വിശ്വരാജ് വിശ്വ
ഒക്‌റ്റോഫോബിയ എന്നാണ് അതിന്റെ പേര്.. 8 എന്ന അക്കത്തിനോട് ഉള്ള ഭയം. !!!
നവംബർ 8 എന്ന തീയതി അടുത്ത് വരുമ്പോൾ ഇന്ത്യയിലെ ചില വിഭാഗം ആളുകൾക്ക്, രാഷ്ട്രീയക്കാർക്ക്, മാധ്യമ മേലാളന്മാർക്ക് ഒക്കെ ഈ ഒക്റ്റോഫോബിയ വന്നോ എന്ന് തോന്നിപ്പോകുന്ന തരത്തിൽ ആണ് മേൽപറഞ്ഞവരുടെ തയ്യാറെടുപ്പുകൾ കാണുമ്പോൾ തോന്നുന്നത്… നവംബർ 8, 2016 ഇന്ത്യയുടെ ചരിത്രത്തിലെ തന്നെ സുപ്രധാനമായൊരു തീരുമാനം അന്ന് രാത്രി 8 മണിക്കാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി രാജ്യത്തെ നേരിട്ട് അറിയിച്ചത്. അടുത്ത ദിവസം മുതൽ ഇന്ത്യയിൽ വിനിമയത്തിൽ ഉണ്ടായിരുന്ന 500 , 1000 രൂപ കറൻസി ഇനി മുതൽ വിനിമയത്തിന് സാധുത ഉള്ള കറൻസി ആയിരിക്കില്ല. അതിനാൽ എല്ലാവരും കൈവശം ഉള്ള 500 , 1000 രൂപയുടെ മുഴുവൻ കറൻസി നോട്ടുകളും ബാങ്കുകളിൽ നിക്ഷേപിച്ചു പകരം പുതിയ കറൻസി ഡിസംബർ 31 നകം മാറ്റി വാങ്ങണം… രാജ്യം ഞെട്ടലോടെ ആണ് ആ വാർത്ത കേട്ടത്. ഒരു സൂചന പോലും നൽകാതെ ഇത്ര സുപ്രധാനമായൊരു തീരുമാനവും അതിന്റെ തയ്യാറെടുപ്പും നടത്തിയത് അവിശ്വസനീയം തന്നെയായിരുന്നു….പിന്നെ ഉണ്ടായതു എല്ലാം നമുക്കറിയാം.. അതെല്ലാം ചരിത്രമായി മാറി. കള്ളപ്പണത്തോടും അഴിമതിയോടുമുള്ള സന്ധിയില്ലാ സമരത്തിന് സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ സാമ്പത്തിക വിപ്ലവത്തിന് നാന്ദി കുറിക്കുന്നതായ തീരുമാനം ആയിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി സർക്കാരും അന്ന് കൈക്കൊണ്ടത്… രാജ്യം മുഴുവൻ കലാപം ഉണ്ടാവും, ജനങ്ങൾ കടകളും വില്പനശാലകളും കയ്യേറും, രാജ്യത്തെ ക്രമസമാധാന നില താളം തെറ്റും, രാജ്യത്തു പട്ടാളം ഇറങ്ങേണ്ടി വരും, സായുധ സേനകൾ സിവിലിയൻസിനെ ആക്രമിക്കുന്ന അവസ്ഥാവിശേഷം താമസിയാതെ ഉണ്ടാകും. ഇതൊക്കെ ആയിരുന്നു പ്രതിപക്ഷ കക്ഷികളുടെ മോഡി വിരുദ്ധരുടെ, മാധ്യമ CITU ക്കാരുടെയും എല്ലാം പ്രതീക്ഷ. അനവധി നിരവധി പ്രതിസന്ധികൾ ഉണ്ടായിട്ടും, ഇന്ത്യ മഹാരാജ്യത്തെ ജനങ്ങൾ മോദിയുടെ തീരുമാനത്തോടൊപ്പം നിന്ന് രാജ്യത്തെ കള്ളപ്പണവും അഴിമതിയും തുടച്ചു നീക്കുന്ന യജ്ഞത്തിൽ പങ്കാളികൾ ആയി. എങ്ങും കലാപം പോയിട്ട് ഒരു ലഹള പോലും നടന്നില്ല… ആ സഹകരണത്തിന് സർക്കാരും പ്രധാനമന്ത്രിയും രാജ്യത്തെ ജനങ്ങളോട് കടപ്പെട്ടിരിക്കും..
കാൻസർ എന്ന രോഗം അതിഭീകരമാണ്. ആരോഗ്യം ഉള്ള ഒരു ശരീരത്തെ കാർന്നു തിന്നു തീർക്കാൻ അതിനു തുച്ഛമായ സമയം മതി. ഗുരുതരമായ കാൻസർ ഡയഗ്‌നോസ് ചെയ്തു കഴിഞ്ഞാൽ കീമോ തെറാപ്പി എന്ന ചികിത്സ ചെയ്തേ മതിയാകൂ. വേദനയും ശരീരത്തിന് ഉണ്ടാകുന്ന കഠിനമായ വിഷമതകളും കീമോതെറാപ്പിയുടെ കൂടെ ഒഴിവാക്കാൻ സാധിക്കാത്തതാണ്.. രോഗിയെ തിരിച്ചറിയാൻ പോലും ആവാത്ത രീതിയിൽ മുടിയും ശരീര രോമങ്ങളും എല്ലാം നഷ്ടപ്പെട്ട് എല്ലും തോലും ആവുന്ന അവസ്ഥ വരെ എത്തും കാര്യങ്ങൾ, പക്ഷെ ആ കീമോ ചെയ്തില്ല എങ്കിൽ രോഗിയുടെ മരണം ആവും ഫലം. Demonetization എന്ന കീമോതെറാപ്പിയും അത് പോലെ ആയിരുന്നു. ഉടനെ ചെയ്തില്ല എങ്കിൽ ഇന്ത്യൻ സാമ്പത്തിക രംഗത്തിന്റെ അടിത്തറ ഇളകുന്ന നിലയിലേക്ക് ആയിരുന്ന സാമ്പത്തിക രംഗത്തെ സൂചികകൾ വിരൽ ചൂണ്ടിയത്..
