എഴുതിയത് : എസ്. കെ ഹരിഹരൻ
ക്രിസ്ത്യൻ ആൾ ദൈവങ്ങൾ വിമർശനത്തെ ഭയക്കുന്നതെന്തുകൊണ്ട് ?
മാധ്യമങ്ങളും , രാഷ്ട്രീയക്കാരും വർഷങ്ങളായി ഹൈന്ദവ ആചാര്യന്മാരെ അപഹസിക്കുകയും , വിമർശിക്കുകയും, അവരെ കുറിച്ച് അപകീർത്തികരമായ പുസ്തകങ്ങൾരചിക്കുകയും ചെയ്തു. ഹിന്ദുക്കൾ വളരെ സഹിഷ്ണുതയോടെ അതിനെ സ്വീകരിച്ചു , ഹൈന്ദവരിൽ ചിലർ രോഷം കൊണ്ടിട്ടുണ്ട് പക്ഷെ ഭൂരിപക്ഷം ഹൈന്ദവർ , ഹൈന്ദവ സംഘടനകൾ സംയമനത്തോടെ വിമർശനത്തെ നേരിട്ടു. സന്തോഷ് മാധവനെ പിടിച്ചപ്പോൾ കേരളത്തിലെ ഹൈന്ദവ ആശ്രമങ്ങൾ പരക്കെ ആക്രമിക്കാൻ ഇടതു പക്ഷം മുന്നിട്ടിറങ്ങി എന്നും ഓർക്കുക , പക്ഷെ കഴിഞ്ഞ മാസം ( ഫെബ്രുവരി 2015)ഒരു കന്യാസ്ത്രീ തന്നെ ബലാൽസംഗം ചെയ്യാൻ ഒരു ക്രിസ്ത്യൻ പുരോഹിതൻ ശ്രമിച്ചു എന്ന് പരസ്യമായി പറഞ്ഞിട്ടും ഒരു നടപടിയും സർക്കാർ എടുത്തിട്ടില്ല, മാത്രമല്ല ഒരു രാഷ്ട്രീയപ്പാർട്ടിയും ആ പാവം സ്ത്രീയുടെ പരാതികേൾക്കുവാൻ പോലും തെയ്യാറായിട്ടില്ല.അതെ സമയം ഇതേ ആരോപണം നേരിട്ട ആശാറാം ബാപ്പുവിനെ യാതൊരു അന്വേഷണവും കൂടാതെ ജയിലിൽ പിടിച്ചിടാൻ ഒരു തടസ്സവും ,കാലതാമസവും അന്ന് ഭരിച്ച കോണ്‍ഗ്രസ് സർക്കാരിന് ഉണ്ടായിരുന്നില്ല. സിസ്റർ അഭയ, മുതൽ മുരിങ്ങൂർ വരെ നീളുന്ന ദുരൂഹ മരണങ്ങൾ ഉണ്ടായിട്ടു പോലും പ്രതികരിക്കാൻ മടിക്കുന്നവർ ഹൈന്ദവ ആചാര്യന്മാരെ തെരുവിൽ നേരിടുവാൻ എക്കാലവും ഒരുക്കമാണ് . ഇറാക്കിൽ ശ്രീ ശ്രീ രവിശങ്കർ ജീവകാരുന്ന്യ പ്രവർത്തനങ്ങൾ ചെയ്യുന്നു ,അമൃത മിഷൻ ആകട്ടെ ഏകദേശം ലോകം മുഴുവൻ സേവന പ്രവർത്തനങ്ങൾ ചെയ്യുന്നുണ്ട്. ഒട്ടനവധി ഹൈന്ദവ ആശ്രമങ്ങൾ സേവാ പ്രവർത്തനങ്ങളിൽ സജീവമാണ്.പക്ഷെ അവരെക്കുറിച്ച് ഒരിക്കൽ പോലും അന്യ മത വിദ്വേഷം പ്രചരിപ്പിക്കുന്നു എന്ന ആരോപണം ഉണ്ടായിട്ടില്ല . സായി , അമൃതാ ആശ്രമങ്ങളിൽ സർവ്വമത പ്രാർഥനകൾ കൂടെ നടക്കുന്നു എന്ന് കൂടെ ഓർമ്മിപ്പിക്കുന്നു. ലോകത്തിലെ ഏറ്റവും ബ്രഹത് സേവാ വിഭാഗങ്ങൾ കൈകാര്യം ചെയ്യുന്നത് ഫോർഡ്, മിലിണ്ട ഗെറ്റ്സ് പോലുള്ള ബിസിസ്നെസ്സ് സാമ്രാട്ടുകൾ ആണ് , ആത്മീയതയുടെയും മതത്തിന്റെയും പിൻബലം സേവനം ചെയ്യാൻ ആവശ്യമാണെന്ന മത മേലധികാരികളുടെ അവകാശവാദം പൊള്ളയാണ് . ആരും വിമർശനത്തിനു അതീതരല്ല. ഹൈന്ദവ ഗുരുക്കന്മാർ വിമർശനം കേട്ട് കൊണ്ട് തന്നെ അചഞ്ചലരായി പ്രവർത്തിച്ചു. പുണ്യ ഗ്രന്ഥമായ ഗീത ലോകത്തെ പഠിപ്പിച്ചത് നിസ്വാർഥമായി കർമ്മം ചെയ്യുവാനാണ്. ക്രിസ്ത്യൻ സഭകളുടെ ആഗോള തലത്തിൽ ഉള്ള എല്ലാ ജീവകാരുണ്യ പ്രവർത്തനങ്ങളും, വിദ്യാഭ്യാസ സ്ഥാപനങ്ങളും മത പ്രചാരണത്തിന് വേണ്ടി തന്നെയാണെന്ന് അവർ തുറന്നു സമ്മതിക്കുന്നതുമാണ്. മത പരിവർത്തനം ഒരു തെറ്റൊന്നുമല്ല , പക്ഷെ ഒരു വ്യക്തിക്ക് ഭൗതികമായ സുഖങ്ങൾ നൽകി അത് വഴി ആത്മ സാക്ഷാത്കാരം നേടാം എന്ന് വാഗ്ദാനം ചെയ്യുന്നത് വഞ്ചനയാണ്. നിന്റെ മതക്കാർ പട്ടിണി മാറ്റിയില്ല , എന്റെ മതക്കാർ നിന്റെ വിശപ്പ് മാറ്റി , വിശപ്പിൽ നിന്ന് മോചനം ഞങ്ങൾ നൽകി എന്ന് പറയുന്നത് ന്യായമാണ് , പക്ഷെ നിനക്ക് സ്വർഗരാജ്യത്തിനു അവകാശം കൂടെ നല്കുന്നു , മാമോദീസ മുങ്ങുക നിന്റെ ദൈവം ശക്തനല്ല , എന്റെ ദൈവം നിനക്ക് പണം , ആഹാരം എന്നിവ നൽകി അത് കൊണ്ട് അവനാണ് സർവ്വശക്തൻ എന്ന് പറയുന്നത് ദൈവത്തെ അവഹേളിക്കുന്നതിനു തുല്യമാണ്. വ്യക്തി ആത്മ നിർവൃതിക്ക് വേണ്ടിയാണ് മതം മാറുന്നതും ,ഉപേക്ഷിക്കുന്നതും എങ്കിൽ അതിനെ തടയാൻ ലോകത്തിൽ ഒരുശക്തിക്കുമാവില്ല, മാത്രമല്ല അതിനെ വിമർശിക്കുന്നത് വ്യക്തി സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നു കയറ്റവുമാണ്. വീടുകളിൽ കയറി ഇറങ്ങി , അന്യമത ദ്വേഷം സുവിശേഷം എന്ന പേരില് മത പ്രചാരണ സ്വാതന്ത്ര്യത്തിന്റെ ഭരണഘടനാ അവകാശം ദുർവ്യാഖ്യാനം ചെയ്തു പ്രചരിപ്പിക്കുന്ന രീതികൾ ക്രിസ്ത്യൻ മതക്കാർ ഉപേക്ഷിക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞു . മതമേതായാലും മനുഷ്യൻ നന്നായാൽ മതി എന്ന് ശ്രീ നാരായണ ഗുരുവിനു പറയാൻ കഴിഞ്ഞത് ഹൈന്ദവ ഗ്രന്ഥങ്ങളിലും വേദാന്തത്തിലും ഉള്ള അഗാധമായ അറിവിന്റെ പൊരുൾ മനസ്സിലാക്കിയത് കൊണ്ടാണ്.ഇന്ന് ആ ഗുരു വചനം പോലും ഏതു മതത്തിലേക്കും മനുഷ്യന് മാറി നന്നാവാം എന്ന് ദുർവ്യാഘ്യാനം ചെയ്തു ഹൈന്ദവരെ ആക്രമിക്കാൻ ഉപയോഗിക്കുന്നു.
