അനുപമ ശ്രീകാന്ത്
പ്രിയപ്പെട്ട മീരേച്ചിക്ക്,
ഞാന്‍ ചേച്ചിയെ ഒരു പാട് ഇഷ്ട്ടപ്പെടുന്ന ഒരു ആരാധിക ആണ്.
ഇപ്പോഴും ചേച്ചിയുടെ ഓരോ ബുക്ക് ഇറങ്ങാനും മത്സ്യത്തിന് കടലിനോടുള്ള ആർത്തിയെന്ന പോലെ ഞാന്‍ കാത്തിരിക്കുന്നു.(ഓര്‍ക്കുന്നില്ലേ യുദാസിന്റെ സുവിശേഷം.)
എന്നെ സംബന്ധിച്ചിടത്തോളം നീയാണ് ശരി. എന്റെ മനസ്സും ശരീരവും ആഗ്രഹിക്കുന്നത് നിന്നെയാണ് എന്ന് നരേന്ദ്രൻ എന്ജലയോട് പറയുമ്പോൾ എന്റെ പ്രണയം ഞാൻ ഏറ്റു വാങ്ങുകയായിരുന്നു.പിരിഞ്ഞപ്പോൾ അവളൊരു കത്തി അയാളുടെ നെഞ്ചിൽ തറച്ച വേദനയായിരുന്നു…
പ്രണയ പരാജയത്തിന്റെ വേദന അറിഞ്ഞതും മാലാഘയുടെ മറുകുകളിൽ കൂടെ ആയിരുന്നു.‘സ്വന്തം ഭാര്യ അല്ലാത്തത് കൊണ്ടാണോ ഈ താല്‍പര്യം’ എന്ന് പറഞ്ഞപ്പോൾ വിലക്കപ്പെട്ട കനിയുടെ സ്വാദും അറിയുകയായിരുന്നു.
‘അയാള് എന്റെ പ്രേമത്തെ കൊന്നു.അപ്പോൾ കാമവും മരിച്ചു ‘ എന്ന് ചേച്ചി എഴുതിയപ്പോ ദാമ്പത്യത്തിന്റെ കയ്പ്പ് അറിയാതെ അറിയുകയായിരുന്നു.
വെടക്കാക്കി തനിക്കാക്കിയ അലക്സിനെയും വെറുക്കാൻ ആയില്ല..
‘നരേന്ദ്രന് എന്ജലയെ നേരത്തെ കണ്ടു മുട്ടാമായിരുന്നു, സ്നേഹിക്കാമായിരുന്നു, വിവാഹം കഴിക്കാമായിരുന്നു’ എന്നാ ഒറ്റ വരിയുടെ പുറത്തു ആറ്റ് നോറ്റിരുന്ന രാവുകൾ ഉണ്ട്…
കരിനീലയുടെ തുടക്കത്തിൽ പറഞ്ഞില്ലേ നീറുന്ന അനുഭവം..
അനുഭവം ആയതുകൊണ്ടും സത്യസന്ധത അനിവാര്യം എന്ന്. സത്യസന്ധത കൂടുന്ന ഇടത്ത് സദാചാരം കുറയും എന്നും. അവിടെ കിട്ടിയ ആത്മബലം എന്നെ ഇത് വരെ വിട്ടു പോയിട്ടില്ല..
‘ഞങ്ങൾക്കിടയിൽ ഒരു പകലിന്റെ ദൂരം, ദീര്‍ഘ യാത്രയുടെ അകലം’ മന്ത്രിച്ചു നടന്നു ഞാൻ ആ അകലങ്ങൾ തമ്മിൽ അടുക്കാൻ, സുര്യൻ വേഗം ഉദിക്കാൻ..
അയാളെ കരിനീലിപ്പിക്കാൻ എനിക്ക് കിട്ടിയ ധൈര്യം ആ വരികളിൽ നിന്നായിരുന്നു. റിയാലിറ്റിയിൽ നിന്നും ഫാന്റസിയിലേക്ക് മൂക്കും കുത്തി വീണപ്പോൾ താങ്ങായത് ചേച്ചിയുടെ വരികൾ ആയിരുന്നു..
പുരുഷൻ ചുണ്ട് കൊണ്ടല്ല, ആത്മാവ് കൊണ്ടാവണം ചുംബിക്കേണ്ടത് എന്ന് ചേച്ചി ആവര്‍ത്തിച്ചു കൊണ്ടേ ഇരുന്നു..
മീരേച്ചി ഒടുക്കം ഞാൻ സൂചിപ്പിക്കട്ടെ,
എനിക്ക് നിരാശയുടെ കൊടുങ്കാറ്റും, നിസ്സഹായതയുടെ മഴയും കാണിച്ചു തന്ന..