നോട്ട് നിരോധനം എന്നത് ഇന്ത്യൻ സാമ്പത്തിക രംഗത്തിന്റെ “ശുദ്ധികലശത്തിന്റെ” ഒന്നാം പടി ആയിരുന്നു, ആവർത്തിക്കുന്നു ഒന്നാം പടി മാത്രം.. ശരീരത്തിൽ ശക്തമായ ഒരു മരുന്ന് കൊടുക്കാൻ പോകുന്നതിന്റെ ഒരു ന്ന്യൂട്രലൈസർ എന്നൊക്കെ പറയാം… നവംബർ 8 നു ശേഷം ഇന്ത്യൻ സാമ്പത്തിക രംഗത്ത് ഉണ്ടായ അനേകം മാറ്റങ്ങളുടെ കൂടെ , കണക്കുകളിലൂടെ നമുക്ക് ഒന്ന് പോയി വരാം…
99% നോട്ടുകൾ തിരികെ വന്നപ്പോൾ – Demonetization impact
. RBI കണക്കുകൾ പ്രകാരം രാജ്യത്തു സർക്കുലേഷനിൽ ഉള്ള 86% കറൻസി ആണ് 500 , 1000 നോട്ടുകൾ പിൻവലിച്ചതിലൂടെ ഇല്ലാതായത്. അതിന്റെ മൊത്തം മൂല്യം ഏതാണ്ട് 15 ലക്ഷം കോടി രൂപ വരും. നോട്ടു നിരോധനത്തിന് ശേഷം 99% മൂല്യം ഉള്ള നിരോധിച്ച നോട്ടുകളും ബാങ്കുകളിൽ തിരികെ എത്തി. സർക്കാരിനും ആദായ നികുതി വകുപ്പിനും ലഭിച്ച കണക്കുകൾ പ്രകാരം 15 ലക്ഷം കോടി രൂപയിൽ ഏതാണ്ട് പകുതി , 7 ലക്ഷം കോടി രൂപ വന്നിരിക്കുന്നത് കേവലം 60 ലക്ഷം അക്കൗണ്ടുകളിൽ ആണ്. ഇതിൽ വ്യക്തികളും കമ്പനികളും ഉൾപ്പെടും. കേവലം 60 ലക്ഷം അക്കൗണ്ടിൽ നിരോധിച്ച കറൻസിയുടെ പകുതി വന്നു എന്ന് പറയുമ്പോൾ ഇന്ത്യയുടെ മൊത്തം ജനസംഖ്യ 130 കോടി മാത്രം ആണെന്ന് നമ്മൾ ഓർക്കണം.. ഒരു കോടി അക്കൗണ്ടുകൾ പോലും വന്നില്ല. സർക്കാരിന് പരിശോധിക്കേണ്ടത് 130 കോടി ജനങ്ങളുടെ അക്കൗണ്ടല്ല എന്ന് ചുരുക്കം. ശതമാനക്കണക്കിൽ നോക്കിയാൽ മൊത്തം ജനസംഖ്യയുടെ കേവലം 0.46% അക്കൗണ്ടുകളിൽ വന്നത് നിരോധിച്ച കറൻസിയുടെ പകുതിയാണ്..
ഏറ്റവും പുതുതായി പുറത്തു വന്ന ആദായ നികുതി കണക്കുകൾ കുറച്ചു കൂടി വ്യക്തമാണ്. വിവിധ കേന്ദ്ര സർക്കാർ ഏജൻസികളുടെ പരിശോധനയിൽ പുറത്തു വന്നത് 2 ലക്ഷത്തോളം “കടലാസ്സ് കമ്പനികൾ (Paper Companies ) ” ആണ്. കമ്പനീസ് ആക്ട് പ്രകാരം ഇത്തരം കമ്പനികൾ വ്യാജ കമ്പനികൾ ആണ്.. അവ പേപ്പറിൽ മാത്രമേ ഉണ്ടാകൂ, വാസ്തവത്തിൽ അങ്ങനെ ഒരു കമ്പനി ഇല്ല പക്ഷെ അതിന്റെ പേരിൽ അക്കൗണ്ടും പണമിടപാടും ബാലസൻഷീറ്റും ഉണ്ടാകും. കേന്ദ്ര സർക്കാർ ഇപ്പോൾ പരിശോധന നടത്തിയതിൽ 2 ലക്ഷത്തിന് മുകളിൽ കടലാസ് കമ്പനികൾ ആണ് കണ്ടെത്തി രജിസ്‌ട്രേഷൻ റദ്ദ് ചെയ്തത്. അതിൽ പരിശോധന നടത്തിയതിൽ 5800 കമ്പനികളിൽ നിന്നു നോട്ട് നിരോധന സമയത്തു നടന്ന 4574 കോടി രൂപയുടെ കള്ളപ്പണ ഇടപാട് കണ്ടെത്തി . പരിശോധന നടത്തിയ 5800 കടലാസ് കമ്പനികൾ എന്നു പറയുന്നത് റദ്ദാക്കിയ 2 ലക്ഷം കടലാസ് കമ്പനികളിൽ കേവലം 3% ത്തിൽ താഴെ ആണ്.. ഇനി 97% കടലാസ് കമ്പനികളുടെ അക്കൗണ്ട് പരിശോധിക്കാൻ ബാക്കി കിടക്കുന്നു. കേവലം 3% കള്ള കമ്പനികളിൽ നിന്നു കണ്ടെത്തിയത് 4500 കോടി രൂപ ആണെങ്കിൽ ബാക്കി 97% ഫേക്ക് കമ്പനികളുടെ അക്കൗണ്ട് കൂടി പരിശോധിച്ചാൽ എത്ര വരും എന്നു ഊഹിക്കാമല്ലോ.. ??
നോട്ട് നിരോധന സമയത്തിന് മുന്നേ , നവംബർ 8 നു മുന്നേ ഈ കടലാസ് കമ്പനികളിൽ നടന്ന ഇടപാട് 22 കോടി രൂപ മാത്രം ആയിരുന്നു. നോട്ട് നിരോധനത്തിനു ശേഷം ഈ അക്കൗണ്ടുകളിൽ വന്നത് 4573 കോടി രൂപയാണ്…ഇതിൽ ചില കമ്പനികളുടെ പേരിൽ മാത്രം 100 ൽ അധികം അക്കൗണ്ടുകൾ തുടങ്ങി അതിലൂടെ എല്ലാം പണം മാറ്റിയെടുത്തിട്ടുണ്ട് എന്നു നികുതി വിഭാഗം കണ്ടെത്തി ..
എന്താണ് നിരോധിച്ച നോട്ടുകൾ മുഴുവൻ ബാങ്കുകളിൽ തിരികെ എത്തിയത് എന്നു മനസിലായോ. ? ഇപ്പോൾ മൊത്തം കടലാസ് കമ്പനികളുടെ രജിസ്‌ട്രേഷൻ റദ്ദാക്കിയതിൽ കേവലം 3% താഴെ മാത്രം ആണ് പരിശോധന നടന്നത് എന്നു വീണ്ടും ഓർമ്മിപ്പിക്കുന്നു.
