ശബരിമല : ചോദ്യങ്ങളും ഉത്തരങ്ങളും

1. ശബരിമലയിൽ സ്ത്രീ പ്രവേശനം തടഞ്ഞിട്ടുണ്ടോ?

ശബരിമലയിലെ സ്ത്രീപ്രവേശനം എന്ന വാക്ക് ചിലർ ആവർത്തിച്ചുപയോഗിയ്ക്കുന്നത് ഒരു വലിയ ചതിയാണ്. മാതൃഭൂമി മുതൽ ഇന്ത്യാടുഡേ വരേയും ആനത്തലവട്ടം മുതൽ പിണറായിവരേയും സ്ത്രീപ്രവേശനം എന്നേ ഉപയോഗിയ്ക്കൂ. നമ്മളും അറിയാതെ അത് ഉപയോഗിയ്ക്കുന്നു.

ശബരിമലയിൽ ആചാരാനുഷ്ഠാനങ്ങൾ പ്രകാരം സ്ത്രീ പ്രവേശനത്തിനൊരു തടസ്സവുമില്ല. പത്ത് വയസ്സുവരെയും അമ്പതുവയസ്സിനു ശേഷവുമുള്ള സ്ത്രീകൾ വ്രതമെടുത്ത് മല ചവിട്ടുന്നുണ്ട്. യുവതികൾ അവിടെ പ്രവേശിയ്ക്കാറില്ല എന്നേയുള്ളൂ. അതിന്റെ കാരണം യുവതികൾക്ക് എന്തെങ്കിലും കുറവുകൊണ്ടല്ല. ആ ക്ഷേത്രത്തിലെ മൂർത്തിയും ഭക്തരും നൈഷ്ഠിക ബ്രഹ്മചര്യവ്രതം അനുഷ്ഠിച്ച് മാത്രം ദർശനം നടത്താൻ വരണം എന്ന ആചാരം ഉള്ളത് കൊണ്ട് യുവതികൾ അവർക്ക് വ്രതഭംഗമുണ്ടാകാത്ത തരത്തിൽ അവിടെ പ്രവേശിയ്ക്കാത്തത്.

2. ആർത്തവം അശുദ്ധിയായത് കൊണ്ടാണോ യുവതികൾ അവിടെ പ്രവേശിയ്ക്കാത്തത്?

ആർത്തവ രക്തവും ശബരിമലയുമായി എന്തോ ബന്ധമുണ്ടെന്ന പ്രചാരണമാണ് രണ്ടാമത്തെ ചതി. ആർത്തവവും ശബരിമല വ്രതവുമായി ഒരു ബന്ധവുമില്ല. പത്തിനു മുകളിലും അൻപതിനു താഴെയും ഉള്ള സ്ത്രീകൾ എന്ന നിയമം 1991ലെ ഹൈക്കോടതി വിധിയ്ക്ക് ശേഷം ഉണ്ടായതാണ്. അതിനു മുൻപ് യുവതികൾ അവിടെ പോകില്ല എന്നേ ഉണ്ടായിരുന്നുള്ളൂ. ഈ യുവതി എന്ന നിർവചനം എന്നത് ഏതാണ്ട് അവനവന്റെയും സമൂഹത്തിന്റേയും വിശാലമായ നിഗമനത്തിനായിരുന്നു അതിനുമുൻപ് വിട്ടുകൊടുത്തിരുന്നത്. അവിടെയാണ് ആർത്തവം വന്ന് കയറിയത്. ആർത്തവം ഉണ്ടായിക്കഴിയുമ്പോൾ ബാല്യം കഴിഞ്ഞെന്നും ആർത്തവം നിൽക്കുമ്പോൾ യൗവനം അവസാനിച്ചെന്നുമാണ് പൊതുവേ സമൂഹം കരുതുന്നത്.  അതിനാൽ ആ പ്രായത്തിനിടെ ആൾക്കാർ അവിടെ പോയിരുന്നില്ല. അതായത് ആർത്തവം എന്ന ജൈവപ്രക്രിയ തുടങ്ങുമ്പോൾ ഒരു കുമാരിയെ യുവതിയായി പരിഗണിച്ചുതുടങ്ങുന്നു. ആർത്തവം നിലയ്ക്കുമ്പോൾ അവർ യൗവനം കഴിഞ്ഞതായി കരുതുന്നു. അത് മാത്രമാണ് ആർത്തവം എന്ന പ്രക്രിയയ്ക്ക് അവിടെ സ്ഥാനം. അതായത് ആർത്തവം എന്നതിലെ ഏതെങ്കിലും അശുദ്ധി കൊണ്ടല്ല, ആർത്തവമാണ് പൊതുസമൂഹം യൗവനത്തെ നിർണ്ണയിയ്ക്കാൻ കണക്കാക്കുന്ന അളവുകോൽ എന്നയിടത്താണ് ആർത്തവമെന്നതും ശബരിമലയ്ക്ക് പോക്കുമായി ചേർന്ന് വരുന്നത്. അല്ലാതെ 41 ദിവസം വ്രതമെടുക്കുമ്പോൾ 28 ദിവസം കഴിഞ്ഞ് ആർത്തവമാകുന്ന യുവതിയുടെ വ്രതം മുറിയുന്നു എന്നൊക്കെ പറയുന്നതിൽ ഒരു ആചാരത്തിന്റേയും പിൻബലമില്ല. ആർത്തവം നടക്കുന്ന ദിവസങ്ങളിൽ മറ്റു വ്രതങ്ങൾ എടുക്കാറുണ്ടല്ലോ. ആർത്തവം അശുദ്ധിയായി സാധാരണ ക്ഷേത്രദർശനസമയത്ത് കണക്കാക്കാറുണ്ട്. അങ്ങനെ കണക്കാക്കുന്ന ക്ഷേത്രങ്ങളിൽ മനുഷ്യ ശരീരത്തിലെ മുറിവും അശുദ്ധിയാണ്. അതായത് പുരുഷന്മാരായാലും സ്ത്രീകളായാലും ദേഹത്ത് മുറിവുമായി ക്ഷേത്രദർശനം പാടില്ല എന്നാണ് നിയമം. ആർത്തവത്തെ ഒരു മുറിവായി കണക്കാക്കിയാൽ പ്രശ്നം തീർന്നു. അല്ലാതെ സ്ത്രീകൾക്ക് മാത്രമുള്ള പ്രത്യേകതയൊന്നുമല്ല.

അനാവശ്യമായി സ്ത്രീകളുടെ ഹോർമോൺ, കാന്തികമണ്ഡലം തുടങ്ങിയ  കപടശാസ്ത്രവിശദീകരണങ്ങൾ   കൊടുക്കേണ്ടുന്ന ഒരു കാര്യവുമില്ല. അങ്ങനെയൊന്നും ഉള്ള ഒരു വിശദീകരണവും ഒരു ഹൈന്ദവതത്വചിന്താ, താന്ത്രിക, ആചാര വിധികളിലോ, ഗ്രന്ഥങ്ങളിലോ ഒന്നും കാണുന്നില്ല.. കാരണം പുരുഷന്റെ ദേഹത്തൊരു മുറിവു വന്നാലും അത് അശുദ്ധിയായിത്തന്നെയാണ് കണക്കാക്കുന്നത്. ക്ഷേത്രത്തിൽ രക്തം വീണാൽ പുണ്യാഹം നടത്തുകയും ചെയ്യും. അതിനി പൂജാരിയുടെതായാൽ പോലും. വച്ചുകെട്ടിയ മുറിവുമായിപ്പോലും ക്ഷേത്രദർശനം പാടില്ല. പക്ഷേ മാലയിടുന്ന അയ്യപ്പന്മാർ സ്വന്തം ശരീരത്ത് മുറിവു പറ്റിയാൽ വ്രതം മുറിയുന്നതായി കണക്കാക്കില്ലല്ലോ. അതായത് ആർത്തവവും വ്രതവുമായി ഒരു ബന്ധവുമില്ല. പോലീസ് ചെക്കിങ്ങും തടയലും എല്ലാം 1991ലെ ഹൈക്കോടതി വിധിയ്ക്ക് ശേഷം വന്നതാണ്. പൊതുവേ പണ്ട് ആരും ആരേയും തടഞ്ഞിരുന്നില്ല. യുവതികൾ പോകാറില്ലായിരുന്നു എന്ന് മാത്രം.

3. അപ്പോൾ ശബരിമലയിൽ യുവതികൾ ദർശനം നടത്താത്തത് എന്തുകൊണ്ടാണ്?

ശബരിമലയിൽ അയ്യപ്പനു നൈഷ്ഠിക ബ്രഹ്മചര്യവ്രതം ഉള്ളതുകൊണ്ടാണ് അവിടെ യുവതികൾ കയറാത്തത്. ആ നൈഷ്ഠിക ബ്രഹ്മചര്യ വ്രതം മാലയിടുന്ന ഭക്തരായ അയ്യപ്പന്മാരും വ്രതസമയത്ത് ശീലിയ്ക്കും. അതാണ് യുവതികൾ അവിടെ ദർശനം നടത്താത്തതിനു കാരണം.

4. എന്താണ് നൈഷ്ഠിക ബ്രഹ്മചര്യം?

നൈഷ്ഠിക ബ്രഹ്മചര്യം എന്നത് നിർവചനമില്ലാത്തതോ വ്യക്തമായ അർത്ഥമില്ലാത്തതോ ഇഷ്ടം പോലെ വ്യാഖ്യാനിയ്ക്കാവുന്നതോ ആയ ഒരു വാക്കല്ല. ബ്രഹ്മചര്യം എന്ന വാക്കിനെ പലരും പലതരത്തിൽ വ്യാഖ്യാനിച്ചിട്ടുണ്ട്. ഒരുപാട് അർത്ഥങ്ങളും വ്യാഖ്യാനങ്ങളും നൽകാവുന്ന ഒരു വാക്കാണത്. എന്ത് നിർവചനവും കൊടുക്കാം. അവനവന്റെ ഇഷ്ടത്തിനും ഭാഷാ/തർക്ക നൈപുണ്യത്തിനും ചിന്താപദ്ധതിയ്ക്കുമനുസ്സരിച്ച് ആ വാക്കിനെ എങ്ങനെ വേണേലും വിശദീകരിയ്ക്കാം. എന്നാൽ അഷ്ടവിധമൈഥുനങ്ങൾ ഒഴിവാക്കിയുള്ള നൈഷ്ഠിക ബ്രഹ്മചര്യം അല്ലെങ്കിൽ “ഉത്തമ ബ്രഹ്മചര്യം” എന്ന വാക്ക് കൃത്യവും വ്യക്തവുമായ നിർവചനം ഉള്ളതാണ്. വധം എന്ന വാക്ക് ഒരു പത്രമാസികയിൽപ്പറഞ്ഞാൽ നമുക്ക് ഒരുപാട് അർത്ഥങ്ങൾ കൊടുക്കാൻ കഴിയും പക്ഷേ ഇൻഡ്യൻ പീനൽ കോഡീൽ മാൻസ്ലോട്ടർ എന്ന വാക്കിനു കൃത്യമായ വ്യക്തമായ നിർവചനമുണ്ട്. നൈഷ്ഠിക ബ്രഹ്മചര്യമെന്ന വാക്കിനും അതുപോലെ കൃത്യമായ വ്യക്തമായ നിർവചനമുണ്ട്. നൈഷ്ഠിക ബ്രഹ്മചര്യത്തിന് അയ്യപ്പന്റെ ചരിത്രം പറയുന്ന ശ്രീഭൂതനാഥോപാഖ്യാനത്തിലെ നിർവചനം എന്താണെന്ന് നോക്കാം.

താഴെ കൊടുത്തിരിയ്ക്കുന്നത് ശ്രീ ഭൂതനാഥോപാഖ്യാനം എന്ന ഗ്രന്ഥത്തിന്റെ പത്താം അദ്ധ്യായമാണ്. അയ്യപ്പന്റെ ചരിത്രം പറയുന്ന ഈ പുസ്തകം ഒരു പ്രാചീന സംസ്കൃത ഗ്രന്ഥമാണ്. അതിന്റെ 1929ൽ ഉണ്ടായ കിളിപ്പാട്ട് രീതിയിലെ മലയാള പരിഭാഷയിൽ നിന്നാണ് ഈ പരാവർത്തനം ഇവിടെ കൊടുത്തിരിയ്ക്കുന്നത്.  ഈ ഭൂതനാഥോപാഖ്യാനമെന്ന ഗ്രന്ഥമാണ് അയ്യപ്പന്റെ ഐതിഹ്യത്തെപ്പറ്റിയും ശബരിമലവ്രതത്തിന്റെ വിധികളേപ്പറ്റിയും ഒക്കെ പറയുന്ന ഏറ്റവും പുരാതനമായ ഗ്രന്ഥം. ഇതിന്റെ മൂലഗ്രന്ഥമായ സംസ്കൃതഭാഷയിലെ ഗ്രന്ഥം ഇപ്പോൾ മുഴുവനായും ലഭ്യമല്ല. 1929ൽ ഇറങ്ങിയ കിളിപ്പാട്ടുരൂപത്തിൽ മലയാളത്തിൽ വിവർത്തനം ചെയ്തതേ ലഭ്യമുള്ളൂ. സംസ്കൃത മൂലഗ്രന്ഥം കണ്ടെത്താൻ ഗവേഷകർ  ശ്രമം നടത്തുന്നുണ്ട്. സംസ്കൃത മൂലഗ്രന്ഥത്തിലെ ഒരു ഭാഗമായ ശ്രീഭൂതനാഥഗീത എന്ന ഭാഗം സംസ്കൃതത്തിൽ വേറേ പുസ്തകമായി അച്ചടിച്ച് വ്യാഖ്യാനങ്ങൾ വന്നിട്ടുള്ളതുകൊണ്ട് അത് ഇപ്പൊ ഡിജിറ്റൈസ് ചെയ്യപ്പെട്ട് ലഭ്യമാണ്.

(മഹാഭാരതത്തിൽ ഭഗവത്ഗീത പോലെ ശ്രീഭൂതനാഥോപാഖ്യാനത്തിൽ ശ്രീഭൂതനാഥഗീത എന്നഭാഗം. അയ്യപ്പൻ രാജാവിനു തത്വം ഉപദേശിയ്ക്കുന്ന ഭാഗമാണിത്) അയ്യപ്പസ്വാമികൾ പന്തള രാജനോട് ശബരിമല വ്രതത്തെപ്പറ്റി പറയുന്ന ശ്രീഭൂതനാഥോപാഖ്യാനം കിളിപ്പാട്ടിലെ ഭാഗമാണ് താഴെ.

“ശബരിമല ക്ഷേത്രത്തില്‍ എന്റെ ലിംഗം പ്രതിഷ്ഠിച്ച് ഉത്‌സവവും കൊണ്ടാടണം. വിപ്രരാകുന്ന ഭക്തന്മാര്‍ ആനന്ദപൂര്‍വം വേദം ജപിക്കണം. ഉത്‌സവത്തിന്റെ ഒടുവില്‍ എന്റെ പ്രിയങ്കരരായ ഭൂതവൃന്ദങ്ങള്‍ക്ക് ബലി നല്‍കണം. എന്റെ ലിംഗം കണ്ടു വന്ദിക്കുവാന്‍ ഭക്തര്‍ പോകേണ്ട വിധി ഞാന്‍ ധന്യനായ ഭവാനോടു ഇതാ പറയുന്നു. ഇതുകേള്‍ക്കുന്നവര്‍ക്കെല്ലാം നന്മയുണ്ടാകും.

ആദ്യമേ ദേശികനായ (ഗുരുവായ) ഭക്തനെ വന്ദനാദ്യങ്ങളാൽ‍ സംപ്രീതനാക്കണം.

പിന്നീട് അദ്ദേഹത്തിന്റെ ആജ്ഞ സ്വീകരിച്ചു ബ്രഹ്മചര്യവ്രതം കൈക്കൊള്ളണം. പക്ഷത്രയം (45 ദിവസം) വ്രതം അനുഷ്ഠിക്കണം. പക്ഷദ്വയം (30 ദിവസം) ആയാലും മതിയാകും. എനിക്കു പ്രിയനായവന്‍ ഭക്തിപൂർ‍വ്വം എട്ടുവിധത്തിലുള്ള മൈഥുനവും ത്യജിക്കണം.

സ്ത്രീയെ സൂക്ഷിച്ചു നോക്കുക, സ്ത്രീ നന്നെന്നു പറയുക, സ്ത്രീയോടു ചേരുവാന്‍ ആഗ്രഹിക്കുക, സ്ത്രീയോടു സംസാരിക്കാന്‍ സമയം നിശ്ചയിക്കുക, അവളോടു സംസാരിക്കാനായി പോവുക, അവളെ ചെന്നു കാണുക, മന്ദം അവളോടു സംസാരിക്കുക, ഒടുവില്‍ കാര്യം സാധിക്കുക എന്നിവയാണു അഷ്ടവിധത്തിലുള്ള മൈഥുനങ്ങൾ. ഒന്നാമത്തേത് ഇല്ലെങ്കിൽ മറ്റ് ഏഴും ഉണ്ടാവുകയില്ല. അതിനാല്‍ ഒന്നാമത്തേതു നീങ്ങാന്‍ പരിശ്രമിക്കുക. ദേശികനോടു (ഗുരുവിനോട്) അനുജ്ഞ വാങ്ങിയോ ഗുരുവിനോടൊപ്പമോ യാത്ര തുടങ്ങുന്നതാണു ഉത്തമം.

ഭവാൻ‍ എനിക്കു തന്നതു പോലുള്ള ഒരു പൊക്കണം (കെട്ട്) തലയിലേന്തി വേണം പോകേണ്ടത്. എന്റെ നാമം ഉച്ചരിക്കുകയും എന്റെ ഭക്തരെ പൂജിക്കുകയും ചെയ്യണം. പോകുന്ന വഴിക്ക്‌ വാപരന്റെ ഗോഷ്ഠത്തിലെത്തി ആനന്ദത്തോടെ വന്ദിക്കണം. ദുഷ്ടസത്വങ്ങളെ അകറ്റുവാന്‍ ഞാന്‍ കൊണ്ടു പോയതു പോലെ ശരവും കൊണ്ടു പോവുക.” 

 ഇവിടെ ശ്രദ്ധിച്ചു വായിച്ചാൽ മനസ്സിലാവും. യോഗശാസ്ത്രത്തിലെ അഷ്ടവിധമൈഥുനങ്ങളാണ് ഇവിടെ ഒഴിവാക്കാൻ പറയുന്നത്. (സ്മരണം, കീർത്തനം, കേളി, പ്രേക്ഷണം, ഗുഹ്യഭാഷണം, സങ്കല്‌പോദ്ധ്യവസായശ്ച ക്രിയാനിർവൃത്തി രേവച ഏതന്‍ മൈഥുനം അഷ്ടാംഗം പ്രവദന്തതി മനീഷിണഃ )

അതിൽത്തന്നെ അയ്യപ്പസ്വാമികൾ പറയുന്നത് ലൈംഗികതാൽപ്പര്യത്തോടെ സൂക്ഷിച്ച് നോക്കൽ ഒഴിവാക്കിയാൽ മറ്റു വിധത്തിലുള്ള ബ്രഹ്മചര്യഭംഗം പിന്നെ ഉണ്ടാവില്ല എന്നാണ്. അതുകൊണ്ട് സൂക്ഷിച്ചുനോക്കൽ തന്നെ ഒഴിവാക്കിവേണം വ്രതം അനുഷ്ഠിയ്ക്കാൻ. അത് എടുത്ത് പറയുന്നുണ്ട്. അങ്ങനെയുള്ള വ്രതമെടുക്കുന്ന ഭക്തന്മാർ പൊതുവേ സമൂഹത്തിൽ നിന്ന് ഒഴിഞ്ഞുനിൽക്കുകയാണ് ചെയ്യുന്നത്.


