നവംബർ 8ന് രാത്രി 8 മണിക്ക് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്ത് നടപ്പിൽ വരുത്തിയ ഡിമോണിറ്റെസേഷന്റെ ശരി തെറ്റുകൾ വിലയിരുത്തേണ്ടത് ഈ നീക്കം ഭാവിൽ നമ്മുക്ക് മുന്നിൽ തുറന്നിട്ടുതരുന്ന വികസന സാധ്യതകളുടെയും അതിന്റെ ഫലപ്രാപ്തിക്കായി ഒരോ ഇന്ത്യൻ പൗരനും നടത്തിയ ത്യാഗത്തിന്റെയും സഹനത്തിന്റെയും തുലാസ്സിൽ മാത്രമാവരുത്.
എന്തുകൊണ്ട് നോട്ടുനിരോധനം നമ്മുടെ മഹാരാജ്യത്തിന് അനിവാര്യമായൊരു കയ്പുള്ള ജീവൻരക്ഷാ ഔഷധമായിരുന്നു എന്നു തിരിച്ചറിയണമെങ്കിൽ നോട്ടുനിരോധനത്തെ നമ്മുടെ രാജ്യം പിന്നിട്ട ക്ലേശപൂർണ്ണമായ ഭൂതകാലത്തിൽ നിന്ന് കൂടി വിശകലനം ചെയ്യണം.
16 മെയ് 2014ലിൽ നരേന്ദ്ര മോദി സർക്കാർ രാജ്യത്ത് അധികാരത്തിൽ എത്തുന്നതിനു മുമ്പുള്ള സ്ഥിതിവിശേഷം എന്തായിരുന്നു?
ലക്ഷം കോടികളുടെ അഴിമതി കഥകൾ ജങ്ങൾക്കു സുപരിചതവും അവരെ ഒട്ടും അത്ഭുതപെടുത്താത ജീവിത യാഥാർത്ഥ്യങ്ങളുമായിരുന്നു. പലവിധ നികുതികൾ വഴി മാത്രം വരുമാനമുണ്ടായിരുന്ന സർക്കാരുകൾ തങ്ങളുടെ അഴിമതി ഒളിപ്പിക്കാൻ കോടികൾ സബ്സീഡി നൽക്കുന്ന പോപുലിസ്റ്റ് പദ്ധതികൾ പ്രഖ്യാപിച്ചു മത്സരിച്ചു. സാമ്പത്തിക അച്ചടക്കവും സുസ്ഥിര വളർച്ചയും വിദൂരസ്വപ്ങ്ങൾ മാത്രമായി ചുരുങ്ങി. എന്നും അഴിമതിയുടെ കഥകൾ മാത്രം കേട്ടിരുന്ന ജനങ്ങൾ ഭരണസംവിധാനത്തിൽ വിശ്വാസം നഷ്ടപ്പെടുകയും സർക്കാറിനു നികുതി നൽകി നാടിന്റെ വികസനത്തിൽ പങ്ക് ചേരണ്ടവരാണ് തങ്ങൾ എന്ന പൗരധർമ്മം വിസ്മരിക്കുകയും ചെയ്തു. ഇതുമൂലം നിയമപരമായ നടക്കുന്ന വിനിമയങ്ങളിൽ നിന്ന് പോലും സർക്കാരിനു നികുതി കിട്ടാതായി എന്നു മാത്രമല്ല സമസ്ത മേഖലകളിലും കണക്കിൽപെടാത്ത കള്ളപണം വ്യാപിച്ചു. നികുതികൊടുക്കുന്ന സത്യസന്ധരായ ജനങ്ങൾ മറ്റുള്ളവർ വരുത്തിക്കുന്ന നികുതിഭാരം പോലും പേറേണ്ടി വരുന്ന അവസ്ഥ സംജാതമായി. കള്ളപണത്തിന്റെ ഒരു സമാന്തര സമ്പത്ത് വ്യവസ്ഥ രാജ്യത്ത് ശക്തി പ്രാപിച്ചു.
