വിജയകുമാര്‍
ഇസ്രായേൽ ദേശം എന്ന പേര്, രാജ്യത്തേയും യഹൂദജനതയേയും പരാമർശിക്കാനായി ഉപയോഗിച്ചുപോരുന്നു. സ്വപ്നത്തിൽ ദൈവദൂതനുമായി മല്ലയുദ്ധത്തിൽ ജയിച്ചതിനെ തുടർന്ന്, യഹൂദജനതയുടെ പിതാവായി കരുതപ്പെടുന്ന യാക്കോബ്, ഇസ്രായേൽ എന്ന് പുനർനാമകരണം ചെയ്യപ്പെട്ടതായി പറയുന്ന ബൈബിളിലെ ഉല്പത്തി പുസ്തകത്തിലെ വാക്യത്തിലാണ് (ഉല്പത്തി 32:28) ഈ പേരിന്റെ തുടക്കം. അതിന്റെ അർത്ഥത്തെക്കുറിച്ച് അഭിപ്രായ സമന്വയമില്ല. ‘ഭരിക്കുക’, ‘ശക്തനായിരിക്കുക’, ‘അധികാരം പ്രയോഗിക്കുക’ എന്നൊക്കെ അർത്ഥമുള്ള ‘സരാർ’ എന്ന ക്രിയാപദത്തിൽ നിന്നാണ് അതുണ്ടായതെന്നാണ് ഒരു പക്ഷം. ‘ദൈവത്തിന്റെ കുമാരൻ’, ‘ദൈവം യുദ്ധം ചെയ്യുന്നു’ എന്നുമൊക്കെ ഇതിന് അർത്ഥമാകാമെന്നും പറയുന്നവരുണ്ട്. എന്നാൽ ഏറ്റവും പ്രബലമായ അഭിപ്രായം ഇസ്രായേൽ എന്നാൽ ‘രാത്രിയിൽ പുറപ്പെട്ടവൻ’ എന്നാണു അർത്ഥം എന്നതാണ്. ‘ഇസ്രാ’ എന്നാൽ രാത്രി. യാക്കോബ് തന്റെ മാതാവിന്റെ ഉപദേശപ്രകാരം മാതുലനായ ലാബാന്റെ അടുക്കലേക്കു പുറപ്പെട്ടത് രാത്രിയിൽ ആണ്. യാക്കോബിനു ആ പേര് ലഭിക്കുകയും ചെയ്തു. വാക്കിന്റെ കൃത്യമായ അർത്ഥമെന്തായാലും, യാക്കോബിൽ നിന്ന് ഉത്ഭവിച്ചതായി കരുതപ്പെടുന്ന ജനതക്ക് ഇസ്രായേൽ മക്കളെന്നും, ഇസ്രായേൽക്കാരെന്നുമൊക്കെ പേരുറച്ചു .