മഹാബലി വിജ്ഞാനം: പ്രൊഫസർ ജി ബാലകൃഷ്ണൻ നായർ

മഹാബലി വിജ്ഞാനം: പ്രൊഫസർ ജി ബാലകൃഷ്ണൻ നായർ
(1999ലെ മാതൃഭൂമി ഓണപ്പതിപ്പിൽ പ്രസിദ്ധീകരിച്ച ലേഖനം)

പ്രഹ്ളാദന്റെ ചെറുമകനാണു മഹാബലി. പ്രഹ്ളാദപുത്രൻ വിരോചനൻ. വിരോചനപുത്രൻ മഹാബലി. മൂന്നുപേരും വേദാന്ത ശാസ്ത്രമഭ്യസിച്ചു ബ്രഹ്മനിഷ്ഠരായി രാജ്യം ഭരിച്ച അസുര ചക്രവർത്തിമാർ. മഹാബലി പിതാവായ വിരോചനനിൽ നിന്നു തന്നെ ബ്രഹ്മതത്വം കുട്ടിക്കാലത്തേ ഗ്രഹിച്ചിരുന്നു. എങ്കിലും രാജ്യഭാരം കൈയ്യേറ്റതോടെ ആചാര്യനായ ശുക്രനിൽ നിന്ന് ഒരിയ്ക്കൽ കൂടി കേട്ടുറപ്പിച്ചിരുന്നു.

എന്താണാചാര്യൻ പഠിപ്പിച്ച ബ്രഹ്മതത്വം? ബോധമാണു ബ്രഹ്മം. ബോധമേ ഇവിടെ നിലവിലുള്ളൂ. ബോധം മാത്രം. ഈ ജഗത്തു മുഴുവൻ ബോധമയമാണ്. മഹാബലി ബോധമാണ്. ശുക്രാചാര്യൻ ബോധമാണ്. ഈ ലോകങ്ങളെല്ലാം ബോധമാണ്. എന്തുകൊണ്ട്? ബോധമുണ്ടോ ഇതൊക്കെയുണ്ട്. ബോധമില്ലേ ഇതൊന്നുമില്ല. അതുകൊണ്ട് ആചാര്യനിൽ നിന്നിതു കേട്ടു ധരിച്ചു സർവം ബ്രഹ്മമയം എന്നനുഭവിച്ചുകൊണ്ടാണ് ബലിയും രാജ്യഭാരമേറ്റത്.

പലതായിക്കാണുന്ന ഈ ജഗത്ത് ഒരേ ഒരു ബ്രഹ്മം പല വേഷം ധരിച്ചഭിനയിയ്ക്കുന്ന വെറുമൊരു നാടകം. തന്റെ തത്കാല വേഷം അസുരചക്രവർത്തിയുടേതാണ്. ആ വേഷത്തിനനുസരിച്ച് അഭിനയിയ്ക്കുക എന്നതാണ് തന്റെ ധർമ്മം. അങ്ങനെ മഹാബലി ദേവന്മാരുമായി യുദ്ധം ചെയ്തു. ആദ്യം പരാജയപ്പെട്ടു. എന്നാൽ അൽപ്പം പോലും ക്ഷീണിതനാകാതെ ഗുരുവിനെ പ്രസന്നനാക്കി വലിയ ശക്തി സംഭാരത്തോടു കൂടി വീണ്ടും സ്വർഗ്ഗം ആക്രമിച്ചു കീഴടക്കാൻ പുറപ്പെട്ടു. ദേവന്മാർ ഭയചകിതരായി. അവർ ഗുരുവായ ബൃഹസ്പതിയെ പ്രാപിച്ചു പോംവഴിയാരാഞ്ഞു, തൽക്കാലം ദേവന്മാർക്ക് കഷ്ടകാലമാണെന്നും കുറച്ചുനാൾ സ്വർഗ്ഗം വെടിഞ്ഞു മറ്റെവിടെയെങ്കിലും അഭയം തേടുകയാണു നല്ലതെന്നും ഗുരു അരുളി ചെയ്തു. അങ്ങനെ ഇന്ദ്രനും ദേവന്മാരും സ്വർഗ്ഗം വിട്ടോടി. മഹാബലിയുടെ കീർത്തി ലോകമെങ്ങും വ്യാപിച്ചു.

