ബിഷ്‌ണോയി സമൂഹം – ജീവജാലങ്ങൾക്ക് വേണ്ടി ഉയിര് കൊടുക്കുന്നവർ..

—- ബോധി ദത്ത  —-

ബിഷ്ണോയി സമൂഹം. ഇവരുടെ അചഞ്ചലമായ നിശ്ചയദാർഢ്യത്തിന്റെ ഫലമാണ് സൽമാൻ ഖാനെ ജയിലിനുള്ളിൽ അടച്ചത്. ആ സമൂഹം നമ്മളറിയാതെ തന്നെ നമുക്ക് പരിചിതരാണ് കേട്ടിട്ടില്ലേ. ആ മനോഹരമായ ഭജൻ..
വൈഷ്ണവ് ജൻ തോ , തേനെ കഹിയജെ
പീഡ് പരായി ജാനേ രേ.
അർത്ഥം- മറ്റുള്ളവരുടെ പീഡ അറിയുന്നവരാണ് യഥാർത്ഥ വിഷ്ണു ഭക്തർ.

പതിനഞ്ചാം നൂറ്റാണ്ടിൽ തികഞ്ഞ വിഷ്ണു ഭക്തനായ നരസിംഹ് മെഹ്ത എഴുതിയ ഈ ഭജൻ രാഷ്ട്ര പിതാവായ ഗാന്ധിയെയും , ഭാരതത്തെയും മുഴുവൻ ഒരു കാലത്തു സ്വാധീനിച്ചതാണ്. വിഷ്ണു ഭക്തർ എങ്ങനെ ആയിരിക്കണമെന്ന് വളരെ ലളിതമായി പറയുന്ന ഈ ഭജൻ വിഷ്ണുപദത്തിൽ നിന്നും എത്ര ദൂരെ ആണ് ഞാൻ എന്ന് ഓരോ ഭക്തനെയും ഓര്മിപ്പിക്കുന്നതാണ്. സമ്പ്രദായങ്ങളും വിശ്വാസങ്ങളും എല്ലാം കുഴഞ്ഞു മറിഞ്ഞു ആർക്കും ഒരു വ്യക്തതയും ഇല്ലാത്ത ഈ സമയത്തും കലർപ്പില്ലാതെ സമ്പ്രദായങ്ങൾ പിന്തുടരുന്ന ബിഷ്ണോയ് എന്ന ഒരു ചെറിയ സമുദായം എല്ലാവരെയും അത്ഭുതപ്പെടുത്തി. പണത്തിന്റെയും , അധികാരത്തിന്റെയും മുകളിൽ പരുന്തും പറക്കില്ല എന്ന ചൊല്ല് , വിശ്വാസം കൊണ്ടും , ഇച്ഛാശക്തി കൊണ്ടും അവർ മാറ്റിയെഴുതി. മനുഷ്യ ജീവനെടുത്തിട്ടും അതിന്റെ ഫലംഅനുഭവിക്കാതെ രക്ഷപ്പെട്ട താര രാജാവിനെ , ഒരു കൃഷ്ണ മൃഗവും , ബിഷ്ണോയ് സമുദായത്തിന്റെ ഐക്യവും , വിശ്വാസവും ജയിലിലടച്ചു.

ബിഷ്ണോയ്/ വിഷ്ണോയ്/ പ്രഹ്ളാദപന്തി എന്നത് , രാജസ്ഥാനിലും ഉത്തരേന്ത്യയുടെ മറ്റു ഭാഗങ്ങളിലും കണ്ടു വരുന്ന വൈഷ്ണവ സമ്പ്രദായം പിന്തുടരുന്ന ഒരു ഹിന്ദു സമുദായം ആണ്.പതിനാലാം നൂറ്റാണ്ടിൽ ഗുരു ജാംബിശ്വർ എന്ന സാധു ചിട്ടപ്പെടുത്തിയ 29 നിയമങ്ങൾ ആണ് ബിഷ്ണോയ് സമ്പ്രദായത്തിന്റെ അടിത്തറ .ബിഷ് (20 ) നോയ്‌( 9 ) എന്നും രാജസ്ഥാനിയിൽ ബിഷ്ണോയ്‌ക്ക്‌ വ്യാഖ്യാനം ഉണ്ട്. ശബ്ദവാണി എന്ന് വിളിക്കുന്ന 29 നിയമങ്ങൾ സനാതന ധര്മത്തിലും അഹിംസയിലും അധിഷ്ഠിതം ആണ്.സത്യം , ധർമം, അഹിംസ , പ്രകൃതി സംരക്ഷണം , മഹാ വിഷ്ണു ഉപാസന , ഹവനം, ജനന, മരണ, ആർത്തവ ആശൗചം, ശാരീരിക ശുദ്ധി , കരുണ , ക്ഷമ, വ്രതം, സസ്യാഹാരം , നിസ്സംഗ കർമം , മൃഗ സംരക്ഷണം , ലഹരിവസ്തുക്കൾ വര്ജിക്കൽ തുടങ്ങിയ 29 നിയമങ്ങൾ അവർ പാലിച്ചു പോരുന്നു .

