ശബരിമല എന്ന മഹാമേരു

— കാളിയമ്പി —

ശബരിമലയെപ്പറ്റിയും ഭാരതീയ സത്യാന്വേഷണത്തിലെ ചില രീതികളെപ്പറ്റിയും ഒരു സുഹൃത്തിനു നൽകിയ മറുപടിയാണ്. അദ്ദേഹത്തിനോട് അറിയാവുന്നത് എല്ലാം പറയണം എന്ന മനസ്സോടെയെഴുതിയതിനാലും അദ്ദേഹം ചോദിച്ച വിഷയത്തിലും അല്ലാതെയുമുള്ള വിവിധ ചോദ്യങ്ങൾക്ക് മറുപടി ഉള്ളതിനാലും അൽപ്പം ദീർഘമാണ്.

വ്യക്തിപരമായി സത്യം പറഞ്ഞാൽ ശബരിമലയിലെ ആചാരപാലനം ഒരു വിഷയമേ അല്ല. അവിടെ യുവതികൾ കയറിയാൽ കയറി. അത്രേ ഉള്ളൂ. കയറുന്നത് കൊണ്ട് യുവതികൾക്കോ സമാജത്തിനോ ഒരു ഗുണവുമില്ല എന്ന് മാത്രം.

നൈഷ്ഠിക ബ്രഹ്മചര്യം എന്ന ഒരു കൺസപ്റ്റ് ഡിസ്ക്രിമിനേഷൻ ആണെന്ന് സുപ്രീം കോടതിയെക്കൊണ്ട് വിധി വരുത്തിച്ചതാണ് ഇതിലെ പ്രധാന വിഷയം. പണ്ടേ പറയുന്നതാണിത്. ഇത് പറയുന്നതുകൊണ്ടുതന്നെ ഇരു വിഭാഗവും എന്നോട് വഴക്കിലാവാൻ സാദ്ധ്യതയുണ്ട്. കുഴപ്പമില്ല. ഈ പറയുന്നതാണ് ശരിയെന്ന് കാലം തെളിയിച്ചുകൊണ്ടിരിയ്ക്കുകയാണ്. നമ്മൾ ഏത് നിയമങ്ങളുണ്ടാക്കുമ്പോഴും ഇത് ആരെങ്കിലും പാലിയ്ക്കുമോ എന്ന് വിചാരിച്ചല്ലല്ലോ ചെയ്യുന്നത്. എല്ലാ നിയമങ്ങളും ലംഘിയ്ക്കാനുള്ളതാണ്. ലംഘിയ്ക്കുകയും ചെയ്യും. അത് തീർച്ചയാണ്. പക്ഷേ ജീവിതത്തിൽ ആത്മീയമായി ഉയരാൻ ആഗ്രഹമുള്ളവർക്ക് ചില നിർദ്ദേശങ്ങൾ മാർഗ്ഗദർശനമായി നിലനിൽക്കുകയും ചെയ്യും. കേരളത്തിൽ ആചരിയ്ക്കുന്ന പല വ്രതങ്ങളും ഭൗതികമായ നേട്ടങ്ങൾക്ക് വേണ്ടിയാണ്. നല്ല ഭർത്താവിനെ/ഭാര്യയെ ലഭിയ്ക്കണം, നല്ല കുട്ടിയുണ്ടാവണം, നല്ല പണം ഉണ്ടാവണം എന്നൊക്കെ.ഇതിൽ വല്ല കുഴപ്പവുമുണ്ടോ? ഇല്ലേയില്ല. ഇതിനൊക്കെയുള്ള വ്യവസ്ഥകൾ നമ്മൾ നമ്മുടെ ഈശ്വരാരാധനയോട് കൂടി വിളക്കിച്ചേർത്തിട്ടുണ്ട്. പക്ഷേ എന്തൊക്കെ ഈ വഴിയ്ക്ക് കിട്ടിയാലും അതൊക്കെ ഒരിയ്ക്കൽ നമ്മുടെ കൈയ്യിൽനിന്ന് പോകും. ഇല്ലേ? വടക്കും നാഥൻ നല്ല കുഞ്ഞിനെ തരും.. പക്ഷേ അവൻ അഞ്ചുകൊല്ലം കഴിഞ്ഞ് സന്യസിക്കാനായി വീടുവിട്ടു പോകും.ഈശ്വരഭജനം കൊണ്ട് ജന്മാന്തരങ്ങളിൽപ്പോലും ഭഗവാൻ തന്നെ നേരിട്ട് പുത്രനായി വന്ന് ജനിയ്ക്കും പക്ഷേ ബാക്കിയുള്ള ഏഴു മക്കളെ സ്വസഹോദരൻ കാലിൽപ്പിടിച്ച് അടിച്ചുകൊല്ലുന്നത് കാണേണ്ടിവരും. ഭഗവാൻ സാരഥിയായിരുന്ന് യുദ്ധം ജയിച്ചാലും സകല പുത്രപൗത്രന്മാരും ബന്ധുസുഹൃത്തുക്കളേയും ഒരുത്തൻ വന്ന് വെട്ടിക്കൊല്ലും, ഭഗവാന്റെ ഏറ്റവുമടുത്ത ബന്ധുക്കളായാലും മഹാപ്രസ്ഥാനത്തിനു പോകുമ്പോൾ തിരിഞ്ഞുപോലും നോക്കാനാവില്ല. ഇതൊന്നും കഥകളല്ല.. ഈശ്വരഭജനം കൊണ്ട് ഉണ്ടാവുന്ന ഭൗതികലാഭങ്ങൾക്ക് അത്രയേ ആയുസ്സുള്ളൂ എന്ന് പറഞ്ഞതാണ്.