മറ്റൊരു സവിശേഷ സ്ഥിതിവിശേഷത്തെയും ഇന്ത്യ മഹാരാജ്യം ഒറ്റുനോക്കിയിരുന്നു. 2020 ൽ ഭാരത്തതിന്റെ മൊത്തം ജനസംഖ്യയുടെ 70 ശതമാനത്തിനടുത്ത് നിലവിൽ വരുക 20നും 35നും ഇടക്ക് പ്രായം വരുന്ന കർമ്മശേഷിയുള്ള യുവത്വമായിരിക്കും. ഈ സാഹചര്യത്തെ നേരിടാൻ നമ്മുക്ക് വളരെ വലിയ രീതിയിലുള്ള അടിസ്ഥാന സൗകര്യ വികസനങ്ങളും സാമ്പത്തിക വളർച്ചയും അത്യാവശ്യമാണ്. നമ്മളിതിൽ വിജയിച്ചാൽ 2020ലെ ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായി നമ്മുടെ രാജ്യം മാറും. ഭാവനാപൂർണ്ണമായ ഭരണ നൈപുണ്യത്തിലൂടെ ഈ സാഹചര്യത്തെ കൈകാര്യം ചെയ്യ്തിലെങ്കിൽ ലോകത്തിലെ ഏറ്റവും അധികം തൊഴിൽ രഹിതരുള്ള രാജ്യമായി നമ്മൾ പരിണമിക്കും എന്നതാവും ഇതിന്റെ ഫലം. അതുകൊണ്ട് ചുരുങ്ങിയത് 20 ലക്ഷം കോടിയുടെ അടിസ്ഥാന സൗകര്യ വികസന നിക്ഷേപമെങ്കിലും സർക്കാർ കണ്ടെത്തിക്കേണ്ടിയിരിക്കുന്നു. ഇത്രയും യുവാക്കൾക്കു തൊഴിൽ നൽക്കാനുള്ള സാമ്പത്തിക വ്യാവസായിക വളർച്ചയും നമ്മൾ കൈവരിക്കണമായിരുന്നു.
എന്നാൽ അധികാരത്തിൽ എത്തിയ സർക്കാറിനു ഒട്ടും അനുകൂലമായിരുന്നില്ല സാഹചര്യങ്ങൾ. കാര്യകക്ഷമതയിലാത്ത ഇരുട്ടിൽ തപ്പുന്ന ഒരു സർക്കാർ മിഷിനറിയെയാണ് മുൻ സർക്കാർ രാജ്യത്ത് ബാക്കിവച്ചിരുന്നത്. ഭൂരിപക്ഷം പൗരന്മാർക്കും എത്ര രൂപയുടെ ആസ്തിയുണ്ടെന്നു പോലും സർക്കാറിന്റെ കയ്യിൽ കണക്കുണ്ടായിരുന്നില്ല. 125 കോടി ജനങ്ങളുള്ള മഹാരാജ്യത്ത് 3.65 കോടി ജനങ്ങളെ ഇൻകം ടാക്സിനു തങ്ങളുടെ വരുമാന വിവരങ്ങൾ കൈമാറിയിട്ടുള്ളു. അതായത് മൊത്തം ജനസംഖ്യയുടെ 2.5 ശതമാനത്തിൽ താഴെ ജനങ്ങളുടെ വരുമാനത്തിന്റെ വിശദാംശങ്ങളെ സർക്കാരിനറിയു. ബാക്കിയുള്ള ഇന്ത്യാക്കാരെല്ലാം ദരിദ്രരോ പണമില്ലാത്തവരോ അല്ല എന്നത് തീർച്ചയാണ്. ഇന്ത്യയുടെ മൊത്തം നികുതി വരുമാനം അതായത് പ്രത്യക്ഷ നികുതിയും പരോക്ഷ നികുതിയും ഉൾപ്പെടെ 2015ലെ കണക്കനുസരിച്ച് ഏകദേശം 12 ലക്ഷം കോടിക്കടുത്താണ്. ഇതു നമ്മുടെ മൊത്തം ജിഡിപി യുടെ 12 ശതമാനത്തിനടുത്തെ വരൂ. അമേരിക്ക പോലുള്ള വികസിത രാജ്യങ്ങളിൽ ഇത് 40 ശതമാനത്തിനടുത്തു വരും എന്ന വസ്തുത നമ്മൾ എത്ര പുറകിലാണ് എന്നത് അടയാളപ്പെടുത്തുന്നു. അടിസ്ഥാന സൗകര്യ വികസന നിക്ഷേപങ്ങൾക്കായി പെട്രൊളിയം ഉത്പന്നങ്ങളുടെ നികുതി കൃത്യമായി പിരിക്കുകയല്ലാതെ സർക്കാരിനു വേറെ വഴിയില്ല. മുൻ സർക്കാരിൽ നിന്ന് വ്യത്യസ്ഥമായി കൽക്കരിയും സ്പെക്ട്രവും ലേലം ചെയ്ത് ലക്ഷം കോടികൾ ഖജനാവിനു മുതൽകൂട്ടാക്കിയ അഴിമതിയില്ലാത്ത സർക്കാരിനു അതിനുള്ള ധാർമ്മിക അവകാശവുമുണ്ടായിരുന്നു. കറൻസ്സിയിൽ അധിഷ്ഠിതമായൊരു സമ്പത്ത് വ്യവസ്ഥയാണ് നമ്മുടെത് എന്നതുകൊണ്ടാണ് പ്രശ്നങ്ങൾ ഇത്രയും രൂക്ഷമാവുന്നത്. ആർക്കും എത്ര അളവിലും പണം കറൻസ്സിയായി സൂക്ഷിക്കാം എന്നും അത് ആവശ്യാനുസരണം ക്രയവിക്രയം നടത്താം എന്നത് യഥാർത്ഥ കണക്കുകൾ മറച്ചുവെക്കാനും അതുവഴി നികുതി വെട്ടിച്ച് വിനിമയങ്ങൾ നടത്താനുമുള്ള സാധ്യത പലർക്കും തുറന്നിട്ടുകൊടുക്കുകയായിരുന്നു. അഴിമതി പോലും സാർവത്രികമാവുന്നതിൽ ഈ വ്യവസ്ഥ വലിയ രീതിയിൽ പങ്ക് വഹിച്ചിട്ടുണ്ട്.