ക്യാഷ് എന്ന ഹാർഡ് കറൻസി ഒരു സമ്പദ് വ്യവസ്ഥയിൽ ആരുടെ ഒക്കെ കയ്യിൽ എത്ര ഉണ്ട് എന്ന് സർക്കാരിന് അല്ല ആർക്കും അറിയാൻ കഴിയില്ല.. കാരണം ക്യാഷ് ആരുടെ കയ്യിൽ ഇരിക്കുന്നോ അയാളാണ് അതിന്റെ അധിപൻ. അതിനെ ട്രാക്ക് ചെയ്യാൻ അത്ര എളുപ്പം അല്ല. ഉദാഹരണത്തിന് A എന്നയാൾ B യുടെ കയ്യിൽ നിന്ന് 2 കോടി രൂപയുടെ മൂല്യം ഉള്ള വസ്തു വാങ്ങുന്നു എന്ന് കരുതുക. നികുതി വെട്ടിപ്പിന്റെ നാട്ടു നടപ്പ് അനുസരിച്ചു പരമാവധി ഒരു കോടി രൂപ ആയിരിക്കും ആധാരത്തിൽ കാണിക്കുക. ബാക്കി ഒരു കോടി ക്യാഷ് ആയി നൽകും. അപ്പോൾ ഒരു കോടി രൂപയുടെ നികുതി വെട്ടിപ്പ് നടന്നു കഴിഞ്ഞു. മാത്രമല്ല ആ ഒരു കോടി സ്ഥലം വിൽക്കുന്ന ആളുടെ കയ്യിൽ ബ്ലാക്ക് മാണി ആയി വന്നു ചേർന്നു. അയാൾ ഈ പ്രക്രിയ തുടർന്ന് കൊണ്ട് നികുതി വെട്ടിച്ച കള്ളപ്പണം വീണ്ടും നികുതി വെട്ടിച്ചു കച്ചവടം ചെയ്യും, കാരണം ഈ പണം നികുതി അടക്കാത്തത് കൊണ്ട് അക്കൗണ്ട് ചെയ്യാൻ സാധ്യമല്ല.. അപ്പോൾ ഈ നികുതി വെട്ടിച്ച പണം നമ്മുടെ സാമ്പത്തിക സംവിധാനത്തിൽ കയറാതെ, അക്കൗണ്ട് ചെയ്യപ്പെടാതെ, നികുതി അടക്കാതെ പക്ഷെ നമ്മുടെ സമ്പദ് വ്യവസ്ഥയിൽ തന്നെ കറങ്ങി നടക്കും. ഇത് പോലെ നികുതി അടക്കപ്പെടാതെ സമാന്തര സംവിധാനമായ “ക്യാഷ് BASED ഇക്കോണമിയിൽ മാത്രം അടിഞ്ഞു കൂടുന്ന കറൻസിയുടെ കണക്കു നിങ്ങളെ ഞെട്ടിക്കും. അതായത് റിസർവ്വ് ബാങ്ക് ഇഷ്യൂ ചെയ്ത ഹൈ വാല്യൂ നോട്ടുകൾ ഇത്തരത്തിൽ ബാങ്കുകളിലോ ട്രെഷറികളിലോ എത്താതെ ഒരു സമാന്തര കാഷ് മാർക്കറ്റ് രൂപപ്പെടുന്നു. രഘുറാം രാജൻ റിസർവ്വ് ബാങ്ക് ഗവർണ്ണർ ആയിരിക്കുമ്പോൾ സർക്കാറിനു സമർപ്പിച്ച റിപ്പോർട്ട് പ്രകാരം അത്തരം കാഷ് BASED സമാന്തര സംവിധാനത്തിൽ ഉള്ള നോട്ടുകളുടെ മൂല്യം 5 ലക്ഷം കോടിയോളം വരും. സർക്കാർ പിൻവലിച്ച ആകെ നോട്ടുകളുടെ മൂല്യം 15 ലക്ഷം കോടി ആണെന്ന് ഓർക്കണം. അതായത് 1/3 പണം സർക്കാരിന്റെയോ ബാങ്കിന്റെയോ സംവിധാനത്തിൽ വരുന്നേ ഇല്ല എന്നർത്ഥം. അപ്പോൾ അതിനു നികുതിയും ഉണ്ടാവുന്നില്ല.. അത് മൂലം സർക്കാരിന് ഉണ്ടാകുന്ന നികുതി നഷ്ടം ഒന്ന് കണക്കു കൂട്ടി നോക്കൂ.. പക്ഷെ നോട്ടു നിരോധനം വന്നപ്പോൾ എന്ത് സംഭവിച്ചു ? ഇത്തരത്തിൽ പുറത്തു മാത്രം കറങ്ങി നിന്ന സമാന്തര കാഷ് സംവിധാനത്തിലെ പണം നിർബന്ധപൂർവ്വം ബാങ്കിൽ അടക്കേണ്ടതായ സാഹചര്യം നരേന്ദ്ര മോഡി സർക്കാർ ഉണ്ടാക്കി എടുത്തു. അതോടെ കറുപ്പും വെളുപ്പും ആയ മുഴുവൻ പണവും ബാങ്കിങ് സംവിധാനത്തിലേക്ക് വന്നു ചേർന്നു . അതായത് നികുതി അടക്കാൻ ബാധ്യസ്ഥൻ ആയ ഒരു നാഥൻ ഇല്ലാതിരുന്ന മുഴുവൻ സമാന്തര കാഷ് കറൻസിക്കും പെട്ടെന്ന് ഒരു നാഥൻ ഉണ്ടായി. ആരുടെ അക്കൗണ്ടിൽ ആണോ ഈ കാഷ് വന്നു ചേർന്നത്, ആ പണത്തിന്റെ സ്രോതസ്സും നികുതിയും കണക്കും എല്ലാം അയാളുടെ ബാധ്യത ആയി. എന്റെ പണം അല്ല, എനിക്ക് കിട്ടിയതാണ് എന്നൊന്നും പറയാൻ സാധിക്കില്ല, ഇൻകം ടാക്സ് വകുപ്പിന്റെ കൺസീൽഡ് ഇൻകം ആയി ഇതിനെ കണക്കാക്കി പൂർവ്വകാല നികുതി അടക്കം ടിയാൻ തന്നെ അടക്കേണ്ടി വരും. കൂടാതെ നികുതി വെട്ടിച്ച ചാർജ് കൂടി തലയിൽ വന്നു ചേരും. . അല്ലെങ്കിൽ കാഷ് ബാങ്കിൽ അടക്കാതെ നശിപ്പിച്ചു കളയുക എന്നതായിരുന്നു മറ്റൊരു മാർഗ്ഗം അപ്രകാരം വന്നു ചേർന്ന പണം വരവ് വക്കാൻ വേണ്ടി ആണ് മുകളിൽ പറഞ്ഞ ആയിരക്കണക്കിന് “കടലാസ്സ് കമ്പനി ” അക്കൗണ്ടുകൾ തുടങ്ങിയതും, പതിനായിരക്കണക്കിന് ബിനാമി ഇടപാടുകളിലൂടെ ബാങ്ക് അകൗണ്ടുകളിലേക്ക് പണം വന്നു ചേർന്നതും. ഇപ്പോൾ സർക്കാർ ഒരുക്കിയ ആ കെണിയിലേക്ക്, ട്രാക്കിങ് സംവിധാനത്തിലേക്ക് നവംബർ 8 മുതൽ ഡിസംബർ 31 വരെ വരി വരിയായി ആളുകൾ വന്നു വീണു കൊണ്ടിരുന്നു. ഇപ്പോൾ ഇൻകം ടാക്സ് – എൻഫോഴ്‌സ്‌മെന്റ് വകുപ്പ് മുതൽ സിബിഐ വരെയാണ് ഇത്തരത്തിൽ പണം വന്നു ചേർന്ന അക്കൗണ്ടുകളുടെ ഉടമകളെ തെരഞ്ഞു പിടിക്കുന്നത്… ആ അക്കൗണ്ടിന്റെ ഉടമസ്ഥൻ സർക്കാരിനെ ബോധിപ്പിക്കണം….. ഇനി ഇത്തരത്തിൽ ബാങ്കിലേക്ക് വന്ന പണത്തിന്റെ കണക്കാണ് മുകളിലെ പാരഗ്രാഫിൽ വിവരിച്ചത്. ആയിരക്കണക്കിന് കള്ള അക്കൗണ്ടുകളിലൂടെ മേല്പറഞ്ഞ കള്ളപ്പണം ബാങ്കുകളിൽ നിക്ഷേപിച്ചാൽ അത് “വൈറ്റ് മണി” ആയി മാറില്ല..പകരം ആ പണത്തിനു നിങ്ങൾ മറുപടി പറയേണ്ട സാഹചര്യം ആണ് ഉണ്ടായത്. ആരുടെയോ കയ്യിൽ ഇരുന്ന ബാങ്കിങ് സംവിധാനത്തിൽ വരാത്ത കറൻസി ബാങ്കിങ് സംവിധാനത്തിലേക്ക് തിരികെ കൊണ്ട് വന്നു അതിനെ അക്കൗണ്ട് ചെയ്യിക്കാൻ സാധിച്ചു എന്നതാണ് Demonetization എന്ന നോട്ടു നിരോധനത്തിന്റെ പ്രാഥമിക വിജയം..
