ചൈനയുടെ സുവർണ്ണ സാമ്പത്തിക ഇടനാഴി തകർത്ത ഇന്ത്യയുടെ നയതന്ത്ര വിജയം
— സ്വാതി കൃഷ്ണ —
സ്വാതന്ത്ര്യാനന്തരം ഏഷ്യൻ വൻകരയിൽ ഭാരതത്തിനു ഇത്രത്തോളം പ്രാധാന്യമുണ്ടായിരുന്ന കാലം ഉണ്ടായിരുന്നോ എന്നത് സംശയമാണ്..ചൈന മാത്രം അനിഷേധ്യ നേതൃത്വം വഹിച്ചിരുന്ന ഏഷ്യൻ വൻകരയിൽ മറ്റൊരു കരുത്തനായ എതിരാളിയായി ഭാരതം വളർന്നു കഴിഞ്ഞിരിക്കുന്നു…തങ്ങളെ കവച്ചു വെച്ച ഇന്ത്യയുടെ വളർച്ചാ നിരക്കും , ലോകത്തിലെ ഏറ്റവും മികച്ച നിക്ഷേപ സൗഹൃദ രാജ്യം ആയി മാറുന്ന തരത്തിൽ സർക്കാർ സംവിധാനങ്ങൾ നടത്തുന്ന അസൂയാവഹമായ പ്രകടനങ്ങളും ,അനുദിനം കുതിക്കുന്ന സമ്പദ് വ്യവസ്ഥയും , മനുഷ്യ വിഭവ ശേഷിയുടെ അതിശയിപ്പിക്കുന്ന കണക്കുകളും , സൗരോർജ പദ്ധതികളടക്കം പല പദ്ധതികളിലും ലോക രാജ്യങ്ങൾക്കെല്ലാം തന്നെ നേതൃത്വം നൽകുകയും ചെയ്തു കൊണ്ടിരിക്കുന്ന ഇന്ത്യയുടെ വളർച്ചയെ വളരെ സീരിയസ് ആയി എടുക്കണമെന്ന് ഓർമ്മപ്പെടുത്തി ചൈനീസ് ഗ്ലോബൽ ടൈംസ് പുറത്തിറക്കിയലേഖനം ഈ വളർച്ചക്ക് അടിവരയിടുന്നു..ഒരു പക്ഷെ ചൈന വികസനത്തിലേക്ക് തിരഞ്ഞെടുത്ത വഴികളിലൂടെ തന്നെ കുറച്ചു കൂടി ഭേദപ്പെട്ട രീതിയിൽ തങ്ങളുടേതായ വ്യത്യസ്ത ശൈലിയിൽ ഇന്ത്യ പിന്തുടരുന്നു എന്ന് വിലയിരുത്താവുന്നതാണ്..കമ്മ്യൂണിസ്റ്റ് ചൈന എന്നും നമുക്കൊരു നിശബ്ദനായ എതിരാളിയായിരിക്കുന്നതോടൊപ്പം തന്നെ വഞ്ചനയുടെ പല മുഖങ്ങളും നമുക്ക് പ്രകടമാക്കി തന്നിട്ടുള്ള ഇന്നും ഇന്ത്യയുടെ അക്‌സായി ചിൻ , ലഡാക്കിന്റെ ചിലഭാഗങ്ങൾ തുടങ്ങിയവ ഭാഗങ്ങൾ അനധികൃതമായി കൈവശം വെച്ചിരിക്കുന്നതുമായ രാജ്യമാണ് ചൈന. ..പാകിസ്താന് ഒരു പക്ഷെ ഏറ്റവും പ്രിയപ്പെട്ട രാജ്യം..