എല്ലാ ജീവജാലങ്ങളിലും വിഷ്ണു ചൈതന്യം കാണുന്ന അവർ മരങ്ങളെയും, പ്രകൃതിയെയും സംരക്ഷിക്കാൻ സ്വന്തം ജീവൻ പോലും ബലി നൽകുന്ന വിശ്വാസികൾ ആണ്. പതിനേഴാം നൂറ്റാണ്ടിൽ ജോധ്പുർ രാജാവിന്റെ വനനശീകരണത്തിനെതിരെ സമരം ചെയ്തു മുന്നൂറിൽ പരം ബിഷ്ണോയ്കൾ വീര മൃത്യു വരിച്ചത് മാത്രം മതി പ്രകൃതിയിൽ അവർ ഈശ്വരനെ കാണുന്നു എന്നത് സാക്ഷ്യപ്പെടുത്താൻ . 2016 ഇലെ കണക്കു പ്രകാരം ഏകദേശം 1600 പ്രകൃതി നശീകരണത്തോടു അനുബന്ധമായ കേസുകൾ ഇവരുടെ ഉദ്യമങ്ങൾ കാരണം ശിക്ഷിക്കപ്പെട്ടിട്ടുണ്ട്.
കൃഷ്ണ മൃഗം അവർക്കു വളരെ പ്രിയപ്പെട്ടതാണ്. കൃഷ്ണ മൃഗത്തെ അവർ തങ്ങളുടെ ഗുരുവായ ജാംബീശ്വറിന്റെ പുനർജന്മമായി കണ്ടു പാലിക്കുന്നു. അങ്ങനെ ഉള്ള , ഒരു സമുദായം പാവനമായി കാണുന്ന ഒരു മൃഗത്തെ ആണ് , സൽമാൻ ഒരു ക്രൂര വിനോദത്തിനായി കൊന്നത്. വംശനാശം നേരിട്ട് കൊണ്ടിരിക്കുന്ന ഒരു വംശം എന്നത് അതിനെ അക്ഷന്തവ്യമായ ഒരു തെറ്റാക്കി മാറ്റുന്നു.

ഒരു ജനതയുടെ വിശ്വാസത്തെ ഹനിക്കുന്ന ഗോ വധവും , ഗോ മാതാവെന്ന പരിഹാസവും ഒരു പുതുമയില്ലാത്ത ഇന്നത്തെ ഭാരതത്തിൽ , ഇവരുടെ വിജയം അഭിനന്ദനീയം ആണ് . പണത്തിനും , ഭീഷണിക്കും മുന്നിൽ അടിയറവു പറയാത്ത ഒരു കൂട്ടം ഗ്രാമീണർ തീർച്ചയായും അഭിനന്ദനം അർഹിക്കുന്നു. ഒരു മൃഗത്തിന്റെ കൊന്നതിനു, ദരിദ്രരായ മനുഷ്യരെ കൊന്ന ഒരു ഫോട്ടോ ഓപ് മനുഷ്യസ്നേഹിയെ ശിക്ഷിക്കേണ്ടതുണ്ടോ എന്ന മനുഷ്യരുടെ ധാർഷ്ട്യം കലർന്ന ചോദ്യത്തിന് , മനുഷ്യൻ എല്ലാ ജീവജാലങ്ങൾക്കും മുകളിൽ ആണെന്നും , മനുഷ്യന് ആസ്വദിക്കാൻ ഉള്ളതാണെന്നും ഉള്ള സെമിറ്റിക്‌ സിദ്ധാന്തങ്ങളുടെ ചുവ ആണ്. താമസിക ബലികൾ സഹിക്കവയ്യാതെ ശ്രീബുദ്ധനായി ( Not to be confused with Gautama Budha)അവതരിച്ചു വേദങ്ങളെ പോലും തള്ളിയ മഹാവിഷ്ണുവിന്റേയും , അശ്വമേധം കഴിഞ്ഞെത്തിയ അശ്വത്തെ ബലിനൽകാൻ വിസമ്മതിച്ച യുവരാജാവായി ശ്രീരാമന്റെയും ഉപാസകരായ , വൈഷ്ണവരായ ബിഷ്‌ണോയികൾക്ക് കൃഷ്ണമൃഗം മനുഷ്യനോടൊപ്പം ആണ് . സ്വീകാര്യതക്കും , ഒരു ‘ലുക്കിനും’ വേണ്ടി ഗോത്ര , വംശീയ പാരമ്പര്യങ്ങളെ തള്ളി പറയുന്ന ഹിന്ദു സമൂഹം , ബിഷ്ണോയ്കളെ മാതൃകയായി സ്വീകരിച്ചാൽ ഒരു പക്ഷെ പൊതു നിരത്തിൽ വച്ച് ഒരു സാധു മൃഗം ഇനി കൊല്ലപ്പെടില്ല എന്ന് വിശ്വസിക്കാം .