നരേന്ദ്ര മോഡി സർക്കാരിന്റെ 1000 ദിനങ്ങൾ

— ജിതിൻ ജേക്കബ് —

യോദ്ധ സിനിമയിൽ അപകടത്തിൽപെട്ട ദിവ്യബാലൻ റിമ്പോച്ചിയെ രക്ഷിക്കാൻ രക്ഷകൻ വരുന്നു എന്ന് സന്യാസിമാർ പറയുന്ന രംഗമുണ്ട്. രക്ഷകനുവേണ്ടി അവർ പ്രാർത്ഥിച്ചു. രക്ഷകൻ വന്നു, റിമ്പോച്ചിയെ രക്ഷിച്ചു.

ഇന്ത്യൻ ജനതയ്ക്ക് ലക്ഷം കോടിരൂപയുടെ അഴിമതി പരിചയപ്പെടുത്തിയ, സോണിയ ഗാന്ധിയും, മകനും, മകളും, മരുമകനും, നയിക്കുന്ന കോൺഗ്രസ് എന്ന കുടുംബ – കോർപ്പറേറ്റ് സ്ഥാപനത്തെ തൂത്തെറിയാൻ വെമ്പൽ കൊണ്ട ഇന്ത്യൻ ജനതയ്ക്ക് പ്രതീക്ഷയായി അവതരിച്ച രക്ഷകൻ തന്നെയായിരുന്നു നരേന്ദ്ര മോഡി.

ഭരിക്കുന്നവർ ശക്തരാകണമെങ്കിൽ, ശക്തമായ തീരുമാനങ്ങൾ എടുക്കണമെങ്കിൽ ശക്തമായ ഭൂരിപക്ഷവും വേണമെന്ന തിരിച്ചറിവാണ് ഇന്ത്യൻ ജനത ബിജെപി എന്ന പാർട്ടിക്ക് ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഭൂരിപക്ഷങ്ങളിൽ ഒന്ന് കൊടുത്തു ഇന്ദ്രപ്രസ്ഥത്തിൽ അവരോധിച്ചതു.

70 വര്ഷം ഇന്ത്യയെ ഭരിച്ചു മുടിച്ചവർ അധികാരത്തിൽനിന്നുമാറിയപ്പോൾ ബാക്കിവെച്ചതു ലോകരാജ്യങ്ങൾക്ക് മുമ്പിൽ നാണക്കേടുണ്ടാക്കുന്ന അഴിമതികഥകളും, ഗ്രാമീണ ജനതയുടെ പിന്നോക്കാവസ്ഥയും, തൊഴിലില്ലായ്മയും, ജാതി രാഷ്ട്രീയവും, വോട്ട് ബാങ്ക് രാഷ്ട്രീയവും ഒക്കെയാണ്.

ജനത്തെ തമ്മിലടിപ്പിച്ചും, കലാപങ്ങൾ സൃഷ്ടിച്ചും, മുതലെടുപ്പ് രാഷ്ട്രീയം കളിച്ചവരിൽ നിന്നും ഇന്ത്യ രാജ്യത്തെ രക്ഷപെടുത്താൻ വെറും 3 കൊല്ലം ഒന്നുമാകില്ല. ഇന്ത്യൻ ജനതയെ ജാതിയുടെയും, മതത്തിന്റെയും, സംസ്കാരത്തിന്റെയും, ഭാഷയുടെയും, ജീവിക്കുന്ന സ്ഥലത്തിന്റെയുമൊക്കെ പേരിൽ വേർതിരിച്ചു കാണാതെ എല്ലാവരും ഇന്ത്യക്കാർ എന്ന കാഴ്ചപ്പാടിലേക്കു മാറാനാണ് നരേന്ദ്ര മോഡി സർക്കാർ ശ്രമിക്കുന്നത്.

Sabka Saath, Sabka Vikas! എന്നത് വെറും ഒരു മുദ്രാവാക്യം അല്ല. രാജ്യം ഭിന്നിച്ചുപോകാതിരിക്കാനുള്ള ഏറ്റവും മഹനീയമായ മുദ്രാവാക്യമാണ്.
എല്ലാവര്ക്കും വികസനം. അവിടെ ന്യൂനപക്ഷം ഭൂരിപക്ഷം എന്ന വേർതിരിവുകൾ ഇല്ലാതാകുമ്പോൾ തന്നെ, ഭരണഘടനാ അനുശാസിക്കുന്ന എല്ലാ അവക്ഷങ്ങളും ഭാഷ – മത ന്യൂനപക്ഷങ്ങൾക്കു അനുവദിച്ചും കൊടുക്കുന്നു.