അന്താരാഷ്ട്ര സമ്മേളനങ്ങളിൽ ഭീകര പ്രവർത്തനമായാലും , അതിർത്തി പ്രശനങ്ങൾ ആയാലും പാകിസ്ഥാൻ നിലപടുകൾക്കു കണ്ണടച്ച് പിന്തുണ നൽകി കൊണ്ട് ഇന്ത്യക്കു കനത്ത ആശങ്കകൾ സമ്മാനിച്ച് കൊണ്ടിരിക്കുന്ന ചൈനയെ ഇന്നും നാം കണ്ണടച്ച് വിശ്വസിക്കാതിരിക്കുന്നതിനു വ്യക്തമായ കാരണങ്ങൾ ഉണ്ട്.. .നരേന്ദ്ര മോഡി അധികാരം ഏറ്റ നാൾ മുതൽ അസാമാന്യ നയതന്ത്ര വൈദഗ്ദ്യത്തോടെ ആവിഷ്കരിക്കുന്ന ദീർഘ വീക്ഷണത്തോടെയുള്ള പദ്ധതികൾ എല്ലാം തന്നെ ചൈനക്ക് കൃത്യമായ വെല്ലുവിളികൾ ഉയർത്തി കൊണ്ടുള്ളതായിരുന്നു എന്ന് സൂഷ്മ വിശകലനത്തിൽ വ്യക്തമാണ്…ചൈന പിടിച്ചടക്കി വെച്ചിരുന്ന പല മേഖലകളും കൃത്യമായ ആസൂത്രണ മികവോടെയും , അതിലേറെ മികവോടെ പ്രവൃത്തി പഥത്തിൽ അവയെ പ്രയോജനപ്പെടുത്തിയും ഇന്ത്യയും പങ്കാളിയായി..നരേന്ദ്ര മോദി അധികാരമേറ്റ ആദ്യ വർഷത്തെ ഓരോ വിദേശ യാത്രകളിലും അതിന്റെ പ്രാധാന്യം ഏറെയായിരുന്നു..ഇന്ത്യ പോകാൻ മടിച്ചിരുന്ന എന്നാൽ ചൈന വ്യാപാര അധീശത്വം സ്ഥാപിച്ചിരുന്നു ഫിജി പോലുള്ള കുഞ്ഞു രാജ്യങ്ങളിൽ പോലും നരേന്ദ്ര മോദിയുടെ ദൃഷ്ടി പതിയുകയും മികച്ച വ്യാപാര കരാറുകളിൽ ഏർപ്പെടുകയും ചെയ്തതിന്റെ കാരണവും മറ്റൊന്നല്ല…അയൽ രാജ്യങ്ങൾക്കു പ്രാധാന്യം കൊടുത്ത് കൊണ്ട് തുടങ്ങിയ നയതന്ത്രങ്ങളിൽ ചൈന സമ്പൂർണമായി വിരാജിച്ചിരുന്ന മേഖലകൾ പലതും പതുക്കെ ഇന്ത്യയും കയ്യടക്കി തുടങ്ങി..അനവധി കാര്യങ്ങൾ എടുത്തു പറയേണ്ടവ ഉണ്ടെങ്കിലും ഓർമ്മയിൽ വരുന്ന ചിലതു മാത്രം കുറിക്കട്ടെ..
ചിരിത്രാതീത കാലം മുതൽ ഇറാനുമായും മറ്റു സമീപദേശങ്ങളുമായും നിലനിന്നുരുന്ന വ്യാപാര വ്യവസായങ്ങൾ കാലക്രമേണ ഉണ്ടായ അതിർത്തികളും ,സുരക്ഷിത പ്രശ്ങ്ങളും കാരണം നിലച്ചു പോയിരുന്നു. അവിടെയാണ് ഇന്ത്യ നീണ്ട ചർച്ചകൾക്കൊടുവിൽ നിർമ്മാണ അനുമതി നേടിയ ചാബ്ബാർ തുറമുഖത്തിന്റെ പ്രാധാന്യം..ചാബ്ബാർ തുറമുഖത്തിന്റെ നിർമ്മിതി സാമ്പത്തികമായും , സൈനികമായും വളരെയേറെ പ്രാധാന്യമര്ഹിക്കുന്നതിനു കാരണം പലതാണ്..