സതീ സാവിത്രിമാരും മര്യാദ പുരുഷോത്തമാന്മാരും ഇത് വായിക്കരുത് എന്ന് തുറന്നെഴുതിയ മീരേച്ചിക്ക് അസഹിഷ്ണുത മറികടക്കാൻ എത്രയോ വഴികള്‍ ഉണ്ട്..
പ്രതികരിക്കാൻ എത്രയോ മാർഗ്ഗങ്ങൾ ഉണ്ട്..
ഈ അവാർഡ് ചേച്ചിക്ക് കേവലം ആയിരിക്കും, പക്ഷെ ആ അക്ഷരങ്ങളെ സ്നേഹിച്ച, ജീവിതത്തിലേക്ക് ആവാഹിച്ച ഞങ്ങളെ കൈ നീട്ടി അടിക്കുന്നതിനു തുല്യം ആയി പോയി ഇപ്പൊ ചെയ്തത്.
ഒരു കൃതി നിലവിൽ ഉള്ള സമൂഹത്തിന്റെ പുഴുക്കുത്തുകളെ അനാവരണം ചെയ്യുന്നുണ്ടെങ്കിൽ അതിനെ പുരോഗമന സ്വഭാവം ഉള്ളതായി അന്ഗീകരിക്കണം എന്ന് ആമുഖത്തിൽ സൂചിപ്പിച്ചിരുന്നല്ലോ. സമൂഹത്തിലെ അന്തര്‍ധാരകളെ നിങ്ങൾ അനാവരണം ചെയ്തോളു. പക്ഷെ സമൂഹത്തിൽ വിള്ളൽ ഉണ്ടാക്കുന്ന ഇത്തരം പ്രവൃത്തികൾ എന്തിനെന്നു മനസ്സിലാവുന്നില്ല..??
അസഹിഷ്ണുതക്കുള്ള ഉത്തരം നിങ്ങൾ മറ്റൊരു പുസ്തകത്തിലൂടെ പുറത്തു കൊണ്ട് വരൂ. അതായിരിക്കും ഞങ്ങള്‍ക്ക് കുറച്ചു കൂടി മനസ്സിലാവുക. മാത്രവുമല്ല അത് വ്യക്തി സ്വാതന്ത്ര്യത്തിന്റെയും സൃഷ്ടി സ്വാതന്ത്ര്യത്തിന്റെയും പേരില്‍ നിരാകരിക്കപ്പെട്ടാൽ…
ആ പുസ്തകം നിരോധിച്ചാൽ….
സൽമാൻ രുഷ്ദീീക്കും തസ്ലിമ നസ്രിനും പറ്റിയത് പോലെ സംഭവിച്ചാൽ…
അതിന്റെ പേരില്‍ ചേച്ചിയെ ആരേലും നാട് കടത്തിയാൽ,
ചോദിയ്ക്കാൻ ഞങ്ങൾ ഉണ്ടാകും..
അസഹിഷ്ണുത അനുഭവിച്ചുകൊണ്ടിരിക്കുന്ന ഞങ്ങളുടെ തലമുറ ഉണ്ടാവും ..
‘എനിക്ക് മുറിവുകൾ വേണം..
നീറിപ്പഴുക്കാൻ കൂടുതൽ മുറിവുകൾ..’
അതു നല്‍കി കഴിഞ്ഞു.
മനസില്‍ പ്രതിഷ്ടിച്ച വിഗ്രഹം ഉടഞ്ഞപ്പോള്‍ ഉണ്ടായ നീറുന്ന മുറിവ്..
ഇഷ്ട കഥാകാരി നല്‍കിയ വേദന ഒലിക്കുന്ന മുറിവ്..
എല്ലാ പുറം പടങ്ങളും ഊരിക്കളഞ്ഞു ഒരു സ്ത്രീ കാത്തുകിടക്കുന്നു..
അയാള്‍ക്ക് വേണ്ടി..
ഒരു സ്പര്‍ശം… അയാളുടെ സ്നേഹം.. അയാളുടെ സമര്‍പ്പണം…
ഞാൻ നടുവൊടിഞ്ഞ പാമ്പിനെ പോലെ വഴുന്ന് കിടക്കുന്നു..
മീരേച്ചി എഴുതി, സമൂഹത്തെ പേടിക്കാതെ തുറന്നു തന്നെ..
പെണ്ണെഴുത്തിന്റെ ശക്തി ഞങ്ങൾ അതില്‍ കൂടി കണ്ടു.
സ്വന്തം ഭർത്താവ് പോലും വായിക്കാതിരിക്കട്ടെ എന്ന് പറഞ്ഞു അവനവന്റെ ചാരിത്ര്യവും മനസ്സമാധാനവും താഴെ വീണു പോകാതെ മുറുക്കെ പിടിക്കാൻ വായനക്കാരോട് ആവശ്യപ്പെട്ടു. പ്രിയ എഴുത്തുകാരി മാധവിക്കുട്ടിയോടു കാട്ടിയ നീരസം ഒന്നും തന്നെ വായനക്കാർ ചേച്ചിയോട് കാട്ടിയില്ല..