ശുക്രശിഷ്യന്മാർ അദ്ദേഹത്തെക്കൊണ്ട് അനേകം അശ്വമേധയാഗങ്ങൾ ചെയ്യിപ്പിച്ചു. അശ്വമേധയാഗങ്ങൾ അങ്ങനെ തുടർന്നു കൊണ്ടെയിരുന്നു. പുത്രന്മാർക്കു വന്നുചേർന്ന കഷ്ടകാലം ദേവമാതാവായ അദിതിയെ ദുഃഖാർത്തയാക്കി. അവർ പയോവൃതമനുഷ്ഠിച്ചു മക്കളുടെ ദുഃഖം മാറിക്കിട്ടണമേ എന്ന് ഭഗവാൻ വിഷ്ണുവിനോടു പ്രാർഥിച്ചു. അങ്ങനെ ദേവന്മാരുടെ ദുഃഖ മോചനത്തിനായിട്ടാണു ഭഗവാൻ അദിതിയിൽ വാമനനായി അവതരിച്ചത്. ശംഖചക്രാദി ആയുധങ്ങളണിഞ്ഞു വിഷ്ണുവേഷം ധരിച്ചു ജഗദ് രക്ഷ ചെയ്യുന്ന ബ്രഹ്മസത്യം ഒരു നടനെപ്പോലെ തൽക്കാലം ആ വേഷമുപേക്ഷിച്ചു വാമനവേഷം കൈക്കൊണ്ടു. പൊക്കം കുറഞ്ഞ ഒരു ബ്രഹ്മചാരിയുടെ വേഷം. പൂണുനൂൽ, അരഞ്ഞാൺ, മൃഗത്തോൽ, ദണ്ഡം, കൗപീനം, ഓലക്കുട, കമണ്ഡലു, ദർഭ, ഭിക്ഷാപാത്രം എന്നിവയെല്ലാം ഉൾപ്പെട്ടതാണാ വേഷം. ബ്രഹ്മതേജസ്സു നിറഞ്ഞു കവിയുന്ന മുഖം.

വടു നേരേ മഹാബലിയുടെ യജ്ഞശാലയിലേക്കു നടന്നുചെന്നു. ഓരോ ചുവടുവയ്പ്പിലും ഭാരം കൊണ്ടു ഭൂമിയെ അമർത്തുന്നോ എന്ന് തോന്നുമാറാണദ്ദേഹത്തിന്റെ നടത്തം. യജ്ഞത്തില്‍ ഏർപ്പെട്ടിരിയ്ക്കുന്നവർക്കു സൂര്യൻ അവിടേയ്ക്കു ചെല്ലുകയാണോ എന്ന് തോന്നി. മായാമാണവ വേഷം ധരിച്ച ഭഗവാനെ കണ്ടപ്പോൾ അവിടെയുണ്ടായിരുന്നവരെല്ലാം പ്രത്യുത്ഥാനം ചെയ്തു സ്വാഗതമരുളി. യജമാനനായി ബലി അർഘ്യപാദ്യാദി കൊണ്ടർച്ചിച്ചു. താൻ ബ്രഹ്മചാരിയുടെ ഏതഭിലാഷമാണു നിറവേറ്റേണ്ടതെന്നു വിനയപൂർവം ആരാഞ്ഞു. തനിയ്ക്കു വലിയ ആഗ്രഹങ്ങളൊന്നുമില്ലെന്നും സ്വസ്ഥനായിരിയ്ക്കാൻ മൂന്നടി മണ്ണു മാത്രം കിട്ടിയാൽ മതിയെന്നും വാമനൻ അറിയിച്ചു.

മഹാബലി പറഞ്ഞു: “അല്ലയോ ബ്രഹ്മചാരിൻ അങ്ങു വെറും ബാലിശബുദ്ധിയാണെന്നു തോന്നുന്നല്ലോ. എന്നിൽ നിന്നും ദാനം വാങ്ങുന്നയാൾ പിന്നെയാരോടും ഒന്നും ചോദിയ്ക്കാനിടവരരുതെന്നാണെന്റെയാഗ്രഹം. അതുകൊണ്ടങ്ങേയ്ക്ക് എന്തെന്തൊക്കെയാവശ്യമുണ്ടോ അവയെല്ലാം ചോദിച്ചുവാങ്ങിക്കൊള്ളൂ”.