അപ്പോൾ ഈശ്വരഭജനം കൊണ്ട് ഉണ്ടാവുന്ന ഏറ്റവും വലിയ ഫലമെന്താണ്? അത് ഈ അസ്തിത്വത്തിന്റെ സത്യം എന്തെന്നറിയുകയാണ്. അതിനെ ബ്രഹ്മജ്ഞാനം, ആത്മജ്ഞാനം, ജീവന്മുക്തി, നിർവികൽപ്പസമാധി, യോഗാവസ്ഥ എന്നൊക്കെ അനേകം പേരിൽ അറിയപ്പെടുന്നു. എനിയ്ക്ക് നേരിട്ടനുഭവമില്ലേലും ആ അവസ്ഥയിലുള്ള മനുഷ്യരെ കണ്ടിട്ടുണ്ട് സംസാരിയ്ക്കുകയും ചെയ്യാൻ ഭാഗ്യം ലഭിച്ചിട്ടുണ്ട്. ബാക്കി എല്ലാ ക്ഷേത്രങ്ങളിലേയും പോലല്ല, ശബരിമലയിൽ ആചാരപദ്ധതി ആ ആത്മജ്ഞാനത്തെ ലക്ഷ്യം വച്ചുള്ളതാണ് എന്ന് ഗുരുജനങ്ങൾ ഉറപ്പിച്ചാണ് പറയുന്നത്. ഭൗതികലാഭം ലക്ഷ്യം വച്ചാൽ ലഭിയ്ക്കില്ലെന്നല്ല, പക്ഷേ ശബരിമലയിലെ ആചാരങ്ങൾ ആ ആത്യന്തിക ലക്ഷ്യം വേണമെന്നോർത്ത് ആത്മാർത്ഥതയോടെ ഭജിയ്ക്കുന്നവനു ഫലം ലഭിയ്ക്കാൻ വേണ്ടും വണ്ണം ശക്തമാണ് എന്ന് ഗുരുക്കന്മാർ ഉറപ്പ് തന്നിട്ടുണ്ട്. ആ ഉറപ്പ് സാധാരണയായ ഉറപ്പല്ല 100 ശതമാനം ഫലം ചെയ്യുന്ന ഉറപ്പാണ്.

ശ്രീ ഭൂതനാഥോപാഖ്യാനത്തിൽ വ്യക്തമായി അതേപ്പറ്റി പറയുന്നുണ്ട്.

ആ ഭാഗം താഴെ പറയാം.

“****ആദ്യമേ ദേശികനായ (ഗുരുവായ) ഭക്തനെ വന്ദനാദ്യങ്ങളാല്‍ സംപ്രീതനാക്കണം.

പിന്നീട് അദ്ദേഹത്തിന്റെ ആജ്ഞ സ്വീകരിച്ചു ബ്രഹ്മചര്യവ്രതം കൈക്കൊള്ളണം. പക്ഷത്രയം (45 ദിവസം) വ്രതം അനുഷ്ഠിക്കണം. പക്ഷദ്വയം (30 ദിവസം) ആയാലും മതിയാകും. എനിക്കു പ്രിയനായവന്‍ ഭക്തിപൂർവ്വം എട്ടുവിധത്തിലുള്ള മൈഥുനവും ത്യജിക്കണം.

സ്ത്രീയെ സൂക്ഷിച്ചു നോക്കുക, സ്ത്രീ നന്നെന്നു പറയുക, സ്ത്രീയോടു ചേരുവാന്‍ ആഗ്രഹിക്കുക, സ്ത്രീയോടു സംസാരിക്കാന്‍ സമയം നിശ്ചയിക്കുക, അവളോടു സംസാരിക്കാനായി പോവുക, അവളെ ചെന്നു കാണുക, മന്ദം അവളോടു സംസാരിക്കുക, ഒടുവില്‍ കാര്യം സാധിക്കുക എന്നിവയാണു അഷ്ടവിധത്തിലുള്ള മൈഥുനങ്ങൾ‍.

ഒന്നാമത്തേത് ഇല്ലെങ്കില്‍ മറ്റ് ഏഴും ഉണ്ടാവുകയില്ല. അതിനാല്‍ ഒന്നാമത്തേതു നീങ്ങാന്‍ പരിശ്രമിക്കുക. ദേശികനോടു (ഗുരുവിനോട്) അനുജ്ഞ വാങ്ങിയോ ഗുരുവിനോടൊപ്പമോ യാത്ര തുടങ്ങുന്നതാണു ഉത്തമം. ഭവാന്‍ എനിക്കു തന്നതു പോലുള്ള ഒരു പൊക്കണം (കെട്ട്) തലയിലേന്തി വേണം പോകേണ്ടത്. എന്റെ നാമം ഉച്ചരിക്കുകയും എന്റെ ഭക്തരെ പൂജിക്കുകയും ചെയ്യണം. പോകുന്ന വഴിക്ക്‌ വാപരന്റെ ഗോഷ്ഠത്തിലെത്തി ആനന്ദത്തോടെ വന്ദിക്കണം. ദുഷ്ടസത്വങ്ങളെ അകറ്റുവാന്‍ ഞാന്‍ കൊണ്ടു പോയതു പോലെ ശരവും കൊണ്ടു പോവുക.****”