രാജ്യം എന്നും നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളാണ് ” പ്രാദേശിക വാദവും, ജാതിമേൽക്കോയ്മകളും, തീവ്രവാദവും”. ഇതില്നിന്നുള്ള മോചനം ഉണ്ടായാലേ രാജ്യത്തിന് രക്ഷ ഉണ്ടാകുകയുള്ളൂ. ഇത്തരം കാര്യങ്ങളിൽ ഏർപ്പെടുന്നവരെ നേരിടുക എന്നതാണ് മോഡി സർക്കാർ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി.

മോഡി സർക്കാർ ഈ കാലയളവിനുള്ളിൽ ചെയ്ത ചില കാര്യങ്ങൾ മാത്രം നോക്കാം:-

സാമ്പത്തികരംഗം :-

നോട്ട് നിരോധനം ഇന്ത്യ കണ്ട ഏറ്റവും ശക്തമായ തീരുമാനങ്ങളിൽ ഒന്നായിരുന്നു. അത് നടപ്പാക്കിയപ്പോൾ ചില ശക്തികൾ കരുതിക്കൂട്ടി കലാപങ്ങൾ വരെ ഉണ്ടാക്കാൻ ശ്രമിച്ചിട്ടും ഇന്ത്യൻ ജനത കേന്ദ്ര സർക്കാരിനൊപ്പം അടിയുറച്ചു നിന്നു. ഏകദേശം 1 ലക്ഷത്തിനു മുകളിൽ കേസുകളാണ് കള്ളപ്പണഇടപാടുകളുമായി ബന്ധപെട്ടു രജിസ്റ്റർ ചെയ്തിരിക്കുന്നത്. 1 കോടിയോളം ആളുകൾ പുതിയതായി ഇൻകം ടാക്സ് അടക്കാൻ തുടങ്ങി. കള്ളപ്പണഇടപാടുകൾ കണ്ടെത്താനും നിയന്ത്രിക്കാനും സർക്കാർ നിയമിച്ച എം ബി ഷാ കമ്മിറ്റ നിർദേശങ്ങളുടെ അടിസ്ഥാനത്തിലാണ് ക്യാഷ് കൈമാറ്റത്തിന് നിയന്ത്രങ്ങൾ കൊടുവന്നത്.

ക്യാഷ്ലെസ്സ് ഇക്കോണമി, ആധാർ (ആധാർ നിയമമായി പാസ്സാക്കിയത് നരേന്ദ്ര മോഡി സർക്കാരാണ്), GST (രാജ്യമെമ്പാടും ഒറ്റ നികുതി), വിദേശ നിക്ഷേപങ്ങളിലുണ്ടായ വർദ്ധനവ്, സ്റ്റോക്ക് മാർക്കറ്റിലെ കുതിപ്പ്, വിദേശ കരുതൽ നിക്ഷേപങ്ങളിലെ റെക്കോർഡ് വർദ്ധനവ്, രാജ്യാന്തര ക്രെഡിറ്റ് റേറ്റിംഗ് ഏജൻസിയുടെ മികച്ച റേറ്റിംഗ്, ലോകത്തെ മികച്ച നിക്ഷേപക സൗഹൃദ രാജ്യം എന്ന അനൗദ്യോഗിക പദവി. ലോകരാഷ്ട്രങ്ങളിലെല്ലാം സാമ്പത്തീക മാന്ദ്യം അനുഭവപ്പെടുമ്പോഴും ഇന്ത്യൻ സാമ്പത്തീകരങ്ങൾ കുതിപ്പ് തുടരുക തന്നെ ചെയ്യുന്നു.

GST (ഗുഡ്സ് & സർവീസ് ടാക്സ്) ::  രാജ്യം മുഴുവൻ ഏകീകൃത പരോക്ഷ നികുതി സമ്പ്രദായം.