വിശുദ്ധിയുടെ അളവുകോൽ എന്താണ് ?
വിശുദ്ധരുടെ പട്ടികയിലേക്ക് ഏഷ്യക്കാരെ കൂടുതൽ കയറ്റി ഇരുത്തുന്നത് സഭയുടെ പ്രഖ്യാപിത ലക്ഷ്യമായ 2040 ഏഷ്യയുടെ അധികാരം പോപ്പിന്റെ കീഴിൽ ആക്കുക എന്ന പ്രഖ്യാപിത നടപ്പിലാക്കാൻ ആണെന്ന് സംശയിച്ചാൽ അതിനെ കുറ്റം പറയാൻ സാധിക്കുമോ ? എന്താണ് വിശുദ്ധിയുടെ അളവുകോൽ , സമൂഹത്തിലെ സേവനത്തിന്റെ കണക്കു പുസ്തകമാണോ കത്തോലിക്കാ സഭയുടെ വിശുദ്ധിയുടെ അളവുകോൽ ? അല്ല സേവനം വിശുദ്ധിയുടെ അളവുകോലല്ല സഭയ്ക്ക്. രോഗശാന്തി നേടി എന്ന് മനുഷ്യരെ കൊണ്ട് സാക്ഷ്യം പറയിപ്പിക്കുക എന്ന പ്രാകൃത അശാസ്ത്രീയ രീതികൾ പുരോഗമന വാദികൾ എന്ന് നടിക്കുന്ന ഇടതുപക്ഷ മാധ്യമങ്ങൾ പോലും തൊണ്ട തൊടാതെ വിഴുങ്ങുന്നു. അതിനെ ചോദ്യം ചെയ്യാൻ ആർക്കും അവകാശമില്ല ,അതാണ് മതേതരത്വം നിലനിർത്താൻ ഉള്ള വഴി . സംഘടിത മതങ്ങളെ ചോദ്യം ചെയ്യരുത് എന്നത് ചരിത്രാതീത കാലം മുതൽക്കേ അധിനിവേശ മത രാഷ്ട്രീയ അച്ചുതണ്ട് സ്വീകരിച്ചു പോരുന്നതും പാലിക്കപ്പെടുന്നതുമായ അലിഖിത നിയമമാണ്. പക്ഷെ കാലം അടിത്തറയില്ലാത്തതിനെ സ്വാഭാവികമായ പരിണാമത്തിലൂടെ. തെളിഞ്ഞ ബുദ്ധിയുള്ള ആചാര്യന്മാരുടെ ജന്മത്തിലൂടെ കടപുഴക്കിയിട്ടുണ്ട്.
