഭയങ്കരാമുടി.

അശാന്തി ജനിപ്പിക്കുന്നതിന്‍റെ ആദ്യത്തെ പടിയാണ് ഭയം.വലിയ ഭയം ചെറിയ ഭയത്തെ കീഴ്പെടുത്തുന്നു.എങ്കില്‍ പോലും ആത്യന്തികമായി രണ്ടും ഭയങ്ങള്‍ തന്നെയാണ്.കേരളത്തിലെ സമകാലിക രാഷ്ട്രീയ സാമുദായിക മേഖലയില്‍ രൂപപ്പെട്ട ഒരു ഭയങ്കരാമുടിയെക്കുറിച്ചുള്ള നഖചിത്രം വരക്കുകയാണ് കെ രവിവര്‍മതമ്പുരാന്‍ തന്റെ നോവലായ ഭയങ്കരാമുടിയില്‍.
ഇന്ത്യന്‍ രാഷ്ട്രീയത്തിനെന്നല്ല ലോക രാഷ്ട്രീയത്തിന് തന്നെ നിര്‍ദ്ധാരണംചെയ്യാന്‍ പറ്റാത്ത ഒരു സമസ്യയാണ് പലപ്പോഴും കൊച്ചു കേരളം.

renjith

രഞ്ചിത്ത് കാഞ്ഞിരത്തില്‍

“കന്യാകുമാരിക്ഷിതിയാദിയായി ഗോകര്‍ണാന്തമായ്‌ 
തെക്കുവടക്കങ്ങന്യോന്യമംബാശിവര്‍ നീട്ടി വിട്ട” പോലെ കിടക്കുന്ന സസ്യ ശ്യാമള കോമളഭൂവില്‍ ഭാരതത്തിലെ മറ്റു പ്രദേശങ്ങളെ അപേക്ഷിച്ചു വര്‍ഗീയകലാപങ്ങള്‍ നടന്നിട്ടില്ല എന്ന് പറയാം.മഹാത്മാ അയ്യന്‍കാളിയും ശ്രീനാരായണഗുരുവും വി ടി ഭട്ടതിരിപ്പാടും മന്നത്തു പദ്മനാഭനും ഒക്കെ രൂപം കൊടുത്ത ഹൈന്ദവ സാമൂഹികനവോത്ഥാനവും കമ്യൂണിസ്റ്റ്‌ പാര്‍ടി നേതൃത്വംനല്‍കിയ രാഷ്ട്രീയ ബോധ രൂപവല്‍ക്കരണവും കേരളത്തെ ആകമാന ഇന്ത്യയില്‍ നിന്നും വേറിട്ടുനിര്‍ത്തുന്നു.അതുകൊണ്ടുതന്നെ ഉത്പതിഷ്ണുവായ മലയാളി ലോകത്തെത് സമൂഹത്തിലും പാലില്‍ പഞ്ചസാരയെന്നപോലെ കലങ്ങി ചേരുകയും ജലത്തിലെ മത്സ്യത്തെ പോലെ വേറിട്ടു നില്കുകയും ചെയ്യുന്നു.അങ്ങിനെയുള്ള മലയാളി സമൂഹത്തിലെ ബൌദ്ധിക മണ്ഡലത്തില്‍ വളരെപ്പതുക്കെ പ്രത്യക്ഷപ്പെട്ട് ഒരു വന്‍ കൊടുമുടിയോളം വളര്‍ന്ന ദുഷ്പ്രവണതകളുടെ കനം സമൂലം ഈ നോവല്‍ വരച്ചു കാട്ടുന്നു.book back