Demonetization Impact – നികുതി വരുമാനത്തിലും നികുതി ദായകരിലും ഉള്ള വർദ്ധന :
നോട്ടു നിരോധനത്തിലൂടെ മുഴുവൻ കറൻസിയും ബാങ്കിലേക്ക് തിരികെ വരികയുണ്ടായി. ബാങ്ക് അക്കൗണ്ടുകളിലേക്ക് വന്ന പണത്തിനു രേഖയുള്ളത് കൊണ്ട് അതിനു നികുതി അടച്ചില്ല എങ്കിൽ ഗുരുതര ഭവിഷ്യത്തു ഉണ്ടാകും എന്ന് അല്പം ബോധം ഉള്ള ഏതൊരാൾക്കും മനസിലാവും.. അതിന്റെ ഫലം നികുതി വരുമാനത്തിൽ മാത്രമല്ല നികുതിദായകരുടെ എണ്ണത്തിലും വർദ്ധിച്ചു. CBDT – സെൻട്രൽ ബോർഡ് ഓഫ് ഡയറക്റ്റ് ടാക്സ് ന്റെ കണക്കുകൾ പ്രകാരം ആഗസ്റ്റ് മാസം വരെ Demonetization ന്റെയും ഓപ്പറേഷൻ ക്ളീൻ മണിയുടെയും ഫലമായി ആദായ നികുതി അടച്ചവരുടെ എണ്ണം 25% വർദ്ധിച്ചു 2.80 കോടിയിൽ എത്തി. . ആദായ നികുതിയുടെ അഡ്വാൻസ് ടാക്സ് 42% ആണ് വർധിച്ചത്. സെല്ഫ് അസ്സസ്സ്മെന്റ് ടാക്സ് മുൻ വര്ഷങ്ങളേക്കാൾ 35% വളർച്ച രേഖപ്പെടുത്തി. പ്രധാനമന്ത്രി ജൻ ധൻ യോജന അക്കൗണ്ടുകളിൽ 75% അക്കൗണ്ടുകളിൽ സബ്‌സിഡി വരുന്ന പണം അല്ലാതെ ഒന്നും ഉണ്ടായിരുന്നില്ല. ഇപ്പോൾ ആ അകൗണ്ടുകളിൽ എല്ലാം പണം എത്തി പൂജ്യം ബാലൻസ് അക്കൗണ്ടുകൾ ഇപ്പോൾ 75 ൽ നിന്ന് 20% ആയി ചുരുങ്ങി. നോട്ടത് നിരോധനത്തിന്റെ ഏറ്റവും വലിയ നേട്ടം ഡിജിറ്റൽ ബാങ്കിങ് സംവിധാനത്തിൽ ഉണ്ടായ കുത്തനെ ഉള്ള വർദ്ധനവ് ആണ് എന്നത് പകൽ പോലെ വ്യക്തമാണ്..
റിയൽ എസ്റ്റേറ്റ് – ഗോൾഡ് മാർക്കറ്റ് – വിലയിടിവ് – Demonetization Impact
Demonetization ന്റെ ആദ്യനല്ല പ്രതികരണം അറിഞ്ഞത് ഒരു പക്ഷെ റിയൽ എസ്റ്റേറ്റ് രംഗത്ത് നിന്നാണ്. കഴിഞ്ഞ 15 വർഷമായി സാധാരണക്കാരന്റെ മുന്നിൽ ഒരു തുണ്ടു ഭൂമി വാങ്ങുക എന്നത് സ്വപ്നമായി തന്നെ അവശേഷിക്കുന്ന രീതിക്കാണ് ഭൂമി വില കുതിച്ചു ഉയർന്നത്. പലപ്പോഴും 200% മുതൽ 1000% വരെ ഒക്കെ ഭൂമിയുടെ വില കുതിച്ചു കയറിയിട്ടുണ്ട് ഇന്ത്യയിൽ ഒട്ടാകെ. അതിന്റെ കാരണവും ഈ സമാന്തര കാഷ് ഇക്കണോമി ആണ്. റിയൽ എസ്റ്റേറ്റ് രംഗവും സ്വർണ്ണ വ്യാപാര രംഗവും ആണ് മാർക്കറ്റിലെ വലിയ നോട്ടുകൾ കച്ചവടത്തിനായി വലിയ തോതിൽ വന്നു പിന്നീട് ബാങ്കിങ് സംവിധാനത്തിന് പുറത്തു കൂടി തന്നെ നികുതി വെട്ടിച്ചു ഇടപാടുകൾ നടത്താനായി ഉപയോഗിക്കുന്നത്.. ഈ വിലക്കയറ്റത്തിന് കാരണവും അതാണ്. ഒന്ന് കൂടി വിശദമാക്കാം.. നികുതി വെട്ടിച്ചു നടത്തിയ ഇടപാടിലൂടെ നിങ്ങളുടെ കൈവശം എത്തുന്ന കള്ളപ്പണം നിങ്ങൾക്ക് കൂടുതൽ വിലക്ക്, കൂടുതൽ ഫലപ്രദമായി വീണ്ടും നിക്ഷേപം നടത്താൻ ഈ രണ്ടു രംഗങ്ങൾ ആണ് സഹായിച്ചിരുന്നത്.. നികുതി വെട്ടിച്ചു 2 കോടി നേടി എങ്കിൽ ആ പണം ക്യാഷ് രൂപത്തിൽ നൽകി നിങ്ങൾക്ക് 3 കോടിയുടെ ഒരു വസ്തു വാങ്ങാം. അണ്ടർ വാലുവേഷൻ ആയി കാണിച്ചു നികുതി വെട്ടിച്ചു ആ വസ്തു 1 കോടി രൂപക്ക് രജിസ്റ്റർ ചെയ്തു ബാക്കി രണ്ടു കൂടി ക്യാഷായി നൽകി കച്ചവടം അവസാനിപ്പിക്കുന്നു. നിങ്ങളുടെ കയ്യിലെ 2 കോടിയുടെ കള്ളപ്പണം വസ്തു വിറ്റ ആളുടെ കയ്യിൽ കള്ളപ്പണമായി മാറി. എന്നാൽ കോടികളുടെ ഇടപാടും നടന്നു കഴിഞ്ഞു. സർക്കാരിന് നികുതി നഷ്ടം , സ്റ്റാമ്പ് പേപ്പർ തട്ടിപ്പ് എന്നിവക്ക് പുറമെ 75% അൺഅക്കൗണ്ടഡ് പണം ഉപയോഗിച്ച് നടക്കുന്ന ഇടപാട് ആയത് കൊണ്ട് സ്ഥലം വിൽക്കുന്ന ആൾ സ്ഥലത്തിന് വില കൂടുതൽ തരണം എന്ന് ആവശ്യപ്പെടും. കയ്യിലെ നികുതി അടക്കാതെ പണം കൊണ്ട് വേറെ ഇൻവെസ്റ്റ്മെന്റ് ഓപ്‌ഷൻ ഇല്ലാത്തത് കൊണ്ട് ആ കൂടിയ വിലക്ക് സമ്മതിക്കുകയെ നിവൃത്തി ഉള്ളൂ. അപ്പോൾ അങ്ങനെ അവിടെ ഉള്ള ഭൂമി വില ഉയർന്നു. നികുതി നൽകി ഭൂമി വാങ്ങാൻ ശ്രമിക്കുന്ന സാധാരണക്കാരന്റെ കൺമുന്നിൽ ഈ വില അങ്ങനെ നാൾക്കു നാൾ ഒരു കാരണവും ഇല്ലാതെ കുതിച്ചു കയറും. അതിന്റെ മൂല കാരണം ഈ പറഞ്ഞ ക്യാഷ് കംപോണന്റ് ആണ്. നോട്ട് നിരോധനം കഴിഞ്ഞപ്പോൾ എന്ത് സംഭവിച്ചു. ആദ്യമേ തന്നെ മുഴുവൻ കറൻസിയും ബാങ്കിൽ തിരികെ എത്തി. കോടികൾ പൂഴ്ത്തി വച്ചിരുന്നവരുടെ കയ്യിൽ എടുത്തു മറിക്കാൻ പാകത്തിന് കറൻസി ഇല്ല. പണം പിൻവലിക്കൽ നിയന്ത്രണങ്ങൾ നീക്കി എങ്കിലും സർക്കാർ വക മുഴുവൻ ബാങ്കുകളിലും ഒരു ട്രാക്കിങ് സംവിധാനം ഏർപ്പെടുത്തി. വലിയ തുകക്കുള്ള പണം പിൻവലിക്കലുകൾ , സ്വർണ്ണ പർച്ചേസുകൾ , സ്ഥല ഇടപാടുകൾ എല്ലാം അതാത് സമയം ബാങ്കുകളും, രജിസ്ട്രാർ ഓഫീസുകളും, ജ്വല്ലറികളും ഒക്കെ സർക്കാരിന് റിപ്പോർട്ട് ചെയ്യണം എന്നത് കർശനമാക്കി. നിങ്ങൾ വലിയ തുക പിൻവലിച്ചു എന്നാൽ നിങ്ങളെ നോട്ട് ചെയ്തു എന്നർത്ഥം. മുൻപേ ഉണ്ടായിരുന്ന നിങ്ങളുടെ കറൻസി എല്ലാം നിങ്ങൾ ബാങ്കുകളിൽ നിക്ഷേപിച്ചല്ലോ. ഇനി ബാങ്ക് തരുന്ന പുതിയ കറൻസി ആണല്ലോ നിങ്ങൾ ഉപയോഗിക്കുക. അത് ഭൂമി വാങ്ങാൻ ആയാലും സ്വർണ്ണം വാങ്ങാൻ ആയാലും. ഇനി അക്കൗണ്ട് ടു അക്കൗണ്ട് ട്രാൻസ്ഫർ ആണെങ്കിൽ കുഴപ്പവും ഇല്ല. അക്കൗണ്ട് വഴി ഇടപാടുകളിൽ നികുതി വെട്ടിക്കുക എന്നത് എളുപ്പം അല്ല . ഫലമോ, റിയൽ എസ്റ്റേറ്റ് വിലയിൽ ഇടിവുണ്ടായി. ക്യാഷ് കംപോണന്റ് വഴി കെട്ടിപ്പൊക്കിയ വിലയുടെ അടിയിൽ നിന്ന് ക്യാഷ് അങ്ങ് വലിച്ചപ്പോൾ അത്രയും വില താഴേക്ക് ഇരുന്നു. 4 കോടിയുടെ ഫ്ലാറ്റ് ഡൽഹി ഗുരുഗ്രാമിൽ വില പറഞ്ഞിരുന്നത് കച്ചവടം നടക്കുമ്പോൾ 2 കോടി ചെക്കും 2 കോടി കാഷും ആയിരുന്നു എങ്കിൽ ഇന്ന് ആവശ്യപ്പെടുന്നത് 3 കോടി രൂപയാണ് പക്ഷെ 3 കൊടിയും അക്കൗണ്ട് ട്രാൻസ്ഫർ വേണം അത്രേ…ഇത് കൊണ്ട് തന്നെയാണ് റിയൽ എസ്റ്റേറ്റ് രംഗം ഇന്ത്യയിൽ ആകമാനം Demonetization നു ശേഷം വിലയിലെ കുത്തനെ ഉള്ള ഇടിവ് കാരണം നിലം പൊത്തിയത്. കച്ചവടം നടത്താൻ ആളുകൾ മടിക്കുന്നതിന്റെ ഒന്നാമത്തെ കാരണം നേരത്തെ ഉണ്ടായിരുന്ന അത്ര അക്കൗണ്ട് ചെയ്യപ്പെടാത്ത കള്ളപ്പണം കൈവശം ഇല്ല. രണ്ടാമത് വലിയ മൂല്യം ഉള്ള പണമിടപാടുകൾ പല പല ഇടങ്ങളിൽ (Multiple Check Point) ട്രാക്ക് ചെയ്യപ്പെടുന്നുണ്ട് എന്ന ബോധ്യവും ആണ്.. നവംബർ 8 നു നോട്ട് നിരോധനം വരുന്നതിന്റെ 7 ദിവസം മുന്നേ ബിനാമി ട്രാന്സാക്ഷന്സ് ആക്റ്റ് 1988, സർക്കാർ ഭേദഗതി ചെയ്യുകയുണ്ടായി. അനവധി മാറ്റങ്ങൾ ഉൾപ്പെടുത്തി ബിനാമി ആക്റ്റ് ഭേദഗതി വരുത്തിയ ശേഷം ആണ് നോട്ട് നിരോധിച്ചത്. പുതിയ ബിനാമി നിയമം അനുസരിച്ചു ഭൂമിയുടെ മാർക്കറ്റ് വിലയുടെ 10% – 25% വരെ പിഴ ആയി ഒടുക്കണം എന്ന് മാത്രമല്ല 7 വര്ഷം തടവും അനുഭവിക്കണം. തെറ്റായ വിവരങ്ങൾ സർക്കാരിന് കൊടുത്താൽ പോലും 5 വര്ഷം തടവും 10% പിഴയുമാണ് ഉണ്ടാവുക. ആകെ നടക്കുന്ന റിയൽ എസ്റ്റേറ്റ് ഇടപാടുകളിൽ 30% ബിനാമി ഇടപാടുകൾ ആയിരുന്ന സമയത്തു, DEmomonetization ശേഷം അത് 5% മോ താഴെയോ ആയി കുറഞ്ഞിരിക്കുന്നു എന്നാണ് സർക്കാർ രേഖകൾ പറയുന്നത്..