അതായത് ഈ അഷ്ടാവിധമൈഥുനങ്ങൾ ഒഴിവാക്കി പുരുഷൻ വ്രതമനുഷ്ഠിയ്ക്കുമ്പോൾ ആ വ്രതത്തിന്റെ ഭാഗമായി അയാളൊരു കാട്ടിനു നടുവിലേയ്ക്കാണ് തീർത്ഥാടനത്തിനു പോകുന്നത്.  അവിടെ യുവതികൾ സ്വാഭാവികമായും പോകില്ല. അതാണ് കാനനക്ഷേത്രത്തിന്റെ ഒരു പ്രത്യേകത. ഇത്തരത്തിൽ കഠിനവ്രതങ്ങളെടുത്ത് താൽക്കാലികമായി സമൂഹത്തിൽ നിന്ന് മാറി ജീവിയ്ക്കുന്ന സാധുക്കളും സിദ്ധന്മാരും ഭക്തന്മാരും ഈ ഭാരതഭൂമിയിൽ എമ്പാടുമുണ്ട്. അപ്പോൾ അവരൊരു വ്രതമെടുത്ത് കാട്ടിനു നടുവിലുള്ള ക്ഷേത്രത്തിലേക്ക് വ്രതത്തിന്റെ പൂർത്തീകരണത്തിനായി പോകുമ്പോൾ നിർബന്ധമായും അവരെ ശല്യപ്പെടുത്തും എന്ന് പറയുന്നതിൽ എന്ത് ന്യായമാണുള്ളത്?
പുരുഷൻ വ്രതമെടുത്ത് കുറേ യുവതികൾ ജീവിയ്ക്കുന്ന ഇടത്തേക്ക് ചെന്നിട്ട് അവിടന്ന് സ്ത്രീകൾ ജീവൻ വേണമെങ്കിൽ ഓടിക്കോ എന്നല്ല പറയുന്നത്. അയാൾ വ്രതമെടുത്ത് കാട്ടിനു നടുക്ക് അതിനു തക്ക ഒരു തീർത്ഥാടന കേന്ദ്രത്തിലേക്കാണ് പോകുന്നത്. സ്ത്രീകൾക്ക് നാളെ അത്തരം വ്രതമെടുത്ത് തീർച്ചയായും പുരുഷന്മാരെ ഒഴിവാക്കി അത്തരമൊന്ന് പണിയാവുന്നതാണ്.

ഇതിലെന്താണ് വിവേചനമുള്ളത്?

ഇപ്പോൾത്തന്നെ ഒരുപാട് ദേവസ്ഥാനങ്ങളിൽ സ്ത്രീകൾക്ക് മാത്രമേ പ്രവേശനമുള്ളൂ. അങ്ങനെ എത്രയോ ക്ഷേത്രങ്ങളുണ്ട്. രാജസ്ഥാനിലെ അതിപ്രശസ്തമായ ഒരു ക്ഷേത്രമാണ് പുഷ്കർ ക്ഷേത്രം. ഓരോ വർഷവും അനേകലക്ഷം തീർത്ഥാടകർ സന്ദർശിയ്ക്കുന്ന ഈ ക്ഷേത്രം ബ്രഹ്മദേവനെ പൂജിയ്ക്കുന്ന ചുരുക്കം ചില ക്ഷേത്രങ്ങളിലൊന്നാണ്. ആ ക്ഷേത്രത്തിൽ വിവാഹിതരായ പുരുഷന്മാർക്ക് പ്രവേശനമില്ല. പുറത്ത് നിന്ന് തൊഴാനേ കഴിയൂ. കന്യാകുമാരിയിലെ ഭഗവതിക്ഷേത്രത്തിലും വിവാഹിതരായ പുരുഷന്മാർക്ക് അകത്ത് പ്രവേശനമില്ല. സന്യാസിമാർക്കും ബ്രഹ്മചാരികൾക്കുമേ അകത്ത് കയറാനാകൂ, ആസാമിലെ പ്രശസ്തമായ കാമാഖ്യാ  ക്ഷേത്രത്തിൽ ചില ദിവസങ്ങളിൽ സ്ത്രീകൾക്ക് മാത്രമേ ക്ഷേത്രത്തിൽ പ്രവേശിയ്ക്കാനാകൂ. വിശാഖപട്ടണത്തെ കാമാഖ്യാ ക്ഷേത്രത്തിലും അങ്ങനെ തന്നെയാണ്.മലയാളികളായ എല്ലാവർക്കുമറിയാം, ആറ്റുകാൽ പൊങ്കാലയിൽ സാധാരണയായി പുരുഷന്മാർ പങ്കെടുക്കാറില്ല എന്നത്. കേരളത്തിലങ്ങോളമിങ്ങോളം സകല ക്ഷേത്രത്തിലെ പൊങ്കാല നിവേദ്യ പൂജയ്ക്കും പങ്കെടുക്കുന്നത് സാധാരണ സ്ത്രീകളാണ്. അതുപോലെതന്നെ സന്തോഷി മാ വ്രതത്തിൽ പങ്കെടുക്കാൻ സ്ത്രീകൾക്ക് മാത്രമേ അവകാശമുള്ളൂ. ചക്കുളത്ത് കാവിൽ നാരീപൂജയ്ക്ക് സ്ത്രീയെ ആണല്ലോ പൂജിയ്ക്കുന്നത് .

അതായത് ശബരിമലയിലെ നൈഷ്ഠികബ്രഹ്മചര്യം എന്ന സങ്കൽപ്പം യുവതികൾ ദർശനം നടത്തുന്നതിൽ നിന്ന് ഒഴിഞ്ഞുനിൽക്കുന്നതുപോലെ പുരുഷന്മാർ ഒഴിഞ്ഞുനിൽക്കുന്ന അവസരങ്ങൾ എത്ര വേണമെങ്കിലും കാട്ടിത്തരാനാകും.

5. ഇതൊക്കെ പറഞ്ഞാലും ഇതിലൊരു വിവേചനം അഥവാ ഡിസ്ക്രിമിനേഷനില്ലേ?

നമുക്ക് ആൺ സെമിനാരികളും പെൺ സെമിനാരികളുമുണ്ട്. പുരുഷന്മാർക്കായി സന്യാസമഠങ്ങളും സ്ത്രീകൾക്കായി സന്യാസിനീമഠങ്ങളുമുണ്ട്. ഹോസ്റ്റലുകൾ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വേറേ വേറേയാണ്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും മാത്രമായി സ്കൂളുകളും കോളേജുകളുമുണ്ട്. ശുചിമുറികൾ പോലും പുരുഷന്മാർക്കും സ്ത്രീകൾക്കും വെവ്വേറെയാണ്. എന്തിന് ബസിൽക്കയറിയാൽ പോലും സ്ത്രീകൾക്കും പുരുഷന്മാർക്കും വേറേ വേറേ ഇടങ്ങളാണ്. ബസുകളിൽ സ്ത്രീകൾക്കായി സംവരണം ചെയ്യപ്പെട്ട ഇരിപ്പിടങ്ങളും ഉണ്ട്. ആശുപത്രിയിൽ പ്രസവവാർഡും പുരുഷവാർഡുമുണ്ട്. ഒരു വ്യായാമശാലയിലോ മറ്റോ പോയാൽ പുരുഷന്മാർക്കും സ്ത്രീകൾക്കും വേറേ വേറേ സ്ഥലങ്ങളാണ് വസ്ത്രം മാറാനുള്ളത്.

ഇതൊന്നും വേർതിരിവായി ആർക്കും തോന്നിയിട്ടില്ല. ഒന്ന് ആലോചിച്ചുനോക്കിയാൽ വേർതിരിവിന്റെ ചില അംശങ്ങൾ ഇതിലൊക്കെയുണ്ട്. സ്കൂളുകളിലോ കോളേജുകളിലോ ഒന്നും ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ചിരുന്ന് പഠിച്ചാൽ വലിയ കുഴപ്പമൊന്നുമുണ്ടാകില്ല. ബസിലും വെവ്വേറേ ഇരിയ്ക്കേണ്ട ആവശ്യമൊന്നുമില്ല. ഹോസ്റ്റലുകളിൽ ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ച് താമസിയ്ക്കുന്നത് ഇതുവരെ ഫാഷനായിട്ടില്ല. നാളെയൊരുകാലത്ത് ആവുമായിരിയ്ക്കും. ശുചിമുറികൾ വേറേ വേറേ ആക്കുന്നതിലും വിവിധ അഭിപ്രായങ്ങളുണ്ടാകാം. പക്ഷേ സെമിനാരികളിലും സന്യാസിമഠങ്ങളിലുമോ? പ്രസവവാർഡുകളും പുരുഷവാർഡുകളുമോ?  ഈ കാര്യങ്ങളെ എങ്ങനെയാണ് ഡിസ്ക്രിമിനേഷൻ അല്ല എന്ന് പറയുന്നത്? നാം മുകളിൽ എല്ലാം കൂട്ടി ഒരുമിച്ച് വായിച്ചപ്പോൾ എല്ലാം വേർതിരിവല്ലേ എന്ന് തോന്നിപ്പോയി.

എന്നാൽ ബ്രഹ്മചര്യവ്രതമെടുത്ത് സന്യാസിമാർ താമസിയ്ക്കുന്ന സന്യാസിമഠങ്ങളിലോ സെമിനാരികളിലോ യുവതികൾക്ക് നിർബാധം പ്രവേശനമനുവദിയ്ക്കാമോ? അതുപോലെ തിരിച്ചും? അങ്ങനെയൊക്കെ പ്രവേശനമനുവദിച്ചടത്തൊക്കെ അതിന്റെയൊക്കെ പല ദൂഷ്യവശങ്ങളും നമ്മൾ അടുത്തിടെ വാർത്തകളായി കാണുന്നുണ്ട്. അപ്പോൾ സന്യാസീമഠങ്ങളിലും മറ്റും നിയന്ത്രണങ്ങൾ അത്യാവശ്യമാണെന്ന് നമുക്കറിയാം. അത് വേർതിരിവാകുന്നില്ല.

6. എന്തുകൊണ്ടാണത് വേർതിരിവാകാത്തത്?

ഒരാളിൽ എന്തെങ്കിലും കുറവ് ഉണ്ടെന്നാരോപിച്ച് വാക്കുകൊണ്ടോ പ്രവർത്തികൊണ്ടോ ആ ആളെ ഒറ്റപ്പെടുത്തുന്നതിനേയോ മോശമായി പെരുമാറുന്നതിനേയോ ആണ് ഡിസ്ക്രിമിനേഷൻ അഥവാ വേർതിരിവ് എന്ന് പറയുക. ജാതി, മതം, വർഗ്ഗം, വർണ്ണം, ലിംഗം, ദേശീയത തുടങ്ങി ഏതെങ്കിലും സാമൂഹ്യക്കൂട്ടങ്ങളിൽ അംഗമായവരോട് അവരുടെ ആ ഗ്രൂപ്പിലെ അംഗത്വം എന്തെങ്കിലും കുറവാണെന്ന രീതിയിൽ നീതിരഹിതമായി പെരുമാറിയാൽ അതാണ് വേർതിരിവ്. ഉദാഹരണമായി പുരുഷ ശുചിമുറികളിൽ സ്ത്രീകൾ കയറാത്തത് സ്ത്രീകൾക്ക് എന്തെങ്കിലും കുറവുള്ളതുകൊണ്ടല്ല, അതാണ് സൗകര്യം എന്നതുകൊണ്ടാണ്. പുരുഷ സെമിനാരികളിൽ സ്ത്രീകൾ സാധാരണ കയറാത്തത് സ്ത്രീകൾക്ക് കുറവുകളുള്ളതുകൊണ്ടല്ല അവിടെ മതപരമായ ബ്രഹ്മചര്യം ശീലിക്കുന്നവർക്ക് അവരുടെ വ്രതരീതികൾക്ക് അസൗകര്യമുണ്ടാകാതിരിയ്ക്കാനാണ്.  സന്യാസിമഠങ്ങളിൽ സ്ത്രീകൾ സാധാരണ കയറാത്തതും ,കന്യാസ്ത്രീ മഠങ്ങളിൽ പുരുഷന്മാർ കയറാത്തതുമെല്ലാം അതുകൊണ്ടാണ്. ഇവിടെ മാറ്റിനിർത്തപ്പെടുന്നവരുടെ കുറവുകൊണ്ടല്ല അങ്ങനെയൊരു നിയമമുള്ളത്. അതുകൊണ്ട് അതിനെ നമുക്ക് വേർതിരിവെന്ന് പറയാനുമാകില്ല.

അതായത് ഇത് യുവതികൾക്കെതിരേയോ സ്ത്രീകൾക്കെതിരേയോ ഉള്ള വിവേചനമല്ല. ആരുടെയെങ്കിലും എന്തെങ്കിലും കുറവുകൊണ്ട് അവരെ പൊതുധാരയിൽ നിന്ന് മാറ്റിനിർത്തുന്നതിനെയാണ് വിവേചനം എന്ന് പറയുന്നത്. ഇവിടെ യുവതികളുടെ കുറവുകൊണ്ടല്ല അവർ ശബരിമലദർശനം നടത്താത്തത്. കുറവെന്ന് എന്തെങ്കിലും ആരോപിയ്ക്കാനുണ്ടെങ്കിൽ അത് അയ്യപ്പദർശനം നടത്തുന്ന പുരുഷഭക്തന്മാർക്കാണ്. കാരണം അവരുടെ കുറവുകൊണ്ടാണ് നാൽപ്പത്തിയൊന്ന് ദിവസത്തെ വൃതം എടുത്ത് അവരുടെ ഇന്ദ്രിയങ്ങളെ നിയന്ത്രിയ്ക്കേണ്ടിവരുന്നതും മല കയറേണ്ടി വരുന്നതുമൊക്കെ. ബ്രഹ്മചര്യ വ്രതമെടുത്ത് ഇന്ദ്രിയനിഗ്രഹം നടത്തിക്കഴിഞ്ഞാൽ ഒന്നിൽ നിന്നും ഒഴിഞ്ഞ് നിൽക്കേണ്ട കാര്യമേ വരുന്നില്ല. തപസ്സ് ചെയ്യുന്ന സമയത്തെല്ലാം മഹാത്മാക്കൾ ഇതുപോലെ ഏകാന്തവാസം ചെയ്യാറുണ്ട്. തപസ്സിദ്ധി കൈവരിച്ചുകഴിഞ്ഞാൽ താമരയിലയിലെ വെള്ളത്തുള്ളിപോലെ അവർക്ക് സമൂഹമദ്ധ്യത്തിൽ തന്നെ കഴിയാനാകും.

ശബരിമലയിൽ പുരുഷനു അഷ്ടവിധമൈഥുനങ്ങൾ ഒഴിവാക്കിയേ വ്രതമെടുക്കാനാവൂ. അത് കർശനമായി പാലിച്ച് വ്രതമെടുക്കണമെങ്കിൽ വ്രതത്തിന്റെ വിധികൾ കൊണ്ടുതന്നെ അങ്ങോട്ട് യുവതികൾ പോയാൽ കഴിയില്ല. മാത്രവുമല്ല, ശബരിമലയിലെ മൂർത്തിയും സ്വയം ആ വ്രതമെടുത്തിരിയ്ക്കുന്ന ബ്രഹ്മചാരിയാണ്. ആ ബ്രഹ്മചര്യം എന്ന സങ്കൽപ്പത്തെ ബഹുമാനിച്ചു കൊണ്ടാണ് യുവതികൾ അവിടെ ദർശനം നടത്താത്തത്.

വീണ്ടും പറയേണ്ടത് ബ്രഹ്മചര്യം എന്ന സങ്കൽപ്പത്തിൽ മൂർത്തി ഒരു ജനപഥത്തിനു നടുവിലല്ല കഴിയുന്നത്. സമൂഹത്തിൽ നിന്നൊഴിഞ്ഞ് കാട്ടിലാണ്. അങ്ങനെ ഒഴിഞ്ഞുതാമസിയ്ക്കുന്നവരെ അങ്ങോട്ടുപോയി ശല്യപ്പെടുത്താൻ ആർക്കാണവകാശമുള്ളത്? അല്ല, ഇതിലെന്താണ് കാര്യമെന്നും ഇങ്ങനെ അഷ്ടവിധമൈഥുനം ഒഴിവാക്കിയിട്ടെന്ത് ഗുണമെന്നും ഇതൊക്കെ മണ്ടത്തരമല്ലേ എന്നും ചോദിക്കരുത്. ജീവിച്ചിരിയ്ക്കുന്നത് മുതൽ സകലതും മണ്ടത്തരം തന്നെ. അതില്ലെങ്കിൽ പിന്നെ ഇതൊന്നുമില്ല. മണ്ടത്തരമെന്ന് തോന്നുന്നവർ ശബരിമലയിലേക്കേ പോകേണ്ടതില്ലല്ലോ.

നമുക്കറിയാം ബ്രഹ്മചര്യവ്രതമെടുത്ത് ജീവിയ്ക്കുന്ന ക്രിസ്ത്യൻ പാതിരിമാരുടെ സെമിനാരികളിൽ സാധാരണ യുവതികൾ പോകാറില്ല. അതുപോലെ ക്രൈസ്തവ കന്യാസ്ത്രീകളുടെ നണ്ണറികളിൽ ഒരു പുരുഷനും കയറാറില്ല. നാളെയൊരുകാലത്ത് ഒരു കന്യാസ്ത്രീ നണ്ണറിയിലെ ചാപ്പൽ പ്രശസ്തമായാൽ അവിടെ പുരുഷന്മാർക്കും പ്രവേശനം നൽകണം എന്ന് ആരെങ്കിലും വാദമുന്നയിയ്ക്കുമോ?

7. പണ്ടത്തെക്കാലത്ത് ക്ഷേത്രങ്ങളിൽ നിന്ന് വിവിധജാതിക്കാരെ മാറ്റിനിർത്തിയിരുന്നതും ഇത്തരം ന്യായങ്ങളൊക്കെ പറഞ്ഞല്ലേ? ജാതീയമായ വിവേചനം ഇതുപോലൊക്കെ തന്നെയല്ലേ?

കുറേ നാളുകളായി ഓരോ അയ്യപ്പഭക്തന്റേയും മുന്നിലേക്ക് അവരെ കളിയാക്കാനായി ചോദിയ്ക്കുന്ന ഒരു ചോദ്യമാണിത്. ജാതിവ്യവസ്ഥയും അതിനോടനുബന്ധിച്ചുള്ള അയിത്താചാരങ്ങളും അതിക്രൂരമായ വ്യവസ്ഥയായിരുന്നു. അതിനു തുല്യമായി അയ്യപ്പസ്വാമികളേയും ശബരിമലയേയും താരതമ്യപ്പെടുത്തുക എന്ന ഒറ്റ അജണ്ടയാണ് ഈ വാദങ്ങൾ പറയുന്നവരുടെ ആവശ്യം. അതായത്, ഈ വാദം പറയാനും ഹൈന്ദവ രീതികൾ മുഴുവൻ ഒരുരീതിയിലല്ലെങ്കിൽ മറ്റൊരു രീതിയിൽ ഇതുപോലെയാണ് എന്നുമുള്ള പൊതുബോധം അടിച്ചേൽപ്പിയ്ക്കുകയുമാണ് ഇവരുടെ തന്ത്രം. മേൽപ്പറഞ്ഞ വേർതിരിവിനെപ്പറ്റിയുള്ള ചോദ്യത്തിൽത്തന്നെ ഇതിന്റെ ഉത്തരമുണ്ട്. ജാതിവ്യവസ്ഥയിൽ പിന്നോക്കജാതിക്കാരെന്ന് ഉയർന്നജാതിക്കാർ പ്രചരിപ്പിച്ചിരുന്ന സാമൂഹ്യക്കൂട്ടങ്ങളിലെ വ്യക്തികളോട് ആ ഗ്രൂപ്പിലെ അംഗത്വം ഒരു മോശം കാര്യമാണെന്ന നിലയിലുള്ള നീതിരഹിതമായ പെരുമാറ്റമായിരുന്നു ജാതിവ്യവസ്ഥ. അതായത് പിന്നോക്കജാതിക്കാരനെ ക്ഷേത്രത്തിൽ പ്രവേശിപ്പിക്കാതിരുന്നത് അവിടെ പിന്നോക്ക ജാതിക്കാരൻ അശുദ്ധനായതുകൊണ്ട് അവർ പ്രവേശിച്ചാൽ അശുദ്ധിയുണ്ടാകും എന്ന വാദം വച്ചാണ്. അങ്ങനെ ഒരു അശുദ്ധിയും ആർക്കും ഹിന്ദുമതത്തിലെ പ്രാമാണികഗ്രന്ഥങ്ങളിൽ പറയുന്നുമില്ല എന്നുമോർക്കണം.