കൃതഹസ്തനായ ഒരു പത്രപ്രവര്‍ത്തകന്‍ എഴുതിയ നോവല്‍ എന്നത് കൊണ്ടുതന്നെ മാദ്ധ്യമ രംഗത്തെ അനഭിലഷണീയമായ എന്നാല്‍ അധികമാരും ശ്രെദ്ധിക്കാത്ത രൂപാന്തരത്വങ്ങളാണ് ഈ നോവലിലെ നാഴികക്കല്ലുകള്‍.വളരെ ചെറിയ ജനസംഖ്യയുള്ള കേരളത്തില്‍ പത്തോളം വാര്‍ത്താ ചാനലുകളും നല്ല രീതിയില്‍ പ്രചാരത്തിലുള്ള അത്രയും തന്നെ പത്രങ്ങളും നടന്നുപോകുന്നു.ബൌദ്ധിക ചര്‍ച്ച നടത്തുന്ന വാരികകള്‍ ,പൈങ്കിളി എന്ന് വിളിക്കപ്പെടുന്ന ജനപ്രിയ വാരികകള്‍,വനിതാ ആധ്യാത്മിക പ്രസിദ്ധീകരണങ്ങള്‍ ,വിവിധ സംഘടനകളുടെ മുഖ പത്രങ്ങള്‍ ഇവയൊക്കെ കൂടി മറ്റൊരു ഇരുന്നൂരെണ്ണം വരും.മൂന്നു പത്രവും രണ്ടു ചാനലും വീക്ഷിച്ച് നിക്കരാഗ്വ യില്‍ നടക്കുന്ന സംഭവങ്ങളെ പോലും സ്വാംശീകരിക്കുന്ന മലയാളിയുടെ ധിഷണയുടെ വിശപ്പിനെ കെടുത്താന്‍ ഇവയൊന്നും പോരാത്ത ഭാവവുമാണ്.

author

കെ രവിവര്‍മതമ്പുരാന്‍- നോവലിസ്റ്റ്

കേരളം പോലെ ഒരു സമൂഹത്തിലേക്ക് വിഷം കയറ്റി വിടാന്‍ മാദ്ധ്യമങ്ങളെ ഹൈജാക്ക് ചെയ്‌താ ല്‍ മതി എന്നതാണ് സത്യം. “പൊതുബോധം” എന്ന വാക്ക് അത്യന്തം ക്ലീഷേ ആയി പ്രയോഗിക്കപ്പെടുന്ന ഒരു അവസ്ഥ കേരളത്തി ല്‍ ഇപ്പോഴുണ്ട്.ആ പൊതുബോധത്തിനെ വെല്ലാ ന്‍ എന്ന പേരില്‍ തങ്ങളുടെ അജണ്ടക ള്‍ വിപണനം ചെയ്യുന്ന ചിത്രമാണ്‌ ഇന്ന് മാധ്യമ രംഗത്ത്‌.
ആസാദ്‌ മോഹന്‍ എന്ന പത്രപ്രവര്‍ത്തകന്‍ ദുരൂഹ സാഹചര്യത്തില്‍ സ്വന്തം ഓഫീസില്‍ കൊല്ലപ്പെടുന്നതും,അതിന്റെ അന്വേഷണങ്ങള്‍ ചെന്നെത്തുന്ന അപകടം പിടിച്ച വഴികളും ഒക്കെയാണ് നോവലിലെ പ്രധാന കഥാഗതി.കേരളത്തിലെ സാമുദായിക സൌഹാര്‍ദം തകര്‍ക്കുവാന്‍ നടക്കുന്ന ഓരോ ശ്രെമങ്ങളും ഈ പുസ്തകം ചൂണ്ടിക്കാണിക്കുന്നു.നിവര്‍ത്തന പ്രക്ഷോഭം മുതലിങ്ങോട്ടുള്ള പ്രത്യക്ഷ വര്‍ഗീയതയുടെ പിത്തലാട്ടങ്ങള്‍ എടുത്തു പറയുന്നു.മാര്‍ട്ടിന്‍ ലൂഥര്‍ കിങ്ങിന്റെ പ്രസിദ്ധമായ പ്രസംഗം ഉദ്ധരിച്ചുകൊണ്ട് നമ്മോട് നല്ലൊരു നാളെയെക്കുറിച്ച് സ്വപ്നം കാണാന്‍ ആഹ്വാനം ചെയ്യുന്നു.front
വിലക്കെടുക്കപ്പെട്ട ആസാദ്‌ മോഹന്‍ എന്ന പത്രപ്രവര്‍ത്തകന്‍ മറ്റുള്ള സാഹായികലോടൊപ്പം ഒരു രഹസ്യ സംഘടനയുടെ പിണിയാളുകളായി വര്‍ത്തിക്കുന്നു. തങ്ങളുടെ ആശയങ്ങള്‍ പ്രചരിപ്പിക്കാന്‍ സംഘടന പരിശീലിപ്പിചെടുത്ത ആളുകള്‍ക്ക് എഴുതാനുള്ള സ്ഥലങ്ങള്‍ കേരളത്തിലെ ബൌദ്ധിക വാരികയുടെ പ്രധാന താളുകളില്‍ ഉറപ്പാക്കുന്നു. ബ്രാഹ്മണര്‍ ,ക്ഷത്രിയര്‍ നായര്‍ ഈഴവര്‍ ദളിതര്‍ തുടങ്ങിയ സമുദായങ്ങള്‍ ചരിത്രപരമായി ശത്രുക്കളാണെന്നും,ഒരു പൊതു വിശ്വാസ ധാരക്ക് കീഴിലും അവര്‍ക്ക് ഒന്നിച്ചു നില്ക്കാന്‍ കഴിയില്ലെന്ന് സ്ഥാപിച്ചു കൊണ്ട് ഇവര്‍ക്കിടയിലുള്ള ഭിന്നത വളര്‍ത്തുക.ഇതൊക്കെയാണ് വിലക്കെടുക്കപ്പെട്ട പത്ര പ്രവര്‍ത്തകന്‍ ചെയ്യുന്നത്.അയാളും അയാളുടെ സംഘടനയും കൂടി ആ പ്രസിദ്ധീകരണത്തിന്റെ സര്‍ക്കുലേഷന്‍ വര്‍ധിപ്പിക്കുന്നു.