ഇപ്പോൾ പല സംസ്ഥാങ്ങളിലും പല നികുതി സമ്പ്രദായം ആണുള്ളത്. നമ്മുടെ രാജ്യത്തെ ഇപ്പോൾ നിലവിലുള്ള നികുതി നിയമങ്ങൾ കാലഹരണപെട്ടതും, പിന്തുടരാൻ വളരെ പ്രയാസമുള്ളതുമാണ്. അതുകൊണ്ടു തന്നെ പല വ്യവസായ സ്ഥാപനങ്ങളും നികുതി അടക്കാൻ കൂട്ടാക്കാറില്ല. ഇതുമൂലം രാജ്യത്തിനുണ്ടാകുന്ന നഷ്ട്ടം ചെറുതല്ല.

നികുതി നിയമങ്ങൾ സാധാരണക്കാരന് മനസിലാക്കുന്നതും, നിയമങ്ങൾ സുതാര്യമാക്കുന്നതും വഴി കൂടുതൽ ആളുകൾ നികുതിയടക്കാൻ മുമ്പോട്ടുവരും എന്നതാണ് GST നടപ്പാക്കുമ്പോഴുള്ള ഏറ്റവും വലിയ ഗുണം.

GST നടപ്പാക്കാൻ പോകുന്ന ആദ്യ രാഷ്ട്രമല്ല ഇന്ത്യ. ഫ്രാൻസിൽ 1954 ൽ GST നടപ്പാക്കി. തുടർന്ന് മറ്റു വ്യാവസായിക രാജ്യങ്ങളും GST നടപ്പാക്കാൻ തുടങ്ങി. കമ്മ്യൂണിസ്റ്റ് ഭരണം അവസാനിച്ച ശേഷം റഷ്യയിലും, 1994 ൽ ചൈനയിലും GST നടപ്പാക്കി. ജപ്പാൻ , കൊറിയ, ഓസ്ട്രേലിയ തുടങ്ങിയ ഏഷ്യൻ രാജ്യങ്ങളിലും GST ആണ്. സൗദ്യ 2018 ൽ GST നടപ്പിലാക്കും.

ഇന്ത്യയിൽ GST നടപ്പാക്കാനുള്ള പ്രാരംഭ ചർച്ചകൾ തുടങ്ങിയത് 1986 ൽ ആണ്. നമ്മൾ ഗവേഷങ്ങളൊക്കെ നടത്തി വന്നപ്പോൾ 30 വര്ഷം ആയി എന്നെ ഉള്ളൂ. ലേറ്റ് ആയി വന്താലും ലേറ്റസ്റ്റ് ആയി വരുന്നതാണല്ലോ നമ്മുടെ സ്റ്റൈൽ. ?

GST രാജ്യത്തു നടപ്പാക്കാൻ ഏറ്റവുമധികം പ്രയത്നിച്ചത് മൻമോഹൻ സിംഗ് ആയിരുന്നു. പക്ഷെ ഭൂരിപക്ഷമില്ലായ്മ കാരണം കോൺഗ്രസിന് അത് നടപ്പാക്കാൻ കഴിഞ്ഞില്ല. നമ്മുടെ രാഷ്ട്രീയ അതിപ്രസരത്തിൽ എല്ലാ പാർട്ടികളുമായി ഒരു സമവായ ചർച്ചകളിലെത്താൻ അവർക്കു കഴിഞ്ഞില്ല.

GST, NDA സർക്കാർ നടപ്പിലാക്കിയതും മറ്റു പാർട്ടികളുമായി സമവായ ചർച്ചകൾ നടത്തിത്തന്നെയാണ്. കോൺഗ്രസ്സും പിന്തുണച്ചപ്പോൾ GST നിയമായി തന്നെ പാസ്സായി.

അവശ്യ സാധനങ്ങളുടെ വിലകുറയും എന്നതാണ് കേരളം പോലുള്ള ഉപഭോക്തൃ സംസ്ഥാങ്ങൾക്കുള്ള ഏറ്റവും വലിയ നേട്ടം. സാങ്കേതികമായ കാര്യങ്ങൾ GST യെ കുറിച്ച് എനിക്കറിയില്ല. പക്ഷെ അവശ്യ സാധങ്ങളുടെ വിലയിൽ കാര്യമായ കുറവ് ഉണ്ടാകും.

ഉദ്ദാഹരണം :- മരുന്നുകൾക്ക് ഇപ്പോഴുള്ള നികുതി 18% ആണ്. GST നടപ്പിൽ വരുത്തുമ്പോൾ അത് 5% ആയി കുറയും.