വടു പ്രതിവചിച്ചു: “രാജാവേ ഇന്ദ്രിയങ്ങൾക്ക് വശപ്പെട്ട ഒരുവനെ തൃപ്തിപ്പെടുത്താൻ മൂന്നു ലോകത്തുമുള്ള വിഷയങ്ങൾക്കൊന്നും സാധ്യമല്ല തന്നെ. യദൃച്ഛയാ വന്നു ചേരുന്നതിൽ സന്തോഷിയ്ക്കുന്നവൻ സുഖിയ്ക്കുന്നു. അസന്തുഷ്ട ചിത്തനു മൂന്നുലോകങ്ങളും നൽകിയാലും സുഖിയ്ക്കാൻ കഴിയുന്നില്ല. അർഥകാമങ്ങളിൽ തൃപ്തിവരായ്കയാണു മനുഷ്യന്റെ സംസാരദുഃഖത്തിനു കാരണം. ഈ അസംതൃപ്തിയാണു ബന്ധം. യാദൃച്ഛികമായി വന്നുചേരുന്നതിൽ സന്തോഷിയ്ക്കുന്നതാണു മുക്തി. യദൃച്ഛാലാഭ സന്തുഷ്ടനായ സത്യദർശിയ്ക്കു സദാ ബ്രഹ്മതേജസ്സു വളർന്നുകൊണ്ടിരിയ്ക്കുന്നു. അസന്തുഷ്ടനു വെള്ളമൊഴിച്ചാൽ തീകെടുന്നതു പോലെ ബ്രഹ്മജ്ഞാനം തിരോധാനം ചെയ്യുന്നു. അതുകൊണ്ടെനിയ്ക്ക് മൂന്നടി മണ്ണേ വേണ്ടൂ എന്റെ കാര്യം അതുകൊണ്ടു പൂർണ്ണമായും നിറവേറുന്നതാണ്‌”.

ബലി പുഞ്ചിരിച്ചുകൊണ്ടു മൂന്നടി മണ്ണു നൽകുവാൻ തീരുമാനിച്ചു. എന്നാൽ ഗുരുവായ ശുക്രാചാര്യൻ ബലിയെ തടഞ്ഞു. ഈ വാമനൻ മായാമാണവകനാണെന്നും അയാൾക്ക് മൂന്നടി മണ്ണു ദാനം ചെയ്താൽ അസുരന്മാർക്കു സർവവും നഷ്ടമാകുമെന്നും ശുക്രനറിയിച്ചു. . അതു കൊണ്ട് ഈക്കാര്യത്തിൽ കള്ളം പറയുന്നതിനു ദോഷമില്ല. ഭാര്യമാരെ വശത്താക്കി നിർത്താനും നേരമ്പോക്കിനും വിവാഹത്തിൽ വരനെ സന്തോഷിപ്പിയ്ക്കാനും ജീവിത വൃത്തി നിലനിറുത്തുവാനും പ്രാണനെ രക്ഷിയ്ക്കാനും ഗോബ്രാഹ്മണർക്കു ഹിതം ചെയ്യാനും മറ്റുള്ളവർക്കു ഉപദ്രവമൊഴിവാക്കാനും കള്ളം പറയുന്നതു കൊണ്ടു ദോഷമില്ല. അതിനാൽ ബലി എന്തെങ്കിലും കള്ളം പറഞ്ഞ് ഈ ദാനത്തിൽ നിന്നൊഴിവാകണമെന്നായിരുന്നു ഗുരുവിന്റെ ഉപദേശം.

എന്നാൽ ഇക്കാര്യത്തിൽ ഗുരുവിനെ അനുസരിയ്ക്കാൻ ബലി തയ്യാറായില്ല. അദ്ദേഹം പറഞ്ഞു: “വിഷ്ണുവാണു വാമനനായി വന്നിരിയ്ക്കുന്നതെങ്കിൽ അദ്ദേഹത്തെ തടയാൻ ആർക്കു കഴിയും? അങ്ങയെപ്പോലെയുള്ളവർ യജ്ഞാദികർമങ്ങൾ കൊണ്ടാരാധിയ്ക്കുന്നത് ഈ വിഷ്ണുവിനെയല്ലേ? അദ്ദേഹം എനിക്കു മിത്രമാകട്ടെ അഥവാ ശത്രുവാകട്ടെ, മുനേ ഞാനദ്ദേഹത്തിനു മൂന്നടി മണ്ണു നൽകുവാൻ തന്നെ തീരുമാനിച്ചു”.

