ചെഗുവേര – കാസ്ട്രോയുടെ വേട്ടപ്പട്ടി ചത്തിട്ട് അരനൂറ്റാണ്ട് !

— സുധീഷ് ശശിധരൻ—

മരണം വരെയും പോരാടുക, ഒരു ബുള്ളറ്റ് തനിക്കായി ബാക്കി വക്കുക. ആവേശം ത്രസിപ്പിക്കുന്ന വാക്കുകൾ തന്നെ. ആ വാക്കുകൾ അക്ഷരാർഥത്തിൽ ശിരസ്സിലേറ്റി അൻപതോളം മനുഷ്യർ ബൊളീവിയൻ കാടുകളിൽ വിപ്ലവത്തിൻറെ പറുദീസ നേടാൻ മരിച്ചു വീണപ്പോൾ ആ വാക്കുകളുടെ ഉടമസ്ഥൻ രണ്ടു നിറതോക്കുകൾ കയ്യിലുണ്ടായിരുന്നിട്ടും ഒരു വെടിയുണ്ട പോലും ശത്രുവിന് നേരെ ഉതിർക്കാതെ സ്വന്തം ജീവന് വേണ്ടി കേഴുകയായിരുന്നു

.”മരിച്ച എന്നെക്കാൾ നിങ്ങൾക്ക് ഉപയോഗം ജീവനുള്ള എന്നെയാണ്” എന്ന് പലകുറി കെഞ്ചി അവസാന നിമിഷം വരെയും സ്വന്തം ജീവൻ രക്ഷിക്കാൻ ശ്രമിച്ച ആ ഭീരുവിനെ നാം അറിയും.ഒരേ സമയം മുതലാളിത്ത കമ്പോളത്തിന്റെയും കമ്യൂണിസത്തിന്റെയും ബിംബമായ ഏണസ്റ്റോ ചെഗുവേര എന്ന ചുവപ്പു ചെകുത്താൻ.

ഓഹ്, നെറ്റി ചുളിക്കാൻ തോന്നുന്നുണ്ടോ ? എഴുത്തുകാരനെ സാമൂഹികമായും ശാരീരികമായും ഉന്മൂലനം ചെയ്യാൻ വരെ തോന്നുന്നുണ്ടോ ? ടീ ഷർട്ടിലും കോഫീ മഗ്ഗിലും തുടങ്ങി ടോ‌യ്‌ലറ്റ് സീറ്റിൽ വരെ ചുരുട്ടും വലിച്ചിരിക്കുന്ന ചെ ഗുവേരയെ പറ്റി ഇതല്ല അറിഞ്ഞത് എന്നാണോ ? എങ്കിൽ ഫിദെൽ കാസ്ട്രോയുടെ ആരാച്ചാരെ പറ്റി അറിഞ്ഞത് കുറഞ്ഞു പോയി എന്നർത്ഥം.

കമ്യൂണിസ്റ്റ് എന്നോ സൈക്കോപാത്ത് എന്നോ വിളിക്കാം ചെഗുവേരയെ. ലെനിൻ തുടങ്ങി വച്ച ഉന്മൂലന സിദ്ധാന്തം ഫിദൽ കാസ്‌ട്രോയ്ക്ക് വേണ്ടി നടപ്പിലാക്കിയ ഒരു “ഗ്ലോറിഫൈഡ് കൊടിസുനി” യായിരുന്നു ചെഗുവേര എന്ന് സാധാരണക്കാരന്റെ ഭാഷയിൽ പറഞ്ഞുവെക്കാം. എന്നാൽ അത് ആ വലിയ സാഗരത്തിലെ ഒരു തുള്ളി മാത്രമായിരുന്നു. റേസിസം തുടങ്ങി ഹോമോഫോബിയ വരെ ആധുനീക സമൂഹം എതിർക്കുന്നതെല്ലാം ചെഗുവേരയുടെ രക്തപങ്കിലമായ തൊപ്പിയിലെ അനേകം തൂവലുകളിൽ ഒന്നായിരുന്നു.