നരേന്ദ്ര മോദി സർക്കാറിന്റെ ആദ്യ നീക്കം തന്നെ എല്ലാ ജനങ്ങൾക്കും സ്വന്തമായൊരു ബാങ്ക് അക്കൗണ്ട് എന്ന ലക്ഷ്യം സാക്ഷാത്കരിക്കാനായിരുന്നു. അതുവരെയുള്ള കണക്ക് പ്രകാരം രാജ്യത്ത് 40 കോടിക്കടുത്ത് ജങ്ങൾക്കാണ് അക്കൗണ്ട് ഉണ്ടായിരുന്നത്. ഇതിൽ തന്നെ 43ശതമാനവും ഡോർമമെന്റായ അക്കൗണ്ടുകൾ ആയിരുന്നു . സർക്കാർ കൊണ്ടുവന്ന ജൻധൻ യോജനയിൽ രാജ്യത്തെ പാർശ്വവത്കരിക്കപ്പെട്ട ദരിദ്രരുടെ കൂടി പങ്കാളിത്തതിൽ 23 കോടി ബാങ്ക് അക്കൗണ്ടുകൾ കൂടി പുതിയതായി ആരംഭിക്കപ്പെട്ടു. ജനങ്ങളുടെ ബയോമെട്രിക്ക് വിവരങ്ങൾ അടക്കം ശേഖരിച്ചിട്ടുള്ള ആധാർ കാർഡുകൾ ബാങ്ക് അക്കൗണ്ടുകളുമായി ബന്ധിപ്പിച്ചു കൊണ്ട് സബ്സീഡികൾ വിതരണം ചെയ്യുന്നതിലൂടെ പ്രസ്തുത അക്കൗണ്ടുകൾ ജനങ്ങൾ ഉപയോഗിക്കാതിരിക്കുന്നില്ല എന്നും സർക്കാർ ഉറപ്പുവരുത്തി. ഡിജിറ്റൽ ഇന്ത്യ എന്ന പദ്ധതി ആവിഷ്കരിച്ച് സർക്കാർ ബാങ്ക് സേവനങ്ങൾ ഒൺലൈനായി ലഭ്യമാക്കാനും ആരംഭിച്ചു. അതുവഴി കാഷലെസ്സ് സംസ്കാരത്തിനു തുടക്കം കുറിക്കാനായി. വേണ്ടത്രയുള്ള അവബോധത്തിന്റെ കുറവ് കൊണ്ടോ നിയമപരമായ അജ്ഞതമൂലമോ സർക്കാരിനു കണക്കു കൊടുക്കാത്ത ജനങ്ങൾക്ക് പിഴയടച്ച് തങ്ങളുടെ പക്കലുള്ള കള്ളപണം സ്വമേധയ വെളിപ്പെടുത്തി നിയമപരമാക്കാനും സർക്കാർ ഒരു വർഷത്തിലേറെ സമയം നൽകി. ഇതിൽ നിന്ന് മനസ്സിലാവുന്നത് ഏകദേശം രണ്ടു കൊല്ലത്തെ കൃത്യമായ മുന്നൊരുക്കങ്ങൾ നടത്തിയാണ് നവംബർ മാസം പ്രധാന മന്ത്രി നോട്ടു നിരോധനം പ്രഖ്യാപിക്കാൻ പുറപ്പെട്ടത്. വേണ്ടത്ര മുന്നൊരുക്കം നടത്താതെ നോട്ടുനിരോധനം പ്രഖ്യാപിച്ചു എന്ന ഡിമോണിറ്റെസേഷൻ വിമർശകരുടെ ആരോപണം നീതിരഹിതമായ വിമർശനമാണ്. സുരക്ഷയും രഹസ്യസ്വഭാവവും കൈവിട്ട് പുതിയ നോട്ടുകൾ അച്ചടിച്ചശേഷമേ പ്രഖ്യാപനം നടത്താമായിരുന്നുള്ളു എന്നു പറയുന്നവർ മനസ്സിലാക്കേണ്ടത് പുതിയ നോട്ടുകൾ എല്ലാം പഴയ നോട്ടുകളുടെ അതേ അളവിൽ തിരിച്ചെത്തിച്ചു കൊണ്ട് വിണ്ടും കറൻസ്സിയിൽ അധിഷ്ഠിതമായൊരു സമ്പത്ത് വ്യവസ്ഥ തിരിച്ചുകൊണ്ടു വരുന്ന “ന്യൂ നോട്ട് ഫോർ ഓൾഡ് നോട്ട്” പരിപാടിയല്ല നോട്ടുനിരോധനം. കാഷ്ലെസ്സ് എക്കോണമി എന്ന സർക്കാർ ആഹ്വാനം നോട്ടുനിരോധനത്തിന്റെ കൂടെ ചേർത്തുവായിക്കേണ്ടതാണ്.