ഇങ്ങനെ തന്നെ ധിക്കരിച്ച ശിഷ്യനെ ഗുരു ദൈവപ്രചോദിതനായി ശപിച്ചു. ഗുരുവിനെ ധിക്കരിച്ച ബലിയ്ക്ക് ഐശ്വര്യം മുഴുവൻ നഷ്ടമാകട്ടെ എന്നായിരുന്നു ശാപം. ശാപം കൊണ്ടൊന്നും ബലിയുടെ മനസ്സിന് ഒരു കുലുക്കവും ഉണ്ടായില്ല. സ്വർണ കലത്തിൽ പരിശുദ്ധജലം നിറച്ച് വാമനകരങ്ങളിൽ ദാനനീർ വീഴ്ത്തി ദാനം സ്ഥിതീകരിച്ചു. മാത്രമല്ല ആ ജലം കൊണ്ടുതന്നെ വാമനപാദങ്ങൾ കഴുകി പവിത്രമായ ആ തീർഥജലം സ്വശിരസ്സിൽ തളിച്ചു. ദേവന്മാർ പുഷ്പവൃഷ്ടി നടത്തി. ബലിയുടെ ധീരകൃത്യത്തെ അഭിനന്ദിച്ചു പെരുമ്പറ മുഴക്കി.

ഇത്രയുമായതോടെ വാമനൻ തന്റെ ചെറിയ രൂപം ഉപേക്ഷിച്ചു വിശ്വരൂപനായി വളർന്നു. സൂര്യചന്ദ്രന്മാരുൾപ്പെടെ എല്ലാ പ്രപഞ്ച ഘടകങ്ങളും വിശ്വരൂപന്റെ അവയവങ്ങളായി കാണപ്പെട്ടു. വിശ്വരൂപൻ രണ്ടടി വച്ചതോടെ ത്രിലോകങ്ങളും അതിലകപ്പെട്ടു കഴിഞ്ഞു. മൂന്നാമത്തെയടി വയ്ക്കാൻ ലേശം പോലും ഇടമില്ലെന്നായി. ബ്രഹ്മാവുൾപ്പെടെയുള്ള ദേവന്മാർ വിശ്വരൂപനെ വളഞ്ഞുനിന്നു. സ്തുതിഘോഷങ്ങൾ മുഴക്കി. അസുരന്മാരാകട്ടെ അത്യന്തം പരിഭ്രാന്തരായി. അവർ മഹാബലിയോടു വിളിച്ചുപറഞ്ഞു. “ഈ വാമനൻ ബ്രഹ്മചാരിയും മറ്റുമല്ല ബ്രഹ്മചാരിവേഷം ധരിച്ചുവന്ന മായാവിയായ വിഷ്ണുവാണയാൾ. ഇയാൾ നമ്മുടെ ശത്രു. സത്യവാനായ നമ്മുടെ ചക്രവർത്തിയുടെ സർവസ്വവും കാപട്യത്തിലൂടെ ഇയാൾ അപഹരിച്ചിരിയ്ക്കുന്നു. അതുകൊണ്ടിയാളെ കൊല്ലുകതന്നെ വേണം”. ഇങ്ങനെ വിളിച്ചുപറഞ്ഞുകൊണ്ട് അസുരന്മാർ ആയുധങ്ങളുമായി യുദ്ധത്തിനു പുറപ്പെട്ടു.