ബാറ്റിസ്റ്റാ ഭരണത്തിന് അറുതി വരുത്താൻ ഫിദലും ഗുവേരയും റൗളും നയിച്ച വിപ്ലവം കൊന്നൊടുക്കിയവരുടെ എണ്ണം ബാറ്റിസ്റ്റാ ഭരണകൂടം കൊന്നതിൻറെ ഇരട്ടിയിലും അധികമായിരുന്നു. വിപ്ലവത്തിന് ശേഷം കാസ്ട്രോയും റൗളും ചെഗുവേരയും അവിടങ്ങളിലെ ഏറ്റവും സുഖ സമൃദ്ധമായ വീടുകൾ തിരഞ്ഞെടുത്തു. കായോ പിയേദ്ര എന്നൊരു സുഖവാസ ദ്വീപ് തന്നെ കാസ്ട്രോ സ്വന്തമാക്കി എങ്കിൽ ഗുവേര താരാര ബീച്ചിലെ രമ്യ ഹർമ്യമാണ് സ്വീകരിച്ചത്. അതെ പറ്റി എഴുതിയ ല്യാനോ മോണ്ടെസ് എന്ന പത്രപ്രവർത്തകനെ തൻ്റെ വസതിയിൽ വിളിച്ചു വരുത്തി വധഭീഷണി നടത്തിയ ആളാണ് ഇന്ന് സ്വതന്ത്ര ചിന്തയുടെ മഹാ ബിംബമായിരിക്കുന്ന ചെഗുവേര.

സ്വാതന്ത്ര്യം , സമത്വം സോഷ്യലിസം തുടങ്ങി സർവ്വതും ചെഗുവേരക്കും ഫിദൽ കാസ്‌ട്രോയ്ക്കും അന്യമായിരുന്നു. “ഞങ്ങള് താടി വളർത്തും മുട്ടോളം മുടിയും വളർത്തും” എന്ന് വിപ്ലവ പാട്ടുപാടി ചെഗുവേരയെ ടീഷർട്ടിൽ പതിപ്പിച്ചു നടക്കുന്ന പലർക്കും അറിയാത്ത ഒരു രഹസ്യമുണ്ട്. വ്യക്തി സ്വാതന്ത്ര്യം എന്നത് ഗുവേരകാലത്തും ഇന്നും ക്യൂബെക്ക് അന്യമാണ് എന്നത്. റാപ് മ്യൂസിക് , ഹിപ്പി സ്റ്റയിൽ മുടിയും താടിയും വളർത്തൽ ഇവയൊക്കെ കുറ്റകരമായ പ്രവർത്തികളായിരുന്നു ക്യൂബയിൽ.

“ഗവർമെന്റ് അതോറിറ്റിയിലെ മുതിർന്നവർ പറയുന്നത് യുവാക്കൾ ശ്രദ്ധിച്ച്, അത്യധികം ബഹുമാനത്തോടെ കേൾക്കണം. പഠനം , ജോലി, സൈനീക സേവനം ഇതാവണം മനസ്സിൽ” ‘മടിയന്മാരായ’ യുവാക്കളോട് ഗുവേരയുടെ ആഹ്വാനം ഇതായിരുന്നു. റാപ് മ്യൂസിക് , വാദ്യോപകരണങ്ങൾ ഇവയൊക്കെ എൽ കൊമ്മിറ്റൊ (El Comité) എന്ന അന്തം കമ്മികൂട്ടത്തിന്റെ കണ്ണുവെട്ടിച്ചു വേണമായിരുന്നു വായിക്കാൻ. സംഗീതത്തിന് പകരം യുവാക്കൾ ജോലിസമയത്ത് ദേശഭക്തിഗാനങ്ങൾ പാടണം എന്നുവരെ ഒരു ഘട്ടത്തിൽ ചെഗുവേര ഉത്തരവിട്ടു. എന്തിനേറെ , ക്യൂബയിൽ നിന്നും വൈയക്തികമായ എന്തും തുടച്ചു നീക്കും എന്ന് ഗുവേര പ്രഖ്യാപിച്ചു.

കാനെക് സാൻഷെ ഗുവേര(Canek Sanchez Guevara) എന്ന ചെഗുവേരയുടെ സ്വന്തം ചെറുമകന്റെ വാക്കുകൾ കടമെടുത്താൽ “സ്വാതന്ത്ര്യം എന്നത് ക്യൂബയിൽ അന്യമായിരുന്നു. ക്യൂബൻ ഭരണകൂടം ആവശ്യപ്പെട്ടത് പൂർണ്ണ വിധേയത്വവും പൂർണ്ണമായ കീഴടങ്ങലുമായിരുന്നു. അവർ ഗേ കളെയും ഹിപ്പികളെയും സ്വതന്ത്ര ചിന്തകരെയും കവികളെയും വേട്ടയാടി” കേട്ടത് വ്യക്തമായില്ല എന്നുണ്ടോ ? വീണ്ടും പറയാം, ഗേകളെ അടച്ചിടാൻ UMAP എന്ന പ്രത്യേക ജയിലുകൾ തന്നെ പണിതീർത്തിരുന്നു.
കമ്യൂണിസ്റ്റ് ക്യൂബ.

ഗേ കൾക്കൊപ്പം ജഹോവ സാക്ഷികൾ, ഹിപ്പികൾ , റാപ് മ്യൂസിക് വായിക്കുന്നവർ അടക്കമുള്ളവരെയും ആ ജയിലിൽ അടച്ചു. കാസ്ട്രോയുടെയും ഗുവേരയുടെയും കണ്ണിൽ സ്വവർഗാനുരാഗികൾ ബൂർഷ്വകളും പ്രതിവിപ്ലവകാരികളുമായിരുന്നു. റെയ്നോൾഡോ അറീനെസ് എന്ന എഴുത്തുകാരൻ ആ ജയിലുകളെ പറ്റി പറയുന്നു “ഒരു ബാത്ത്‌റൂം പോലുമില്ലാത്ത ചൂടുപിടിച്ച സ്ഥലം. സ്വവർഗാനുരാഗികൾ മനുഷ്യരല്ല എന്നുള്ള രീതിയിലാണ് അവരോട് പെരുമാറിയിരുന്നത് തന്നെ. അവർക്കു ഭക്ഷണം തന്നെ ഏറ്റവും അവസാനമായിരുന്നു”

സ്വവർഗാനുരാഗികളോട് മാത്രമായിരുന്നില്ല ചെഗുവേര വിരോധം വച്ച് പുലർത്തിയിരുന്നത്. കറുത്ത വർഗക്കാരെ പറ്റി കടുത്ത നിന്ദയോടും അവജ്ഞയോടുമാണ് ഗുവേര എഴുതിയത്. കുളിക്കാത്തവർ എന്നും മടിയന്മാർ എന്നും സ്വപ്നജീവികൾ എന്നുമാണ് ചെഗുവേര വിശേഷിപ്പിച്ചത്.യൂറോപ്യൻ മഹിമയിൽ വിശ്വസിച്ച ഗുവേര തന്റെ ഡയറിയിൽ കറുത്തവർ പൂർണ്ണമായും ലഹരിക്ക് അടിമകളാണ് എന്നുകൂടി എഴുതിവച്ചിരുന്നു. ക്യൂബൻ വിപ്ളവത്തിനു ശേഷം ഗുവേര നടത്തിയ പരാമർശം ഇത് കൂടുതൽ വ്യക്തമാക്കുന്നു. “വിപ്ലവത്തിന് വേണ്ടി അവർ(കറുത്തവർ) ചെയ്‌തത്‌ നാമും അവർക്കു വേണ്ടി ചെയ്യും. അതായത് നാം അവർക്കു വേണ്ടി ഒന്നും ചെയ്യില്ല.”