സ്വർണ്ണ വിപണിയും ഇത് തന്നെ ആണ് ചെയ്തിരുന്നത്. 2004 – 2016 വരെ ഏതാണ്ട് 330% വില ആണ് സ്വർണ്ണത്തിനു വർദ്ധിച്ചത് . പക്ഷെ നമ്മളെ എന്താണ് പറഞ്ഞു പഠിപ്പിച്ചിരിക്കുന്നത്. സ്വർണ്ണം പെട്രോൾ പോലെ ഒരു അന്താരാഷ്ട്ര ഉൽപ്പന്നം ആണ്. അതിന്റെ വില നിശ്ചയിക്കുന്നത് അന്താരാഷ്ട്ര മാർക്കറ്റ് ആണ്.. അപ്പോൾ സ്വർണ്ണ വില കൂടുന്നതിന് നമുക്ക് ഒന്നും ചെയ്യാൻ ഇല്ല.. പക്ഷെ അത് ഒരു പരിധി വരെ തെറ്റാണു.. ലോക സ്വർണ്ണ വിപണിയുടെ മൂന്നിൽ ഒന്ന് ഇറക്കുമതി ചെയുന്നത് ഇന്ത്യ ആണ്. ഇന്ത്യയും ചൈനയും കൂടി എടുത്താൽ ലോക വിപണിയിലെ 50% സ്വർണ്ണം വാങ്ങുന്നത് ഈ 2 രാജ്യങ്ങൾ ആണ്.. ഈ രണ്ടു മാർക്കറ്റിലെ സ്വർണ്ണ വില സർക്കാർ നിയന്ത്രണത്തിൽ കൊണ്ട് വന്നാൽ സ്വർണ്ണ വില കുറയും. കാരണം ഈ രണ്ടു മാർക്കറ്റിലെ വില സ്വർണ്ണത്തിനെ ഒരു ബയേഴ്‌സ് മാർക്കെറ്റ് (Buyers Market ) ആക്കുന്നു. റിയൽ എസ്റ്റേറ്റിൽ പറഞ്ഞ പോലെ ക്യാഷ് ആയി ബില്ല് ഇല്ലാതെ നിക്ഷേപം നടത്താൻ കരിഞ്ചന്തയിൽ ലഭ്യമായ മറ്റൊരു നിക്ഷേപ അവസരം സ്വർണ്ണം ആണ്.. അതിനാൽ മേല്പറഞ്ഞ കാര്യങ്ങൾ കൊണ്ട് തന്നെ Demonetization നു ശേഷം സ്വർണ്ണത്തിന്റെ വിലയിൽ 15% മുതൽ 20% വരെ ഇടിവ് ഉണ്ടായി.
തീവ്രവാദം – ഹവാല – നക്സലിസം : Demonetization നു മുൻപും പിൻപും..
നോട്ട് നിരോധനത്തിന് ശേഷം ഹവാല ഇടപാടുകളിൽ 50% കുറവുണ്ടായതായി ഇന്റലിജൻസ് വൃത്തങ്ങൾ പറയുന്നു. ഈ ഹവാല ഇടപാടുകളിലൂടെ ആണ് ഇന്ത്യയിൽ തീവ്രവാദ പ്രവർത്തനങ്ങൾക്ക് പണം ലഭിച്ചു കൊണ്ടിരുന്നത്. ഗൾഫ് കേന്ദ്രീകരിച്ചു നടക്കുന്ന ഹവാല – സ്വർണ്ണ ഇടപാടുകളുടെ പറുദീസാ ആണ് വടക്കൻ കേരളം. ഇറാഖിലേക്കും സിറിയയിലേക്കും ISIS പോരാളികൾ ആയി ദൈവത്തിനു വേണ്ടി ജിഹാദ് നടത്തി മരിക്കാൻ തയ്യാറായി നൂറു കണക്കിന് യുവതി യുവാക്കൾ കലാപ ഭൂമിയിലേക്ക്, ഇറാഖിലേക്കും യെമനിലേക്കും ഒക്കെ പോവുന്നതിന്റെ മൂല കാരണം തീവ്രവാദ പ്രവർത്തനങ്ങളും അതിനെ സപ്പോർട്ട് ചെയ്യുന്ന ഹവാല ഇടപാടുകളും ആണ്.. പാകിസ്ഥാൻ പ്രിൻറ്റഡ് കള്ള ഇന്ത്യൻ കറൻസി ആയിരുന്നു കശ്മീരിലെ തീവ്രവാദത്തിനു ഇന്ധനം നൽകിയിരുന്നത്. എന്നാൽ നോട്ട് നിരോധനം വന്ന ഉടനെ തന്നെ പിടിച്ചു കെട്ടിയ പോലെ കശ്മീരിലെ സൈന്യത്തിന് നേരെ ഉള്ള കല്ലേറ് കുറഞ്ഞു, ആക്രമണം കുറഞ്ഞു വന്നത് പത്രതാളുകളിൽ വലിയ വാർത്ത ആയിരുന്നത് നമ്മൾ ശ്രദ്ധിച്ചു കാണും..കാശ്മീരിൽ സൈന്യം വധിച്ച വിഘടനവാദി നേതാവ് ബുർഹാൻ വാണിയുടെ ഗ്രൂപ്പിൽ പെട്ടവർ അടക്കമുള്ള കാശ്‌മീർ വിഘടനവാദികളുടെ കുന്തമുന ആയിരുന്നവർ വീണ്ടും യുവാക്കളെ ഇസ്ലാമിക തീവ്രവാദത്തിലേക്ക് കൊണ്ട് വരാൻ വെളിച്ചത് ഇറങ്ങേണ്ടി വന്നു. ആ സംഘത്തിലെ അവസാന അംഗത്തെ കൂടി വധിക്കാൻ സൈന്യത്തിന് കഴിഞ്ഞതും ഈ പണലഭ്യതയുടെ കുറവ് മൂലം ആണ്.. തീവ്രവാദം മാത്രമല്ല കമ്മ്യൂണിസ്റ്റ് ഭീകരതക്ക് കൂടി ആണ് നോട്ട് നിരോധനം കടിഞ്ഞാൺ ഇട്ടത്. നോട്ടു നിരോധനം വന്ന നവംബർ മാസം മാത്രം, 28 ദിവസത്തിനുള്ളിൽ കീഴടങ്ങിയ മാവോയിസ്റ്റ് കമ്മ്യൂണിസ്റ്റ് ഭീകരരുടെ എണ്ണം 526 ആണ്. കഴിഞ്ഞ 6 