എന്നാൽ ബലി അവരെ തടഞ്ഞിട്ട് ഇങ്ങനെ അരുളിചെയ്തു.
“എല്ലാ ജീവജാലങ്ങൾക്കും സുഖദുഃഖ സന്ദർഭങ്ങൾ അന്തിമമായി നിർണയിയ്ക്കുന്നത് ഒരേ ഒരീശ്വരനാണ്. ആ ഈശ്വരനെ പൗരുഷം കൊണ്ടു കടന്നു വർത്തിക്കാൻ ഒരു പുരുഷനും സാധ്യമല്ല. ആ ഭഗവാൻ ഒരു ഘട്ടത്തിൽ നമ്മെ ഐശ്വര്യസമൃദ്ധമാക്കി. ദേവന്മാരെ ക്ഷയിപ്പിച്ചു. ആ ഭഗവാൻ തന്നെ ഇപ്പോഴിതാ നമ്മെ ക്ഷയിപ്പിയ്ക്കുന്നു. ദേവന്മാരെ സഹായിയ്ക്കുന്നു. ഇതദ്ദേഹത്തിന്റെ പ്രവർത്തന നിയമമാണ്. ബലം കൊണ്ടോ ഉപദേശസാമർഥ്യം കൊണ്ടോ ബുദ്ധി കൊണ്ടോ കോട്ടകൊത്തളങ്ങൾ കൊണ്ടോ മന്ത്രൗഷധങ്ങളെക്കൊണ്ടോ സാമാദിചതുരുപായങ്ങൾ കൊണ്ടോ കാലരൂപിയായ ആ ഭഗവാന്റെ തീരുമാനങ്ങളെ അതിക്രമിയ്ക്കാൻ ആർക്കും സാധ്യമല്ല. അസുരന്മാർ പലപ്പോഴും ഈ ദേവന്മാരെ ജയിച്ചതാണ്. ഇന്നിതാ ദേവന്മാർ അസുരന്മാരെ ജയിച്ചാർത്തു വിളിയ്ക്കുന്നു. കാലരൂപനായ ഈശ്വരന്റെ ഇംഗിതം അനുകൊലമായി വന്നാൽ ഇനിയും അസുരന്മാർക്കു ദേവന്മാരെ ജയിയ്ക്കാൻ കഴിഞ്ഞേക്കും. അതുകൊണ്ടു കാലം പ്രതീക്ഷിച്ചു തൽക്കാലം അടങ്ങിപാർക്കുവിൻ”!!. പ്രഭുവചനം കേട്ടു അസുരന്മാർ യുദ്ധത്തിനൊരുമ്പെടാതെ പാതാളത്തിലേക്കു മടങ്ങി.

അപ്പോഴേയ്ക്കും വാമനൻ ഗരുഡനെ വിളിച്ചുവരുത്തി പ്രതിജ്ഞ ചെയ്ത മൂന്നടി നൽകാൻ കഴിയാത്ത അപരാധത്തിനു ബലിയെ വരുണപാശം കൊണ്ടു ബന്ധിച്ചു. എന്നിട്ടും ബലിയുടെ മുഖപ്രസന്നതയ്ക്കു യാതൊരു കോട്ടവും തട്ടിയില്ല. വാക്കുപാലിയ്ക്കാത്തതിനു വാമനൻ ബലിയെ കണ്ടമാനം ശകാരിച്ചു. ഒരു ഭാവഭേദവും കൂടാതെ ബലി ഇങ്ങനെ മറുപടി പറഞ്ഞു.

“അല്ലയോ ഭഗവൻ, എന്റെ വാക്ക് അസത്യമാണെന്നങ്ങ് കരുതുന്നുണ്ടെങ്കിൽ ഞാനത് സത്യമാക്കിത്തീർക്കുന്നുണ്ട്. അങ്ങയുടെ മൂന്നാമത്തെ കാലടി എന്റെ തലയിൽ വച്ചോളൂ. ശത്രുവായി പെരുമാറുന്ന അങ്ങ് അസുരന്മാരുടെ ഒളിഞ്ഞു നിൽക്കുന്ന പരമഗുരുവാണ്. അഹങ്കാരമദാന്ധന്മാരായ അസുരന്മാർക്കു ജഡജഗത്തിന്റെ അത്യന്തനിസ്സാരത അങ്ങ് കണ്മുന്നിൽ കാട്ടിക്കൊടുക്കുകയല്ലേ ചെയ്യുന്നത്. വൈരം കൊണ്ടുപോലും മനസ്സങ്ങയിൽ ഏകാഗ്രപ്പെടുമെങ്കിൽ അവർ മുക്തരായിഭവിയ്ക്കുന്നു. ആ നിലയ്ക്ക് ഏകാന്തഭക്തരുടെ കഥ പറയാനുണ്ടോ. എന്റെ പിതാമഹൻ, പ്രഹ്ളാദൻ പ്രപഞ്ചത്തിന്റെ അദ്വൈതസ്ഥിതി നല്ല വണ്ണം ഉറപ്പാക്കി ഒരിടത്തും ഒന്നിനെയും ഭയപ്പെടാതെ അങ്ങയെ ശരണം പ്രാപിച്ചു മുക്തനായി. ഇനിയിപ്പോൾ ഞാനും എന്റെ ശത്രുവെന്നു കരുതപ്പെടുന്ന അങ്ങയുടെ അടുക്കൽ എല്ലാ ഐശ്വര്യവും നഷ്ടപ്പെട്ട് കർമഗതിയാൽ കൊണ്ടെത്തിക്കപ്പെട്ടിരിയ്ക്കുന്നു. ഈ ജീവിതം സദാ മരണത്തോടൂ ചേർന്നു വർത്തിക്കുനതുകൊണ്ട് അത്യന്തം ക്ഷണികമാണെന്ന് ജഡത്തിൽ ഉറച്ചുപോയ മന്ദബുദ്ധിയ്ക്ക് മനസ്സിലാകുന്നതേയില്ല”!!

