— രഞ്ജിത്ത് വിശ്വനാഥ് മേച്ചേരി —
16 കൊല്ലം മുന്നേ വാജ്പേയി സർക്കാരിന്റെ കാലത്തു നടപ്പാക്കുന്നതിനെപ്പറ്റി ആലോചന തുടങ്ങിയ, 2015 മെയ് 6 നു ലോകസഭ പാസാക്കിയ, അതും കഴിഞ്ഞു ഒരു വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം ഇന്നലെ രാജ്യസഭയും പാസാക്കിയ രാജ്യത്തിന്റെ സാമ്പത്തീക വ്യവസ്ഥക്ക് വളരെ പ്രധാനപ്പെട്ട മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ ഉതകുന്നതുമായ ഒരു ബില്ലാണ് ചരക്കു സേവന നികുതി ബില്‍ അഥവാ ജി.എസ്.ടി ബില്‍. ലോകസഭയില്‍ അവതരിപ്പിച്ചപ്പോള്‍ എന്‍ ഡി എ യെ കൂടാതെ തൃണമൂല്‍ കോണ്‍ഗ്രസ്, ബിജു ജനതാദള്‍, ആര്‍.എസ്.എന്നീ കക്ഷികള്‍ ബില്ലിനെ പിന്തുണച്ചപ്പോള്‍, കോണ്‍ഗ്രസ് വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നിരുന്നു. എന്നിരുന്നാലും മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ ബില്‍ അന്ന് ലോകസഭയില്‍ പാസായി. ഏഴുമണിക്കൂർ നീണ്ട ചർച്ചകൾക്കും വോട്ടിംഗിനുമിടയിലാണ് ഇന്നലെ രാജ്യസഭയിൽ ബിൽ പാസായത് . എ ഐ എ ഡി എം കെ വോട്ടെടുപ്പില്‍ നിന്നും വിട്ടു നിന്നപ്പോൾ 203 അംഗങ്ങൾ ബില്ലിനെ അനുകൂലിച്ച് വോട്ടു ചെയ്തു.
UPA സര്‍ക്കാര്‍ മുന്നേ കൊണ്ട് വരാന്‍ നോക്കിയ ബില്‍ ആയിരുന്നു എങ്കിലും , എന്ത് കൊണ്ട് ലോകസഭയില്‍ കോണ്ഗ്രസ് വോട്ടു ചെയ്യാതെ വിട്ടു നിന്നുവെന്നും, രാജ്യസഭയില്‍ ഒരു കൊല്ലത്തോളം ഇതിനെ എതിര്‍ത്തു എന്നുമൊക്കെ അറിയണമെങ്കില്‍ ആദ്യം എന്താണ് ജി.എസ്.ടി ബില്‍ എന്ന് അറിയണം. അത് കൊണ്ട് കൊണ്ട് രാജ്യത്തിന് ഉണ്ടാവുന്ന നേട്ടങ്ങള്‍ എന്തൊക്കെയാണെന്ന് അറിയണം .