GST നടപ്പിൽ വരുത്തിയതാണ് NDA സർക്കാരിന്റെ ഏറ്റവും വലിയ നേട്ടമായി കണക്കാക്കുന്നത്. ഇന്നലെ ഇന്ത്യയിലെ വ്യാവസായിക കൂട്ടായ്മയായ ASSOCHAM അവരുടെ ഒരു സ്റ്റെമെന്റ്റ് ഇറക്കിയിട്ടുണ്ട്. http://www.assocham.org/newsdetail.php?id=6291

വ്യാവസായിക ലോകവും, സാമ്പത്തീക വിദഗ്ധരും, ലോക സാമ്പത്തീക ഫോറങ്ങളും GST നടപ്പാക്കിയ സർക്കാരിനെ അഭിനന്ദിക്കുന്നു. ഇന്ത്യയുടെ വളർച്ചക്ക് പുതിയൊരു അധ്യായമാണ് GST എന്നാണ് ലോകരാജ്യങ്ങളും കരുതുന്നത്.

GST കേരളത്തിന് നഷ്ടമുണ്ടാക്കുമെന്ന തരത്തിലുള്ള കേരളത്തിലെ ചില “സാമ്പത്തീക വിദഗ്ധരുടെ” അഭിപ്രായങ്ങൾ കണ്ടു. അത് കേട്ടിട്ട് അത്ഭുതം ഒന്നും തോന്നിയില്ല. അങ്ങനെ പറഞ്ഞില്ലെങ്കിലേ അത്ഭുതം ഉണ്ടാകുമായിരുന്നുള്ളൂ.
നോട്ട് നിരോധനം പറഞ്ഞു 1 കൊല്ലം ഇരുന്നു. ബാക്കിയുള്ള 4 കൊല്ലവും നോട്ട് നിരോധനവും പറഞ്ഞിരിക്കാം എന്ന് കരുതിയപ്പോഴാണ് GST വരുന്നത്. അപ്പോൾ GST യുടെ തലയിൽ കയറി. അത്രേ ഉള്ളൂ.

സ്വന്തം കഴിവുകേട് മറക്കാൻ എന്തൊക്കെ കാട്ടിക്കൂട്ടണം അല്ലെ. ഊതിപ്പെരുപ്പിച്ച സാമ്പത്തീക ശാസ്ത്രജ്ഞൻ പട്ടം വെറും പൊള്ളയാണെന്ന് നോട്ട് നിരോധനം കഴിഞ്ഞപ്പോഴേ തെളിഞ്ഞതാണ്, GST യുടെ കാര്യത്തിൽ അത് അരക്കിട്ടുറപ്പിച്ചു. അതിനെ ആരും മൈൻഡ് ചെയ്യണ്ട. ആ വണ്ടി അങ്ങനെ ഓടൂ. രാജ്യത്തിന് നല്ലതു വരുന്ന ഒരു കാര്യത്തെ എതിർത്തില്ലെങ്കിൽ പിന്നെങ്ങനെ അല്ലേ.

ലോകം മുഴുവൻ ഒരു കാര്യം ശരിയാണെന്നു പറഞ്ഞാലും നമ്മുക്ക് തലയിൽ അത് തെളിഞ്ഞു വരാൻ ഒരു 30 കൊല്ലം വേണ്ടി വരും. എല്ലാം സഹിക്കുക തന്നെ.?

ഇത് രാജ്യത്തിൻറെ വികസനകാര്യങ്ങളിലെ ഉള്ളൂ കേട്ടോ. ബാക്കി കാര്യങ്ങളിലൊക്കെ അമേരിക്കൻ വേഗതയാണ്.

തൊഴിലവസരങ്ങൾ:-

ജനസംഖ്യയുടെ 65% വരുന്ന യുവജനതയെ ലക്ഷ്യം വെച്ച് SKILL DEVELOPMENT പ്രോഗ്രാമുകൾ. ചെറുകിട വ്യവസായങ്ങൾക്ക് പിന്തുണ. സ്ത്രീകൾക്കായി പ്രത്യേക വായ്പ്പാ പദ്ധതികൾ.