കാഷ്ലെസ്സ് എക്കോണമി ഡിമോണിറ്റെസേഷന്റെ അനിവാര്യമായ തുടർച്ചയാണ്.
തുടർന്ന് നവംബർ 8ന് പ്രധാന മന്ത്രി നോട്ടുനിരോധനം പ്രഖ്യാപിക്കുന്നു. രാജ്യത്ത് തന്നെ പലർക്കും കേട്ടുകേൾവി പോലുമില്ലാത്ത ഒരു ആശയമാണ് നടപ്പിൽ വരുത്താൻ ശ്രമിച്ചത് എന്നതുകൊണ്ട് ആദ്യ ദിവസങ്ങളിൽ ഇത് ജനങ്ങളിൽ പരിഭ്രാന്തി പടർത്തി. ജനങ്ങൾ തങ്ങളുടെ പഴയ നോട്ടുകൾ അക്കൗണ്ടിൽ നിക്ഷേപിക്കാതെ തരമില്ല എന്ന സാഹചര്യം സംജാതമായി. ബാങ്ക് അക്കൗണ്ടില്ലാത്ത ജനങ്ങളും രാജ്യത്ത് ബാക്കിയുണ്ട് എന്നതുകൊണ്ട് ജനങ്ങൾക്ക് ചെറിയ അളവിലുള്ള കറൻസ്സികൾ ആധാർ കാർഡ് കൊണ്ട് ബന്ധപ്പെടുത്തി പല കേന്ദ്രങ്ങൾ വഴി മാറ്റിനൽകാനും തുടങ്ങി. നോട്ടുനിരോധനം കൊണ്ട് സർക്കാർ ഉദ്ദേശിച്ച ലക്ഷ്യങ്ങൾ ആദ്യ ദിവസങ്ങളിൽ തന്നെ നേടിയെടുത്തിട്ടുണ്ട്. കാരണം ബഹുഭൂരിപക്ഷം ജനങ്ങളും ബാങ്കിങ്ങ് സിസ്റ്റത്തിന്റെ ഭാഗമായി എന്നതുകൊണ്ടാണത്. ട്രാക്കബിൾ അല്ലാത്ത കറൻസ്സിയായ പലരുടെയും കൈവശമുണ്ടായിരുന്ന പണം കൃത്യമായി ട്രാക്ക് ചെയ്യാൻ സാധിക്കുന്ന ബാങ്ക് അക്കൗണ്ടുകളിൽ നിക്ഷേപിക്കപ്പെട്ടപ്പോൾ സർക്കാരിനും ലഭിച്ചത് ഭൂരിപക്ഷം പൗരന്മാരുടെയും ശരിയായ വരുമാന വിവരങ്ങളാണ്. നിക്ഷേപിച്ച നോട്ടുകൾ പരിമിതമായേ പിൻവലിക്കാൻ സാധിക്കു എന്ന അവസ്ഥ നോട്ടുനിരോധനത്തിന്റെ ഉപസന്തതിയായ കാഷ്ലെസ്സ് എക്കോണമി എന്ന ആശയത്തിനു കരുത്തു പകർന്നു. സത്യത്തിൽ മാർക്കറ്റിൽ നിലവിൽ വന്ന കറൻസ്സി ക്ഷാമം അസംഘടിതരായ ചെറുകിട കച്ചവടക്കാരെ ബാധിച്ചു എന്ന യാഥാർത്ഥ്യം അംഗീകരിച്ചുകൊണ്ട് തന്നെ പറയട്ടെ പല വലിയ കള്ളപണക്കാരെയും ഈ അവസ്ഥ അവരുടെ കള്ളപണം ആയാസകരമായി മാറ്റിയെടുക്കുന്നതിൽ നിന്ന് തളർത്തി. കച്ചവടക്കാർ പുതിയ സാഹചര്യത്തോടു പൊരുത്തപെടും എന്ന സർക്കാർ യുക്തി സത്യമായപ്പോൾ, കള്ളപണകാർക്ക് നോട്ടു നിക്ഷേപ്പിച്ച് പിഴയൊടുക്കുക എന്ന അനിവാര്യമായ ദുർവിധി ബാക്കിയായി. നോട്ടുനിരോധനം കൊണ്ട് ഒരിക്കലും അർത്ഥമാക്കുന്നത് വിപണിക്ക് പഴയനോട്ടിന്റെ അതെ അളവിൽ പുതിയ നോട്ടു മാറ്റി കൊടുക്കുക എന്നതല്ല. മറിച്ച് മാർക്കറ്റിൽ കറൻസ്സി ട്രാൻസാക്ഷൻ കുറച്ച് കൊണ്ട് സുതാര്യവും ട്രാക്കബളുമായ ഡിജിറ്റൽ ട്രാൻസാക്ഷനുകൾ പ്രോതസാഹിപ്പിക്കുക എന്നതാണ്. അതിന് ആരുടെ കയ്യിൽ എത്ര അളവിൽ പണമുണ്ടെന്ന സ്ഥിതി വിവര കണക്കുകൾ സർക്കാരിനു അത്യാവശ്യമാണ്. ഭൂരിപക്ഷം ജനങ്ങളെയും ബാങ്കിങ്ങ് സിസ്റ്റത്തിൽ എത്തിക്കുക വഴി അവരുടെ വരുമാന വിവരങ്ങൾ ലഭ്യമാക്കുക എന്ന സർക്കാർ ഉദ്യമത്തിന്റെ ആദ്യഘട്ടം വിജയിച്ചിരിക്കുന്നു. തുടർന്ന് ഒരു പൗരന്റെ മറ്റു ആസ്തികളും ഒരു ഡിജിറ്റൽ സിസ്റ്റത്തിലേക്ക് കൊണ്ടുവരുന്ന വഴി യഥാർത്ഥ കണക്കുകൾ സർക്കാരിനു കിട്ടും. ഡിജിറ്റൽ ലാൻഡ് ബാങ്കും, ബിനാമി സ്വത്തു നിയമവും, സ്വർണ്ണ വിപണിയിൽ കൊണ്ടുവരാൻ പോകുന്ന പരിഷ്കാരങ്ങളുമെല്ലാം ഈ പശ്ചാതലത്തിൽ വേണം നോക്കി കാണാൻ. ഡിജിറ്റൽ ട്രാൻസാക്ഷൻ തോത് 1000 ശതമാനം വർദ്ധിച്ചു എന്ന ഡിസംബറിൽ വന്ന കണക്കുകൾ ശുഭപ്രതീക്ഷ നൽകുന്നതാണ്. ഇവിടെ സർക്കാർ പ്രതീക്ഷിച്ച പോലെ ഒഴുക്ക് കാഷ്ലെസ്സ് എക്കോണമിയിലേക്ക് തന്നെയാണ്. ഡിജിറ്റൽ ഉപയോഗം വർദ്ധിച്ചു വരുന്ന ട്രെൻഡ് കാണിക്കുന്നത് ജനങ്ങൾ മാറ്റങ്ങൾ ഉൾകൊണ്ട് മുന്നോട്ടു തന്നെയാണ് പോകുന്നതെന്നാണ്. അല്ലാതെ കറൻസ്സികൾ സുലഭമായിലെങ്കിൽ ജനജീവിതം നിശ്ചലമാവും എന്ന പല ബുദ്ധിജീവികളുടെയും യുക്തി ഇന്നാട്ടിലെ സാധാരണക്കാരൻ എന്നേ തള്ളികളഞ്ഞിരിക്കുന്നു.
ഈ സാഹചര്യങ്ങളൊടൊന്നും നീതി പുലർത്താതെ ഡിമോണിറ്റെസേഷൻ വിരുദ്ധർ ആദ്യം മുതൽക്കേ ശ്രമിച്ചത് നോട്ടുനിരോധനത്തെ കാലങ്ങളായി നിലനിൽക്കുന്ന കള്ളപണത്തിൽ അധിഷ്ഠിതമായൊരു വിപണയിൽ നിന്ന് സർക്കാർ നടത്തുന്ന “പ്രോഫിറ്റ് ബുക്കിങ്ങ്” പരിപാടിയായി മാത്രം ചിത്രീകരിക്കാനാണ്. പക്ഷെ എങ്ങനെ നോക്കിയാലും ഒടുവിലിത് ലാഭമേ സൃഷ്ടിക്കു എന്നതാണ് നോട്ടുനിരോധനത്തെ ഒരു സാമ്പത്തിക ബ്രഹ്മാസ്ത്രമാക്കുന്നത്. രാജ്യത്ത് നിലവിലുണ്ടായിരുന്നത് 15.44 ലക്ഷം കോടി രൂപയുടെ കറൻസ്സിയാണ്. ആദ്യഘട്ടങ്ങളിൽ നടന്ന പല അവലോകനങ്ങളും മുൻതൂക്കം കൽപ്പിച്ച ഒരു സാഹചര്യം പണം ബാങ്കിങ്ങ് സിസ്റ്റത്തിലേക്ക് തിരിച്ചുവരാതിരിക്കുന്നതാണ്. നിയമ വിരുദ്ധമായും കണക്കിൽ കാണിക്കാതെയും സൂക്ഷിച്ചിട്ടുള്ള കള്ളപണം നിക്ഷേപിക്കാൻ അത്തരക്കാർ ഭയപ്പെടുമെന്നും തുടർന്ന് അവർ തങ്ങളുടെ കള്ളപണം നശിപ്പിച്ചു കളയും എന്നും കരുതപ്പെട്ടു. ഈ അവലോകനത്തിന്റെ യുക്തിയും യാഥാർത്ഥ്യവും റിസർവ് ബാങ്ക് നിക്ഷേപങ്ങളുടെ കണക്കുവിവരങ്ങൾ പുറത്തുവിട്ടാലെ മനസ്സിലാക്കാൻ സാധിക്കൂ. എന്നാൽ ഒരു കാര്യം വ്യക്തമാണ് കള്ളപണക്കാരുടെ മനോനിലയെ പറ്റിയുള്ള വിശകലനങ്ങൾ പാളിപോയിട്ടുണ്ട്. കാരണം അവരെ നിയന്ത്രിച്ചത് കള്ള പണം നിക്ഷേപിച്ചാൽ തങ്ങളുടെ തന്നെ പണത്തിന്റെ ഒരു ഭാഗമെങ്കിലും കൈയിൽ നിൽക്കുമല്ലോ എന്ന യുക്തിയാണ്. എന്നാൽ ഇങ്ങനെയുള്ള അവലോകനങ്ങൾ സർക്കാരിനെ ഒരു തരത്തിലുള്ള ബാധിച്ചില്ല എന്നുള്ളത് വളരെ രസകരമാണ്. സർക്കാർ ഇൻകം ടാക്സ് നിയമത്തെ ഭേദഗതി ചെയ്ത് വരാൻ പോകുന്ന ക്രമവിരുദ്ധമായ നിക്ഷേപങ്ങളെ നേരിടാനാണ് കാത്തിരുന്നത്. നവംബർ മാസത്തിൽ സർക്കാർ കൊണ്ടുവന്ന നിയമം പ്രകാരം സ്വയം വെളിപ്പെടുത്തുന്ന കണക്കിൽപെടാത്ത പണത്തിനു 75 ശതമാനം ആകെ നികുതിയും പിടിച്ചെടുക്കപെടുന്ന കള്ളപണത്തിന്റെ 90 ശതമാനം നികുതിയും സർക്കാരിൽ വന്നുചേരും. ഈ നിയമത്തിന്റെ പ്രസക്തി വർദ്ധിപ്പിച്ചുകൊണ്ടാണ് പുതിയ വാർത്തകൾ വരുന്നത്. 7 ലക്ഷം കോടി രൂപയുടെ നിക്ഷേപങ്ങൾ വന്നിരിക്കുന്നത് കേവലം 60 ലക്ഷം അക്കൗണ്ടുകളിലാണ്. ഈ അക്കൗണ്ടുകൾ നിരീക്ഷണത്തിലാണെന്നും യഥാർത്ഥ കണക്കെടുപ്പ് അവസാനിക്കുമ്പോൾ ഇതിനെക്കാൾ അത്ഭുതകരമായ കണക്കുകൾ പുറത്തുവരാൻ സാധ്യതയുണ്ട് എന്നും അധികൃതർ അഭിപ്രായപ്പെട്ടിട്ടുണ്ട്. ഇങ്ങനെ വരുന്ന നിക്ഷേപങ്ങളിൽ പുതിയ ബ്ലാക്ക് മണി നിയമം അപ്ലൈ ചെയ്യതാൽ കള്ളപണം തിരിച്ചു വരാതിരുന്നെങ്കിൽ കിട്ടുന്നതിനേക്കാൾ അധികം ലാഭം സർക്കാറിനു ലഭിക്കും. യഥാർത്ഥ കള്ളപണക്കാർ മറ്റു വ്യക്തികളുടെ അക്കൗണ്ടുകൾ ഉപയോഗിച്ച് നിക്ഷേപം നടത്തി എന്നു വാദിക്കുന്നവർ മനസ്സിലാക്കേണ്ട കാര്യം സർക്കാർ ഉദ്യമം കുറച്ചു വ്യക്തികളെ ബുദ്ധിമുട്ടിക്കാനല്ലെന്നും അവരുള്ളപ്പടെയുള്ള സമൂഹത്തിൽ വികസനം മുരടിപ്പിച്ചിരുന്ന കള്ളപണത്തിനെതിരെയാണ് എന്നുമാണ്. ആരു നിക്ഷേപിച്ചാലും നിക്ഷേപിക്കപ്പെട്ട പണം സോർസ്സിലാത്ത കണക്കിൽപെടാത്ത കള്ളപണമാണോ എന്നതാണ് പരിശോധിക്കേണ്ടത്. ഇത്തരതിൽ നോട്ടുനിരോധനത്തെ ഒരു കേവല പ്രോഫിറ്റ് ബുക്കിങ്ങ് കലാപരിപാടിയായി കണ്ടാൽപോലും അനേകലക്ഷം കോടികൾ സർക്കാരിലേക്ക് മുതൽകൂട്ടാക്കിയ നടപടിയാണെന്ന് മനസ്സില്ലാക്കാം.
എന്നാൽ ഡിമോണിറ്റെസേഷൻ അനുകൂലികളും മേൽ പറഞ്ഞ അബദ്ധത്തിൽ ചെന്നുചാടിയിട്ടുണ്ട്.