പൊതുവെ രാജ്യാന്തര വ്യാപാര മേഖലകളിലേക്ക് മുഖം തിരിച്ചു നിന്നിരുന്ന അഫ്ഗാനിസ്ഥാൻ മാർക്കറ്റിലേക്കുള്ള ഇന്ത്യയുടെ പാത ഇറാനിൽ നിർമ്മിക്കുന്ന ചാബ്ബാർ തുറമുഖം വഴി ഇനി സുഗമമായി സാധ്യമാക്കുകയും അതോടൊപ്പം തന്നെ ഇന്ത്യയുടെ ദേശ സുരക്ഷാ നടപടിക്ക് കരുത്തുറ്റ ഒരു ചുവടു വെപ്പ് കൂടിയായി ഈ പദ്ധതി മാറുകയും ചെയ്യും….പാകിസ്ഥാനിലൂടെ അല്ലാതെ അഫ്ഗാനിസ്ഥാൻ വഴി വിവിധ രാജ്യങ്ങളിലേക്ക് വ്യാപാരം സാധ്യമാകുന്ന ചാബ്ബാർ തുറമുഖത്തിന്റെ നിർമ്മാണം ഇന്ത്യക്കു പലവിധ സാമ്പത്തിക നേട്ടങ്ങൾക്കുപരി അറേബ്യൻ സമുദ്രത്തിലുള്ള ചൈനയുടെ സർവ്വാധിപത്യത്തിനുള്ള മികച്ച ഒരു മറുപടി കൂടി ആയി മാറുമെന്നാണ് കണക്കാക്കുന്നത്…ചൈനയുടെ സ്വാധീനം മൂലം വാഗാ അതിർത്തി വഴി അഫ്ഗാനിഷ്താനിലേക്കുള്ള ഇന്ത്യയുടെ വ്യാപാര സ്വപ്നങ്ങൾക്ക് തടയിട്ട പാക്കിസ്ഥാനുള്ള മുഖമടച്ചുള്ള അടിയാണ് ഈ തുറമുഖം നിർമ്മിക്കുന്നതിനുള്ള കരാർ സാധ്യമാക്കുക വഴി ഇന്ത്യക്കായതു..അതെ സമയം പാകിസ്ഥാനിൽ ഗ്വാദർ തുറമുഖ നിർമ്മാണത്തിലൂടെ അറേബ്യൻ സമുദ്രത്തിൽ ആധിപത്യം ഉറപ്പിക്കാനുള്ള ചൈനീസ് ശ്രമങ്ങൾക്ക് ഇന്ത്യയുടെ ഉറച്ച മറുപടിയും..ഒരു യുദ്ധാന്തരീക്ഷം സൃഷ്ടിയ്ക്കപ്പെടുകയാണെങ്കിൽ ഇന്ത്യക്കെതിരെയുള്ള ആയുധങ്ങൾ സൂക്ഷിക്കാൻ ചൈനക്ക് സഹായകമാകുന്ന പാകിസ്താനിലെ ഗ്വാദർ തുറമുഖത്തിനുള്ള മറുപടി കൂടിയാണ് ചാബ്ബാർ തുറമുഖം .മാത്രവുമല്ല ജബ്ബാർ തുറമുഖത്തു നിന്നും അഫ്ഗാനിസ്ഥാൻ വരെയെത്തുന്ന ഇന്ത്യ ഇറാന് നിർമ്മിച്ച് കൊടുക്കുന്ന ഹൈവേ പാകിസ്താനു മേൽ വലിയൊരു ഭീഷണിയും കൂടി ആയി മാറും.ഇന്ത്യക്കു ആയുധങ്ങൾ അഫ്ഗാനിസ്ഥാൻ വഴി പാകിസ്ഥാന് സമീപമെത്തിക്കാൻ ഒരുപാടു ബുദ്ധിമുട്ടേണ്ടി വരില്ലെന്ന് ചുരുക്കം.