ഫിദലിന്റെ ഫയറിംഗ് സ്‌ക്വാഡുകളുടെ തലവനും എക്സിക്യൂഷനറും ആയിരുന്നു എന്നതിനപ്പുറം ഭരണരംഗത്ത് ഒരു തികഞ്ഞ പരാജയമായിരുന്നു ഗുവേര.വ്യവസായ വത്കരണത്തിന്റെ ചുമതലയുണ്ടായിരുന്ന ഗുവേര നടപ്പിലാക്കിയ തുഗ്ലക് നയങ്ങൾ ഏറെ താമസിയാതെ ക്യൂബൻ സാമ്പത്തിക വ്യവസ്ഥയെ പാടെ തകർത്തു. ഗുവേരയുടെ ഈ നയങ്ങൾ സോവിയറ്റ് യൂണിയനുമായും ഫിദലുമായും ഏറ്റുമുട്ടലുകളിൽ കലാശിച്ചു തുടങ്ങി. പോരാത്തതിന് തികഞ്ഞ സൈക്കോപാത്തായിരുന്നു ചെഗുവേര എന്ന് വേണമെങ്കിൽ പറയാം.

“വിപ്ലവകാരിയുടെ മനസ്സിൽ കൊടും വെറുപ്പുണ്ടാകണം, ആ വെറുപ്പിൽ നിന്നും ഊർജ്ജമുൾക്കൊണ്ട് അവൻ ദാക്ഷിണ്യമില്ലാത്ത ഒരു കൊല്ലുന്ന യന്ത്രമാകണം” എന്ന് പറഞ്ഞതിൽ നിന്നും എത്ര ആഴത്തിൽ രക്തദാഹമുണ്ടായിരുന്നു ചെഗുവേരക്കെന്നു കാണാം. ഇത് വെറും വാചകമടി മാത്രമായിരുന്നില്ല, ക്യൂബയിൽ സ്ഥാപിച്ചിരുന്ന സോവിയറ്റ് ന്യൂക്ലിയർ മിസൈലുകൾ അമേരിക്കക്കു നേരെ തൊടുത്തു വിടാൻ ഗുവേര ആഗ്രഹിച്ചിരുന്നു.

അതിലെ അപകടം മനസ്സിലാക്കി സോവിയറ്റ് അത് മടക്കി കൊണ്ടുപോയപ്പോൾ ചെഗുവേര പറഞ്ഞു “ആ മിസൈലുകൾ ഇവിടുണ്ടായിരുന്നു എങ്കിൽ ഞാനത് ന്യുയോർക്ക് ഉൾപ്പെടെ അമേരിക്കയുടെ ഹൃദയത്തിൽ തറപ്പിച്ചേനേ,ആണവായുധത്തിന്റെ കോടിക്കണക്കിനു ഇരകൾക്ക് മുകളിലൂടെ ഞങ്ങൾ വിജയത്തിലേക്ക് നടന്നേനെ” യുറ്റിമിയോ ഗുവേര എന്ന തന്റെ സഹപ്രവർത്തകൻ വിവരം ചോർത്തുന്നുണ്ട് എന്ന വിവരം ഗുവേരയുടെ അടുത്തെത്തി. അന്ന് രാത്രി ഗുവേര തന്റെ ഡയറിയിൽ ഇങ്ങനെ എഴുതി “ആ സംശയം ഞാനൊരു 32 എംഎം റൈഫിളിൽ തീർത്തു. തലയുടെ വലതു വശത്തായി”. “സംശയമുണ്ടെങ്കിൽ കൊന്നുകളയണം” ഗുവേര തൻ്റെ അനുയായികൾക്ക് കൊടുത്ത നിർദേശമായിരുന്നു.