ശ്രീഭൂതനാഥോപാഖ്യാനം. പത്താം അദ്ധ്യായം

ശബരിമല വൃതം എന്നത് നാൽപ്പത്തിയൊന്ന് ദിവസം നീണ്ടുനിൽക്കുന്ന ഒരു പരിശീലനമാണെന്നാണ് അറിവുള്ളവർ പറയുന്നത്. കറുപ്പ് വസ്ത്രവും മറ്റുമുടുക്കുന്നത് വർണ്ണപ്പകിട്ടാർന്ന വസ്ത്രങ്ങൾ ഒഴിവാക്കാനാണ്. താൻ ശരീരമാണെന്ന ബോധം അൽപ്പം കുറയ്ക്കും. സ്വയം ദാരിദ്ര്യം. സ്വന്തമായി ഭക്ഷണം പാചകം ചെയ്ത് നിവേദ്യമാക്കി കഴിയ്ക്കണം.

ലൈംഗികചിന്ത പാടില്ല. അതുകൊണ്ട് തന്നെ ഒരുങ്ങൽ, മുടി താടി ഒക്കെ വെട്ടി ഒതുക്കി നിർത്തൽ ഒക്കെ ഒഴിവാക്കുന്നു. മാംസം, മദ്യം ഒക്കെ ഒഴിവാക്കണം. ഉള്ളിപോലും ചിലർ കഴിയ്ക്കില്ല. വല്ല കാട്ടുകായും കൊണ്ടുണ്ടാക്കിയ മാല ജപിച്ചിടുന്നു. ചോറും പയറും ഒരുമിച്ച് വേവിച്ചായിരുന്നു മൂന്നു നേരം ഭക്ഷണം. അത് ബാഹ്യാചാരം.

പൈസാ ദാരിദ്യം പോലെ സകല സുഖങ്ങളും ഒഴിവാക്കി ദാരിദ്ര്യം ശീലിയ്ക്കണം. എന്തിനു ദാരിദ്ര്യം ശീലിയ്ക്കണം? പണമെന്നതും സ്വാമിയല്ലേ എന്ന് ചോദിച്ചാൽ ദാരിദ്ര്യം ശീലിയ്ക്കുന്നത് ആഗ്രഹങ്ങളെ അൽപ്പം ക്ഷയിപ്പിയ്ക്കാനാണ് എന്നേ മറുപടിയുള്ളൂ. ലൈംഗികദാരിദ്ര്യവും ശീലിയ്ക്കും. ഭാര്യയും കാമുകിയും എല്ലാം സ്വാമി.

നല്ല രുചിയുള്ള ആഹാരവും വസ്ത്രവും ഒക്കെ സ്വാമി തന്നെയാണെങ്കിലും പരിശീലന സമയത്ത് ഒഴിവാക്കി നിർത്തുന്ന പോലെ ലൈംഗികതസ്വാമിയേയും പരിശീലന സമയത്ത് ഒഴിവാക്കി നിർത്തുന്നു. അത് കൊണ്ട് പരമാവധി ആ വിധത്തിലുള്ള സ്ത്രീ സംസർഗ്ഗം ഒഴിവാക്കുന്നു. ഇത് സാമ്പ്രദായികമായി പുരുഷന്മാർ ചെയ്ത് വരുന്ന വൃതമായത് കൊണ്ട് ആ സ്ഥലത്ത് യൗവനയുക്തകളായ സ്ത്രീകളെ ഒഴിവാക്കിക്കാണും. അതാണിവിടത്തെ കഥ. അങ്ങനെയാണ് പണ്ടൊക്കെ സ്വാമിമാർ വൃതം നോറ്റിരുന്നത്. അതാണ് ശബരിമല.

ഇനി മനസ്സിൽ. എല്ലാം സ്വാമിയാണ്. താൻ കാണുന്നതും കേൾക്കുന്നതും സ്വാമി. സ്വയം സ്വാമി. ഞാൻ പോകട്ടേ എന്ന് പറയുകയില്ല സ്വാമി പോകട്ടേ എന്നേ പറയൂ. സ്വന്തം കുട്ടിയായാലും അയലത്തെ കുഞ്ഞായാലും സ്വാമി. വഴിയിൽ ഒരു കല്ലു കിടന്നാലും സ്വാമിയെന്നേ പറയാവൂന്നാണ്. കല്ലുസ്വാമി.പശുസ്വാമി, പോത്തുസ്വാമി, എരുമസ്വാമി, സൂര്യൻ സ്വാമി, ചന്ദ്രൻ സ്വാമി, ഞാൻ സ്വാമി, നീ സ്വാമി, മേശ സ്വാമി, കസേര സ്വാമി.