പുരോഗമന ചിന്ത മൂലം ന്യൂനപക്ഷ സമുദായങ്ങള്‍ സ്വീകരിച്ച എല്ലാ മതേതര ഭാരതീയ പരിഷ്കാരങ്ങളും അവരുടെ നിലനില്‍പ്പിന് ദോഷമാണെന്നും ഭാരതത്തില്‍ അവരെന്നും ഇരകളായിരിക്കും എന്നും വേട്ടക്കാരായ ഭൂരിപക്ഷ സമുദായത്തോട് സായുധമായും വിശ്വാസ പരമായും യുദ്ധം ചെയ്തു മാത്രമേ അവര്‍ക്ക് സ്വത്വം സ്ഥാപിച്ചെടുക്കാന്‍ കഴിയൂ എന്നും ഇടവേളകളില്ലാതെ എഴുതിക്കൊണ്ടിരിക്കുക.ന്യൂനപക്ഷ സമുദായത്തില്‍ പെട്ട സാധാരണക്കാരെ അവരുടെ മൌലിക മത നിയമങ്ങളിലെക്കും മതാചാരങ്ങളിലെക്കുംമടങ്ങിപോകാന്‍ പ്രേരിപ്പിക്കുക.ഇതൊക്കെ അവരുടെ പ്രവര്‍ത്തനത്തിന്റെ ഭാഗങ്ങളാണ്.

“ചില വാരികകളും ഒരു വിഭാഗം പത്രങ്ങളും ചാനലുകളും കൂടി നിരന്തരം എഴുതിയും പറഞ്ഞും ഇപ്പോള്‍ കേരളത്തി ല്‍ തീവ്രവാദം ആദരിക്കപ്പെടുന്ന സാഹചര്യം വന്നിരിക്കുന്നു.തീവ്രവാദികള്‍ മനുഷ്യാവകാശ പ്രവര്‍ത്തകരും സ്വാതന്ത്ര്യ സമര പോരാളികളുമൊക്കെയായി വാഴ്ത്തപ്പെടുന്നു.ഭീകരാക്രമണങ്ങള്‍ അന്വേഷിക്കുന്നവരുടെ വലയില്‍ വീഴാന്‍ ഇന്ത്യയിലെവിടെയും ചില മീനുകള്‍ എപ്പോഴുമുണ്ടാകും.പക്ഷെ ഏതു ഭാഗത്ത് വലയിട്ടാലും അതിലൊരു കേരള സ്രാവും ചെന്നുപെടുന്നു. അതെ അടയാളങ്ങള്‍ വളരെ അപകടകരമാണ്”. നോവല്‍ പറയുന്നു.