മേക് ഇൻ ഇന്ത്യ, സ്റ്റാൻഡ് അപ്പ് ഇന്ത്യ, MUDRA, PMEGP,Pt. Deen Dayal Upadhyaya Grameen Kaushalya Yojana (DDU-GKY) National Urban Livelihoods Mission (NULM) Pradhan Mantri Rojgar Protsahan Yojana (PMRPY), Skill Development Programmes തുടങ്ങിയവ.
കഴിഞ്ഞ സാമ്പത്തീക വര്ഷം കൊടുത്ത മുദ്ര വായ്പ്പയുടെ കണക്കുകൾ ഇപ്രകാരമാണ്:-

Financial Year : 2016-2017
No. of PMMY Loans Sanctioned – 3,97,010,47
Amount Sanctioned : Rs.180528.54 Crore

വൈവിധ്യമായ ആശയങ്ങൾ ഉള്ളവരെ പ്രോത്സാഹിപ്പിക്കാൻ ഉതകുന്ന പദ്ധതികളും രാജ്യത്തെ ഗവേഷങ്ങൾ വർധിപ്പിക്കാനും ലക്ഷ്യമിട്ടു പദ്ധതികളുമായി നീതി ആയോഗ്.
ഇറക്കുമതി ചുരുക്കി എല്ലാം ഇന്ത്യയിൽ തന്നെ നിർമ്മിക്കുക എന്നതാണ് നമ്മുടെ ലക്ഷ്യം.

എല്ലാ രാജ്യങ്ങളിലും ഉൽപ്പാദനം 3 മേഖലകളെ കേന്ദ്രീകരിച്ചായിരിക്കും. primary, secondary and tertiary. ഇതിൽ പ്രൈമറി സെക്ടറിൽ വരുന്നതാണ് കൃഷി, മൈനിങ് മുതലായവ. ഇന്ത്യയുടെ 51% ജനതയും കൃഷിയുമായി ബന്ധപ്പെട്ട മേഖലകളിലാണ് ജോലി ചെയ്യുന്നത്.

നമ്മുക്ക് സ്വാതന്ത്ര്യം കിട്ടുമ്പോൾ 70% ജനങ്ങളും കൃഷിയുമായി ബന്ധപ്പെട്ടുള്ള ജോലിയിലായിരുന്നു ഏർപെട്ടുകൊണ്ടിരുന്നത്. സ്വാതന്ത്ര്യാനതാരം പഞ്ചവത്സര പദ്ധതികളിലൂടെ നമ്മൾ പൊതുമേഖലയിൽ വൻ വ്യവസായ ശാലകൾ ആരംഭിക്കാനാണ് ഉത്സാഹം കാട്ടിയതു. 1990 വരെ ഇന്ത്യയിൽ ഒരു ബിസിനസ് സംരംഭം തുടങ്ങണമെങ്കിൽ ഏകദേശം 82 ഓളം ലൈസൻസുകൾ വിവിധ സർക്കാർ ഏജൻസികളിൽ നിന്ന് വാങ്ങേണ്ടിയിരുന്നു. ഈ ലൈസെൻരാജ് സിസ്റ്റം വൻ അഴിമതികൾക്കും വഴിവെക്കുകയുണ്ടായി.

1990 കളിൽ മൻമോഹൻസിംഗ് ഇന്ത്യൻ വിപണിയെ ലോകവിപണിക്ക് തുറന്നുകൊടുത്തപ്പോഴും നമ്മൾ സെക്കന്ററി സെക്ടറിനെ ശ്രദ്ധിച്ചില്ല. സെക്കന്ററി സെക്ടറിൽ ആണ് സ്മാൾ & മീഡിയം എന്റർപ്രൈസുകൾ വരുന്നത്. അതായതു തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ ഏറ്റവും സഹായകരമായതു.

നമ്മൾ സെക്കന്ററി സെക്ടറിനെ തഴഞ്ഞു ടെറിട്ടറി സെക്ടറിനെ പ്രോത്സാഹിപ്പിച്ചു. അതായതു സർവീസ് സെക്ടർ. IT,ടെലെകോംമ്യൂണിക്കേഷൻ തുടങ്ങിയവ സർവീസ് സെക്ടറിൽ വരുന്നവയാണ്. ഇതിന്റെ ഏറ്റവും വലിയ ഗുണം എന്നത് പെട്ടെന്ന് രാജ്യത്തിൻറെ സമ്പത്തു വർധിക്കും, പിന്നെ പരിസ്ഥിതിക്ക് ദോഷവും ഇല്ല എന്നുള്ളതുമാണ്. പക്ഷെ ഈ സെക്ടറിൽ ജോലി ലഭ്യത വളരെ കുറവാണ് എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പോരായ്മ. രാജ്യം വളർച്ച പ്രാപിക്കുമെങ്കിലും തൊഴിലവസരങ്ങൾ കുറവായിരിക്കും. ജോബ്ലെസ്സ് ഗ്രോത് എന്ന് പറയും.

ആഗോള സാമ്പത്തീക തകർച്ച വന്നിട്ടും നമ്മൾക്ക് പിടിച്ചു നിൽക്കാൻ കഴിഞ്ഞത് വളരെ അത്ഭുദകരമായ കാര്യമായിരുന്നു. അതിനു നമ്മെ സഹായിച്ചതും ഈ സർവീസ് സെക്ടർ തന്നെയാണ്. പക്ഷെ ഈ സർവീസ് സെക്ടറിനെ നമ്മുക്ക് പൂർണമായും വിശ്വസിക്കാനും കഴിയില്ല. മറ്റു രാജ്യങ്ങളിലെ ഭരണമാറ്റം ഈ സെക്ടറിനെ വളരെയധികം ബാധിക്കും. അമേരിക്കയിൽ ട്രംപ് അധികാരമേറ്റപ്പോൾ അമേരിക്കക്കാർക്ക് ജോലി എന്ന നയം അദ്ദേഹം പിന്തുടർന്ന്. അത് ഇന്ത്യയിൽ നിന്നുള്ള IT കയറ്റുമതികൾക്കും വലിയ തിരിച്ചടിയായി.

2008 ലെ ആഗോള സാമ്പത്തീക തകർച്ചക്കുശേഷമാണ് നമ്മുടെ രാജ്യം സെക്കഡറി സെക്ടറിനെ പ്രോത്സാഹിപ്പിക്കാൻ തുടങ്ങിയത്. വൈകിയെത്തിയതിനാൽ ഈ മേഖലയിൽ നമ്മുക്ക് വൻ മത്സരമാണ് അഭിമുഖീകരിക്കേണ്ടി വരുന്നത്. ചൈനയുടെയും മറ്റു യൂറോപ്യൻ രാജ്യങ്ങളുടെയും കുത്തക തകർത്തുവേണം നമ്മുക്ക് നമ്മുടെ ഉല്പന്നങ്ങൾക്കു കമ്പോളം കണ്ടെത്തുവാൻ. ലോക വിപണി ഇപ്പോഴും 2008 ലെ തളർച്ചയിൽ നിന്ന് പൂർണമായും കരകയറിയിട്ടുമില്ല.

ഇതൊക്കെ മുന്നിൽ കണ്ടുകൊണ്ടാണ്   ഇപ്പോഴത്തെ NDA സർക്കാർ വിവിധ Skill Development പദ്ധതികൾ കൊണ്ടുവന്നിരിക്കുന്നത്. ചെറുകിട വ്യവസായങ്ങൾ പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിട്ടു കൊണ്ടുവന്ന പല പദ്ധതികളും അതിന്റെ ആരംഭഘട്ടം കഴിയുന്നതേയുള്ളൂ.

ഉദ്ദാഹരണം: മേക് ഇൻ ഇന്ത്യ, സ്റ്റാൻഡ് അപ്പ് ഇന്ത്യ, MUDRA, PMEGP,Pt. Deen Dayal Upadhyaya Grameen Kaushalya Yojana (DDU-GKY) National Urban Livelihoods Mission (NULM) Pradhan Mantri Rojgar Protsahan Yojana (PMRPY), Skill Development Programmes തുടങ്ങിയവ.

ഇറക്കുമതി ചുരുക്കി എല്ലാം ഇന്ത്യയിൽ തന്നെ നിർമ്മിക്കുക എന്നതാണ് നമ്മുടെ ലക്ഷ്യം. ISRO,DRDO തുടങ്ങിയ തന്ത്രപ്രധാനമായ സ്ഥാപങ്ങൾ പലതും പൂർണമായും ഇന്ത്യയിൽ തന്നെ ഇന്ത്യയുടെ സ്വന്തം സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് പദ്ധതികൾ നടപ്പാക്കാൻ തുടങ്ങി. വിദേശ നിക്ഷേപം ഇന്ത്യയിലേക്ക് ഒഴുകുകയാണ്. വിദേശ നിക്ഷേപത്തോടൊപ്പം വിദേശത്തുനിന്നു സാങ്കേതിക വിദ്യകളും നമ്മുക്ക് ലഭിക്കും.