രണ്ടാമത് ഒരു ചിന്തയോ വിചാരണയോ കൂടാതെ എതിരാളികളെ ഗുവേര കൊന്നൊടുക്കി. ചിലപ്പോളൊക്കെ സ്വന്തം കൈകൊണ്ടായിരുന്നു എക്സിക്യൂഷൻ. ഒരു രാത്രി കൊണ്ട് ഇരുപതും മുപ്പതും വധശിക്ഷകൾ വിചാരണ നടത്താതെ ഗുവേര നടപ്പിലാക്കിയ ദിവസങ്ങൾ ഉണ്ടായിരുന്നു. ജഡ്ജിമാർ വഴങ്ങുമോ എന്ന് ചോദിച്ച ഉദ്യോഗസ്ഥനോട് “വഴങ്ങിയില്ല എങ്കിൽ അവരെയും തൂക്കിലേറ്റും എന്ന് പറയു” എന്നു ഗുവേര പറഞ്ഞത് ല്യാനോ മോണ്ടെസ് എന്ന പത്രക്കാരന്റെ മുന്നിൽ വച്ചാണ്.

താമസിയാതെ ഫിദൽ കാസ്ട്രോ എന്ന അതിക്രൂരനായ ഏകാധിപതിക്കു പോലും അസഹ്യമായി വളർന്നു ചെഗുവേര എന്ന സൈക്കോപാത്ത്, കൂടാതെ സോവിയറ്റ് യൂണിയന്റെ എതിർപ്പും ഗുവേരയുടെ തുഗ്ലക് നടപടികളിൽ തകർന്ന സാമ്പത്ത്തീക വ്യവസ്ഥയും. അതോടെ ചെഗുവേരയെ ഫിദൽ കൈവിട്ടുതുടങ്ങി. 1950 ഇൽ തന്നെ ബൊളീവയിലെ സാധാരണ ജനങ്ങൾക്ക് കൈവശഭൂമി സ്വന്തമായി കിട്ടിയിരുന്നു.അതുകൊണ്ടുതന്നെ ചെഗുവേരയുടെ ബൊളീവിയൻ യാത്രക്ക് വളരെ മുൻപ് തന്നെ അവിടെ വിപ്ലവം സാധ്യമല്ല എന്ന് ഫിദൽ മനസ്സിലാക്കുകയും അതേപ്പറ്റി പറയുകയും ചെയ്തിരുന്നു.

അന്താരാഷ്‌ട്ര സമ്മർദം മൂലവും കൂടുതൽ കെട്ടുറപ്പുള്ള ഭരണം ഫിദൽ സ്വപ്നം കണ്ടതുമൂലവും 1960 കളുടെ പകുതിയോടെ ക്യൂബൻ ഭരണകൂടം നടത്തിവന്ന നരനായാട്ടും വിചാരണകൂടാതെയുള്ള വധശിക്ഷകളും ഏതാണ്ട് ഉപേക്ഷിച്ചു തുടങ്ങി. ചെഗുവേരക്ക് കൃത്യമായി ചെയ്യാനറിയാവുന്ന ഒരേ ഒരു ജോലികൂടിയാണ് അതോടെ അവസാനിച്ചത്. രക്തദാഹിയായ ഒരു സൈക്കോപാത്തിന് എത്രനാൾ അടങ്ങിയിരിക്കാൻ തോന്നും ? അതോടെ ബൊളീവയിലേക്ക് ഒളിപ്പോരിനായി പോകാൻ ചെഗുവേര തീരുമാനിച്ചു. ഗുവേരയുടെ ബൊളീവിയൻ യാത്ര ഫിദൽ വളരെ വേഗം തന്നെ അംഗീകരിച്ചു. അവിടെ പോയി തുലയട്ടെ എന്ന ചിന്തയായിരുന്നു ഫിദലിന് . അൻപത് പേരടങ്ങുന്ന സംഘവുമായി അങ്ങനെയാണ് ഗുവേര ബൊളീവയിലേക്ക് പോകുന്നത്