ഇവിടെ സ്ത്രീകൾക്കോ യുവതികൾക്കോ എന്തെങ്കിലും അശുദ്ധിയുണ്ടെന്ന് ആരും പറയുന്നില്ല. അശുദ്ധിയുള്ളതുകൊണ്ടാണ് കയറ്റാത്തത് എന്ന് അയ്യപ്പസ്വാമികളുടെ ആചാരങ്ങൾ തകർക്കാൻ ശ്രമിയ്ക്കുന്നവർ തന്നെ പറഞ്ഞുപരത്തുന്ന വാദമാണ്. സ്വയം പൂർവ്വപക്ഷവും ഉത്തരപക്ഷവുമാവുകയാണവർ. നൈഷ്ഠികബ്രഹ്മചര്യം പുരുഷന്മാർ ശീലിയ്ക്കുന്നത് സ്ത്രീകൾക്ക് എന്തെങ്കിലും അശുദ്ധിയുള്ളതുകൊണ്ടല്ല. പഞ്ചസാരയ്ക്കോ ശർക്കരയ്ക്കോ എന്തെങ്കിലും അശുദ്ധിയുള്ളതുകൊണ്ടാണോ ആരോഗ്യസംരക്ഷണത്തിനായി പഥ്യം ശീലിയ്ക്കുമ്പോൾ  അതൊഴിവാക്കുന്നത്? ഈ ഉദാഹരണം പറയുമ്പോൾ സ്ത്രീയെ വെറും ഒരു ഉൽപ്പന്നമായി കണക്കാക്കുന്നു എന്നൊരു ദോഷമുണ്ടെങ്കിലും ഇതിലും നന്നായി നൈഷ്ഠികബ്രഹ്മചര്യത്തെ വിശദീകരിയ്ക്കാനാവില്ല.

ലൈംഗികചിന്ത നിയന്ത്രിച്ച് മനശ്ശക്തി ആത്മീയമാർഗ്ഗത്തിലേക്ക് തിരിയ്ക്കാനും ലൗകികവാസനകൾ ഇല്ലാതാക്കാനുമാണ് നൈഷ്ഠികബ്രഹ്മചര്യം എന്ന വ്രതം കുറഞ്ഞതു 30 ദിവസമോ അല്ലെങ്കിൽ 45 ദിവസമോ ശീലിയ്ക്കാൻ അയ്യപ്പൻ നിർദ്ദേശിയ്ക്കുന്നത്. അത് പുരുഷനോടാണ് പറയുന്നതും. അത് അയ്യപ്പസ്വാമികൾ പുരുഷരൂപത്തിലായതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ നൈഷ്ഠികബ്രഹ്മചര്യവ്രതം മാനിച്ച് സ്ത്രീകൾ അവിടേയ്ക്ക് ദർശനം നടത്താറില്ല. അത് ആരുടേയും കുറവോ അശുദ്ധിയോ കൊണ്ടല്ല. അത് ആ വ്രതത്തിന്റെ പ്രത്യേക സാഹചര്യം കൊണ്ട് മാത്രമാണ്. ജാതിവ്യവസ്ഥയല്ല, പുരുഷന്മാർക്ക് പ്രവേശനമില്ലാത്ത പുഷ്കർ ക്ഷേത്രത്തോടും കാമാഖ്യാ ക്ഷേത്രത്തോടുമാണ് ഇതിനെ താരതമ്യം ചെയ്യേണ്ടത്. ജാതിവ്യവസ്ഥയോട് ഇതിനെ താരതമ്യം ചെയ്യുന്നത് തികഞ്ഞ ന്യായവൈകല്യമാണ്.

ജാതിവ്യവസ്ഥയേയും അയിത്തത്തേയും ഒരു കാരണവശാലും ശബരിമലയിലെ രീതികളോട് താരതമ്യം ചെയ്യാനാകില്ല. ഒന്നാലോചിച്ചുനോക്കുക, ഒരു പ്രത്യേക ജാതിയിൽ ജനിച്ചെന്നതുകൊണ്ടുമാത്രം ഒരു കൂട്ടം ജനങ്ങൾക്ക് ജോലിചെയ്യാനും ജീവിയ്ക്കാനുമുള്ള സ്വാതന്ത്ര്യം മുതൽ ആരാധനാസ്വാതന്ത്ര്യവും വഴിനടക്കാനുള്ള അവകാശവും വരെ നിഷേധിച്ചിരുന്ന നീചമായ വ്യവസ്ഥയായിരുന്നു അയിത്തം. അതിനോടൊപ്പം ശബരിമലയിലെ ആചാരങ്ങളെ കൂട്ടിക്കെട്ടുക കഴി എത്രത്തോളം ലളിതമായാണ് അവർ അയിത്തത്തെ കാണുന്നതെന്ന് നോക്കുക. ജാതിവ്യവസ്ഥയോടും അയിത്തത്തിനോടും താരതമ്യപ്പെടുത്തുമ്പോൾ മറ്റൊരു വസ്തുത കൂടി നാം കാണാതിരുന്നുകൂട. ആറ്റുകാൽ പൊങ്കാലയും സന്തോഷിമാ വ്രതവും ചക്കുളത്ത് കാവ് നാരീപൂജയുമുൾപ്പെടെ ഹിന്ദുസമൂഹത്തിനെ സകല ആചാരങ്ങളേയും ഇവർ ജാതിവ്യവസ്ഥയോട് താരതമ്യപ്പെടുത്തുകയാണ്. ഹിന്ദുവിനെ എല്ലാ രീതിയിലും തകർക്കുക എന്ന അജണ്ടയാണിവിടെ നടക്കുന്നത്.

മുസ്ലിം പള്ളികൾ വെറും പ്രാർത്ഥനാ ഹാളുകളാണ് ആ മതവിശ്വാസപ്രകാരം. അവിടെ മൂർത്തിയോ ദൈവമോ ഒന്നുമുണ്ടെന്ന സങ്കൽപ്പം അവർക്കില്ല. എന്നിട്ടുപോലും മിക്ക മുസ്ലിം പള്ളികളിലും സ്ത്രീകൾക്ക് പ്രവേശനമില്ല. പ്രവേശനമുള്ളിടങ്ങളിൽത്തന്നെ സ്ത്രീകളെ മുഴുവൻ പുരുഷന്മാരുടെ കൂടെയിരുന്ന് പ്രാർത്ഥിയ്ക്കാൻ അനുവദിയ്ക്കില്ല. എന്നാൽ ഹിന്ദുമതത്തിലോ? പത്നീസമേതം ചെയ്യേണ്ട യജ്ഞങ്ങൾ മുതൽ ക്ഷേത്രദർശനം വരെ കുടുംബസമേതം ചെയ്യുന്ന ആൾക്കാരാണ് ഹിന്ദുക്കൾ. എന്ത് കഷ്ടമാണ് അവരെ സ്ത്രീവിരുദ്ധരെന്നും വേർതിരിവുകാരെന്നും പറയുന്നത്!

ശബരിമലയിൽ ഒരു പ്രത്യേക പ്രായത്തിൽപ്പെട്ട യുവതികൾ മാത്രം ദർശനം നടത്താതിരിയ്ക്കുകയും മറ്റെല്ലാ സ്ത്രീകളും പുരുഷന്മാരെപ്പോലെ അവിടെ ദർശനം നടത്തുകയും ചെയ്യുമ്പോൾ അത് ജാതിവ്യവസ്ഥയാണെന്ന് ന്യായവൈകല്യം പറയുന്നവർ മുസ്ലീം സ്ത്രീകൾക്ക് മുഴുവൻ നിരോധിച്ചിരിയ്ക്കുന്ന ആരാധനാസ്വാതന്ത്ര്യത്തെ എന്തുകൊണ്ട് ജാതിവ്യവസ്ഥയേക്കാൾ എത്രയോ മടങ്ങ് ക്രൂരമെന്ന് പറയുന്നില്ല? എന്താണ് ഹിന്ദുക്കൾക്ക് മാത്രം ഇവരുടെ സേവനങ്ങൾ മതിയോ?

മറ്റു മതങ്ങളെ കഴിവതും അന്യായമായി താരതമ്യപ്പെടുത്താൻ ഈ ചോദ്യോത്തരങ്ങളിൽ ശ്രമിച്ചിട്ടില്ല. എന്നാലും ഹിന്ദുക്കളെ ഇതുപോലെ അപമാനിയ്ക്കുന്ന ഈ അവസരത്തിൽ ഇരട്ടത്താപ്പിനെ തുറന്നുകാണിയ്ക്കാൻ കുറച്ചെങ്കിലും പറയേണ്ടത് അത്യാവശ്യമാണ്. മറ്റു മതങ്ങളിലെ ആചാരങ്ങളെ പക്ഷേ ശബരിമലയിലേതിനോടൂ താരതമ്യപ്പെടുത്തുകയും വയ്യ. കാരണം ശബരിമലയിൽ ഒരൊറ്റ ക്ഷേത്രത്തിൽ മാത്രമേ ഈ ആചാരമുള്ളൂ.  ശബരിമലയിൽ യുവതികൾ ദർശനം നടത്താത്തത് അവർക്ക് അശുദ്ധിയുള്ളതുകൊണ്ടോ അവർ മോശക്കാരായതുകൊണ്ടോ അവർ വീട്ടിലടച്ചിരിയ്ക്കേണ്ടവരായതുകൊണ്ടോ അവർ പുരുഷന്റെ കൃഷിയിടമായതുകൊണ്ടോ അവർ വാരിയെല്ലിൽ നിന്നുണ്ടാക്കപ്പെട്ടവരായതുകൊണ്ടൊ ഒന്നുമല്ല. കൂടുതലും പുരുഷന്മാർ നൈഷ്ഠിക ബ്രഹ്മചര്യവ്രതമെടുത്ത് പോകുന്ന ഇടമായതുകൊണ്ടാണ്.


പ്രായോഗികമായി പുരുഷാധിപത്യപ്രവണതകൾ ഉള്ള സമൂഹം തന്നെയാണ് ഭാരതത്തിൽ അടുത്തകാലത്ത് നിലനിൽക്കുന്നതെങ്കിലും സ്ത്രീകൾക്ക് ഒരിയ്ക്കലും പുരുഷനേക്കാൾ കുറഞ്ഞ ഒരു സ്ഥാനം നമ്മുടെ തത്വചിന്തയോ ആചാരപദ്ധതികളോ നൽകിയിട്ടില്ല എന്ന് പ്രത്യേകം പറയണം. വൈദിക മന്ത്രദ്രഷ്ടാക്കളിൽ പുരുഷന്മാർക്കൊപ്പം സ്ത്രീകളുമുണ്ട്. പുരുഷന്മാർക്കും സ്ത്രീകൾക്കുമായാണ് വൈദികമന്ത്രങ്ങൾ ഒരുപോലെ പകർന്ന് നൽകിയിട്ടുള്ളത്. ബ്രഹ്മവാദിനികളായ ഋഷികമാരും ഉപനിഷത്ത് ഋഷികമാരുമൊക്കെയായി അനേകം സ്ത്രീകൾ വൈദികമന്ത്ര ദ്രഷ്ടാക്കളായിത്തന്നെയുണ്ട്. പുരുഷദൈവങ്ങളേക്കാളുപരി സാക്ഷാൽ അമ്മയെ ആരാധിയ്ക്കുന്നവരാണ് ഹൈന്ദവർ. ഭാരതത്തെത്തന്നെ ശക്തിപീഠങ്ങളായാണ് കണക്കാക്കിയിരിയ്ക്കുന്നതും വിഭജിച്ചിരിയ്ക്കുന്നതും. ഹിന്ദുമതത്തിന്റെ വലിയ ഭാഗമായ ശാക്തേയ താന്ത്രിക രീതികളിൽ പുരുഷനേക്കാൾ ഉപരിയായി സ്ത്രീകൾക്ക് സ്ഥാനം നൽകിയിരിയ്ക്കുന്നു. പുരുഷനു തുല്യമായിപ്പോലുമല്ല. സ്ത്രീയുടെ ദാസനായി പുരുഷൻ കഴിയണമെന്ന സങ്കൽപ്പം പോലുമുള്ള വിവിധ ആത്മീയധാരകൾ ഭാരതത്തിലുണ്ട്.

കേരളത്തിലെ ഹൈന്ദവസമൂഹത്തിൽ പലസമുദായങ്ങളിലും സ്വത്തവകാശം പോലും സ്ത്രീകൾക്ക് മാത്രമേയുണ്ടായിരുന്നുള്ളൂ. കേരളത്തിൽ പ്രത്യേകമായി സ്ത്രീകൾ ഭരിച്ചിരുന്ന തറവാടുകളുണ്ടായിരുന്ന നാടാണിത്. ലൈംഗികസ്വാതന്ത്ര്യം പോലും പുരുഷന്മാരേക്കാൾ സ്ത്രീകൾക്കുണ്ടായിരുന്ന സ്ഥലമാണ് കേരളത്തിലെ പല സമുദായങ്ങളും. വിക്ടോറിയൻ സദാചാരമൂല്യങ്ങളടിച്ചേൽപ്പിച്ച കാലഘട്ടത്തിൽ അതൊക്കെ തിരികെപ്പോയെങ്കിലും അപ്പോഴെല്ലാം ശബരിമല അവിടെത്തന്നെയുണ്ടായിരുന്നു.

ഇനി ശബരിമലയിൽ യുവതീപ്രവേശനം സാദ്ധ്യമായെന്നിരിയ്ക്കട്ടെ. നൈഷ്ഠികബ്രഹ്മചര്യവ്രതമെടുക്കുന്നവർ എവിടെപ്പോകുമെന്നാണ്? അവർ കാട്ടിന്റെ നടുക്ക് പോയിട്ടുപോലും രക്ഷയില്ലെങ്കിൽ അവരിനി എവിടെപ്പോകും? അപ്പോഴാണ് നാം മനസ്സിലാക്കേണ്ടത് ഈ വേർതിരിവ് വാദം യഥാർത്ഥത്തിൽ ഉന്നം വയ്ക്കുന്നത് ശബരിമലയെ മാത്രമല്ല എന്ന്. ശബരിമലയിലെ യുവതീപ്രവേശനത്തെ അതുകൊണ്ടുതന്നെ ജാതിവ്യവസ്ഥയോട് ഒരു കാരണാവശാലും താരതമ്യപ്പെടുത്താനാവില്ല. അതായത് ജാതിവ്യവസ്ഥയേയും അതിനോടനുബന്ധിച്ച വേർതിരിവിനേയും പറ്റിപ്പറഞ്ഞ് ശബരിമലയിലെ വ്രതത്തെ കളിയാക്കുമ്പോൾ നൈഷ്ഠിക ബ്രഹ്മചര്യം മുതലായ സകല വ്രതരീതികളേയുമാണ് കളിയാക്കുന്നതും കുറ്റമാരോപിയ്ക്കുന്നതും.

സവർണ്ണരെന്ന് സ്വയം കരുതിയിരുന്നവർ അയിത്തമാചരിച്ചിരുന്നതിനോടല്ല, ഈ നാട്ടിലെ എന്നല്ല ലോകത്തെ മിക്ക മതങ്ങളിലേയും  ആത്മീയാനുഭൂതികൾ കാംക്ഷിയ്ക്കുന്നവർ സമൂഹത്തെ ഒഴിവാക്കി ഏകാന്തഭജനം നടത്തുന്നത് പതിവാണ് എന്നതിനോടാണ് ശബരിമലയിലെ ആചാരങ്ങളെ താരതമ്യപ്പെടുത്തേണ്ടത്.

മഹേന്ദ്രസിംഗ് ധോണിയും സച്ചിൻ ടെണ്ടുൽക്കറും ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീമിലെ അംഗങ്ങളാണ്. സത്യം പറഞ്ഞാൽ പുരുഷന്മാർകും സ്ത്രീകൾക്കും വേറേ വേറേ ക്രിക്കറ്റ് ടീമുകൾ ഉണ്ടാക്കിയിരിയ്ക്കുന്നതിന് യുക്തിസഹമായ ഒരു കാരണങ്ങളും കണ്ടുപിടിയ്ക്കാനാകില്ല. ശബരിമലയിലെ കാര്യത്തിൽ വ്യക്തമായ യുക്തിയുണ്ട് താനും. എന്നിരുന്നാലും നാളെയൊരുകാലത്ത് ഏതെങ്കിലും ഒരു യുവതിയായ ക്രിക്കറ്റ് കളിക്കാരി തനിയ്ക്ക് ധോണിയോടും സച്ചിനോടും ഒരുമിച്ച് ക്രിക്കറ്റ് കളിക്കാനുള്ള അവകാശം ബീ സീ സീ ഐ നഷ്ടപ്പെടുത്തിയെന്നും ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീമിൽ സ്ത്രീകൾക്ക് പ്രവേശനം നൽകാത്തത് വേർതിരിവാണെന്നും പറഞ്ഞാൽ അതിനെ അംഗീകരിയ്ക്കുമോ?

8.ഈ ശബരിമലയിൽ മാത്രമേ ഉള്ളല്ലോ നിങ്ങൾ പറയുന്ന ഇത്ര വിചിത്രമായ ആചാരങ്ങളൊക്കെ. ലോകത്തെങ്ങുമില്ലാത്ത ആചാരങ്ങൾ ഉണ്ടാക്കിയിട്ട് അതിനെ ന്യായീകരിയ്ക്കാൻ ഓരോന്ന് പറയുകയാണോ?

തീർച്ചയായുമല്ല. ശബരിമലയിൽ മാത്രമല്ല ലോകത്ത് പലയിടത്തും. എന്നല്ല ലോകത്തെല്ലായിടത്തും ആത്മീയമായ പരിശീലനം നടത്തുമ്പോൾ സ്ത്രീകൾക്കും പുരുഷനും വെവ്വേറേ പരിശീലനവും പദ്ധതികളുമാണ്. ബുദ്ധമതത്തിൽ സ്ത്രീകൾക്കും പുരുഷന്മാർക്കും വേറേ വേറേ മഠങ്ങളാണുള്ളത്. ക്രിസ്തുമതത്തിലുമതേ. ലോകത്തെല്ലാം ക്രിസ്ത്യൻ സെമിനാരികളും മൊണാസ്ട്രികളും നണ്ണറികളുമുണ്ട്. ഹിന്ദുമതത്തിലും അങ്ങനെതന്നെയാണ്. സ്ത്രീകൾക്കായും പുരുഷന്മാർക്കായും വെവ്വേറേ സന്യാസപരമ്പരകളാണുള്ളത്. രാമകൃഷ്ണമിഷനിൽ പുരുഷന്മാരാണ് സന്യാസിമാരായി പ്രവർത്തിയ്ക്കുന്നത്, ശാരദാമിഷനിൽ സ്ത്രീകൾ മാത്രമേ ഉള്ളൂ.