ഇന്നലെ നമ്മൾ പുതിയതായി 10 NUCLEAR റിയാക്ടറുകൾ ഇന്ത്യൻ സാങ്കേതിക വിദ്യ ഉപയോഗിച്ച് നിർമ്മിക്കുന്നു എന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതുവഴി ഏതാണ്ട് 35000 ആളുകൾക്ക് പ്രത്യക്ഷമായി തന്നെ ജോലി ലഭിക്കും. മുദ്ര വായ്പ്പാ കൊടുക്കുന്നത് പുതിയ സംരംഭങ്ങൾ തുടങ്ങാനോ അല്ലെങ്കിൽ ഉള്ള സംരംഭങ്ങളെ പുനരുജ്ജീവിപ്പിക്കാനോ ആണ്. ഇതുവഴി തൊഴിൽ ലഭ്യത കൂട്ടാനാണ് രാജ്യം ശ്രമിക്കുന്നത്.

ഇതൊക്കെ പറയുമ്പോഴും നമ്മുടെ ചിന്തകളിൽ കൂടി വ്യത്യാസം വരേണ്ടിയിരിക്കുന്നു. കേരളത്തിലെ PSC പരീക്ഷയ്ക്കുള്ള അപേക്ഷകരുടെ എണ്ണം ഓരോ വര്ഷം കഴിയുമ്പോഴും കൂടിക്കൊണ്ടിരിക്കുകയാണ്. എന്താണ് LD ക്ലാർക്ക് പരീക്ഷയ്ക്കുള്ള ആകർഷണം? ശമ്പളമാണോ? ഒരിക്കലുമല്ല.

ജീവിതം സേഫ് ആണ് എന്ന് ചിലർ പറയും. ജോലി സുരക്ഷാ എന്ന് മറ്റുചിലർ പറയും. നാട്ടിൽ തന്നെ ജോലി എന്ന് ചിലർ പറയും. ഓരോരുത്തർക്കും ഓരോ കാരണങ്ങൾ കണ്ടെത്താനുണ്ടാകും.

ഒന്ന് പറയാം കേരളത്തിലെ ഒരു ഗവൺമെന്റ് ക്ലാർക്ക് 10 വര്ഷം കൊണ്ട് സമ്പാദിക്കുന്ന തുക സാമാന്യം നല്ല രീതിയിൽ പ്രവർത്തിക്കുന്ന ഒരു പ്രൈവറ്റ് സ്ഥാപനത്തിലെ ജീവനക്കാർ വെറും 2 വര്ഷം കൊണ്ടുണ്ടാക്കും.

ജനങൾക്ക് ജോലി കൊടുക്കുക എന്നതല്ല ഒരു സർക്കാരിന്റെ ജോലി. ജോലിക്കുള്ള അവസരങ്ങൾ സൃഷ്ടിക്കുക എന്നതാണ്. ജോലിയില്ല ജോലിയില്ല എന്നും പറഞ്ഞു സർക്കാരിനെതിരെ മുദ്രാവാക്യം വിളിക്കുന്ന സമയത്തു എന്തെല്ലാം വഴികൾ മുമ്പിലുണ്ടെന്ന കാര്യം നമ്മളിൽ പലരും ഓർക്കാറില്ല.

തൊഴിലവസരങ്ങൾ സൃഷ്ട്ടിക്കാൻ നമ്മുക്കൊരോർത്തർക്കും കഴിഞ്ഞാൽ നമ്മുടെ രാജ്യത്തു തൊഴിൽ രഹിതർ എന്ന ഗണത്തിൽ ആരും ഉണ്ടാകില്ല. അവസരങ്ങളും, സാധ്യതകളും ഒരുപാടുണ്ട് ഈ രാജ്യത്തു. പക്ഷെ അത് കണ്ടെത്തുന്നതിലാണ് വിജയം.

സാമൂഹിക രംഗം:-

എല്ലാ ഗ്രാമങ്ങളിലും വൈദ്യുതീകരണം ഈ വര്ഷം പകുതിയോടെ പൂർത്തിയാകും. വൈദ്യുതി പുറത്തുനിന്നു വാങ്ങിച്ചിരുന്ന ഇന്ത്യ ഇപ്പോൾ വൈദ്യുതി കയറ്റുമതിചെയ്യാൻ തുടങ്ങി.

ഒരു ദിവസം രാജ്യത്തു 22 km റോഡ് വികസനം നടക്കുന്നു. തുറമുഖങ്ങളുടെ വികസനത്തിനായി സാഗർമാല പദ്ധതി. റെയിൽവേ ക്രോസ്സുകൾ പൂർണമായും ഒഴിവാക്കാൻ സേതുഭാരതം പ്രൊജക്റ്റ്.