ഇന്ത്യയിലെ മൂന്നില്‍ രണ്ടു ഭാഗം ചരക്കുഗതാഗതവും നടക്കുന്നതു റോഡു വഴിയാണ്. ഇതില്‍ തന്നെ ഓരോ ചരക്കു വാഹനവും അവരുടെ യാത്ര സമയത്തിന്റെ 40 ശതമാനം സമയം മാത്രമേ വാഹനങ്ങളുടെ ഓട്ടത്തിനു വേണ്ടി എടുക്കുന്നുള്ളൂ. ബാക്കി സമയം മുഴുവന്‍ പോകുന്നത് ഓരോ സംസ്ഥാന അതിര്‍ത്തിയിലും നികുതി കൊടുക്കുന്നതിനും അവിടത്തെ ഉദ്യോഗസ്ഥരുടെ പരിശോധനയ്ക്കും വേണ്ടിയാണ്. ഈ സമയ നഷ്ട്ടം ഇല്ലാതാക്കുക എന്നതാണ് ജി.എസ്.ടി ബില്‍ കൊണ്ട് പ്രധാനമായും ഉദ്ദേശിക്കുന്നത്. അതായത് ഈ ബില്‍ പ്രാബല്യത്തില്‍ വന്നാല്‍ ചരക്ക് ഗതാഗതത്തിനു രാജ്യത്താകമാനം ഒറ്റ നികുതിയാണ് ഉണ്ടാവുക. അത് കൊണ്ട് തന്നെ സംസ്ഥാന അതിര്‍ത്തികളില്‍ നികുതി അടക്കാന്‍ വേണ്ടി നഷ്ട്ടപ്പെടുന്ന സമയം ചരക്ക് വണ്ടികള്‍ക്ക് ഇല്ലാതാവുകയും, ഇതു ചരക്കു ഗതാഗത സമയം ഇരുപതു മുതല്‍ മുപ്പതു വരെ കുറയ്ക്കുമെന്നും അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ ഇന്ത്യയുടെ ഉത്പാദനം രണ്ടു ശതമാനം കൂടുമെന്നുമാണ് കണക്കാക്കപ്പെടുന്നത്.
നമ്മുടെ നികുതി സംവിധാനത്തില്‍ വിപ്ലവകരമായ മാറ്റം വരുത്തുന്നതാണ് നിര്‍ദ്ദിഷ്ടനിയമം എന്നതാണ് ഇത് കൊണ്ടുള്ള മറ്റൊരു നേട്ടം. നിലവിലുള്ള ഇരുപതോളം ചരക്ക് നികുതികളും വിവിധ സംസ്ഥാനങ്ങള്‍ ഏര്‍പ്പെടുത്തുന്ന ചുങ്കങ്ങള്‍ക്കു പകരം ഏകീകൃത ചരക്ക് സേവന നികുതി കൊണ്ടുവരാനുള്ള നിയമമാണിത്.
അതായത് ഈ നിയമം നടപ്പിലായാല്‍ ഇല്ലാതാവുന്ന നികുതികള്‍ ഇതൊക്കെയാണ്.
കേന്ദ്ര നികുതികള്‍:
1) സെന്‍ട്രല്‍ എക്‌സൈസ് ഡ്യൂട്ടി
2) അഡീഷണല്‍ എക്‌സൈസ് ഡ്യൂട്ടികള്‍
3) മരുന്നുകള്‍ക്കും ടോയ്‌ലറ്ററികള്‍ക്കും ബാധകമായ എക്‌സൈസ് ഡ്യൂട്ടി
4) സേവന നികുതി
5) അഡീഷണല്‍ കസ്റ്റംസ് ഡ്യൂട്ടി
6) സ്‌പെഷല്‍ അഡീഷണല്‍ ഡ്യൂട്ടി
7) സര്‍ച്ചാര്‍ജ്ജുകള്‍
8) സെസ്സുകള്‍……
സംസ്ഥാന നികുതികള്‍:
1) വാറ്റ്/വില്പന നികുതി (എന്നാല്‍ മദ്യത്തിനും പെട്രോളിയം ഉല്പന്നങ്ങള്‍ക്കും നിലവിലുള്ള നികുതി തുടരും)
2) വിനോദനികുതി
3) ആഡംബര നികുതി
4) ലോട്ടറി, ചൂതുകളി, വാതുവയ്ക്കല്‍ തുടങ്ങിയവയിന്മേലുള്ള നികുതികള്‍
5) സംസ്ഥാനങ്ങള്‍ ചുമത്തുന്ന സെസ്സുകള്‍, സര്‍ച്ചാര്‍ജ്ജുകള്‍ തുടങ്ങിയവ