അവർ ഡിമോണിറ്റെസേഷൻ എന്ന വ്യായാമം സൃഷ്ടിച്ചു നൽകുന്ന അടിയന്തരമായ ലാഭകണക്കുകളുടെ അടിസ്ഥാനത്തിൽ ഈ പ്രക്രിയയെ വിലയിരുത്താൻ ശ്രമിച്ചു. അനേക ലക്ഷം കോടികൾ സർക്കാരിലേക്ക് മുതൽകൂട്ടാക്കുന്ന പ്രക്രിയ മാത്രമാക്കി നോട്ടുനിരോധനത്തെ ചുരുക്കി നോട്ടു നിരോധനം സമൂഹത്തിൽ സൃഷ്ടിക്കാൻ പോകുന്ന വിപ്ലവകരമായ മാറ്റങ്ങളെ പറ്റിയുള്ള അവബോധം ജനങ്ങളിൽ വളർത്താൻ ഡിമോണിറ്റെസേഷന്റെ വക്താക്കളും ശ്രമിച്ചില്ല. സർക്കാരിൽ വന്നു ചേർന്നിട്ടുള്ള അനേക ലക്ഷം കോടികൾ സർക്കാർ ജനങ്ങൾക്കായി വിനിയോഗിക്കും എന്നതു മാത്രമല്ല നോട്ടുനിരോധനം വിജയിക്കാനുള്ള മാനദണ്ഡം. നോട്ടു നിരോധനം മൂലം കാര്യക്ഷമമായി നടപ്പിലാവാൻ പോകുന്ന കാഷ്ലെസ്സ് എക്കോണമി എന്ന ആശയം ശക്തിപ്പെട്ടാൽ സർക്കാരിനു തുറന്നുകൊടുക്കാൻ പോകുന്നത് വളരെ കാര്യക്ഷമമായി നികുതി പിരിക്കാനുള്ള സാഹചര്യമാണ്. ഇന്ന് സർക്കാർ വളരെയധികം പണം ചിലവഴിച്ച് പണിപ്പെട്ടു പിരിച്ചെടുക്കുന്നത് 12 ലക്ഷം കോടി രൂപയുടെ അടുത്തു വരുന്ന തുക മാത്രമാണ്. നാളെ കാഷ്ലെസ്സ് എക്കോണമി കരുത്തു പ്രാപിച്ചാൽ രാജ്യത്തു നടക്കുന്ന ഡിജിറ്റൽ ട്രാൻസാക്ഷനുകളുടെ ചെറിയൊരു സർചാർജ്ജ് മാത്രം ഈടാക്കി സർക്കാറിനു 80 ലക്ഷം കോടിക്കടുത്ത് വരുമാനം സൃഷ്ടിക്കാൻ കഴിയും എന്നാണ് അനുമാനിക്കപെടുന്നത്. കൂടാതെ നികുതി കൂടുതൽ ജനങ്ങളിൽ നിന്ന് പിരിച്ചെടുക്കാൻ സാധിക്കും. ഇത്രയും കാലം വലിയ നികുതി കുറച്ചു ജനങ്ങളിൽ നിന്നാണ് പിരിച്ചിരുന്നത്. ഇനിമുതൽ കുറഞ്ഞ നികുതി കുടുതൽ ജനങ്ങളിൽ നിന്നും പിരിക്കാനുള്ള സാഹചര്യമുണ്ടാവും. അതുകൊണ്ട് നികുതി നിരക്കുകളിൽ കാര്യമായ കുറവ് കൊണ്ടുവരാൻ സർക്കാരിനു സാധിക്കും. അടിസ്ഥാന സൗകര്യ വികസനത്തിനായി പണം പെട്രൊളിയം ഉത്പന്നങ്ങളുടെ നികുതിയിൽ നിന്ന് കണ്ടെത്തേണ്ട സ്ഥിതിയിൽ മാറ്റം വരും. അതുമൂലം രാജ്യത്ത് വിലക്കയറ്റം വലിയ തോതിൽ നിയന്ത്രിക്കപ്പെടും. പെട്രൊളും ഡീസൽ നികുതികൾ വേണ്ടെന്നു വച്ച് ജനങ്ങൾക്ക് ആശ്വാസമായ ഇളവുകൾ പ്രഖ്യാപിക്കാൻ സാധിക്കും. വളർച്ച നിരക്ക് ഈ വർഷം കുറഞ്ഞേക്കാം എന്നുണ്ടെങ്കിൽ പോലും, ഇതു വരെ കണക്കിൽ വരാത്ത സമാന്തര എക്കോണമി കൂടി കണക്കിൽ വരുന്നതോടെ അടുത്ത വർഷം മുതൽ വളർച്ച നിരക്കിൽ മികച്ച കുതിച്ചുചാട്ടം രേഖപ്പെടുത്തും. ഏറ്റവും പ്രധാനപ്പെട്ട നേട്ടം എന്താണെന്നാൽ രാജ്യത്തെ പൗരന്മാരുടെ യഥാർത്ഥ സ്ഥിതിവിവര കണക്കുകൾ ലഭ്യമാകുന്നതോടെ കാര്യക്ഷമമായി പദ്ധതികൾ ആവിഷക്കരിക്കാനും നടപ്പിൽ വരുത്താനും സാധിക്കും.