“‘മനില’യുമായി യാതൊരു ബന്ധവും ഇല്ല “, തന്റെ ബൊളീവിയൻ ഡയറിയിൽ ഗുവേര പലതവണ എഴുതി. മനില എന്നത് ക്യൂബയുടെ രഹസ്യ കോഡായിരുന്നു. യാതൊരു തരത്തിലുള്ള ബന്ധവും സ്ഥാപിക്കാതെ ഒരുതരത്തിലും സഹായിക്കാതെ ഫിദൽ കൃത്യമായി തന്റെ “സഖാവിന്റെ” മരണത്തിലേക്കുള്ള വഴി ഒരുക്കിക്കൊടുത്തു. അത് സിഐഎയുടെയും ബൊളീവിയൻ സേനയുടെയും ലക്‌ഷ്യം എളുപ്പമാക്കിക്കൊടുത്തു. ഫിദൽ പറഞ്ഞത് പോലെ തന്നെ ബൊളീവിയൻ ജനതക്കും വിപ്ലവത്തിൽ യാതൊരു താത്പര്യവും ഇല്ലായിരുന്നു.പോരാത്തതിന് വിവരങ്ങൾ കൈമാറാനായി ക്യൂബയിൽ നിന്നും കിട്ടിയ രണ്ടു വയർലെസ്സുകളും പ്രവർത്തിക്കാത്തതും. അതോടെ തീർത്തും ഒറ്റപ്പെട്ട ഗുവേരയ്ക്കു മുന്നിൽ മരണം മാത്രമായിരുന്നു വഴി.

“മരണം വരെയും പോരാടുക, പക്ഷെ ഒരു ബുള്ളറ്റ് തനിക്കായി ബാക്കി വക്കുക” ചെഗുവേര നിരന്തരം തനിക്കൊപ്പമുള്ളവരോട് ആഹ്വാനം ചെയ്തു. ചെഗുവേരയിലെ വിപ്ലവകാരിയെ വിശ്വസിച്ച ആ പാവം മനുഷ്യർ അങ്ങനെ തന്നെ ചെയ്തു. പക്ഷെ അവരുടെ തലവൻ അതെ സമയം സ്വന്തം ജീവനുവേണ്ടി കെഞ്ചുകയായിരുന്നു.”ഞാൻ ചെഗുവേരയാണ് , മരിച്ച എന്നെക്കാൾ ജീവനോടെയുള്ള എന്നെയാണ് നിങ്ങൾക്ക് പ്രയോജനപ്പെടുക”. എന്ന് പറഞ്ഞ് ജീവനുവേണ്ടി ഇരന്നു ചെഗുവേര.

ഒരൊറ്റ വെടിയുണ്ട പോലും ശത്രുവിനു നേർക്ക് ഉതിർക്കാതെ ആ ഭീരു ബൊളീവിയൻ സൈന്യത്തിന് മുന്നിൽ സ്വജീവനായി യാചിച്ചു. തന്റെ കൈകൾ കെട്ടുവാനായി സ്വയം ഉയർത്തി കൊടുത്തു.ബൊളീവിയൻ പട്ടാള ക്യാപ്റ്റൻ പ്രാഡോയെ കണ്ട ചെഗുവേര പറഞ്ഞു “താങ്കളെ പറ്റി സൈനികർക്ക് നല്ല മതിപ്പാണ്, നിങ്ങൾ എന്നെ എന്താണ് ചെയ്യാൻ പോകുന്നത്. എനിക്ക് നിങ്ങളെ പലരീതിയിലും സഹായിക്കാൻ പറ്റും” ഓർക്കണം ,
തനിക്കൊപ്പം വിപ്ലവത്തിന് ഇറങ്ങി തിരിച്ചവർ ഒക്കെ രക്തസാക്ഷികളായപ്പോൾ ബൊളീവിയൻ കാടുകളിലെ ആ ആ ഭീരു സ്വന്തം ജീവന് വേണ്ടി ഒരു സാധാരണ പട്ടാള ക്യാപ്റ്റന് മുന്നിൽ സ്വയം സമർപ്പിക്കാൻ തയ്യാറായിരുന്നു.ചെഗുവേര കൊന്നൊടുക്കിയവരുടെ എണ്ണവും അയാളുടെ ക്രൂരതകളും പരിഗണിച്ച് ബൊളീവിയൻ സൈന്യം അയാളെ വെടിവച്ച് കൊല്ലാൻ തീരുമാനിക്കുകയായിരുന്നു. മാരിയോ ടെറേൻ എന്ന ഒരു ബൊളീവിയൻ സർജെന്റ് ആണ് ആ കൃത്യം നടത്തിയത്.