ഈ പരിശീലനം തന്റെ ഇന്ദ്രിയസുഖങ്ങളോടുള്ള അമിതമായ ബന്ധം അൽപ്പം കുറയ്ക്കാനും വേണ്ട ഫലമുള്ളതാണ്. ഈ സങ്കൽപ്പത്തിൽ 41 ദിവസം ആത്മാർത്ഥമായി ഭജിച്ചാൽ അവർക്ക് ആത്മീയമായ വലിയ ഔന്നത്യമുണ്ടാകും എന്ന് 100 ശതമാനം ഉറപ്പ് ഗുരുജനങ്ങൾ തന്നതാണ്. അതിൽ ഒരു സംശയവും വേണ്ട. സുഖവും ശാന്തിയും ആനന്ദവും ഒക്കെ ഓരോരുത്തരുടെ പ്രാരാബ്ധമനുസ്സരിച്ച് വ്യത്യാസമുണ്ടാവും. പക്ഷേ ഒരിയ്ക്കൽ സത്യം അറിയണമെന്നുദ്ദേശിച്ച് ഭജനം തുടങ്ങിയാൽ താൽക്കാലികമായി അത് കഴിയുമ്പോൾ നാം അൽപ്പം വീണ്ടും ലോകത്തിലേക്ക് വീണുപോയാലും ആ ജീവനു പതിയെ സദ്ഗതി തന്നെ വരും എന്ന് ഭഗവാൻ ഗീതാകാരൻ ഉറപ്പ് തരുന്നുണ്ട്.

ഇതേ തപസ്സ് എന്തെങ്കിലും നേടാനും ഉപയോഗിച്ചൂടേ? തീർച്ചയായുമാകാം. രാവണൻ മുതൽ ഹിരണ്യകശപു വരെ ഇതുപോലൊക്കെ ഓരോന്ന് നേടാൻ തപസ്സ് ചെയ്തവരാണ്. താൽക്കാലിക സുഖവും ലഭിച്ചു. എന്നിട്ടെന്തായി? അവരുടെ അഹങ്കാരം അവരെ നശിപ്പിച്ചു.

ഇത് സ്ത്രീകൾക്ക് വേണ്ടേ? ആക്ച്വലീ സ്ത്രീകളും ഈ തപസ്സ് അനുഷ്ഠിയ്ക്കുന്നുണ്ട്. പക്ഷേ അഷ്ടമൈഥുനമൊഴിവാക്കി തപസ്സ് ചെയ്യേണ്ട കാര്യമൊന്നും സ്ത്രീകൾക്കില്ല. അവരുടെ ലൈംഗികത പുരുഷന്മാരുടെത് പോലെ അഗ്രസീവല്ല. ലോകത്ത് സ്ത്രീകൾ ഗ്യാങ്ങ് കൂടി പുരുഷന്മാരെ ബലാൽസംഗം ചെയ്ത അവസരങ്ങൾ എത്രയെണ്ണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്? തിരിച്ചോ? സ്ത്രീകൾക്ക് ഏതാണ്ട് തുല്യ നീതിയുള്ള പാശ്ചാത്യരാജ്യങ്ങളിൽപ്പോലും നമ്മളത് കേൾക്കുന്നില്ല.

(ശാരീരികശക്തിയിൽ ശരാശരി പുരുഷനോളം ശക്തിതന്നെ ശരാശരി സ്ത്രീകൾക്കുമുണ്ട് എന്നാണെന്റെ അനുഭവം..അഥവാ ഒരു പ്രത്യേക സ്ത്രീയ്ക്ക് ശക്തി കുറവാണെങ്കിലും ഒരു സ്ത്രീ ഗ്യാങ്ങിനു ഒറ്റയ്ക്കായ ഒരു പുരുഷനെ പെട്ടെന്ന് കീഴടക്കാമല്ലോ. അങ്ങനെയൊക്കെയാണല്ലോ പുരുഷൻ ചെയ്യുന്ന ലൈംഗിക അതിക്രമങ്ങൾ നടക്കുന്നത്)

വലിയ ആധുനിക പുരോഗമന സിനിമകളിൽ “സെക്സ് ഈസ് നോട്ട് എ പ്രോമിസ്” എന്ന് നായിക പറഞ്ഞപ്പോ ജനം അതിലെ പുരോഗമനമോർത്ത് ഉൾപ്പുളകമണിഞ്ഞ് രോമഹർഷിതരായി അശ്രുബിന്ദുക്കൾ പൊഴിച്ചത് സാമൂഹ്യമാദ്ധ്യമങ്ങളിലെമ്പാടും ചിതറിക്കിടക്കുന്നുണ്ട്. എന്നാൽ നായകൻ പറഞ്ഞാൽ ആ ഡയലോഗ് എത്രത്തോളം കോമഡിയായേനേ എന്നൊന്ന് ഊഹിച്ച് നോക്കിയേ? അതാണ് സെക്ഷ്വാലിറ്റിയിലുള്ള വ്യത്യാസം. അത് പുരോഗമനർക്കും അറിയാം.