മറ്റൊരു പ്രധാന കാര്യമാണ് കശ്മീർ പ്രശ്ങ്ങളിലെ ചൈന എന്ന അജ്ഞാതന്റെ സ്വാധീനം..പാക് അധീന കശ്മീർ വഴി കടന്നു പോകുന്ന 4600 കോടി ഡോളർ ചിലവിട്ടു ചൈന നിർമ്മിക്കുന്ന “ചൈന പാക് സാമ്പത്തിക ഇടനാഴി” (CPEC ) യാഥാർഥ്യം ആകണമെങ്കിൽ പാക് അധീന കശ്മീർ എന്നും പാകിസ്താന്റെ കൈവശംആയിരിക്കണം എന്നുള്ളത് ചൈനയുടെ ആവശ്യമാണ്..ചൈനയുടെ ഇന്ത്യയിലേക്കുള്ള ചാര കണ്ണുകൾ ആയി മാറിക്കൊണ്ടിരിക്കുന്ന പാകിസ്ഥാൻ, പാക് അധീന കാശ്മീരിൽ നിന്നും പിൻവലിയേണ്ടി വന്നാൽ ഒരു പക്ഷെ CPEC ഒരു പക്ഷെ ചൈനയുടെ സ്വപ്നമായി അവശേഷിക്കും . കശ്മീരിലെ പ്രശ്നങ്ങൾ ഒരിക്കലും അവസാനിക്കാത്തതിന്റെ പ്രധാന കാരണവും ചൈനയുടെ നിരന്തരമായ ഇടപെടലുകൾ തന്നെയാണ്..കശ്മീർ എന്നും പ്രശ്ന ബാധിത പ്രദേശം ആയി നിലനിൽക്കുക എന്നതും ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നത് ചൈനയാണ്..ചൈന – പാക് സാമ്പത്തിക ഇടനാഴിയുടെ സുരക്ഷയുടെ ഭാഗമായി വിന്യസിക്കപ്പെട്ടിരുന്ന പതിനായിരത്തോളം ചൈനീസ് പട്ടാളക്കാർ ഇന്ത്യയുടെ ആശങ്കകൾവെറുതെയായിരുന്നില്ല എന്ന് സാക്ഷ്യപ്പെടുത്തുന്നു..ചൈനയുടെ സാമ്പത്തിക , സൈനിക കോളനി ആയി മാറിക്കൊണ്ടിരിക്കുന്ന പാകിസ്താനെക്കാൾ ഇന്ത്യ ഏറെ ആശങ്കപ്പെടുന്നത് വിശ്വാസ വഞ്ചനകൾ കാണിച്ചിട്ടുള്ള ചൈനയുടെ ഈ മേഖലയിൽ ഉള്ള സാന്നിധ്യമാണ്.. CPEC കടന്നു പോകുന്ന പാക്സിതാന്റെ ഏറ്റവും വലിയ ഭാഗമായ ബലൂചിസ്ഥാൻ മുൻപെങ്ങും കണ്ടിട്ടില്ലാത്ത വിധം ദേശീയ ശ്രദ്ധ ആകർഷിക്കുന്നതിനും , ഇന്ത്യ അതിലേക്കായി നടത്തുന്ന ബോധപൂർവമായ പരാമർശങ്ങളും എല്ലാ കൂട്ടിയിണക്കി നോക്കിയാൽ പലപ്പോഴും ഇന്ത്യയുടെ നയതന്ത്രം ഈ പദ്ധതികൾക്ക് വിഘാതമായി ഭവിക്കുന്നതിൽ ചൈനക്കുള്ള ആശങ്കയും എടുത്തു പറയേണ്ടതാണ്…ബലൂചിസ്ഥാനിലെ വിപ്ലവകാരികൾ നരേന്ദ്ര മോദിക്ക് ജയ് വിളിക്കുകയും , നിരന്തരമായി ഇന്ത്യ ബലൂചിസ്ഥാൻ എന്ന വാക്കു രാജ്യാന്തര സമ്മേളനങ്ങളിൽ പലവുരു ആവർത്തിക്കുന്നതിലും , ബലൂച് ജനങ്ങളുടെ പീഡന കഥകൾ വാർത്തകൾ ആക്കുന്നതിലും ഇന്ത്യയുടെ ഒരു ചാണക്യ ബുദ്ധി നമുക്ക് കാണാൻ കഴിയും..ബലൂചിസ്ഥാൻ ഇന്ത്യയോട് വിധേയത്വം പുലർത്തി ഭരിക്കുന്ന ഒരു സ്വതന്ത്ര രാജ്യമായി മാറുന്ന കാലം വിദൂരമല്ലെന്നു ഞാൻ വിശ്വസിക്കുന്നു..