ജഡം സത്യമാണെന്നുറച്ചുപോയ മന്ദബുദ്ധിയ്ക്ക് മനസ്സിലാകുന്നതേയില്ല. എന്ത്? ഈ ജഡജഗത്ത് അത്യന്തം നൈമിഷികമാണെന്നുള്ള കാര്യം. എനർജി അഥവാ പ്രാണൻ മുതൽ സൂര്യചന്ദ്രന്മാർ വരെ പുറമേ കാണപ്പെടുന്നതൊക്കെ ജഡമാണ്. നിമിഷം തോറും ഉണ്ടായി നശിച്ചുകൊണ്ടിരിയ്ക്കുന്ന കാഴ്ചകൾ. ഈ ജഡങ്ങളെപ്പോലും ഉള്ളവയാക്കിത്തീർക്കുന്ന ബോധം മാത്രമാണ് സത്യം., ബോധത്തെ വിചാരം ചെയ്തറിയാത്തവർ ജഡവിഷയങ്ങളെ സത്യമെന്നു കരുതി സുഖത്തിനായി അവയുടെ പിന്നാലെ പോകുന്നു. മഹാബലിയിൽ നിന്നു വാമനൻ എല്ലാം പിടിച്ചുവാങ്ങിക്കളഞ്ഞു എന്നു കുറ്റപ്പെടുത്താറുണ്ട്. എന്നാൽ അവരൊരു കാര്യം അറിയുന്നില്ല. കാലരൂപിയായ ഈ വാമനൻ അത്രയൊന്നും ശ്രദ്ധിയ്ക്കപ്പെടാതെ മൃത്യു രൂപം ധരിച്ച് ശരീരമുൾപ്പെടേയുള്ള എല്ലാം പിടിച്ചുവാങ്ങാനായി ആരുടെ മുൻപിലും എപ്പോഴും എത്തിച്ചേരാമെന്നുള്ള കാര്യം. മൃത്യുരൂപത്തിലുള്ള വാമനനെത്തിക്കഴിഞ്ഞാൽ അദ്ദേഹത്തെ തടയാൻ ലോകത്തൊരു ശക്തിയ്ക്കും സാധ്യമല്ല താനും. ബ്രഹ്മാനുഭവം നേടി ഇക്കാര്യമൊക്കെ നല്ലവണ്ണമറിയാവുന്നയാളാണു മഹാബലി. അതുകൊണ്ടാണ് തന്റെ അനുചരന്മാരെയൊക്കെ മാറ്റിനിർത്തി കാലരൂപനായ വാമനനു വഴങ്ങാൻ അദ്ദേഹം തീരുമാനിച്ചത്. സത്യം അനുഭവിയ്ക്കുന്നയാൾക്ക് ദേഹബോധം വിടുന്നതനുഗ്രഹമാണ്. ജീവബോധം ദേഹബോധത്തിന്റെ നിഴൽ‌ പോലുമില്ലാതെ അഖണ്ഡ ബ്രഹ്മബോധമായി പ്രപഞ്ചത്തെയാകെ മൂടിനിൽക്കുന്ന വിദേഹമുക്തി അദ്ദേഹത്തിനിതോടെ സാധ്യമാകുന്നു. വാമനൻ വിശ്വരൂപനായി വികാസം പ്രാപിയ്ക്കുന്നതങ്ങനെയാണ്. ഈ നിലയിൽ താനനുഗ്രഹിയ്ക്കപ്പെടുകയാണെന്നറിഞ്ഞതു കൊണ്ടാണു മഹാബലിയുടെ മുഖപ്രസാദത്തിനൊരു കോട്ടവും തട്ടാതിരുന്നത്.