പുരുഷന്റെ ആ അഗ്രസീവ് സെക്ഷ്വാലിറ്റിയെയാണ് ഇതുപോലുള്ള നൈഷ്ഠികബ്രഹ്മചര്യവ്രതം ഒക്കെ അഡ്രസ്സ് ചെയ്യുന്നത് എന്ന് വേണമെങ്കിൽ യുക്തിവിചാരം ചെയ്യാം. ഹോമാഗ്നിയിൽ നെയ്യൊഴിച്ചാൽ അത് കെടില്ല, പകരം ആളിക്കത്തുകയേ ഉള്ളൂ. അതുകൊണ്ട് നെയ്യൊഴിയ്ക്കുന്നത് നിർത്തി തീയുടെ ശക്തി കുറയ്ക്കുന്നു എന്ന് വേണേൽ പറയാം. പകരം ശാക്തേയ തന്ത്രത്തിൽ നിയന്ത്രിതമായും ആചാരബദ്ധമായും ഇതൊക്കെ ഉപയോഗിച്ച് ഇതിനെ മറികടക്കുന്ന രീതികളുണ്ട്. ഒരേ ലക്ഷ്യം തന്നെ . വിവിധ വഴികൾ. ഇരുവഴിയും ഞാൻ പോയിട്ടില്ല. ഇതേപ്പറ്റിയൊക്കെ വായിച്ചും ഒക്കെ അറിവേയുള്ളൂ. അതുകൊണ്ട് ഇരുവഴികളും ശരിയാണോ എന്ന് പറയാൻ എനിയ്ക്കറിയില്ല.

ഇനി ഈ വ്രതം ശീലിയ്ക്കുന്നവൻ നാട്ടിൽ സ്ത്രീകളെ കാണുന്നില്ലേ, ജോലിസ്ഥലത്ത് കാണുന്നില്ലേ എന്നൊക്കെ ചോദിക്കാം. കാണുന്നുണ്ട്. സ്വാമി എന്ന് കരുതണം. സുന്ദരിയായ സ്ത്രീയെക്കാണുമ്പോൾ അല്ലെങ്കിൽ സിൽക്ക് സ്മിതയുടെ മനോഹരമായ ഡാൻസ് കാണേണ്ടിവന്നാൽ അതും സ്വാമി എന്ന് കരുതണം. ഈ ചില ധ്യാന രീതികളിൽ നമ്മൾ മനസ്സിനെ ശ്വാസത്തിൽ ഏകാഗ്രപ്പെടുത്തുന്ന ഒരു രീതിയുണ്ട്. ശ്വാസം നിരീക്ഷിച്ചിരിയ്ക്കണം. മനസ്സ് അങ്ങനേ അവിടെയുമിവിടെയും പോകും. അപ്പോൾ തിരികെ വീണ്ടും ചിന്തകളെ വിളിച്ചോണ്ട് വന്ന് ശ്വാസത്തിൽ ഏകാഗ്രപ്പെടുത്തണം. അതുപോലെ സിൽക്ക് സ്മിതയുടെ കൂടെ പോയാലും മനസ്സേ തൽക്കാലം അത് വിട്. അതും സ്വാമിയല്ലേ എന്ന് പറഞ്ഞ് വിളിച്ചോണ്ട് വരണം. അതാണ് രീതി.

അപ്പൊ ശബരിമലയിൽ പോകുമ്പോ യുവതികളെക്കണ്ടാൽ അങ്ങനങ്ങ് ചെയ്താൽപ്പോരേ എന്ന് ചോദിക്കാം. പക്ഷേ ഈ വീട്ടിൽ തന്നെ ഈ നിയമങ്ങളൊക്കെ ചെയ്താലെന്താണ് ഗുണം? ഭാര്യയുമായി ഒരുമിച്ച് കിടന്ന് കെട്ടിപ്പിടിച്ച് ഉറങ്ങിയാൽപ്പോലും ഭാര്യയേയും കുറച്ചുനാൾ സ്വാമിയായി കരുതാൻ എന്താണ് കുഴപ്പം എന്നൊക്കെ ചോദിക്കാം. ലോകത്ത് ഏതൊക്കെ വ്യവസ്ഥകൾ/നിയമങ്ങൾ ഉണ്ടാക്കിയാലും ഇതുപോലെ നൂറായിരം ചോദ്യങ്ങളും തർക്കയുക്തികളും ഉണ്ടാക്കാവുന്നതേയുള്ളൂ.

ഒരു ആചാരപദ്ധതിയാകുമ്പോൽ അതൊന്നും പറ്റില്ല. മനസ്സിനുള്ളിൽ ഒരു സങ്കൽപ്പം ഉണർത്തനാണീ ആചാരപദ്ധതിയെല്ലാം. അതിന് അഷ്ടമൈഥുനം ഒഴിവാക്കി പുരുഷൻ വ്രതമെടുക്കുന്ന അമ്പലത്തിൽ യുവതികൾ കുളിച്ചൊരുങ്ങി പൊട്ടും തൊട്ട് വന്ന് തൊഴുതാൽ അവനു വ്രതം തെറ്റും എന്നതല്ല, അല്ലെങ്കിൽ അത് മാത്രമല്ല പ്രധാന വിഷയം, ആ സങ്കൽപ്പത്തിന്, അഷ്ടമൈഥുനം ഒഴിവാക്കൽ എന്ന “സങ്കൽപ്പത്തിനു” അങ്ങനെവന്നാൽ ഒരു വിലയുമില്ലാതാകും എന്നതാണ്. സിഗററ്റ് വലിച്ചാൽ കാൻസർ വരും എന്ന് സിഗററ്റ്പാകറ്റിനു മുകളിലെഴുതിവയ്പ്പിക്കണം അതാണ് സിഗററ്റ് വലി നിർത്താൻ നല്ല വഴി എന്ന് വാശിപിടിയ്ക്കുന്നതുപോലെ അബ്സേഡാണിത്. ആ സങ്കൽപ്പമേ അബ്സേഡായിമാറും അതോടെ.