പെണ്ണുങ്ങൾ എല്ലാം തന്നെ എന്ജലയും സുനിതയും ത്രിപുര സുന്ദരിയും ആയി..
ആണുങ്ങൾ എല്ലാം തങ്ങളിലെ നരേന്ദ്രനയും അലക്സിനെയും യുദാസിനെയും തിരിച്ചറിഞ്ഞു..
പെണ്ണിന് പരിധിയില്ല എന്ന ചേതന കാട്ടി തന്നു 2013 ൽ കേരള സാഹിത്യ അക്കാദമി അവാർഡ് മേടിച്ചില്ലേ..
ഓടക്കുഴലും വയലാര്‍ അവാര്‍ഡും മേടിച്ചില്ലേ..
എന്ത് കൊണ്ട് നിഷേധിച്ചില്ല ?
മലയാളികള്‍ക്ക് ഇടയിൽ അല്ലെ ഏറ്റവും കൂടുതൽ അസഹിഷ്ണുത..
തുറിച്ചു നോട്ടത്തിന്റെയും,രാഷ്ട്രീയ കൊലപാതകങ്ങളുടെയും, വഴി പിഴക്കലിന്റെയും, കൂട്ടിക്കൊടുക്കലിന്റെയും, നെറികേടിന്റെയും പല വിധത്തിൽ പല തരത്തിൽ…
സമൂഹത്തെ നേർവഴിക്കു നയിക്കലാവണം സാഹിത്യകാരന്മാരുടെ ധര്‍മ്മം എന്ന് ഉച്ചത്തിൽ വിളിച്ചു പറയണം ഓരോ സാഹിത്യ സദസ്സുകളിലും..
എന്നാൽ ഇപ്പോഴോ..
ഞങ്ങളെ തമ്മിൽ തല്ലിച്ചിട്ടു എന്ത് നേടാൻ .?
ഇനി വായനക്കാരുടെ ഇടയിലും ഇടതും വലതും നടുക്കഷ്ണവുമായി വായനകളെ അഴിച്ചു വിട്ടു അടിച്ചു തെളിക്കേണ്ടിവരുമോ ?
പിന്നെ അവാർഡ് വാങ്ങിക്കുന്നതും വാങ്ങിക്കാത്തതും വ്യക്തിപരം അല്ല മീരേച്ചി.
സന്തോഷത്തോടെ ഞങ്ങൾ തരുന്നത് തിരസ്കരിച്ചാൽ, അത് എന്തിന്റെ പേരില്‍ തന്നെ ആയാലും നിങ്ങളോളം അറിവും ആഴവും പുരോഗമന ചിന്തയും ഇല്ലാത്ത ഞങ്ങള്‍ക്ക് വിഷമം തന്നെയാണ്..
ചേച്ചിക്ക് എണ്ണമറ്റ അവാര്‍ഡുകളിലെ കൂട്ടത്തില്‍ ഇതൊന്നു മാത്രം ആയിരിക്കും..
എന്നാൽ ദേശിയ തലത്തിലേക്കും പിന്നീട് അന്താരാഷ്ട്ര തലത്തിലേക്കും ചേച്ചി കടന്നു ചെന്ന് അവാർഡുകൾ വാരിക്കൂട്ടുന്നത് കാണുവാൻ കണ്ണിൽ എണ്ണ ഒഴിച്ച് കാത്തിരിക്കുന്ന ഞങ്ങളെ നിരാശപ്പെടുതരുത്.
ഞങ്ങൾ സഹിച്ച യാതനകൾ ചേച്ചി മനസ്സിലാക്കണം.
ഉറക്കം ഇളച്ചു പ്രാരാബ്ധങ്ങൾക്കിടയിൽ, അമ്മായിയമ്മ പോരുകൾക്കിടയിൽ, വീട്ടു ജോലികൾക്കിടയിൽ ആരാച്ചാര്‍ ഒറ്റ ഇരുപ്പിന് വായിച്ചരാവുകൾ…
വിഷമങ്ങളും വീർപ്പുമുട്ടലുകലും ഞാൻ എന്ന ആരാച്ചാർ ഉത്തരത്തിൽ കെട്ടിത്തൂക്കിയ നിമിഷങ്ങൾ..
ചിറകിൽ നിന്ന് ചോരയൊലിക്കും..
അയാളുടെ വെള്ള മന്ദാരങ്ങൾ എന്റെ ചോരവീണു ചുവക്കും..
ചോരയും നോവും കൊണ്ട് ഞാൻ അയാളെ തോല്‍പ്പിക്കും…
ഇതൊന്നും മറക്കാൻ ആവില്ല മീരേച്ചി..
നിർത്തട്ടെ..
പുനര്‍ചിന്തനം ഉണ്ടാവും എന്ന വിശ്വാസത്തോടെ ..
ഒരു ആരാധിക..