സാമുദായിക സ്പര്ധയാ ല്‍ ഉണ്ടാകുന്ന മുറിവുകളെക്കുരിച്ചുള്ള മറ്റൊരു വീക്ഷണം.

“മുറിവുകള്‍ ഭാരതചരിത്രത്തിലുടനീളം ഉണ്ട്.ബാബറുണ്ടാക്കിയ മുറിവ്,നൈസാം ഉണ്ടാക്കിയ മുറിവ്,ടിപ്പു സുല്‍ത്താന്‍ ഉണ്ടാക്കിയ മുറിവ്.മൌണ്ട് ബാറ്റന്‍ ഉണ്ടാക്കിയ മുറിവ്.ഭിന്ദ്രന്‍വാലയുണ്ടാക്കിയ മുറിവ്,ഇന്ദിരാഗാന്ധിയുണ്ടാക്കിയ മുറിവ്.പിന്നെയും പലരുമുണ്ടാക്കിയ മുറിവുകള്‍.ദേഹമാസകലം വെച്ചുകെട്ടുകളുമായി രാജ്യം ആശുപത്രിയില്‍ കിടക്കാതിരിക്കുന്നത് ഓരോ കാലത്തെയും മുറിവുകള്‍ ഏറെ താമസിയാതെ കരിഞ്ഞുപോകുന്നതു കൊണ്ടോ സമൂഹം കരിച്ചുകളയുന്നത് കൊണ്ടോ ആണ്.പക്ഷെ ഇപ്പോള്‍ മുറിവുകളെ ആരുംതന്നെ ,മുറിവേറ്റവരും മുറിവുണ്ടാക്കിയവരും കരിച്ചു കളയുന്നില്ല.പച്ചയായി നില്‍ക്കുന്ന മുറിവുകളില്‍ ഉണ്ടാകുന്ന അണുബാധ പഴുപ്പും ചലവും ഒലിപ്പിച്ച് കൂടുതല്‍ വ്രണിതമാകുമ്പോള്‍ ശരീരം തന്നെ ഉപേക്ഷിച്ചു കളയേണ്ട സ്ഥിതിയല്ലേ ഉണ്ടാവുക.?”

ജനാധിപത്യത്തിലെ ഏറ്റവും പ്രാധാന തൂണായ മാദ്ധ്യമ മേഖലയിലൂടെ കേരളത്തിന്റെ ബൌദ്ധികമണ്ടലത്തെ പതുക്കെപ്പതുക്കെ കീഴടക്കുന്ന വിഷസര്‍പ്പങ്ങളെ ഈ നോവല്‍ നമുക്ക് കാണിച്ചു തരുന്നു.ഒരു രാഷ്ട്രം എന്ന നിലയില്‍ നാം ഏറ്റവും കൂടുതല്‍ ശ്രെദ്ധിക്കേണ്ടത് മാദ്ധ്യമ രംഗത്തെയാണ് എന്നുള്ള വസ്തുത നമുക്ക് ബോധ്യമാകുന്നത് ഈ നോവല്‍ വായിച്ചു തീരുമ്പോഴാണ്.

ഈ നോവല്‍ വായിച്ചു കഴിയുമ്പോള്‍ നമുക്ക്‌ നമ്മോട് തന്നെ പറയേണ്ടി വരിക നാം ജാഗ്രത്തായിരുന്നേ പറ്റൂ,അല്ലാത്തപക്ഷം,അപകടം ഒരു ഭയങ്കരാമുടിയായി നമ്മുടെ മുന്നില്‍ പത്തി വിടര്‍ത്തും എന്ന ലളിത ഗണിതമാണ്.ഒറ്റയിരുപ്പിന് വായന അവസാനിപ്പിക്കുമ്പോള്‍ അതിനെക്കുറിച്ച് നമ്മെ ബോധാവന്മാരാക്കും എന്നുള്ളതില്‍ വി കെ രവിവര്‍മ തമ്പുരാന് അഭിമാനിക്കാം.

bhayankaraamudi

ഭയങ്കരാമുടി
നോവൽ 
രവിവർമ തമ്പുരാൻ
നാഷണൽ ബുക്ക്‌ സ്റ്റാൾ
വില – 110 രൂപ

 

( രഞ്ചിത്ത്  കാഞ്ഞിരത്തില്‍)