എന്തായാലും വാമനന്റെ വിശ്വരൂപവും മഹാബലിയുടെ ധീരമായ നിലപാടും നോക്കിക്കാണാനായി ബ്രഹ്മാവുൾപ്പെടെയുള്ള ദേവന്മാർ അവിടെ വന്നെത്തി അവരെ നോക്കി ഭഗവാനിങ്ങനെ പ്രഖ്യാപിച്ചു

‘ഏഷദാനവദൈത്യനാമഗ്രണീഃ കീർത്തി വർധനഃ
അജൈഷീദജയാമ്മായാം നീദന്നപിന മുഖ്യതി’
ഭാഗവതം-8-22-28
(അസുര രാക്ഷസ ചക്രവർത്തിയും യശസ്വിയുമായ ഈ മഹാബലി ജയിയ്ക്കാനത്യന്തം വിഷമമുള്ളവളായ എന്റെ മായയെ ജയിച്ചിരിയ്ക്കുന്നു. എല്ലാം നഷ്ടപ്പെടുമ്പോഴും ദുഃഖത്തിനു വഴങ്ങുന്നില്ല.)

മഹാബലി മായയെ ജയിച്ചിരിയ്ക്കുന്നു. എങ്ങനെയറിയാം? എല്ലാം നഷ്ടപ്പെടുമ്പോഴും ദുഃഖത്തിനു വഴങ്ങുന്നില്ല, അങ്ങനെയറിയാം. ഒരു പരിതഃസ്ഥിതിയിലും ദുഃഖത്തിനു വഴങ്ങാതിരിയ്ക്കലാണു മായാജയം. എന്താണു മായ? ഒരു വസ്തുവിൽ പലതുണ്ടെന്ന തോന്നലാണ് മായ. ജഗത്തായിക്കാണപ്പെടുന്ന പലതിൽ സർവത്ര വസ്തു ബോധമാണ്. ബോധത്തിലെ വെറും നാമരൂപങ്ങൾ മാത്രമാണു പലത്. ശാസ്ത്രവിചാരം ചെയ്യുന്ന ആർക്കും ഇത് സംശയാതീതമായി തെളിയും. വസ്തുഭേദമില്ലാത്ത നാമരൂപങ്ങളെ സത്യമായി കാണുന്നതാണ് മായ. പലതുണ്ടെന്നതിന് അന്തിമമായി യുക്തി കണ്ടെത്താനേ സാധ്യമല്ല. തത്കാലാനുഭവം യുക്തിയല്ല. ഭ്രമമാണ്. ഏത് സ്വപ്നത്തിലും സംഭവിയ്ക്കാറുണ്ടല്ലോ.

മരുഭൂമിയിൽ കാനൽ ജലം കാണുന്നതു പോലെ. യുക്തി കണ്ടെത്താൻ കഴിയാത്ത കാഴ്ചയാണ് മായ. ശാസ്ത്ര സത്യം തിരയുന്നയാൾക്ക് പലതായി കാണപ്പെടുന്ന സകലതും ബോധം മാത്രമാണെന്ന് അതിവേഗം തെളിഞ്ഞുകിട്ടും. അതോടെ ഒരു സത്യദർശി പലതായിക്കാണപ്പെടുന്ന നാമരൂപങ്ങളെ ത്യജിച്ചിട്ട് ഏകമായ ബോധത്തെ സർവത്ര അനുഭവിയ്ക്കുന്നു. ഇതാണ് ത്യാഗത്തിൽ കൂടിയുള്ള ഭോഗം. പലതിനെ ത്യജിച്ചിട്ട് ഒന്നിനെ അനുഭവിയ്ക്കുന്നതാണ് മായാജയം മായയെ ജയിച്ചയാൾ സർവത്ര ബ്രഹ്മൈക മഹാബുദ്ധിയാണ്. ബ്രഹ്മം ജനിക്കാത്ത മരിക്കാത്ത ആനന്ദസ്വരൂപമായ സനാതന സത്യമാണ്. ഒരു ബ്രഹ്മനിഷ്ഠന് ഇവിടെ ഒന്നും നഷ്ടപ്പെടുന്നില്ല. ദേഹം മായാ ജഡമാണെന്നറിയുന്ന അദ്ദേഹത്തിനു മരണം പോലും ദുഃഖകാരണമല്ല. അതുകൊണ്ടാണു മഹാബലി മായയെ ജയിച്ചു എന്നു വാമനൻ പ്രഖ്യാപിച്ചത്.