ഇങ്ങനെയുള്ള മൊണാസ്ട്രികളിലും നണ്ണറികളിലുമൊക്കെ ഇതുപോലെ വ്യത്യാസങ്ങളുള്ളത് ആൺ പെൺ ഹോസ്റ്റലുകൾ ഉള്ളതുപോലെ മാത്രമായാണ് ജനങ്ങൾ കാണുന്നത്. അതിന്റെ കാരണം ഈ മൊണാസ്ട്രികളും നണ്ണറികളും എല്ലാം പൊതുജനങ്ങൾക്ക് തുറന്നുകൊടുത്തിട്ടില്ല എന്നതാണ്. പൊതുജനങ്ങൾക്ക് തുറന്നുകൊടുത്ത ദേവാലയമായിപ്പോയതുകൊണ്ടാണ് ശബരിമല ഈ പഴികേൾക്കേണ്ടി വരുന്നത്.  അയ്യപ്പസ്വാമികൾ അന്ന് പന്തളം രാജാവിനെ വിളിച്ച് തന്റെ പേരിൽ ഒരു മതം സ്ഥാപിച്ച് അതിന്റെ പുസ്തകത്തിൽ വിശ്വസിയ്ക്കുന്നവരിവിടെ കയറിയാൽ മതി എന്നും ഇത് മതിലുകെട്ടി ശബരിമല സന്യാസിമഠം ആയി സൂക്ഷിയ്ക്കൂ എന്നും പറഞ്ഞിരുന്നെങ്കിൽ ഒരു കുഴപ്പവും വരില്ലായിരുന്നു.

ഗ്രീക്ക് ഓർതോഡക്സ് സഭയിലെ പ്രശസ്തമായ തീർത്ഥാടക കേന്ദ്രമാണ് ഗ്രീസിലെ ആഥോസ് മല. ഏതാണ്ട് മുന്നൂറു കിലോമീറ്റർ വിസ്തൃതിയുള്ള വലിയ ഒരു പ്രദേശമാണത്. ഈയിടെ മൗണ്ട് ആഥോസിൽ റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിൻ സന്ദർശിച്ചിരുന്ന വിവരം പത്രത്തിലൊക്കെ വന്നിരുന്നു. റഷ്യയിലെ പ്രമുഖമതമാണ് ഗ്രീക് ഓർതൊഡാക്സ് കൃസ്തുമതം. വ്ളാ‍ദിമിർ പുടിൻ ഒക്കെ ഗ്രീക് ഓർതൊഡാക്സ് വിശ്വാസിയാണ്. ലോക പ്രശസ്തമായ  മതകേന്ദ്രമാണ് ആഥോസ് മല. ക്രിസ്ത്യൻ ഗ്രീക്ക് ഓർതഡോക്സ് സഭയുടെ ചരിത്രപ്രധാനമായ, വിശ്വാസപ്രധാനമായ ഇവിടെ യുവതികൾക്കല്ല സ്ത്രീകൾക്കൊന്നും പ്രവേശനമില്ല. പുരുഷ പാതിരിമാരുടെ സെമിനാരിയാണ് ആ മലയിൽ എന്നതാണതിനു കാരണം. ഒന്നും രണ്ടൂമല്ല, മൗണ്ട് ആഥോസ് മുന്നൂറു കിലോമീറ്റർ വിസ്തൃതിയുള്ള വലിയൊരു ദ്വീപാണെന്നോർക്കണം. ഏകാന്തഭജനത്തിനായി ലോകമെമ്പാടും നിന്ന് ഗ്രീക്ക് ഓർതഡോക്സ് സഭയിലെ പാതിരിമാർ ആഥോസ് മലയിലെ സെമിനാരിയിലെത്താറുണ്ട്.

ആയിരക്കണക്കിനു കൊല്ലങ്ങളായി അങ്ങനെതന്നെയാണ് ആചാരം. വളർത്തുമൃഗങ്ങളിൽപ്പോലും ആ നിയമമുണ്ട്. പിടക്കോഴിയും പശുവും പോലും അവിടെ അനുവദനീയമല്ല. യൂറോപ്യൻ യൂണിയൻ ഗവണ്മെന്റിന്റെ ധനസഹായത്തോടെയാണ്  ഗ്രീക്ക് ഓർതഡോക്സ് ക്രിസ്ത്യാനികളുടെ ആ സെമിനാരി പ്രവർത്തിയ്ക്കുന്നത്. ഈ യൂറോപ്യൻ യൂണിയൻ ആണ് ഇന്നത്തെ ലിബറലുകൾ ലോകത്തെ ഏറ്റവും മെച്ചപ്പെട്ട നീതിവ്യവസ്ഥ എന്ന് എപ്പോഴും ഉത്ഘോഷിയ്ക്കാറുള്ളത് എന്ന് മറക്കരുത്.

ജപ്പാനിലെ ഒമീൻ മല വേറൊരുദാഹരണമാണ്. ജപ്പാനീസ് ബുദ്ധമതത്തിന്റേയും പുരാതനമതങ്ങളുടേയും ചേർച്ചയായ ഷുജെൻടോ മതത്തിന്റെ പുണ്യകേന്ദ്രവും ഒമേൻസാൻജിയുടെ ക്ഷേത്രവും അവിടെയാണ്. യമബുഷി എന്ന താപസന്മാരുടെ കേന്ദ്രവുമായ ആ മലയിലും സ്ത്രീകൾക്കാർക്കും പ്രവേശനമില്ല. യുനെസ്‌കോയുടെ വേൾഡ് ഹെറിറ്റേജ് സൈറ്റ് കൂടിയാണ് ഒമീൻ മല. അവിടെ വേർതിരിവുള്ളതായി യുനെസ്കോയ്ക്ക് പോലും തോന്നിയിട്ടില്ല.

എന്നാൽ ശബരിമലയിലോ…ഇവിടങ്ങളിലെപ്പോലെ സ്ത്രീകൾ എല്ലാവരും ദർശനം നടത്തുന്നതിൽ നിന്ന് ഒഴിവായി നിൽക്കുന്നില്ല. പത്ത് വയസിനു മുൻപും അൻപത് വയസ്സിനു ശേഷവും എല്ലാ സ്ത്രീകളും ശബരിമലയിൽ ദർശനത്തിനായി സകല വ്രതവുമെടുത്ത് പോകാറുണ്ട്.

9. അപ്പൊ നിങ്ങളുടെ ഹിന്ദുസമൂഹം എല്ലാ വേർതിരിവിൽ നിന്നും മുക്തമായ സമൂഹമാണോ? നിങ്ങൾ പറയുന്നത് കേട്ടാൽ അങ്ങനെ തോന്നുമല്ലോ?

തീർച്ചയായുമല്ല, ലോകത്തെ എല്ലാ സമൂഹങ്ങളിലുമെന്ന പോലെ സ്ത്രീകൾക്ക് ഒരുപാട് അനാവശ്യ നിയന്ത്രണങ്ങളും അടിച്ചമർത്തലുകളും നേരിടേണ്ടിവരുന്ന സമൂഹമാണ് ഭാരതത്തിലേതും. മറ്റു ഭാഗങ്ങളെപ്പോലെയല്ലാതെ നമ്മുടേ മതത്തിലും സംസ്കാരത്തിലും ആചാരപദ്ധതിയിലുമൊക്കെ സ്ത്രീകൾക്ക് ഉയർന്ന സ്ഥാനമാണ് നൽകിയിരിയ്ക്കുന്നതെങ്കിലും പ്രയോഗത്തിൽ സ്ത്രീകൾ ഒരുപാട് അടിച്ചമർത്തലുകൾ നേരിടേണ്ടിവരുന്ന സമൂഹമാണ് ഭാരതത്തിലുമുള്ളത്. അതിനെ നാം അതിജീവിയ്കേണ്ടതുണ്ട്. സ്ത്രീകളെ മാത്രമല്ല ജാതീയമായ വേർതിരിവുകളും അയിത്തവുമൊക്കെ തെളിഞ്ഞില്ലെങ്കിലും ഒളിഞ്ഞ് ഹൈന്ദവസമൂഹത്തിൽ ഇന്നും നിലനിൽക്കുന്നു.

1987 ആഗസ്റ്റ് 26 ന് ചേന്ദമംഗലം പാലിയം കൊട്ടാരത്തില്‍ പ്രഖ്യാപിച്ച പാലിയം വിളംബരം ഒരു രണ്ടാംക്ഷേത്ര പ്രവേശന വിളംബരമായിരുന്നു. ബ്രാഹ്മണ്യം ജനനംകൊണ്ടല്ലെന്നും കര്‍മംകൊണ്ടാണെന്നും യോഗ്യത നേടിയ ഏതൊരാള്‍ക്കും ക്ഷേത്രപൗരോഹിത്യം ഉള്‍പ്പെടെ എല്ലാ പൗരോഹിത്യത്തിനും അര്‍ഹതയുണ്ടെന്നും പാലിയത്തുചേര്‍ന്ന പണ്ഡിത സദസ്സ് വിളംബരം ചെയ്തു.

അതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച സംഘാടകൻ രാഷ്ട്രീയ സ്വയംസേവകസംഘത്തിന്റെ പ്രചാരകനായിരുന്ന മാധവ്ജിയായിരുന്നു. സംഘവും മാധവ്ജിയും അക്ഷീണം പ്രയത്നിച്ചതുകൊണ്ടാണ് അങ്ങനെയൊരു സാമൂഹ്യമാറ്റം കേരളത്തിലുണ്ടായത്.  അതിനുശേഷം തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ശാന്തി നിയമന പരീക്ഷയിൽ മുപ്പത്തൊന്നാം റാങ്കുകാരനായിരുന്ന ഈഴവസമുദായംഗമായ കെ എസ് രാകേഷ് എന്ന രാകേഷ് തന്ത്രികൾ ജോലിയിൽ പ്രവേശിയ്ക്കാൻ ക്ഷേത്ര ഭാരവാഹികൾ അനുവദിയ്ക്കാതിരുന്നപ്പോൾ സുപ്രീം കോടതിവരെ പോയി അനുകൂലവിധി സമ്പാദിയ്ക്കാൻ രാകേഷ് തന്ത്രികളുടെ ഒപ്പം നിന്നത് രാഷ്ട്രീയസ്വയം സേവക സംഘമാണ്. ഇന്ന് പറവൂർ രാകേഷ് തിരുവിതാം‌കൂർ ദേവസ്വം ബോർഡിന്റെ തന്ത്രി കൂടിയാണ് . നമ്പൂതിരി സമുദായത്തിൽ നിന്നല്ലാത്ത ആദ്യത്തെ തന്ത്രി . അദ്ദേഹത്തിന് മന്ത്രദീക്ഷ നൽകിയത് രാഷ്ട്രീയ സ്വ്യംസേവക സംഘത്തിന്റെ പ്രചാരകായ പി മാധവൻ എന്ന മാധവ്ജി ആയിരുന്നു .

സുപ്രീം കോടതി വരെ നീണ്ട നിയമ പോരാട്ടത്തിന് പിന്തുണ നൽകിയത് ആരെന്ന് ചോദിച്ചാൽ രാകേഷ് തന്ത്രികളുടെ മറുപടി ഇങ്ങനെയാണ് . ഹിന്ദു സംഘടനകളില്‍നിന്നും വലിയ പിന്തുണയാണ്‌ ലഭിച്ചത്‌. ആര്‍എസ്‌എസും ഹിന്ദുസംഘടനകളും നല്‍കിയ പിന്തുണയാണ്‌ സുപ്രീംകോടതി വരെ നിയമയുദ്ധം നടത്തുവാന്‍ എനിക്ക്‌ ആത്മവിശ്വാസം നല്‍കിയത്‌. ഹിന്ദു സംഘടനകള്‍ ഒപ്പം നിന്നു എന്നത്‌ തന്നെ വലിയ കാര്യമാണ്‌. വലിയൊരു പ്രചോദനമായിരുന്നു അത്‌

മാധവ് ജിയുമായുള്ള ബന്ധത്തെ അദ്ദേഹം ഇങ്ങനെ വിശദീകരിക്കുന്നു

മാധവ്ജിയില്‍നിന്നാണ്‌ മന്ത്രദീക്ഷ സ്വീകരിക്കുന്നത്‌. അദ്ദേഹത്തിന്റെ ശിഷ്യനായി കൂടെ കഴിഞ്ഞിരുന്ന കാലഘട്ടത്തിലാണ്‌ ആര്‍എസ്‌എസുമായി ബന്ധപ്പെടുന്നതും സ്വയംസേവകനാകുന്നതും ഗുരുദക്ഷിണ സമര്‍പ്പിച്ച്‌ തുടങ്ങുന്നതും. മാധവ്ജി മരിക്കുമ്പോള്‍ വലത്‌ കൈ എന്റെ കൈയിലും ഇടതുകൈ മേനോന്‍ സാറിന്റെ (ആര്‍എസ്‌എസ്‌ പ്രാന്ത സംഘചാലക്‌ പിഇബി മേനോന്‍)കയ്യിലുമായിരുന്നു. ഗുരുവിന്റെ വലിയൊരനുഗ്രഹമായിട്ടാണ്‌ അത്‌ ഞാന്‍ കരുതുന്നത്‌.

പുലയ സമുദായത്തിൽ പെട്ട യദു കൃഷ്ണൻ ഈയിടെ  മണപ്പുറം മഹാദേവ ക്ഷേത്രത്തിൽ പൂജാരിയായി. ഹിന്ദു സമൂഹത്തിന് അതൊരു ചരിത്ര പരമായ മുഹൂർത്തം തന്നെയാണ് . സാമൂഹ്യ സമരസത സംഘർഷത്തിലൂടെയല്ലാതെ സാദ്ധ്യമാക്കണമെന്ന് ചിന്തിക്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിനും ഇത് അഭിമാന മുഹൂർത്തം തന്നെ. ഇതൊക്കെയാണ് നവോത്ഥാനം.  പൂജയും ശാസ്ത്രങ്ങളും പഠിച്ച എല്ലാ ഹൈന്ദവ സമുദായാംഗങ്ങൾക്കും ശാന്തിയായും തന്ത്രിയായും കഴിഞ്ഞാൽ പൂർണ്ണമാകുമോ? ഒരിയ്ക്കലുമില്ല, സ്ത്രീകൾക്കും അതിനുള്ള അവകാശങ്ങളുണ്ടാവണ്ടേ? ഇപ്പോൾത്തന്നെ പല മഠങ്ങളുടേയും ആശ്രമങ്ങളുടേയും അധീനതയിലുള്ള ക്ഷേത്രങ്ങളിൽ മന്ത്രതന്ത്രാദികൾ പഠിച്ച സ്ത്രീകൾ പൂജ ചെയ്യാറുണ്ട്.

നമ്മുടെ നാട്ടിൽ സ്ത്രീകൾക്കും പൂജാധികൾക്ക് അവകാശമുണ്ടാവണം. വിധവകളായ സ്ത്രീകളെ പലവിധ കാരണങ്ങൾ പറഞ്ഞ് ഇന്നും പൂജയിൽ നിന്നൊക്കെ പങ്കുകൊള്ളാൻപോലും അനുവദിയ്ക്കാതെ ഒഴിവാക്കാറുണ്ട് ചില സമുദായങ്ങളിലെങ്കിലും. എന്നാൽ ശ്രീനാരായണഗുരുദേവൻ പ്രതിഷ്ഠിച്ച കുദ്രോളി ഗോകർണ്ണനാഥേശ്വരക്ഷേത്രത്തിൽ ദളിത സമുദായക്കാരായ വിധവകളായ അമ്മമാരാണ് പൂജാദികൾ നടത്തുന്നത്. അതുപോലെ എല്ലാവർക്കും അതിനുള്ള അവകാശങ്ങളൊക്കെ ഉണ്ടാവണം.

ഈ ചരിത്രമാറ്റത്തിന് ഇനിയും ഗതിവേഗം ആർജ്ജിക്കേണ്ടതുണ്ട് . ആയിരക്കണക്കിന് വർഷമായി സമൂഹത്തിലാഴ്ന്നിറങ്ങിയ ഭേദഭാവം കേവലം പത്തോ നൂറോ വർഷങ്ങൾ കൊണ്ട് പൂർണമായും മാറ്റാനാവില്ല എന്ന് സമ്മതിക്കുമ്പോൾ തന്നെ അതൊരു ഒഴിവുകഴിവായി കാണുകയും അരുത് . ഹിന്ദു സംഘടനകൾക്ക് ഇക്കാര്യത്തിൽ വലിയ മുന്നേറ്റങ്ങൾ തന്നെ നടത്താനുണ്ട് . എന്റെയുള്ളിലും നിന്റെയുള്ളിലും നിറഞ്ഞു നിൽക്കുന്നത് ഒരേ ഈശ്വര ചൈതന്യമാണെന്ന് പഠിപ്പിക്കുന്ന സംസ്കാരം നെഞ്ചിലേറ്റുന്നവർ അതിൽ അമാന്തം കാണിക്കാൻ പാടില്ല . പൂർവസൂരികൾ ആഗ്രഹിക്കുന്നതും അതു തന്നെയാണ്. ഇതൊക്കെയാണ് നവോത്ഥാനം. ഈ മാറ്റങ്ങളൊക്കെ ഉണ്ടാവുമ്പോഴും ശബരിമലയിൽ വിവേചനമോ വേർതിരിവോ ഒന്നുമില്ലാതെ തന്നെ നിൽക്കും.

10. ശബരിമലയിൽ മാത്രമേ ഇത്തരം വ്രതങ്ങളൊക്കെയുള്ളോ? എന്താണ് ശബരിമലയിലെ വ്രതത്തിന്റെ പ്രത്യേകത?

ശബരിമല വളരെ പ്രത്യേകതയുള്ള ഒരു ആരാധനാകേന്ദ്രമാണ്. ഹിന്ദുമതത്തിലെ വിവിധ ധാരകളായ ശൈവ, വൈഷ്ണവ, ശാക്തേയ, താന്ത്രിക, യോഗ, മാന്ത്രിക, ദേശിക സാധനകൾ ഒക്കെ ഈ ക്ഷേത്രത്തിൽ ഒരുമിയ്ക്കുന്നത് വളരെ ശ്രദ്ധേയമാണ്. ശിവന്റേയും വിഷ്ണുവിന്റേയും പുത്രൻ, ശൈവ രീതിയിൽ ഭസ്മം കരിമ്പടം മുതലായ വസ്ത്രധാരണം, മാളികപ്പുറത്ത് സാക്ഷാൽ മഞ്ജുനാഥയായ ഭഗവതിയുടെ ക്ഷേത്രം, അവിടെയുള്ള മഞ്ഞൾ നിവേദ്യം, ഗോത്രവർഗ്ഗ ആചാരങ്ങൾ പലതും കലർന്ന താന്ത്രിക പൂജാവിധികൾ,  കഞ്ചാവും മദ്യവും ഒക്കെ നൽകി ഭൂതഗണങ്ങളെ ആരാധിയ്ക്കുന്ന രീതികൾ, ഇപ്പോൾ നിന്നുപോയെങ്കിലും കാട്ടിൽ നിന്നെടുക്കുന്ന ശുദ്ധമായ തേൻ ശ്രീകോവിലിനുള്ളിൽ കയറി അയ്യപ്പനെ അഭിഷേകം ചെയ്യിയ്ക്കുന്ന വനവാസികൾ.  അതേ സമയം കൃത്യമായ അഷ്ടാംഗ യോഗ മാതൃകയിലെ യമ നിയമങ്ങൾ അനുസരിച്ചുള്ള വ്രതനിഷ്ഠ, യോഗമാർഗ്ഗത്തിലെ ബ്രഹ്മചര്യവൃതം, വാനപ്രസ്ഥാശ്രമത്തിലെപ്പോലെ നാൽപ്പത്തൊന്ന് ദിവസത്തെ നിഷ്ഠകൾ എന്നാൽ ഇതിന്റെയെല്ലാം അവസാന പദമായി, ലക്ഷ്യമായി സാക്ഷാൽ അദ്വൈതദർശനത്തെത്തന്നെ കാണുന്ന സങ്കൽപ്പം ഒക്കെ വേറേ ഏതെങ്കിലും ക്ഷേത്രത്തിലുണ്ടോ എന്നത് സംശയമാണ്.

ഏല്ലാ ആചാരങ്ങളും ഓരോ സങ്കൽപ്പങ്ങളാണ്. നമ്മുടെ ദൈവങ്ങൾ പോലും സങ്കൽപ്പങ്ങളാണെന്ന് വ്യക്തമായി പറയുന്ന സംസ്കാരമാണ് ഭാരതീയന്റേത്. ഓരോ സങ്കൽപ്പത്തിനും ശക്തിയുണ്ടെന്നും ആ ശക്തിയെ ഉപാസിച്ചാൽ അതിന്റെ ഫലം ലഭിയ്ക്കും എന്നുമാണ് ഭാരതീയ തത്വചിന്ത. കേരളത്തിലാണെങ്കിൽ ഒരു വിഗ്രഹം പ്രതിഷ്ഠിയ്ക്കുമ്പോൾ അതിനൊരു മൂലമന്ത്രവും മൂലമന്ത്രത്തിനു ധ്യാനശ്ലോകവും ഉണ്ടാകും. ഉദാഹരണമായി ഓം നമഃശിവായ എന്നതാണ് പരമശിവന്റെ മൂലമന്ത്രം. ഓം ഘ്രൂം നമഃ പരായ ഗോപ്ത്രേ എന്നതാണ് ശാസ്താവിന്റെ മൂലമന്ത്രം. ഇതിന്റെ വാക്കുകളുടെ അർത്ഥം നോക്കിയാൽ ശ്രേഷ്ഠനായരക്ഷകന് (ശാസ്താവിന്) നമസ്‌ക്കാരം എന്ന് വേണമെങ്കിൽ പറയാം. എന്നാൽ മൂലമന്ത്രത്തിന്റെ അർത്ഥം അതിലെ വാക്കുകളുടെ അർത്ഥം മാത്രമല്ല. അത് ഉപാസിച്ചാൽ നമ്മൾ അനുഭവിയ്ക്കുന്ന അനുഭവത്തിന്റെ വേറൊരു അർത്ഥതലം കൂടിയുണ്ട് എന്നാണ് മന്ത്രത്തെ ഉപാസിയ്ക്കുന്നവർ പറയുന്നത്.

ഈ രീതിയിലാണ് ആചാരങ്ങൾ പോകുന്നത്. ഇതിൽ വിശ്വാസവും ഭക്തിയുമില്ലെങ്കിൽ ഇതിനൊന്നും ഒരു അർത്ഥവുമില്ല. കത്തോലിക്കാസഭയിൽ വിശ്വാസമില്ലാത്തവന് പാതിരി തരുന്ന അപ്പത്തേക്കാളും വീഞ്ഞിനേക്കാളും മികച്ച അപ്പവും വീഞ്ഞും കടയിൽ കിട്ടുമല്ലോ എന്ന് തോന്നും. വിശ്വാസി അത് മേടിക്കാൻ എത്ര മണിക്കൂർ വേണേലും നിൽക്കും. അതുപോലെ ഉപാസകന് ഇതെല്ലാം ഓരോ അർത്ഥമുള്ള സാധനങ്ങളാണ്. 

ശബരിമല വൃതം എന്നത് നാൽപ്പത്തിയൊന്ന് ദിവസം നീണ്ടുനിൽക്കുന്ന ഒരു പരിശീലനമാണ്. കറുപ്പ് വസ്ത്രവും മറ്റുമുടുക്കുന്നത് വർണ്ണപ്പകിട്ടാർന്ന വസ്ത്രങ്ങൾ ഒഴിവാക്കാനാണ്. സ്വയം ദാരിദ്ര്യം ശീലിക്കണം. എന്തിനു ദാരിദ്ര്യം ശീലിയ്ക്കണം? പണമെന്നതും സ്വാമിയല്ലേ എന്ന് ചോദിച്ചാൽ ദാരിദ്ര്യം ശീലിയ്ക്കുന്നത് ആഗ്രഹങ്ങളെ അൽപ്പം ക്ഷയിപ്പിയ്ക്കാനാണ് എന്നേ മറുപടിയുള്ളൂ. സ്വന്തമായി ഭക്ഷണം പാചകം ചെയ്ത് നിവേദ്യമാക്കി കഴിയ്ക്കണം. മാംസം, മദ്യം ഒക്കെ ഒഴിവാക്കണം. ഉള്ളിപോലും ചിലർ കഴിയ്ക്കില്ല. വല്ല കാട്ടുകായും കൊണ്ടുണ്ടാക്കിയ മാല ജപിച്ചിടുന്നു. ചോറും പയറും ഒരുമിച്ച് വേവിച്ചായിരുന്നു മൂന്നു നേരം ഭക്ഷണം. അത് ബാഹ്യാചാരം. ലൈംഗികദാരിദ്ര്യവും ശീലിയ്ക്കും. ഭാര്യയും കാമുകിയും എല്ലാം സ്വാമി. നല്ല രുചിയുള്ള ആഹാരവും വസ്ത്രവും ഒക്കെ സ്വാമി തന്നെയാണെങ്കിലും പരിശീലന സമയത്ത് ഒഴിവാക്കി നിർത്തുന്ന പോലെ ലൈംഗികതസ്വാമിയേയും പരിശീലന സമയത്ത് ഒഴിവാക്കി നിർത്തുന്നു. അത് കൊണ്ട് പരമാവധി ആ വിധത്തിലുള്ള സ്ത്രീ സംസർഗ്ഗം ഒഴിവാക്കുന്നു. ഇത് സാമ്പ്രദായികമായി പുരുഷന്മാർ ചെയ്ത് വരുന്ന വൃതമായത് കൊണ്ട് ആ സ്ഥലത്ത് യൗവനയുക്തകളായ സ്ത്രീകളെ ഒഴിവാക്കിക്കാണും. അതാണിവിടത്തെ കഥ. ബ്രഹ്മചര്യത്തെപ്പറ്റി മുകളിൽ പറഞ്ഞിട്ടുണ്ട്.

ഇനി മനസ്സിൽ എങ്ങനെ വേണമെന്നാണ്? എല്ലാം സ്വാമിയാണ്. താൻ കാണുന്നതും കേൾക്കുന്നതും സ്വാമി. സ്വയം സ്വാമി. ഞാൻ പോകട്ടേ എന്ന് പറയുകയില്ല സ്വാമി പോകട്ടേ എന്നേ പറയൂ. സ്വന്തം കുട്ടിയായാലും അയലത്തെ കുഞ്ഞായാലും സ്വാമി.  വഴിയിൽ ഒരു കല്ലു കിടന്നാലും സ്വാമിയെന്നേ പറയാവൂന്നാണ്. കല്ലുസ്വാമി.പശുസ്വാമി, പോത്തുസ്വാമി, എരുമസ്വാമി, സൂര്യൻ സ്വാമി, ചന്ദ്രൻ സ്വാമി, ഞാൻ സ്വാമി. ഈ വ്രതം ശീലിയ്ക്കുന്നവൻ നാട്ടിൽ സ്ത്രീകളെ കാണുന്നില്ലേ, ജോലിസ്ഥലത്ത് കാണുന്നില്ലേ എന്നൊക്കെ ചോദിക്കാം. കാണുന്നുണ്ട്. അതെല്ലാം സ്വാമി എന്ന് കരുതണം. ഒരു സിനിമാ നടിയുടെ മനോഹരമായ ഡാൻസ് കാണേണ്ടിവന്നാൽ അതും സ്വാമി എന്ന് കരുതണം.

അപ്പൊ ശബരിമലയിൽ പോകുമ്പോ യുവതികളെക്കണ്ടാൽ അങ്ങനങ്ങ് ചെയ്താൽപ്പോരേ എന്ന് ചോദിക്കാം.

അങ്ങനെ എങ്കിൽ നേരത്തേ പറഞ്ഞ അഷ്ടവിധമൈഥുനം ഒഴിവാക്കൽ എന്ന സങ്കൽപ്പത്തിന് പിന്നെ എന്താണ് ഒരു വില? മാംസം കഴിയ്ക്കുമ്പോഴും അത് പച്ചക്കറിയെന്ന് സങ്കൽപ്പിച്ചങ്ങ് കഴിച്ചാൽ പോരേ? വെള്ളവസ്ത്രം കറുപ്പ് നിറമാണെന്ന് സങ്കൽപ്പിച്ച് അങ്ങ് ഉടുത്താൽ പോരേ എന്നൊക്കെ ചോദിയ്ക്കാം. ഇന്നേവരെ ഒരു ബ്രഹ്മജ്ഞാനിയായ സന്യാസിയും മാലയിട്ട് കറൂപ്പുടുത്ത് ശബരിമലയ്ക്ക് പോകുന്നത് കണ്ടിട്ടില്ല. അവർക്കതിന്റെ ആവശ്യമില്ല. അഷ്ടവിധമൈഥുനം ഒഴിവാക്കി വ്രതമെടുക്കുന്ന ആൾക്കാർ മാത്രമാണ് മലയ്ക്ക് പോകുന്നത്. അതായത് ഒഴിവാക്കണം എങ്കിൽ അത് ചെയ്യുന്നവർ ആയിരിയ്ക്കണമല്ലോ. വെജിറ്റേറിയൻ ആയുള്ള ആൾക്ക് പിന്നെ മാംസം ഒഴിവാക്കി വ്രതമെടുക്കേണ്ട കാര്യമില്ല.

അതായത് എല്ലാ വ്രതങ്ങളും ഓരോരോ ഫലങ്ങൾ കിട്ടാൻ വേണ്ടിയാണ്. പ്രമേഹം വന്നാൽ പഞ്ചസാര ഒഴിവാക്കുന്നതും ഒരു വ്രതം തന്നെ. നിങ്ങൾക്ക് എന്തേലും ഫലം കിട്ടും എന്ന് തോന്നലില്ലെങ്കിൽ പിന്നെ ആ വ്രതത്തെപ്പറ്റി നിങ്ങൾ ആലോചിയ്ക്കുകപോലും ചെയ്യേണ്ടതില്ല. നിങ്ങളെ സംബന്ധിച്ച് അത് മണ്ടത്തരമാണ്. നിങ്ങൾക്ക് വേണമെങ്കിൽ വ്രതങ്ങളെല്ലാം വെറും മണ്ടത്തരമെന്ന് പറയാം. മനുഷ്യർ ഇങ്ങനെ പലതും വിശ്വസിക്കുന്നുണ്ട് അത് എന്തോ ആകട്ടെ എന്ന് വിചാരിക്കുന്നതാണ് അങ്ങനെയുള്ളവർക്ക് എളുപ്പം. അതല്ല ആ വ്രതം ഗുണമുണ്ടാക്കും എന്ന് കരുതുന്നെങ്കിൽ പിന്നെ അതിന്റെ രീതിയിൽ ചെയ്യുക. അല്ലാതെ വേളാങ്കണ്ണി പള്ളിയിൽ പോയിരുന്ന് എനിയ്ക്ക് ലളിതാസഹസ്രനാമാർച്ചന നടത്തണം എന്ന് വാശിപിടിയ്ക്കുന്നതിനെയാണ് ദുർവാശി എന്നു പറയുന്നത്. അപ്പോൾ സ്വന്തം വാശിയ്ക്ക് എന്തോ തകരാറുണ്ട് എന്ന് സ്വയം മനസ്സിലാക്കണം.

അതായത് ശബരിമല നൈഷ്ഠികബ്രഹ്മചര്യമെടുത്തിരിയ്ക്കുന്ന ഒരു യോഗിയുടെ ക്ഷേത്രവും അവിടത്തെ വ്രതത്തിലെ പ്രധാന സങ്കൽപ്പംനൈഷ്ഠിക ബ്രഹ്മചര്യവുമാണ്. അവിടെ എത്തുന്ന ഭക്തരും നൈഷ്ഠികബ്രഹ്മചാരികൾ തന്നെ. അവർ സ്വയം മൂർത്തിയുമായി ഒരു ഏകത്വം കാണുന്ന സമൂഹമാണ് താനും. അതുകൊണ്ട് ആ സങ്കൽപ്പത്തിന്റെ ഭാഗമായാണ് അവിടെ യുവതികൾ പോകാത്തത്. യുവതികൾ പോയാൽ പിന്നെ അഷ്ടവിധമൈഥുനമൊഴിവാക്കിയ നൈഷ്ഠികബ്രഹ്മചര്യം എന്ന സങ്കൽപ്പത്തിന് ഒരു വിലയും ഇല്ല. യുവതികൾ അവിടെ ചെന്നാൽപ്പിന്നെ വ്രതസങ്കൽപ്പത്തിന് ഒരർത്ഥവുമില്ല. ശബരിമലയും ഗുരുവായൂരും ഒരു വ്യത്യാസവുമില്ല.

11. മൂലമന്ത്രമൊക്കെ പറഞ്ഞപ്പോഴാണ്. ശബരിമലയിൽ ധർമ്മശാസ്താവാണെന്നും ധർമ്മശാസ്താവിനു പത്നികളുണ്ടെന്നുമാണല്ലോ പറയുന്നത്. അപ്പോൾ നൈഷ്ഠിക ബ്രഹ്മചാരിയായ അയ്യപ്പനെവിടെ. അപ്പോൾ ധർമ്മശാസ്താവിനു പത്നിമാരുണ്ടെങ്കിൽ അയ്യപ്പനു നൈഷ്ഠികബ്രഹ്മചര്യം എവിടുന്നു വന്നു?

ഈ സംശയം ഒരു കുതർക്കമായി പലരും ചോദിച്ചുകാണുന്നതാണ്. കുതർക്കങ്ങൾ ഉന്നയിയ്ക്കുന്നവർക്ക് ഉത്തരം അറിയാഞ്ഞല്ല എന്ന് വ്യക്തമാണ്. ധർമ്മശാസ്താവ് എന്ന ദേവത പുരാതനമായ ഭാരതീയ ദേവതാസങ്കൽപ്പങ്ങളിൽ പ്രസിദ്ധമായ ഒന്നാണ്. ധർമ്മത്തെ ശാസിയ്ക്കുന്നതാണ് ശാസ്താവ് എന്നാണ് പൊതുവേ പറയുന്നത്.


ശ്രീനാരായണഗുരുദേവൻ എഴുതിയിട്ടുണ്ട്.

ധർമ്മ ഏവ പരം ദൈവം

ധർമ്മ ഏവ മഹാധനം

ധർമ്മസ്സർവ്വത്ര വിജയീ

ഭവതു ശ്രേയസേ നൃണാം


ധർമ്മം എന്നത് കേവലധർമ്മം മാത്രമല്ല, സാക്ഷാൽ പരമസത്യത്തേയും ധർമ്മമെന്ന് പറയും എന്നാണ് ഇതിൽ നിന്ന് മനസിലാകുന്നത്. അപ്പോൾ ശാസ്ത്രങ്ങളിലൂടെ ധർമ്മമാകുന്ന പരമസത്യത്തെ ശാസിയ്ക്കുന്നയാളെയാണ് ശാസ്താവ് എന്ന് പറയുന്നത്. ആ ദേവത തന്നെയാണ് ശബരിമലയിലുള്ളത്.

അപ്പോൾ അയ്യപ്പനോ? അയ്യപ്പൻ ശ്രീരാമനേയും ശ്രീകൃഷ്ണപരമാത്മാവിനേയും ഒക്കെപ്പോലെ ദേഹമെടുത്ത് ജീവിച്ചിരുന്ന ഒരു അവതാരപുരുഷനാണ്. കലിയുഗത്തിൽ ധർമ്മശാസനത്തിനെത്തിയതുകൊണ്ടുതന്നെ ധർമ്മശാസ്താവിന്റെ അവതാരമാണ്.

പന്തളരാജാവിനു കാട്ടിൽനിന്നു ലഭിച്ച മകൻ എല്ലാവർക്കും പ്രീയങ്കരനായി വില്ലാളിവീരനായി വളർന്ന് യോഗമാർഗ്ഗങ്ങളിലും ധനുർവേദമുൾപ്പെടെയുള്ള ആയുധപ്രയോഗങ്ങളിലും കേരളത്തിന്റെ തനതായ കളരിപ്പയറ്റിലുമൊക്കെ അതിവിദഗ്ധനായ വലിയ സേനാനായകനായിരുന്നു അയ്യപ്പൻ. നിത്യബ്രഹ്മചാരിയും യോഗിയുമായിരുന്നു ആ ബാലൻ. അമ്മയ്ക്ക് ഇല്ലാത്ത രോഗത്തിന് പുലിപ്പാലെടുക്കാൻ പോയ കഥ പ്രസിദ്ധമാണല്ലോ. പുലികളേപ്പോലെയുള്ള മൃഗങ്ങളേപ്പോലും ഇണക്കാൻ കഴിവുണ്ടെങ്കിൽ അതീവ തപോനിഷ്ഠയുള്ള സിദ്ധൻ തന്നെയായിരിയ്ക്കണം അദ്ദേഹമെന്ന് നിശ്ചയമാണ്. ആധുനികകാലത്ത് ശ്രീനാരായണഗുരുവിനും ചട്ടമ്പിസ്വാമികൾക്കും ഒക്കെ പുലിയും പാമ്പും ഉൾപ്പെടെയുള്ള ജന്തുക്കളെയൊക്കെ വശത്താക്കാനുള്ള സിദ്ധിയുണ്ടായിരുന്നുവെന്ന് ഒരുപാട് പേർ പറഞ്ഞിട്ടുണ്ട്. ശൈവ സിദ്ധപരമ്പരയിലെ രീതികളിലാണ് ഇത്തരം വിദ്യകളുള്ളതെന്ന് പറയപ്പെടുന്നു.

ഈഴവപ്രമാണിമാർ നടത്തിയിരുന്ന ആലപ്പുഴ മുഹമ്മയിലെ ചീരപ്പൻചിറ കളരിയിൽ വന്ന് പയറ്റ്  പഠിച്ചയാളാണ് മണികണ്ഠൻ. യോഗാസനത്തിലിരുന്ന് വായുവിനെ നിയന്ത്രിച്ച് ചെറിയൊരു ചുഴലിക്കാറ്റുണ്ടാക്കി മണ്ണ് പറത്തുന്ന വിദ്യയായ പൂഴിക്കടകൻ എന്നൊരു പയറ്റുമുറ അറിയാവുന്നത് ചീരപ്പൻ ചിറയിലെ ഗുരുക്കൾക്ക് മാത്രമായിരുന്നു. തെക്കൻ ദേശത്ത് ആ വിദ്യ അറിയാവുന്ന ചീരപ്പഞ്ചിറ പണിക്കർമാരുടെ തറവാട് കടത്തനാട്ടിലായിരുന്നു. ദേശവാസികളെ മാത്രമേ കളരിയിലെടുക്കൂ എന്ന ചീരപ്പഞ്ചിറ കളരിയിലെ നിയമമറിഞ്ഞ് വഴിയമ്പലത്തിലിരുന്ന മണികണ്ഠനെ സ്വന്തം സഹോദരനായ ശബരിയാണെന്ന പേരിൽ ആ കളരിയിൽ ചേർത്തത് അന്നാട്ടുകാരനായ  വെളുത്ത എന്ന അരയസമുദായത്തിലെ യുവാവാണ്.

വെളുത്തയുടെ സഹോദരനായി കളരിയിൽ നിന്ന് പഠിച്ച് പോയ മണികണ്ഠൻ പിന്നീട് ഒരിയ്ക്കൽക്കൂടി ചീരപ്പഞ്ചിറ കളരിയിൽ എത്തി. കാട്ടുകൊള്ളക്കാരൻ ഉദയനനെതിരേയുള്ള യുദ്ധസന്നാഹത്തിനു ഗുരുവിൽ നിന്ന് അനുവാദം ചോദിക്കാനും അനുഗ്രഹം വാങ്ങാനുമായിരുന്നത്. ഗുരുവും കുടുംബവും തറവാടായ കടത്തനാട്ടേയ്ക്ക് പോയിരിയ്ക്കുകയായിരുന്നു.  ഗുരു അവിടെയില്ലാഞ്ഞ് തന്റെ ഉടവാളും അരക്കച്ചയും കളരിയിൽ യാത്രാമൊഴിയായി വച്ച് അയ്യപ്പൻ മലയിലേക്ക്  നടന്നുകയറി.