1962ൽ അപ്രതീക്ഷിതമായ ചൈനീസ് ആക്രമണത്തിൽ ഇന്ത്യക്കു നഷ്ടമായത് വളരെ തന്ത്രപ്രധാനമായ ലഡാക്കിനോട് ചേർന്ന് കിടക്കുന്ന അക്‌സായി ചിൻ എന്ന പ്രദേശമാണ് , അതോടൊപ്പം തന്നെ ആ പ്രദേശത്തിനോടടുത്തു കിടക്കുന്ന കാശ്‌മീരിന്റെ വടക്കു ഭാഗത്തുള്ള കാരക്കോറം പ്രദേശത്തിന്റെ ചില ഭാഗങ്ങളും പലവിധ ചർച്ചകളിലൂടെ പാക്സിതാനിൽ നിന്നും ചൈന നേടിയെടുത്തു..ഒരു ബെൽറ്റ് ഒരു റോഡ് എന്ന ലോകത്തെ വിവിധ സ്ഥലങ്ങളെ അഞ്ചു വിവിധ സാമ്പത്തിക ഇടനാഴികളാൽ ബന്ധിപ്പിക്കുന്ന പദ്ധതിയിലെ അഞ്ചാമത്തെ ഇടനാഴിയായ CPEC കടന്നു പോകുന്നത് ഇതിനോട് ചേർന്നാണ് എന്നത് മനസ്സിലാക്കിയാൽ ഈ മേഖലയിൽ സൈനിക സ്വാധീനം ഉറപ്പിക്കാനുള്ള ചൈനീസ് ശ്രമങ്ങളുടെ പഴക്കം ഗണിക്കാവുന്നതേ ഉള്ളൂ..ചൈനയുടെ വൻകിട പദ്ധതിയായ ഒരു ബെൽറ്റ് ഒരു റോഡ് പദ്ധതിയിൽ ചേരാൻ വിമുഖത കാണിച്ച ഒരേ ഒരു രാജ്യവുമാണ് ഇന്ത്യ. ജനസംഖ്യയിൽ ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ പങ്കെടുത്തിപ്പിക്കാതെ ഈ പദ്ധതി മുന്നോട്ടു കൊണ്ട് പോവുന്നത് പ്രതീക്ഷിച്ച വിജയം നേടാനുള്ള സാദ്ധ്യതകൾ കുറവാണു..പാക് അധീന കാശ്മീരിലൂടെ കടന്നു പോകുന്ന ചൈന – പാക് സാമ്പത്തിക ഇടനാഴിയെ കുറിച്ചുള്ള ഇന്ത്യയുടെ വ്യാകുലതകൾ കൃത്യമായി പരിഹരിക്കാതെ പദ്ധതിയുമായി സഹകരിക്കില്ല എന്ന ഇന്ത്യയുടെ നയം പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യത്തെ കാര്യമായി തന്നെ ബാധിക്കും എന്നതാണ് വിദഗ്ധ മതം..മാത്രവുമല്ല ചൈനയുടെ പദ്ധതിയോളം വരില്ലെങ്കിലും , അതിനു സമാനമായൊരു പദ്ധതി ഇന്ത്യയുടെ നേതൃത്വത്തിൽ ഉയർന്നു വരുന്നതിനുള്ള സാധ്യതകളും തള്ളിക്കളയാവുന്നതല്ല..നരേന്ദ്ര മോഡി എന്ന നയതന്ത്ര വിദഗ്ധന്റെ ദീർഘ വീക്ഷണം അയാൾ രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ നയതന്ത്ര ബന്ധത്തിൽ അസാധാരണമായ പുരോഗതിയാണ് വരുത്തി തീർത്തത്.
രാജ്യത്തിന്റെ പുറമെയുള്ള റോഡ് പണികൾ ഇന്ത്യ ഏറ്റെടുത്തു നടത്താൻ തീരുമാനമായതും , നാഷണൽ ഹൈവേ അതോറിറ്റി ഇനി മുതൽ സാർക് രാജ്യങ്ങളിലെ ടെൻഡറുകളിൽ പങ്കെടുക്കാൻ തീരുമാനമായതും ദക്ഷിണേഷ്യയിലെ ചൈനയുടെ അധീശത്വം മറികടക്കുക എന്ന തന്ത്രത്തിന്റെ ഭാഗം കൂടിയാണ് ഈ തീരുമാനം . 387 ബില്യൺ ഡോളർ റോഡ് നിർമ്മാണത്തിൽ ചിലവിടാൻ തയ്യാറെടുക്കുന്ന ഇന്ത്യ ഇന്ത്യയിൽ റോഡ് നിർമ്മിക്കുന്നതിനുള്ള പണം ഇതിലൂടെ സമ്പാദിക്കാമെന്നും കണക്കു കൂട്ടുന്നു..ചൈന കയ്യടക്കി വെച്ചിരുന്ന ഈ മേഖലകളിൽ ശക്തനായ ഒരു എതിരാളി ആയി മാറാനുള്ള സാദ്ധ്യതകൾ ഏഷ്യയിൽ ഇന്ന് ഇന്ത്യക്കു മാത്രമേ ഉള്ളു..