6) ഒക്‌ട്രോയി(നഗരചുങ്കം) ക്ക് പകരമായല്ലാതെ ചുമത്തുന്ന എന്‍ട്രി ടാക്‌സ്…
ചരക്കു സേവന നികുതി മേഖലയിലെ അഴിമതി ഇല്ലാതാക്കുന്നതിനും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ തമ്മിലുള്ള നികുതി സമന്വയിപ്പിച്ച് ഒരു ദേശീയ സെയില്‍സ് ടാക്‌സ് കൊണ്ടുവരുന്നതിനുമാണ് ജി.എസ്.ടി നടപ്പാക്കുന്നത്. ഇപ്പൊ നമ്മൾ കാശുകൊടുത്തു വാങ്ങുന്ന ഒരു സാധനത്തിനു കേന്ദ്രനികുതിയായി 14 ശതമാനവും സംസ്ഥാന നികുതി അഥവാ VAT ആയി 12% മുതൽ 14% വരെയും നികുതി കൊടുക്കുന്നുണ്ട്. അതായത് നമ്മള്‍ ഇപ്പൊ വാങ്ങി കൊണ്ടിരിക്കുന്ന ഒരു സാധനത്തിനു ചുരുങ്ങിയത് അതിന്റെ വിലയുടെ 28% തുക നമ്മൾ നികുതിയായി കൊടുക്കുന്നുണ്ട് എന്ന്. GST വന്നാൽ ഇങ്ങനെ സംസ്ഥാനം, കേന്ദ്രം എന്നൊന്നും പറഞ്ഞു വെവേറെ നികുതി ഈടാക്കാതെ, ‘ഒരു സാധനം ഒറ്റ നികുതി’ എന്ന കണക്കിലാണ് ഉണ്ടാവുക.
27 ശതമാനം നികുതിയാണ് ഇതുവരെ എന്‍ ഡി എ സര്‍ക്കാരിന്റെ പരിഗണനയിലുണ്ടായിരുന്നത്. രാജ്യന്തര തലത്തില്‍ 16 ശതമാനമായിരിക്കേയാണ് ഇന്ത്യയില്‍ 27 ശതമാനം പരിഗണിക്കുന്നത് എന്നൊരു ആരോപണം ഇതിനെതിരെ അന്നേ വന്നിരുന്നു. എന്നാല്‍ ജനങ്ങള്‍ അധികഭാരം നല്‍കുന്ന നിരക്ക് ഉണ്ടാവില്ലെന്നും കൂടുതല്‍ ഇളവുകള്‍ പ്രതീക്ഷിക്കാമെന്നും ഇതില്‍ തന്നെ നിത്യോപയോഗസാധനങ്ങള്‍ക്കും അവശ്യ സര്‍വീസുകള്‍ക്കും കുറഞ്ഞനിരക്ക് ഏര്‍പ്പെടുത്തുമെന്നുമാണ് ജെയ്റ്റ്‌ലി അന്നേ ഇതിന്റെ കുറിച്ച് പറഞ്ഞിരുന്നത്. ഇപ്പൊ പരിഗണനയിൽ ഉള്ളത് 17 മുതൽ 19 ശതമാനം വരെ ആണ് എന്നതാണ് സൂചന. അത് 24% ആയാലും കേരളത്തെ പോലത്തെ ഒരു സംസ്ഥാനത്തിന് വലിയ നേട്ടം തന്നെയാണ് ഈ ബിൽ. സംസ്ഥാനങ്ങളുടെ പ്രധാന വരുമാന മാര്‍ഗങ്ങളായ മദ്യവും പെട്രോളിയം ഉല്‍പന്നങ്ങളും ജി എസ് ടി യില്‍ ഇപ്പോള്‍ ഉള്‍പ്പെടില്ല എന്നതാണ് ഇതിലെ മറ്റൊരു കാര്യം. നമ്മുടെ നികുതി സംവിധാനത്തില്‍ വിപ്ലവകരമായ മാറ്റം വരുത്തുന്നതാണ് ജിഎസ് ടി ബില്‍ എന്ന കാര്യത്തില്‍ സംശയമില്ല. ഇത് നിലവില്‍ വന്നു കഴിഞ്ഞാല്‍ ഉപഭോക്താവിന്റെ നികുതിബാധ്യതയില്‍ കറവുണ്ടാകുമെന്നു മാത്രമല്ല നികുതി നിയമങ്ങളുടെ സങ്കീര്‍ണത മാറി അവ സുതാര്യമായിത്തീരുകയും ചെയ്യും.