സമ്പത്തെല്ലാം നഷ്ടമായി. ചക്രവർത്തി പദത്തിൽ നിന്നു ഭ്രഷ്ടനായി ശത്രുക്കൾ പിടിച്ചുതള്ളി,ബന്ധിച്ചു. ബന്ധുക്കൾ കൈവെടിഞ്ഞു. പലതരം പീഡനങ്ങൾക്കും വിധേയനായി. ഗുരു ശകാരിച്ചു, ശപിച്ചു; എന്നിട്ടും ബലി സത്യാനുഭവത്തിൽ ഉറച്ചുനിന്നു. വാമനൻ കപടധർമങ്ങൾ എടുത്തുകാട്ടി നിന്ദിച്ചു. എന്നിട്ടും കുലുങ്ങിയില്ല. ഇതാണു ബലിയുടെ മായാജയം.

ബലിയുടെ മായാജയം ഉറപ്പായതോടെ വാമനൻ അദ്ദേഹത്തെ ദേവന്മാർക്കു പോലും അലഭ്യമായ സുതലലോകത്തേക്കു പറഞ്ഞയച്ചു. എന്നിട്ടിങ്ങനെ ഉറപ്പു നിൽകി. “ഞാൻ എല്ലാവിധത്തിലും നിന്നെയും നിന്റെ പരിവാരങ്ങളെയും പരിച്ഛദങ്ങളേയും കാത്തുരക്ഷിയ്ക്കും. ഒരു ഭൃത്യനെപ്പോലെ എപ്പോഴും ഞാൻ നിന്റെ മുൻപിലുണ്ടാകുമെന്നറിഞ്ഞോളൂ”. ഒരു വിദേഹമുക്തന്റെ ബ്രഹ്മാനുഭവ ദാർഢ്യമാണിവിടെ തെളിയുന്നത്.

മഹാബലിയുടെ കഥ പല തരത്തിലും തെറ്റിദ്ധരിയ്ക്കപ്പെട്ടിട്ടുള്ള കഥയാണ്. സത്യാനുഭവത്തെ സംബന്ധിച്ചിടത്തോളം അത്യുജ്വലമായ വെളിച്ചം വീശുന്ന കഥയാണത്. മൂന്നു ബ്രഹ്മനിഷ്ഠന്മാർ പ്രപഞ്ച നാടക രംഗത്ത് അവരവരുടേതായ വേഷങ്ങൾ വിട്ടുവീഴ്ച കൂടാതെ അഭിനയിച്ചു ജീവിതം ധന്യമാക്കിക്കാണിക്കുന്ന കഥയാണത്. മഹാബലി, ശുക്രാചാര്യർ, വാമനൻ എന്നിവരാണാ ബ്രഹ്മനിഷ്ഠന്മാർ. ജനിയ്ക്കുന്നതു ദേവനായോ അസുരനായോ എന്നുള്ളതൊന്നും പ്രശ്നമല്ല. വേഷം ചക്രവർത്തിയുടേയോ ആചാര്യന്റേയോ വടുവിന്റേയോ എന്നുള്ളതൊന്നും പ്രശ്നമല്ല. സർവം ബ്രഹ്മമയം എന്ന ശാസ്ത്രസത്യം ഉറപ്പുവന്നയാൾക്ക് പ്രപഞ്ചജീവിതം വെറുമൊരു നാടകം. വേഷമെന്തായാലും അഭിനയമെങ്ങനെയായാലും അവരുടെ ജീവിതം ധന്യം.

ശിഷ്യൻ ധിക്കരിച്ചതിൽ കുണ്ഠിതപ്പെടാനൊന്നുമില്ല എന്ന് വാമനൻ ശുക്രാചാര്യനെ സമാശ്വസിപ്പിക്കാൻ നോക്കി. എന്താണാ‍ചാര്യന്റെ മറുപടി? “ഭഗവൻ എനിയ്ക്കൊരു കുണ്ഠിതവുമില്ല. ഞാൻ എന്റെ ഭാഗമഭിനയിച്ചു. സർവം ബ്രഹ്മതത്വമാണെന്നുറപ്പുള്ള ഒരാൾക്ക് എവിടെ എന്തു കുണ്ഠിതം?”