കടത്തനാടുനിന്ന് തിരികെയെത്തിയ ഗുരുവും കുടുംബവും അയ്യപ്പസ്വാമികളുടെ അരക്കച്ചയും ഉടവാളും കളരിയിലിരിയ്ക്കുന്നത് കണ്ട് വെളുത്തയോട് കാര്യമന്വേഷിച്ചു.  വെളുത്തയാണ് അയ്യപ്പൻ ഉദയനനെ തുരത്താനായി എരുമേലിയിൽ തമ്പടിച്ചിരിയ്ക്കുകയാണ് എന്ന് ചീരപ്പഞ്ചിറ കാരണവരെ അറിയിച്ചത്. ചീരപ്പഞ്ചിറ തറവാട്ടിലെ സൈന്യത്തെ ഉടനേ തന്നെ അയ്യപ്പനെ സഹായിയ്ക്കാനായി ഗുരു എരുമേലിയ്ക്ക് പറഞ്ഞയച്ചു. ആ ഉടവാളും അരക്കച്ചയും ഇന്നും ചീരപ്പഞ്ചിറ കളരിയിലുണ്ട്. അയ്യപ്പൻ വെറുമൊരു മിത്തല്ല.

കാട്ടുകള്ളന്മാർക്കെതിരേയുള്ള ഒരു യുദ്ധവും അയ്യപ്പന്മാർക്ക് പുത്തരിയല്ല താനും.  യോഗമൂർത്തിയായ ചിന്മുദ്രാധാരി മാത്രമല്ലയ്യൻ. ധർമ്മസംസ്ഥാപനാർത്ഥം വാളെടുത്ത് യുദ്ധം ചെയ്ത പതിനെട്ടടവുകളുടേയും കളരിവിദ്യയുടേയും അകം പൊരുളറിഞ്ഞ യുദ്ധമൂർത്തി കൂടിയാണയ്യപ്പൻ. പന്തളം രാജാവിനു കാട്ടിൽ നിന്ന് കിട്ടിയ വളർത്തുമകൻ.  ഈഴവനായ ഗുരുവിന്റെ കീഴിൽ അരയന്റെ അനുജനായി പയറ്റു പഠിച്ച് നായന്മാരും മലയരന്മാരും വനവാസികളുമുൾപ്പെടെ ഈ നാട്ടിലെ എല്ലാ ജാതിക്കാരേയുമുൾക്കൊള്ളുന്ന സൈനിക സംഘമുണ്ടാക്കി അനീതിയ്ക്കെതിരേയും കാട്ടു കൊള്ളയ്ക്കെതിരേയും പടപൊരുതിയ യോദ്ധാവാണയ്യൻ.

എന്തിനാണധികം പറയുന്നത്? ജാതികൾക്കതീതമായി ഈ കേരളനാടിന്റെ ഒരുമിപ്പിച്ച ഏകതയാണയ്യപ്പൻ. ഈ അയ്യപ്പൻ ഉദയനനെന്ന കാട്ടുകൊള്ളക്കാരന്റെ മറവപ്പടയെ തുരത്തിയോടിച്ച യുദ്ധത്തിനു ശേഷം ശബരിമലയിൽ തന്റെ അടുത്ത അനുചരരോടൊപ്പം തപസ്സുചെയ്ത്  ശ്രീധർമ്മശാസ്താവിൽ വിലയം പ്രാപിച്ചെന്നാണ് കഥ. അതായത് ശബരിമലയിൽ ധർമ്മശാസ്താവുമുണ്ട് അയ്യപ്പനുമുണ്ട്. 

ഇതിനൊരു എല്ലാവർക്കും മനസ്സിലാകുന്ന ഉദാഹരണം പറയാം. എല്ലാവർക്കും പ്രീയങ്കരമായ മഹാക്ഷേത്രമാണല്ലോ ഗുരുവായൂർ. ഗുരുവായൂരിൽ ഏതാണ് പ്രതിഷ്ഠ?

ഗുരുവായൂരിലെ വിഗ്രഹം സാക്ഷാൽ ശ്രീകൃഷ്ണപരമാത്മാവിന്റെ മാതാപിതാക്കളായ ദേവകിയും വസുദേവരും പൂജിച്ചിരുന്ന വിഷ്ണു വിഗ്രഹമാണെന്നും സാക്ഷാൽ ശ്രീകൃഷ്ണപരമാത്മാവ് തന്നെ ആ വിഗ്രഹത്തിൽ സ്വയം പൂജചെയ്തിട്ടുണ്ടെന്നുമാണ് ഐതിഹ്യം. ആ വിഗ്രഹം ഗുരുവായൂരിലെത്തിയപ്പോൾ നാം അതിൽ ഉണ്ണിക്കണ്ണനെയല്ലേ, അതായത് ശ്രീകൃഷ്ണപരമാത്മാവിന്റെ ചെറുപ്പകാലത്തെയല്ലേ കാണുന്നത്? സാക്ഷാൽ തേജോരൂപിയായ മഹാവിഷ്ണുവിന്റെ ക്ഷേത്രമാണെങ്കിൽ വെണ്ണനിവേദ്യവും ഓടക്കുഴലും മഞ്ചാടിവാരലുമുൾപ്പെടെ അവിടുള്ള സകല പൂജകളും വിധികളും ശരിയല്ല എന്ന് വരുന്നു.

പക്ഷേ സത്യജ്ഞാനികൾ ആ വിഗ്രഹ ചൈതന്യത്തിൽ ശരീരമെടുത്ത് ഈ ഭൂമിയിൽ ജീവിച്ച് ദേഹം വെടിഞ്ഞ ശ്രീകൃഷ്ണപരമാത്മാവിന്റെ ശൈശവ കാലത്തിന്റെ വൈഭവം ദർശിച്ചതുകൊണ്ടല്ലേ ആ ക്ഷേത്രത്തിലെ ചൈതന്യത്തെ ഗുരുവായൂർ അമ്പാടിക്കണ്ണനായി എല്ലാവരും കരുതുന്നത്? അപ്പോൾ സാക്ഷാൽ ശ്രീകൃഷ്ണൻ സ്വന്തം രൂപത്തെയാണോ പൂജിച്ചിരുന്നത്? ശ്രീകൃഷ്ണപരമാത്മാവിന്റെ മാതാപിതാക്കളായ ദേവകീവസുദേവർമാർ ശ്രീകൃഷ്ണൻ ജനിയ്ക്കുന്നതിനു മുൻപേ തന്നെ പൂജിച്ചിരുന്ന വിഗ്രഹം  ശ്രീകൃഷ്ണന്റെ ബാല്യകാലലീലകൾ കാട്ടുന്നതെങ്ങനെ? അതിനൊരുത്തരമേ ഉള്ളൂ. അവതാരപുരുഷനായ ശ്രീകൃഷ്ണപരമാത്മാവിന്റെ ചൈതന്യത്തെക്കൂടി ആ വിഗ്രഹത്തിൽ മനോനൈർമ്മല്യമുള്ള ഭക്തർക്ക് കാണാനായപ്പോൾ അവർ അതിനുതക്ക പൂജകൾ കൂടി കൂട്ടിച്ചേർത്തു. ശ്രീകൃഷ്ണഭഗവാൻ പൂജിച്ചിരുന്ന വിഗ്രഹം പിന്നീട് ശ്രീകൃഷ്ണപരമാത്മാവിന്റെ ബാല്യകാലചൈതന്യം കൂടിച്ചേർന്നതുപോലെ അയ്യപ്പസ്വാമികൾ ഭജിച്ചിരുന്ന ശബരിമലയിൽ അയ്യപ്പചൈതന്യമാണ് നൈർമ്മല്യമുള്ള ഭക്തർക്ക് കാണാനാകുന്നത്. അത്രയേ ഉള്ളൂ കാര്യം.

ഇനി ധർമ്മശാസ്താവിന്റെ പത്നിമാരാണ്. ഗുരുവായൂർ ഉദാഹരണം തന്നെ പറയാം. ഭഗവാൻ മഹാവിഷ്ണുവിന്റെ പത്മിയായ ലക്ഷ്മീദേവിയെ അദ്ദേഹത്തിന്റെ അവതാരമായ വാമനന്റെ പത്നിയായി കാണുമോ? ശ്രീകൃഷ്ണഭഗവാന്റെ പത്നിയായി ലക്ഷ്മീദേവിയ കാണാനാകുമോ? ശ്രീകൃഷ്ണഭഗവാന്റെ പത്മിമാരായ രുഗ്മിണീ സത്യഭാമമാരിൽ ലക്ഷ്മീചൈതന്യം കാണാം എന്നേ പറ്റൂ. അപ്പോഴും വാമനൻ ബ്രഹ്മചാരി തന്നെയാണ്. എന്നാൽ തേജോരൂപിയായ അവതാരമായ നരസിംഹാവതാരത്തിന്റെ പത്നിയായി ലക്ഷ്മീദേവിയെ സങ്കൽപ്പിക്കാറുണ്ട്.

ഇനി സാക്ഷാൽ കൈലാസവാസിയായ ശിവപ്പെരുമാളിന്റെ അവതാരമാണ് ആദിശങ്കരാചാര്യർ എന്നാണ് കരുതപ്പെടുന്നത്. അദ്ദേഹത്തെ ആരെങ്കിലും മഹാമായയായ ഭഗവതിയുടെ ഭർത്താവായിക്കാണുമോ? എത്രയോ മഹാപാപമായിരിയ്ക്കും അങ്ങനെ കരുതിയാൽ എന്നാലോചിയ്ക്കുക. ശങ്കരാചാര്യർ അമ്മേ എന്നാണ് ഭഗവതിയുടെ ഭജനം നടത്തുന്നത് എന്നോർക്കണം. പൂർണ്ണ പുഷ്കലദേവിമാർ അയ്യപ്പന്റെ ഭാര്യമാരാണെന്ന് പറയുന്നവർ അതുപോലെയുള്ള മഹാപാപമാണ് ചെയ്യുന്നത്. ശാസ്താവ് ധർമ്മം ശാസിച്ചുതന്നത് മനസ്സിലായാൽ ലഭിയ്ക്കുന്ന വൈഭവങ്ങളാണ് പൂർണ്ണത്വവും പുഷ്കലത്വവും. ശാസ്തൃത്വത്തിലൂടേ പൂർണ്ണത്വവും പുഷ്കലത്വവും ചേർന്നു ലഭിയ്ക്കുന്നത് സത്യകനെന്ന ഫലവും.  കുയുക്തികൾ പറയുന്നവരോട് അതൊന്നും പറഞ്ഞിട്ടു കാര്യമില്ലെങ്കിലും അതും കൂടി പറയണമല്ലോ.

12. ഒന്ന് ചോദിയ്ക്കട്ടേ…അയ്യപ്പനു യുവതികളെക്കണ്ടാൽ എന്താണു കുഴപ്പം? നിയന്ത്രണം പോകുമോ?

കളിയാക്കിയാണെങ്കിലും പ്രധാനപ്പെട്ട ഒരു ചോദ്യമാണിത്.

ശ്രീനാരായണഗുരുവിന്റെ വിശേഷപ്പെട്ട കൃതിയായ കാളീനാടകം അവസാനിയ്ക്കുന്നത് ഇങ്ങനെയാണ്.


പണം പെണ്ണിലും മണ്ണിലും ചെന്നു പുക്കാ-

ശ്വസിച്ചാത്തമോദം ഗുണം കെട്ടു

ദുഃഖിച്ചു പോവാനയയ്ക്കൊല്ല ണം

ദേഹമെന്നോർത്തു സത്ത്വാദിയാം മുക്കുണംകെട്ടു

പെട്ടോരു മായാവിലാസം ക്ഷണം ക്ഷീണ-

ലോകപ്രപഞ്ചപ്രവാഹം ക്ഷണജ്യോതിരാചന്ദ്രതാരം

നമസ്തേ ശിവാംബാ, നമസ്തേ! നമസ്തേ!

ധനത്തിലും സ്ത്രീയിലും സമ്പത്തിലും മോഹിച്ച് അവിടെയൊക്കെ സുഖമുണ്ടെന്ന് കരുതി സന്തോഷപൂർവ്വം നന്മയെല്ലാം നശിച്ച് ദുഃഖത്തിൽ അകപ്പെട്ടു പോകാനിടയാക്കരുതേ എന്നാണ് ഗുരുദേവൻ പറയുന്നത്. ഗുരുദേവനു പണത്തിലും പെണ്ണിലും മണ്ണിലും ഒക്കെ സംഗമുണ്ടായിരുന്നു എന്നാണോ ഇതിനെല്ലാം അർത്ഥം? ഇതിലെ പെണ്ണ് എന്ന കാര്യം പ്രത്യേകം ശ്രദ്ധിയ്ക്കേണ്ടതാണ്. ഗുരുദേവനിൽ  സ്ത്രീവിരുദ്ധതയൊക്കെ വേണമെങ്കിൽ ആരോപിയ്ക്കാവുന്ന ഭാഗമാണിത്.

എന്നാൽ പറയുന്നത്, പ്രാർത്ഥിയ്ക്കുന്നത് ആരോടാണ് എന്ന് ചോദിച്ചാൽ അത്തരം കുയുക്തികളുമായൊക്കെ വരുന്നവർ അടങ്ങിക്കോളും. സാക്ഷാൽ പെണ്ണായ, കാളിയായ നാദബിന്ദ്വാത്മികയോടാണ്, പെണ്ണിനോട് തന്നെയാണ് ഗുരുദേവൻ പെണ്ണിൽ മോഹിച്ചുപോകരുതേ എന്ന് പറയുന്നത്. ഇതെഴുതിയപ്പോൾ ഗുരുദേവൻ ഇനി അത്തരം വാസനകളൊന്നും നശിയ്ക്കാത്തയാളായിരുന്നു എന്ന് പറഞ്ഞാൽ അനുഭവരസം ഉതിരുന്ന ഈ കൃതിയിലെത്തന്നെ മറ്റുവരികൾ നോക്കിയാൽ 100 ശതമാനം വ്യക്തമാകും ഗുരുദേവന്റെ ബ്രഹ്മനിഷ്ഠ.

അപ്പോൾ ആർക്കായാണ് ഗുരുദേവൻ ആ വരികൾ എഴുതിയത്? ഗുരുദേവൻ ആ വരികളെന്നല്ല എല്ലാ വരികളും എഴുതിയത് അദ്ദേഹത്തിന്റെ ഭക്തർക്കായാണ്. ഈ ഗുരുദേവൻ മാത്രമല്ല, എല്ലാ ഗുരുദേവന്മാരും എഴുതുന്നത് നമുക്കായാണ്. സ്വാനുഭവഗീതികൾ ഇല്ലെന്നല്ല, പക്ഷേ അത് കണ്ടാൽത്തന്നെ നമുക്ക് മനസ്സിലാകും. എല്ലാ കൃതികളിലും അൽപ്പാൽപ്പം സ്വാനുഭവമഹാത്മ്യം വാക്കുകളിലടച്ച് ബാക്കി ഉപാസകർക്ക് ഉപാസന ചെയ്യാൻ വേണ്ടിയാണ് ഗുരുജനങ്ങൾ ഒക്കെ ഓരോന്നെഴുതുന്നത്. ഗുരുദേവൻ ഇനിയും എഴുതിയിട്ടുണ്ട്. മനനാതീതം എന്ന പ്രമുഖമായ ഒരു കൃതിയാണത്. സ്ഥിരമായ ബ്രഹ്മചര്യവൃതം പാലിയ്ക്കാനാവാതെ തന്റെ ചില ശിഷ്യന്മാർ ബ്രഹ്മചര്യവ്രതത്തിൽ നിന്ന് ഭ്രംശിച്ചുപോകുന്നത് കണ്ട് അവരെ സഹായിയ്ക്കാനാണ് ഗുരുദേവൻ മനനാതീതം എന്ന സ്തോത്രകൃതിയെഴുതിയത്.

കരിങ്കുഴലിമാരൊടു കലർന്നുരുകിയപ്പൂ-

ങ്കുരുന്നടി പിരിഞ്ഞടിയനിങ്ങു കുഴയുന്നു;

പെരുംകരുണയാറണിയുമയ്യനെ മറന്നി-

ത്തുരുമ്പനിനിയെന്തിനുയിരോടു മരുവുന്നു?

സുന്ദരികളായ സ്ത്രീകളുമായി പരിചയിച്ച് പഴകിയതുകൊണ്ട് പൂ പോലെ മൃദുലവും സുന്ദരവുമായ ഭഗവത്പാദം മറന്ന് ഭക്തനായ ഈ ദാസൻ ലോകത്ത് വല്ലാതെ ക്ളേശിയ്ക്കുന്നു. വലിയ കാരുണ്യം തന്നെ ആറായി ഒഴുകുന്ന ഗംഗയെത്തന്നെ  തലയിൽ ധരിയ്ക്കുന്ന ശിവനെ ഓർക്കാതെ സദാ ജീർണ്ണിയ്ക്കുന്ന ദേഹത്തിലഭിമാനം കൊള്ളുന്ന ഈ ജഢമോഹി പ്രാണനും വഹിച്ച് എന്തിനിങ്ങനെ ദുഃഖമയമായ ജീവിതം കഴിച്ചുകൂട്ടുന്നു?

മരുന്നു തിരുനാമമണിനീറൊടിതു മന്നിൽ

തരുന്നു പല നന്മ തടവീടുമടി രണ്ടും

വരുന്ന പല ചിന്തകളറുന്നതിനുപായാ-

ലിരന്നിതു മറന്നുകളയായ്‌വതിനടുത്തേൻ.

സംസാരലോകത്തിനുള്ള മരുന്ന് ശിവ ശിവ എന്നിങ്ങനെയുള്ള തിരുനാമം തന്നെയാണ്. ഈ നാമം ഭൂമിയിലെ ജഢജീവിതത്തിൽ പലവിധ നന്മകളും നേടിത്തരാൻ കഴിവുള്ള ശിവപാദങ്ങൾ രണ്ടും പൂശിയിരിയ്ക്കുന്ന വിഭൂതിയോടൊപ്പം സദാ ഉള്ളിൽ ഉറപ്പിയ്ക്കുന്നു. എത്ര തടഞ്ഞാലും നിലയ്ക്കാതെ വന്നുകൊണ്ടിരിയ്ക്കുന്ന പലവിധ ലൗകിക ചിന്തകളും വിട്ടുപോകുന്നതിന് ഉപായമായി ഈ നാമോച്ചാരണം വഴിയുള്ള പാദസ്മരണ യാചിച്ച് അതൊരിയ്ക്കലും മറന്നുപോകാതിരിയ്ക്കാൻ ഞാൻ ശിവനോടടുത്തു.

അടുത്തവരൊടൊക്കെയുമെതിർത്തു പൊരുതീടും

പടത്തലവിമാരൊടു പടയ്ക്കടിയനാളോ?

എടുത്തരികിരുത്തിയരുളേണമിനിയും പൊ-

ന്നടിത്തളിർമറന്നിവിടെയെന്തിനലയുന്നു?

പരിചയിച്ചു പഴകുന്നവരോടൊക്കെ പലതരം ആഗ്രഹങ്ങൾ നിരത്തിവച്ച് നേരേയൊരു യുദ്ധത്തിനുതന്നെ മുതിരുന്ന പടയാളികൾക്ക് തുല്യമായ സ്ത്രീജനങ്ങളൊട് പൊരുതി ജയിയ്ക്കാൻ ഈ ഭഗവത് ദാസൻ കരുത്തനാകുമോ? ഇവനേക്കൂടി ഭക്തവർഗ്ഗത്തിലംഗീകരിച്ച് സദാ സാന്നിദ്ധ്യം കൊണ്ടനുഗ്രഹിയ്ക്കണം. ദുഃഖമയമായ ഈ ലോകത്ത് ഭഗവാന്റെ പൊൽകാൽത്തളിർ മറന്ന് ജഡദേഹങ്ങളുടെ പിന്നാലെ എന്തിനു പറ്റിക്കൂടുന്നു?

അലഞ്ഞു മുലയും തലയുമേന്തിയകതാരിൽ

കലങ്ങിയെഴുമാഴിയുമഴിഞ്ഞരിയ കണ്ണും

വിളങ്ങി വിളയാടി നടകൊള്ളുമിവരോടി-

മ്മലങ്ങളൊഴുകും കുടിലിലാണു വലയുന്നു.