വിസ്താരഭയത്താൽ മദർ തെരേസയുടെ വിശുദ്ധിയുടെ അളവുകോൽ മാത്രം പറഞ്ഞു കൊണ്ട് അവസാനിപ്പിക്കാം ഒക്ടോബർ മാസം 19, പോപ് ജോണ്‍ രണ്ടാമൻ ആണ് മദർ തെരേസയെ വിശുദ്ധയായി പ്രഖ്യാപിക്കുന്നത്. സാധാരണ മരണ ശേഷം 5 കൊല്ലം കാത്തിരിക്കണം ഒരാളെ വിശുദ്ധ പദവിയിൽ ഇരുത്തണം എങ്കിൽ , പക്ഷെ ഇന്ത്യക്കാരുടെ തിടുക്കമോ അതോ വത്തിക്കാന്റെ അക്ഷമയോ എന്താണെന്നറിയില്ല 1997 ൽ മരണമടഞ്ഞ രണ്ടു വർഷത്തിനു ശേഷം വിശുദ്ധ പദവിയിലേക്ക് ഇരുത്തി. മരണ ശേഷം ഒരു കൊല്ലത്തിനുള്ളിൽ തന്നെ ഒരു ഹൈന്ദവ സ്ത്രീയുടെ വയറ്റിൽ ഉണ്ടായിരുന്ന റ്റ്യൂമർ മിഷിനറീസ് ഓഫ് ചാരിറ്റിയുടെ സന്യാസിനികളുടെ മദർ തെരെസയോടുള്ള പ്രാർഥനയുടെ ഫലമായി അപ്പ്രത്യക്ഷമായി . ഇതാണ് വിശുദ്ധ പദവിയിലേക്ക് ഉള്ള ഉയർത്തലിന്റെ കാരണമായി സഭ അംഗീകരിച്ചത് . വത്തിക്കാൻ സമിതി ഈ അത്ഭുതം സ്ഥിരീകരിക്കുകയും മദർ തെരേസയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കുകയും ചെയ്തു. ഇതേ പോലെ തന്നെ ഓരോ രോഗ ശാന്തി കഥകളുടെ പിൻബലത്തിലാണ് എവൂ പ്രാസ്യാ , ചവറ അച്ഛൻ എന്നിവരെ എല്ലാം തന്നെ വിശുദ്ധ പദവിയിലേക്ക് സഭ ഇരുത്തിയത്. ശാസ്ത്രീയമായി ഇതിനെ ചോദ്യം ചെയ്യാൻ ഒരു ഇന്ത്യൻ മാധ്യമം പോലും തുനിഞ്ഞിട്ടില്ല എന്ന് കൂടെ അറിയുമ്പോഴാണ് വത്തിക്കാൻ പണവും സ്വാധീനവും നമ്മുടെ രാജ്യത്തിൽ എത്രമാത്രം പിടിമുറുക്കിയിരിക്കുന്നു എന്ന് മനസ്സിലാവുന്നത്.
ബസ്രയുടെ രോഗം മാറ്റിയത് മരുന്നോ മദർ തെരെസയോ ?
കൊൽകൊത്ത നഗരത്തിൽ നിന്ന് 460 മൈൽ അകലെ ചെറു കുടിലിൽ താമസിക്കുന്ന മോണിക്ക ബസ്ര എന്ന സ്ത്രീയെയാണ് മദർ തെരേസയുടെ അത്ഭുത രോഗശാന്തി പ്രാർഥനയുടെ ഫലമായി കാൻസർ സുഖപ്പെട്ടു എന്നവകാശപ്പെട്ടു മിഷനറീസ് ഓഫ് ചാരിറ്റി ലോകത്തിനു മുന്നിൽ പ്രദർശിപ്പിച്ചത്. അവരെയും കൊണ്ടാണ് മിഷനറീസ് ഓഫ് ചാരിറ്റി വത്തിക്കാനിലേക്ക് വിമാനം കയറി മാർപ്പാപ്പയെ കാണാൻ പോയത്, അതിനു ശേഷമാണ് മദർ തെരേസ മോണിക്ക ബസ്രയുടെ മൊഴിയുടെ ബലത്തിൽ വിശുദ്ധയാക്കപ്പെട്ടത്. ബ്രിട്ടിഷ് ദിനപത്രമായ ടെലിഗ്രാഫ് സെപ്റ്റംബർ 5 2003 