അപ്പൊ കുഞ്ഞുങ്ങളും അമ്മമാരും കയറുന്നതോ? സത്യമാണ് പെൺകുഞ്ഞുങ്ങളും അമ്മമാരും കയറുന്നുണ്ട്. ആ കയറുന്നത് തന്നെ ഈ സങ്കൽപ്പത്തെ ദൃഢപ്പെടുത്തുകയല്ലേ ചെയ്യുന്നത്? ആ തപസ്സ് അനുഷ്ഠിച്ച് പോകുന്നവരുടെ വ്രതശുദ്ധികൊണ്ട് ഒരു ക്ഷേത്രം ഉണ്ടാകുമ്പോൾ അതനുഭവിയ്ക്കാൻ അവർക്ക് ബുദ്ധിമുട്ടാകാതെ എല്ലാവർക്കും അവസരം നൽകലല്ലേ ഇത്.

ഇപ്പൊ ഒരു പാവം നീലാണ്ടനണ്ണൻ ശബരിമലയിൽ പോകാൻ തീരുമാനിയ്ക്കുന്നു. ആ മനുഷ്യൻ ആരേയും ഉപദ്രവിക്കാതെ വീട്ടിലെ സുഖത്തിൽ നിന്നും സ്വയം ഒഴിഞ്ഞു നിൽക്കുന്നു. ആരേയും ശല്യപ്പെടുത്താതെ സ്വയം പാചകം ചെയ്ത് കഴിയ്ക്കുന്നു. 41 ദിവസം പരമാവധി രാഗദ്വേഷമില്ലാതെ വ്രതമെടുക്കുന്നു. വ്രതം കഴിയുമ്പോൾ അവൻ എല്ലാം ത്യജിച്ച് നാട്ടുകാർക്കും വീട്ടുകാർക്കും കഞ്ഞിവീത്ത് ഒക്കെ നടത്തി ദക്ഷിണയൊക്കെ നൽകി ഏതോ കാട്ടിലേക്ക് കുറേ സമാനമനസ്കരുമായി സ്വാമിയേ ശരണം എന്ന് വിളിച്ച് നടന്ന് പോകുന്നു. ഓർക്കുക, അവൻ ആരേയും ഓട് ഓട് എന്ന് പറഞ്ഞില്ല, അവൻ സ്വയം ഒഴിയുകയായിരുന്നു. അവൻ സ്വയം മാറിനിൽക്കുകയായിരുന്നു.

അവന്റെ വീട്ടുകാരി സ്വയം ഭർത്താവിന്റെ സാമീപ്യം വേണ്ടെന്ന് വയ്ക്കുകയായിരുന്നു. അവനൊരു കൊടും കാട്ടിലേക്ക് അയ്യപ്പനെക്കാണാൻ പോകുന്നു . അവൻ പോകുന്ന കാട്ടിലെ യുവതികളെ എല്ലാം ഓടിച്ചിട്ടല്ല അവൻ അങ്ങോട്ട് പോകുന്നത്. അവിടെ മനുഷ്യരേ ഇല്ലായിരുന്നു. അവനു അങ്ങനെയൊരു വ്രതമെടുത്ത് പോകേണ്ടതു കൊണ്ടുതന്നെയാവണം കൊടും കാട്ടിനുള്ളിൽ, അതും രണ്ട് ദിവസം നടന്നാലെത്തുന്ന കാട്ടിനുള്ളിൽ ആണ് അവന്റെ അമ്പലം. ആരേയും ഒഴിവാക്കിയോ ഓടിച്ചോ ഇറക്കിവിട്ടോ അല്ല ആ അമ്പലം ഉണ്ടായത്. ആരുമില്ലാത്തടത്ത് അങ്ങനെയൊരു തപോകേന്ദ്രം വച്ചതുപോലും അതുകൊണ്ടാണ്.

ആലോചിച്ചിട്ടുണ്ടോ രണ്ടുകൊല്ലം മുൻപ് ബസിൽ നിന്ന് ഇറക്കിവിട്ട വിവാദം? ആരാണ് ആ വിവാദമുണ്ടാക്കിയത്?

ക്ഷേത്രപ്രവേശനവിളംബരം വരുന്നതിനൊക്കെ എത്രയോ നൂറ്റാണ്ടുകൾ മുന്നേ നമ്പൂതിരിയും മലയപ്പുലയനും മാലയിട്ടാൽ സ്വാമിയാണ്. ഇരുവരും ഒരുമിച്ച് തന്റെ ഉള്ളിൽ ചൈതന്യമായിരിയ്ക്കുന്ന അയ്യപ്പസ്വാമിയുടെ ലിംഗരൂപം കാണാൻ ഒരുമിച്ച് ആ കാനനപാത ചവിട്ടും. തിരിച്ചുവരുമോ എന്ന് അറിയാതെ ഒരുമിച്ച് ശരണം വിളിച്ച് കാട്ടിലേക്ക് പോകും. രണ്ട് ദിവസം കാട്ടിലൂടെ നടക്കണം ഇന്നും …യഥാർത്ഥ വഴിയിൽ.

രണ്ടുദിവസവും സർവ്വതും മറന്ന് സ്വാമിയേ അയ്യപ്പോ എന്ന മന്ത്രം മാത്രം ഉരുക്കഴിച്ച് നായരും ഈഴവനും പുലയനും നമ്പൂതിരിയും ആശാരിയുമെല്ലാം നടക്കും.