വൻകിട നദികളെ ബന്ധിപ്പിച്ചു ഉൾനാടൻ ജലഗതാഗതം പ്രോത്സാഹിപ്പിക്കുന്ന പദ്ധതി. ഇന്ത്യൻ നഗരങ്ങളെ സ്മാർട്ട് സിറ്റികളാക്കാനുള്ള പദ്ധതികൾ. 2022 ഓടെ എല്ലാവര്ക്കും വീട്

ഡയറക്റ്റ് ബെനെഫിറ് ട്രാൻസ്ഫർ (DBT) : അര്ഹരായവരിൽ മാത്രം സബ്സിഡികളും മറ്റു ആനുകൂല്യങ്ങളും എത്തുന്നു എന്ന് Aadhar വഴി ഉറപ്പാക്കുന്നു. ഏകദേശം 50000 കോടി രൂപയാണ് ഇതുവഴി രാജ്യത്തിന് ലാഭമാകുന്നത്.

കാർഷികരംഗം:-

ഏറ്റവും പ്രധാനം, കർഷകർക്ക് പൂർണ ഇൻഷുറൻസ് പരിരക്ഷ (ഫസൽ ഭീമ യോജന). എല്ലാ പദ്ധതികളും അർഹരിൽ തന്നെ എത്തുന്നു എന്നുറപ്പാക്കൽ.

പ്രതിരോധം:-

നമ്മുടെ രാജ്യം ഏറ്റവും കൂടുതൽ ആയുധങ്ങൾ ഇറക്കുമതി ചെയ്യുന്ന പ്രവണത അവസാനിപ്പിക്കുന്നു. ഇന്ത്യയിൽ തന്നെ ആയുധങ്ങളും മറ്റും നിർമിക്കാൻ തുടങ്ങി. പ്രതിരോധ കരാറുകളിൽ ഇടനിലക്കാരെ പൂർണമായും ഒഴിവാക്കി.

നീട്ടിവലിച്ചെഴുതാൻ ഇനിയുമുണ്ട് ഒരുപാട്. പക്ഷെ വായിക്കുന്നയാളുകൾക്കു ബോറടിക്കും. എല്ലാ രംഗങ്ങളിലും വലിയ ഒരു ഉണർവ് നരേന്ദ്ര മോഡി സർക്കാരിന് കൊണ്ടുവരാൻ കഴിഞ്ഞു എന്നതാണ് ഏറ്റവും പ്രധാനം.

ഈ പദ്ധതികളെല്ലാം വെറുതെയാണെന്നും, ഇതൊക്കെ ഊടായിപ്പാണെന്നുമൊക്കെ വാദിക്കുന്നവർക്കുമുമ്പിൽ ഒരു കാര്യം മാത്രം പറയാം. കാക്കത്തൊള്ളായിരം മാധ്യമങ്ങൾ കണ്ണും കാതും കൂർപ്പിച്ചിറങ്ങിയിട്ടും ഈ സർക്കാരിനെതിരെ ഇതുവരെ ഒരു അഴിമതി ആരോപങ്ങളും ഉയർന്നിട്ടില്ല എന്നുള്ളതാണ് ഏറ്റവും ശക്തമായ നേട്ടം.

അതിലും വലിയ കാര്യം രാജ്യത്തിൻറെ വികസനം തടസ്സപ്പെടുത്തുന്ന നീർക്കോലികളെ മൈൻഡ് പോലും ചെയ്യുന്നില്ല എന്നുള്ളതാണ്. അവർക്കുള്ള പണി ഇന്ത്യൻ ജനത വോട്ട് ചെയ്തു കൊടുക്കുമ്പോൾ പിന്നെ സർക്കാർ പ്രത്യേകിച്ചൊന്നും ചെയ്യേണ്ടല്ലോ അല്ലെ!

എന്തായാലും 2024 വരെ നരേന്ദ്ര മോഡി ഇന്ത്യ ഭരിക്കുക തന്നെ ചെയ്യും. ഇപ്പോൾ തുടങ്ങിവെച്ച പദ്ധതികൾ എല്ലാം ലക്ഷ്യം വെക്കുന്നത് 2022 ൽ ഇന്ത്യയെ ഒരു വികസന രാഷ്ട്രീമാക്കി മാറ്റുക എന്നതാണ്.