ആടിയാടി മാർവിടവും ശിരസ്സും ചലിപ്പിച്ച് ഉള്ളിൽ കാമാദിവികാരങ്ങൾ കൊണ്ട് കലങ്ങിയ ഹൃദയവും പുറമേ പ്രേമം പ്രകടമാക്കുന്നതായിത്തോന്നുന്ന മനോഹരമായ കടാക്ഷവും അങ്ങനെ സൗന്ദര്യം കാട്ടി ലീലാവിലാസങ്ങളോടെ സമീപിയ്ക്കുന്ന ഈ സ്ത്രീജനങ്ങളോട് ചേർന്ന് പലതരം മാലിന്യങ്ങൾക്കുമുറവിടമായ ദേഹത്തെ മോഹിച്ച് വല്ലാതെ ക്ളേശിയ്ക്കുന്നു.

വളഞ്ഞു വലകെട്ടി മദനപ്പുലയനുള്ളം

കളഞ്ഞതിലകപ്പറവ വീണു വലയുന്നു;

വളഞ്ഞ കുഴലോടുമുലയുന്ന മിഴിയീന്നും

വിളഞ്ഞതതിലെന്തിനു കിടന്നു ചുഴലുന്നു?

കാമനാകുന്ന കാട്ടാളൻ മനുഷ്യനെ അകപ്പെടുത്താൻ ചുറ്റും വലവീശി ഹൃദയമാകുന്ന പക്ഷി ഉള്ളിലെ അഭയസ്ഥാനമാകുന്ന ഈശ്വരനെ മറന്ന് ആ വലയിലകപ്പെട്ടു പിടയുന്നു. ചുരുണ്ട തലമുടിയാകുന്ന വലയോട് ചേർന്ന് ചഞ്ചലമായ കണ്ണുകളാകുന്ന ഇര ഇപ്പോഴും ആരേയും ആകർഷിയ്ക്കാൻ കഴിവുള്ളതാണ്. വലയിലകപ്പെട്ട് ഇങ്ങനെ പിടഞ്ഞിട്ട് എന്ത് പ്രയോജനം?

ചുഴന്നു വരുമാളുകളെയൊക്കെ വിലകൊണ്ടി-

ങ്ങെഴുന്നണയുമെന്നൊരറിവുണ്ടടിയനിന്നും

ഉഴന്നവരിലുള്ളമലയാതിവിടെയൊന്നായ്-

ത്തൊഴുന്നു തുയരോടിവിടെ നിന്നടിയിണയ്ക്കായ്.

പലതരം പ്രശ്നങ്ങളുമായി തന്നെ സമീപിയ്ക്കുന്നവരെയെല്ലാം അവരവർക്കുചിതമായ നിലയിൽ വിലയിരുത്തി ഇവിടെ അവരെ നേരിടാൻ കഴിയും എന്നൊരു ധാരണ ഇപ്പോഴും ഈ ഭക്തനിൽ ബാക്കിയുണ്ട്. പലവിധജീവിതപ്രശ്നങ്ങളിൽപ്പെട്ടു വിഷമിയ്ക്കുന്നവരെക്കണ്ട് മനസ്സിളകാൻ ഇടവരാതെ ആകാംക്ഷയോടെ അനിത്യവും അസുഖവുമായ ഈ ലോകത്ത് ഭഗവത്പാദം കണ്ടെത്താനായി ഇവിടെ ഈശ്വരൻ മാത്രമേ സത്യമായുള്ളൂ എന്നറിഞ്ഞ് കൈകൂപ്പുന്നു..

ഇണങ്ങിയിരുകൊങ്കയുമിളക്കിയുയിരുണ്ണും

പിണങ്ങളൊടു പേടി പെരുതായി വിളയുന്നു;

മണംമുതലൊരഞ്ചിലുമണഞ്ഞു വിളയാടും

പിണങ്ങളൊടു ഞാനൊരു കിനാവിലുമിണങ്ങാ.       

കാമപൂരണം ലക്ഷ്യമാക്കാനുള്ള സ്ത്രീപുരുഷസ്നേഹം വെറും ഇന്ദ്രിയ വിഷയങ്ങളെ മാത്രമാണല്ലോ ലക്ഷ്യമാക്കുന്നത്. ഇന്ദ്രിയ വിഷയങ്ങൾ ജഢങ്ങളാണ്. ഈ ജഢങ്ങളിൽ മോഹിയ്ക്കുന്നവർ ആത്മാവിനെ അറീയുന്നില്ല. അതുകൊണ്ട് അവർ സ്നേഹിയ്ക്കുന്നതും കൊതിയ്ക്കുന്നതും പിണങ്ങളേയാണ്. പിണം എന്ന പദത്തിനു മൃതദേഹം എന്നാണർത്ഥം. ആത്മാവിനെ അറിയാത്തവർ പിന്ന്യറിയുന്നത് ജഢത്തെയാണല്ലോ. കേവലം ജഡബുദ്ധികളായ സ്ത്രീകളോടെന്നല്ല ഒരുത്തരോടും ബന്ധം പുലർത്തുന്നതിഒരു സത്യാന്വേഷിയ്ക്ക് നന്നല്ല. അതുകൊണ്ട് ജഡബുദ്ധികളുമായി സംഗപ്പെടുകയില്ല എന്ന പ്രതിജ്ഞയാണ് ഒരു സത്യജിജ്ഞാസു ആദ്യമായെടുക്കേണ്ടത്. ഇതുകൊണ്ടാണ് ദാമ്പത്യജീവിതത്തിൽ മുന്നോട്ടുപോകുന്തോറും ഭാര്യ ഭർത്താവിലും ഭർത്താവ് ഭാര്യയിലും ആത്മാവിനെ ദർശിച്ച് സ്വയം ആത്മസാക്ഷാത്കാരത്തിന് വഴിതെളിയ്ക്കണമെന്ന് ഗുരുദേവനെപ്പോലുള്ള ഋഷീശ്വരന്മാർ ആവശ്യപ്പെടുന്നത്.

ഇണങ്ങണമെനിക്കരുളിലെന്തിനു കിടന്നീ

ഗുണങ്ങളൊഴിയും കുലടമാരൊടലയുന്നു;

പിണഞ്ഞു പുണരും പെരിയ പേയടിയൊടേ പോയ്

മണങ്ങളുമറുന്നതിനിതാ മുറയിടുന്നൂ.

ആത്മാവിനെ മാത്രം കൊതിയ്ക്കുന്ന ഈ ഭക്തനു ഭഗവദനുഗ്രഹത്തിനു പാത്രമാകാൻ ഭാഗ്യമുണ്ടാകണം. ആത്മാന്വേഷണത്തിനു സഹായകമായ നന്മകളൊന്നുമില്ലാത്ത ഇന്ദ്രിയസുഖത്തെ മാത്രം മാറിമാറിക്കൊതിയ്ക്കുന്ന ഈ സ്ത്രീവർഗ്ഗത്തോട് കൂടിച്ചേർന്ന് വിഷമിയ്ക്കുനതെന്തിന്? ആലിംഗനസുഖത്തിനു പ്രേരിപ്പിയ്ക്കുന്ന കാമപ്പിചാച് പൂർണ്ണമായുമൊഴിഞ്ഞ് ശബ്ദസ്പർശാദി ഇന്ദ്രിയപ്രലോഭനങ്ങളും നിശ്ശേഷം ഇല്ലാതാകുന്നതിന് ഭഗവാനോട് കേണിരക്കുന്നു.

മുറയ്ക്കു മുറ മിന്നി മറയും മിഴിയിളക്കി-

ത്തെറിക്കുമൊരു പെൺകൊടി ചെറുത്തടിയിലാക്കി

മറുത്തു വിളയാടി മരുവുന്നിടയിലെല്ലാം

വെറുത്തു വരുവാനെഴുതി നിന്തിരുവടിക്കായ്.

അടിയ്ക്കടി തിളങ്ങിച്ചലിയ്ക്കുന്ന കണ്ണുകളെറിഞ്ഞ് വിലാസഭംഗി കാണിയ്ക്കുന്ന ഒരു സുന്ദരി വശപ്പെടുത്തി അടിമയാക്കി നമ്മുടെ ഇഷ്ടാനിഷ്ടങ്ങൾ നോക്കാതെ രസിച്ചും രസിപ്പിച്ചും കഴിഞ്ഞുകൂടുമ്പോഴെല്ലാം ഇന്ദ്രിയസുഖങ്ങളോട് വൈരാഗ്യം കൂടിവരാൻ ഞാൻ ഭഗവാനെ സ്മരിച്ചു പ്രാർത്ഥിച്ചു.

അയയ്ക്കരുതിനിച്ചടുലലോചനയൊടപ്പൊൻ-

ശയത്തളിരിലേന്തിയടിയോടവനിയിന്മേൽ

മയക്കവുമറുത്തു മണിമേനിയിലണച്ചീ-

ടയയ്ക്കരുതയയ്ക്കരുതനംഗരിപുവേ നീ.

പൊൻ നിറമുള്ള തളിരിനു തുല്യമായ ഉള്ളം കൈത്തലം ഗ്രഹിച്ച്, അതായത് പാണീഗ്രഹണം നടത്തി ജീവിതം മുഴുവൻ സ്ത്രീയോടൊപ്പം കഴിയാൻ ഭൂമിയിൽ എന്നെക്കൊണ്ട് എത്തിയ്ക്കരുത്. മായാമോഹം തീർത്ത് തേജോമയനായ ഭഗവത് സ്വരൂപത്തോട് ചേർക്കണം. കാമനെ ദഹിപ്പിച്ച അല്ലയോ ഭഗവൻ, ഈ സംസാര ദുഃഖത്തിൽ അവിടുന്നെന്നെ തള്ളിവിടരുത്.

(ഗുരുദേവകൃതികളുടെ അർത്ഥം https://sreyas.in/8407 ഈ ഗ്രന്ഥത്തിൽ നിന്നെടുത്തതാണ്)

ഇത് വായിച്ചിട്ടെന്ത് തോന്നുന്നു? ഗുരുദേവൻ യുവതികളെക്കണ്ട് നിയന്ത്രണം പോയ ആളാണെന്ന് തോന്നുന്നുണ്ടോ?

ശിഷ്യന്മാർക്ക് വേണ്ടിയാണ് ഗുരുദേവനിതെഴുതിയത്. പുരുഷനായി ജനിച്ച ഗുരുദേവൻ പുരുഷന്മാരായ ശിഷ്യന്മാർക്കെഴുതിയതിനാൽ ഇതിൽ സ്ത്രീയെപ്പറഞ്ഞിരിയ്ക്കുന്നു. സ്ത്രീകൾ ഇത് പുരുഷനെ പറഞ്ഞിരിയ്ക്കുന്നതായി വിചാരിയ്ക്കണം. അത്രയേ ഉള്ളൂ.

പുരുഷനായിപ്പിറന്ന അയ്യപ്പസ്വാമികൾ തന്റെ ഭക്തർക്ക് ഇങ്ങനെ വൃതം നടത്താൻ പറഞ്ഞു. സാമ്പ്രദായികമായി പുരുഷന്മാർ അനുഷ്ഠിയ്ക്കുന്ന വ്രതമായതുകൊണ്ട് യുവതികൾ അവിടെ നിന്ന് അതിനെ മാനിച്ച് ഒഴിഞ്ഞുനിന്നു. അത്രമാത്രമാണ് കാര്യം.

ഇത് വായിച്ചുകഴിഞ്ഞിട്ട് അയ്യപ്പസ്വാമികളുടെ കണ്ട്രോളിനെപ്പറ്റി ഇനി അധികം സംശയമുണ്ടാകില്ലെന്ന് തോന്നുന്നു. ഇനി ഹിന്ദുക്കളിലെ ഈ കണ്ട്രോൾ പോകുമോ എന്ന സങ്കൽപ്പത്തെപ്പറ്റി അൽപ്പം പറയേണ്ടതുണ്ട്. മറ്റു മതങ്ങളിലെപ്പോലെ കാമവികാരം തോന്നുന്നത് ഹൈന്ദവർക്ക് പാപമൊന്നുമല്ല. കാമം എല്ലാവർക്കുമുണ്ടാകും ദേവന്മാർക്കും ദേവതകൾക്കും വരെ. മഹർഷിമാരും മുനിമാരുമെല്ലാം ആ വികാരത്തിൽ വീണുപോയിട്ടുണ്ട് എന്ന് കഥകളുണ്ട്. അതൊന്നും മഹാപാപമായോ സ്വർഗ്ഗത്തെ സീറ്റ് നഷ്ടപ്പെടുത്തുന്ന കാര്യമായോ ഒന്നുമല്ല ഭാരതീയസംസ്കാരം കാണുന്നത്.

കാമത്തെ അടക്കി ഇന്ദ്രിയനിഗ്രഹം സാദ്ധ്യമാക്കുകയാണ് ലക്ഷ്യം. ഇന്ദ്രിയ നിഗ്രഹം ചിത്തശുദ്ധിയിലേക്കും ചിത്തശുദ്ധി മോക്ഷത്തിലേക്കും നയിയ്ക്കും. അത്രേ കാര്യമുള്ളൂ. അതാവശ്യമുള്ളവർ മാത്രം ഇത്തരം വ്രതങ്ങൾ നോക്കിയാൽ മതി. അല്ലാതെ കാമമോ ലൈംഗികതയോ ഒന്നും പാപമാണെന്ന് ഹിന്ദു കരുതുന്നില്ല. ഏത് രീതിയിലുള്ള ആസക്തിയും പരമമായ മുക്തിയ്ക്ക് തടസ്സമായി വന്നേക്കാം. അതുകൊണ്ട് നമ്മൾ ഇന്ദ്രിയങ്ങളെ അടക്കാൻ ശ്രമിയ്ക്കുന്നു. അത്രയേ ഉള്ളൂ കാര്യം. ഭക്ഷണത്തിലാണ് ആസക്തിയെങ്കിൽ നാവിനെ അടക്കണം…ഇങ്ങനെ ഇന്ദ്രിയനിഗ്രഹം സാദ്ധ്യമാക്കാനാണ് തപസ്സുകളും വ്രതങ്ങളുമൊക്കെ ചെയ്യുന്നത്.

ഇനി ഈ ചിത്തശുദ്ധി ലഭിച്ച് ബ്രഹ്മജ്ഞാനം നേടിക്കഴിഞ്ഞാൽപ്പിന്നെ ഇതൊന്നും ബാധകമല്ല. അതുകൊണ്ടുതന്നെ അയ്യപ്പനായി മുദ്രധരിച്ച് വ്രതമെടുത്ത് ഇതിനായി പരിശീലിയ്ക്കുന്നവനാണ് ഈ ചിട്ടവട്ടങ്ങളൊക്കെയുള്ളത്. എപ്പോഴും എല്ലാം ഭഗവാൻ തന്നെയാണ് എന്ന പൂർണ്ണബോദ്ധ്യം ലഭിച്ചാൽപ്പിന്നെ വ്രതമെടുക്കുകയോ മലയ്ക്കുപോവുകയോ പോലും ചെയ്യേണ്ടതില്ല. പിന്നീട് ഗുരുദേവനെപ്പോലെ ചിലർ ഭക്തർക്കും ശിഷ്യന്മാർക്കും വെളിച്ചമാകാൻ വേണ്ടി ചില ആചാരങ്ങൾ ഒക്കെ മറ്റുള്ളവർക്ക് മാതൃകയാക്കാൻ മാത്രം പാലിച്ച് ചിലരൊക്കെ  അപരനുവേണ്ടിയഹർന്നിശം പ്രയത്നം കൃപണതവിട്ട കൃപാലുവായി ജീവിയ്ക്കും.  അയ്യപ്പചൈതന്യം അങ്ങനെ ജീവിയ്ക്കുന്ന ചൈതന്യമാണ്. ഗുരുദേവചൈതന്യം ശിവഗിരിയിലെന്നപോലെ അയ്യപ്പചൈതന്യം ശബരിമലയിൽ ഭക്തർക്ക് വഴികാട്ടിയായി വെളിച്ചമാകുന്നു.

14. ഭിന്നലിംഗക്കാരുടെ കാര്യത്തിലെന്താണ് അഭിപ്രായം?

ശബരിമലയിൽ കാലാകാലങ്ങളായി ഭിന്നലിംഗക്കാർ ദർശനം നടത്താറുണ്ട്. യുവതീപ്രവേശനവിഷയത്തിൽ ബ്രഹ്മചര്യം എന്ന വ്രതത്തിന്റെ സങ്കൽപ്പത്തെ മാനിച്ചാണ് യുവതികൾ അവിടെ ദർശനം നടത്താത്തതെന്ന് നാം ചർച്ച ചെയ്തല്ലോ. അങ്ങനെനോക്കിയാൽ യുവതികൾ അല്ലാത്തവർക്ക് ആർക്കും അവിടെ ദർശനം നടത്തുന്നതിനു ബുദ്ധിമുട്ടൊന്നുമില്ല. ഭിന്നലിംഗക്കാർ യുവതികൾ അല്ലല്ലോ. അതുകൊണ്ടുതന്നെ ഭിന്നലിംഗത്തിൽപ്പെട്ടവർക്കൊന്നും ഒരു തടസ്സവും നിലവിലില്ല. അതേസമയം ഒരു ഭിന്നലിംഗമായ വ്യക്തി സ്വയം ഒരു സ്ത്രീയായാണ് കണക്കാക്കുന്നതെങ്കിൽ, അവർക്ക് ഭക്തി മനസ്സിലുണ്ടെങ്കിൽ ശബരിമല ദർശനത്തിൽ നിന്ന് യുവത്വത്തിന്റെ സമയത്ത് സ്വയം ഒഴിവാകും. മേൽപ്പറഞ്ഞ ഭക്തിയും ബ്രഹ്മചര്യവ്രതത്തോടുള്ള ബഹുമാനവും അതിലേക്കാളുപരി സ്വന്തം സ്ത്രീസ്വത്വത്തോടുള്ള ആദരവും കാരണമാണത്.

പക്ഷേ യുവതികളെയെന്നപോലെ സ്വയം പാലിയ്ക്കുന്ന ഒരു നിയമമായിത്തന്നെ കണ്ടാലേ കഴിയൂ. താൻ സ്ത്രീയല്ല ഭിന്നലിംഗമാണെന്ന സ്വത്വമാണ് മനസ്സിലെങ്കിൽ അവർക്ക് മലകയറാൻ കുഴപ്പമില്ല താനും. സ്ത്രീകളുടെ ശരീരവും പുരുഷന്മാരുടെ സ്വത്വവും ഉള്ളവരും, പുരുഷന്മാരുടെ ശരീരവും സ്ത്രീകളുടെ സ്വത്വവും ഉള്ളവരും ഇരു സ്വത്വങ്ങളും ഒരേപോലെ കൂടിക്കലർന്നിരിയ്ക്കുന്നവരും, ഇരു ശരീരഭാഗങ്ങളും ഉള്ളവരും ഒക്കെ ഭിന്നലിംഗക്കാരിൽ ഉണ്ടാവാറുണ്ട്. അവരവരുടെ സ്വത്വം അവരവർക്കേ അറിയാനാകൂ.  അതൊക്കെ ഓരോരുത്തരുടേയും മനസ്സിനുള്ളിലെ മനോഭാവങ്ങളാണ്. അതിനെ മനസ്സിലാക്കി ഔചിത്യത്തോടെ പെരുമാറാനേ പറയാൻ കഴിയൂ. പുറമേ നിന്ന് നോക്കുന്നവർക്ക് അതൊന്നും തീരുമാനിയ്ക്കാനാവില്ല. ശബരിമലയിൽ എന്തായാലും പുറമേ നിന്ന് നോക്കിയാൽ ഭിന്നലിംഗവ്യക്തികൾ സാധാരണ എല്ലാ പ്രായത്തിലും ദർശനം നടത്താറുണ്ട്.

15. അപ്പൊ സ്വവർഗ്ഗാനുരാഗികളായ മനുഷ്യർ?