വർഷത്തിനിടെ ഏറ്റവും കൂടുതൽ നക്സൽ കമ്മ്യൂണിസ്റ്റ് ഭീകരർ കീഴടങ്ങിയത് 2016 നവംബർ 8 നു ശേഷം ആണ് എന്നാണ് ഇന്ത്യൻ ആഭ്യന്തര വകുപ്പിന്റെ കണക്കുകൾ പറയുന്നത്. നക്സലിസം മാവോയിസം തുടങ്ങിയ കമ്മ്യൂണിസ്റ്റ് ഭീകരതയുടെ അടിവേര് എന്ന് പറയുന്നത് അവർക്ക് കൃത്യമായി ലഭിച്ചു കൊണ്ടിരുന്ന പണമായിരുന്നു. അതിന്റെ ലഭ്യത നോട്ട് നിരോധനത്തിന് ശേഷം കുറഞ്ഞതോടെ ഇവർക്ക് പിടിച്ചു നില്ക്കാൻ കഴിയാതെ വന്നു. ലക്ഷക്കണക്കിന് രൂപയുടെ പഴയ നോട്ടുകൾ ആണ് നക്സൽ വേട്ടയിൽ സൈന്യം പല ഇടത്തു നിന്നായി കണ്ടെടുത്തത്. ഈ പണം മാറ്റി വാങ്ങാൻ കഴിയാതെ വന്നതാണ് മാവോയിസ്റ്റ് ഭീകരരെ കുഴക്കിയത്. അങ്ങനെ നോക്കുമ്പോൾ തീവ്രവാദം – നക്സൽ കമ്മ്യൂണിസ്റ്റ് ഭീകരത – കശ്മീർ വിഘടനവാദം തുടങ്ങിയ ഇന്ത്യ വിരുദ്ധ ശക്തികൾക്ക് ഒരു കനത്ത പ്രഹരം തന്നെ ആയിരുന്നു Demonetization. മാവോയിസ്റ്റ് – നക്സൽ – വിഘടനവാദികൾ തുടങ്ങിയവരെ കൊണ്ട് രാഷ്ട്രീയ നേട്ടം കൊയ്ത രാഷ്ട്രീയക്കാരുടെ ഭാവി കൂടി ആണ് നോട്ട് നിരോധനം മൂലം ഇരുൾ വീണു പോയത് എന്നത് കൂടി നമ്മൾ ഓർക്കണം..
Demonetization – ഇന്ത്യൻ ഡിജിറ്റൽ ബാങ്കിങ് വിപ്ലവം
നോട്ട് നിരോധനം ഒരു തരത്തിൽ ഇന്ത്യൻ ഡിജിറ്റൽ ബാങ്കിങ് വിപ്ലവത്തിലേക്ക് ആണ് വഴി തുറന്നത്. ക്യാഷ് ഇല്ലാത്ത ഒരു ഡിജിറ്റൽ മോഡിലേക്ക് ഇന്ത്യൻ ജനതയെ നിർബന്ധപൂർവ്വം പറഞ്ഞയക്കുന്ന ഒരു സ്ഥിതി വിശേഷം ആണ് ഉണ്ടായത്. ഡിജിറ്റൽബാങ്കിങ് രംഗത്ത് ഉണ്ടായ വളർച്ചയുടെ കണക്കുകൾ സൂചിപ്പിക്കുന്നത് പുതുതായി പരിചയിച്ച ഏറ്റവും എളുപ്പമായ ഡിജിറ്റൽ ബാങ്കിങ് സാങ്കേതികത ജനം അംഗീകരിച്ചു, സ്വീകരിച്ചു എന്ന് തന്നെയാണ്.. പോക്കറ്റിലെ നോട്ടുകൾ വിട്ടു ഇന്ത്യൻ ജനത ഒരു പരിധി വരെ മൊബൈൽ ബാങ്കിലിങ്ങിലേക്കും കാർഡ് ബാങ്കിങിലേക്കും മൊബൈൽ വാലറ്റിലേക്കും എല്ലാം സൗകര്യപൂർവ്വം മാറിയിരിക്കുന്നു.. ചില കണക്കുകൾ നോക്കാം.. 2013 -14 സമയത് RTGS , ഇലക്ട്രോണിക് ക്ലിയറിങ് അടക്കമുള്ള ഡിജിറ്റൽ ബാങ്കിങ് ഇടപാടുകളുടെ വോളിയം 2556 മില്യൺ ആയിരുന്നു എങ്കിൽ 2017 ആവുമ്പോൾ അത് 10000 മില്യൺ കടന്നിരിക്കുന്നു. 5 ഇരട്ടി വളർച്ച ആണ് കേവലം 3 വര്ഷം കൊണ്ട് നേടിയത്. ഇടപാടുകളുടെ തുക ആവട്ടെ 140000 ബില്യൺ രൂപ കടന്നു . 2013 -14 നിന്ന് 2017 എത്തുമ്പോൾ മൊബൈൽ ബാങ്കിങ് വോളിയം 90 മില്ല്യൺ ഇടപാടുകളിൽ നിന്ന് 900 മില്യണിൽ എത്തി നിൽക്കുന്നു. മൊബൈൽ ബാങ്കിങ്ങിൽ നടക്കുന്ന ഇടപാടുകളുടെ തുക ഏതാണ്ട് 223 ബില്യൺ രൂപയിൽ നിന്ന് 13000 ബില്യണിൽ എത്തി നിൽക്കുന്നു. വീണ്ടും 5 ഇരട്ടി വർദ്ധന മൂന്നു വര്ഷം കൊണ്ട്. മറ്റൊരു വിപ്ലവകരമായ മാറ്റം വന്നത് മൊബൈൽ വാലറ്റുകൾ ഉൾപ്പെടുന്ന പ്രീപെയ്മെന്റ് ഇന്ഡിക്കേറ്ററുകളിൽ ആണ്.. ഇതിന്റെ കണക്കു തന്നെ വളരെ ആശാവഹം ആണ്.. 2013 -14 കാലഘട്ടങ്ങളിൽ PPI ഇടപാടുകൾ വെറും 83 മില്യൺ ആയിരുന്നു എങ്കിൽ 2017 ആവുമ്പോൾ അത് 15 ഇരട്ടിയായി വളർന്നു 1936 മില്യണിൽ എത്തി ചേർന്ന്.. ഇടപാടുകളുടെ തുക ആവട്ടെ 81 ബില്യണിൽ നിന്ന് 838 ബില്യണിൽ എത്തി നിൽക്കുന്നു..