ആന കൊല്ലാൻ വന്നാൽ പുലയൻ സ്വാമിയേയ് എന്ന് നീട്ടിവിളിച്ചാൽ നമ്പൂതിരിയും ശരണമയ്യപ്പോ എന്ന് ഏറ്റുവിളിക്കും. അത് വിളിക്കുമ്പോൾ അവർ എല്ലാം സ്വാമിമാരും അയ്യപ്പന്മാരുമാണ്. അവിടെച്ചെന്ന് സ്വാമിദർശനം ചെയ്ത് തിരികെ മലയിറങ്ങി നാട്ടിലെത്തും…എന്നിട്ട് വഴിയിൽക്കണ്ടാൽ നൂറുവാര മാറണം..ഹൊയ് ഹൊയ് വിളിയാണ്. പക്ഷേ ആ കാനനപാതയിൽ അവരതൊന്നുമറിയുന്നില്ല. എല്ലാമെല്ലാമയ്യപ്പൻ.

ആ മലയെയാണ് ഡിസ്ക്രിമിനേഷൻ എന്ന ഒറ്റ വാചകത്തിൽ തകർത്തത്…ഇനിയത് ഒരിയ്ക്കലും തിരികെക്കിട്ടില്ല. അല്ലെങ്കിൽ അത്ഭുതങ്ങൾ സംഭവിക്കണം.

ഒന്നാലോചിയ്ക്കുക. ഈ സങ്കൽപ്പത്തെയാണ് തകർത്തത്. ആരേയും ശല്യപ്പെടുത്താത്ത ഒരു സങ്കൽപ്പത്തെയാണ് തകർത്ത് തരിപ്പണമാക്കിയത്. ഈ നാട്ടിലെ പുരുഷന്മാരും സ്ത്രീകളും അനുഷ്ഠിയ്ക്കുന്ന ഒരു വ്രതത്തെയാണ് ഡിസ്ക്രിമിനേറ്ററി ആക്കിയത്.

ശ്രീനാരായണഗുരു വിവാഹം കഴിച്ചു. അന്ന് വിവാഹത്തിനു വരന്റെ ആവശ്യമുണ്ടായിരുന്നില്ല. വരന്റെ സഹോദരി പുടവകൊടുത്ത് കാളിയമ്മ എന്ന മഹാഭാഗ്യവതിയായ അമ്മയെ വിവാഹം കഴിച്ചുകൊണ്ട് വന്ന് വീട്ടിലാക്കി. എവിടേയോ പോയിട്ട് വന്ന ഗുരു തന്റെ വിവാഹം അനുവാദമില്ലാതെ തന്നെ നടത്തി എന്ന് കേട്ട് പിന്നീട് കുറേ നാളേയ്ക്ക് വീട്ടിലേയ്ക്ക് ചെന്നതുമില്ല.

കുറേ നിർബന്ധിച്ചതിനു ശേഷം അദ്ദേഹം ഒരു ദിവസം വീട്ടിൽ ചെന്നു. വീട്ടിലിരുന്ന കുറച്ച് പഴമെടുത്ത് എല്ലാവർക്കും കൊടുത്തു. ആ അമ്മയ്ക്കും കൊടുത്തു എന്നിട്ട് വരാന്തയിലിരുന്നിട്ട് പറഞ്ഞു. “ലോകത്തിൽ ഓരോരുത്തരും ഓരോരോ കാര്യസാധ്യത്തിനായി ജനിയ്ക്കുന്നതാണ്.എനിയ്ക്കും നിങ്ങൾക്കും ഓരോ പ്രത്യേകകാര്യം സാധിയ്ക്കേണ്ടതായി ഉണ്ടാ‍യിരിയ്ക്കും. നിങ്ങൾ നിങ്ങളുടെ കാര്യം നോക്കുക. ഞാൻ എന്റെ കാര്യം നോക്കട്ടെ” അദ്ദേഹം അതു പറഞ്ഞിട്ട് വീട്ടിൽ നിന്നിറങ്ങിപ്പോയി. ആ അമ്മ കരഞ്ഞുകാണും…പിന്നീടൊരിയ്ക്കലും ആ അമ്മ ഭർത്താവിനെ കണ്ടിട്ടില്ല. ശിവഗിരിയിൽ ഗുരുവിനെ കാണാനായി ഭക്തയായി ഒരിയ്ക്കൽ ചെന്നിരുന്നു എന്ന് ചിലയിടത്ത് വായിച്ചിട്ടുണ്ട്.

ആളുകളിൽ നിന്നൊഴിഞ്ഞ് ഏകാന്തസാധനയ്ക്കായാണ് നാഗർകോവിലിനടുത്ത മരുത്വാമലയിൽ ഗുരു എത്തിച്ചേരുന്നത്. ആ കാടുകളിലും മലനിരകളിലും അതിനു മുൻപും ശേഷവും യോഗികൾ തപസ്സുചെയ്യാനായി പോകാറുണ്ട്. ആളൊഴിഞ്ഞ ആ മലയുടെ മുകളിൽ കൊടും വനത്തിനു നടുവിൽ പിള്ളത്തടം എന്ന വെള്ളമണൽ നിറഞ്ഞ ഗുഹയിൽ അദ്ദേഹം ഏകാന്തധ്യാനത്തിൽ മുഴുകി.