ബ്രഹ്മചര്യവ്രതം എടുത്ത് മലകയറുന്ന വിവാഹിതരായ ഭക്തന്മാരുടെ പത്നിമാരും വിവാഹിതരല്ലാത്തവർക്ക് ബ്രഹ്മചര്യവ്രതത്തിൽ സങ്കൽപ്പമോ മനസ്സോ കൊണ്ടുപോലും  മുടങ്ങാൻ സാദ്ധ്യതയുള്ള ആൾക്കാരുമാണ് ആ വ്രതത്തെ ബഹുമാനിച്ച്, ശബരിമല മൂർത്തീ സങ്കൽപ്പത്തെ ബഹുമാനിച്ച് ശബരിമല ദർശനം ഒഴിവാക്കുന്നത്. സ്വവർഗ്ഗാനുരാഗികളായ പുരുഷന്മാർക്ക് സ്വയം ബ്രഹ്മചര്യവ്രതം ദീക്ഷിയ്ക്കാനാകുമോ എന്ന് സ്വയം ചോദിച്ച് ഉത്തരം കണ്ടെത്തുകയേ കഴിയൂ. ബഹുഭൂരിപക്ഷം വരുന്ന മറ്റു ഭക്തർക്ക് വിഷമമൊന്നുമുണ്ടാകാനിടയില്ല.

16. ഈ ശബരിമല വ്രതം ആരുണ്ടാക്കിയതാണ്? ഇതിനെന്തെങ്കിലും പ്രമാണമുണ്ടോ? ചുമ്മാ ഓരോരുത്തർ പറയുന്നതാണോ?

ഈ എഴുതിവച്ചിരുന്നാലേ ആചാരങ്ങളും വിശ്വാസങ്ങളുമാകാവൂ എന്നതൊരു സെമറ്റിക് സങ്കൽപ്പമാണ്. ഹിന്ദുക്കളുടെ വേദങ്ങൾ പോലും എഴുതിവച്ചതല്ല. വാമൊഴിയായാണ് പഠിയ്ക്കുന്നത്. സാമ്പ്രദായിക മാർഗ്ഗത്തിൽ അതൊക്കെ പഠിയ്ക്കുന്നവർ ഇന്നും അങ്ങനെതന്നെയാണ് ശീലിയ്ക്കുന്നത്രം ആചരണങ്ങൾ ചെയ്യുന്നതും. എഴുത്ത് എന്ന സങ്കേതം വന്നതോടെ എഴുതിവച്ചിരിയ്ക്കുന്ന പുസ്തകങ്ങളുണ്ടായി എന്ന് മാത്രം. അതുകൊണ്ട് ഹൈന്ദവനെ സംബന്ധിച്ച് എല്ലാത്തിനും പുസ്തകങ്ങളുടെ ആധാരം വേണമെന്നത് നിർബന്ധമൊന്നുമില്ല.

വ്രതങ്ങൾ മിക്കതും വായ്മൊഴിയായിത്തന്നെ ശീലിയ്ക്കുന്നവയാണ് ഹൈന്ദവസംസ്കാരത്തിൽ. എന്ന് മാത്രമല്ല, ‘എഴുതിവച്ചതിനേക്കാൾ‘ ഗുരുമുഖത്തുനിന്നും കേൽക്കുന്നതിനു പ്രാമാണികത നൽകുന്ന സംസ്കാരമാണ് ഹൈന്ദവസംസ്കാരം. ഓരോരുത്തരും വ്രതമെടുക്കുന്നത് വ്യത്യസ്തമായുമായിരിയ്ക്കും. ശബരിമലവ്രതം എടുക്കേണ്ട രീതി വായ്മൊഴിയായിക്കലർന്ന് വന്നവയും ഉണ്ട്, അവിടെ ഓരോ സമയത്ത് ആചാര്യന്മാർ നിർദ്ദേശിച്ചവയുണ്ട്.

പിന്നെ ഗ്രന്ഥമുണ്ടോ എന്ന് ചോദിച്ചാൽ പൊതുവായ ശബരിമല വ്രതത്തിന്റെ രീതികൾ വ്യക്തമായി ശ്രീഭൂതനാഥോപാഖ്യാനത്തിൽ വിശദീകരിച്ചിട്ടുണ്ട്. അതുപ്രകാരം അയ്യപ്പൻ തന്നെ നേരിട്ട് പന്തളം രാജാവിനു വ്രതരീതികൾ പറഞ്ഞുകൊടുക്കുകയാണ്. ആ ഭാഗം മുകളിൽ സൂചിപ്പിച്ചിട്ടുണ്ട്.

17. അപ്പോൾ യുവതീപ്രവേശന കാര്യത്തിൽ വിട്ടുവീഴ്ചയില്ലെന്നാണോ?

സന്തോഷീ മാ വ്രതം പുരുഷൻ എടുക്കണമെന്ന് നിർബന്ധമുണ്ടാകുന്നില്ല, പുഷ്കർ മുതൽ കന്യാകുമാരിയും കാമാഖ്യയും വരെയുള്ള ക്ഷേത്രങ്ങളിൽ എല്ലാ പുരുഷൻമാരും ദർശനം ചോദിയ്ക്കാറില്ല. എന്നാലും ശബരിമലയിൽ ദർശനം നടത്തിയേ കഴിയൂ എന്നൊരു നിർബന്ധം ആർക്കോ ഉണ്ടെങ്കിൽ അത് ഭക്തിയോ ദർശനം നടത്താനുള്ള ആഗ്രഹമോ ഒന്നും കൊണ്ടാവില്ലെന്ന് നിശ്ചയമുണ്ട്.

അങ്ങനെയുള്ളവർ ശബരിമലയിലെന്നല്ല ഒരു ക്ഷേത്രത്തിലും കയറേണ്ട എന്നും അങ്ങനെയുള്ളവർക്ക് കയറാനുള്ള ഇടങ്ങളല്ല ക്ഷേത്രമെന്നും നാം തുറന്നുപറയേണ്ട സമയമായിരിയ്ക്കുന്നു. ക്ഷേത്രങ്ങൾ ഭക്തരുടേതാണ്. മിക്ക ഭക്തരും പല ക്ഷേത്രങ്ങൾക്കും സ്വന്തം വീടിനു നൽകുന്നതിൽ കൂടുതൽ പ്രാമുഖ്യമാണ് നൽകുന്നത്. പല ഭക്തരും വാർദ്ധക്യകാലത്ത് വീടുകൾ പോലും ഉപേക്ഷിച്ച് ക്ഷേത്രങ്ങളിലോ തീർത്ഥാടന കേന്ദ്രങ്ങളിലോ അഭയം പ്രാപിയ്ക്കാറുള്ള കാര്യം ഭാരതത്തിന്റെ ആദിപുരാതന ചരിത്രം തൊട്ടേയുള്ളതാണ്. അത്രയ്ക്ക് പ്രാധാന്യമുള്ള സങ്കൽപ്പത്തെ അവിടത്തെ നിരുപദ്രവകരമായ ഒരു ആചാരം സഹിയ്ക്കാൻ കഴിയാത്തവർ എങ്ങനെയാണുൾക്കൊള്ളുക?

ആരേയും കുറഞ്ഞതായതുകൊണ്ടോ ആരെങ്കിലും മോശമായതുകൊണ്ടോ ഉള്ള വേർതിരിവല്ല. അവിടത്തെ പ്രത്യേകമായ ഒരു സങ്കൽപ്പത്തിന്റെ അടിസ്ഥാനത്തിലെ ഒരു ആചാരമാണ്. എല്ലാ ക്ഷേത്രങ്ങളിലും അതുപോലെയല്ല, ഒരൊറ്റ ക്ഷേത്രത്തിൽ മാത്രമാണീ ആചാരം. മാത്രമല്ല, ഈ സങ്കൽപ്പം ഉരുത്തിരിഞ്ഞുവരാനുള്ള ചരിത്ര ഐതിഹ്യ ആഖ്യാനങ്ങളിൽ മുതൽ ഇന്നുവരെ ഒരിടത്തും ഇതിന്റെ കാര്യത്തിൽ യുവതികളോടോ സ്ത്രീകളോടോ ഒന്നും ഒരു മോശമായ പെരുമാറ്റവും അവർ സമൂഹത്തിൽ രണ്ടാംതരം പൗരന്മാരാണെന്ന രീതിയിലെ അടിച്ചമർത്തലും ഒന്നും എന്തായാലും ശബരിമലയുടെ പേരിൽ ഉണ്ടായിട്ടില്ല.

രസമെന്താനെന്ന് വച്ചാൽ ശബരിമലവ്രതസമയത്താണ് ദക്ഷിണേന്ത്യയിൽ സ്ത്രീകളുടെ ബുദ്ധിമുട്ടുകൾ ഏറ്റവും കുറഞ്ഞിരിയ്ക്കുന്നതെന്ന് വേണമെങ്കിൽ പറയാം. ഗാർഹികപീഡനത്തിനു വലിയൊരു കാരണമായ മദ്യാസക്തി മുതൽ പുരുഷന്റെ ആക്രമണോത്സുകമായ ലൈംഗികാസക്തി വരെ നിയന്ത്രിയ്ക്കാനും വേണ്ട ശക്തിയുള്ള വ്രതമാണത്.  വ്രതമെടുക്കുന്ന അയ്യപ്പന്മാർക്കും മലയിലെ അയ്യപ്പനും ഒന്നെന്ന സങ്കൽപ്പത്തിൽ ബ്രഹ്മചര്യവ്രതം, അഷ്ടവിധമൈഥുനത്യാഗം എന്ന യോഗശാസ്ത്ര സങ്കൽപ്പത്തിന്റെ മൂർത്തീകരണമാണ് ശബരിമല. കാമാഖ്യയിൽ ഭഗവതി സ്ത്രീത്വത്തിന്റെ മൂർത്തീകരണാമായതിനാൽ അമ്മയെ ചില ദിവസങ്ങളിൽ പുരുഷന്മാർ ദർശിക്കാൻ പാടില്ല എന്ന് പറയുന്നതിലപ്പുറം ഇതിലൊരു വേർതിരിവുമില്ല. ഭക്തരായ സ്ത്രീകൾക്ക് പത്ത് വയസ്സിനു മുൻപും അമ്പതുവയസ്സിനു ശേഷവും അവിടെ ദർശനത്തിനായി പോവുകയും ചെയ്യാം..

അതുകൊണ്ട് ഈ വിവിധത വിവിധതയായിത്തന്നെ ഹൈന്ദവർ സംരക്ഷിയ്ക്കണം. ഹൈന്ദവരെ ഒരൊറ്റ അച്ചിൽ വാർത്തെടുത്തതല്ലാത്തതുകൊണ്ടും നമ്മൾ വിവിധതയെ ആഘോഷിയ്ക്കുന്നതുകൊണ്ടും ഏകതാനമായ ഡോഗ്മകൾ പിന്തുടരുന്ന ഗ്രൂപ്പുകൾക്ക് പല ഭാഗത്തുനിന്നും ആക്രമിയ്ക്കാൻ വളരെയെളുപ്പമാണ്. ബഹുദൈവാരാധന മുതൽ വിഗ്രഹാരാധന വരെ നാളെയൊരുകാലത്ത് നാവോത്ഥാനമെന്ന പേരിൽ ആക്രമിയ്ക്കപ്പെട്ടേക്കാം.

മാർക്സിസ്റ്റ് താത്വികാചാര്യനും സീപീഎമ്മിന്റെ എക്കാലത്തേയും വലിയ നേതാവുമായിരുന്ന ഈ എം എസിന്‍റെ  “ആത്മാവ്, ദൈവം, മതം” എന്ന ചോദ്യോത്തരങ്ങള്‍ അടങ്ങിയ ചെറിയ പുസ്തകത്തിലെ ചില ഭാഗങ്ങൾ ശ്രദ്ധിയ്ക്കണം. അതില്‍ പേജ് 47ല്‍പറയുന്നു

“ഭക്ഷ്യദൌര്‍ലഭ്യവും വിലക്കയറ്റവും തൊഴിലില്ലായ്മയും മറ്റു ദുരിതങ്ങളുമുള്ള ഒരു സാഹചര്യത്തില്‍, അതില്‍ നിന്നെല്ലാം രക്ഷപ്പെടാനുള്ള ഒരു മാര്‍ഗ്ഗമായാണ് പതിനായിരക്കണക്കിന് അയ്യപ്പന്മാര്‍ ശബരിമലക്കും മറ്റു ഭക്തന്മാര്‍ മറ്റു തീര്‍ഥയാത്രകള്‍ക്കും പോകുന്നത്. ഇവരുടെ തീര്‍ഥയാത്രകളും അവയ്ക്കധാരമായ വിശ്വാസങ്ങളും അസംബന്ധമാണെന്ന് തുറന്നുകാണിക്കാനുള്ള സമരത്തെ ഭക്ഷ്യ ദൌര്‍ലഭ്യത്തിനും വിലക്കയറ്റത്തിനും മറ്റുമെതിരായ ബഹുജനസമരങ്ങളുമായി കൂട്ടിയിണക്കാത്തപക്ഷം ഈ ആശയ സമരം പോലും വിജയിക്കുകയില്ല. യഥാര്‍ത്ഥം പറയുകയാണെങ്കില്‍, പതിനായിരക്കണക്കിന് അയ്യപ്പന്മാരെ സൃഷ്ടിക്കുന്ന ഭൌതിക സാഹചര്യങ്ങള്‍ക്കെതിരായി ബഹുജനങ്ങളെ അണിനിരത്തുക എന്ന ജോലിയില്‍ നിന്ന് ഒഴിഞ്ഞു നിന്നു കൊണ്ട് അയ്യപ്പന്മാര്‍ പ്രതിനിധാനം ചെയ്യുന്ന വിശ്വാസങ്ങളെ എതിര്‍ത്തുതോല്പ്പിക്കാമെന്നു കരുതുന്നതുതന്നെ ഒരുതരം ആത്മീയവാദമാണ്.”

ഒറ്റനോട്ടത്തിൽ തോന്നുക ഭക്ഷ്യ ദൌര്‍ലഭ്യത്തിനും വിലക്കയറ്റത്തിനും ഒക്കെ എതിരായാണ് ഇവരുടെ സമരമെന്ന്. പക്ഷേ ഒന്നുകൂടി സൂക്ഷിച്ചു നോക്കൂ. ഭക്ഷ്യ ദൌര്‍ലഭ്യത്തിനും വിലക്കയറ്റത്തിനും  ഒക്കെ എതിരേയുള്ള സമരങ്ങളെ കൂട്ടിയിണക്കി അയ്യപ്പന്മാര്‍ പ്രതിനിധാനം ചെയ്യുന്ന വിശ്വാസങ്ങളെ എതിര്‍ത്തു തോൽപ്പിക്കുക എന്നതാണ് ഇവരുടെ ആത്യന്തിക ലക്ഷ്യം.  അതായത് അയ്യപ്പന്മാരുടെ വിശ്വാസങ്ങൾ തകർക്കുക എന്നതാണ് ഇവരുടെ ആത്യന്തികമായ പദ്ധതി. ആ പദ്ധതി വിജയിയ്ക്കണമെങ്കിൽ  ഭക്ഷ്യ ദൌര്‍ലഭ്യത്തിനും വിലക്കയറ്റത്തിനും ഒക്കെ എതിരായ സമരങ്ങൾ ഒക്കെ ഒരു അടവുനയമായി ചെയ്ത് ജനങ്ങളെ കൈയ്യിലെടുത്ത് അയ്യപ്പന്മാരുടെ വിശ്വാസത്തെ എതിർത്ത് തോൽപ്പിക്കണം എന്നാണ് താത്വികാചാര്യൻ പറയുന്നത്. തുറന്നു പറഞ്ഞു കൊണ്ടാണ് എന്നത് അത്ഭുതപ്പെടുത്തുന്നില്ലേ!

ലോകചരിത്രത്തിൽ ഗ്രീക്ക് ദൈവങ്ങളേയും, റോമൻ ദൈവങ്ങളേയും, പൗരാണിക യൂറോപ്പിലെ പാഗൺ എന്ന് ഇന്ന് വിളിയ്ക്കുന്ന മതങ്ങളിലെ ദൈവങ്ങളേയും, അമേരിയ്ക്കൻ ആദിമവാസികളിലെ ദൈവസങ്കൽപ്പങ്ങളേയും മഹത്തായ അറേബ്യൻ ദൈവസങ്കൽപ്പങ്ങളേയും  സംസ്കാരത്തേയും, ആഫ്രിക്കയിലെ ജനങ്ങളുടെ തനത് സംസ്കാരത്തേയുമെല്ലാം ചില ഡോഗ്മകൾ തല്ലിത്തകർത്തതും അവരുടെ അനന്തരാവകാശികളെ കോമാളി സംസ്കാരമാക്കി വേരുകളിൽ നിന്ന് പറിച്ചെറിഞ്ഞ് അധിനിവേശം ചെയ്തതുമെല്ലാം ചരിത്രത്തിലെമ്പാടും തെളിവുകളായും ചൂണ്ടുപലകകളായും ഹിന്ദുക്കൾക്ക് മുന്നിൽ നിൽപ്പുണ്ട്.

പിരമിഡുകൾ  പോലെ മഹത്തരമായ നിർമ്മിതികൾ പണിത പൗരാണിക  ഈജിപ്ഷ്യൻ സംസ്കാരം, മാച്ചുപ്പിച്ചുവിലെ ക്ഷേത്രം മാത്രം ബാക്കിയായ തനത് അമേരിക്കൻ ജനതയുടെ സംസ്കാരം, മനുഷ്യവംശത്തിന്റെ സാംസ്കാരിക കളിത്തൊട്ടിലായ മെസൊപ്പൊട്ടോമിയൻ, ബാബിലോണിയൻ സംസ്കാരങ്ങൾ, യൂറോപ്പിനു സംസ്കാരമെന്തെന്ന് മനസ്സിലാക്കിക്കൊടുത്ത  മഹത്തായ ഗ്രീക്ക് സംസ്കാരം, ജനാധിപത്യത്തിന്റെ ബാലപാഠങ്ങൾ ലോകത്തിനു കാട്ടിക്കൊടുത്ത റോമൻ സംസ്കാരം ഒക്കെ തകർത്തെറിഞ്ഞു തരിപ്പണമാക്കി. അതിലിന്ന് ബാക്കിയുള്ള ഒരേയൊരു കണ്ണി ഭാരതീയസംസ്കാരമാണ്. ആയിരക്കണക്കിനാണ്ടുകൾ നീണ്ടുനിന്ന ആക്രമണപരമ്പരകളിൽ ഈ സംസ്കാരം നിലനിന്നിരുന്ന സൈന്ധവോദാരശ്യാമമനോഭിരാമ പുളിനോപാന്തപ്രദേശങ്ങളെല്ലാം ഇന്ന് ഏതോ അധിനിവേശസാംസ്കാരികതയുടേ ഭീകരവാദകളിത്തൊട്ടിലായി മാറിക്കിടന്ന് നരകിയ്ക്കുന്നു. ബാക്കിയുള്ള ഒരു തുണ്ടുഭൂമിയിൽ കാലാകാലങ്ങളായി മാറ്റേണ്ടത് മാറ്റിയും പുരോഗമിയ്ക്കേണ്ടത് പുരോഗമിച്ചും തന്നെ മുന്നോട്ടുപോകുന്ന തുറന്നതും ജനാധിപത്യപരവും പുരോഗമനപരവുമായ ഒരു ജനതയുടെ മേൽ ഇത്തരം അപവാദങ്ങളുടെ ആക്രമണപരമ്പരകൾ അഴിച്ചുവിടുന്നവർ ആരൊക്കെയാണെന്ന് നമ്മൾ ശരിയ്ക്കും ശ്രദ്ധിയ്ക്കണം.

ഇത് അവസാനത്തെ പിടിവള്ളിയാണ്. സൂചികുത്താനുള്ള സ്ഥലം പോലും തരില്ലെന്ന് വാശിയാണെങ്കിൽ ധർമ്മയുദ്ധത്തിന്റെ കുരുക്ഷേത്രത്തിലേക്ക് മുന്നോട്ടുപോവുകയല്ലാതെ നിവൃത്തിയൊന്നുമില്ല.

സ്വാമി ശരണം