മറ്റൊരു തന്ത്ര പ്രധാനമായ പാലത്തിന്റെ ഉത്ഘാടനം കൂടി ഈ വരുന്ന മെയ് 26 നു പ്രധാനമന്ത്രി നരേന്ദ്ര മോഡി നിർവഹിക്കും.ഇന്ത്യ ചൈന അതിർത്തിക്ക് സമീപം ബ്രഹ്മപുത്ര നദിക്കു കുറുകെ പത്തു കിലോമീറ്ററോളം നീളം വരുന്ന ധോല സാദിയാ പാലമാണ് യാഥാർഥ്യമാവുന്നതു..അറുപതിനായിരം കിലോ യുദ്ധ ടാങ്കുകൾ താങ്ങാൻ വരെ ശേഷിയുള്ള പാലം ഇന്ത്യയുടെ ഏറ്റവും വലിയ പാലമെന്ന സ്ഥാനം ഇനി അലങ്കരിക്കും..ചൈനയുമായി തന്ത്ര പ്രധാനമായ അതിർത്തികൾ പങ്കിടുന്നതിനാൽ , സൈനിക വിന്യാസത്തിനും മറ്റും പാലം ഒരു പ്രധാന ഘടകം ആയി മാറും..ആയിരം കോടി രൂപ മുതൽ മുടക്കിൽ നിർമ്മിച്ച പാലം ചൈനീസ് അതിർത്തിയിൽ നിന്നും കേവലം നൂറു കിലോമീറ്റര് അകലെ വരെയെത്തുന്നു.അരുണാചലിലെയും ആസാമിലെയും യാത്ര സമയം നാലു മണിക്കൂർ ആയി കുറക്കാനും , സംസ്ഥാനങ്ങൾ തമ്മിലുള്ള വ്യാപരത്തിനു വൻ കുതിപ്പ് നൽകാനും ഈ പാലം ഉപകരിക്കും..
ചൈന വൻ തോതിൽ നിക്ഷേപം നടത്തിയിരുന്ന രാജ്യങ്ങളിലെല്ലാം തന്നെ ഇപ്പോൾ ഇന്ത്യയുടെ നിക്ഷേപങ്ങളും ചെന്നെത്തുന്നു , ചൈന വ്യാപാര കരാറുകൾ ചെയ്തു മേൽക്കോയ്മ നേടിയ രാജ്യങ്ങളെല്ലാം ഇന്ത്യയും പുതിയ പുതിയ കരാറുകൾ രൂപീകരിക്കുന്നു..ചൈനയുടെയും ഇന്ത്യയുടേയും അയൽ സംസ്ഥാനങ്ങളുമായുള്ള ബന്ധം ദൃഡമാവുന്നു.ഇന്ത്യൻ പ്രധാന മന്ത്രിയുടെ സന്ദർശന വേളയിൽ ചൈനീസ് കപ്പലുകൾക്ക് ശ്രീലങ്കൻ തീരത്തു നങ്കൂരമിടാൻ ശ്രീലങ്കൻ സർക്കാർ അനുമതി നിഷേധിക്കുന്നു..സ്പേസ് ടെക്നോളജിയിൽ ലോകത്തേതൊരു രാജ്യത്തോടും കിടപിടിക്കാവുന്ന രീതിയിൽ വളർന്ന ഇന്ത്യ അയൽ രാജ്യങ്ങൾക്കു സൗജന്യമായി വാർത്താവിനിമയ ഉപഗ്രഹം സമ്മാനിക്കുന്നു..ഇന്ത്യക്കു വേണ്ടി സാർക്ക് രാജ്യങ്ങളെല്ലാം തന്നെ ചൈനയുടെ ഉറ്റ സുഹൃത്തായ പാകിസ്ഥാനിൽ നടത്താനിരുന്ന ഉച്ചകോടി ബഹിഷ്‌ക്കരിക്കുന്നു..ഭാരതം വളരുകയാണ്.സമസ്ത മേഖലകളിലും തിളക്കമാർന്ന പ്രകടനം കാഴ്ച വെച്ച് കൊണ്ട് തന്നെ ഭാരതം മുന്നോട്ടു പോവുകയാണ്..വരും ദിനങ്ങളിൽ ഇനിയും ശ്രവണ സുഖമുള്ള അനേകം വാർത്തകൾ കേൾക്കാൻ കഴിയുമെന്ന് പ്രത്യാശിച്ചു കൊണ്ട് നിർത്തട്ടെ.