കരഞ്ഞു കലങ്ങിയ കണ്ണുകളുമായി തലകുനിച്ചിരുന്നാണ് ചെഗുവേര മരണത്തെ നേരിട്ടത് എന്നതിലപ്പുറം ആ ചുവപ്പു ചെകുത്താന്റെ മരണ സമയത്തെ പറ്റി കൂടുതൽ പറയാൻ ആ ബൊളീവിയൻ സൈനികൻ ഒരിക്കലും തയ്യാറായില്ല. ബാക്കി കേട്ടതൊക്കെ കമ്യൂണിസ്റ്റ് പ്രൊപ്പഗണ്ടകൾ പറഞ്ഞു പരത്തിയ യാതൊരു തെളിവും ഇല്ലാത്ത കാൽപ്പനിക കഥകൾ മാത്രം.

സത്യത്തിന്റെ മുഖം എല്ലായിപ്പോളും വികൃതമാണ്. കമ്യൂണിസ്റ്റ് കാല്പനികതകൾ നിറഞ്ഞ ഒരു അന്തരീക്ഷത്തിൽ ചെ എന്ന കശാപ്പുകാരന്റെ കഥ അറിയാതെപോയത് ഒരു തെറ്റല്ല. പക്ഷെ ടീ-ഷർട്ടിലും കോഫീ മഗ്ഗിലും നിറയുന്ന ആ മുഖം ഒരിക്കലും ഒരു സ്വാതന്ത്ര്യ വാദിയുടെയോ കലാ ആസ്വാദകന്റെയോ ധീരന്റെയോ ഒരു നല്ല മനുഷ്യന്റെയോ അല്ല.ഒരു സൈക്കോ പാത്തിന്റെയാണ് , ഒരു ഹോമോഫോബിക് , ഒരു റേസിസ്റ്റ് അങ്ങനെ പലതിൻന്റെയും.

ആ അമേരിക്കൻ ഗ്ളോറിഫൈഡ് കൊടിസുനിയുടെ ചിത്രം നെഞ്ചിൽ പതിപ്പിക്കും മുന്നേ ഒന്ന് മറക്കാതിരിക്കുക , കൂടെ യുദ്ധത്തിനിറങ്ങിയ പാവം മനുഷ്യർ മരിച്ചുവീണ ശേഷവും സ്വന്തം ജീവനുവേണ്ടി എന്തും ചെയ്യാൻ തയ്യാറായ ഒരു ഭീരുവിന്റെ മുഖമാണ് അത് , വെറും ഒരു ഭീരുവിന്റെ. ആ ഒരു വെറും ഭീരുവായ ഒരു മാസ്സ് മർഡറർ മാത്രമായിരുന്നു നിങ്ങൾ പറയുന്ന ഈ വീര നായകൻ ചെഗുവേര. ഇരു കൈകൾ കെട്ടി പുറം തിരിച്ചു നിർത്തിയ രാജ്യത്തെ സ്വന്തം ജനങ്ങളുടെ പിന്നിൽ നിന്ന് വെടി വച്ച് പഠിച്ച ഒരു ക്രൂരനായ സൈക്കോപ്പാത്ത് എന്നതിൽ കവിഞ്ഞു ഒരു വിപ്ലവവും ചെഗുവേര മരിക്കുന്നത് വരെ നടത്തിയിട്ടില്ല… ജീവനൊടുക്കാൻ സ്വന്തം തോക്കിലെ ബുള്ളറ്റ് ഉപയോഗിക്കാൻ പേടിയുള്ള, സ്വന്തം ജീവന് വേണ്ടി യാചിച്ചു യാചിച്ചു കരഞ്ഞു കലങ്ങിയ കണ്ണും ആയി മരണത്തെ പുൽകിയ ഒരു പേടിത്തൊണ്ടൻ സൈക്കോപ്പാത്താണോ നിങ്ങൾ ഈ പറയുന്ന ചെഗുവേര എന്ന വിപ്ലവ നായകൻ ??