ഇത്രയും മധുരമുള്ള ഫലങ്ങൾ രുചിക്കാൻ നമ്മൾ ബുദ്ധിമുട്ടുകൾ സഹിക്കാതെ തരമില്ല എന്നുള്ളത് ഒരു കാവ്യനീതിയല്ലേ?
അലെങ്കിലും നമ്മൾ അസൗകര്യപ്പെട്ടും ബുദ്ധിമുട്ടിയും തന്നെയല്ലെ ഇത്രയും കാലം ജീവിച്ചത്?
ഒരു സാധാരണക്കാരൻ ഒരു കൂരവെക്കാൻ അഞ്ച് സെന്റ് ഭൂമി പോലും വാങ്ങാൻ സാധിക്കാതെയല്ലേ ശരിക്കും അസൗകര്യപ്പെട്ടിരുന്നത്?
നാളെ വലിയ നിക്ഷേപങ്ങൾ പണമായി പിൻവലിക്കാൻ സാധിക്കാത്ത സ്ഥിതി വിശേഷം സംജാതമായാൽ റിയൽ എസ്റ്റേറ്റ് രംഗത്തെ കള്ളപണം ഒഴിവാക്കപെടുകയും ഏതു സാധാരണക്കാരനും അതിൽ പങ്കു ചേരാനും സാധിക്കുകയല്ലേ ചെയ്യുക?
കള്ളപണം വിളയാടിയിരുന്ന നിയമ വിരുദ്ധ ബിസിനസ്സുകൾ കാരണമല്ലേ നമ്മൾ ശരിക്കും അസൗകര്യപ്പെട്ടിരുന്നത്?
കാലങ്ങളായി നികുതി വെട്ടിപ്പുകാർ വരുത്തിവെച്ചിരുന്ന നികുതി ഭാരം പേറിയിരുന്ന നമ്മൾ സാധാരണക്കാരല്ലേ സത്യത്തിൽ അസൗകര്യപ്പെട്ടിരുന്നത്?
ഇത്രയും കാലം നമ്മൾ പുലർത്തിയ സത്യസന്ധതക്കുള്ള വില ഒടുവിൽ കള്ളപണക്കാർ ഒടുക്കുന്ന സ്ഥിതിവിശേഷം നമ്മൾക്കെങ്ങനെയാണ് പീഡനമാവുക?
ഈ അനീതികളെല്ലാം പിഴിതെറിഞ്ഞ് ഒരു പുതിയ ഇന്ത്യ കെട്ടിപടുക്കാൻ നമ്മൾ സഹിക്കുന്ന ത്യാഗം എങ്ങനെയാണ് അസൗകര്യമാവുന്നത്?
അതെ, പിറന്നിരിക്കുന്നത് പുതിയൊരു ഇന്ത്യതന്നെയാണ്.
സർക്കാർ സൗജന്യങ്ങൾക്ക് കാത്തുനിൽക്കാതെ രാജ്യത്തിന്റെ വളർച്ചയിൽ പങ്ക്കൊണ്ട് തൊഴിൽ ചെയ്യ്ത് അത്മാഭിമാനത്തോടെ ജനങ്ങൾ ജീവിക്കുന്ന ഇന്ത്യ. സ്വന്തം കെടുകാര്യസ്ഥതയും അഴിമതിയും മറച്ചുവെക്കാൻ ഞങ്ങൾ നിങ്ങൾക്ക് സൗജന്യമായി അരി തന്നില്ലേ?, ഭൂമി തന്നില്ലേ? എന്ന് ചോദിച്ച് നന്ദിയുടെ പേരിൽ വോട്ട് ചെയ്യിക്കാൻ ഇനി ഒരു രാഷ്ട്രീയക്കാരനും ധൈര്യപ്പെടില്ല. കാലങ്ങളായി നില നിൽക്കുന്ന ഈ ജന്മി-കുടിയാൻ രാഷ്ട്രീയം അവസാനിക്കാൻ പോകുന്നതിന്റെ അങ്കലാപ്പിലാണ് പലരും. ഇത്രയും കാലം ജന്മാവകാശം പോലെ നടത്തിയ അഴിമതിയും അങ്ങനെ നേടിയ പണവും അന്യമായത് അവരെ പരിഭ്രാന്തരാക്കുന്നു. രാജ്യത്ത് പാവപ്പെട്ടവൻ ഇല്ലാതായാൽ ഇവർ പ്രതിനിദാനം ചെയ്യുന്ന പട്ടിണിയുടെ രാഷ്ട്രീയം നാമാവിശേഷമാകും.
ഇത്രയും കാലം നമ്മുടെ ദുരിതങ്ങൾ വിറ്റ് അവർ ചിരിച്ച് കൊണ്ട് നമ്മെ ഭരിച്ചില്ലേ?
ഇനി ചിരിക്കാനുള്ള ഊഴം നമ്മൾ സാധാരണക്കാർക്കാണ്.