നു ബസ്രയെ തേടിപ്പിടിച്ചു അഭിമുഖം പ്രസിദ്ധീകരിച്ചു. പറഞ്ഞ പോലെ പണവും ആനുകൂല്യങ്ങളും നൽകാതെ മിഷനറീസ് ഓഫ് ചാരിറ്റി തന്നെ വഞ്ചിച്ചു എന്നും , വിശുദ്ധ പ്രഖ്യാപനത്തിന് വേണ്ടി സാക്ഷ്യം പറഞ്ഞതിന് മദർ തെരേസയുടെ അനുയായികൾ വാഗ്ദാനം ചെയ്ത കാര്യങ്ങൾ ചെയ്യാതെ തന്നെ ചതിച്ചു എന്നും , തന്റെ ഭർത്താവ് രോഗിയായി , താൻ പാടത്ത് പണിയെടുത്താണ് ഇപ്പോൾ ജീവിക്കുന്നതെന്നും അവർ ടെലി ഗ്രാഫ് ദിനപത്രത്തോട് തുറന്നു പറഞ്ഞു, ഇതിനെ സംബന്ധിച്ച് മദർ തെരേസയ്ക്ക് ശേഷം മിഷനറീസ് ഓഫ് ചാരിറ്റി മേധാവിയായ സിസ്റ്റർ നിർമല പ്രതികരിച്ചത് ഞങ്ങൾ ബസ്രയുടെ കാര്യങ്ങൾ പഠിച്ചു കൊണ്ടിരിക്കുകയാണ് , കഷ്ടപ്പാടുകളെ കുറിച്ച് ഞങ്ങൾ അറിഞ്ഞു എന്ന് മാത്രമാണ്. തുടർന്ന് ഒക്ടോബർ 5 2003 ന്ഇറങ്ങിയ ടെലി ഗ്രാഫ് ദിനപത്രം ബസ്രയുടെ ഭർത്താവിന്റെ അഭിമുഖവും , ബസ്രയെ ചികിത്സിച്ച ഡോക്ടർമാരുടെ അഭിമുഖവും പ്രസിദ്ധീകരിച്ചു , ബസ്ര സുഖം പ്രാപിച്ചത് മരുന്നുകൾ കൊണ്ടാണെന്നും അത്ഭുത രോഗശാന്തി വെറും തട്ടിപ്പ് കഥയാണെന്നും ഡോക്ടർ ടെലിഗ്രാഫ് ദിനപത്രത്തോട് പറഞ്ഞു. “അവരുടെ വയറ്റിൽ ഉണ്ടായിരുന്നത് ഇടത്തരം വലുപ്പത്തിൽ ഉള്ള ഒരു മുഴ ആയിരുന്നു , മരുന്നുകളോട് അവരുടെ ശരീരം നന്നായി പ്രതികരിച്ചു , ഒരു കൊല്ലാതെ ചികിത്സ കൊണ്ട് അവർ സുഖപ്പെട്ടു ” ഡോക്ടർ രഞ്ജൻ കുമാര് പറഞ്ഞു. മാത്രമല്ല ബശ്രയെയും കുടുംബത്തെയും മത പരിവർത്തനം നടത്തി ക്രിസ്ത്യാനികൾ ആക്കുകയും ചെയ്തു. മദർ തെരേസയുടെ മത പരിവർത്തന പ്രവർത്തനങ്ങളുടെ ജീവിക്കുന്ന തെളിവാണ് ലോകം മുഴുവൻ കൊട്ടിഘോഷിച്ച മോണിക്ക ബസ്രയുടെ കുടുംബം. ഈ വാർത്തകൾ എന്ത് കൊണ്ട് കേരളത്തിലെ , ഇന്ത്യയിലെ പ്രമുഖ മാധ്യമങ്ങളിൽ ഒന്നും തന്നെ വന്നില്ല എന്ന ചോദ്യം വായനക്കാരന് വിടുന്നു
http://www.telegraph.co.uk/news/worldnews/1562284/Mother-Teresa-miracle-patient-accuses-nuns.html
http://www.telegraph.co.uk/news/worldnews/asia/india/1443320/Medicine-cured-miracle-woman-not-Mother-Teresa-say-doctors.html