ഇലകളും കാട്ടുകിഴങ്ങുകളും ഭക്ഷിച്ച് ജീവിച്ചു.

ഇലകളും കാട്ടുകിഴങ്ങുകളും ഭക്ഷിച്ചാലും ചില സമയത്ത് വിശപ്പ് അധികമാകും. അവിടെയെങ്ങും ഒരു ഭക്ഷണവസ്തുക്കളും കിട്ടുകയുമില്ല. അടുത്തെങ്ങും മനുഷ്യവാസവുമില്ല. ഒരുദിവസം വിശപ്പ് സഹിയ്ക്കാനാവാതെ വന്ന സമയത്ത് ഗുരു ഗുഹയിൽ നിന്നിറങ്ങി വെളിയിലെ ഒരു പാറയിലിരുന്നു. കുറച്ചുസമയം കഴിഞ്ഞപ്പോൾ വൃദ്ധനായ ഒരു കുഷ്ഠരോഗി ഒരു പനയോലയിൽ അരിവറുത്തതും വെള്ളവുമായി സ്വാമി ഇരിയ്ക്കുന്നതിനടൂത്ത് വന്ന് ‘വിശക്കുന്നോ വരൂ കഴിയ്ക്കാം’ എന്ന് വിളിച്ചു. അവർ രണ്ടുപേരും കൂടി ഒരേ ഇലയിൽ നിന്ന് അരി വറുത്തത് വാരി കഴിയ്ക്കുകയും ചെയ്തു. ഇത് ഇടയ്ക്കിടെ തുടർന്നുപോന്നു.

അങ്ങനെയിരിയ്ക്കെ അവിടെ ഒരു സിദ്ധനിരുന്ന് തപസ്സുചെയ്യുന്ന കാര്യം ആൾക്കാരറിഞ്ഞു. കാഴ്ചയും ഉപചാരങ്ങളുമായി ജനങ്ങൾ അവിടെയ്ക്ക് ചെന്നു തുടങ്ങി. ഒരു തവണ അദ്ദേഹത്തെ ശുചീന്ദ്രം ക്ഷേത്രത്തിലേക്ക് വിളിച്ചുകൊണ്ടുച്ചെന്ന് ഉപചാരപൂർവം സ്വീകരിയ്ക്കുക വരെ ചെയ്തു. മരുത്വാമലയിൽ ഇനി ഏകാന്തവാസം കഴിയില്ലെന്ന് മനസ്സിലാക്കിയ അദ്ദേഹം പുലിയേയും പാമ്പിനേയും വിട്ട് മരുത്വാമലയിൽ നിന്ന് താഴേയ്ക്കിറങ്ങി പോരുന്നു.

മരുത്വാമലയിൽ തപസ്സു ചെയ്ത കാലത്തെ രണ്ട് സുഹൃത്തുക്കളെക്കുറിച്ച് സ്വാമി ഇടയ്ക്കിടെ പറയാറുണ്ടായിരുന്നു.

”നാം മരുത്വാമലയിൽ നമ്മുടെ കാലം നോക്കി ഇരിയ്ക്കുകയായിരുന്നു. അവിടെനിന്ന് ഇങ്ങോട്ട് പോന്നു. നമ്മുടെ രണ്ട് കൂട്ടുകാരെ അവിടെ ഉപേക്ഷിച്ചിട്ടാണ് പോന്നത്. അതിലിപ്പൊഴും മനസ്താപമുണ്ട്. ഒരു പുലിയും ഒരു പാമ്പുമായിരുന്നു ആ സ്നേഹിതന്മാർ. നാം അവിടെ ഗുഹയിലായിരുന്ന സമയത്ത് രണ്ടുപേരും കാവൽക്കാരെപ്പോലെ ഇടത്തും വലത്തുമായി ശയിയ്ക്കും. പാമ്പ് സൂര്യോദയത്തിനു മുൻപ് നമ്മുടെ ശരീരത്തിൽ ഇഴഞ്ഞ് കയറി എങ്ങോട്ടേയ്ക്കോ പോകും. പുലിയും നമ്മെ പ്രദക്ഷിണം ചെയ്ത് പാദത്തിൽ മുഖം കാണീച്ച് ആ ഗുഹവിട്ടു പോകും. പിന്നീട് സന്ധ്യാനേരത്ത് കണിശമായി രണ്ട് പേരും ഹാജരാകും. ഇങ്ങനെ വളരെ കൃത്യമായി നമ്മെ അന്വേഷിച്ചിരുന്ന രണ്ട് പേരെയാണ് വിട്ടുപിരിയേണ്ടി വന്നത്.”

‘മലയതിലുണ്ട് മരുന്നുമൂന്നു പാമ്പും
പുലിയുമതിന്നിരുപാടുമുണ്ടുകാവൽ
പുലയനെടുത്തുഭുജിച്ചുപാതിയിന്നും
വിലസതി നീയുമെടുത്തുകൊൾക നെഞ്ചേ. ‘

പെൺ പുലികൾ സ്നേഹമോടെ സ്വയം നൽകിയ പുലിപ്പാലുമായി സ്വന്തമമ്മയുടെ മായാരോഗത്തെ ചികിത്സിക്കാൻ പുലിവാഹനനായെത്തിയ എന്റെ അയ്യപ്പൻ തുണയ്ക്കട്ടെ!