GST പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്നത് ഇതാദ്യമായല്ല. നികുതി പിരിക്കാനും നികുതി വര്‍ദ്ധി്പ്പിക്കാനുമുള്ള സംസ്ഥാന സര്‍ക്കാറിന്റെ അധികാരം നഷ്ടമാകുമോ എന്നു ഭയന്ന് പല തവണ ഈ ബില്‍ അംഗീകരിക്കാതെ പോകുകയാണ് ചെയ്തിരുന്നത്. ഇത് കൊണ്ട് തന്നെ അഞ്ചു വര്‍ഷത്തേക്ക് സംസ്ഥാന സര്‍ക്കാരുകള്‍ക്കുണ്ടാവുന്ന എന്തു നഷ്ടവും കേന്ദ്രസര്‍ക്കാര്‍ പരിഹരിക്കുമെന്ന് ജെറ്റ്ലി അന്നേ ഉറപ്പു കൊടുത്തിട്ടുണ്ട്. ചരക്കു സേവന നികുതി മേഖലയിലെ അഴിമതി ഇല്ലാതാക്കുന്നതിനും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ തമ്മിലുള്ള നികുതി സമന്വയിപ്പിച്ച് ഒരു ദേശീയ സെയില്‍സ് ടാക്‌സ് കൊണ്ടുവരുന്നതിനുമാണ് ജി.എസ്.ടി നടപ്പാക്കുന്നത്. കേരളം പോലത്തെ ഇറക്കുമതി കൂടുതല്‍ ഉള്ള സംസ്ഥാനങ്ങള്‍ക്ക് ഈ ബില്‍ ഗുണകരമാവും എന്നാ കാര്യത്തില്‍ സംശയമില്ല.
രാജ്യത്തിന്റെ മുഖച്ഛായ തന്നെ മാറ്റാന്‍ ഉതകുന്ന ജി എസ് ടി ബില്‍ രാജ്യസഭയില്‍ പാസായി 2016 ഏപ്രില്‍ ഒന്നു മുതല്‍ നിയമം നിലവില്‍ വരുത്താന്‍ ആണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിച്ചത് എങ്കിലും രാജ്യസഭയിലെ ഭൂരിപക്ഷം ഇല്ലായ്മ കൊണ്ട് അതിനു ഒരു കൊല്ലത്തോളം കാത്തിരിക്കേണ്ടി വന്നതു. ഈ നികുതി പരിഷ്കരണം മേക്ക് ഇൻ ഇന്ത്യ പദ്ധതിക്ക് ഗുണകരമാകും എന്ന് മാത്രമല്ല കയറ്റുമതി വർദ്ധിക്കാനും അതു വഴി കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ഉതകുന്നതാണ്. അത് പോലെ തന്നെ രാജ്യത്തിന്റെ ജി.ഡി.പി 1 മുതല്‍ 1.5 % വരെ ഈ ബില്‍ കൊണ്ട് വളരും എന്നും കണക്കാക്കുന്നു. അതോണ്ട് തന്നെ ജി എസ് ടി ബില്‍ രാജ്യത്തിന്റെ ഫെഡറൽ സംവിധാനം തന്നെ തർക്കുമെന്നും പറഞ്ഞു യെച്ചൂരി സഖാവും കൂട്ടരും ഇറങ്ങിയിട്ടും ഉണ്ട്.