ഇന്ത്യ കണ്ട മറ്റൊരു ഡിജിറ്റൽ വിപ്ലവം ആയിരുന്നു പല ബാങ്കുകളിലെ അക്കൗണ്ടുകൾ ഒരൊറ്റ മൊബൈൽ ബാങ്കിങ് അപ്പ്ലിക്കേഷനിൽ ബന്ധിപ്പിക്കുകയും പണം കൈമാറ്റം ചെയ്യാൻ സാധിക്കുകയും ചെയ്യുന്ന UPI പേയ്മെന്റ് സംവിധാനം എന്ന Unified Payment Interface .. നരേന്ദ്ര മോഡി സർക്കാരിന്റെ നേതൃത്വത്തിൽ National Payments Corporation of India ആഗസ്റ്റ് മാസം 2016 നു തുടക്കമിട്ട സംവിധാനം ഉപഭോക്താക്കൾക്ക് ഒരൊറ്റ മൊബൈൽ പേയ്മെന്റ്റ് ആപ്പ്ളിക്കേഷനിലൂടെ അവരുടെ പല ബാങ്കുകളിലെ അക്കൗണ്ട് ലിങ്ക് ചെയ്യാനും ഏതു ബാങ്കിലെ പണവും ഏതു ബാങ്ക് അക്കൗണ്ടിലേക്ക് ഒരൊറ്റ മിനുട്ട് മാത്രം കൊണ്ട് കൈമാറാൻ സാധിക്കുന്ന UPI സംവിധാനത്തിന് ആണ് ഏറ്റവും സ്വീകാര്യത ലഭിച്ച ഡിജിറ്റൽ മോഡ്. കേന്ദ്ര സർക്കാർ തന്നെ മുൻകൈയെടുത്തു NPCI യുടെ സഹകരണത്തോടെ സർക്കാരിന്റെ സ്വന്തം UPI Application ആയ BHIM – ഭീം (‘Bharat Interface for Money’)പുറത്തിറക്കുക കൂടി ചെയ്തതോടെ UPI മോഡിലുളള ഡിജിറ്റൽ ബാങ്കിങ്ങിന് വിശ്വാസ്യത ഇരട്ടിച്ചു. ഒരൊറ്റ വര്ഷം കൊണ്ട് UPI വഴി ഇന്ത്യൻ ജനത കൈമാറ്റം ചെയ്ത തുക 30 ബില്യണിൽ നിന്ന് 33000 ബില്യൺ ആണ് എന്നത് ഇതിന്റെ സ്വീകാര്യത മനസിലാക്കി തരും. നോട്ട് നിരോധനം ഇല്ലായിരുന്നു എങ്കിൽ എത്ര വേഗം ഇന്ത്യൻ ജനത കയ്യിലെ കറൻസിയുടെ ബാങ്കിങ്ങിൽ നിന്ന് ഈ ഡിജിറ്റൽ ബാങ്കിങ് രംഗത്തേക്ക് ഇത്ര വേഗം സഞ്ചരിക്കില്ലായിരുന്നു എന്ന് നിസംശയം പറയാം. സർക്കാരിന്റെ വിവിധ ഏജൻസികളുടെ ട്രെൻഡ് അനാലിസിസ് പ്രകാരം ഈ വിധത്തിൽ, ഈ കാണുന്ന സ്വീകാര്യതയിൽ, കണക്കുകളിൽ ഇന്ത്യ ഡിജിറ്റൽ ബാങ്കിങ്ങിലെക്ക് മാറണം എങ്കിൽ 2022 എങ്കിലും ആവുമായിരുന്നു… ഡിജിറ്റൽ മോഡ് എന്നത് സൗകര്യം മാത്രമല്ല, നിങ്ങൾ ഡിജിറ്റൽ മോഡിലൂടെ ഇടപാടുകൾ ചെയ്യുമ്പോൾ നിങ്ങളുടെ എതിർവശത്തുള്ള ഇടപാടുകാരനും 100% അക്കൗണ്ടഡ് ആയ ഡിജിറ്റൽ മോഡ് ബാങ്കിങ് തെരഞ്ഞെടുക്കാൻ നിര്ബന്ധിതൻ ആവുകയാണ് അല്ലെങ്കിൽ അയാളെ ക്യാഷ് based ഇക്കണോമിയിൽ നിന്ന് നിങ്ങൾ നിർബന്ധപൂർവ്വം അക്കൗണ്ടഡ് ആയ ഡിജിറ്റൽ ബാങ്കിങ് മോഡിലേക്ക് കൊണ്ട് വരികയാണ് ചെയ്യുന്നത്..
നരേന്ദ്ര മോഡി എന്ന വ്യക്തിക്കല്ല ഇതിന്റെ എല്ലാം ക്രെഡിറ്റ് കൊടുക്കേണ്ടത്. എന്റെ നാട് നന്നാവണം, ഉയരണം, എനിക്കും അതോടൊപ്പം മികച്ച ഒരു ജീവിതവും സാഹചര്യങ്ങളും ഉണ്ടാവണം, എന്റെ നാട് അഴിമതി മുക്തമാകണം എന്ന് ദൃഢനിശ്ചയം ചെയ്ത് ക്ഷമിച്ചു സഹിച്ചു വെയിലത്ത് വരി നിന്ന് നരേന്ദ്ര മോദിയോടും ഇന്ത്യൻ സർക്കാരിനോടും ഇന്ത്യൻ ബാങ്കിങ് സംവിധാനത്തോടും കാണിച്ച വിശ്വാസ്യതക്ക് ആണ് നമ്മൾ ക്രെഡിറ്റ് കൊടുക്കേണ്ടത്.. നോട്ട് നിരോധനത്തിലൂടെ നമ്മൾ നേടിയത് മുകളിൽ വിവരിച്ച കണക്കുകളിലെ നേട്ടങ്ങൾ അല്ല, മറിച്ചു ഇന്ത്യൻ ജനത അതിന്റെ സർക്കാരിനോടും ഭരണകർത്താവിനോടും ഇന്ത്യൻ സംവിധാനത്തോടും കാണിച്ച വിശ്വാസവും കൂറും ആണ് വിജയിച്ചത്, വ്യക്തി അല്ല ഇന്ത്യ ആണ് വിജയിച്ചത്. നാളെക്കായി കുതിക്കുന്ന യുവത്വമുള്ള ഇന്ത്യയെ കൈപിടിച്ച് മുന്നിലേക്ക് നിർത്തിയത് അവരാണ് – ഇന്ത്യയിലെ 130 കോടി ജനങ്ങൾ. ജയിച്ചത് മോദി അല്ല ഇന്ത്യ ആണ്…
Viswaraj Viswa
#Demonetization